ഹദീസ്: ഇസ്‌ലാമിക  തത്വശാസ്ത്രത്തിന്റെ ഉറവിടം

ഗ്രീക്ക് അലക്‌സാണ്ട്രിയന്‍ തത്വശാസ്ത്രത്തിന്റെ അറേബ്യന്‍ പതിപ്പാണ് ഇസ്ലാമിക തത്വശാസ്ത്രം എന്നാണ് പാശ്ചാത്യ ചിന്താധാരയുടെ വെപ്പ്. എന്നാല്‍, പന്ത്രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രവും, ചലനാത്മക വര്‍ത്തമാനവുമുള്ള ഇാസ്‌ലാമിക തത്വശാസ്ത്രം പരിശോധനാവിധേയമാക്കുമ്പോള്‍, വെളിപ്പെടുന്നത് മറ്റു ചിലതാണ്.ഇസ്‌ലാമികമെന്നു വിളിക്കാവുന്ന മറ്റെന്തിനെ പോലെ തന്നെയും, ഇസ്‌ലാമിക് ഫിലോസഫിയുടെ ഉത്ഭവവും ഖുര്‍ആന്‍ ഹദീസില്‍ നിന്നാണെന്നതാണ് സത്യം. ഇസ്‌ലാമിക് ഫിലോസഫിയുടെ വക്താക്കളെല്ലാം മുസ്‌ലിം നാമധാരികളാണ് എന്ന ബന്ധത്തിനപ്പുറം, മുസ്‌ലിമതയുടെ വേരായ ദിവ്യവെളിപാടില്‍(വഹ്‌യ്) നിന്നും ഉയിര്‍ കൊണ്ടതാണീ തത്വദീക്ഷ.
അല്‍ കിന്‍ദി മുതല്‍ അല്ലാമാ ത്വബതാബി വരെയുള്ള മുഴുവന്‍ മുസ്‌ലിം തത്വചിന്തകരും വിശ്വാസത്തിലെന്ന പോലെ കര്‍മത്തിലും ശരീഅത്തിനോട് ചേര്‍ന്ന് നിന്നവരായിരുന്നു. ഇക്കൂട്ടത്തില്‍ പ്രമുഖരായ ഇബ്‌നു സീനയും (അവിസന്ന), ഇബ്‌നു റുശ്ദും (അവിറോഷ്) എടുത്തുപറയപ്പെടെണ്ടവര്‍ തന്നെയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇബ്‌നു സീന പള്ളികളില്‍ പ്രാര്‍ഥനാ നിമഗ്‌നനാവാറുണ്ടായിരുന്നെന്നും, ഇബ്‌നു റുശ്ദ് കൊറൊഡോബയിലെ ചീഫ് ഖാസി ആയിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇസ്‌ലാമിക നിയമ പാലനത്തിന്റെ മൂര്‍ത്തരൂപമായിരുന്ന ഇദ്ദേഹം തന്നെ, പില്‍കാലത്ത് യൂറോപ്യന്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ യുക്തിവാദിയായി ചിത്രീകരിക്കപ്പെട്ടത് വിരോധാഭാസമായിരിക്കാം.
ഇസ്‌ലാമിക് ഫിലോസഫിയുടെ കാഴ്ച്ചപ്പാടില്‍ ഖുര്‍ആനിന്റെ ആത്യന്തിക സാന്നിധ്യവും, വഹ്‌യിന്റെ ആവിര്‍ഭാവവുമെല്ലാം പ്രപഞ്ചത്തെയാകെ മൗലികമായി പ്രവാചക തത്ത്വശാസ്ത്രത്തിലേക്ക് പരിവര്‍ത്തിച്ചെടുക്കാനായിരുന്നു. ഖുര്‍ആന്‍ എന്ന മൗലിക യാഥാര്‍ഥ്യവും, ആ യാഥാര്‍ഥ്യം മനുഷ്യകുലത്തിനു പ്രാപ്യമാക്കി നല്‍കിയ വഹ്‌യും, വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സായി പരിഗണിച്ചു വേണം ഇസ്‌ലാമിക തത്വശാസ്ത്രം പഠിച്ചു തുടങ്ങാന്‍. എങ്ങനെയാണ് ഒരു സാധാരണ മനുഷ്യന്റെ ധിഷണാപരിസരങ്ങളില്‍ അമാനുഷിക ജ്ഞാനങ്ങള്‍ ഇടം കണ്ടെത്തിയത്..? വെളിപാടിന്റെ ദിവ്യപ്രകാശത്താല്‍ ഒരു ഹൃദയമെങ്ങനെയാണ് ദീപ്തമാകുന്നത്..? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍, വഹ്‌യാണ് ആത്യന്തിക വിജ്ഞാനത്തിന്റെ സ്രോതസെന്നു തെളിയിച്ച പൂര്‍വികരായ മുസ്‌ലിം തത്വജ്ഞാനികളുടെ ഗ്രന്ഥങ്ങളിലേക്ക് തിരിച്ചു നടക്കേണ്ടിവരും.
ഇവിടെ ആദ്യമായി നാം തിരുത്തേണ്ടിയിരിക്കുന്നത്, ഇസ്‌ലാമിക തത്ത്വശാസ്ത്ര പണ്ഡിതര്‍ പുലര്‍ത്തിപ്പോന്നത് അരിസ്‌ടോട്ടില്‍ വിഭാവനം ചെയ്ത സൈദ്ധാന്തിക ധിഷണയാണെന്ന(അല്‍ അഖ്‌ല് അല്‍ നോരി) മിഥ്യാധാരണയാണ്.ഇസ്‌ലാമീകരിക്കപ്പെട്ട ധിഷണാപരിജ്ഞാനം സുതരാം വ്യക്തമാവണമെങ്കില്‍ മുല്ല സദ്രയെ പോലുള്ള പണ്ഡിതര്‍ കുലൈനിയുടെ ശിയീ ഹദീസുകളുടെ സമാഹാരമായ ഉസൂല്‍ അല്‍ കാഫിക്ക് നല്‍കിയ വ്യാഖ്യാനങ്ങള്‍ പഠിക്കുന്നത് നന്നാകും.
ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു പ്രധാനമായും രണ്ടു തരം അര്‍ഥങ്ങളാണുള്ളത്. ബാഹ്യാര്‍ഥവും( സാഹിര്‍), ആന്തരികാര്‍ഥവും(ബാതിന്‍) ആണവ. ആന്തരികാര്‍ത്ഥങ്ങള്‍ ഗ്രഹിക്കാന്‍ നമുക്ക് പലപ്പോഴും ഹദീസുകള്‍ ആശ്രയിക്കേണ്ടി വരും.ഇതില്‍, ഇസ്‌ലാമിക തത്ത്വശാസ്ത്രീ ഏറിയും ബന്ധപ്പെട്ടു കിടക്കുന്നത് ഖുര്‍ആന്റെ ആന്തരികാര്‍ഥങ്ങളുമായാണ്.
അതേ സമയം ഇസ്‌ലാമിന്റെ ബാഹ്യ ഘടനയായ ശരീഅത്തുമായും ആന്തരിക സത്തയായ ഹഖീഖതുമായും ഇസ്‌ലാമിക തത്വശാസ്ത്രത്തിനു തുല്യമായ ബന്ധമാണുള്ളത്. ശരീഅത്തിന്റെ വക്താക്കളായ ചില മുന്‍കാല പണ്ഡിതര്‍ ഫിലോസഫിയെ വിമര്‍ശികുന്നുണ്ടെങ്കിലും, ഇബ്‌നു രുശ്ദും, മീര്‍ ദാമാദും, ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയും പോലെയുള്ള അഗ്രേസരരായ ശരീഅ പണ്ഡിതര്‍ തന്നെയാണ് ഇസ്‌ലാമിക തത്ത്വശാസ്ത്ര സംഹിതകള്‍ക്ക് അസ്ഥിവാരമിട്ടത്.
ഹഖീഖത് എന്നാല്‍ സത്യം, യാഥാര്‍ഥ്യം എന്നിങ്ങനെയാണര്‍ഥം. പരമ സത്യമായ ഏക ദൈവത്തില്‍ തന്നെയാണ് ഓരോ ഇസ്‌ലാമിക് ഫിലോസഫിയുടെ വഴികളും ചെന്നവസാനിക്കുന്നത്. ഈ ദൈവിക സത്യം കുടികൊള്ളുന്നത് ഖുര്‍ആനിന്റെ അന്തരാര്‍ഥങ്ങളിലാണ്. അത് കൊണ്ടാണ് മിക്ക മുസ്‌ലിം തത്വജ്ഞാനികളും ഫല്‌സഫയും, ഹിക്മതും ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുന്നത്.
നാസിര്‍ ഖുസ്രോ (5/11നൂറ്റാണ്ട്), മുല്ല സദ്ര(10/16നൂറ്റാണ്ട്) എന്നിവര്‍ ഖുര്‍ആനിന്റെ ഹൃദയാന്തരങ്ങളിലുള്ള ആത്മീയതയെ വ്യഖ്യാനിച്ചാണ് ഫിലോസഫി വിശദീകരിക്കുന്നതെങ്കില്‍, പേര്‍ഷ്യന്‍ ഫിലോസഫര്‍ ജാഫര്‍ കാഷിഫി(13/19 നൂറ്റാണ്ട്) ഒരു പടി കൂടി മുന്നോട്ട് കടന്ന് ഖുര്‍ആന്‍ വിവിധ തത്ത്വശാസ്ത്ര ചിന്താധാരകള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്.
മുസ്‌ലിം തത്വശാസ്ത്രത്തിന്റെ ചരിത്രം ചെന്നെത്തുന്നത് തത്വജ്ഞാനികളുടെ പിതാവായ പ്രവാചന്‍ ഇദ്രീസി(അ)ലേക്കാണ്.അതിനാല്‍ തന്നെ മുസ്‌ലിം തത്വജ്ഞാനത്തില്‍ പ്രവാചകത്വത്തിനു വലിയ പങ്കുണ്ട്. പ്രവാചകത്വത്തിന്റെ വിളക്കുമാടങ്ങളില്‍ നിന്നാണ് തത്വജ്ഞാനം ഉറവിടുന്നത് എന്ന അറേബ്യന്‍ പഴമൊഴി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ഖുര്‍ആനിലെ മുപ്പത്തി ഒന്നാം അദ്ധ്യായമായ സൂറത്ത് ലുഖ്മാന്‍ ഇസ്‌ലാമിലെ തത്ത്വശാസ്ത്രത്തിന്റെ പ്രാധാന്യം വിളിചോതുന്നുണ്ട് എന്നാണ് പണ്ഡിത മതം. ‘-‘അലിഫ്, ലാം, മീം. തത്വസമ്പൂര്‍ണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ” എന്ന സൂക്തവുമായി ആരംഭിക്കുന്ന ഈ സൂറത്ത് പന്ത്രണ്ടാം സൂക്തത്തില്‍ എത്തി നില്‍കുമ്പോള്‍ പറയുന്നത് കാണുക. ‘ലുഖ്മാന് നാം തത്ത്വജ്ഞാനം നല്‍കുകയുണ്ടായി. നീ അല്ലാഹുവിനോട് നന്ദി കാണിക്കുക.ആര് നന്ദി കാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദി കാണിക്കുന്നത്.വല്ലവനും നന്ദികേടു കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അള്ളാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.(എന്ന് അദ്ദേഹത്തോടു നാം അനുശാസിച്ചു).
ഇവിടെ, തത്വജ്ഞാനം അല്ലാഹു തന്റെ വലിയ ഒരനുഗ്രഹമായി കണക്കാക്കുകയും അതിനു നന്ദിചെയ്യാന്‍ കല്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു അടിവരയിടുന്നതാണ് സൂറത്തുല്‍ ബഖറയിലെ 269ാമത്തെ സൂക്തം. താനുദേശിക്കുന്നവര്‍ക്ക് അള്ളാഹു യഥാര്‍ഥ ജ്ഞാനം നല്‍കുന്നു.ഏതൊരുവനു യഥാര്‍ത്ഥ ജ്ഞാനം നല്‍കപ്പെടുന്നുവോ, അവനു അതുവഴി അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്.
അള്ളാഹു ലുഖ്മാനുല്‍ ഹകീമിനോട് പ്രവാചകത്വമാണോ തത്വജ്ഞാനമാണോവേണ്ടെതെന്ന് ചോദിക്കുകയും, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരംനല്‍കുകയും ചെയ്തു എന്ന് ഒരു ഹദീസ് വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ അദ്ദേഹം തത്വജ്ഞാനം തിരഞ്ഞെടുക്കുകയായിരുന്നു.
സൂറത്ത് ആലു ഇമ്രാനില്‍ 48, 81, സൂക്തങ്ങളിലെന്ന പോലെ കിതാബ്(ഖുര്‍ആന്‍), ഹിക്മത്ത്(തത്വജ്ഞാനം) എന്നീ വാക്കുകള്‍ അടുത്തടുത്തായി ഖുര്‍ആനില്‍ പലതവണ വന്നിട്ടുണ്ട്. ഈ പദ പ്രയോഗങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് ഖുര്‍ആന്‍ തന്നെയാണ് ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന്റെ ഉറവിടമെന്ന സത്യത്തിലേക്കാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മികച്ച തത്ത്വശാസ്ത്രാധിഷഠിതമായ ഖുര്‍ആന്‍ വ്യഖ്യാനം മുല്ല സദ്‌റയുടെ അസ്‌റാറുല്‍ ആയത് വ മഫാതീഹുല്‍ ഗൈബ് തന്നെയാണ്. എന്നാല്‍ പാശ്ചാത്യ തത്ത്വശാസ്ത്ര പരിസരങ്ങളില്‍ ഈ ഗ്രന്ഥം തീരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് തന്നെ പറയാം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പേര്‍ഷ്യയിലെ ഖോമില്‍ ഇസ്‌ലാമിക് ഫിലോസഫിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച അല്ലാമാ ത്വബതാബിയുടെ അല്‍ മിസ്ദന്‍ ആണ് ഇവ്വിഷയത്തില്‍ വിരചിതമായ സമഗ്ര ഗ്രന്ഥം. ഈ നൂറ്റാണ്ടിന്റെ തന്നെ തത്ത്വശാസ്ത്ര പണ്ഡിതനായ അദ്ധേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഈയിടെയായി തത്ത്വശാസ്ത്ര മേഖലയില്‍ ചര്‍ച്ചാവിധേയമായി തീര്‍ന്നിട്ടുണ്ട്.


Also Read: എ.സി ബ്രൌണ്‍ ഹദീസുകളെ വായിക്കുന്നത് ഇങ്ങനെയാണ്


ഇസ്‌ലാമിക് ഫിലോസഫിയുടെ ചരിത്രത്തിലുടനീളം വിശിഷ്യാ, ഫിലോസഫി ഒരു തിയോസഫി(ബ്രഹ്മശാസ്ത്രം) ആയി മാറിയ ശേഷം ചില പ്രത്യേക ഖുര്‍ആനികാധ്യാപാനങ്ങള്‍ ഏറെ പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ദൈവ സങ്കല്‍പ്പത്തിലെ മൗലിക തത്വമായ തൗഹീദാണ്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഏക ദൈവ വിശ്വാസ സങ്കല്‍പങ്ങളും, ഗ്രീക്ക് ഫിലോസഫിയിലെ ഏകതാസങ്കല്പങ്ങളും തമ്മിലുള്ള അന്തരമായിരുന്നു ഇവിടെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. അല്‍ കിന്‍ദിയും, മുല്ല അലി സുനൂസിയും, ഹോള്‍ മുല്ല ഹാദി സാബ്‌സിവാരിയുമെല്ലാം ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന തൗഹീദ് പ്രമാണമാക്കി രചിച്ച ഗ്രന്ഥങ്ങളായിരുന്നു ഇവിടെ ഇസ്‌ലാമിക് ഫിലോസഫിയെ പ്രതിരോധിച്ചു നിര്‍ത്തിയത്.
ഐഹിക കാര്യങ്ങളിലെ ദൈവത്തിന്റെ ജ്ഞാനപരിധി ആയിരുന്നു നിരീശ്വരവാദികളും മുസ്‌ലിം തത്വജ്ഞാനികളും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്ന മറ്റൊരു വിഷയം. അല്‍ഫാറാബി, ഇബ്‌നുസീന, സുഹ്രവര്‍ദി, ഇബ്‌നുറുശ്ദ്, മുല്ല സദ്‌റ പോലെയുള്ള മുസ്‌ലിം തത്വശാസ്ത്ര പണ്ഡിതര്‍ ഇവ്വിഷയത്തില്‍ നിര്‍മത വാദികളുമായി ഏറെ സംവാദങ്ങളിലേര്‍പ്പെട്ടതാണ്. ഇതിനു പുറമേ വഹയ്, പ്രപഞ്ച ഘടനാശാസ്ത്രം, യുഗാന്ത ശാസ്ത്രം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, തുടങ്ങിയ വിഷയങ്ങളിലും ഇസ്‌ലാമിക തത്ത്വശാസ്ത്രം ഇതര തത്ത്വശാസ്ത്രങ്ങളില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്നുണ്ട്.
ഈ മാറ്റങ്ങള്‍ക്കെല്ലാം ഹേതുവായി വര്‍ത്തിക്കുന്ന ഘടകം ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന്റെ വേരുകളായ ഖുര്‍ആനും ഹദീസുമാണെന്ന് സംശയലേശമന്യേ നമുക്ക് പറയാനാകും.

Notes;
The writings of H. Corbin
M. Abdul Haq, ‘Ibn Sima’s Interpretation of the Qur’an’, The Islamic Quarterly, 32(1) (1988)
I. Netton, Allah Transcendent (London, 1989)
E. Gilson, Avicenne et le point de depart de Duns Scot, Etxrait des archives d’histoire dotcrinale et litteraire du Moyen Age (Paris, 1927); and A. M. Goichon, ‘L’Unite de la pensEe avicennienne’, Archives Internationale dHsstoire des Sciences, 20-1 (1952): 290ff.
Nsar, An Itnroduction to Islamic Cosmological Dotcrines,

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter