തിരുനബിയുടെ ആത്മീയ ദര്‍ശനവും കേരളത്തിലെ വര്‍ത്തമാന സൂഫീ പരിസരവും

നാലാം ഖലീഫ ഹസ്‌റത്ത് അലി ബിന്‍ അബീത്വാലിബി(റ)ന്റെ ഒരു പ്രസിദ്ധ ഉദ്ധരണി ഇങ്ങനെ വായിക്കാം: ”ഇസ്‌ലാമിനെ നിങ്ങള്‍ മുഴുവനായി തിരിച്ചറിഞ്ഞിട്ടുണ്ടോ? സത്യത്തിന്റെ മേല്‍ പടുത്തുയര്‍ത്തിയിട്ടുള്ള മതമാണത്. അതൊരു ഉറവിടമാണ്. ജ്ഞാനത്തിന്റെയും യുക്തിയുടെയും അനേകം അരുവികള്‍ അതില്‍നിന്ന് ഒഴുകുന്നു. അതൊരു വിളക്കാണ്; അനേകം വിളക്കുകള്‍ അതില്‍നിന്ന് കൊളുത്തിയെടുക്കപ്പെടുന്നു. അതൊരു ഉയര്‍ന്ന ദീപ സ്തംഭമാണ്. അല്ലാഹുവിലേക്കുള്ള വഴി അതു പ്രകാശിപ്പിക്കുന്നു. ഏതൊരു സത്യാന്വേഷിയെയും പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന തത്വങ്ങളുടെയും വിശ്വാസങ്ങളുടെയും സമാഹാരമാണത്.”
ഇസ്‌ലാമിന്റെ മൗലികതയില്‍ നിന്നുറവെടുത്ത പാരമ്പര്യ പാതകളായ ആദ്ധ്യാത്മികസരണികളെ വിലയിരുത്തുമ്പോള്‍ ഹസ്‌റത്ത് അലി(റ)വിന്റെ പ്രസ്തുത ഉദ്ധരണി ശ്രദ്ധേയമാവുകയാണ്. വിശുദ്ധ ഖുര്‍ആന്റെയും തിരുചര്യയുടെയും ആഴവും വൈപുല്യവും ഉള്‍ക്കൊള്ളാതിരിക്കുകയും തങ്ങളുടെ ഹ്രസ്വദൃഷ്ടി വെളിപ്പെടുത്തിക്കൊടുക്കുന്നതെന്തോ അതിന്റെ പരിധിക്കുള്ളിലൊതുങ്ങുന്നു എല്ലാ പരമാര്‍ത്ഥങ്ങളുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന അല്‍പന്മാരാണ് ആധ്യാത്മികാചാര്യന്മാരെയും അവരുടെ അനുഭൂതികളെയും പുച്ഛിക്കുന്നത്. ശരീഅത്തിന്റെ നിയമാനുസൃത ജീവിതവുമായി ത്വരീഖത്തിന്റെ അന്തര്‍ദര്‍ശനത്തിനു വിഭിന്നതയുണ്ടെന്നത് അത്തരക്കാരുടെ ജല്‍പനമാണ്.
പ്രസ്തുത ഇരു സാഗരങ്ങളുടെയും സംഗമസ്ഥാന (മജ്മഉല്‍ ബഹ്‌റൈനി) മാണ് മുഹമ്മദ് നബി(സ്വ). ഹസ്‌റത്ത് മൂസ(അ)യുടെയും ഖിള്‌റ് വലിയുല്ലാഹിയുടെയും പാതകള്‍ അവിടെ സമ്മേളിക്കുന്നു. നബിസ്‌നേഹികളായ സാധകരാണ് ആദ്ധ്യാത്മിക ജ്ഞാനികള്‍. നബിചര്യയെ പൂര്‍ണമായും അനുധാവനം ചെയ്യണമെന്ന നിര്‍ബന്ധവും അതുവഴി മാത്രമാണ് ആദ്ധ്യാത്മിക ദാഹം ശമിപ്പിക്കാനാവുകയെന്ന ആശയവുമാണ് സൂഫിമാര്‍ഗത്തിന്റെ മൂലബിന്ദു തന്നെ. ”ദൈവദൂതരുടെ കാല്‍പാടുകള്‍ പിന്തുടരാത്ത ഏതൊരാളുടെ മുമ്പിലും ത്വരീഖത്തുകള്‍ അടഞ്ഞ വഴികളാണ്” എന്ന ഹസ്‌റത്ത് ജുനൈദുല്‍ ബഗ്ദാദി(റ)യുടെ പ്രസ്താവനയില്‍നിന്നു തന്നെ ഇതു ഗ്രഹിക്കാം. ”അവിടന്ന് ഏതു വഴിയില്‍കൂടി എങ്ങനെ നടന്നുവെന്ന് കണ്ട് അതേ വഴിയില്‍ കൂടി അങ്ങനെത്തന്നെ നടക്കണം. എങ്കില്‍ മാത്രമേ അയാള്‍ക്ക് മാര്‍ഗം തുറന്നുകിട്ടുകയും അതില്‍കൂടി സാധകര്‍ക്കു മാത്രമറിയുന്ന സവിശേഷമായ സഞ്ചാരരീതിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ തിരുസന്നിധാനത്തെ പ്രാപിക്കാനാവുകയുമുള്ളൂ” എന്ന് അദ്ദേഹം തുടര്‍ന്നു വിശദീകരിക്കുന്നുമുണ്ട്.
എന്നാല്‍, സൂഫി ഇസ്‌ലാമിന്റെ ചൈതന്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍, രൂപം അയാള്‍ക്ക് പ്രാഥമികമാകുന്നില്ല, ദ്വിതീയമേ ആകുന്നുള്ളൂ. രൂപം ചൈതന്യത്തെ നിലനിര്‍ത്താന്‍ മാത്രമായിരിക്കും. ചിലപ്പോള്‍ രൂപം തന്നെ ചൈതന്യത്തില്‍ നഷ്ടപ്പെടുമായിരിക്കും. മറ്റൊരുവിധം പറഞ്ഞാല്‍, ശരീഅത്ത് അയാള്‍ക്ക് ഹഖീഖത്തിനു വേണ്ടിയായിരിക്കും. ചിലപ്പോള്‍ ശരീഅത്തും ഹഖീഖത്തും ഒന്നുതന്നെയായിരിക്കും. ഈമാനും(വിശ്വാസം), ഇഖ്‌ലാസ്വും(ആത്മാര്‍ത്ഥത) അമലും(കര്‍മം) കൂടിയതാണ് ശരീഅത്ത് എന്നതിനാല്‍ ഈമാനിലും ഇഖ്‌ലാസ്വിലും ഊന്നുന്ന സൂഫിയുടെ മാര്‍ഗമാണ് യഥാര്‍ത്ഥത്തില്‍ പ്രവാചക മാര്‍ഗമെന്നത് സുവിദിതമത്രെ. സൂഫിയുടെ നഷ്ടവും ശേഷിപ്പും (ഫനാഉം ബഖാഉം) പ്രവാചക മാര്‍ഗത്തിന്റെ കൂടുതല്‍ അഗാധമായ തലത്തിലേക്കെത്തുന്നതിനുള്ളതാകുന്നു. നബി(സ്വ) അനുഭവിച്ച സത്യാനുഭൂതിയുടെ സ്രോതസ്സുമായി തന്നെ പരമാവധി അടുപ്പിച്ചു വിലയിപ്പിക്കുന്നതിനുള്ള അദമ്യമായ അഭിനിവേശമാണ് സൂഫിയെ അയാളുടെ മാര്‍ഗത്തില്‍ നടത്തുന്നത്. സമുദ്രത്തിന്റെ ഉപരിതലത്തില്‍കൂടി കപ്പലില്‍ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുന്ന യാത്രക്കാരോട് ശരീഅത്തിന്റെ ബാഹ്യമായ രൂപം മാത്രം അനുഷ്ടഷ്ഠിക്കുന്നവരെയും അതേ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി മുത്തും പവിഴവും തേടിയെടുക്കുന്നവരെയും ഉപമിക്കാവുന്നതാണ്. കര്‍മശാസ്ത്ര സരണികള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ട അനുഷ്ഠാന മാര്‍ഗങ്ങളും സൂഫി ത്വരീഖത്തുകള്‍ അതേ മൂലസ്രോതസ്സുകളില്‍നന്ന് നിര്‍ഗളിച്ച ആദ്ധ്യാത്മിക പാതകളുമാണ്.
ഭൗതിക ജീവിതത്തോടുള്ള അത്യാസക്തി നാള്‍ക്കുനാള്‍ ഏറിയേറിവരികയും മതാധിഷ്ഠിത ജീവിതത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെപ്പോലും അത് ആമൂലാഗ്രം ഗ്രസിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തില്‍ ലൗകിക പരിപ്രാജ്ര്യ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ മനുഷ്യനെ ആത്മീയമായ ഉദ്ഗതിയിലേക്കു വഴിനടത്താനാവുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നവരെ സംബന്ധിച്ചിടത്തോളം സൂഫി ആദ്ധ്യാത്മ വഴിയത്രെ അവലംബനീയമായിട്ടുള്ളത്. സൂഫി മാര്‍ഗത്തിന്റെ അന്തഃസത്ത കുടികൊള്ളുന്നതുതന്നെ ലൗകികപരിവ്രാജ്യ ചിന്ത (സുഹ്ദ്)യിലത്രെ. ഇതുതന്നെ നബിമാര്‍ഗവും. എവിടെ നബിമാര്‍ ആഗതരായപ്പോഴും സമൂഹത്തിലെ സുഖലോലുപവര്‍ഗം അവര്‍ക്കുനേരെ പുറംതിരിഞ്ഞു നിന്നതിന്റെ ചരിത്രമാണ് പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ”ഏതൊരു പട്ടണത്തില്‍ മുന്നറിയിപ്പുകാരന്‍ ചെന്നപ്പോഴും അവിടത്തെ സുഖലോലുപ വിഭാഗം ഞങ്ങള്‍ നിങ്ങളെ അവിശ്വസിക്കുന്നുവെന്ന് പറയാതിരുന്നിട്ടില്ല.” എന്ന് പരിശുദ്ധ ഖുര്‍ആന്‍ അസ്സബഅ് സൂറ 34ല്‍ കാണാം. സുഖലോലുപതയുടെയും ആര്‍ഭാട ജീവിതത്തിന്റെയും എതിര്‍ദിശയിലേക്കായിരുന്നു നബിമാരുടെ വിളി എന്നതുകൊണ്ടായിരിക്കണമല്ലോ അങ്ങനെ സംഭവിച്ചുകൊണ്ടിരുന്നത്.
പ്രവാചകന്മാരുടെയും അവരുടെ സമകാലികരും സമീപകാലികരുമായ അനുയായി സമൂഹങ്ങളുടെയും ജീവിതം എത്രമാത്രം ലാളിത്യപൂര്‍ണമായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍, പില്‍ക്കാലക്കാരില്‍നിന്ന് ക്രമേണ ഈ ഗുണം കുറഞ്ഞുകുറഞ്ഞു അപ്രത്യക്ഷമാവുകയും സുഖലോലുപതയും ആര്‍ഭാടവും അതാത് സമൂഹങ്ങളിലെ പ്രധാനികളെ പിടികൂടി വ്യതിചലിപ്പിച്ച സ്ഥിതി സംജാതമാവുകയും ചെയ്തിട്ടുണ്ട്. അന്നെല്ലാം അതിനെതിരായ തിരുത്തല്‍ ശ്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്‍കൈയെടുത്തവര്‍ തങ്ങളുടെ ശ്രമങ്ങള്‍ ഫലപ്പെടാതെ പോകുന്നതു കണ്ട് ലൗകിക പരിത്യാഗത്തിന്റെ വഴി സ്വീകരിച്ച് മാറിനിന്ന് സൂഫി ജീവിതം നയിച്ചുകൊണ്ട് ആദ്ധ്യാത്മിക മണ്ഡലത്തിന്റെ ഔന്നത്യത്തിലെത്തി വിരാജിച്ചിട്ടുമുണ്ട്. മുഹമ്മദ് നബി(സ്വ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും കാലശേഷവും ഈ സ്ഥിതിവിശേഷത്തിന്റെ ആവര്‍ത്തനമുണ്ടായി. വിശിഷ്യാ പേര്‍ഷ്യയും റോമും ജയിച്ചടക്കിയതോടെ മുസ്‌ലിം കരങ്ങളില്‍ യഥേഷ്ടം സമ്പത്ത് വന്നു കുന്നുകൂടുകയും ഇറാനിലെയും മെസൊപ്പൊട്ടോമിയയിലെയും ഈജിപ്തിലെയും നാഗരിക സമൂഹങ്ങളുമായി അവര്‍ക്കു സമ്പര്‍ക്കപ്പെടേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തില്‍ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ച പ്രതിഷേധത്തിന്റെയും ഭൗതികനിരാസത്തിന്റെയും പ്രതീകങ്ങളായിരുന്നു അക്കാലങ്ങളില്‍ ഉയര്‍ന്നുവന്ന സൂഫി ആദ്ധ്യാത്മികാചാര്യന്മാര്‍. ഇതിനര്‍ത്ഥം, കേവലമൊരു പ്രതിഷേധവും ഭൗതിക നിരാസവും ആയിട്ട് രംഗത്തുവന്ന പ്രസ്ഥാനമാണ് സൂഫിസം എന്നല്ല, അതൊരു ജ്ഞാനമാര്‍ഗമാണ്. ആ ജ്ഞാനമാര്‍ഗം ഭൗതികതയുടെ നേരെ നീരസവും നിരാശബോധവും വളര്‍ത്തുന്നതിനാല്‍ ആര്‍ഭാടാഡംബര വിഭൂഷകള്‍ പരിവര്‍ജിക്കുന്നതും പരിവര്‍ജിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അതിന്റെ സുപ്രധാന ഭാഗമായിത്തീരുകയാണ്. അറേബ്യന്‍ രാജ്യങ്ങളിലെ പൊതുവെയും മധ്യപൗരസ്ത്യ പ്രദേശങ്ങളിലെ പ്രത്യേകിച്ചും സൂഫിസത്തിലധിഷ്ഠിതമായ ചിന്തയുടെയും ജീവിതത്തിന്റെയും ചരിത്രം ഇതിനെയാണ് സാധൂകരിക്കുന്നത്. പക്ഷേ, സൂഫി എന്ന സംജ്ഞ ഈ ആശയത്തിന്റെ പ്രായോഗിക രൂപത്തിന് ഉപയോഗിക്കാന്‍ തുടങ്ങുന്നത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണ്. കൂഫയിലെ അബൂ ഹാശിമാണ് ഈ സംജ്ഞയാല്‍ ആദ്യമായി അഭിസംബോധന ചയ്യപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. മുസ്‌ലിം ചരിത്രത്തിലെ ഒന്നാം മൊണാസ്റ്ററി (ഖാന്‍ഖാഹ്) ഇദ്ദേഹം ഫലസ്തീനിലെ റംലയില്‍ സ്ഥാപിച്ചതാണത്രെ. ഹസനുല്‍ ബസ്വരി(റ)യുടെ ശിഷ്യന്‍ അബ്ദുല്‍ വഹബ് ബിന്‍ സൈദ് അതിന്റെ മുമ്പേ ഒരു ചെറുഖാന്‍ഖാഹ് സ്ഥാപിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ കാണുന്നുണ്ട്. അബൂഹാശിം സൂഫി അബ്ദുല്‍ വഹബ് ബിന്‍ സൈദിന്റെ പിന്തുടര്‍ച്ചക്കാരനായിരുന്നുവെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ അബ്ദുവഹബിന്റെ ഖാന്‍ഖാഹ് അബൂഹാശിം സൂഫി വലുതാക്കിയതായിരിക്കാം.
നിസ്വാര്‍ത്ഥതയും ആത്മീയമായ പരിപൂര്‍ണതയും പഠിപ്പിക്കുന്ന സൂഫിസം ഇന്ത്യാരാജ്യത്ത് കടന്നുവന്നതും പ്രചരിച്ചതും ഇവിടത്തെ സുഖലോലുപതയിലധിഷ്ഠിതമായ സുല്‍ത്താന്‍ ഭരണകൂടങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. 12ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ 13ാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആണ് സൂഫിസം ഇവിടെ പ്രചരിച്ചതായി കണക്കാക്കപ്പെടുന്നത്. സമൂഹത്തിലെ വിശിഷ്ട വര്‍ഗത്തിന്റെ ആഢംബര ജീവിതത്തിനും അധാര്‍മിക പ്രവണതകള്‍ക്കും എതിരില്‍ പ്രവര്‍ത്തിച്ച് ജീവിത ലാളിത്യവും മാനവ സാഹോദര്യവും പ്രബോധനം ചെയ്യുകയായിരുന്നു സൂഫികള്‍. ചിശ്തി, സുഹ്‌റവര്‍ദി, ഖാദിരി, നഖ്ശബന്ദി, ശത്താരി തുടങ്ങിയ സൂഫി മാര്‍ഗങ്ങളാണിവിടെ മുഖ്യമായും പ്രചരിച്ചത്. ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയുടെ ശിഷ്യനായിരുന്ന ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ തന്റെ മുരീദുകളില്‍ പണക്കാരും പാവപ്പെട്ടവരും സമൂഹത്തിന്റെ വിവിധ തട്ടുകളില്‍നിന്ന് വരുന്നവരും തമ്മിലുള്ള എല്ലാ അന്തരങ്ങള്‍ക്കും അറുതികുറിച്ച് എല്ലാവരെയും ഒരുപോലെയാണു കാണാന്‍ ശീലിപ്പിച്ചത്. അജ്മീറും നിസാമുദ്ദീനുമെല്ലാം പാവപ്പെട്ടവരുടെ ആശ്രിത കേന്ദ്രമായിരിക്കുന്നതിനു കാരണം ജീവിതകാലത്ത് അവരെല്ലാം പാവങ്ങള്‍ക്ക് അത്താണികളായിരുന്നതാണ്. ഇന്ത്യയിലെ ഫ്യൂഡലിസ്റ്റുകള്‍ക്കെതിരേ പാവങ്ങളുടെ കൂടെനിന്ന ചരിത്രമായിരുന്നു സൂഫികളുടേതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. (ഡോ. താരാചന്ദിന്റെ ഹിസ്റ്ററി ഓഫ് ഫിലോസഫി എന്ന ഗ്രന്ഥത്തില്‍ ഇത് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ കാണാം.)
കേരളത്തിലെ വിവിധ ത്വരീഖത്തുകളില്‍ പെട്ട സൂഫി ആചാര്യന്മാരുടെ ജീവിതചരിത്രങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും അവരുടെ ജീവിതലാളിത്യത്തിനും പാവപ്പെട്ടവരോടുള്ള ആഭിമുഖ്യത്തിനും എമ്പാടും ഉദാഹരണങ്ങള്‍ കിട്ടും. മഖ്ദൂമുമാരുടെയും മമ്പുറം തങ്ങന്മാരുടെയും വെളിയങ്കോട് ഉമര്‍ ഖാളി മുതല്‍ക്കിങ്ങോട്ട് 1921 ഖിലാഫത്ത് സമരത്തിലെ ഹീറോ ആലി മുസ്‌ലിയാര്‍ തുടങ്ങി ഇവിടത്തെ സാമ്രാജ്യ വിരുദ്ധ സമര നേതാക്കളുടെയുമെല്ലാം ചരിത്രം വിളിച്ചോതുന്നത് അവരെല്ലാം ആദ്ധ്യാത്മവാദികളും സൂഫി ലൈനില്‍ ജീവിച്ചവരുമായിരുന്നുവെന്നാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സമ്പത്തും അപഹരിക്കാന്‍ വന്ന അധിനിവേശ ശക്തികളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളില്‍ സ്വയം ത്യാഗമനുഷ്ഠിച്ചതിന്റെയും ജനങ്ങളെ ത്യാഗാനുഷ്ഠാനത്തിനു സന്നദ്ധമാക്കിയതിന്റെയും പിന്നിലെ അവരുടെ ശക്തി ആധ്യാത്മികതയില്‍നിന്നു പ്രവഹിച്ചതായിരുന്നുവെന്ന് വ്യക്തം.
സൂഫിമാര്‍ഗം നബിമാര്‍ഗം തന്നെയെന്നു പഠിപ്പിച്ചുതരുന്നതാണ് ഹസ്‌റത്ത് ഉവൈസുല്‍ ഖര്‍നി(റ)യെന്ന സൂഫിവര്യനെക്കുറിച്ച് അദ്ദേഹത്തെ നേരില്‍ ദര്‍ശിക്കുക പോലും ചെയ്യാതെ നബി(സ്വ) നടത്തിയ പ്രസ്താവന ഇമാം ഗസ്സാലി(റ) തന്റെ ഇഹ്‌യാ ഉലൂമില്‍ ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. ”കാരുണ്യവാനായ അല്ലാഹുവിന്റെ ശ്വസനം എനിക്ക് യമനിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നുവെന്നത്രെ” ഉവൈസിനെ ഉദ്ദേശിച്ച് നബി(സ്വ) ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍, ഉവൈസിന്റെ പ്രത്യക്ഷ ജീവിതമോ? ഒരു ഭ്രാന്തനായി മാത്രമേ അദ്ദേഹത്തിന്റെ വീട്ടുകാരും നാട്ടുകാരും അദ്ദേഹത്തെ ഗണിച്ചിരുന്നുള്ളൂ. അതിനാല്‍, വീട്ടില്‍ നിന്നൊഴിച്ചു പാര്‍പ്പിച്ചിരിക്കുകയായിരുന്നു അവരദ്ദേഹത്തെ. കുപ്പയില്‍ നിന്നും മറ്റും പെറുക്കിയെടുക്കുന്ന കീറത്തുണികള്‍ പരസ്പരം തുന്നിച്ചേര്‍ത്താണ് അദ്ദേഹം വസ്ത്രം ഉണ്ടാക്കിയിരുന്നത്. ഭ്രാന്തനാണെന്ന് കരുതി കുട്ടികള്‍ കല്ലെടുത്തെറിയുമ്പോള്‍ അദ്ദേഹം അവരോട് ചെറുകല്ലെടുത്ത് എറിഞ്ഞുകൊള്ളാന്‍ പറയും. ദേഹത്ത് ചോരയാകുമ്പോള്‍ നിസ്‌കരിക്കാന്‍ നേരമാകുമ്പോള്‍ കഴുകാന്‍ വെള്ളം കിട്ടിയില്ലെങ്കിലോ?
ഹസ്‌റത്ത് ഉമര്‍(റ) ഖലീഫയായിരുന്നപ്പോള്‍ പല നാടുകളില്‍നിന്നെത്തിയ ജനക്കൂട്ടത്തോട് ”ഖര്‍ന് നിവാസികള്‍ കൂട്ടത്തിലുണ്ടെങ്കില്‍ എഴുന്നേറ്റു നില്‍ക്കുക” എന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഒരാളെഴുന്നേറ്റു നിന്നു. ഹസ്‌റത്ത് ഉമര്‍(റ) ”ഉവൈസിനെ അറിയുമോ?” എന്ന് അന്വേഷിച്ചു. ”നിങ്ങളെന്തിനാ അമീറുല്‍ മുഅ്മിനീന്‍ അയാളെ അന്വേഷിക്കുന്നത്? ഞങ്ങളുടെ പ്രദേശത്ത് അയാളെപ്പോലെ കൊള്ളരുതാത്ത, വിവരമില്ലാത്ത, ഒറ്റപ്പെട്ട മറ്റൊരാളില്ല” എന്നായിരുന്നു അയാളുടെ മറുപടി. ഉമര്‍(റ) കരഞ്ഞ് കൊണ്ടു പറഞ്ഞു: ”അദ്ദേഹത്തിന്റെ ശിപാര്‍ശ മുഖേന റബീഹ്, മുളര്‍ എന്നീ രണ്ടു വലിയ ഗോത്രങ്ങളോളം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് നബിതങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.”.
ഹസ്‌റത്ത് ഉമര്‍(റ)വിന്റെ സംസാരം കേട്ടിരുന്ന ഹറമുബ്‌നു ഹയ്യാന്‍ എന്ന ഒരു സ്വഹാബി ഉവൈസിനെ തേടി പുറപ്പെട്ടു. ഒരു ഉച്ച നേരത്ത് യൂഫ്രട്ടീസ് നദിയുടെ കരയിലിരുന്ന് വുളൂ എടുക്കുകയും വസ്ത്രം കഴുകുകയും ചെയ്തുകൊണ്ടിരുന്ന ഉവൈസിനെ നേരത്തേ കേട്ടിരുന്ന ലക്ഷണങ്ങള്‍ കൊണ്ടദ്ദേഹം തിരിച്ചറിഞ്ഞു. തിങ്ങിവളര്‍ന്ന താടിയോടുകൂടിയ, തല മുണ്ഡനം ചെയ്ത, തടിച്ച, വിരൂപമെങ്കിലും ഗാംഭീര്യമുള്ള മുഖത്തോടു കൂടിയ ഒരാള്‍. ഹറമുബ്‌നു ഹയ്യാന്‍ സലാം പറഞ്ഞു. അയാള്‍ സലാം മടക്കി. കൈ നീട്ടിയെങ്കിലും പിടിക്കാന്‍ സമ്മതിച്ചില്ല. പിന്നെയുണ്ടായ സംസാരം എല്ലാം അത്ഭുതകരമായിരുന്നു. ഉവൈസ് ഹറമുബ്‌നു ഹയ്യാനെ പേരു വിളിച്ച് അഭിസംബോധന ചെയ്യുന്നു; തന്നെ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത അദ്ദേഹത്തിനെങ്ങനെ തന്റെ പേരറിഞ്ഞുവെന്ന ചോദ്യത്തിന് ‘അല്ലാഹു അറിയിച്ചുകൊടുത്തു’വെന്ന് മറുപടി പറയുന്നു. തുടര്‍ന്ന് നീണ്ട സംഭാഷണം ഇരുവര്‍ക്കുമിടയില്‍ നടക്കുന്നു. ഉവൈസ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടുന്നു…
നമ്മുടെ നാട്ടില്‍ തികച്ചും അപ്രശസ്തനും ആളുകള്‍ക്കിടയില്‍ സ്വീകാര്യതയോ മതിപ്പോ ഇല്ലാത്തവനുമായ ഒരു നാടന്‍ സൂഫിയുടെ എല്ലാ മട്ടും ഭാവവുമുള്ള ഒരാളായിട്ടാണു നാം ഉവൈസിനെ ഇവിടെ കണ്ടെത്തുന്നത്. എന്നാല്‍, ഏറെ പുകഴ്ത്തിക്കൊണ്ടുള്ള വാക്യങ്ങളാണ്അദ്ദേഹത്തെ പറ്റി നബി(സ്വ) പറഞ്ഞതായി നാം വായിച്ചത്. സൂഫി മാര്‍ഗത്തിനുള്ള നബി(സ്വ)യുടെ അംഗീകാരമെന്നല്ലാതെ മറ്റെന്താണിതിനെ കുറിച്ച് നാം അഭിപ്രായപ്പെടുക. ചുരുക്കത്തില്‍ നബി മാര്‍ഗത്തില്‍ നിന്നൊരിക്കലും വിഭിന്നമല്ല സൂഫി മാര്‍ഗം. പക്ഷെ, എല്ലാവര്‍ക്കും ആ മാര്‍ഗത്തില്‍ പ്രവേശിക്കാനോ പ്രവേശിച്ചാല്‍ തന്നെ നിലനില്‍ക്കാനോ ആവില്ല. ”നിങ്ങളുടെ സംസാരത്തിലുള്ള ധാരാളിത്തവും ഏത് പിശാചിനും മേഞ്ഞു നടക്കാവുന്ന വിധത്തിലുള്ള നിങ്ങളുടെ മനസ്സിന്റെ അവസ്ഥയും മാറ്റിയെടുത്താല്‍ ഞാന്‍ കാണുന്നത് കാണാനും ഞാന്‍ കേള്‍ക്കുന്നത് കേള്‍ക്കാനും നിങ്ങളെ കൊണ്ടാവും” എന്ന് നബി പ്രസ്താവിച്ചിട്ടുണ്ട്. ”മനുഷ്യഹൃദയങ്ങളിലൂടെ പിശാച് സഞ്ചരിക്കുന്നത് നിന്നാല്‍ അവര്‍ക്ക് ആകാശഭൂമികളിലെ രഹസ്യങ്ങളിലേക്ക് എത്തിനോക്കാനാവൂം” എന്നും അവിടന്നരുളിയിട്ടുണ്ട്. ആദ്ധ്യാത്മികത മനുഷ്യനെ എവിടെയെല്ലാം എത്തിക്കുമെന്നാണ് ഇതില്‍നിന്ന് ഗ്രഹിക്കാന്‍ സാധിക്കുക. പിന്നെയെങ്ങനെയാണ് നബിമാര്‍ഗത്തല്‍നിന്ന് സൂഫി മാര്‍ഗം ഭിന്നമായിരിക്കുന്നത്?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter