അല്‍ മാതുരീദിയ്യ

ഇമാം അബൂ മന്‍സ്വൂര്‍ അല്‍ മാതുരീദി (റ) ആവിഷ്‌കരിച്ച ആദര്‍ശ സരണിയാണ് മാതുരിദിയ്യ. ഇമാം അശ്അരി(റ)യുടെ സമകാലികനായ അബൂമന്‍സ്വൂര്‍(റ) സമര്‍ഖന്ദിലെ മാതുരീദ് ഗ്രാമത്തിലാണ് ജനിച്ചത്. ഇമാം അബൂമന്‍സ്വൂര്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ മഹ്മൂദ് എന്നാണ് പൂര്‍ണ്ണനാമം.
സമര്‍ഖന്ദിലും പരിസര പ്രദേശങ്ങളിലും അഹ്‌ലുസ്സുന്ന:യുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ചത് ഇമാം അബൂ മന്‍സ്വൂര്‍ അല്‍ മാതുരിദി (റ)യുടെ നേതൃത്വത്തിലായിരുന്നു. മഹാജ്ഞാനിയായിരുന്ന അദ്ദേഹം ആദര്‍ശ സംവാദത്തിനുവേണ്ടി മാത്രം 22 തവണ ബസ്വറ സന്ദര്‍ശിച്ചിട്ടുണ്ടത്രെ. പ്രതിയോഗികളുടെ വാദമുഖങ്ങളെ ഖണ്ഡിച്ചുകൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തഅ്‌വീലുല്‍ ഖുര്‍ആന്‍, മഖ്അദുശ്ശറാഇഅ്, അല്‍ജദല്‍, അല്‍ ഉസ്വൂല്‍ ഫീ ഉസ്വൂലുദ്ദീന്‍, അല്‍ മഖാലാത്തുഫില്‍ കലാം, അത്തൗഹീദ്, റദ്ദു അവാഇലില്‍ അദില്ലത്തി ലില്‍ കഅ്ബി, റദ്ദു തഹ്ദീബില്‍ ജദ്‌ലി ലില്‍ കഅ്ബി, റദ്ദു ഉസ്വൂലില്‍ ഖംസ, കിതാബുല്‍ ഇമാമ, അറദ്ദു അലല്‍ ഖറാമിത്വ.. എന്നിവ പ്രസിദ്ധമാണ്. ഹനഫി മദ്ഹബുകാരനായ അദ്ദേഹം ‘ഇമാമുല്‍ ഹുദാ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇമാം അശ്അരി(റ)യും മാതുരീദി(റ)യും അഹ്‌ലുസ്സുന്നയുടെ ഇമാമുകളാണ്. ഇരുവരും പുതിയൊരു ചിന്താ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയായിരുന്നില്ല. ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുത്ത വിഷച്ചെടികളും ഇത്തിക്കണ്ണികളും പിഴുതിമാറ്റി മതത്തിന്റെ വിശ്വാസ സരണിയെ സുന്ദരവും സഞ്ചാര യോഗ്യവുമാക്കി തീര്‍ക്കുകയായിരുന്നു. മത നവീകരണത്തിന്റെ വേലിയേറ്റത്തെ പ്രതിരോധിക്കുകയായിരുന്നു അവരുടെ മുഖ്യദൗത്യം. അതിനവര്‍ ആയുധമാക്കിയത് സച്ചരിതരായ മുന്‍ഗാമികളുടെ ചര്യയെയായിരുന്നു. അതുകൊണ്ടു തന്നെയാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നവര്‍ അശ്അരികളും മാതുരിദികളുമായി പിന്നീട് അറിയപ്പെട്ടത്.
അശ്അരി – മാതുരീദി ചിന്താസരണികള്‍ മൊത്തത്തില്‍ ‘അശാഇറ’ എന്നാണ് അറിയപ്പെടുന്നത്. കാരണം മുഅ്തസിലുകളുടെയും മറ്റു നവീന വാദികളുടെയും വിഹാര കേന്ദ്രമായിരുന്ന ഇറാഖിലാണ് ഇമാം അശ്അരി(റ)യുടെ ആദര്‍ശ പോരാട്ടം ശക്തമായിരുന്നത്. ദശകങ്ങളോളം മുഅ്തസിലിസത്തില്‍ പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നവീന വാദികളുടെ കുതന്ത്രങ്ങളെല്ലാം തിരിച്ചറിയാനും വിവാദങ്ങളുടെ പഴുതുകളടക്കാനും അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ ഇമാം മാതുരീദി(റ)യുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ‘മാവറ അന്നഹ്‌റി’ലും സമര്‍ഖന്ദിലും ഇതായിരുന്നില്ല അവസ്ഥ. അവിടെ മുഅ്തസിലികളുടെ സാന്നിധ്യവും ഇടപെടലുകളും കുറവായിരുന്നു. അതുകൊണ്ടുതന്നെ ആദര്‍ശ വൈരികളുടെ ആസൂത്രിത നീക്കം തിരിച്ചറിയാന്‍ ഇമാം അശ്അരി(റ)യെപ്പോലെ മാതുരീദി (റ)ക്ക് അവസരം ഉണ്ടായില്ല. ഇത് അശ്അരിയ്യത്തിന്റെ അജയ്യതക്കു കാരണമാകുകയും പില്‍ക്കാലത്ത് ‘അശാഇറ’ എന്ന് ഇരുവിഭാഗവും അറിയപ്പെടാനുള്ള നിമിത്തമാവുകയും ചെയ്തു.
അശ്അരി- മാതുരീദി ചിന്താസരണികള്‍ക്കിടയില്‍ അടിസ്ഥാനപരമായ ഭിന്നതകളില്ല. ആപേക്ഷികവും സാങ്കേതികവുമായ ചില അഭിപ്രായാന്തരങ്ങള്‍ മാറ്റി നിറുത്തിയാല്‍ രണ്ടും ഒന്നുതന്നെയാണ്. ഈ വസ്തുത അശഅരി – മാതുരീദി ഭിന്നതകളെക്കുറിച്ചു പഠനം നടത്തിയ ഇമാം താജുദ്ദീന്‍ സുബുകി (ത്വബഖാത്ത്: 3/378), ഇമാം അബ്ദുല്‍ വഹാബുശ്ശഹ്‌റാനി (യവാഖീത്ത് 1/3), ഇമാം ഇബ്‌നു അസാക്കിര്‍ (തബ്‌യീന്‍: 140), കമാലുദ്ദീന്‍ ബായാള്വി (ഇശാറാത്തുല്‍ മറാം 56) തുടങ്ങിയ ഇരുപക്ഷത്തുമുള്ള പണ്ഡിത്മാര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുവിഭാഗവും പരസ്പരം ശിര്‍ക്കും കുഫ്‌റും ആരോപിക്കുകയോ ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്യുന്നില്ല.
ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അഭിപ്രായാന്തരങ്ങളുള്ളവ പതിമൂന്ന് കാര്യങ്ങളാണെന്നാണ് ഇമാം സുബുകി(റ)യുടെ അഭിപ്രായം. അവയില്‍ തന്നെ ആറെണ്ണം മാത്രമേ ആശയപരമായി അല്‍പ്പം ഭിന്നതയുള്ളൂ. ബാക്കി ഏഴും ഭാഷാപരം മാത്രമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. താഴെ പറയുന്നവയാണവ:
1.     അല്ലാഹുവിനെ അനുസരിക്കുന്നവനെ അവന്‍ ശിക്ഷിക്കുമെന്നത് ബുദ്ധി അനുവദിക്കുന്നുണ്ടോ?
–    അശ്അരികള്‍: അനുവദിക്കുന്നു. മാതുരീദികള്‍: അനുവദിക്കുന്നില്ല.
2.     അല്ലാഹുവിനെ മനസ്സിലാക്കല്‍ നിര്‍ബന്ധമാകുന്നത് ബുദ്ധിയുടെ വിധിയനുസരിച്ചാണോ? ദൈവിക നിയമമനുസരിച്ചാണോ?
–    അശ്അരികള്‍: ദൈവിക നിയമമനുസരിച്ച്. മാതുരിദികള്‍: ബുദ്ധിയനുസരിച്ച്.
3.     തക്‌വീന്‍ (ഇല്ലായ്മയില്‍ നിന്നു ഉണ്മയിലേക്കുള്ള ഉയിര്‍പ്പ്) അല്ലാഹുവിന്റെ യഥാര്‍ത്ഥ ഗുണവിശേഷണങ്ങളില്‍ പെട്ടതാണോ?
–    അശ്അരി: അല്ല. മാതുരീദി: ആണ്.
4.     അല്ലാഹുവിന്റെ വചനം (കലാം) ശ്രവിക്കാന്‍ സാധ്യമാണോ?
–    അശ്അരി: ആണ്. മാതുരീദി: അല്ല.
5.     അസാധ്യമായതു കല്‍പ്പിക്കു എന്നത് അല്ലാഹുവില്‍ നിന്നുണ്ടാകല്‍ അനുവദനീയമാണോ?
–    അശ്അരി: ആണ്. മാതുരീദി: അല്ല.
6.     പ്രവാചകന്മാരില്‍ നിന്നു ചെറിയ അബദ്ധങ്ങള്‍ സംഭവിക്കുമോ?
–    അശ്അരി: സംഭവിക്കും. മാതുരീദി: സംഭവിക്കുകയില്ല. (അശ്അരികളില്‍ പെട്ട നല്ലൊരു വിഭാഗവും സംഭവിക്കുകയില്ല എന്ന പക്ഷക്കാരാണ്).
ഈ ആറു വിഷയങ്ങളാണ് ആശയപരമായി അല്‍പ്പം അഭിപ്രായ വ്യത്യാസമുള്ളഥ്. ബാക്കി ഏഴു കാര്യങ്ങള്‍ ഇതിലും ലളിതമായവയാണ്. അതുകൊണ്ടുതന്നെ അതൊരു അഭിപ്രായാന്തരമായി ഗണിക്കപ്പെടുന്നില്ല.
ഇമാം അശഅരി(റ) ശാഫിഈ മദ്ഹബുകാരനായതുകൊണ്ട് ശാഫിഈകളും മാലിക്കികളും പൊതുവെ അശ്അരികളാണ്. ഇമാം മാതുരീദി(റ) ഹനഫിയായതുകൊണ്ട് ഹനഫികള്‍ തിരിച്ചും അതുകൊണ്ടുതന്നെ ഹനഫി മദ്ഹബിനു സ്വാധീനമുള്ള ഇന്ത്യാ ഉപഭൂഘണ്ഡത്തിലും തുര്‍ക്കി, ടുണീഷ്യ, ചൈനാ തുടങ്ങിയ രാജ്യങ്ങളിലും മുസ്‌ലിംകള്‍ പൊതുവില്‍ മാതുരീദി വിശ്വാസ സരണി അനുസരിച്ചും ശാഫിഈ മദ്ഹബിനു സ്വാധീനമുള്ള ഇറാഖ്, സിറിയ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ അശ്അരീ വിശ്വാസ സരണി അനുസരിച്ചും ജീവിക്കുന്നവരാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളീയര്‍ ശാഫിഈ മദ്ഹബുകാരായതുപോലെ അശ്അരീ വിശ്വാസ സരണി അനുസരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്നു.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter