അശ്അരിയ്യ: മിതത്വ സരണി

ബിദഈ കക്ഷികളെല്ലാം അലംഭാവത്തിന്റെ (തഫ്‌രീത്വ്) മാര്‍ഗം,അല്ലെങ്കില്‍ അതിരു കവിയലിന്റെ (ഇഫ്‌റാത്വ്) ന്റെ മാര്‍ഗ്ഗം സ്വീകരിച്ചവരായിരുന്നു. എന്നാല്‍ ഇതു രണ്ടിനുമിടയിലെ മിതത്വസരണി സ്വീകരിച്ച മധ്യ സമുദായ (ഉമ്മത്തന്‍ വസ്വത്) മാണ് അഹ്‌ലുസ്സുന്ന. അത് തീവ്രതയുടെ മൂര്‍ത്തീഭാവമോ ആലസ്യത്തിന്റെ അഭിശപ്ത മാര്‍ഗമോ അല്ല. കേഡര്‍ പാര്‍ട്ടിയുടെ കണിശതയോ സര്‍വ്വ സ്വാതന്ത്ര്യത്തിന്റെ സീമാതീത സരണിയോ അതിനില്ല. ‘മിതത്വമാണ് ഉത്തമ മാര്‍ഗം’ എന്ന വിശുദ്ധ വചനമാണ് അഹ്ഹുസ്സുന്നയുടെ മുഖമുദ്ര.


അലി(റ)യെ കാഫിറാക്കി ചിത്രീകരിച്ചുകൊണ്ട് ഖവാരിജുകള്‍ രംഗപ്രവേശം ചെയ്തു. അതിന്റെ റിയാക്ഷനായി ശീഇസം ഉടലെടുത്തു. അലി(റ)യെ അവര്‍ ദിവ്യത്വത്തിലേക്കുയര്‍ത്തി. ഇഫ്‌റാത്വിന്റെയും തഫ്‌രീത്വിന്റെയും ഈരണ്ടു നിലപാടുകള്‍ക്കിടയിലായിരുന്നില്ലോ സത്യം. അഹ്‌ലുസ്സുന്ന അതു സ്വീകരിച്ചു. അലി(റ) സര്‍വ്വാദരണീയനായ സ്വഹാബീ വര്യനും പ്രവാചക കുടുംബത്തിന്റെ വിശുദ്ധ വ്യക്തിത്വുമാണ്. ജമല്‍, സ്വിഫ്ഫീന്‍ സംഘട്ടനങ്ങളിലെല്ലാം സത്യം അദ്ദേഹത്തിന്റെ പക്ഷത്തായിരുന്നു. എന്നാല്‍ അതിന്നര്‍ത്ഥം അദ്ദേഹം സര്‍വ്വോത്തമനും ദൈവാവതാരവുമാണെന്നല്ല. ഉമ്മത്ത് ഏകകണ്ഠമായി തിരഞ്ഞെടുത്തതുപോലെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഈ നിലപാടാണ് അഹ്‌ലുസ്സുന്ന വെച്ചുപുലര്‍ത്തിയത്. ഖവാരിജിസത്തിന്റെ വിദ്വേഷമോ ശീഇസത്തിന്റെ അത്യാദരവോ ഇവിടെ ഇല്ല.


മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം സ്രഷ്ടാവ് അവന്‍ തന്നെയാണെന്നും അതില്‍ ദൈവ വിധിക്കോ നിശ്ചയത്തിനോ യാതൊരു സ്വാധീനവുമില്ലെന്നും വാദിച്ചുകൊണ്ട് ഖദ്‌രിയ്യാക്കള്‍ വന്നു. അതിനെ നേരിടാന്‍ വന്ന ജബ്‌രിയ്യാക്കളാകട്ടെ എല്ലാം ദൈവ വിധിയില്‍ കെട്ടിവെച്ചു. മനുഷ്യന് യാതൊരുവിധ പ്രവര്‍ത്തനശേഷിയോ ഇച്ഛാ സ്വാതന്ത്ര്യമോ ഇല്ലെന്നും കാറ്റത്തു പാറുന്ന തൂവല്‍ കഷ്ണത്തെ പോലെ ദൈവവിധിക്കനുസരിച്ച് യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ ജല്‍പ്പിച്ചു. നിഷ്‌ക്രിയത്വത്തിന്റെയും നിയന്ത്രണ രാഹിത്യത്തിന്റെയും ഈ രണ്ടു വഴികള്‍ക്കും ഇടയിലാണ് നേരിന്റെ രേഖയെന്നു അവരാരും തിരിച്ചറിഞ്ഞില്ല. മധ്യത്തിലുള്ള ആ വഴി ചൂണ്ടിക്കാണിക്കുകയായിരുന്നു അഹ്‌ലുസ്സുന്ന:യുടെ ദൗത്യം. മനുഷ്യരില്‍ കര്‍മ്മശേഷി നിക്ഷേപിക്കുന്നത് അല്ലാഹുവാണെങ്കിലും കര്‍മ്മങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇച്ഛാശക്തിയും (കസ്ബ്, ഇഖ്തിയാര്‍) അവന്‍ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ അവന്റെ ഇഛാ സ്വാതന്ത്ര്യം അനുസരിച്ച് ഒരു പ്രവര്‍ത്തി ചെയ്യാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു. അന്നേരം അല്ലാഹു ആ പ്രവര്‍ത്തിയെ ഉണ്ടാക്കുന്നു. സ്വന്തമായി ഒരു കഴിവ് അല്ലാഹു ആദ്യമേ ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു പ്രവര്‍ത്തിയുമായി നാം ബന്ധപ്പെടുമ്പോള്‍ അതുണ്ടാകണമെന്ന് അല്ലാഹു തീരുമാനിച്ചാല്‍ അതുണ്ടാകുന്നു. ഇല്ലെങ്കില്‍ ഉണ്ടാവുകയുമില്ല.


അടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് ഉദാഹരണം. കൈ ഉയര്‍ത്താനുള്ള കഴിവ് ആദ്യം തന്നെ മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിട്ടില്ല. ഒരാള്‍ കൈ ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ അല്ലാഹുവിന്റെ വേണ്ടുകയുണ്ടാകുമ്പോള്‍ അതുയര്‍ത്താനുള്ള കഴിവ് നല്‍കപ്പെടുന്നുവെന്നു മാത്രം. സാധാരണ ഗതിയില്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍ കഴിവ് നല്‍കുകയാണ് അല്ലാഹുവിന്റെ പതിവെങ്കിലും അസാധാരണമായി നല്‍കാതിരിക്കുകയും ചെയ്യാം. കൈ ഉയര്‍ത്താന്‍ ശ്രമിച്ചവന്റെ കൈ പൊങ്ങാതിരിക്കുന്നതും സംസാരിക്കാന്‍ ശ്രമിക്കുന്നവന് വാക്കുകള്‍ ഉണ്ടാകാതെ വരുന്നതും നടക്കാന്‍ ശ്രമിക്കുന്നവന് കാല് അനക്കാന്‍ സാധിക്കാതെ വരുന്നതും അപൂര്‍വ്വമാണെങ്കിലും അപരിചിതമല്ലാത്ത സംഭവങ്ങളാണ്. മനുഷ്യന്റെ പ്രവര്‍ത്തന ശ്രമവും ഇഛാസ്വാതന്ത്ര്യവും അല്ലാഹുവിന്റെ ഖുദ്‌റത്തുമായി ബന്ധിക്കുമ്പോഴാണ് ഒരു പ്രവര്‍ത്തി ഉണ്ടാകുന്നത് എന്ന് ഇവിടെ വ്യക്തം. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ (ഉദാ: 37:19, 25:2, 13:16, 39:62, 40:62, 6:102) ഈ ആശയത്തെയാണ് സാധൂകരിക്കുന്നത്. കര്‍മ്മങ്ങളുടെ സ്രഷ്ടാവ് അല്ലാഹുവാണെങ്കിലും അതിനെ സാക്ഷാല്‍കരിക്കുന്നത് മനുഷ്യന്റെ തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പാണ് മനുഷ്യനെ രക്ഷാശിക്ഷകള്‍ക്ക് അര്‍ഹനാക്കുന്നത്. പ്രമാണങ്ങളോട് നീതി പുലര്‍ത്തുന്ന അഹ്‌ലുസ്സുന്ന:യുടെ ഈ നിലപാട്, എല്ലാവരെയും സൃഷ്ടികര്‍ത്താക്കളാക്കുന്ന ഖദ്‌രീ വാദത്തെയും കേവല യന്ത്രങ്ങളോട് മനുഷ്യരെ തുലനം ചെയ്യുന്ന ജബ്‌രീ വാദത്തേയും, ഒരുപോലെ നിരാകരിക്കുകയും അത് രണ്ടിന്റെയും ഇടയിലാണ് സത്യമെന്ന് വ്യക്തമാകുകയും ചെയ്യുന്നു.


അല്ലാഹുവിന് അവയവങ്ങളും ആകാരവുമെല്ലാം ആരോപിച്ചുകൊണ്ട് മുജസ്സിമുകള്‍ മുന്നോട്ടുവന്നു. അവരുടെ വികലവും വികൃതവുമായ സങ്കല്‍പ്പങ്ങളെ പ്രതിരോധിക്കാനിറങ്ങിയ മുഅത്വിലുകളാകട്ടെ ദൈവത്തിന്റെ രചനാത്മക ഗുണങ്ങളെ മുഴുവന്‍ നിഷേധിച്ചുതള്ളി. അല്ലാഹുവിനെക്കുറിച്ച് ഖുര്‍ആനില്‍ വന്ന പരാമര്‍ശങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു അവന് കൈകാലുകളും കയറ്റിറക്കവുമെല്ലാം ഉണ്ടെന്നു ഒന്നാം കക്ഷി വാദിച്ചപ്പോള്‍ ദൈവ ഗുണങ്ങളെല്ലാം നിഷേധാത്മകമാണെന്ന കടുംപിടുത്തത്തിലായിരുന്നു രണ്ടാമത്തെവിഭാഗം. നേരായ വിശ്വാസം ഇതു രണ്ടിനും ഇടയിലാണെന്ന പക്ഷമായിരുന്നു അഹ്‌ലുസ്സുന്ന:യുടേത്. അല്ലാഹുവിന്റെ കൈ, കണ്ണ്, കാല്‍,ഇരുത്തം, ചിരി, എന്നിങ്ങനെ ഖുര്‍ആനിലും ഹദീസിലും വന്ന പ്രയോഗങ്ങള്‍ക്കു ഒരു പ്രത്യേക അര്‍ത്ഥമോ വ്യാഖ്യാനമോ കല്‍പ്പിക്കാതെ വന്നതുപോലെ നടത്തണം. അല്ലെങ്കില്‍ അല്ലാഹുവിന്റെ തിരു സത്തയോട് അനുയോജ്യമാകുന്ന രീതിയില്‍, സൃഷ്ടികളോട് സാദൃശ്യം അനുഭവപ്പെടാത്ത വിധത്തില്‍ വ്യാഖ്യാനിക്കണം. നിഷേധാത്മക ഗുണങ്ങളിലൂടെ മാത്രം അല്ലാഹുവിനെ മനസ്സിലാക്കാനാവില്ല. കേള്‍വി, കാഴ്ച, ജ്ഞാനം തുടങ്ങിയ ഗുണങ്ങളെല്ലാം അവനുള്ളതാണ് എന്ന മധ്യ നിലപാടാണ് ഇവിടെയും സുന്നികള്‍ സ്വീകരിച്ചത്.


മുഅ്തസിലുകള്‍, ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നു വാദിച്ചു. മുസ്ഹഫുകളില്‍ കാണുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും ശബ്ദങ്ങളുമൊന്നും സൃഷ്ടിയല്ലെന്നു ഹശവിയ്യാക്കളും. ഇമാം അശ്അരി(റ) രണ്ടിനും ഇടയിലുള്ള പാതയാണ് ശരിയെന്നു തെളിയിച്ചു. ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. അതൊരിക്കലും അവന്റെ സൃഷ്ടിയല്ല. എന്നാല്‍ മുസ്ഹഫുകളില്‍ കാണുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും ശബ്ദങ്ങളുമെല്ലാം സൃഷ്ടിയാകുന്നു. ഇമാം അശ്അരി(റ) സമര്‍ത്ഥിച്ചു.


മഹാപാപം ചെയ്ത വിശ്വാസി നരകത്തില്‍ ശാശ്വതമായിരിക്കുമെന്ന് മുഅ്തസിലുകളും വിശ്വാസമുള്ളിടത്തോളം എന്തു അപരാധം ചെയ്താലും യാതൊരു ശിക്ഷയും ലഭിക്കുകയില്ലെന്നു മുര്‍ജിഉകളും വാദിച്ചു. ഇവിടെയും മധ്യനിലപാട് തന്നെയാണ് ഇമാം അശ്അരി(റ) യുടെ നേതൃത്വത്തിലുള്ള സുന്നികള്‍ സ്വീകരിച്ചത്. പാപിയായ വിശ്വാസിയുടെ കാര്യം അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വിധേയമാണ്. അവന്‍ ഉദ്ദേശിക്കുന്നപക്ഷം പാപമോചനം നല്‍കി നേരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം പാപത്തിനുള്ള ശിക്ഷ നല്‍കി പിന്നീടവനെ സ്വര്‍ഗ്ഗത്തിലേക്കു കടത്തിവിടും. ഇതാണ് അഹ്‌ലുസ്സുന്ന സ്വീകരിച്ച നിലപാട്.
മുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ ബിദ്അത്തിന്റെ എല്ലാ കക്ഷികളും വിവിധ വാദമുഖങ്ങള്‍ നിരത്തി ആക്ഷനും റിയാക്ഷനുമായി പരസ്പര വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ച ഘട്ടത്തിലാണ് അശ്്അരികള്‍ രംഗപ്രവേശം ചെയ്തത്. ഇഫ്‌റാത്വിന്റെയും തഫ്‌രീത്വിന്റെയും ശൈലി തിരസ്‌കരിച്ചുകൊണ്ട് മിതത്വത്തിന്റെ മധ്യമാര്‍ഗം സ്വീകരിക്കുകയായിരുന്നു അവര്‍.

(മുഖ്യാധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter