മുസ്‌ലിം സ്പെയിനിലെ ഹദീസ് വസന്തം
ഹിജ്‌റ 92 ൽ ത്വാരിഖ് ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം വിജയ ശ്രീലാളിതരായി സ്പെയിനിൽ പ്രവേശിക്കുമ്പോൾ അത് അന്ദലുസിയൻ ജനതക്ക് അടിമത്വത്തിൽ നിന്നുള്ള മോചനത്തിന് പുറമെ വൈജ്ഞാനിക മേഖലയിലേക്കുള്ള പുതിയ കാൽവെപ്പ് കൂടിയായിരുന്നു. ഇസ്‌ലാം അവിടെ ശക്തവും സുദൃഢവുമായൊരു ഭരണകൂടം സ്ഥാപിച്ചെടുത്തപ്പോൾ അത് അന്ദുലേഷ്യയുടെ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മുന്നേറ്റങ്ങൾക്കുള്ള ഹേതുവാകുകയും അവിടെയാകമാനം വൈജ്ഞാനികാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഒരുപാട് പേർ അറിവ് തേടി പല ദിക്കുകളിലേക്കും യാത്ര തിരിച്ചു. മതിവരുവോളം വിജ്ഞാനം സമ്പാദിച്ച ശേഷം അന്ദലൂസിൽ വന്ന് അധ്യാപനം നടത്തി. ഇത് സ്പെയിനിന്റെ വൈജ്ഞാനിക മുന്നേറ്റത്തിനുള്ള പ്രധാന കാരണമായി മാറി. അങ്ങനെ പ്രഗൽഭരായ നിരവധി പണ്ഡിതരെ ലോകത്തിന്റെ വൈജ്ഞാനിക മണ്ഡലത്തിലേക്ക് മുസ്‍ലിം സ്പെയിൻ സംഭാവന ചെയ്തു.
മുസ്‌ലിം സ്പെയിനിന്റെ എല്ലാ ദിക്കുകളും അറിവിന്റെ പറുദീസകളായി മാറി. ഖുർതുബയും ഗ്രാനഡയും ഇശ് ബീലിയയും വിജ്ഞാന പ്രഭകൊണ്ട് ലോകത്തിനു മുമ്പിൽ തലയെടുപ്പോടെ നിന്നു. അന്ദലുസ്യൻ ജനത ഒരുപാട് വൈജ്ഞാനിക മേഖലകളുമായി ഇടപഴകിയിരുന്നെങ്കിലും ഹദീസ് അതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഹദീസ് പഠിക്കുവാനും അത് പഠിപ്പിക്കുവാനും അവർ അഹോരാത്രം പരിശ്രമിക്കുന്നവരായിരുന്നു.
ഹദീസിനെ മുസ്‌ലിം സ്പെയിനിലെത്തിച്ചത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. ഒന്ന്, അറിവ് തേടിയുള്ള യാത്രകൾ. ആദ്യ കാലത്ത് പണ്ഡിതർ പലദിക്കുകളും താണ്ടി അറിവ് സമ്പാദിച്ചു. പിന്നീട് സ്പെയിൻ ഒരു വൈജ്ഞാനിക കേന്ദ്രമായ ശേഷം ഒരുപാടാളുകൾ അറിവന്വേഷിച്ച് സ്പെയിനിലെത്താൻ തുടങ്ങി. രണ്ട്, ഹജ്ജ് യാത്രകൾ, വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഹജ്ജ് യാത്രകൾ ബഗ്‌ദാദ്, കൂഫ, ബസ്വറ, ഹിജാസ് തുടങ്ങിയ ഇസ്‍ലാമിക വിജ്ഞാന കേന്ദ്രങ്ങളിലൂടെയായിരുന്നു. ആ അവസരങ്ങള്‍ അവിടങ്ങളിലെ അറിവ് സമ്പാദനത്തിന് കൂടി അവര്‍ വിനിയോഗിച്ചു. മൂന്ന്, സ്പൈനിലേക്കെത്തിയ മദ്ഹബുകൾ, ആദ്യം മുസ്‍ലിം സ്പെയിനിലെത്തിയത് ഔസാഈ മദ്ഹബാണ്. ഈ മദ്ഹബിലെ പണ്ഡിതർ അവിടെ വിവിധ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് തിരികൊളുത്തി. അതിനു ശേഷം മാലികി മദ്ഹബ് സ്പെയിനിലെത്തിയതോടെ ഹദീസിലെ പ്രധാന പണ്ഡിതരെയും പ്രധാനപ്പെട്ട കിതാബുകളെയും സ്പെയിൻ പരിചയപ്പെട്ടു.
ഖുർതുബ (കൊർഡോബ)
അന്ദുലുസിന്റെ തലസ്ഥാന നഗരിയായി നിലകൊണ്ടിരുന്ന ഖുർതുബ അബ്ദുറഹ്മാൻ അദ്ദാഖിലിന്റെ (عبد الرحمن الداخل) കീഴിൽ വന്നപ്പോഴാണ് സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നിരവധി പണ്ഡിത ശ്രേഷ്ഠരും ചിന്തകരും വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചപ്പോൾ ഇസ്‍ലാമിക വൈജ്ഞാനിക കേന്ദ്രങ്ങൾക്കിടയിൽ ഖുർതുബയും സ്ഥാനം പിടിചു. അബ്ദുറഹ്മാൻ അൽദാഖിലിന് ശേഷം മുസ്‌തൻസിർ ബില്ല (المستنصر بالله) വന്നപ്പോഴാണ് ഖുർതുബ വൈജ്ഞാനിക മേഖലയിൽ ഏറ്റവും കൂടുതൽ പ്രശോഭിച്ചത്.
ഖുർതുബയിലെ പ്രധാന ഹദീസ് പണ്ഡിതർ
01. യഹ്‌യ ഇബ്നു യഹ്‌യ അല്ലൈസി (يحيى بن يحيى الليثي)
മുസ്‍ലിം സ്പെയിനിലെ ഹദീസിന്റെ ആഗമനത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച ഇദ്ദേഹമാണ് മുസ്‍ലിം സ്പൈനിലേക്ക് ഹദീസ് കൊണ്ടുവരുന്നത്.
02. ബഖിയ്യ് ഇബ്നു മുഖല്ലദ് (بقي بن مخلد)
മുസ്‍ലിം സ്പെയിനിലെ ഹദീസിന്റെ പതാകവാഹകനായി അറിയപ്പെടുന്ന ബഖിയ്യ് ഇബ്നു മുഖല്ലദ് വിജ്ഞാനം നുകരനായി നടത്തിയ യാത്രകളെല്ലാം പ്രശസ്തമാണ്. ഇല്മിണ് വേണ്ടി ഒരുപാട് ത്യാഗം ചെയ്ത ഇദ്ദേഹം മുസ്‍ലിം സ്പെയിനിന്റെ ഹദീസ് സ്ഥാപകരിലൊരാളായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രചനയായ മുസ്നദ് ഹദീസ് ഗ്രന്ഥങ്ങളിൽ വളരെ പ്രസിദ്ധമാണ്.
അബൂ ഉമർ യൂസഫ് ഇബ്നു അബ്ദില്ല അൽഖുർതുബി
“ഇബ്നുൽബർ” എന്നറിയപ്പെടുന്ന ഇദ്ദേഹം സ്പെയിനിലെ മുഖ്യ ഹദീസ് പണ്ഡിതനും കർമ്മശാസ്ത്ര വിശാരദനുമാണ്. ഇദ്ദേഹം ബഖിയ്യ ഇബ്നു മുഖല്ലദിന് ശേഷം ഹദീസ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വമാണ്. ഹദീസ് വ്യാപനത്തിൽ പ്രധാന പങ്കു വഹിച്ച التمهيد والاستذكار والاستيعاب എന്ന ഗ്രന്ഥം അദ്ദേഹത്തിൻറെ സംഭാവനയാണ്.
ഗർനാഥ (ഗ്രാനഡ)
വൈജ്ഞാനിക കേന്ദ്രങ്ങളിൽ പ്രസിദ്ധമായ ഗ്രാനഡയും ഇസ്‌ലാമിന് ഒരുപാട് പണ്ഡിതന്മാരെ സംഭാവന നൽകിയിട്ടുണ്ട്. വൈജ്ഞാനിക പ്രഭ ഗ്രാനഡയുടെ എല്ലാ ദിക്കുകളിലും എത്തിക്കാൻ വേണ്ടി ആഹാരാത്രം പരിശ്രമിക്കുകയും ഒരുപാട് മദ്രസകളും ലൈബ്രറികളും നിർമ്മിക്കുകയും ചെയ്ത ബനുൽ അഹ്മറിന്റെ കാലത്താണ് ഗ്രാനഡ “ഗർനാഥ” എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വൈജ്ഞാനിക മേഖലയിൽ വിപ്ലവം തീർത്ത ഗ്രാനഡ ഖുർതുബക്ക് ഒട്ടും തന്നെ പിന്നിലായിരുന്നില്ല.
ഗ്രാനഡയിലെ ഹദീസ് പണ്ഡിതർ
അഹ്മദ് ബിൻ മുഹമ്മദ് ബിൻ അബീഖലീൽ മുഫ്രിജ് അൽഅമവി
ഇബ്നുറൂമിയ എന്നറിയപ്പെടുന്ന ഇദ്ദേഹം ഗർനാഥയിലെ വൈജ്ഞാനിക വിപ്ലവത്തിൽ വളരെ വലിയൊരു പങ്കു വഹിച്ച വ്യക്തിത്വമാണ്. رجالة المعلم على زوائد البخاري على مسلم، نظم الدراري തുടങ്ങി പ്രസിദ്ധമായ അനവധി കൃതികൾ ഇദ്ദേഹത്തിൻറെ പേരിലുണ്ട്.
صلة الصلة യുടെ രചയിതാവായ അഹ്മദ് ബിനു ഇബ്രാഹിം അസ്സഖഫിയും ഹദീസ് വ്യാപനത്തിൽ പ്രധാന പങ്കു വഹിച്ച വ്യക്തിത്വമാണ്.
ഇശ്ബീലിയ (സെവിയ്യ)
അറിവിലും സാഹിത്യത്തിലും പ്രശസ്തരായിരുന്ന ബനൂഅബ്ബാദിന്റെ തലസ്ഥാനമായിരുന്ന, അന്തലൂഷ്യൻ പട്ടണങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഇശ്ബീലിയ നഗരം മുസ്‌ലിം സ്പെയിനിലെ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇശ്ബിലിയയിലെ ഹദീസ് പണ്ഡിതർ
അബൂബക്കർ മുഹമ്മദ് ഇബ്നു അബ്ദുല്ലാഹ് അൽ ഇശ്ബീലി
المسالك على موطأ مالك، عارضة الأحوذي، القبس في شرح موطأ مالك بن أنس തുടങ്ങിയ ഗ്രന്ഥങ്ങളുടെ ഉപജ്ഞാതാവായ ഇദ്ദേഹവും അബൂബക്കർ മുഹമ്മദ് ഇബ്നു ഖൈർ ഇബ്നു ഉമർ അൽ അമവിയുമാണ് ഇശ്ബീലിയയിലെ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഖുർതുബ, ഗർനാഥ, ഇശ്ബീലിയ എന്നെ പട്ടണങ്ങൾക്ക് പുറമെ സറഗോസ (zaragoza), വലൻസിയ (valencia), സേറ്റിവ (xativa) തുടങ്ങിയ പട്ടണങ്ങളും വൈജ്ഞാനിക നവോത്ഥാന രംഗത്ത് സജീവമായിരുന്നു.
المصادر والمراجع
1. مدرسة الحديث في الأندلس، مصطفى محمد حميداتو
2. سير أعلام النبلاء،الذهبي
3. التكملة،ابن الأبار
4. تاريخ علماء الأندلس،ابن الفرضي
Leave A Comment