കാരുണ്യത്തിന്‍റെ പത്ത് ദിനങ്ങള്‍

പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധ റമദാന്‍. സത്യവിശ്വാസിക്ക് അറ്റമില്ലാത്ത അനുഗ്രഹങ്ങള്‍ അല്ലാഹു തുറന്ന് നല്‍കുന്ന മാസമാണത്. മറ്റു 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫര്‍ളിന് 70 ഫര്‍ള് ചെയ്ത പ്രതിഫലവും ഒരു സുന്നത്തിന് ഒരു ഫര്‍ള് ചെയ്ത പ്രതിഫലവും നല്‍കുന്നതടക്കം നിരവധി ഓഫറുകളാണ് മുഅ്മിനീങ്ങള്‍ക്ക് റമദാനില്‍ ലഭിക്കുന്നത്.

      റമദാനിന്‍റെ 30 ദിനരാത്രികളെ മൂന്ന് പത്തുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ആദ്യത്തേത് റഹ്മത്തിന്‍റെ അഥവാ കാരുണ്യത്തിന്‍റെ പത്തും രണ്ടാമത്തേത് മഗ്ഫിറത്തിന്‍റെ (പൊറുത്ത് നല്‍കല്‍) ന്‍റെ പത്തും ഒടുവിലത്തേത് നരക മോചനത്തിന്‍റെ പത്തുമാണെന്നാണ് തിരുനബി (സ) ഒരു ഹദീസിലൂടെ പഠിപ്പിക്കുന്നത്.

      ചന്ദ്രവര്‍ഷ പ്രകാരം ഒരു വര്‍ഷത്തില്‍ 355 ദിവസമാണുണ്ടാവുക. ഇതില്‍ ചില പത്തു ദിവസങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഒരു വര്‍ഷം  35.5 പത്തുകളില്‍ സവിശേഷമായ 5 പത്തുകളാണുള്ളത്: റമദാനിന്‍റെ മുന്ന് പത്തുകള്‍, മുഹര്‍റം മാസത്തിലെ ആദ്യ പത്ത്, ദുല്‍ ഹിജ്ജ മാസത്തിലെ ആദ്യ പത്ത് എന്നിവയാണിവ. സൂറത്തുല്‍ ഫജ്റില്‍ രണ്ടാമത്തെ സൂക്തത്തില്‍ 'പത്ത് ദിനങ്ങള്‍ തന്നെ സത്യം' എന്നര്‍ഥമുള്ള ഒരു ആയതുണ്ട്. പ്രമുഖരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളൊക്കെ അവ ദുല്‍ ഹിജ്ജ മാസത്തിലെ 10 ദിനങ്ങളാണെന്നും മറ്റു ചിലര്‍ അവ മുഹറത്തിലെ ആദ്യ പത്ത് ദിനങ്ങളാണെന്നും മറ്റു ചിലര്‍ റമദാനിലെ ആദ്യ പത്ത് ദിനങ്ങളാണെന്നും അഭിപ്രായപ്പെട്ടതായി ഇബ്നു കഥീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് വ്യക്തമാവുന്നത് ഈ പ്രത്യേക പത്ത് ദിനങ്ങള്‍ക്ക് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ചില സവിശേഷതകളുണ്ടെന്നാണ്.

      റമദാനിലെ ആദ്യ പത്ത് ദിനങ്ങളുടെ പ്രത്യേകത അല്ലാഹുവിന്‍റെ അപാരമായ കാരുണ്യം ചൊരിയപ്പെടുന്നു എന്നതാണ്. ഈ കാരുണ്യത്തിന് അതിര് നിശ്ചയിക്കപ്പെട്ടിട്ടില്ലെന്ന് റഹ്മത്തുമായി ബന്ധപ്പെട്ട പല ഉദ്ധരണികളില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

     

      അല്ലാഹു ലൗഹിനെ സൃഷ്ടിച്ച ഉടനെ ഖലമിനോട് (പേന) അതില്‍ എഴുതാന്‍ അരുള്‍ ചെയ്തു. എന്താണ് എഴുതേണ്ടത് എന്ന് പേന ചോദിച്ചപ്പോള്‍ തന്‍റെ റഹ്മത്തിനെക്കുറിച്ച് എഴുതാനാണ് അല്ലാഹു ആവശ്യപ്പെട്ടത്. കാരുണ്യത്തിന് അല്ലാഹു നല്‍കുന്ന അത്യധികമായ സ്ഥാനത്തെയാണ് ഈ സംഭവം കുറിക്കുന്നത്.

 

 ഖുര്‍ആനില്‍ ഏറ്റവും കൂടുതലുള്ള ആയത്താണ് ബിസ്മി. 114 സൂറത്തുകളിലായി 114 തവണ ഈ ആയത്ത് ആവര്‍ത്തിച്ച് വന്നിട്ടുണ്ട്. അല്ലാഹുവിന്‍റെ പേര് ഒരു പ്രാവശ്യവും അല്ലാഹുവിന്‍റെ റഹ്മത്ത് രണ്ട് പ്രാവശ്യവും ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇതില്‍ റഹ്മാന്‍ എന്ന പദത്തിനര്‍ഥം എല്ലാവര്‍ക്കുമുള്‍കൊള്ളുന്ന കാരുണ്യമാണ്. ഈ ലോകത്ത് വിശ്വസിക്കുന്നവനും അവിശ്വസിക്കുന്നവനും ഒരു പോലെ ഗുണം ചെയ്യുന്നവന്‍ എന്നാണതിനര്‍ഥം. റഹീം എന്ന പദം പരലോകത്ത് വിശ്വസിച്ചവര്‍ക്ക് ചെയ്യുന്ന കാരുണ്യത്തെയാണ് അടയാളപ്പെടുത്തുന്നത്.

      അല്ലാഹുവിന്‍റെ കാരുണ്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആനും ഹദീസും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്; സുറത്തുല്‍ അഅ്റാഫില്‍  തന്‍റെ കാരുണ്യത്തെക്കുറിച്ച് അല്ലാഹു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്, 'ഞാനുദ്ദേശിക്കുന്നവരെ എന്‍റെ ശിക്ഷ ബാധിക്കും. എന്‍റെ കാരുണ്യം സമസ്ത വസ്തുക്കള്‍ക്കും പ്രവിശാലമത്രേ. സൂക്ഷമതയോടെ ജീവിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് വഴിയേ ഞാനത് രേഖപ്പെടുത്തുന്നതാണ്.

      ഈ ആയത്തിന്‍റെ വിശദീകരണമായി ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം, നബി (സ) പറയുന്നു, 'അല്ലാഹുവിന് 100 റഹ്മത്ത് ഉണ്ട്, അതില്‍ ഒരു റഹ്മത്ത് മാത്രമാണ് അവന്‍ ഇഹലോകത്തേക്ക് ഇറക്കിയത്, ആ കാരുണ്യം കൊണ്ടാണ് മനുഷ്യരും ജിന്നുകളും മൃഗങ്ങളുമെല്ലാം പരസ്പരം കരുണ ചെയ്യുന്നത്. ബാക്കി 99 കാരുണ്യവും തന്‍റെ അടിമകള്‍ക്ക് അന്ത്യ നാളില്‍ കരുണ ചെയ്യാനായി അല്ലാഹു നീട്ടിവെച്ചിരിക്കുകയാണ്'.

 

അല്ലാഹു ഈ ലോകത്ത് ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി (സ)യുടെ പ്രകാശമാണ്. മുഹമ്മദ് നബിയെക്കുറിച്ച് അല്ലാഹു പരിചയപ്പെടുത്തിയത് ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായിട്ട് നിയോഗിതനായ പ്രവാചകനെന്നാണ്. മഹ്ശറയില്‍ സര്‍വ്വ പ്രവാചകന്മാരുടെ സന്നിധിയിലേക്കും അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാന്‍ അപേക്ഷിച്ച് ജനങ്ങള്‍ സമീപിക്കുമ്പോള്‍ അവരെല്ലാവരും തങ്ങള്‍ക്ക് സംഭവിച്ച സൂക്ഷമതക്കുറവ് കാരണം പറഞ്ഞ് കയ്യൊഴിമ്പോള്‍ അവരുടെ അപേക്ഷ സ്വീകരിക്കപ്പെടുക മുഹമ്മദ് നബി (സ)യുടെ സന്നിധിയില്‍ വെച്ച് മാത്രമാണ്. സുജൂദില്‍ വീഴുന്ന റസൂല്‍ (സ) യോട് തലയുയര്‍ത്താനും, ചോദിക്കുവാനും, ശുപാര്‍ശ ചെയ്യുവാനും അല്ലാഹു ആവശ്യപ്പെടും, തുടര്‍ന്ന് മഹ്ശറക്ക് ശേഷമുള്ള അടുത്ത ഘട്ടം ആരംഭിക്കുകയും ചെയ്യും. ലോകജനതക്ക് ഒന്നാകെ ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി (സ) കാരണമായി അല്ലാഹു കാരുണ്യം ചെയ്യുന്നു.

       മുന്‍ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട ശരീഅത്തിനെ അപേക്ഷിച്ച് മുഹമ്മദ് നബി (സ)ക്ക് നല്‍കപ്പെട്ടിട്ടുള്ള ശരീഅത്ത് ലളിതമാണ് എന്നതിലും അല്ലാഹുവിന്‍റെ കാരുണ്യത്തെ ദര്‍ശിക്കാനാവും. ശരീരത്തില്‍ നജസ് ആയാല്‍ ആ ഭാഗം തന്നെ വെട്ടി ഒഴിവാക്കേണ്ടി വരുന്ന സ്ഥിതിയില്‍ നിന്ന് ആ ഭാഗം കഴുകിയാല്‍ മതി എന്ന സൗകര്യം ലഭിച്ചു. ശിര്‍ക്ക് ചെയ്താല്‍ അതിന് തൗബയായി വധശിക്ഷയുള്ള നിലയില്‍ നിന്ന് ആത്മാര്‍ഥമായി തൗബ ചെയ്താല്‍ ശിര്‍ക്കിന് പ്രായശ്ചിത്തമായി എന്ന നിലയിലേക്ക് ശിക്ഷ ലഘൂകരിക്കപ്പെട്ടു തുടങ്ങിയവയെല്ലാം ആ കാരുണ്യത്തിന്‍റെ നേര്‍നിദര്‍ശനങ്ങളാണ്.

      ഒരിക്കല്‍ ഒരു കൊച്ച് കുട്ടി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് മുഹമ്മദ് നബി (സ) യുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ നബി (സ) ഉമര്‍ ബ്നുല്‍ ഖത്താബിനോട് പറഞ്ഞു, ' ആ കുട്ടിയെ ചേര്‍ത്ത് പിടിക്കൂ, നിശ്ചയം അവന്‍ തന്‍റെ മാതാപിതാക്കളില്‍ നിന്ന് നഷ്ടപ്പെട്ട് പോയിരിക്കുന്നു. ഉമര്‍ (റ) കുട്ടിയെ ചേര്‍ത്ത് പിടിച്ച് കൊണ്ടിരിക്കെ ഒരു സ്ത്രീ കടന്ന് വരികയും അത് ആ കുട്ടിയുടെ മാതാവാണെന്ന് മനസ്സിലാക്കി ഉമര്‍ (റ) കുട്ടിയെ വിട്ട് നല്‍കുകയും ചെയ്തു. കുട്ടിയെ വാരിപ്പുണര്‍ന്ന് കൊണ്ട് ആ സ്ത്രീ കടന്ന് പോയി. ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി (സ) പറഞ്ഞു, 'ഈ മാതാവിന് തന്‍റെ കുട്ടിയോടുള്ളതിനേക്കാള്‍ പതിന്മടങ്ങാണ് നിങ്ങളുടെ രക്ഷിതാവിന് നിങ്ങളോടുള്ള കാരുണ്യം.

           

      പരലോകത്ത് വിചാരണക്ക് ശേഷം തെറ്റുകള്‍ ചെയ്ത നിരവധി ആളുകള്‍ക്ക് നരക ശിക്ഷ വിധിക്കപ്പെടുകയും ആ സന്ദര്‍ഭത്തില്‍ അവരെല്ലാവരും തങ്ങളുടെ ദൗര്‍ഭാഗ്യമോര്‍ത്ത് വിലപിക്കുകയും ചെയ്യും. അപ്പോള്‍ അല്ലാഹു മലകുകളോട് പറയും, 'ആദ്യമായി ലൗഹില്‍ എഴുതിയ രേഖ പുറത്തെടുക്കൂ'. അത് പുറത്തെടുക്കുമ്പോള്‍ അതില്‍ ദൃശ്യമാവുക അല്ലാഹുവിന്‍റെ അപാരമായ കാരുണ്യമായിരിക്കും. ഉടന്‍ നരകശിക്ഷ വിധിക്കപ്പെട്ട ധാരാളം പേര്‍ക്ക് സ്വര്‍ഗപ്രവേശനത്തിന് അവസരമൊരുങ്ങും.

      നബി (സ) തന്‍റെ സദസ്സിലുണ്ടായിരുന്ന സ്വഹാബികളോട് പറഞ്ഞു,' ഒരാള്‍ക്കും തന്‍റെ സദ്പ്രവൃത്തി കാരണം സ്വര്‍ഗത്തിലെത്താനാവില്ല'. സ്വഹാബികള്‍ തിരിച്ച് ചോദിച്ചു, 'അങ്ങേക്കും അത് സാധിക്കില്ലേ റസൂലേ? ' ഇല്ല, അല്ലാഹു എന്നെ കരുണ കൊണ്ടും കടാക്ഷം കൊണ്ടും പൊതിഞ്ഞാലൊഴികെ എനിക്കുമതിന് സാധിക്കില്ല'.

      ഒരു സത്യവിശ്വാസിയുടെ മനോഗതി അല്ലാഹുവിന്‍റെ കാരുണ്യം പ്രതീക്ഷിക്കുന്നതിന്‍റെയും അവന്‍റെ ഭയാനകമായ ശിക്ഷയെ ഭയക്കുന്നതിന്‍റെയും മധ്യേയാണ് നിലകൊള്ളേണ്ടത്. സൂറതുല്‍ ഹിജ്റില്‍ ഇതിന്‍െ പ്രാധാന്യം വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു, 'ഓ നബീ, ഞാന്‍ ധാരാളമായി പൊറുക്കുന്നവനും കരുണാമയനുമാണ് എന്നും എന്‍റെ ശിക്ഷ ഏറെ വേദനയുറ്റതാണ് എന്നുമുള്ള വിവരം എന്‍റെ അടിമകളെ അറിയിക്കുക'.

      അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് ഒരു സത്യവിശ്വാസി ഒരിക്കലും നിരാശനാവാന്‍ പാടില്ല. സൂറത് യൂസുഫില്‍ യഅ്ഖൂബ് നബി തന്‍റെ പുത്രന്മാരോട് നഷ്ടപ്പെട്ട മക്കളെ അന്വേഷിച്ച് യാത്ര പുറപ്പെടാന്‍ ആവശ്യപ്പെട്ടതിന് ശേഷം പറയുന്നു, 'അല്ലാഹുവിന്‍റെ കാരുണ്യത്തെക്കുറിച്ച് ആശയറ്റ് പോകരുത്. നിഷേധികളായ ജനങ്ങള്‍ മാത്രമേ അവന്‍റെയനുഗ്രഹത്തെക്കുറിച്ച് ഭഗ്നാശരാകൂ'.

       റമദാനിലെ ആദ്യ പത്ത് തന്‍റെ കാരുണ്യം സൃഷ്ടികള്‍ക്ക് മേല്‍ ചൊരിയാനായി അവന്‍ തെരഞ്ഞെടുത്തതാണ്. അതിനാല്‍ ഒരു സത്യവിശ്വാസി അല്ലാഹുവിന്‍റെ അപാരമായ കാരുണ്യത്തിനായി രാവും പകലും കേണ് പ്രാര്‍ഥിക്കണം. അല്ലാഹുമ്മ ഇര്‍ഹമ്നീ  യാ അര്‍ഹമീന്‍ (കരുണ ചെയ്യുന്നവരില്‍ അത്യുത്തമനേ, എന്നോട് കരുണ ചെയ്യേണമേ) എന്ന ദിക്ര്‍ നിരന്തരമായി ചൊല്ലി ആ കാരുണ്യത്തിനര്‍ഹനാവാന്‍ വിശ്വാസി പരിശ്രമിക്കുകയും വേണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter