അന്ന് നാം വെളളക്കാരോട് ഏറ്റുമുട്ടി ഇന്ന് കള്ളന്‍മാരോടും(പഹലെ ഗോറോം സെ അബ് ചോറോം സെ)
. (ഡല്‍ഹി ജോർബാഗിലെ കര്‍ബല ദര്‍ഗയില്‍ അനുയായികളെ അഭിസംബോധന ചെയ്ത് ചന്ദ്രശേഖർ ആസാദ് നടത്തിയ പ്രസംഗം) 'നാം വിജയിക്കും. ആര്‍ക്കും നമ്മെ പരാജയപ്പെടുത്താനാവില്ല. കാരണം നാം ഈ രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചാണ് പോരാടുന്നത്- അദ്ദേഹം പറഞ്ഞു. സ്വീകരണങ്ങള്‍ കൊണ്ട് ഇനി കാര്യം നടക്കില്ല. ഇത് ത്യാഗത്തിന്റെ(കുര്‍ബാനി) സമയമാണ്. ഈ സര്‍ക്കാര്‍ നമ്മുടെ ജീവനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാം ജീവന്‍ നല്‍കും. ഒരു കാര്യം ഓര്‍മിയിരിക്കട്ടെ. ഇവര്‍ ആഗ്രഹിക്കുന്ന ഈ വിഭജനം. അത് നാം ഒരിക്കലും അനുവദിക്കില്ല. ഈ രാജ്യം നമ്മുടേതാണ്. ഇതിനെ മുന്നോട്ടു നയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. പ്രത്യേകിച്ച്‌ യുവതയുടെ. നമ്മിലുള്ള പ്രായമായവരോട് സര്‍ക്കാറിന്റെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കൂ എന്ന് നമുക്ക് പറയാനാവില്ല. നാം, യുവജനങ്ങള്‍ സര്‍ക്കാറിന്റെ വെടിയുണ്ടകള്‍ക്കു മുന്നില്‍ വിരിമാറ് കാണിക്കും. നമ്മെ ജയിലില്‍ ഇട്ട് അടിച്ചമര്‍ത്താമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ തടവറകള്‍ നമുക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. മാത്രമല്ല, ജയിലില്‍ ഉള്ളവരെ കൂടി നാം എന്‍.ആര്‍.സിയേയും സി.എ.എയേയും കുറിച്ച്‌ ബോധവാന്‍മാരാക്കും. നിങ്ങള്‍ എന്തിനാണ് ജയിലില്‍ വന്നതെന്ന് അവര്‍ എന്നോട് ചോദിച്ചു. അപ്പോള്‍ എന്‍.ആര്‍.സിയേയും സി.എ.എയേയും കുറിച്ച്‌ ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ ജയിലിലും എന്‍.ആര്‍.സി വിരുദ്ധത ഉണ്ടായി. എല്ലാ പ്രതിബന്ധങ്ങളേയും അവഗണിച്ച്‌ ജയിലിലും പ്രതിഷേധങ്ങള്‍ ഉയരും. സിന്ദാബാദ് വിളിക്കുന്നതു കൊണ്ടും കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ല. ഈ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നാം കണ്ട സ്വപ്‌നമാണ് എന്നെ അവിടെ എഴുന്നേറ്റ് നിര്‍ത്തിയത്. നാം തോല്‍ക്കുന്നവരിലല്ല. കാരണം നാം ന്യായത്തിന്റെയും സത്യസന്ധതയുടേയും പോരാട്ടം പോരാടുന്നവരാണ്. നമുക്ക് ത്യാഗങ്ങളില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തെ രക്ഷിക്കാനായി നേരത്തെയും നിരവധി ജീവത്യാഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് നാം വെളളക്കാരോട് ഏറ്റുമുട്ടി. ഇന്ന് കള്ളന്‍മാരോടും(പഹലെ ഗോറോം സെ അബ് ചോറോം സെ). നാം ആ ജീവത്യാഗം നല്‍കിയവരുടെ രക്തമാണ്. സത്യസന്ധതയുടെ രക്തമാണ് നമ്മുടെ സിരകളിലോടുന്നത്. സര്‍ക്കാറിന്റെ ഒരു നീക്കത്തിനും ഈ രക്തത്തെ തളര്‍ത്താനാവില്ല. എന്റെ മുന്നില്‍ കാണുന്ന ഈ യുവതയാണ് കരുത്ത്. ജാമിഅയില്‍ കൊളുത്തി തീ രാജ്യമെങ്ങും പടര്‍ന്നത് നാം കണ്ടതാണ്. സര്‍ക്കാര്‍ കാണുന്ന ഹിന്ദു- മുസല്‍മാന്‍ വിഭജനമെന്ന സ്വപ്‌നത്തെ നാം തകര്‍ക്കും. അംബേദ്ക്കര്‍ എന്നും ഈ വിഭജനത്തിനെതിരായിരുന്നു. ബാബാ സാഹിബിന്റെ പേരു പറഞ്ഞാണ് ഈ വിലകെട്ട സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നത്. കള്ളം പരത്തുന്നു. ഇവരുടെ കള്ളത്തെ തകര്‍ക്കാനാണ് നാം പോരാടുന്നത്. ഇത് നമ്മുടെ രാജ്യമാണ്. ഇവിടെ ശാന്തിയുണ്ട്. ഇതു പോലെ മറ്റൊരു രാജ്യമില്ല. അത് തകര്‍ക്കാനാണ് ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസമുള്ള നാമാണ് പോരാട്ടം നടത്തുന്നത്. സ്റ്റുഡിയോയില്‍ ഇരുന്ന് മറുപടി പറയുന്നതിലൂടെ ഒന്നും നടക്കില്ല. നാം തെരുവിലാണ്. സമരം തുടരുക തന്നെ ചെയ്യും. അടുത്ത പത്തുനാളിനുള്ളില്‍ സമരത്തിന്റെ കരുത്തെന്താണെന്ന് നാം സര്‍ക്കാറിന് കാണിച്ചു കൊടുക്കും. ഞാന്‍ വീടുപേക്ഷിച്ചെന്ന് അവര്‍ക്കറിയാം. കുടുംബത്തെ സമരത്തിന് നടുവിലേക്ക് വലിച്ചിഴക്കില്ലെന്നും അവര്‍ക്കറിയാം. അവരെന്നോട് ഒരിക്കലും വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞിട്ടില്ല. അവരെനിക്കൊരു സന്ദേശമയച്ചിരുന്നു. അത് എന്റെ സുഖമന്വേഷിച്ചായിരുന്നില്ല. നിന്റെ വിളി കേട്ട് ഡല്‍ഹി ജുമാ മസ്ജിദില്‍ ലക്ഷക്കണക്കിന് മുസല്‍മാന്‍മാര്‍ വരുന്നുണ്ട്. അവരില്‍ ഒരാള്‍ക്കു പോലും പരിക്കേല്‍ക്കാതെ നോക്കേണ്ടത് നിന്റെ ബാധ്യതയാണ്. ഞാന്‍ എന്താണോ ചിന്തിക്കുന്നത്. അതു തന്നെയാണ് എന്റെ മാതാവും ചിന്തിക്കുന്നത്. ഇങ്ങനെ ധൈര്യമുള്ളവരാവണെ എല്ലാവരും എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ ധൈര്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കണം. നാം ജനതയാണ്. നമ്മളാണ് സര്‍ക്കാറിനെ തെരഞ്ഞെടുത്തത്. എന്നിട്ട് ഇന്ന് നമ്മളോട് ചോദിക്കുന്നു.നമ്മള്‍ ആരാണെന്ന്. വിചിത്രം തന്നെ. സ്‌നേഹം നല്‍കുന്നതിനും എന്നെ വിശ്വസിച്ചതിനും ഒരുകാര്യം ഉറപ്പിച്ചു പറയുന്നു. എല്ലാവകരേയും ഒന്നിച്ചു നിര്‍ത്തി സത്യസന്ധമായി പോരാടും.സത്യസന്ധരല്ലാത്തവര്‍ അതിനു മുന്നില്‍ ലജ്ജിക്കും. ആസാദിനൊപ്പം ചേര്‍ന്ന് പോരാടൂ എന്ന് അവരും പറയും. നമുക്ക് വീണ്ടും കാണാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter