പ്രവാചകന്‍ എന്തുകൊണ്ട് സ്‌നേഹിക്കപ്പെടണം?

ഹസന്‍ (റ) ഹിന്ദ് ബിന്‍ അബീ ഹാലയോട് പറഞ്ഞു: ഇനി പ്രവാചകരുടെ സംസാരത്തെയും സ്വഭാവത്തെയും കുറിച്ച് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ സദാ ചിന്താമഗ്നനായിരുന്നു. പള്ളിയിലും മറ്റും ആകുമ്പോള്‍ അല്ലാഹുവില്‍ ലയിച്ചിരിക്കുന്നതിനാല്‍ ചിന്തയുടെ അംശങ്ങള്‍ ആ മുഖത്ത് പ്രകടമായിരുന്നു. ദു:ഖവും മാനസിക സംഘര്‍ഷവും ആ മുഖത്തെ മ്ലാനമാക്കിയിരുന്നുവെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. പക്ഷെ, പ്രവാചകരെ കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം എന്തോ ഗൗരവമായ ചിന്തയിലാണെന്നാണ് അനുഭവപ്പെട്ടിരുന്നത്. 

പ്രവാചകന്‍ സദാ സന്തുഷ്ടനായിട്ടാണ് കാണപ്പെട്ടിരുന്നതെന്നും ചില ഹദീസുകളില്‍ കാണാം. പണ്ഡിതന്മാര്‍ ഈ രണ്ടു റിപ്പോര്‍ട്ടുകളെയും സമന്വയിപ്പിച്ച് ഒരു അഭിപ്രായത്തിലെത്തുന്നുണ്ട്. അവര്‍ പറയുന്നു: തന്റെ രക്ഷിതാവുമായി സഹവാസത്തിലിരിക്കുന്ന നേരങ്ങളില്‍ പ്രവാചകന്‍ ചിന്താമഗ്നനും തന്റെ അനുയായികളുമായി സഹവാസത്തിലിരിക്കുന്ന നേരങ്ങളില്‍ ഏറെ സന്തുഷ്ടനുമായിട്ടാണ് കാണപ്പെട്ടിരുന്നത്. ജനങ്ങള്‍ക്കു മുമ്പില്‍ ആ മുഖം എപ്പോഴും പുഞ്ചിരിക്കുന്നതായിരുന്നു. തന്നെ നോക്കുന്നവര്‍ക്കുപോലും അത് ആശ്വാസവും ആനന്ദവും നല്‍കുമായിരുന്നു. ഒരിക്കലും ഒരാളെയും മാനസികമായി തളര്‍ത്തിയിരുന്നില്ല. അവര്‍ ചിരിക്കുന്ന സ്ഥലങ്ങളില്‍ അവരോടൊപ്പം ചിരിക്കാനും പ്രവാചകന്‍ മടിച്ചില്ല. 

പ്രവാചകന്‍ പലപ്പോഴും തമാശ പറയുമായിരുന്നു. ആഇശ (റ) പറയുന്നു: തിരുമേനി ഇടക്കിടെ വീട്ടില്‍നിന്നും ഞങ്ങളുമായി തമാശ പറയും. പക്ഷെ, അതൊരിക്കലും കളവ് കലര്‍ന്ന തമാശയായിരുന്നില്ല. പ്രവാചകന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി: 'ഞാന്‍ തമാശ പറയാറുണ്ട്. പക്ഷെ, അതിലൊരിക്കലും കളവ് സംഭവിക്കാറില്ല. ഞാന്‍ സത്യം മാത്രമാണ് പറയുന്നത്.' 

ഒരിക്കല്‍ ഒരാള്‍ പ്രവാചക സവിധത്തില്‍ വന്ന് പറഞ്ഞു: പ്രവാചകരേ, എനിക്കൊരു ഒട്ടകം വേണം. പ്രവാചകന്‍ പറഞ്ഞു: ഞാന്‍ താങ്കള്‍ക്കൊരു ഒട്ടകക്കുട്ടിയെ തരാം. അയാള്‍ പ്രതികരിച്ചു: ഒരു ഒട്ടകക്കുട്ടിയെ കിട്ടിയിട്ട് എന്തു ഉപകാരമാണുള്ളത്! എനിക്കു വേണ്ടത് കുട്ടിയല്ല, ഒട്ടകമാണ്. പ്രവാചകന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഏതൊരു ഒട്ടകവും മറ്റൊരു ഒട്ടകത്തിന്റെ കുട്ടി തന്നെയല്ലേ?!

മറ്റൊരിക്കല്‍ ഒരു വയോവൃദ്ധ നബിയുടെ അടുത്തു വന്ന് ചോദിച്ചു: പ്രവാചകരേ, ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ? പ്രവാചകന്‍ പറഞ്ഞു: വൃദ്ധകള്‍ സ്വര്‍ഗത്തില്‍ കടക്കില്ല. സഹോദരി ആകെ പരവശയായി. ഇതുകണ്ട പ്രവാചകന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'യുവത്വത്തിന്റെ പ്രസരിപ്പോടെയായിരിക്കും താങ്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. വൃദ്ധന്മാരായിട്ട് ആരും സ്വര്‍ഗത്തില്‍ കടക്കുന്നതല്ല.' അപ്പോഴാണ് അവര്‍ക്ക് സമാധാനമായത്.

ഒരാള്‍ പ്രവാചകരുടെ അടുത്തുവന്ന് പറഞ്ഞു: ഈ റമദാന്‍ മാസം ഞാന്‍ എന്റെ ഭാര്യയോടൊപ്പം ഉറങ്ങി. ഇനി, ഞാനത് ഒരിക്കലും ചെയ്യില്ലെന്ന് സത്യം ചെയ്തിരിക്കുന്നു. പ്രവാചകന്‍ ചോദിച്ചു: എന്തുകൊണ്ടാണ് താങ്കള്‍ അത് ചെയ്തത്? അയാള്‍ പറഞ്ഞു: ചാന്ദ്രിക രാത്രിയില്‍ ഭാര്യയെ കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. പ്രവാചകന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'എന്നാല്‍, വേഗം പോയി പ്രായശ്ചിത്തം കൂടി ചെയ്‌തോളൂ.'

ഇതായിരുന്നു പ്രവാചകരുടെ പ്രകൃതം. തെറ്റ് ചെയ്തുകൊണ്ടാണ് ഒരാള്‍ വരുന്നത് എങ്കില്‍ പോലും ചിന്തിപ്പിച്ചും ചിരിപ്പിച്ചും പ്രവാചകന്‍ അവര്‍ക്ക് മറുപടി കൊടുത്തു. ഇവിടെ അയാളിലെ മാനുഷിക ചാപല്യങ്ങളെ തിരിച്ചറിഞ്ഞ പ്രവാചകന്‍ അയാളെ താന്‍ ചെയ്തത് തെറ്റാണെന്ന് ചിരിച്ചുകൊണ്ട് ഉണര്‍ത്തുകയായിരുന്നു. ചെയ്ത കാര്യത്തിന്റെ ഗൗരവം കാട്ടി അയാളെ ഭീതിപ്പെടുത്തുന്നതിനു പകരം മനുഷ്യന്‍ സ്വാഭാവികമായും അങ്ങനെയെല്ലാം ചെയ്തുപോകുമെന്നും എന്നാല്‍ അതിന് പരിഹാര വഴിയുണ്ടെന്നും കാണിച്ചുകൊടുക്കുകയായിരുന്നു. അല്ലാഹുവിന്റെ കരുണയുടെ വാതിലുകള്‍ ആര്‍ക്കു മുമ്പിലും കൊട്ടിയടക്കപ്പെടുകയില്ല എന്നൊരു ധൈര്യം അയാളുടെ മനസ്സില്‍ ഇട്ട് കൊടുക്കുകയായിരുന്നു പ്രവാചകന്‍. ഇനി താങ്കള്‍ക്ക് അല്ലാഹുവിന്റെ അടുത്ത് മാപ്പില്ല എന്നു പറയുന്ന പക്ഷം, അയാളെ നരകത്തിലേക്കാണ് ആ പ്രസ്താവന കൊണ്ടെത്തിക്കുകയെന്നും ഹദീസില്‍ കാണാം. മന:ശാസ്ത്രപരമായ സമീപനങ്ങളാണ് ഇവിടെ പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. കാരണം, ജനങ്ങളുടെ ചെയ്തികളുടെ ഭാവി ഫലം എന്തായിരിക്കുമെന്ന് നമുക്ക് പറയുക സാധ്യമല്ല. അല്ലാഹുവിന്റെ കാരുണ്യം എങ്ങനെയാണ് കടന്നുവരികയെന്നും അവന്റെ ബറക എപ്പോഴാണ് വര്‍ഷിക്കുകയെന്നും നമുക്ക് അറിയില്ല. നാം ആരാണെന്ന് തന്നെ നമുക്ക് പറയാന്‍ കഴിയുമോ? ഇല്ല, ഒരിക്കലും കഴിയില്ല. നമുക്ക് സ്വന്തമായി യാതൊരുവിധ അറിവുമില്ല. ആയതിനാല്‍, എവിടെയും അല്ലാഹുവിനെക്കാള്‍ മുകളില്‍ നമ്മെ കയറ്റി വെക്കേണ്ട ആവശ്യമില്ല. ആര് എങ്ങോട്ടാണ് പോകുന്നതെന്ന് തീര്‍ത്തു പറയാന്‍ നമുക്ക് കഴിയില്ല. ആയതിനാല്‍, മറ്റുള്ളവരുടെ ഭാവി ഫലം എന്തായിരിക്കുമെന്ന് പറയാനുംം നമുക്കാവില്ല. സദാ അല്ലാഹുവിലുള്ള ശുഭ പ്രതീക്ഷമായിരിക്കണം നമ്മുടെ കരുത്ത്. 

* എപ്പോഴും പലതിനെയും കുറിച്ച ചിന്തകളിലായിരുന്നു പ്രവാചകന്‍. മറ്റുള്ളവരെപ്പോലെ എല്ലാറ്റില്‍നിന്നും മാറിനിന്ന് റസ്റ്റ് എടുത്തിരുന്നില്ല. സദാ തന്റെ ഉമ്മത്തിനെ കുറിച്ച ചിന്ത ആ മനസ്സില്‍ ഒരു പ്രധാന കാര്യമായി നിലനിന്നിരുന്നു. 

* അപ്രധാനമോ അനാവശ്യമോ ആയ യാതൊന്നുംതന്നെ സംസാരിച്ചിരുന്നില്ല പ്രവാചകന്‍. വെറുംവര്‍ത്തമാനങ്ങള്‍ക്കപ്പുറം മൗനമായിരുന്നു അവര്‍ക്ക് ഇഷ്ടം. തെറ്റിദ്ധാരണകളും ആശക്കുഴപ്പവും വരാത്തവിധം കൃത്യമായും വ്യക്തമായും ഉള്ളതായിരുന്നു പ്രവാചകരുടെ ഓരോ വാക്കുകളും. സമ്പന്നമായ അര്‍ത്ഥങ്ങളോടെയാണ് അവര്‍ സംസാരിച്ചിരുന്നത്. ആവശ്യങ്ങളില്‍ യാതൊരു കുറവും വരുത്തിയിരുന്നില്ല. അനാവശ്യമായി യാതൊന്നും കൂട്ടുകയും ചെയ്തിരുന്നില്ല. സംസാരിക്കുമ്പോള്‍ വലത്തെ പെരുവിരല്‍ ഇടത്തെ കൈയില്‍ സ്പര്‍ശിക്കുമായിരുന്നു. 

* സ്വഭാവത്തില്‍ വളരെ സൗമ്യനും മാന്യനുമായിരുന്നു തിരുമേനി. പരുക്കന്‍ ഭാവത്തില്‍ ഒരിക്കലും പെരുമാറിയിരുന്നില്ല. 'താങ്കള്‍ പരുക്കന്‍ സ്വഭാവക്കാരനായിരുന്നുവെങ്കില്‍ ആളുകള്‍ താങ്കളുടെ അടുത്തുനിന്നും ഓടിപ്പോകുമായിരുന്നു'വെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ തങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. 

* ദൈവികാനുഗ്രഹങ്ങളെ എപ്പോഴും മഹത്തരമായി കണ്ടിരുന്നു പ്രവാചകന്‍; അവ എത്ര ചെറുതാണെങ്കില്‍ പോലും.

* ഒരു വസ്തുവിനെയും മോഷമാക്കുകയോ അതില്‍ മോഷം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല; ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും. തനിക്ക് ഇഷ്ടപ്പെട്ടാല്‍ കഴിക്കും. അല്ലെങ്കില്‍ ഉപേക്ഷിക്കും. ഒരിക്കലും അതിനെ ചീത്ത പറഞ്ഞിരുന്നില്ല.

* മാനസികമായ വെഷമങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ സ്വന്തത്തെ നല്ലപോലെ നിയന്ത്രിക്കുമായിരുന്നു. അനിയന്ത്രിതമായി ഒരു പ്രശ്‌നങ്ങളിലേക്കും ചെന്നു പെട്ടിരുന്നില്ല.

* തനിക്കു നേരെയുള്ള ഒരു സംഭവങ്ങളിലും പ്രവാചകന്‍ മാനസികമായി തകര്‍ന്നിരുന്നില്ല. തനിക്കെതിരെ ചെയ്തവരോട് പ്രതികാരം ആവശ്യപ്പെട്ടിരുന്നുമില്ല.

* ആര്‍ക്കുനേരെയും പ്രവാചകന്‍ വിരല്‍ ചൂണ്ടി സംസാരിച്ചിരുന്നില്ല. ആവശ്യമാകുമ്പോള്‍ കൈ മൊത്തമായാണ് ചൂണ്ടിയിരുന്നത്.

* ഇടക്കിടെ സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു.

പുഞ്ചിരിയായിരുന്നു അധികവും പ്രവാചകരുടെ രീതി. ജനങ്ങള്‍ ചിരിക്കുന്നപോലെ അവര്‍ ചിരിച്ചിരുന്നില്ല. ചിരിക്കുമ്പോള്‍ ആലിപ്പഴം പോലെ ആ പല്ലറ്റങ്ങള്‍ കാണുമായിരുന്നു.

ഹസന്‍ (റ) പറയുന്നു, ഞാനിത് ഹുസൈനോട് പറഞ്ഞിരുന്നില്ല. പിന്നീട് ഞാനത് സൂചിപ്പിച്ചു. പക്ഷെ, എന്നെക്കാള്‍ മുമ്പുതന്നെ അദ്ദേഹമത് ശ്രദ്ധിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി. പ്രവാചകന്‍ എങ്ങനെയാണ് വീട്ടില്‍ വന്നിരുന്നതെന്നും എങ്ങനെയാണ് പുറത്ത് പോയിരുന്നതെന്നും മജ്‌ലിസുകളില്‍ (യോഗങ്ങളില്‍) എങ്ങനെയായിരുന്നുവെന്നും അദ്ദേഹം നേരത്തെത്തന്നെ ഞങ്ങളുടെ പിതാവ് അലി (റ) വിനോട് ചോദിച്ച് മനസ്സിലാക്കിയിരുന്നു. ഒരു കാര്യവും അദ്ദേഹം ചോദിക്കാതെ വിട്ടിരുന്നില്ല. ഹുസൈന്‍ (റ) പറയുന്നു: പ്രവാചകന്‍ വീട്ടില്‍ വരുമ്പോള്‍ എങ്ങനെയായിരുന്നുവെന്ന് ഞാന്‍ പിതാവിനോട് ചോദിച്ചു. 

എവിടെ പ്രവേശിക്കുമ്പോഴും സമ്മതത്തോടെ മാത്രമേ പ്രവാചകന്‍ പ്രവേശിച്ചിരുന്നുള്ളൂ. അല്ലാഹുവിന്റെ ഭാഗവും കുടുംബത്തിന്റെ ഭാഗവും സ്വന്തം ശരീരത്തിന്റെ ഭാഗവും അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ കാര്യവും പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവരുടെ താല്‍പര്യങ്ങള്‍ മുഖവിലക്കെടുത്തു. സ്വന്തത്തിനായി യാതൊന്നുംതന്നെ ബാക്കി വെച്ചിരുന്നില്ല. 

ഏതു വിഷയത്തിലും അര്‍ഹതയുള്ളവരെയും ഔന്നത്യമുള്ളവരെയും പ്രവാചന്‍ പരിഗണിച്ചു. ഒരു സാധനം നല്‍കുമ്പോള്‍ അവിടെ വൃദ്ധന്മാരുണ്ടെങ്കില്‍ അവര്‍ക്കാണ് നല്‍കിയിരുന്നത്. ഇനി, അവിടെ ഔന്നത്യമുള്ളവരുണ്ടെങ്കില്‍ അര്‍ഹരില്‍നിന്നും സമ്മതം വാങ്ങിയ ശേഷം അത് അവര്‍ക്കു നല്‍കും. ചെറുപ്പക്കാരനായ ഇബ്‌നു അബ്ബാസ് (റ) വില്‍നിന്നു പോലും അടുത്തുള്ള പ്രായം ചെന്നവര്‍ക്ക് നല്‍കാനായി സമ്മതം വാങ്ങിയിരുന്നു. പക്ഷെ, തിരുനബിയുടെ ബറക്കത്ത് തനിക്കുതന്നെ ലഭിക്കണമെന്ന ആഗ്രഹത്താല്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സമ്മതം നല്‍കിയില്ല. സാധനങ്ങള്‍ നല്‍കുന്നതില്‍ ഇതായിരുന്നു പ്രവാചകരുടെ രീതി. പ്രായംകൊണ്ടോ മറ്റോ വല്ലതും നല്‍കുകയാണെങ്കില്‍ അടുത്തുള്ള അവകാശികളില്‍നിന്നും സമ്മതം വാങ്ങിയ ശേഷം മാത്രമേ ചെയ്തിരുന്നുള്ളൂ. 

തന്റെ ജനതക്ക് ആവശ്യമായതെല്ലാം പ്രവാചകന്‍ നേടിക്കൊടുക്കുമായിരുന്നു. അവരെക്കുറിച്ച് നിരന്തരം അന്വേഷിക്കുകയും ആരായുകയും ചെയ്തു. വല്ലവരെയും കാണാതെ വന്നാല്‍ അയാള്‍ക്കെന്തു പറ്റിയെന്ന് ചോദിച്ചറിഞ്ഞു. ഇത്മ്രാത്രം സ്വന്തം ജനങ്ങളുടെ കാര്യത്തില്‍ പ്രവാചകന്‍ ശ്രദ്ധിച്ചു. ഇന്ന് നമുക്കിടയില്‍നിന്ന് പലരെയും പലപ്പോഴും കാണാതാവുന്നുണ്ട്. പക്ഷെ, ഒരാള്‍ പോലും അവരെക്കുറിച്ച് അന്വേഷിക്കാറില്ല. പ്രവാചകന്‍ അങ്ങനെയായിരുന്നില്ല. ഓരോരുത്തരുടെയും ക്ഷേമൈശ്വര്യങ്ങളെക്കുറിച്ച് അവര്‍ക്ക് അപ്പപ്പോള്‍ അറിയേണ്ടിയിരുന്നു. പള്ളി വൃത്തിയാക്കിയിരുന്ന സ്ത്രീയെ കാണാതെ വന്നപ്പോള്‍ അവര്‍ എവിടെപ്പോയെന്ന് പ്രവാചകന്‍ അന്വേഷിച്ചു. മരണപ്പെട്ടുവെന്നായിരുന്നു അനുചരന്മാരുടെ പ്രതികരണം. 'നിങ്ങള്‍ എന്തുകൊണ്ട് എന്നെ വിവരം അറിയിച്ചില്ല, എനിക്കും അവരുടെ മേല്‍ നിസ്‌കരിക്കാമായിരുന്നല്ലോ' എന്നാണ് പ്രവാചകന്‍ പ്രതികരിച്ചത്.  

തന്റെ സദസ്സുകളില്‍ നേരിട്ടുവന്ന് പങ്കെടുക്കാനാവാതെ വെഷമിക്കുന്നവരെക്കുറിച്ചും പ്രവാചകന്‍ അന്വേഷിക്കുമായിരുന്നു. ഇങ്ങോട്ട് വരാനാവാതെ വെഷമിക്കുന്ന ആവശ്യക്കാരെക്കുറിച്ച് തനിക്ക് നിങ്ങള്‍ വിവരം നല്‍കണമെന്ന് പ്രവാചകര്‍ തന്റെ മുന്നിലിരിക്കുന്നവരെ ഓര്‍മിപ്പിച്ചു. നിസ്സഹായരായ ആളുകളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവരുടെ പാദങ്ങള്‍ നാളെ വിധിനിര്‍ണയ നാളില്‍ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തുമെന്നും അവരെ അറിയിച്ചു. ജനങ്ങളെ നിരന്തരം ശ്രദ്ധിച്ചും ദുര്‍ബലരെ പരിപാലിച്ചും എങ്ങനെ നല്ലൊരു മനുഷ്യനാവാം എന്ന് അവരെ പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍.  

നമ്മളും ഇതുപോലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യരാവണം എന്നതാണ് പ്രവാചകന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഈയൊരു ശൈലി നമ്മുടെ പ്രകൃതമായി മാറാന്‍ തുടക്കത്തില്‍ അല്‍പമൊന്ന് പ്രയാസപ്പെടേണ്ടിവരും. നിരന്തരമായ ശ്രമങ്ങളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. അതത്ര എളുപ്പമുള്ള കാര്യമല്ല ഇത്. പക്ഷെ, യഥാര്‍ത്ഥ മനുഷ്യനായി മാറുകയെന്നത് സൃഷ്ടികള്‍ക്കിടയിലെ ഏറ്റവും സമുന്നതമായ സ്ഥാനമാണ്. അതിനെക്കാള്‍ മുകളില്‍ മറ്റൊരു സ്ഥാനമില്ല. മലക്കുകളെ പോലും കവച്ചുവെക്കുന്ന സ്ഥാനമാണത്. തങ്ങളുടെ ഉത്തരവാദിത്തം യഥായോഗ്യം നിര്‍വഹിക്കുകയാണെങ്കില്‍ ആദം സന്തതികളുടെ സ്ഥാനം മലക്കുകളുടെയും മുകളിലാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഇനി, തങ്ങളുടെ ധര്‍മം വേണ്ടപോലെ നിര്‍വഹിച്ചിട്ടില്ലെങ്കില്‍ നാല്‍കാലികളെക്കാള്‍ അധപ്പതിച്ചുപോവുകയും ചെയ്യും. കാരണം, വിവേകവും ബുദ്ധിയുമുള്ളത് മനുഷ്യനാണ്. മൃഗങ്ങള്‍ എങ്ങനെയാണോ പടക്കപ്പെട്ടത് അങ്ങനെത്തന്നേ അത് നിലനില്‍ക്കുകയുള്ളൂ. എന്നാല്‍, മനുഷ്യന്റെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് വളര്‍ന്ന് വളര്‍ന്ന് മാലാഖമാരെക്കാള്‍ ഉയരങ്ങളിലെത്താനും താഴ്ന്ന് താഴ്ന്ന് മൃഗങ്ങളെക്കാള്‍ അധപ്പതിക്കാനും കഴിയുന്നു. 

ജ്ഞാനാന്വേഷകരായാണ് ആളുകള്‍ പ്രവാചകരുടെ സദസ്സുകളിലേക്ക് കടന്നുവന്നിരുന്നത്. മറ്റുള്ളവരെ വഴി കാണിക്കാന്‍ മാത്രം കെല്‍പുനേടി പ്രഭ പരത്തുന്നവരായിട്ടാണ് അവര്‍ അതില്‍നിന്നും പുറത്തു പോയിരുന്നത്. പ്രവാചകന്‍ നയിച്ച വിജ്ഞാന സദസ്സുകളുടെ സ്വഭാവമിതാണ്. തന്റെ സദസ്സുകളിലെ പ്രവാചകരുടെ സ്വഭാവങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

* അനിവാര്യമായത് മാത്രമേ പ്രവാചകന്‍ സംസാരിച്ചിരുന്നുള്ളൂ.

* ജനങ്ങളെ എപ്പോഴും ഒരുമിച്ചിരുത്തി. അവരെ ഭിന്നിക്കാന്‍ അനുവദിച്ചിരുന്നില്ല.

* കൂട്ടത്തില്‍ പരിഗണിക്കപ്പെടേണ്ട പ്രധാനികളെ പ്രവാചകന്‍ പരിഗണിച്ചിരുന്നു. അവരെ മറ്റുള്ളവര്‍ക്കുമുമ്പില്‍ മുന്തിക്കുകയും ചെയ്തിരുന്നു.

* ജനങ്ങള്‍ക്കിടയിലാകുമ്പോഴും ആത്മ ബോധം പ്രവാചകന്‍ കൈവിട്ടിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍നിന്നും ഉണ്ടായേക്കാവുന്ന ചതികളെക്കുറിച്ചും ബദ്ധശ്രദ്ധനായിരുന്നു.

* ജനങ്ങളെ മനസ്സിലാക്കി മാത്രമാണ് പ്രവാചകന്‍ അവരോട് പെരുമാറിയിരുന്നത്. പുഞ്ചിരിയായിരുന്നു അവരുടെ ഭാഷ. പരുഷ വഴികള്‍ അവലംബിച്ചിരുന്നില്ല.

* സദസ്സില്‍ അനുചരന്മാരെ അന്വേഷിക്കുമായിരുന്നു.

* നല്ലതിനെ നല്ലതായും ചീത്തതിനെ ചീത്തയായും കൃത്യമായി ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നു കാണിക്കുമായിരുന്നു. 

* എപ്പോഴും എന്തിലും സന്തുലിതമായ ഒരു വഴിയാണ് സ്വീകരിച്ചിരുന്നത്. മൂല്യം ചോര്‍ന്നു പോകാതെ ശ്രദ്ധിച്ചിരുന്നു.

* ജനങ്ങളെ ഒരുനിലക്കും മടുപ്പിക്കുകയോ ബോറടിപ്പിക്കുകയോ ചെയ്തില്ല. അവര്‍ സംസാരിക്കുമ്പോള്‍ സാകൂതം അത് ശ്രദ്ധിച്ചു കേട്ടു. മാനസികമായി എപ്പോഴും അവരോടൊപ്പം തന്നെ സഞ്ചരിച്ചു.

* അനുയായികളോടൊപ്പം എന്തു ചെയ്യാനും പ്രവാചകന്‍ തയാറായിരുന്നു.

* പഠിച്ചതനുസരിച്ച് പ്രവര്‍ത്തികയും ഭക്തിയും ആത്മാര്‍ത്ഥതയും നിലനിര്‍ത്തുകയും ചെയ്യുന്ന ആളുകളായിരുന്നു പ്രവാചകരെ സംബന്ധിച്ചിടത്തോളം നല്ല ജനങ്ങള്‍. ജനങ്ങളെ സേവിക്കുകയും പാവങ്ങളെ സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നവര്‍ക്കായിരുന്നു അവിടെ വലിയ സ്ഥാനം. തന്റെ കൂടെ എപ്പോഴും ഉള്ളവരെ മാത്രമായിരുന്നില്ല പ്രവാചകന്‍ ശ്രദ്ധിച്ചിരുന്നത്. വിവിധ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന മറ്റുള്ളവരെയും അവര്‍ ശ്രദ്ധിച്ചിരുന്നു. പള്ളി അടിച്ചുവാരിയിരുന്ന സ്ത്രീ ഉദാഹരണം. ജനങ്ങളെ സംബന്ധിച്ചിടത്തോളം അവളത്ര ശ്രദ്ധിക്കപ്പെടുന്നവളായിരുന്നില്ല. പക്ഷെ, പ്രവാചകരെ സംബന്ധിച്ചിടത്തോളം അവളം പ്രധാനമായിരുന്നു.

* സദസ്സില്‍ തനിക്കു മുമ്പില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും പ്രവാചകന്‍ അര്‍ഹിക്കുന്ന ശ്രദ്ധ നല്‍കി. അതുകൊണ്ടുതന്നെ, താനാണ് ഈ സദസ്സിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് ഓരോരുത്തര്‍ക്കും തോന്നുമായിരുന്നു. ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് താന്‍ നിയഗിക്കപ്പെട്ടതെന്ന പ്രവാചക വചനം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു.

* വല്ലവരും തനിക്കുമുമ്പില്‍ കുപിതരായി തട്ടിക്കയറുകയോ കയ്യൂക്കോടെ തന്റെ ആവശ്യങ്ങള്‍ നേടാനായി ശ്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ അയാള്‍ ശാന്തനാകുന്നതുവരെ ക്ഷമയുടെ വഴി അവലംബിക്കുമായിരുന്നു പ്രവാചകന്‍. താന്‍ എന്തിനാണ് ഇത്രയെല്ലാം ചെയ്തതെന്ന് അയാളെപ്പോലും മറപ്പിച്ച് കളയുംവിധം സൗമ്യ സ്വഭാവത്തോടെയാണ് പ്രവാചകന്‍ അത്തരക്കാരോട് പെരുമാറിയിരുന്നത്. അത്രമാത്രം ക്ഷമാശീലനായിരുന്നു തിരുമേനി.

* വല്ലവരും വല്ലതും ചോദിച്ചാല്‍ ഒരിക്കലും നിരസിച്ചിരുന്നില്ല. അവര്‍ ആവശ്യപ്പെടുന്ന കാര്യം അങ്ങനെത്തന്നെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹ വാക്കുകള്‍കൊണ്ട് അവരെ സമാശ്വസിപ്പിച്ചു. തന്റെ സ്വഭാവ മഹിമയാല്‍ എല്ലാവരെയും ആകര്‍ഷിച്ചിരുന്നു തിരുമേനി. അതുകൊണ്ടുതന്നെ, ഒരു പിതാവിനെപ്പോലെയാണ് എല്ലാവരും പ്രവാചകരെ കണ്ടിരുന്നത്. തങ്ങള്‍ ആര്‍ജിച്ച തഖ്‌വയുടെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ സ്ഥാനം നിര്‍ണയിക്കപ്പെട്ടിരുന്നത്.

* സത്യസന്തത, ക്ഷമ, വിനയം തുടങ്ങിയവ വഴിഞ്ഞൊഴുകിയ ഇടങ്ങളായിരുന്നു പ്രവാചകരുടെ സദസ്സുകള്‍. ആദരിക്കപ്പെടേണ്ടതൊന്നും അനാദരിക്കപ്പെട്ടിരുന്നില്ല. എല്ലാവരും പൂര്‍ണ അച്ചടക്കത്തിലാണ് ഹാജറായിരുന്നത്.

* വലിയവര്‍ ആദരിക്കപ്പെടുകയും ചെറിയവര്‍ കാരുണ്യം കാണിക്കപ്പെടുകയും ചെയ്തു. അതിഥികളും അപരിചിതരും അര്‍ഹിക്കുന്ന പരിഗണനകളോടെ സ്വീകരിക്കപ്പെട്ടു. 

ഹുസൈന്‍ (റ) പറയുന്നു: ജനങ്ങളുമായി കൂടിയിരിക്കുമ്പോള്‍ പ്രവാചകരുടെ സ്വഭാവം എങ്ങനെയായിരുന്നുവെന്ന് ഞാന്‍ പിതാവിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 

* സദാ പുഞ്ചിരി തൂകുന്നതായിരുന്നു പ്രവാചകരുടെ മുഖം. ഏറെ കരുണയും മാന്യതയും അവര്‍ തന്റെ ഇടപാടുകളില്‍ സൂക്ഷിച്ചു. 

* ഒരിക്കലും അട്ടഹാസം പോലെ സംസാരിക്കുകയോ വില കുറഞ്ഞ ഭാഷ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.

* ഒരു ഇടപാടിലും പിഴവുകള്‍ സംഭവിച്ചിരുന്നില്ല. ജനങ്ങളെ അതില്‍നിന്നും വിലക്കാനായി അവ സൂചിപ്പിക്കുമായിരുന്നു.

* അര്‍ഹിക്കുന്ന നിലക്കു മാത്രമേ ആരെയും പ്രശംസിച്ചിരുന്നുള്ളൂ. അമിതമായി ഒരാളെയും പ്രശംസിച്ചിരുന്നില്ല.

* ജനങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പക്ഷെ, ആരെയും മുഖസ്തുതി പറഞ്ഞില്ല.

* തനിക്ക് വല്ലതും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കാണാത്തപോലെ നിന്നു പ്രവാചകന്‍. താന്‍ കാരണമായി ഒരാളും നിരാശരായിരുന്നില്ല.

* ആഡംബരം, അമിതത്വം, അനാവശ്യ ഇടപെടലുകള്‍ തുടങ്ങിയവ പ്രവാചകരുടെ സ്വഭാവത്തില്‍ പെട്ടതായിരുന്നില്ല. അവര്‍ ആരെയും ആക്ഷേപിക്കുകയോ ആരുടെയെങ്കിലും കുറ്റവും കുറവും കണ്ടെത്തുകയോ ചെയ്തില്ല. പ്രവാചകന്‍ വല്ലതും സംസാരിക്കുകയാണെങ്കില്‍ തലയില്‍ പക്ഷി ഇരിക്കുന്നതുപോലെ പൂര്‍ണ അച്ചടക്കത്തിലാണ് അനുയായികള്‍ ഇരുന്നിരുന്നത്. പ്രവാചകന്‍ നിര്‍ത്തുമ്പോള്‍ മാത്രമേ അവര്‍ സംസാരിച്ചിരുന്നുള്ളൂ. കോലാഹലങ്ങളോ തര്‍ക്കങ്ങളോ അവിടെ ഉയര്‍ന്നില്ല. വല്ലവരും ആ സദസ്സില്‍ സംസാരിക്കുകയാണെങ്കില്‍ അവസാന വാക്കുവരെ എല്ലാവരും അവരെ ശ്രദ്ധിക്കുമായിരുന്നു. 

* ജനങ്ങള്‍ ചിരിക്കുന്ന വിഷയങ്ങളില്‍ പ്രവാചകരും ചിരിക്കുമായിരുന്നു. അവര്‍ അല്‍ഭുതം രേഖപ്പെടുത്തുന്നിടങ്ങളില്‍ പ്രവാചകരും അല്‍ഭുതം രേഖപ്പെടുത്തുമായിരുന്നു. 

* ഒരു പ്രശംസയെയും പ്രവാചകന്‍ ആവശ്യപ്പെട്ടിരുന്നില്ല.

* ഒരാളു സംസാരിക്കുമ്പോഴും കയറി സംസാരിച്ചിരുന്നില്ല. അയാള്‍ നിറുത്തിയതിനു ശേഷം മാത്രമേ സംസാരം തുടങ്ങിയിരുന്നുള്ളൂ. 

പുണ്യനബി അല്ലാഹുവിന്റെ ഇഷ്ടദാസനാണ് (ഹബീബ്) എന്നതാണ് അവരെ സ്‌നേഹിക്കാനുള്ള (മഹബ്ബത്ത്) ഇപ്പറഞ്ഞതിനെക്കാളെല്ലാം ഏറ്റവും പ്രധാനപ്പെട്ട കാരണം. അല്ലാഹു അനുഗ്രഹിച്ചവരുടെ ഹൃദയത്തില്‍ മാത്രമേ ആ സ്‌നേഹം അവന്‍ ഇട്ടുകൊടുക്കുകയുള്ളൂ. തിരുമേനിയോടുള്ള അധമ്യമായ സ്‌നേഹം നമ്മുടെ ഹൃദയങ്ങളില്‍ നാഥന്‍ വര്‍ദ്ധിപ്പിച്ചുതരട്ടെ. 

വിവ. ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter