നിറമരുതൂര്‍ മരക്കാര്‍ മുസ്‌ലിയാര്‍
ഒരു പുരുഷായുസ്സു മുഴുവന്‍ വിജ്ഞാന ശേഖരത്തിലും വ്യാപനത്തിലുമായി കഴിച്ചുകൂട്ടിയ മഹാ മനീഷിയാണ് നിറമരുതൂര്‍ മരക്കാര്‍ മുസ്‌ലിയാര്‍. പ്രസിദ്ധ കര്‍മ്മശാസ്ത്ര പണ്ഡിതനും സമസ്ത മുശാവറ അംഗവുമായിരുന്ന നിറമരുതൂര്‍ അരങ്ങത്തില്‍ ബീരാന്‍കുട്ടി മുസ്‌ലിയാരുടെയും തിരൂര്‍ ചെമ്പ്ര വടക്കിണിയേടത്ത് ഉമ്മാത്തുമ്മയുടെയും മകനായി 1946 ഡിസംബറിലാണ് ജനനം. ആറു പതിറ്റാണ്ടുകളായി താനൂര്‍ ത്വാഹാ പള്ളിയില്‍ ദര്‍സ് നടത്തുന്ന മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, 1969-ല്‍ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളോടൊപ്പം ജാമിഅ നൂരിയ്യയില്‍ നിന്നും ഫൈസി ബിരുദം സ്വീകരിച്ച മര്‍ഹൂം അബ്ദുള്ള മുസ്‌ലിയാര്‍ എന്നിവര്‍ സഹോരന്‍മാരാണ്.
നിറമരുതൂര്‍ പത്തമ്പാട് നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പാലപ്പറമ്പില്‍ മുഹമ്മദ് മുസ്‌ലിയാര്‍, സെയ്താലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ക്കു കീഴിലായിരുന്നു പ്രാഥമിക പഠനം. പത്തമ്പാട് എല്‍.പി സ്‌കൂള്‍, ചെമ്പ്ര യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഭൗതിക പഠനവും നടത്തി.
സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം താനൂര്‍ വലിയ കുളങ്ങര പള്ളി ദര്‍സിലെത്തി. പിതാവ് നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ക്കു കീഴിലായി 9 വര്‍ഷം പഠനം നടത്തി. 1967-ല്‍ ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ചേര്‍ന്നു. കണ്ണിയത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഗുരുനാഥന്‍മാര്‍. നാലു വര്‍ഷം ജാമിഅയില്‍ പഠിച്ചു. 1971-ല്‍ ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടി. പിതാവിനു കീഴില്‍ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം മദ്‌റസയില്‍ വ്യവസ്ഥാപിതമായ ദര്‍സ് തുടങ്ങാനായിരുന്നു പദ്ധതി. ദര്‍സ് ആരംഭിച്ചെങ്കിലും ഉദ്ദേശിച്ചത്ര വിദ്യാര്‍ത്ഥികള്‍ എത്താതിരുന്നതിനാല്‍ കരിങ്കനാട്ടേക്ക് നീങ്ങുകയായിരുന്നു.
ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരാണ് മരക്കാര്‍ മുസ്‌ലിയാരെ കരിങ്ങനാട് മുദരിസായി നിയമിച്ചത്. മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം കോട്ടക്കല്‍ പാലപ്പുറയിലേക്ക് മാറി. 9 വര്‍ഷത്തെ സേവനത്തിനു ശേഷം ചെമ്മന്‍കടവിലേക്ക് മാറി. തുടര്‍ന്ന് വള്ളിക്കാഞ്ഞീരം, കൈനിക്കര, കാരത്തൂര്‍ ബദ്‌രിയ്യ, പൊന്‍മുണ്ടം, അയ്യായ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. തിരൂര്‍ വാണിയന്നൂരില്‍ 22-വര്‍ഷം സേവനം ചെയ്തു. സ്വദേശമായ പത്തമ്പാട് ഖത്വീബ്, മുദരിസ് പദവികള്‍ വഹിച്ചു. വിയോഗത്തിന്റെ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ അദ്ധ്യാപകനായി സേവനമാരംഭിച്ചത്. അന്ത്യരോഗത്തിനിടയില്‍ പോലും സ്ഥാപനത്തിലെത്തി ഓണ്‍ലൈന്‍ വഴി അദ്ധ്യാപനം നടത്തിയിരുന്നു. കാഴ്ച ശക്തി കുറവായിരുന്ന അദ്ദേഹത്തിന് സ്വന്തമായി ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാനുള്ള കഴിവ് നേരത്തേ നഷ്ടപ്പെട്ടിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും അവലംബിക്കാതെ അദ്ധ്യാപനം നടത്താനും കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങളുടെ ചുരുളഴിക്കാനും സാധിച്ചിരുന്നു. അവതരണഭംഗിയും അതിനൊത്ത ആംഗ്യവിക്ഷേപവും ശ്രോതാവിന്റെ മുഖത്തേക്ക് നോക്കിയുള്ള ശൈലിയും ശബ്ദഗാംഭീര്യവും മരക്കാര്‍ മുസ്‌ലിയാരെ ശ്രദ്ധേയനാക്കി.
സുന്നി മഹല്ല് ഫെഡറേഷനിലൂടെയാണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരുന്നത്. മരക്കാര്‍ മുസ്‌ലിയാരുടെ പ്രഭാഷക മികവിനെ സി.എച്ച് ഐദറൂസ് മുസ്‌ലിയാരും ഡോ. യു. ബാപ്പുട്ടി ഹാജിയും ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡണ്ടായി ദീര്‍ഘകാലം സേവനം ചെയ്തു. 2011-ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് സമസ്ത ഫത്‌വ കമ്മിറ്റിയിലും അംഗമായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനവും വഹിച്ചു. താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി, വളവന്നൂര്‍ ബാഫഖി യതീഖാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മികച്ച മുദരിസിനുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2020 നവംബര്‍ 19/ 1442 റബീഉല്‍ ആഖര്‍ 3-നായിരുന്നു വിയോഗം. നിറമരുതൂര്‍ പത്തമ്പാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
സി.പി ബാസിത് ഹുദവി തിരൂർ
Leave A Comment