രാജ്യനിര്‍മിതിയില്‍ എല്ലാവരുടെതുംപോലെ പ്രധാനമാണ് മുസ്‌ലിം ഭാഗദേയവും

രാജ്യനിര്‍മിതിയില്‍ എല്ലാവരുടെതുംപോലെ പ്രധാനമാണ് മുസ്‌ലിം ഭാഗദേയവും

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി 

നാം ഇന്ത്യക്കാര്‍ ആവേശവും വികാരവും കൊള്ളുന്ന നിമിഷങ്ങളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെന്ന നമ്മുടെ മാതൃരാജ്യം സ്വതന്ത്രമായി, എല്ലാവരുടെയും മാതാവായി, അഭയ കേന്ദ്രമായി എഴുപത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പ്രായത്തിന്റെ പക്വത സാംശീകരിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ മാതൃക സൃഷ്ടിച്ച് മുന്നേറുന്നതിന്റെ ആവേശവും വികാരവും നാം പങ്ക് വെക്കുകയാണ്.

ഇന്ത്യ നമ്മുടെ ഭൂമിയാണ്, നമ്മുടെ മാതാവാണ്. ഈ ഭൂമിയെ നാം സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു. അത് പ്രകൃതിയുടെ തേട്ടമാണ്. നാം ഈ മണ്ണില്‍ നിന്ന് ഉണ്ടായതാണ്. സര്‍വ്വ സൃഷ്ടിജാലങ്ങളും ഈ മണ്ണില്‍ നിന്നുണ്ടായതാണ്.  ഈ മണ്ണ് നമ്മുടെ സ്വത്വത്തിന്റെ ഭാഗമാണ്. അതിനാല്‍ നാം ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. പക്ഷേ സ്‌നേഹിക്കുന്ന നാം എന്ന നമ്മുടെ സ്വത്വം അത്  ഭൂമിശാസ്ത്രപരമായ എല്ലാ അതിര്‍ത്തികള്‍ക്കുമപ്പുറം നിലകൊള്ളുന്ന അതിര്‍വരമ്പുകളില്ലാത്ത ഒന്നാണ്. ആ ആത്മാവിന്റെ സ്വാതന്ത്ര്യവും ശരീരത്തിന്റെ സ്വാതന്ത്ര്യവും മനുഷ്യനെ സംബന്ധിച്ചെടുത്തോളം പ്രധാനമാണ്.

ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ ഏറ്റവും വലിയ ശ്രേഷ്ഠത ഇത് രണ്ടും സംരക്ഷിച്ചു പോരാന്‍ ഇത് വരെ കഴിഞ്ഞു എന്നതാണ്. ലോകത്ത് ജനസമൂഹങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ നമുക്കറിയുന്നതാണ്. നാം ഇന്ത്യയില്‍ സുരക്ഷിതരാണ്. സമാധാനത്തില്‍ കൂടിക്കഴിയാന്‍ നമുക്ക് കഴിയുന്നു.നാനാത്വത്തില്‍ ഏകത്വം എന്ന വലിയ സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്നു. ഇത് ഈ രാജ്യത്തിന് അവകാശപ്പെട്ട ശ്രേഷ്ഠ പാരമ്പര്യമാണ്. ആ പാരമ്പര്യത്തിന്റെ പേരിലാണ് നാം ഇന്ത്യക്കാരനാവുന്നതില്‍ അഭിമാനം കൊള്ളുന്നത്.

ഈ പ്രഭാതത്തില്‍ ഇന്ത്യ  അജയ്യമായി നില നില്‍ക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്.ഇന്ത്യ നമ്മുടെ മണ്ണാണ്, മണ്ണിന്റെ വില മണ്ണിന്റെ വിലയാണ്. ആത്മാവിന്റെ വില ആത്മാവിന്റെ വിലയാണ്. ഇത് രണ്ടും തിരിച്ചറിയുന്നവരാണ് നമ്മള്‍. മനുഷ്യന്‍ എന്ന് പറയുന്നത് ശരീരം മാത്രമല്ല, മനസ്സാണ്, ബുദ്ധിയാണ്, ആത്മാവാണ്. ആത്മാവിന് എല്ലായിടത്തും പ്രാമുഖ്യം കിട്ടേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ലോകത്താകെ ജനങ്ങള്‍ പോരാടുന്നത്, ആത്മാവിന്റ സ്വാതന്ത്ര്യത്തിന് വേണ്ടി.

ബ്രിട്ടീഷുകാരന്‍ നമ്മുടെ നാട് ഭരിച്ചു. നമ്മുടെ നാട്ടില്‍ വികസനമുണ്ടാക്കി, പക്ഷേ നമ്മുടെ ഹൃദയത്തിന് അവന്‍ സ്വീകാര്യനായിരുന്നില്ല. നമ്മെ നമ്മളാല്‍ ഭരിക്കപ്പെടമെന്ന് നാം ആഗ്രഹിച്ചു. അത് ഏതൊരു മനുഷ്യന്റെയും സ്വാതന്ത്ര്യമാണ്. ഞാന്‍ ഈ മണ്ണിന്റെ ഭാഗമാണ് എന്ന് പറയുന്നത് മനുഷ്യന്റ നിലപാടാണ്. അവന്റെ സമീപനമാണ്. അത് ജഡരൂപിയായ ഒന്നല്ല ,അത് ആദ്ധ്യാത്മികമായിട്ടുള്ള ഒന്നാണ്. അത് സംരക്ഷിക്കാനാണ് ലോകത്താകെ സമരങ്ങളും വിപ്ലവങ്ങളുമുണ്ടായിട്ടുള്ളത്.ഇന്ത്യയിലുമതുണ്ടായി. ബ്രിട്ടീഷുകാരന്‍ നാട് ഭരിക്കുമ്പോള്‍ നമ്മള്‍ ഇന്നനുഭവിക്കുന്നതില്‍ കൂടുതല്‍ പട്ടിണി അനുഭവിച്ചിരുന്നില്ല, പക്ഷേ നാം ആത്മാവിന്റെ സുഖം അനുഭവിച്ചില്ല. അന്യന്‍ എന്നെ ഭരിക്കുന്നുവെന്ന വല്ലാത്ത അസ്വസ്ഥത നമ്മുടെ ഉറക്കം കെടുത്തി. നാം ഉണര്‍ന്നിരുന്ന് വിദേശിയെ തുരത്താന്‍ കഠിന പ്രയത്‌നം നടത്തി. അങ്ങനെ ഒരുപാട് ജീവാര്‍പ്പണം നടത്തി നേടിയെടുത്തതാണീ സ്വാതന്ത്ര്യം.

മനുഷ്യന്റ ബുദ്ധിക്ക് സ്വാതന്ത്ര്യം കിട്ടണം എന്നത് ഏത് മനുഷ്യന്റെയും ബുദ്ധി അവനോട് പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണ്: ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, ചിന്തിക്കുന്നത് പുറത്ത് പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. അത് മനുഷ്യന്റെ സ്വത്വത്തിന്റെ ഭാഗമാണ്. അതില്ലെങ്കില്‍ പിന്നെ മനുഷ്യനില്ല, ജഡമാണുള്ളത്. ജഡമാണെങ്കിലോ അതൊരുപിടി മണ്ണ് മാത്രമാണ്.

നാം ഈ രാജ്യത്തിന്റെ അഭിമാനകരമായ അസ്ഥിത്വത്തിന്ന് വേണ്ടി നില കൊള്ളുന്നു. വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ രാജ്യം.ഒരുപാട് ഭാഷകള്‍, പാരമ്പര്യങ്ങള്‍, ദേശീയതകള്‍. എല്ലാം ഒന്നാക്കി മുന്നോട്ട് പോകുന്ന പൂവാടിയാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയുടെ സൗന്ദര്യം തന്നെ ഈ വൈവിധ്യമാണ്. ആ വൈവിധ്യത്തിന്റെ പിന്നില്‍ എല്ലാ ജനവിഭാഗങ്ങളും ആസ്വദിക്കുന്ന ഔത്സുഖ്യവും സ്വാതന്ത്യ ബോധവുമാണ് നമ്മുടെ ഇന്ത്യ. ഏതൊരുല്‍പ്പന്നത്തിനും ലോക മാര്‍ക്കറ്റില്‍ ഒരു വിലാസമുണ്ട്. ഇന്ത്യയുടെ വിലാസം സഹിഷ്ണുതയും ആദ്ധ്യാത്മിക മുഖവുമാണ്. ഇന്ത്യയുടെ  ആദ്ധ്യാത്മിക മുഖം നശിച്ച് പോകുന്നുവോയെന്ന് എല്ലാവരും ഭയപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനാണ് ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ ശ്രമിക്കേണ്ടത്. ആ ശ്രമമാണ് ദേശസ്‌നേഹമെന്ന് നാം വിളിക്കുന്നത്. അതിനപ്പുറമുള്ള ഒരു നീക്കത്തേയും ദേശസ്‌നേഹമായി കാണാന്‍ ബുദ്ധിയുള്ളവര്‍ക്ക് സാധിക്കില്ല.

ഇന്ത്യക്കൊരു ചരിത്രവും പാരമ്പര്യവുമുണ്ട്. ലോക രാജ്യങ്ങള്‍ക്കിടയില്‍ മഹാനായ ജവഹര്‍ലാല്‍ നഹ്‌റുവിന്റെ നേതൃത്വത്തില്‍ അന്തസ്സുള്ള രാജ്യമായി ഇന്ത്യ നിലകൊണ്ടു. ചേരിചേരാ പ്രസ്ഥാനം ദീര്‍ഘകാലം നിലകൊണ്ടു. അന്ന് ലോകത്തിന്റെ നേതൃത്വം  ഒരര്‍ത്ഥത്തില്‍ ഇന്ത്യയുടെ കൈയിലായിരുന്നു. ആ പാരമ്പര്യത്തിന്റെ മാഹാത്മ്യം ലോകജനത അനുഭവിച്ച് വന്നിട്ടുള്ളതാണ്. ആ അനുഭവം ഇന്ന് തമസ്‌കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ചരിത്രമായിത്തീരുന്നുവെന്നത് വേദനാജനകമായ കാര്യമാണ്. ആ വേദന എല്ലാവിഭാഗം ജനങ്ങളുമുള്ള ഈ സദസ്സ് പങ്ക് വെക്കുകയാണ്. നമ്മള്‍ അല്ലാഹുവിനോട് ഈ രാജ്യത്തെ അതിന്റെ തനത് കാലില്‍ നിലനിര്‍ത്തണേയെന്ന് പ്രാര്‍ത്ഥിക്കുകയാണ്.

ഈ രാജ്യം സാഹോദര്യത്തിന്റെ രാജ്യമാണ്, കൂട്ടായ്മയുടെ രാജ്യമാണ്, മനുഷ്യത്വത്തിന്റ രാജ്യമാണ്, പുരോഗതിയുടെ രാജ്യമാണ്. ഈ നാട്ടില്‍ ഒരു പാട് ജനവിഭാഗങ്ങളുണ്ട്. പല തരം വിശ്വാസം കൊണ്ട് നടക്കുന്നവരുണ്ട്. വിശ്വാസമെന്ന് പറയുന്നത് മനുഷ്യന്‍ അവന്റെ മനസ്സില്‍ സൂക്ഷിക്കുന്ന സോഫ്റ്റ് വെയറാണ്, ഒരു ചിന്തയാണ്. അത് കൊണ്ട് നടക്കാനുള്ള മനുഷ്യന്റ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കെങ്കിലും  സാധിക്കുന്നുവെന്നത് ജല്‍പ്പനം മാത്രമാണ്. ഞാനെന്ത് വിശ്വസിക്കുന്നുവെന്നത് ലോകത്താര്‍ക്കും ഇത് വരെ പുറത്തെടുക്കാനും അതിന്റെ പേരില്‍ ഫിസിക്കലായി പിടികൂടാനും സാധ്യമല്ല. ആളുകള്‍ ഊഹിക്കുകയാണ്. ഊഹങ്ങളണ്ടാക്കി ഫാഷിസത്തിലേക്ക് രാജ്യത്തെ കൊണ്ട് പോകാന്‍ ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങള്‍ക്കെതിരെ നാം ബുദ്ധിപരമായി പോരാടേണ്ടതുണ്ട്. അല്ലെങ്കില്‍ രാജ്യം നശിച്ച് പോകും.
അതേസമയം ആ പോരാട്ടം രാജ്യത്തെ നശിപ്പിച്ച് കൊണ്ടാവാന്‍ പാടില്ല. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും അംഗീകരിച്ച് കൊണ്ട് തന്നെയായിരിക്കണം ഓരോ നീക്കങ്ങളും. നമുക്ക് രാജ്യം പ്രധാനമാണ്.രാജ്യത്ത് നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും പ്രധാനമാണ്.

മുസ്ലിംകളെന്ന നിലയില്‍ നമുക്കത് അതീവ പ്രധാനമാണ്. ഖുര്‍ആനില്‍ ഒരു പരാമര്‍ശമുണ്ട്. കഅബ മന്ദിരം ചൂണ്ടി ദൈവം തമ്പുരാന്‍ പറയുകയാണ്,'ഈ ഗേഹത്തിന്റെ തമ്പുരാനെ നിങ്ങള്‍ ആരാധിക്കണം. ആ തമ്പുരാന്‍ നിങ്ങള്‍ക്ക് നിര്‍ഭയത്വം നല്‍കിയവനാണ്,ആ തമ്പുരാന്‍ നിങ്ങള്‍ക്ക് ഭക്ഷണം തന്നവനാണ്'.

ഭക്ഷണം തന്ന് ശരീരത്തെ സംരക്ഷിച്ച്,നിര്‍ഭയം നല്‍കി ആത്മാവിനെ സംരക്ഷിച്ച് ലോകത്തെ പരിപാലിക്കുന്ന തമ്പുരാന്റെ ഗേഹത്തിലേക്ക് തിരിഞ്ഞ് പ്രാര്‍ത്ഥിക്കണമെന്ന് ദൈവം നമ്മോട് പറയുന്നു.
മനുഷ്യന് നിര്‍ഭയരായി ജീവിക്കാനുള്ള അവകാശം, മനുഷ്യന്റെ ബുദ്ധിയില്‍ മനുഷ്യന്‍ നിനച്ചിരിക്കാതെ ഇറങ്ങി വരുന്ന ചിന്തയും ബോധവും സംരക്ഷിക്കുക, അതിന്റെ പേരില്‍ ഭീഷണികള്‍ നേരിടാതിരിക്കുക, സ്വതന്ത്രമായി ചിന്തിക്കുക: അതിന് വേണ്ടിയുള്ള മനുഷ്യന്റെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുക. അത് തന്ന തമ്പുരാനെ പ്രാര്‍ത്ഥിക്കുക. അത് തരാത്ത തമ്പുരാന്‍ പ്രാര്‍ത്ഥനക്കര്‍ഹനല്ല,അത് തരാത്ത ഏത് ശക്തിയും അനുസരണക്കര്‍ഹനല്ല.

രാഷ്ട്രീയമായ അപചയങ്ങളും മാറ്റങ്ങങ്ങളും ഉണ്ടങ്കിലും രാഷ്ട്രം അജയ്യമായി നില നില്‍ക്കുക തന്നെയാണ്. ഈ രാജ്യത്തെ തകര്‍ക്കാന്‍ അകത്തും പുറത്തുമുള്ള ഒരു ശക്തിക്കും സാധ്യമല്ല.ഈ പ്രഭാതത്തില്‍ അറിവ് പഠിക്കന്ന ഈ കുട്ടികളെ സാക്ഷിയാക്കി നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു: 'ഈ രാജ്യത്തെ നീ നശിപ്പിക്കല്ലേ തമ്പുരാനേ... '

ഈ രാജ്യത്ത് ശാന്തമായി, സുഭിക്ഷമായി ജീവിക്കാനുള്ള അവകാശം വേണം മനുഷ്യന്.രാജ്യം ഭരിക്കുന്ന ആളുകളുടെ ചുമതല സുഭിക്ഷതയും ക്ഷേമവും ഉറപ്പ് വരുത്തുക എന്നതാണ്. ഇസ്ലാമിക ഖിലാഫത്തിന്റെ ചരിത്രത്തില്‍ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് എന്ന മഹാനായ ഒരു ഭരണാധികാരിയുണ്ടായിരുന്നു.19 മാസമായിരുന്നു അദ്ദേഹം രാജ്യം ഭരിച്ചിരുന്നത്.പെട്ടന്ന് മരണപ്പെട്ട് പോയി.പക്ഷേ ഈ കാലം 19 നൂറ്റാണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. അദ്ദേഹം പ്രവിശ്യാ ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ പറയുന്നു: പര്‍വ്വതങ്ങളുടെ ഉഛിയില്‍ പോയി നിങ്ങള്‍ ധാന്യങ്ങള്‍ വിതറണം. ഇസ്ലാമിക ഭരണം നടക്കുന്ന ഒരു രാജ്യത്ത് പക്ഷികള്‍ കൊത്തിപ്പെറുക്കാന്‍ ധ്യാനങ്ങളില്ലാതെ ചത്തുപോയി എന്ന് പറയപ്പെടരുത്. എല്ലാവര്‍ക്കും ക്ഷേമം, ശാന്തി, എല്ലാവര്‍ക്കും ഭക്ഷണം,വികസനം, അതിന് വേണ്ടിയാവണം സര്‍ക്കാറുകള്‍ നില കൊള്ളേണ്ടത്. അതിന് വേണ്ടിയാവണം നാം സര്‍ക്കാറുകളെ തെരെഞ്ഞെടുക്കേണ്ടത്. അതിന് വേണ്ടിയാവണം നാം സര്‍ക്കാറുകളെ പിന്തുണക്കേണ്ടത് .

യുവാക്കളോടും യുവതികളോടും ഞാന്‍ പറയുകയാണ്: ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന ഒരുപാട് അനാവശ്യ ചര്‍ച്ചകളുണ്ട്, ആ ചര്‍ച്ചകള്‍ നിങ്ങളുടെ യുവത്വത്തെ ഒരു തരത്തിലും ബാധിക്കരുത്. നിങ്ങള്‍ യുവാക്കളും യുവതികളും ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ്.ഈ രാജ്യത്ത് കൂടുതല്‍ വികസനമുണ്ടാക്കാനുള്ള, ഈ നാട്ടില്‍ പരിഷ്‌കൃത ആശയങ്ങള്‍ സ്ഥാപിക്കാനുള്ള ബുദ്ധിപരമായുള്ള സമരങ്ങള്‍, പോരാട്ടങ്ങള്‍ നടത്തേണ്ടവരാണ് നിങ്ങള്‍.ക്ഷുദ്ര ചിന്തകളിലും അനാവശ്യമായ ഭീതിയിലും ബുദ്ധിയും യുവത്വവും നശിപ്പിക്കേണ്ടവരല്ല നിങ്ങള്‍. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നിങ്ങള്‍ പണിയെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്ല പോലെ പഠിച്ച് രാജ്യ നിര്‍മ്മിതിക്ക് ഉതകുന്ന ഉത്തമ പൗരന്മാരാവണം.

ക്ഷേമ രാജ്യത്തിനായി അദ്ധ്വാനിക്കുക നാം. രാജ്യം നിര്‍മ്മിക്കുക നാം. അതാണ് നമ്മുടെ ഉത്തരവാദിത്തം. അതിന് വേണ്ടി അദ്ധ്വാനിക്കുമ്പോള്‍ യുവാക്കളും യുവതികളും മറ്റൊന്നും ചിന്തിക്കാതെ രാജ്യ നിര്‍മ്മാണത്തിന് വേണ്ടി മുന്നോട്ട് പോവുക. അതിന്റെ അപ്പുറത്ത് മത, ആദ്ധ്യാത്മിക ചിന്തകളും ദര്‍ശനങ്ങളും ആര്‍ക്കും ഒരു കുഴപ്പമില്ലാതെ നിങ്ങളുടെ തലയില്‍ മുളക്കുന്നതും നിങ്ങളില്‍ ഒതുങ്ങിയതുമാണ്.

ദൈവാനുഗ്രഹത്താല്‍ രാജ്യം മുന്നോട്ട് പോകുകയാണ്. നമുക്ക്  ജനാധിപത്യമുണ്ട്. ആ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുണ്ട്. ആ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. നമ്മള്‍ സമാധാനിക്കുക. വ്യതിയാനങ്ങളും പാളിച്ചകളും രാഷ്ട്രീയ വീക്ഷണത്തിന്റെ പുറത്തുണ്ടാകുന്ന അനര്‍ത്ഥങ്ങളും ജനാധിപത്യം കൊണ്ടും രാഷ്ട്രീയം കൊണ്ടും നേരിടാനുള്ള ശ്രമം മാത്രമാണ് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. എന്ത് കുഴപ്പമുണ്ടങ്കിലും നമ്മുടെ രാജ്യം ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പട്ട സര്‍ക്കാറാണ് ഭരിക്കുന്നത്, പട്ടാള ഭരണമില്ല, ഏകാധിപത്യമില്ല.

രാജ്യത്ത് എകാധിപത്യ പ്രവണത വളര്‍ന്ന് വരുന്നത് നാം നിരുല്‍സാഹപ്പെടുത്തേണ്ടതും പരിഷ്‌കൃത ആശയങ്ങള്‍ നാം ഉള്‍ക്കൊള്ളേണ്ടതുമാണ്. വ്യക്തിപൂജകള്‍ നാം ഉപേക്ഷിക്കേണ്ടതാണ്.
ഇസ്ലാമിക ഖിലാഫത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അന്നത്തെ വന്‍ ശക്തിയായിരുന്ന പേര്‍ഷ്യയോട് ഒരു സമരത്തിലേര്‍പ്പെട്ടപ്പോള്‍ പേര്‍ഷ്യയുടെ സര്‍വ്വ സൈന്യാധിപനായ റുസ്തും ചോദിച്ചു: നിങ്ങളുടെ മാനിഫെസ്റ്റോ എന്താണ്? അപ്പോള്‍ ഖിലാഫത്തിന്റെ സമര നായകന്റ മറുപടി: വ്യക്തി പൂജ അവസാനിപ്പിച്ച് ദൈവിക ആരാധന വരണം, മതങ്ങളുടെയും ദര്‍ശനങ്ങളുടെയും പേരിലുള്ള അക്രമങ്ങളും അനീതിയും അവസാനിപ്പിക്കണം. ജീവിതത്തില്‍ ക്ഷേമം വേണം. ഇതിന് വേണ്ടിയാണ് ഞങ്ങള്‍ വന്നത് എന്നായി രുന്നു. ആ പാതയില്‍ മുന്നോട്ട് പോയപ്പോഴാണ് പ്രവിശ്യാ ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ പര്‍വ്വതങ്ങളുടെ ഉഛിയില്‍ പോയി ധാന്യങ്ങള്‍ വിതറാന്‍ നിര്‍ദേശിച്ചത്. രാജ്യത്ത് പക്ഷികള്‍ ധ്യാനങ്ങളില്ലാതെ ചത്തുപോയി എന്ന് പറയപ്പെടരുത് എന്ന ചിന്തയുണ്ടായത്.

ഇങ്ങനെയുള്ള ഉത്കൃഷ്ടമായ രാജ്യം.അത്തരമൊരു രാജ്യത്തിന്റെ സൃഷ്ടിക്ക് വേണ്ടിയാണ് നാം ശ്രമിക്കുന്നത്.അത്തരമൊരു രാജ്യത്തിന്റെ സൃഷ്ടിയാണ് രാഷ്ട്രപിതാവ് ഗാന്ധിജി സ്വപ്നം കണ്ടത്. അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു;ഖലീഫ ഉമറിന്റെ ഭരണം ഈ രാജ്യത്ത് ഉണ്ടാകണമെന്ന്.നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങനെ സ്വപ്നം കാണുക.നമ്മുടെ ആത്മാവിന്റെയും ബുദ്ധിയുടെയും മതത്തിന്റെയും കാര്യം നമ്മിലൊതുങ്ങിയതാണ്.അത് നമുക്ക് കൈകാര്യം ചെയ്യാം,നമുക്ക് മാത്രമായി കൈകാര്യം ചെയ്യാം.

രാജ്യം അജയ്യമായി സുശക്തമായി നിലനില്‍ക്കേണ്ടതാണ്. രാജ്യത്തിന് പോറലേല്‍ക്കരുത് .രാജ്യം അയല്‍ രാജ്യങ്ങളില്‍ നിന്നും വിഘടന വാദികളില്‍ നിന്നും ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്.

നമ്മുടെ രാജ്യം അജയ്യമായി സുശക്തമായി എക്കാലവും നില നില്‍ക്കേണ്ടതാണ്.  സ്വാതന്ത്രത്തിന്റെ ഈ പുലരിയില്‍ കുട്ടികളും, വലിയവരും യുവാക്കളും, യുവതികളും, അധ്യാപകരും അടങ്ങിയ ഈ കൂട്ടായ്മ പ്രഖ്യാപിക്കുകയാണ്: ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി നില കൊള്ളും.

ജയ് ഹിന്ദ്, ജയ് ഹിന്ദ്
സര്‍വ്വ സ്തുതികളും അല്ലാഹുവിനാണ്. അസ്സലാമു അലൈകും.

(വളാഞ്ചേരി മര്‍ക്കസ് കാമ്പസില്‍ നടത്തിയ സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം)

കേട്ടെഴുത്ത്:
ജസീല വഫിയ്യ അമ്പലക്കണ്ടി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter