സത്യം പറയുക
ഇബ്‌നു മസ്ഊദ് (റ) വില്‍ നിന്നു നിവേദനം: റസൂല്‍ (സ) പറഞ്ഞു: ''നിങ്ങള്‍ സത്യസന്ധതയെ നിര്‍ബന്ധമാക്കുക. നിശ്ചയം, സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. ഒരു വ്യക്തി സത്യം പറഞ്ഞുകൊണ്ടിരിക്കുകയും സത്യസന്ധത പതിവാക്കുകയും ചെയ്യും. അങ്ങനെ അവന്‍ അല്ലാഹുവിന്റെ അടുത്ത് സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. അതുപോലെ നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. നിശ്ചയം, കളവ് തിന്മയിലേക്കും തിന്മ നരകത്തിലേക്കും നയിക്കുന്നു. ഒരു വ്യക്തി കള്ളം പറഞ്ഞുകൊണ്ടിരിക്കുകയും കളവ് പതിവാക്കുകയും ചെയ്യും. അങ്ങനെ അവന്‍ അല്ലാഹുവിന്റെയടുത്ത് നുണയനായി രേഖപ്പെടുത്തപ്പെടും''. (ബുഖാരി - മുസ്‌ലിം).
നാവ് സര്‍വ തിന്മകളുടെയും താക്കോലാണ്. അവയവങ്ങളില്‍ ഏറ്റവും പേടിക്കേണ്ട അവയവവും നാവ് തന്നെ. അതുകൊണ്ട് കൈപ്പും മധുരവും ഒരുപോലെ രുചിച്ചറിയാനാവുന്നതുപോലെ അതില്‍ നിന്നും തിന്മയും നന്മയും ഒരുപോലെ നിര്‍ഗളിക്കുകയും ചെയ്യുന്നു. നന്മയുടെ ഭാഗധേയത്തെ സത്യസന്ധതയും സ്തുതി വാക്കുകളും ഉപദേശങ്ങളും അതിയായ സത്കര്‍മങ്ങളും പ്രതിനിധാനം ചെയ്യുമ്പോള്‍, കളവും ചീത്തവിളികളും ഏഷണി, പരദൂഷണങ്ങളും മറ്റു ദുഷ് ചെയ്തികളും അതിലെ തിന്മയുടെ ഭാഗധേയത്തെ പ്രതിനിധീകരിക്കുന്നു. ഇതിലേക്ക് തെരഞ്ഞെടുക്കാനും മനുഷ്യന് ദൈവദത്തമായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ, ഇരുഭാഗങ്ങളും പരസ്പര വിരുദ്ധങ്ങളായ ഫലങ്ങളാണുളവാക്കുകയെന്നുമാത്രം.
കുട്ടിക്കാലം തൊട്ടേ സത്യസന്ധനായിരുന്ന പ്രവാചകന്റെ അനുയായികളെന്ന നിലക്ക് ഒരു മുസ്‌ലിം തെരഞ്ഞെടുക്കേണ്ടത് ഗുണവശമായ സത്യസന്ധതയായിരിക്കണം. 'ഫലമെത്ര കൈപ്പേറിയതാണെങ്കിലും നീ സത്യം പറയുക' എന്ന് പഠിപ്പിച്ച പ്രവാചകന്‍ ഒരു വ്യക്തിക്കുണ്ടായിരിക്കേണ്ട അതിപ്രധാന ഗുണമാണ് സത്യസന്ധതയെന്ന് മാനവികതയെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. മഹാനായ അബൂസുഫ്‌യാന്‍ (റ) തന്റെ ഹിര്‍ഖല്‍ ചക്രവര്‍ത്തിയുമൊത്തുള്ള കൂടിക്കാഴ്ചയെ പ്രതിപാദിക്കുന്ന വിശാലമായ ഹദീസിലൂടെ വിവരിക്കുന്നു. റസൂലിനെ പരാമര്‍ശിച്ചുകൊണ്ട് ഹിര്‍ഖല്‍ എന്നോട് ചോദിച്ചു: ''എന്താണദ്ദേഹം നിങ്ങളോട് കല്‍പ്പിക്കുന്നത്?'' അബൂസുഫ്‌യാന്‍ പ്രതികരിച്ചു: അദ്ദേഹം പറയുന്നത്, നിങ്ങള്‍ അല്ലാഹുവിനെ മാത്രമാരാധിക്കണമെന്നും അവന് ഒന്നിനേയും പങ്കുചേര്‍ക്കരുതെന്നും നിങ്ങളുടെ പിതാക്കള്‍ പറഞ്ഞുവരുന്നവയെ വെടിയണമെന്നുമെല്ലാമാണ്. മാത്രമല്ല, നിസ്‌കാരം, സത്യസന്ധത, ദാനധര്‍മങ്ങള്‍, ചാരിത്ര്യം സൂക്ഷിക്കല്‍, കുടുംബബന്ധം ചേര്‍ക്കല്‍ തുടങ്ങിയവ പതിവാക്കാന്‍ അദ്ദേഹം ഞങ്ങളോട് കല്‍പ്പിക്കാറുമുണ്ട്''. ഈ സംഭവത്തിന്റെ പശ്ചാത്തലം കൂടി അറിയുമ്പോള്‍ ശത്രുക്കള്‍ പോലും റസൂലിന്റെ സത്യസന്ധതയെ വാനോളം പുകഴ്ത്തിയിരുന്നെന്ന് മനസിലാക്കാന്‍ സാധിക്കുന്നു. അബൂസുഫ്‌യാന്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിനുമുമ്പാണ് പ്രസ്തുത കൂടിക്കാഴ്ച അരങ്ങേറുന്നത് എന്നതാണ് ആശ്ചര്യജനകമായ വസ്തുത.
സത്യസന്ധത ഇതര സല്‍കര്‍മങ്ങള്‍ക്കുകൂടി വഴിവെക്കുന്നുവെന്നതാണ് വാസ്തവം. അതുപോലെ ദുഷ്‌ചെയ്തികളില്‍ നിന്നത് മനുഷ്യനെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ പ്രവാചക സന്നിധിയില്‍ വന്നുകൊണ്ട് തനിക്ക് മദ്യപിക്കാന്‍ ആഹ്രഹം ജനിക്കാറുണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ അവിടുന്നു പ്രതിവിധി നിര്‍ദ്ദേശിച്ചത് നീ കളവ് പറയരുതെന്നായിരുന്നു. അങ്ങനെ അടുത്ത നാളുകളില്‍ ഓരോ രാത്രിയും മദ്യപിക്കണമെന്ന ആഗ്രഹവുമായി വീടു വിട്ടിറങ്ങുമ്പോഴും തന്റെ പ്രവാചകന്‍, താന്‍ ഇന്നലെ രാത്രി എന്തു ചെയ്തുവെന്ന് ചോദിക്കുമ്പോള്‍ കളവ് പറയേണ്ടിവരുമല്ലോ എന്ന ചിന്തയോടെ അയാള്‍ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറി വീട്ടിലേക്കു തിരിക്കുമായിരുന്നു. അങ്ങനെ സത്യസന്ധത പാലിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഒരു വലിയ തെറ്റില്‍നിന്നും അദ്ദേഹത്തെ മുക്തനാക്കിയെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
ഇന്നത്തെ സ്ഥിതി മറിച്ചാണ്. എങ്ങുനോക്കിയാലും എല്ലാം കളവും പൊളിവചനങ്ങളും മാത്രം. കോടതികള്‍ കള്ളസാക്ഷ്യത്തിന്റെയും വ്യാജമൊഴികളുടെയും കൂത്തരങ്ങായി മാറുമ്പോള്‍, നീതി പലപ്പോഴും പുറമ്പോക്കിലേക്കു വലിച്ചെറിയപ്പെടുന്നു. മര്‍ദകന്‍ മര്‍ദിതനായും മര്‍ദിതന്‍ മര്‍ദകനായും വിധിയെഴുതപ്പെടുന്നു. കളവിന്റെ വാതില്‍ പഴുതിലൂടെ അക്രമി ശിക്ഷകളില്‍ നിന്നും രക്ഷ നേടുന്നു. ചൂഷകരുടെ വഞ്ചനയിലകപ്പെട്ടു ചൂഷിതന്റെ മുതുകില്‍ ചാട്ടവാറുകള്‍ ഉയര്‍ന്നുതാഴുന്നു. ഇവിടെ മാതൃകയാവേണ്ടത് മാഇസുബ്‌നു മാലിഖിനെ പോലുള്ള സച്ചരിതരായ സഹാബി വര്യന്മാരാണ്. പ്രവാചകന്റെ സമീപത്തു വന്ന് താന്‍ വ്യഭിചരിച്ചുവെന്ന കുറ്റം സത്യസന്ധമായി ഏറ്റുപറഞ്ഞ മാഇസ് (റ)വിനെ അതിനു പ്രേരിപ്പിച്ചത് പ്രവാചകന്റെ കുറ്റമറ്റ ശിക്ഷണം മൂലം ലഭ്യമായ ഈമാനികാവേശമായിരിക്കണം. വേശ്യാവൃത്തിയിലൂടെ ഗര്‍ഭംധരിച്ച് പ്രസവിച്ച കൈകുഞ്ഞുമായി വന്ന് തന്റെ മേല്‍ ഇസ്‌ലാമിക ശിക്ഷാവിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ട വീരാംഗനകളും നമുക്കു മുമ്പിലുണ്ട്. കളവുപറയരുതെന്ന ഉമ്മയുടെ ആജ്ഞ അനുസരിച്ചുകൊണ്ട്, തന്റെ മുമ്പിലേക്കു ചാടിവീണ കൊള്ളക്കാരന് കൈവശമുള്ള പൊന്ന് ഒരു മടിയുമില്ലാതെ എടുത്തുകൊടുത്ത മഹാനായ ശൈഖ് ജീലാനി (റ)വിനെ ഇതിനു പ്രേരിപ്പിച്ചതും മറ്റൊന്നായിരുന്നില്ല.
'വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരുടെകൂടെ നിലകൊള്ളുകയും ചെയ്യുക'യെന്ന് സ്രഷ്ടാവായ അല്ലാഹുവും വിശുദ്ധഖുര്‍ആനിലൂടെ സൃഷ്ടികളോട് നിര്‍ദ്ദേശിക്കുന്നു. കാര്യലാഭത്തിനും കേവലമായ ഭൗതികനേട്ടങ്ങള്‍ക്കും വേണ്ടി കള്ളത്തരങ്ങള്‍ ഇടമുറിയാതെ പുലമ്പിക്കൊണ്ടിരിക്കുന്ന പുതിയ സമൂഹം ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വിപത്കരങ്ങളായിരിക്കുമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു രാഷ്ട്രത്തെ തന്നെ ചുടലക്കളമാക്കി മാറ്റാന്‍ ഒരു നുണപ്രചാരണത്തിലൂടെ സാധ്യമാകുമെന്ന് നാമേവരും ഇറാഖ് അധിനിവേശത്തിലൂടെ കണ്ടുകഴിഞ്ഞതാണ്. സമൂഹങ്ങള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്കിടയിലും അന്തഃഛിദ്രങ്ങളും ഭിന്നിപ്പുകളും തമ്മിലടികളും സൃഷ്ടിക്കാന്‍ മാത്രമുതകുന്ന ആ ദുസ്വഭാവത്തെ ഓരോരുത്തരും കരുതിയിരിക്കുന്നത് നന്നായിരിക്കും. നാമറിയുക, സത്യത്തിന്റെ വഴി വിജയമാണ്. സത്യമുള്ളിടത്തേ വിജയമുണ്ടാകൂ. കളവിന്റെ പ്രയോക്താക്കള്‍ ചിലപ്പോള്‍ ഇന്ന് രക്ഷനേടിയെന്നുവരും. പക്ഷേ, ആ രക്ഷ ശാശ്വതമായിരിക്കില്ല. എന്നെങ്കിലുമവര്‍ പിടിക്കപ്പെടും, തീര്‍ച്ച.
(സുന്നിഅഫ്കാര്‍ വാരിക, 2005, ഫെബ്രുവരി: 9, സുന്നിമഹല്‍, മലപ്പുറം)
Leave A Comment