ഓരോ റമദാനിലും ഞാനാ കരിദിനങ്ങളെ ഓര്‍ത്തുപോവുന്നു.. മിശ്കാല്‍ പള്ളി കഥ പറയുകയാണ്..
ക്രിസ്തുവര്‍ഷം 1510, ഹിജ്റ 915...
പോര്‍ച്ചുഗീസുകാരായ വിദേശികള്‍ നമ്മുടെ മണ്ണില്‍ ആധിപത്യം ചെലുത്താനുള്ള ശ്രമങ്ങള്‍ അങ്ങിങ്ങായി നടക്കുന്ന കാലം. അന്നത്തെ ഞങ്ങളുടെ രാജാവായ സാമൂതിരി അവരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുത്തുന്ന വാര്‍ത്തകള്‍ ഞാന്‍ ഇടക്കിടെ കേള്‍ക്കാറുണ്ടായിരുന്നു, പലരും എന്റെ മടിത്തട്ടിലിരുന്ന് ഏറെ ആവേശത്തോടെ അത് വിവരിക്കുക പതിവായിരുന്നു. അത് കേള്‍ക്കുമ്പോള്‍ എനിക്ക് എന്തൊരു സന്തോഷമായിരുന്നെന്നോ. പിറന്ന മണ്ണ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അന്നുണ്ടായിരുന്നവരൊക്കെ. മതത്തിനും വിശ്വാസങ്ങള്‍ക്കുമെല്ലാം അതീതമായി, എല്ലാവരും അന്ന് ആ ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി സാമൂതിരിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണി നിരന്നത് കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
എല്ലാത്തിനും സാക്ഷിയായി, മനസ്സ് കൊണ്ട് എല്ലാ പിന്തുണയും നല്‍കി ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നു. നാലുനിലകളിലായി തികഞ്ഞ പ്രതാപത്തോടെ തലയുയര്‍ത്തിയായിരുന്നു എന്റെ നില്‍പ്. ലോകതലത്തില്‍തന്നെ പ്രശസ്തമായ കോഴിക്കോട് പട്ടണത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അരിയും മലഞ്ചരക്ക് വ്യാപാരവുമായി അന്ന് ഏറ്റവും കൂടുതല്‍ സജീവമായി നിലകൊണ്ടിരുന്ന ഭാഗം ഞാന്‍ നിലകൊള്ളുന്ന കുറ്റിച്ചിറയായിരുന്നു. ദിവസവും അനേകം വ്യാപാരികള്‍ വന്നുപോവുന്നു. ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവടങ്ങളാണ് ഓരോ ദിവസവും അവിടെ നടന്നിരുന്നത്. ഒരു പട്ടണത്തിന്റെ ആളും അനക്കവും എല്ലാ പ്രതാപവും സമ്മേളിച്ചിരുന്നത് അവിടെയായിരുന്നു.
ആ നഗരപ്രദേശത്ത് വരുന്നവര്‍ക്കെല്ലാം അത്താണിയാവാന്‍, സൗഭാഗ്യം ലഭിച്ച ഞാന്‍ പിന്നെ എന്തിന് തല കുനിക്കണം. രണ്ട് നൂറ്റാണ്ടോളമായി ഞാന്‍ അന്തസ്സാര്‍ന്ന ആ നില്‍പ് തുടങ്ങിയിട്ട്. അതിലുപരി, അറബി വ്യാപാരി പ്രമുഖനായിരുന്ന നാഖുദ മിശ്കാല്‍ ആണ് എനിക്ക് ജന്മം നല്‍കിയത്. ലോക സഞ്ചാരിയായ ഇബ്നുബതൂത അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മലബാര്‍, ഗുജറാത്, ചൈന എന്നീ പ്രദേശങ്ങളിലടക്കം വിശാല ബിസിനസ് സാമ്രാജ്യമുള്ള അദ്ദേഹം, കടല്‍യാത്രകളില്‍ പ്രയാസങ്ങില്ലാതിരിക്കാനായി ചെയ്ത നേര്‍ച്ചയായിരുന്നുവത്രെ ഞാന്‍. ആ ഒരു കുലമഹിമയും എന്നില്‍ പ്രകടമായിരുന്നു എന്ന് വേണം പറയാന്‍.
അന്ന് ഏറെ തിരക്ക് പിടിച്ചതായിരുന്നുവല്ലോ ആ നഗരം. എന്റെ നാല് ഭാഗത്തും റോഡുകളാണ്. അത് കൊണ്ട് തന്നെ, ഏത് ഭാഗത്തേക്കും ഇറങ്ങാനും ഏത് ഭാഗത്ത് നിന്നും കയറി വരാനും സൗകര്യപ്പെടും വിധം ചുറ്റും വാതിലുകളുള്ള രീതിയിലാണ് എന്നെ നിര്‍മ്മിച്ചിരിക്കുന്നത്. മംഗലാപുരത്ത് നിന്ന് വരുത്തിയ പ്രത്യേക തരം ടെറാകോട്ട ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കടലില്‍നിന്ന് അടിച്ച് വരുന്ന കുളിര്‍കാറ്റിന്റെ ശീതവും കുളിര്‍മ്മയും അകത്തിരിക്കുന്നവര്‍ക്ക് കൂടി ആവശ്യാനുസരണം ലഭ്യമാവുന്ന രീതിയിലാണ് മുകള്‍ നിലകളെല്ലാം സംവിധാനിച്ചിരിക്കുന്നത്. തികച്ചും പ്രകൃതിയോട് ചേര്‍ന്ന് നില്ക്കുന്ന നിര്‍മ്മാണ രീതി എന്ന് പറയാം. ഇന്ന് പൊതുവെ സ്വീകരിക്കപ്പെടുന്ന നിര്‍മ്മാണ രീതികളൊക്കെ കാണുമ്പോള്‍, എനിക്കെന്തോ പുഛമാണ് തോന്നാറ്. പരിസ്ഥിതി സൗഹൃദമായ എന്റെ നിര്‍മ്മാണരീതി കണ്ടാല്‍ ആരും അല്‍ഭുതപ്പെട്ടുപോവും. കേടുപാടുകള്‍ കൂടെ എന്നെ സംരക്ഷിക്കാന്‍, കോഴിക്കോട് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് കീഴിലെ ഡിപാര്ട്മെന്റ് ഓഫ് ആര്കിടെക്ചര്‍ പോലും തയ്യാറായി വന്നതും അത് കൊണ്ട് തന്നെയാണ്. ഇന്ത്യയിലെ പ്രമുഖ ഓയില്‍ ആന്റ് ഗ്യാസ് കമ്പനി അതിന് ആവശ്യമായ സാമ്പത്തിക ചെലവുകള്‍ നല്കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു.
ഒരു വിളിപ്പാടകലെ, എന്റെ സഹോദരി കുറ്റിച്ചിറ ജുമുഅത് പള്ളിയുമുണ്ട്, തുല്യമായ പ്രതാപത്തോടെ. മസ്കറ്റില്‍നിന്നെത്തിയ മറ്റൊരു വ്യാപാരിയായ ശിഹാബുദ്ദീന്‍ റൈഹാന്‍ ആണ് അവള്‍ക്ക് ജന്മം നല്കിയത്. പ്രമുഖരുടെ വീടുകള്‍ പോലും അത്ര വലുതല്ലാത്ത അക്കാലത്ത്, ഞങ്ങള്‍ രണ്ട് പേരും ആ ആരവങ്ങള്‍ക്കിടയിലെ അഭിമാനത്തോടെ നില കൊണ്ടു, കാറ്റുകളുടെ ഇരമ്പങ്ങളിലൂടെയും തിരമാലകളുടെ ശീകരങ്ങളിലൂടെയും വിശേഷങ്ങള്‍ പങ്ക് വെച്ച് കൊണ്ട്...
ആ വര്‍ഷത്തെ റമദാന്‍ മാസം..
ഒരു വ്യാഴാഴ്ച ദിവസം.. അന്ന് നോമ്പ് 22 ആയിരുന്നു..
ആളുകളൊക്കെ നോമ്പെടുത്ത് ആത്മീയ ചിന്തകളോടെ കഴിയുന്ന സമയം.. വിശിഷ്യാ അവസാന പത്തിലേക്ക് കടന്നതിനാലും അവസാന വെള്ളിയാഴ്ച രാവ് ആവാന്‍ സാധ്യതയുള്ളതിനാലും ഇഅ്തികാഫിലായി കഴിച്ച് കൂട്ടുന്നവര്‍ എപ്പോഴും എനിക്ക് കൂട്ടുണ്ടായിരുന്നു. അഫ്‍വും നരകമോചനവും തേടുന്നു പുണ്യദിനങ്ങള്‍..
പെട്ടെന്നാണ് അത് സംഭവിച്ചത്..
എന്റെ ഒരു ഭാഗത്ത് നിന്ന് തീനാളങ്ങളും പുകപടലങ്ങളും ഉയരുന്നു. ഉള്ളിലുള്ളവരൊക്കെ അങ്കലാപ്പിലായി, എല്ലാവരും പുറത്തേക്കോടി.
നോക്കുമ്പോള്‍ അല്‍ബുക്കര്‍ക്കിന്റെ നേതൃത്തില്‍, കല്ലായിപ്പുഴയിലൂടെവന്ന പോര്‍ച്ചുഗീസ് സൈന്യം, മുസ്‍ലിംകളെ ലക്ഷ്യം വെച്ച് തീ വെച്ചതാണെന്ന് മനസ്സിലായി. അവരുടെ ദേഷ്യം മുഴവുന്‍ സാമൂതിരിയോടും അദ്ദേഹത്തോടൊപ്പമുള്ള അറേബ്യന്‍ കച്ചവടക്കാരോടുമായിരുന്നു. അതിന്റെ പിന്നാമ്പുറ കാരണങ്ങളൊന്നും ഒരു പക്ഷേ, നിങ്ങള്‍ക്ക് അറിയണമെന്നില്ല. ഞാന്‍ അതല്‍പ്പം പറയാം, ചരിത്രം എന്നും ഓര്‍ക്കാനുള്ളതാണല്ലോ.
1498 ലാണല്ലോ കാപ്പാടിനടുത്ത പന്തലായനിയില്‍ പോര്‍ച്ചുഗീസുകാരനായ വാസ്കോഡ ഗാമ കപ്പലിറങ്ങുന്നത്. അറബികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സമുദ്രത്തിലെ സുഗന്ധവ്യഞ്ജന കച്ചവടം സ്വന്തമാക്കുക, കൂടെ ക്രിസ്തു മത പ്രചാരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പോര്‍ച്ചുഗീസ് രാജാവ് ഗാമയെ ഇന്ത്യന്‍ തീരത്തേക്ക് അയക്കുന്നത്.
ഞങ്ങളുടെ ഭരണാധികാരിയായ കോഴിക്കോട് സാമൂതിരിക്ക് അറബികളോടായിരുന്നു ആഭിമുഖ്യം. കച്ചവടത്തിലും ജീവിതത്തിലും അവര്‍ സൂക്ഷിച്ച സത്യസന്ധതയും മാനുഷിക മൂല്യങ്ങളും തന്നെ കാരണം. അതിനാല്‍ ഗാമയുടെ ആവശ്യങ്ങളോട് അദ്ദേഹം മുഖം തിരിച്ചു. അതോടെ അയാള്‍ സാമൂതിരിയുടെ ശത്രുവായിരുന്ന കൊച്ചിരാജാവിനെ സമീപിച്ചു. സാമൂതിരിയെ ആക്രമിക്കാന്‍ ഗാമക്ക് സര്‍വ്വ സഹായങ്ങളും കൊച്ചിരാജാവ് വാഗ്ദാനം ചെയ്തു. അതോടെ, സാമൂതിരിയുടെ സൈന്യവുമായി പോര്‍ച്ചുഗീസുകാര്‍ നിരവധി തവണ യുദ്ധം ചെയ്യേണ്ടിവന്നു. ഇന്ത്യാ മഹാരാജ്യത്തിലെ വൈദേശിക സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ നടന്ന ആദ്യ സമരങ്ങളെല്ലാം മലബാര്‍ തീരങ്ങളിലായത് അത് കൊണ്ടായിരുന്നു. എല്ലാത്തിനും സാക്ഷിയായി ഞാനുമുണ്ടായിരുന്നു.
ഗാമക്ക് ശേഷം വന്നത് അല്‍മേഡ എന്ന സൈനികതലവനായിരുന്നു. സാമൂതിരിക്കും മുസ്‍ലിംകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അയാള്‍ ഒന്ന് കൂടി ശക്തി കൂട്ടി. ഹജ്ജ് തീര്‍ഥാടകരുടേതടക്കമുള്ള മുസ്‍ലിം കപ്പലുകള്‍ കടലില്‍ വെച്ച് ആക്രമിക്കുകപോലും അവരുടെ പതിവായിരുന്നു. 1510ല്‍ ഇന്ത്യയിലെ പ്രധാന തുറമുഖ നഗരമായ ഗോവ അവര്‍ പിടിച്ചടക്കി. ഈ ദൗത്യത്തിന് ശേഷം അല്‍മേഡ നാട്ടിലേക്ക് മടങ്ങി.
ശേഷം വന്ന സൈനികമേധാവിയായിരുന്നു അല്‍ബൂക്കര്‍ക്. ഇയാളുടെ നേതൃത്വത്തില്‍ 1510ല്‍ കോഴിക്കോട്ട് വെച്ച് അവര്‍ സാമൂതിരിയുടെ നായര്‍-മുസ്‍ലിം സൈന്യവുമായി ഏറ്റ്മുട്ടി. 500 ലധികം പടയാളികളാണ് അതില്‍ രക്തസാക്ഷിത്വം വഹിച്ചത്. ഏറെ ദുഖകരമെന്ന് പറയാം, ആ യുദ്ധത്തില്‍ വിജയം പോര്‍ച്ചുഗീസുകാര്‍ക്കായിരുന്നു. അല്ലെങ്കിലും, നാം ഭിന്നിക്കുമ്പോഴാണല്ലോ ശത്രു വിജയിക്കുന്നത്. അതോടെ മുസ്‍ലിം അടയാളങ്ങളെല്ലാം അവര്‍ ഒന്നൊന്നായി തച്ചുടക്കാന്‍ തുടങ്ങി.
ഈ വാര്‍ത്തകളെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പ്രദേശത്തെ അതിപ്രധാനമായ മുസ്‍ലിം കേന്ദ്രമായ എന്നെയും അവര്‍ വെറുതെ വിടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ആ റമദാന്‍ 22ന് എന്റെമേലും പോര്‍ച്ചുഗീസുകാരുടെ തീനാമ്പുകള്‍ വന്ന് വീണു. എന്റെ നാലാം നില പൂര്‍ണ്ണമായും കത്തിനശിച്ചു. ജനുവരിയുടെ ആ തണുപ്പില്‍, തീനാളങ്ങളുടെ ചൂടിലും കറുത്തിരുണ്ട പുകച്ചുരുളുകളിലും ഞാന്‍ ശ്വാസം മുട്ടി. പതുക്കെ കടന്നുവന്ന കടല്‍കാറ്റ് അപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കാരണം ആ ഇളം തെന്നലും എന്നെപ്പോലെ ചരിത്രത്തിന്റെ മറ്റൊരു സാക്ഷിയായിരുന്നുവല്ലോ.
പക്ഷേ, ഭയം, അതെന്നെ ഒട്ടുമേ ഗ്രസിച്ചിരുന്നില്ല, എന്തും ഏതും സധൈര്യം നേരിടാനായിരുന്നു ഞാന്‍ ശീലിച്ചത്, എന്റെ ചുറ്റുപാടുകളെല്ലാം അതായിരുന്നു എന്നെ പഠിപ്പിച്ചിരുന്നതും. ജീവിക്കുന്നുവെങ്കില്‍ അന്തസ്സോടെ ജീവിക്കുക, അല്ലെങ്കില്‍ ധൈര്യസമേതം പോരാടി മരിക്കുക, അതായിരുന്നു ഞങ്ങളെല്ലാം വിശ്വസിച്ചിരുന്നത്.
പോരാട്ടങ്ങളെല്ലാം അവസാനിച്ചതോടെ, ആളുകളുടെ ആദ്യശ്രദ്ധ എന്നിലായിരുന്നു. എന്റെ മുറിവുകളുണക്കാന്‍ അവര്‍ ഒന്നിച്ച് രംഗത്തിറങ്ങി. സാമൂതിരിരാജാവ് എല്ലാവിധ സാമ്പത്തിക സഹായവും അവര്‍ക്ക് നല്കി. പരിസരത്തെ അമുസ്‍ലിം സഹോദരങ്ങളായിരുന്നു അധിക പണികളും ചെയ്തത്. ഇന്നും എന്റെ തൂണുകളിലെയും മിമ്പറിലെയും ചിത്രപ്പണികളും കരകൌശലങ്ങളും അതിന് സാക്ഷിയാണ്.
വല്ലാത്ത കരുതലായിരുന്നു ശേഷം അവരെല്ലാം എനിക്ക് നല്‍കിയത്.
പിന്നീട് പോര്‍ച്ചുഗീസുകാരുടെ കോട്ടയായ ചാലിയം കോട്ട കുഞ്ഞാലി മരക്കാരുടെ– ആ പേര് പറയുമ്പോഴേക്കും എനിക്ക് എന്തെന്നില്ലാത്ത അഭിമാനമാണ്, എന്റെ ശരീരത്തിലെ രോമങ്ങള്‍ എണീറ്റ് നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ - നേതൃത്വത്തിലുള്ള സാമൂതിരിയുടെ സൈന്യം ആക്രമിച്ച് കീഴടക്കി. ആക്രമണത്തില്‍ തകര്‍ന്ന കോട്ടയുടെ പല ഭാഗങ്ങളും അവര്‍ കൊണ്ടുവന്ന് സമ്മാനിച്ചത് എനിക്കായിരുന്നു. അതോടെ, എന്റെ പ്രൌഢി വീണ്ടും വര്‍ദ്ധിച്ചുവെന്ന് പറയാം.
ശേഷം 1548 ല്‍ നാട്ടുപ്രമാണിയായ ഹാജി അബ്ദുല്ല എന്റെ മിഹ്റാബും മിമ്പറും ഒന്ന്കൂടി പുതുക്കി പണിതു. മഹാകവി മോയിന്കുട്ടി വൈദ്യര്‍ ഇടക്കിടെ ഇവിടെ വരികയും ഇവിടെ ഇരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുകയും ചെയ്യാറുണ്ടായിരുന്നു. മാപ്പിളസാഹിത്യം നെഞ്ചേറ്റിയ പടപ്പാട്ടുകളായിരുന്നു അവയെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. അല്ലെങ്കിലും എന്റെ മടിത്തട്ടിലിരുന്നാല്‍ ആര്‍ക്കും വീരേതിഹാസങ്ങള്‍ അയവിറക്കാതിരിക്കാനാവില്ല, അറിയാതെ പടപ്പാട്ടുകള്‍ മൂളിപ്പോവാതിരിക്കില്ല.
എല്ലാം ഓര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്തൊരു അനുഭൂതിയാണ് ഞാന്‍ അനുഭവിക്കുന്നത്. പലരും ഇപ്പോഴും എന്നെ കാണാന്‍ വരുന്നു. അമൂല്യമായ പല ഗ്രന്ഥങ്ങളും മാസപ്പിറവി അറിയിക്കാനുള്ള തംബേറും അന്നത്തെ കിരീടം വെക്കാത്ത സുല്‍താന്മാരായിരുന്ന ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങള്‍, പല്ലക്ക് തുടങ്ങിയവയും ഇന്നും എനിക്ക് കൂട്ടായി ഇവിടെയുണ്ട്.
24 തൂണുകളും 47 വാതിലുകളും നാല് ഭാഗത്തും റോഡുകളുമായി, വരുന്നവരെയൊക്കെ സ്വീകരിക്കാന്‍ ഞാന്‍ ഇന്നും ഇവിടെ കാത്തിരിക്കുകയാണ്. എന്റെ സമീപത്തായി തന്നെ അതിവിശാലമായി ഒരു ചതുരക്കുളവുമുണ്ട്.
നിങ്ങളും വരണം, നമുക്ക് ഈ പഴങ്കഥകളൊക്കെ ഇടക്കിടെ ഒന്നിച്ച് അയവിറക്കാം. എന്റെ മുകള്‍ തട്ടില്‍ ഇപ്പോഴുമുള്ള ആക്രമണത്തിന്‍റെ ബാക്കിപത്രങ്ങള്‍ ആ കഥകള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാതിരിക്കില്ല. നിങ്ങളൊക്കെ ഒരിക്കലെങ്കിലും എന്നെ കാണാന്‍ വുരമെന്ന പ്രതീക്ഷയോടെ,
നിങ്ങളുടെ സ്വന്തം
മിശ്കാല്‍ പള്ളി
കുറ്റിച്ചിറ, കോഴിക്കോട്
Leave A Comment