സൂഫികളും സാമൂഹിക നവോത്ഥാനവും

അനുകൂലിച്ചെതിര്‍ത്തും എതിര്‍ത്തനുകൂലിച്ചും നമ്മുടെ സെമിനാര്‍ വേദികളിലും ആനുകാലികങ്ങളിലും തകൃതിയായി ചര്‍ച്ചകള്‍ നടക്കുന്ന ഒരു വിഷയമാണ് ഇസ്‌ലാമിലെ തസ്വവ്വുഫ്. എന്നാല്‍, സൈദ്ധാന്തികതയിലോ താത്വികതയിലോ കുരുങ്ങിക്കിടക്കാതെ, സമൂഹത്തില്‍ തസ്വവ്വുഫ് നടത്തിയ ആന്തരിക വിപ്ലവത്തെ പഠനവിധേയമാക്കിയാല്‍ സമാനതയോ തുല്യതയോ ഇല്ലാത്ത ഒരിടംതന്നെ സൂഫിസത്തിന് വകവെച്ചുകൊടുക്കാന്‍ ആരുംതന്നെ നിര്‍ബന്ധിതരാവും. സമൂഹത്തില്‍ അത്രയും ആഴ്ന്നിറങ്ങിയ ആന്തരിക ശക്തിയാണ് തസ്വവ്വുഫ് എന്നു പറയുന്നത്.
എന്തിനേറെ, കിട്ടിയ പ്രശംസകളും ഏറ്റ വിമര്‍ശനങ്ങളും മാത്രം മാനദണ്ഡമാക്കിയാല്‍ തന്നെ സമൂഹത്തില്‍ തസ്വവ്വുഫിനോളം സാന്നധ്യമറിയിക്കുകയോ സ്വാധീനിക്കുകയോ ചെയ്ത മറ്റൊന്നുംതന്നെ നമുക്ക് കാണുക സാധ്യമല്ല.
യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ മക്കയില്‍ ശിലയിട്ടു തുടങ്ങിയ ഇസ്‌ലാമിക സൗധത്തെ കിഴക്ക് ഇന്തോനേഷ്യ മുതല്‍ പടിഞ്ഞാറ് അത്‌ലാന്റികിന്റെ ഓളങ്ങള്‍വരെ പ്രവിശാലമായ ഒരു ഇസ്‌ലാമിക സാമ്രാജ്യമായി  പണികഴിപ്പിച്ചതും ദേശഭാഷകള്‍ക്കതീതമായി കാലാകാലങ്ങളില്‍ ജീര്‍ണത തീര്‍ത്ത് ഇസ്‌ലാമിനെ ജീവസ്സുറ്റതായി നിലനിര്‍ത്തിയതും ഉപര്യുക്ത സൂഫിസത്തിന്റെ കൊടിവാഹകരാണെന്ന് കാണാം. നാടുകളുടെ വ്യത്യാസമോ ദേശങ്ങളുടെ ഭിന്നതയോ കാലങ്ങളുടെ വൈജാത്യമോ ഒന്നുംതന്നെ ഈ സത്യത്തെ തെല്ലുപോലും ബാധിച്ചില്ലെന്നതും വളരെ ശ്രദ്ധേയമാണ്.
ചരിത്രം തലവെച്ചുറങ്ങുന്ന നാടാണെല്ലോ നമ്മുടേത്. അതുതന്നെ ഉദാഹരണമായി നമുക്ക് ഉദ്ധരിക്കാം. ശൈഖ് മുഈനുദ്ദീന്‍ ചിശ്തി (റ), നിസാമുദ്ദീന്‍ ഔലിയ, മമ്പുറം തങ്ങള്‍ തുടങ്ങി പ്രഥമ സ്ഥാനീയരും അതിപ്രഗല്‍ഭരുമായ അനവധി സൂഫിവര്യന്മാരാണെല്ലോ നമ്മുടെ നാട്ടില്‍ ഇസ്‌ലാമിന് വേരോട്ടമുണ്ടാക്കിയത്. തന്റെ ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയില്‍ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിരീക്ഷിക്കുന്നു:
”ഇന്ത്യയില്‍ ഇസ്‌ലാമിന് ഇത്രയും വേരോട്ടവും പ്രചാരവും നല്‍കിയത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ഒന്നാമത്തേത് അതിന്റെ സൂഫിസവും രണ്ടാമത്തേത് ഇസ്‌ലാമില്‍ മാത്രം കാണുന്ന മനുഷ്യ സമത്വ ബോധവുമാണ്.”
മാത്രമല്ല, കേരളത്തിലെ ഇസ്‌ലാമിക പ്രചാരത്തില്‍ എന്നും വഴിത്തിരിവായി കാണപ്പെടുന്ന ചേരമാന്‍പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷവും തുടര്‍ന്നുണ്ടായ മക്കായാത്രയും, ഹിജ്‌റ ഉരുന്നൂറുകളുടെ ആദ്യത്തില്‍ കൂഫയില്‍നിന്നെത്തിയ അലിയ്യുല്‍ കൂഫിയെന്ന യതിവര്യന്റെ സ്വാധീനം നിമിത്തമാണെന്ന് ചരിത്രം പറയുന്നു.
ദീനിന്റെ പ്രബോധനം പോലെത്തന്നെ അതിന്റെ കാലാകാലങ്ങളിലായുള്ള പരിപാലനത്തിലും ഈ സൂഫീടച്ചിന്റെ അനുഗ്രഹ സ്പര്‍ശം നമുക്ക് കണ്ടെത്താന്‍ കഴിയും. മഹാനായ മുഹ്‌യുദ്ദീന്‍ ശൈഖിന്റെയും  ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെയുമെല്ലാം വാക്കുകള്‍ക്ക് കാതോര്‍ക്കാനും അനുഗ്രഹം കരസ്ഥമാക്കാനും  ലക്ഷോപലക്ഷം ആളുകള്‍ ബാഗ്ദാദിലും അജ്മീരിലുമെല്ലാം ഒരുമിച്ചുകൂടിയ ചരിത്രം എല്ലാവര്‍ക്കും സുപരിചിതമാണെല്ലോ. ആരുടെയെങ്കിലും കാല്‍പനികതയില്‍ തീര്‍ത്തതല്ല ഇത്തരം കാര്യങ്ങള്‍. മറിച്ച്, കാലവും ദേശവും ചരിത്രവുമെല്ലാം സാക്ഷിപറയുന്ന വസ്തുതകളാണ്.
തസ്വവ്വുഫും ആഗോള ഇസ്‌ലാമിക സമൂഹവും തമ്മിലുള്ള ഈ ഇഴചേര്‍ന്ന ബന്ധത്തിന്റെ അഗാധതയിലേക്ക് വെളിച്ചം വീശുന്നതാണ് നമ്മുടെ നാട്ടിലെ അധിക പള്ളികളുടെയും നാമങ്ങള്‍. പഴയ പ്രതാപവും പ്രൗഢിയും കുടികൊള്ളുന്ന പള്ളികളെയും സ്ഥാപനങ്ങളെയും കുറിച്ച് ഒരു സര്‍വേ നടത്തുകയാണെങ്കില്‍  തീര്‍ച്ചയായും ഈ സ്വാധീനത്തിന്റെ ആഴം പുറത്തു കൊണ്ടുവരാന്‍ ഒരു പരിധിവരെ നമുക്ക് സാധിക്കും.
 സാമൂഹ്യ ഇടപെടല്‍
മുസ്‌ലിം സമുദായാംഗങ്ങള്‍ക്ക് ആത്മ ചൈതന്യം പകര്‍ന്നുകൊടുക്കുക മാത്രമായിരുന്നില്ല, ആഗോള തലത്തില്‍തന്നെ സൂഫീവര്യര്‍ നിര്‍വഹിച്ചിരുന്ന ദൗത്യം. മറിച്ച്, മതം തീര്‍ത്ത അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യരെ ഒന്നായി പരിഗണിച്ച് അവരുടെ ആത്മീയവും ഭൗതികവുമായ ദാഹം തീര്‍ത്തുകൊടുക്കലും അവര്‍ നിര്‍വഹിച്ച ബൃഹത്തായ അജണ്ടകളുടെ മര്‍മപ്രധാന ഭാഗം തന്നെയാണ്. കേരളത്തില്‍ അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളെ സാമൂഹികമായി ബോധവല്‍കരിച്ച് അവര്‍ക്കിടയില്‍ നവോത്ഥാനം കൊണ്ടുവന്ന, ഒരുപക്ഷെ, ആദ്യത്തെ ജനകീയ നേതാവ് തന്നെ മമ്പുറം തങ്ങളെന്ന ആത്മീയ ലോകത്തെ തിളങ്ങുന്ന നക്ഷത്രമായിരിക്കും. എന്നാല്‍, ശൈഖ് മുഈനുദ്ദീന്‍ ചിശ്തിയും ശൈഖ് ജീലാനിയും ഈ ദൗത്യനിര്‍വഹണത്തിന്റെ രാഷ്ട്രാന്തരീയവും ദേശീയ നായകന്മാരുമാണെങ്കില്‍ മമ്പുറം തങ്ങളും ഉമര്‍ഖാസിയുമെല്ലാം ഇതിന്റെ കേരളീയ മുഖങ്ങളാണ്.


Also Read:മമ്പുറം തങ്ങള്‍: നാടുണര്‍ത്തിയ നവോത്ഥാനം


ഇവിടെയും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത സൂഫീ ധാരകള്‍ നിര്‍വഹിച്ച ദൗത്യത്തിന്റെ ഒഴുക്ക് കണ്ടെത്താനാവും. ഒരുപക്ഷെ, അതിന്റെ വ്യാപ്തിയും ആഴവും വിശാലതയും അളക്കാന്‍ ഒരു മാപിനിയും നമ്മുടെ കയ്യിലില്ലെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ഉചിതമാവുക. സൂഫിവര്യരുടെ ഇടപെടലിന്റെ പുണ്യം അതത് കാലത്തെ അധിനിവേശവിരുദ്ധ സമരരംഗത്തുപോലും പ്രഫുല്ലതയോടെ തെളിഞ്ഞു നിന്നിരുന്നു.

നമ്മുടെ ദേശീയ സമരം തന്നെ എടുത്തുനോക്കുക. ഇതിന് അനവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ്.
ചുരുക്കത്തില്‍, ഇസ്‌ലാമിന്റെ ആദിമ ഘട്ടം മുതല്‍ സമുദായത്തെ വഴി നടത്തിയ നിര്‍ണായക ശക്കിസ്രോതസാണ് തസ്വവ്വുഫ് പറയാന്‍ കഴിയും. പരിഷ്‌കരണ വാദികളെന്ന് സ്വയം അവകാശപ്പെടുന്ന ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിമാത്രം അതിനെ ഇസ്‌ലാമിന്റെ ഏടില്‍നിന്നും വെട്ടിമാറ്റി ഇസ്‌ലാമിനെ അനുവാദ നിഷിദ്ധങ്ങളുടെ വരണ്ട പട്ടികയാക്കി അവതരിപ്പിക്കുന്നത് ഒരിക്കലും ഗുണകരമല്ല. എന്നുമാത്രമല്ല, നടപ്പിലും ഇരിപ്പിലും നില്‍പ്പിലുമെല്ലാം സമൂഹ ധമനികളെ ഊര്‍ജപ്രവാഹമാക്കിയ തസ്വവ്വുഫിനെ നമ്മുടെ ജീവിതത്തില്‍നിന്നും അടര്‍ത്തിമാറ്റുന്നത് നമ്മെ ഷണ്ഠീകരിക്കുന്നതിന് തുല്യമാണ്. വിശേഷിച്ചും, ബിദ്അത്തും കൊളോണിയലിസവും പോലോത്ത അര്‍ബുദങ്ങള്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഇക്കാലത്ത്.

(ബിന്‍ അലവി, തെളിച്ചം മാസിക, ഒക്‌ടോബര്‍ 2011, ദാറുല്‍ ഹുദാ, ചെമ്മാട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter