പുഞ്ചിരിയുടെ പ്രതിഫലം
അബ്ദുല്‍ ഗഫൂര്‍ മോര്യ
അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു- നബി(സ) പറഞ്ഞു: ''നന്മയില്‍ നിന്നും ഒന്നും നീ നിസ്സാരമാക്കരുത്. അത് മന്ദസ്മിതത്തോടെ നിന്റെ സഹോദരനെ അഭിമുഖീകരിക്കലാണെങ്കിലും ശരി.'' (മുസ്‌ലിം) നന്മകള്‍ നാട്‌നീങ്ങുകയാണ്, പകരം തിന്മകള്‍ നാട് വാഴുന്നു. നന്മകള്‍ പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് കാലം നമ്മോടാവശ്യപ്പെടുന്നത്.
ഇസ്‌ലാമിക വിശ്വാസത്തിലും സംസ്‌കാരത്തിലും അധിഷ്ഠിതമായി ജീവിക്കുന്ന ഏതൊരുത്തനും തന്റെ ജീവിതവഴിയില്‍ പൂര്‍ണമായും സുകൃത സൂനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. സ്വന്തം സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത് പോലും പുണ്യമാണെന്നാണ് ഇസ്‌ലാമിക വീക്ഷണം.
മന്ദസ്മിതം മഹത്തായൊരു അനുഗ്രഹമാണ്. മനഃശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ പുഞ്ചിരിയെക്കുറിച്ചുള്ള പ്രവാചക വചനത്തിന്റെ സാരം കൂടുതല്‍ തെളിമയോടെ വായിച്ചെടുക്കാന്‍ സാധിക്കും. കോപ കലുഷിതന്റെ മുഖത്തു നോക്കിയുള്ള പുഞ്ചിരി കോപത്തെ നിര്‍വീര്യമാക്കാന്‍ മാത്രം പ്രാപ്തമത്രെ. മാത്രമല്ല, അപരന്റെ അകൈതവമായ സ്‌നേഹം സമ്പാദിക്കാനും അതുവഴി കഴിയുന്നു. അങ്ങനെ ശത്രുവിനെ മിത്രമാക്കി മാറ്റിയെടുക്കാന്‍ കഴിയും.
ജീവിതത്തിന്റെ നിംനോന്നതങ്ങളില്‍ നന്മകള്‍ സമ്പാദിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിലും നന്മകള്‍ ചെയ്തു കൂട്ടാനുള്ള അവസരങ്ങളാണ് ഇസ്‌ലാം ഒരുക്കിത്തരുന്നത്. അബൂ ഹുറൈറയില്‍നിന്ന് നിവേദനം, നബി(സ) പറഞ്ഞു: ''വിശ്വാസം എഴുപതിലേറെ ശാഖകളാണ്. അതില്‍ അതിശ്രേഷ്ഠം തൗഹീദിന്റെ വചനമാണ്. പ്രതിബന്ധങ്ങളെ വഴിയില്‍നിന്ന് വിപാടനംചെയ്യലാണ് അതില്‍ താഴെ പടിയിലുള്ളത്.'' (ബുഖാരി, മുസ്‌ലിം)
ജനസമ്പര്‍ക്കത്തില്‍ നന്മകള്‍ വിരിയാനും വിരിയിക്കാനും സ്വഭാവ മഹിമ അനിവാര്യമാണ്. പ്രവാചക തിരുമേനിയുടെ ജീവിതത്തില്‍ നിന്നും നമുക്കത് വ്യക്തമാവും. അവിടുത്തെ സ്വഭാവ വിശുദ്ധി ആകര്‍ഷണീയമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കാണുക: ''താങ്കള്‍ പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റുഭാഗത്തുനിന്നും പിരിഞ്ഞുപോകുമായിരുന്നു.'' (ആലുഇംറാന്‍-159)
നന്മകളെ നാം നിസാരവല്‍ക്കരിക്കരുത്. നന്മകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവസരങ്ങളാണ് നമുക്കുമുമ്പിലുള്ളത്. അതു നാം പൂര്‍ണമായും ഉപയോഗപ്പെടുത്തണം. ഹാതിം മകന്‍ അദിയ്യ്(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''ഒരു കാരക്കയുടെ ചീളു കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക; അതിനെയെത്തിച്ചില്ലെങ്കില്‍ നല്ല സംസാരം കൊണ്ടെങ്കിലും.'' (ബുഖാരി, മുസ്‌ലിം)
അബൂ ഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: ''നല്ല സംസാരം ധര്‍മ്മമാണ്.'' നല്ല വാക്കുപോലും നന്മയുടെ കൂട്ടത്തിലാണ് ഇസ്‌ലാം എണ്ണുന്നത്. ജീവിതം നന്മ നിറഞ്ഞിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ബന്ധം. പ്രവാചകനോളം നന്മ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരു നേതാവിനെ ചരിത്രത്തില്‍ കണ്ടെത്തുക പ്രയാസമാണ്. പക്ഷേ, ആ പ്രവാചകന്റെ സമുദായം അതില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ തിന്മയുടെ നിത്യ ഉപാസകരായിത്തീരുന്നു.
ജനങ്ങള്‍ സൗഹാര്‍ദ്ദത്തില്‍ കഴിയണമെന്നാഗ്രഹിച്ചതു കൊണ്ടാണ് പ്രവാചകന്‍ പുഞ്ചിരിക്കുപോലും നന്മയുടെ പരിവേഷം നല്‍കിയത്. മനുഷ്യന്മാര്‍ക്കിടയിലുള്ള സ്വാര്‍ത്ഥതയുടെ മതില്‍കെട്ടുകള്‍ ഭജ്ഞിക്കാന്‍ വേണ്ടിയാണ് തിരുദൂതര്‍ ഇതു ചെയ്തത്. എന്നാല്‍, ചിരിക്കാന്‍ പോലും മടിക്കുന്ന സമൂഹമാണിന്നുള്ളത്. സുഹൃത്തിന്റെ വദനം നോക്കി മന്ദസ്മിതം തൂകാന്‍ പിശുക്ക് കാണിക്കുന്ന സമൂഹം അയല്‍ ക്കാര്‍ക്കിടയില്‍ പോലും വേലികെട്ടുകള്‍ ഉയര്‍ത്തി ബന്ധങ്ങളെ വിസ്മരിക്കുന്നു.
ഒരു വ്യക്തിയുടെ ജീവിത വഴിയില്‍ നന്മ ചെയ്യാനുള്ള സാഹചര്യങ്ങളേറെയാണ്. ഒരു യാചന്‍ ഒരാളുടെ സവിധത്തില്‍ വന്ന് വല്ലതും യാചിക്കുമ്പോള്‍, വാസ്തവത്തില്‍ ചോദിക്കപ്പെടുന്നവന് ഒരു നന്മക്കുള്ള അവസരമാണ് അല്ലാഹു ഒരുക്കി കൊടുക്കുന്നത് എന്ന അവബോധം നമുക്കുണ്ടാവണം. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങള്‍ പലരും സഗൗരവം ഗൗനിക്കാറില്ല എന്നതാണ് പരമാര്‍ത്ഥം. ഒരു നല്ല വാക്കു കൊണ്ടെങ്കിലും ആ യാചകനെ സാന്ത്വനപ്പെടുത്തുകയാണെങ്കില്‍, യാചകന് ആശ്വാസമാകുമെന്നതിലപ്പുറം, നമുക്ക് നാളെ ദൈവസാന്നിധ്യത്തില്‍ അത് ഒരു ഗുണമായി ഗണിക്കപ്പെടുമെന്നാണ് തിരുവചനങ്ങളില്‍നിന്നും വ്യക്തമാവുന്നത്.
നമ്മുടെ ജീവിതയാത്രയില്‍ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരെ നാം കണ്ടുമുട്ടുന്നു. നിരാലംബര്‍, ഋണബാധ്യര്‍, രോഗികള്‍, അനാഥര്‍, അഗതികള്‍.... അങ്ങനെ നിരവധി പേരെ നാം നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്നു. അതെല്ലാം സുകൃതത്തിനായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. അപ്പോള്‍ മാത്രമേ നന്മയുടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. തിരക്കുപിടിച്ച ജീവിതത്തിലെ ഓരോ അനര്‍ഘ നിമിഷങ്ങളെയും നാം സുകൃതധന്യമാക്കുക; നന്മ നിറഞ്ഞ വാക്കു കൊണ്ടെങ്കിലും.
Leave A Comment