വിനയം വിജയത്തിലേക്കുള്ള വഴി
''റസൂല്‍ (സ) പറഞ്ഞു: നിശ്ചയം, നിങ്ങള്‍ വിനയം കാണിക്കുവാന്‍ അല്ലാഹു എനിക്ക് ദിവ്യബോധനം നല്‍കിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരാളും മറ്റൊരാളുടെ മേല്‍ അഭിമാനം നടിക്കുകയോ ആരും ആരുെടനേര്‍ക്കും അക്രമം നടത്തുകയോ ഇല്ല''. (മുസ്‌ലിം).
മനുഷ്യന്‍ എല്ലാനിലക്കും ബലഹീനനാണ്. ദുര്‍ബലമാണ് അവന്റെ ശരീരം. അവന്‍ നേടിയെടുക്കുന്ന അറിവും വിദ്യയുമെല്ലാം വളരെ തുച്ഛമാണ്. ഈ വസ്തുതകളെല്ലാമുണ്ടായിരിക്കെയും സൃഷ്ടികളില്‍ ദൈവികമായി നല്‍കപ്പെട്ട ഒരു വിശിഷ്ട സ്ഥാനം മനുഷ്യനുണ്ടെന്നത് വാസ്തവമാണ്. പരിശുദ്ധ വേദഗ്രന്ഥത്തിലൂടെ അല്ലാഹു മനുഷ്യന്റെ ബലഹീനതയെ തുറന്നുകാട്ടുന്നുണ്ട്. ''മനുഷ്യന്‍ ദുര്‍ബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്'' എന്ന ഖുര്‍ആന്‍ വാക്യത്തിലൂടെ ഈ വസ്തുതയാണ് അല്ലാഹു മനുഷ്യനെ ധരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം നിലയും വിലയും മനസിലാക്കിക്കൊണ്ട് വളരെ വിനീതനായ ഒരു അടിമയായിട്ടായിരിക്കണം അവന്‍ തന്റെ ജീവിതം മുമ്പോട്ടുനീക്കേണ്ടത്. മേലുദ്ധരിച്ച പ്രവാചക വചനം വെളിച്ചംവീശുന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്.
എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം വിജയത്തിലേക്കുള്ള ഋജുവായ മാര്‍ഗമാണ്. നേര്‍വിപരീതങ്ങളായ അഹന്തയും ദുരഭിമാനവും അഹങ്കാരവും മനസില്‍വെച്ച് ജീവിക്കുന്നവന് അവസാനം പരാജയം രുചിക്കേണ്ടിവരും. ഇത് ഒരു സര്‍വാംഗീകൃത സത്യമായതിനാല്‍തന്നെ തെളിവുകള്‍ക്കും ഉദാഹരണങ്ങള്‍ക്കും പഞ്ഞമില്ല. മനുഷ്യനെ സര്‍വ തിന്മകളിലേക്കും നയിക്കുന്ന ദുഃശക്തിയായ പിശാച് അഹങ്കാരത്തിന്റെ സൃഷ്ടിയാണ്. ആദിപിതാവ് ആദം (അ) സുവനലോകത്ത് വെച്ച് സൃഷ്ടിക്കപ്പെടുകയും അദ്ദേഹത്തിന് സ്രഷ്ടാവ് ദൈവദത്തമായ പല ജ്ഞാനങ്ങളും നല്‍കുകയും ചെയ്തു. അങ്ങനെ മാലാഖമാരോട് ചരാചരങ്ങളുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ സ്രഷ്ടാവിന്റെ ഭാഗത്തുനിന്നുമുണ്ടായ കല്‍പ്പനക്കു മുമ്പില്‍ അവര്‍ക്കു കൈമലര്‍ത്തേണ്ടിവന്നു. ഒടുവില്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം ആദം (അ) ചരാചരങ്ങളെക്കുറിച്ച് തനിക്ക് നല്‍കപ്പെട്ട വിവരങ്ങള്‍ മലക്കുകള്‍ക്ക് പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹത്തിനു സാഷ്ടാംഗം നമിക്കാന്‍ മലക്കുകള്‍ കല്‍പ്പിക്കപ്പെടുകയും അവര്‍ വിനയാന്വിതരായി ആ ദൈവീക കല്‍പ്പന ശിരസാവഹിക്കുകയും ചെയ്തു. ഇവിടെ മലക്കുകളുടെ ഗുരുനാഥന്‍ ഇബ്‌ലീസിനു ഈ നടപടിയോട് യോജിക്കാന്‍ കഴിഞ്ഞില്ല. തല്‍ഫലമായി അവന്‍ സുജൂദ് ചെയ്യാതെ അറച്ചു നില്‍ക്കുകയാണ് ചെയ്തത്. ഇതു ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ 'മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ആദമിനേക്കാള്‍ ആഗ്നേയനായ താന്‍ ഏറ്റവും ശ്രേഷ്ടനാണെന്നും അവന് മുമ്പില്‍ സുജൂദ് ചെയ്യാന്‍ താനൊരുക്കമല്ലെ'ന്നുമുള്ള തികച്ചും ധിക്കാരപൂര്‍ണമായ പ്രതികരണമാണ് ഇബ്‌ലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. തന്റെ അഹങ്കാരത്തിന്റെ ഫലമായി, ഒടുവില്‍ അത്യുന്നതമായ സ്വര്‍ഗലോകത്തുനിന്നും പിശാച് പടിയിറക്കപ്പെട്ടു. വിനയാന്വിതരായി തങ്ങളുടെ നാഥന്റെ ആജ്ഞാനുവര്‍ത്തികളായി നിലക്കൊണ്ട മാലാഖമാര്‍ ഇന്നും അത്യുന്നതങ്ങളില്‍ സ്രഷ്ടാവിനെ പ്രകീര്‍ത്തിച്ചുകൊണ്ടു കഴിഞ്ഞുകൂടുന്നു.
ഹൃദയത്തെ പിടികൂടുന്ന അതിമാരകമായ വിപത്താണ് അഹങ്കാരമെന്ന രോഗം. അതുവഴി മനുഷ്യനില്‍ നിന്നും ആത്മാര്‍ത്ഥതയും ആദിയായ സല്‍സ്വഭാവങ്ങളും എടുത്തുമാറ്റപ്പെടുന്നു. പകരം ലോകമാന്യവും അനുസരണക്കേടും ധിക്കാരവും ദുര്‍വാശിയും പോലുള്ള ദുശ്ശീലങ്ങളാണ് അവന്റെ മനസിലേക്ക് സന്നിവേശിക്കപ്പെടുന്നത്. അവസാനം പ്രവര്‍ത്തനങ്ങളിലൊന്നും വിജയം കാണാന്‍ സാധിക്കാതെ സ്വയം നശിക്കേണ്ടുന്ന ഗതികേടിലേക്ക് മനുഷ്യനെ അത് വലിച്ചിഴക്കുക തന്നെ ചെയ്യും. ഇവിടെ തന്റെ കഴിവുകേടുകള്‍ തിരിച്ചറിഞ്ഞ് തനിക്ക് സ്വന്തമായി ഒന്നിനും കഴിയില്ലെന്ന ബോധത്തോടെ എല്ലാം ദൈവഹിതം പോലിരിക്കുമെന്ന് മുന്‍വിധിയോടെ വളരെ താഴ്മയോടെ കാര്യങ്ങളെ സമീപിക്കുമ്പോള്‍ അതില്‍ സ്രഷ്ടാവിന്റെ അനല്‍പമായ സഹായങ്ങളുണ്ടാവുകയും കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതിലുമുപരി ശുഭപര്യവസായികളായിത്തീരുകയും ചെയ്യുന്നു.
''ഒരടിമയും വിനയം കാണിച്ചിട്ടില്ല; അല്ലാഹു അവനെ ഉയര്‍ത്തിയിട്ടല്ലാതെ'' എന്ന അര്‍ത്ഥംദ്യോതിപ്പിക്കുന്ന ഹദീസ് വചനം വ്യക്തമാക്കുന്നതും താഴ്മയിലെ വിജയരഹസ്യമാണ്. ഇവിടെ മറ്റൊരു സുപ്രധാനമായ വസ്തുതയുണ്ട്, അഥവാ, വിനയവും ലാളിത്യവും അറിവിന്റെ അടയാളമാണെന്ന സത്യം ഇവിടെ വിസ്മരിക്കാവതല്ല. അറിവിന്റെ തോത് കൂടുന്നതിനനുസരിച്ച് അടിമയുടെ ശിരസ് താഴ്ന്നുകൊണ്ടേയിരിക്കും. എന്നാല്‍, അജ്ഞത കൂടുതല്‍ കൂടുതല്‍ അഹങ്കാരത്തിനു വിത്തിടുകയാണ് ചെയ്യുന്നത്. ലോക സൃഷ്ടിക്ക് തന്നെ ഹേതുവായിരുന്നിട്ടും കൂടി സാധാരണക്കാരില്‍ ഒരുവനായി ജീവിച്ച പ്രവാചക തിരുമേനി താഴ്മയുടെയും ലാളിത്യത്തിന്റെയും ആള്‍ രൂപമായിരുന്നു.
Leave A Comment