ദൈവാസ്തിക്യം: ഖുര്‍ആനിക ചോദ്യങ്ങള്‍

”അതല്ല, അവര്‍ സ്വന്തം സൃഷ്ടിക്കപ്പെടുകയായിരുന്നോ അതോ, അവര്‍തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശ ഭൂമികള്‍ സൃഷ്ടിച്ചിരിക്കുന്നത്? നിശ്ചയം അവര്‍ ഉറച്ച വിശ്വാസമില്ലാത്തവരാണ്. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍? അതോ അവര്‍തന്നെയാണോ അധികാരം കയ്യാളുന്നവര്‍?” (52: 35-37)

അല്ലാഹുവിനെകുറിച്ച് മനസ്സിലാക്കാതെ മതത്തെ വിലയിരുത്താന്‍ ശ്രമിച്ചുവെന്നതാണ് മുന്‍വിധികളുമായി ജീവിക്കുന്ന ആളുകള്‍ ചെയ്തുവെക്കുന്ന ആദ്യത്തെ തെറ്റ്. ഉദാഹരണത്തിന്, മതത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സോഷ്യോളജിസ്റ്റുകള്‍, മതങ്ങള്‍ എങ്ങനെ ഉയര്‍ന്നുവരുന്നുവെന്നതിനെക്കുറിച്ചും സാമൂഹ്്യ ശാസ്ത്രപരമായി അത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും അവര്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടാകും. പക്ഷെ, ഇതെല്ലാമുണ്ടെങ്കിലും മതത്തിന്റെ നാല് പരിധിക്കുള്ളില്‍ ജീവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മതത്തിന്റെ ഒരംശംപോലും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലായെന്നാണ് വ്യക്തമാവുക.
മതത്തിന്റെ അടിസ്ഥാനമായ അല്ലാഹുവിനെ മനസ്സിലാക്കുന്ന വിഷയത്തില്‍ ഇത്തരമാളുകള്‍ ഒരുനിലക്കും യോഗ്യരല്ല എന്നുള്ളതാണ് വസ്തുത. അതേസമയം, ഇസ്‌ലാമിനെകുറിച്ച് പഠിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആദ്യമായി മനസ്സിലാക്കേണ്ടത് അല്ലാഹുവിനെയാണ്. അല്ലാഹുവില്‍ വിശ്വസിക്കാത്തപക്ഷം അവന്റെ പ്രവര്‍ത്തനങ്ങളും ഖുര്‍ആനെയും മുസ്‌ലിംകളെയും കുറിച്ച അവന്റെതായ ചില അന്വേഷണങ്ങള്‍ മാത്രമായേ പരിഗണിക്കപ്പെടുകയുള്ളൂ.
വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:
”വ്യക്തമായ അനുഭവ സാക്ഷ്യം വന്നുകഴിയാത്തതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ഗ്രഹിക്കാനാകാത്ത കാര്യങ്ങളെ അവര്‍ വിശ്വസിച്ചിരിക്കുന്നു.” (10:39)
അപക്വവും അടിസ്ഥാനരഹിതവുമായ ആശയങ്ങളെ പ്രചരിപ്പിക്കുന്ന മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രമല്ല വിശുദ്ധ ഇസ്‌ലം. ഖുര്‍ആന്‍ മനുഷ്യനോട് അനുശാസിക്കുന്നപോലെ ജീവിതം നയിക്കുകയും അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാമിനെ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
യഥാര്‍ഥ ദൈവം അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന വസ്തുത ഒരു പരമസത്യമാണ്. പക്ഷെ, അജ്ഞതയുടെ ലോകത്ത് മാത്രം ജീവിക്കുന്ന ചിന്തിക്കാത്ത ആളുകള്‍ക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ, ജാഹില്ലിയ്യ സമൂഹം എന്ന അപരനാമത്തില്‍ അവര്‍ അറിയപ്പെടുന്നു.
അജ്ഞരായ ആളുകളോട് അല്ലാഹുവിനെക്കുറിച്ച് ചിന്തിക്കാന്‍ പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  തിരുമേനിയോട് അല്ലാഹു പറയുന്നു:
”(നബിയേ) പറയുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചയും പിടിച്ചെടുക്കുകയും ഹൃദയങ്ങള്‍ക്കുമേല്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അവനല്ലാതെ മറ്റാര്‍ക്കാണ് ഇത് തിരിച്ചുനല്‍കാന്‍ സാധിക്കുക? നോക്കൂ, നാം ഏതെല്ലാം വിധത്തില്‍ അവര്‍ക്ക് തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞു കളയുകയാണ്.” (6:46)
ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്കിത് ശരിക്കും മനസ്സിലാകും.
എല്ലാം മറന്നുപോയ ഒരാളെ സങ്കല്‍പിക്കുക. അയാളുടെ മനസ്സില്‍ സ്വന്തത്തെക്കുറിച്ചുപോലും യാതൊരു ബോധവുമില്ല. ഭൂമിയിലെവിടെയോ ഒരിടത്ത് നിലകൊള്ളുകയാണ്. എങ്കില്‍, അപ്പോഴവന് എന്തായിരിക്കും അനുഭവപ്പെടുന്നത്? അതെ, വിസ്മയിപ്പിക്കുന്ന ചുറ്റുപാടുകള്‍ കണ്ട് അല്‍ഭുത പരതന്ത്രനായി കഴിഞ്ഞിരിക്കും. ആദ്യമായി അവന്‍ ശ്രദ്ധിച്ചുതുടങ്ങുക സ്വന്തം ശരീരത്തെയുമായിരിക്കും. അതേസമയം, തന്റെ മുമ്പില്‍ കാണുന്ന വസ്തുക്കളെപ്പോലെ തന്റെ ശരീരം തന്റെതുതന്നെയാണെന്ന് അവന്‍ മനസ്സിലാക്കുന്നില്ല. അതിനാല്‍, അവയവങ്ങളെ നിയന്ത്രിക്കാനും അവയെ ഇഷ്ടാനുസാരം വിനിയോഗിക്കാനും അവന്‍ താല്‍പര്യത്തോടെ മുന്നോട്ടുവരുന്നു. ഒരുനിമിഷം, സ്വന്തം കൈക്കാലുകള്‍ അങ്ങോട്ടുമിങ്ങോട്ടുമിളക്കി ആശ്ചര്യപ്പെടുന്നു.
സ്വന്തം ശരീരത്തിന് അനുയോജ്യമായ ചുറ്റുപാടുകള്‍ അന്വേഷിച്ച് നടക്കുകയാണ് പിന്നീട്. പക്ഷെ, അപ്പോഴും താനെന്തിന് നിലകൊള്ളുന്നുവെന്ന കാര്യം അവനുമുമ്പില്‍ അന്യമായിത്തന്നെ ശേഷിക്കുന്നു. അതേസമയം താമസിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങളും മനോഹരമായ കാഴ്ചകളും സുഖപൂര്‍ണമായ വസനകളും അനുയോജ്യമായ അന്തരീക്ഷവും വിവിധ തരം മൃഗങ്ങളും തുടങ്ങിയ ആയിരക്കണക്കിന് വസ്തുക്കള്‍ അവന്റെ മുമ്പിലുണ്ട്. വിശപ്പടക്കാന്‍ സുഭിക്ഷമായ ഫലവര്‍ഗങ്ങളും തണുത്ത സ്വാദിഷ്ടമായ ദാഹജലവും. അങ്ങനെ പലതരം സൗകര്യങ്ങള്‍…
ഇനി ആ മനുഷ്യന്റെ സ്ഥാനത്ത് നാം നമ്മെത്തന്നെയൊന്ന് സങ്കല്‍പിക്കുക. എന്നിട്ട്, ഒരു നിമിഷം ചിന്തിക്കുക. ഇത്തരമൊരു സാഹചര്യത്തില്‍ നാം പോയി ആസ്വദിക്കാന്‍ തയ്യാറാകുമോ? ചില സങ്കീര്‍ണമായ ചോദ്യങ്ങള്‍ നാം നമ്മോടുതന്നെ ചോദിക്കാന്‍ ധൈര്യം കാണിക്കുമോ? നാം ആരാണെന്നും എന്തിന് ഇവിടെ വന്നുവെന്നും ജീവിത ലക്ഷ്യമെന്തെന്നും ഈ ബാഹ്യക്രമീകരണങ്ങളുടെ ആവശ്യമെന്തെന്നും മനസ്സിലാക്കാന്‍ നാം ശ്രമം നടത്തുമോ? അതോ, ഈ വക കാര്യങ്ങളെയെല്ലാം മാറ്റി നിര്‍ത്തി ആസ്വദിച്ചുതീര്‍ത്ത ജീവിതത്തെ കുറിച്ച് ഉല്‍കണ്ഠപ്പെടുമോ? ഏതായിരുന്നാലും ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന ചോദ്യങ്ങള്‍ ഇവയായിരിക്കും: ഞാന്‍ ആരാണ്? എന്നെ ആരാണ് സൃഷ്ടിച്ചത്?  എന്തിനാണ് ഞാന്‍ സൃഷ്ടിക്കപ്പെട്ടത്? ഈ സൃഷ്ടിപ്പിലൂടെ അവന് വല്ലതും പ്രതീക്ഷിക്കുന്നുണ്ടോ? അതോ, തനിക്ക് വല്ലതും കാണിച്ചുതരാനുദ്ദേശിക്കുന്നോ?
കേവലബുദ്ധിയുള്ള ഏതൊരാളും ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി കണ്ടെത്താനുള്ള ബദ്ധപ്പാടിലായിരിക്കും എപ്പോഴും. എന്നാല്‍, ചിലയാളുകള്‍ ഈ വക കാര്യങ്ങള്‍ പരിഗണിക്കുകപോലും ചെയ്യുന്നില്ല. പകരം ശാരീരികമായ ആവശ്യങ്ങള്‍ പൂര്‍ത്തീകിച്ചും രാത്രികളില്‍ കിടന്നുറങ്ങിയും പകലില്‍ ആസ്വദിച്ചും കാലം കഴിക്കുന്നു. എന്നാല്‍, മറ്റു ചിലയാളുകള്‍ ഇതിനുവേണ്ടി മാത്രം ഇറങ്ങിത്തിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവായ പരമശക്തിയെ ആശ്രയിച്ചിരിക്കുന്നു, ജീവിത യാത്രയിലെ ഓരോ നിമിഷങ്ങളും. സത്യത്തിലും സര്‍വശക്തനായ ഈ സാന്നദ്ധ്യത്തെ തിരിച്ചറിയുന്നതിനെക്കാള്‍ വലിയ മറ്റെന്താണുള്ളത്?
നമുക്ക് നമ്മുടെ ഉദാഹരണവുമായി മുന്നോട്ടു പോകാം. അയാള്‍ ഒരു ഒഴിഞ്ഞ ഭൂമിയിലൂടെ നടന്നു നടന്നു ഒടുവില്‍ ഒരു ഒഴിഞ്ഞ ഭൂമിയിലെത്തിയെന്ന് വിചാരിക്കുക. അവിടെ വിവിധ തരം ആളുകളുണ്ട്. അവരില്‍ ഭൂരിഭാഗവും അത്യാര്‍ത്ഥിയുള്ളവരും ആത്മാര്‍ത്ഥതയില്ലാത്തവരുമാണ്. തങ്ങളുടെ യജമാനനെ കുറിച്ചോ ജീവിക്കുന്ന വിതാനത്തെ കുറിച്ചോ അവര്‍ക്ക് യാതൊരു ബോധവുമില്ല. അതേസമയം, ഓരോരുത്തര്‍ക്കും സ്വന്തമായി ചില ജോലികളും ലക്ഷ്യമുണ്ട്. അതുവെച്ച്, എല്ലാവര്‍ക്കും സംതൃപ്തമായ നിലക്ക് നാട്ടിലാകെ നല്ലൊരു ക്രമീകരണം കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
ഒടുവില്‍ അയാള്‍ സമൂഹത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ചിലയാളുകളുമായി കണ്ടുമുട്ടുന്നു. നാട്ടുകാര്‍ വെറുക്കുകയും ശത്രുതയോടെ മാത്രം കാണുകയും ചെയ്യുന്ന ആളുകളാണവര്‍. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെയായി മാറി? നിരീക്ഷിച്ചപ്പോല്‍ സമൂഹത്തില്‍ നിന്നും പലനിലക്കും വ്യത്യസ്തത പുലര്‍ത്തുന്നവരായിട്ടാണ് ഇവരെ അവന് മനസ്സിലാക്കാനായത്. തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവര്‍. ചിന്താശേഷിയും വിശ്വസ്തതയുമുള്ളവര്‍. താഴ്മയോടും വിനയത്തോടുംമാത്രം സംസാരിക്കുന്ന സല്‍സ്വഭാവികള്‍.  അവരില്‍ ഒരു തെറ്റ് പോലും കാണാന്‍ സാധിക്കുന്നില്ല. എന്തുകൊണ്ട് അവരിങ്ങനെ ചെയ്യുന്നു? അവന്റെയുള്ളില്‍ സംശയങ്ങളുടെ മുള പൊട്ടാന്‍ തുടങ്ങുന്നു.
അവസാനം, അവരുമായി ഒരു തുറന്ന സംഭാഷണത്തിന് തയ്യാറായി. അപ്പോള്‍, അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ”ജനങ്ങളില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും സവിശേഷമായ ജീവിത വീക്ഷണം  വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. കാരണം, ഇവിടെയുള്ള സര്‍വ്വ ആചാരങ്ങള്‍ക്കും യജമാനനായി ഒരാളുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അവന്‍ സര്‍വ്വ ശക്തനാണെന്നും ഈ വസ്തുക്കളെല്ലാം അവന്‍ പടച്ചത് ഞങ്ങളെ പരീക്ഷിക്കാനാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാറ്റിനും പുറമെ അവന്‍  ഞങ്ങള്‍ക്കൊരു ഗ്രന്ഥം ഇറക്കിത്തന്നിട്ടുണ്ട്. അതനുസരിച്ചാണ് ഞങ്ങള്‍ ജീവിതം മുന്നോട്ട് നയിക്കുന്നത്.”
ഇത്തരമൊരു സാഹചര്യത്തില്‍, അവര്‍ പറയുന്നത് പരമ സത്യമാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ അവന് സാധിക്കുന്നില്ല. അതേസമയം, ഇത് എല്ലാറ്റിലുമുപരി പ്രാധാന്യമര്‍ഹിക്കുന്നതായി അവന്‍ ഊഹിച്ചെടുക്കുന്നു. അവര്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടവരാണെന്നും അവരുടെ കൈയിലെ ഗ്രന്ഥം പഠനവിധേയമാക്കേണ്ടതാണെന്നും അവന്‍ മനസ്സിലാക്കുന്നു.
ഈ ഉദാഹരണത്തില്‍ പറഞ്ഞപോലെ കൂടുതല്‍ വിവേകപൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നതില്‍നിന്നും നമ്മെ തടഞ്ഞുനിര്‍ത്തുന്നത് ഭൂമിയില്‍ കുറേകാലം ജീവിക്കണമെന്ന അതിമോഹമാണ്. ഈ വ്യക്തിയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്കുപകരം നിരന്തരമായി നടക്കുന്ന ഒരു വളര്‍ച്ചാപ്രക്രിയയാണ് നമുക്ക് പരിചയമുള്ളത്. അതുകൊണ്ടുതന്നെ, നമ്മുടെ ഉദാഹരണത്തില്‍ പറഞ്ഞ ഉപമ പട്ടണ നിവാസികളോടാണ് കൂടുതല്‍ യോജിച്ച് വരുന്നതെന്ന കാര്യം നാം കൂടുതല്‍ സമ്മതിക്കേണ്ടിയിരിക്കുന്നു. അവരാകട്ടെ, നേരത്തെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയോ അതിന് മറുപടി കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, തികഞ്ഞ അജ്ഞതയോടെത്തന്നെ ചോദ്യങ്ങളെയെല്ലാം പുറംകാലുകൊണ്ട് തട്ടിമാറ്റി അന്വേഷണം പോലും നിര്‍ത്തിവെക്കുകയായിരുന്നു.
നാം ജീവിക്കുന്ന ജാഹിലീ സമൂഹംതന്നെ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കുന്നതില്‍നിന്നും നമ്മെ ജോലിയാക്കിയിരിക്കുകയാണ്. അതേസമയം, ഞാന്‍ ഇന്ന് രാത്രി എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്? നാളെ ഏത് വസ്ത്രമാണ് ധരിക്കേണ്ടത്? അവള്‍ എന്നെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്? ഞാന്‍ അവനോട് എന്താണ് പറയേണ്ടത്? തുടങ്ങിയ ചിന്തകളാണ് നമ്മുടെ മനസ്സുകളില്‍ കുടിയിരിക്കുന്നത്. ഖദകരമെന്ന് പറയട്ടെ അജ്ഞതയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ കാലത്താണ് ജീവിക്കുന്നതെന്ന് നാം അവകാശവാദം മുഴക്കുന്നുണ്ടെങ്കിലും ശരി.
ഇതാ ഒരവസരം കൂടി നമ്മുടെ മുമ്പിലുണ്ട്. ഒന്നുമറിയാതെ സമൂഹത്തിലൂടെ നമ്മളിലേക്ക് പടര്‍ന്നുപിടിച്ച സര്‍വ്വമാന കാര്യങ്ങളെയും മുന്നില്‍ നിര്‍ത്തി ഒരല്‍പം ചിന്തിച്ചുനോക്കുക. എന്നിട്ട് ഇതേവരെ നാം നിസ്സാരമായി തള്ളിക്കളഞ്ഞ ഈ ചോദ്യം നാം നമ്മോട് തന്നെ ചോദിക്കുക: ഞാന്‍ എങ്ങനെയാണ് ഉണ്ടായത്?

(ആര്‍ട്ടിക്കിള്‍സ് ഓഫ് ഹാറൂന്‍ യഹ്‌യ: harunyahya.com)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter