അദ്ധ്യാത്മികതയുടെ സാമൂഹ്യശാസ്ത്രം

“സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ കുടുംബ മാണ്, അവരോടേറ്റവും ഉപകാരനാണ് അല്ലാഹുവിനോടേറ്റവും കടപ്പെട്ടവൻ "എന്ന ഹദീസ് പറഞ്ഞിടത്തുനിന്ന് തന്നെ ഈ വിഷയം ആരംഭിക്കാം.ദൈവസാമീപ്യത്തിനുതകുന്ന ആരാധന കർമ്മങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഏകാകൃത.അല്ലെങ്കിൽ ഏകാന്തത..അദ്ധ്യാത്മിക ശാസ്ത്രത്തിൽഏകാഗ്രതയുടെ പരികൽപന  പ്രായോഗികമാക്കുമ്പോൾ പലർക്കും പിഴവ് സംഭവിക്കാറുണ്ട് . മെയ്യും മനസ്സും ഇലാഹി ചിന്തകളാൽ അലങ്കരിക്കാൻ ദുർ ചിന്തകളെ വിപാടനം ചെയ്യുക എന്നാണതിന്റെ സംക്ഷിപ്തം. പൈശാചിക പ്രലോഭനങ്ങളിൽ സദാസമയവും പരീക്ഷിക്കപ്പെടുന്ന മനുഷ്യന് പരിശുദ്ധരായ മലാഇകതിനോളം ഉയർച്ച കരഗതമാക്കാൻ ഈ സുപ്രധാനമായ കടമ്പ കടന്നേ മതിയാവുകയുള്ളൂ.. അല്ലാഹുവിലേക്കുള്ള സുലൂഖിന്  തടസ്സം സൃഷ്ടിക്കുമെന്ന് ആത്മജ്ഞാനികൾ ചൂണ്ടിക്കാട്ടിയ ദുനിയാവ്, സ്വശരീരം, സൃഷ്ടികൾ,പിശാച്,എന്നിവരിൽ നിന്നാണ് ഹൃദയത്തെ സ്ഫുടം ചെയ്തെടുക്കേണ്ടത്..

എന്നാൽ ആത്മ ജ്ഞാനത്തിനു വേണ്ടി സ്വത്വത്തിലേക്ക് ചുരുങ്ങുകയല്ല, മറിച്ച് സമൂഹ നന്മയിലേക്ക് ലയിച്ചു ചേരുകയാണ് വേണ്ടത്. ജനങ്ങളിൽനിന്ന് തനിച്ച് ജീവിതം നയിക്കുകയും ജനങ്ങളുടെ പ്രവർത്തികളിൽ ക്ഷമ കൈക്കൊള്ളാതിരിക്കുകയും ചെയ്ത ഒരാളെ കാൾ ജന മദ്ധ്യേ അവരോട് ക്ഷമാശീലനായി ജീവിക്കുന്ന വ്യക്തിക്ക് ശ്രേഷ്ഠത കൽപ്പിക്കുന്ന പ്രവാചക വചനത്തിലടങ്ങിയ പൊരുളും അതുതന്നെയാണ്. ജീവിതകാലം മുഴുക്കെ ഏകാന്തതയിൽ തപസ്സിരിക്കുന്ന സൂഫിസത്തിന്റെ അല്പം ജല്പനങ്ങൾമാത്രമേ നമുക്ക് പരിചിതമുള്ളൂ..

നമുക്കു മുന്നേ കടന്നു പോയ പുണ്യ പുരുഷന്മാരുടെ ജീവിതത്തിലേക്ക് നോക്കൂ..ബാഗ്ദാദിലെ  ശൈഖ് ജീലാനി (റ ) മുതൽ ഇങ്ങ് കേരളക്കരയിൽ ഒരു സ്വാതികനായി നമുക്കിടയിൽ ജീവിച്ചു മൺമറഞ്ഞുപോയ അത്തിപ്പറ്റ മൊയ്തീൻകുട്ടി (ന )ഉസ്താദടക്കം സൂഫിസത്തിന്റെ സർവ്വ മൂർത്തികളും പ്രാപിച്ചവരാണവർ.. അദ്ധ്യാത്മികതയുടെ സാമൂഹ്യപാഠം നമുക്ക് പകർന്നു തന്നവർ. ശരീരേചകളിൽ നിന്ന് മനസ്സിനെ സ്ഫുടം ചെയ്തെടുക്കാൻ തിന്മകളെ ഉടച്ചുവാർത്ത് ആത്മീയ മുറകളുമായി കാട്ടിൽ ജീവിതമാരംഭിച്ച ശൈഖ് ജീലാനി തങ്ങളോട് പ്രവാചകൻ(സ) സമൂഹത്തിലേക്കിറങ്ങാൻ നിർദേശിക്കുകയായിരുന്നു.ജനങ്ങളെ തിന്മകളിൽ നിന്ന് വിലക്കാനും നന്മയിലേക്ക് ആനയിക്കാനും അവർക്കിടയിൽ ഒരു വെളിച്ചമായി ജീവിക്കാനുള്ള ഉപദേശമായിരുന്നത്..

Also Read:അബൂ യസീദിൽ ബിസ്ത്വാമി(റ): സൂഫീ ലോകത്തെ അത്യുന്നത പ്രതിഭ

ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ അവർക്കേറ്റവും ഉപകാരമുള്ളവനാണെന്ന് തിർമുദിയുടെ ഹദീസ്.ജനങ്ങൾക്കിടയിൽ ജീവിക്കാതെ അവർക്കെങ്ങനെ ഉപകാരം പ്രവർത്തിക്കും.? നൻമ കൊണ്ട് കൽപിക്കുക തിന്മ വിരോധിക്കുക എന്ന ഏറ്റവും ഉത്കൃഷ്ട നന്മ എങ്ങനെ കരസ്ഥമാക്കും..പൂർവ്വകാല സമൂഹത്തിൽ ഏകാകിയായി ജീവിച്ച ഒരു സൂഫിയുടെ കഥയുണ്ട്.സമൂഹത്തിൽ അധർമവും അക്രമവും വർധിച്ചപ്പോൾ ദൈവംതമ്പുരാൻ ശിക്ഷയുടെ മലക്കുകളെ നിയോഗിച്ചു. അവരെ നശിപ്പിക്കാൻ. ഉടനെ മലക്കുകൾ പറഞ്ഞു “നിന്നെ ആരാധിക്കുന്ന ഒരു നല്ല മനുഷ്യനുണ്ടല്ലോ അവരുടെ കൂട്ടത്തിൽ".. അല്ലാഹു പറഞ്ഞുവത്രേ “സമൂഹം ഇത്ര അധപ്പതിച്ചിട്ടും അയാൾക്ക് അവരെ ഒന്ന് ഉപദേശിച്ചു കൂടായിരുന്നോ" എന്ന്..

സമൂഹത്തിനിടയിൽ ജീവിച്ച് സൃഷ്ടികളുടെ ചെയ്തികളിൽ പങ്കാളിയായി വേണം ഏകാകൃത കൈക്കൊള്ളാൻ. അവിടെയാണ് ദൈവീക സാമീപ്യത്തിന് പത്തരമാറ്റഴകുള്ളത്.. “അല്ലാഹുവിനെ ഓർക്കാൻ സമയം കണ്ടെത്തുകയല്ല മുഴുവൻ സമയവും നീ അവന്റെ സ്മരണയിലായിരിക്കുക "യെന്ന സൂഫി വർത്തമാനത്തിന്റെ പ്രതിധ്വനിയാണ് ഇപ്പറഞ്ഞത്.  ഏതു തിരക്കുകൾക്കിടയിലും മനസ്സ് ദിവ്യ സ്മരണയിൽ സമർപ്പിതമാവാണ് യഥാർത്ഥ ഏകാകൃത. അവനുമായി ഏകമാവൽ.അവിടെ ദിവ്യ പരമാനന്ദത്തിൽ ലയിച്ചുചേർന്ന് ആത്മീയ ഖനികളായിരിക്കും  പിന്നീടവനിൽ നിന്ന് ബഹിർസ്ഫുരണം ചെയ്യുക. തിന്മകളെ കൺമുന്നിൽ നിന്ന് തട്ടിമാറ്റുകയും നന്മയെ ജീവിതമുദ്രയാക്കുകയും ചെയ്തു വേണം  ദൈവത്തിലേക്കു നടന്നടുക്കാൻ എന്ന് ചുരുക്കം.

സമൂഹവുമായുള്ള മനുഷ്യന്റെ മാനസിക അടുപ്പമാണ് ഇവിടെ മറ്റൊരു കാര്യം.തന്റെ സഹോദരനുമായി വർത്തമാനം പറയുന്നത് പോലും സ്വർഗ്ഗത്തിൽ സ്ഥാനം ഉയർത്താനുള്ള നിദാനമായി  പരിവർത്തിക്കുമെന്നാണ് പ്രവാചകവചനം.  മാത്രമല്ല അപരന്റെ   മനസ്സിന് സന്തോഷം പകരുന്നത് ഖബ്റിൽ നേരമ്പോക്കായി തനിക്ക് കാവലിരിക്കുമെന്ന സന്തോഷവാർത്ത കൂടിയുണ്ട് മുഅ്മിനിന്. നമ്മുടെ വൈയക്തിക ജീവിതത്തെക്കാൾ അനല്പം സുകൃതങ്ങൾ സാമൂഹിക ജീവിതത്തിലൂടെ നമുക്ക് കൊയ്തെടുക്കാനാകുമെന്നാണ് ഇവിടെ മനസ്സിലാകുന്നത്. അത്‌ കൊണ്ട് സമൂഹത്തിന്റെ സ്പന്ദനങ്ങളറിയുന്ന ആത്മീയതയാണ് നാം തെരഞ്ഞെടുക്കേണ്ടത്.. നിങ്ങൾ പരസ്പരം തഖ്‌വ കൊണ്ട് സഹായിക്കുക, തിന്മയും അക്രമവും സഹായമായി കൂട്ടരുതെന്നപരിശുദ്ധ ഖുർആന്റെ ഉണർത്തലാവട്ടെ നമ്മുടെ മുദ്രാവാക്യം.നാഥൻ അതിനു സഹായിക്കട്ടെ ആമീൻ....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter