ശൈഖ് ബൂത്വിയെ അനശ്വരനാക്കിയ രചനകള്‍

ഇന്ന് മാർച്ച് 21, സഈദ് റദാൻ അൽബൂത്വി എന്ന ആഗോള പണ്ഡിതൻ കൊല്ലപ്പെട്ടിട്ട് 12 വർഷം തികയുന്നു. 2013ല്‍ സിറിയയിലെ മസ്ജിദുല്‍ഈമാനിൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ, പള്ളിയിൽ അരങ്ങേറിയ സ്ഫോടനം കാരണമായിരുന്നു ബൂത്വിയുടെ അന്ത്യം. ഇസ്‍ലാമിക ലോകത്ത് ബൂത്വിയുടെ നിലപാടുകളിൽ യൂസുഫ് അല്‍ഖർദാവി  അടക്കം നിരവധി പണ്ഡിതർ  വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, മുസ്‍ലിം ലോകത്തിൻറെ സമാധാനത്തിനും ഐക്യത്തിനും  വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടിരുന്നതെന്ന് വൈകാതെ ലോകം മനസ്സിലാക്കി. 

ബൂത്വിയെ വായിക്കുമ്പോഴെല്ലാം ഒരു ആഗോള പണ്ഡിതന്റെ പരിണാമത്തെയാണ് അനുഭവപ്പെടാറുള്ളത്. അറബി സാഹിത്യത്തിൽ നിന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ പ്രയാണം, ഒടുവിൽ കർമശാസ്ത്രവും ഫിലോസഫിയും അഖീദയും പിന്നിട്ട്, ആധുനിക കാലത്ത് മുസ്‍ലിംകൾ കടന്നുപോകുന്ന നിരവധി ചിന്താധാരകളിലെ യാഥാർത്ഥ്യങ്ങളെ പരാമർശിച്ചാണ് മുന്നേറുന്നത്. ഗസാലിയ്യുൽ അസർ (ആധുനിക കാലത്തെ ഇമാം ഗസ്സാലി) എന്ന് വിളിക്കപ്പെടുമ്പോഴും, ഇമാം ഗസ്സാലിയെ പോലെ എഴുതുന്ന എല്ലാ വിഷയങ്ങളിലും അറബി ഭാഷയുടെ ചാതുര്യത്തെ ഒളിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അറബി സാഹിത്യമായിരുന്നു ബൂത്വിയെ ആദ്യഘട്ടത്തിൽ  ഏറെ സ്വാധീനിച്ചത്. ഹാദാ ഹുവ എന്ന പരിപാടിയിൽ അറബി ഭാഷയോടുള്ള തൻറെ താല്പര്യത്തെ ഇങ്ങനെ വിവരിക്കുന്നു, "ഞാൻ ഒരുകാലത്ത് അറബി സാഹിത്യത്തെ പലതവണ വായിച്ചിരുന്നു. അറബി ക്ലാസിക്കൽ ലിറ്ററേച്ചറിൽ തന്നെ ജാഹിദ്, അബുൽ ഹലാഹ് അൽമഅരി തുടങ്ങി എണ്ണമറ്റവരെ വായിച്ചിട്ടുണ്ട്. ആധുനിക അറബി സാഹിത്യത്തിൽ നിന്ന് മുസ്തഫ സ്വാദിഖ് അൽറാഫിയെ പോലെ നിരവധി സാഹിത്യകാരുടെ കൃതികളിലൂടെ കടന്നു പോയിട്ടുണ്ട്. തുടർന്ന് ഇസ്‍ലാമിക ശരീഅത്ത് പഠിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അതാണ് തൻറെ ആത്യന്തിക ലക്ഷ്യമെന്ന് തിരിച്ചറിയുകയും ചെയ്തതോടുകൂടി സാഹിത്യത്തെയും ഭാഷയെയും അതിനെ പ്രതിഫലിപ്പിക്കാനുള്ള ഒരു മാധ്യമമായിട്ടാണ്  ഞാൻ സ്വീകരിച്ചത്".

താൻ  ജനിച്ച ബൂതാനിൽ ഏറെ പ്രചാരണം നേടിയ മമു, സൈൻ എന്നീ രണ്ട് പേരുടെ പ്രണയത്തെ ആവിഷ്കരിക്കുന്ന കാവ്യ രചനയെ ബൂത്വി അറബിയിലേക്ക് വിവർത്തനം ചെയ്യുന്നതും അറബി ഭാഷയോടുള്ള തൻറെ അതിരുകവിഞ്ഞ പ്രണയത്തിൽ നിന്നായിരുന്നു. പ്രണയം പോലെ മനോഹരമായിരുന്നു ബൂത്വിയുടെ  ഈ രചനാ ശൈലിയും. ഒരുപക്ഷേ അറബ് സാഹിത്യത്തിൽ തൻറെ പരീക്ഷണങ്ങൾ തുടർന്നിരുന്നെങ്കിൽ,  അറബ് ലോകത്തെ എക്കാലത്തും സ്മരിക്കപ്പെടുന്ന സാഹിത്യകാരനായി ബൂത്വി മാറുമായിരുന്നു.

തുടർന്ന് തൻറെ ഭാഷ വൈദഗ്ധ്യം കൊണ്ട് പല വിജ്ഞാന സംഹിതങ്ങളെ മനോഹരമായ രീതിയിൽ വികസിപ്പിച്ചെടുക്കാൻ ബൂത്വിക്കായി. ആധുനികകാലത്ത് പാശ്ചാത്യ ചിന്തകർ പലപ്പോഴും മുസ്‍ലിം സ്ത്രീകളെ കുറിച്ചും ഇസ്‍ലാമിൻറെ വിശ്വാസ ശാസ്ത്രത്തെക്കുറിച്ചും അപവാദങ്ങൾ ഉന്നയിക്കുമ്പോൾ,  തന്റേതായ ഭാഷയിൽ മറുപടി നൽകാൻ ബൂത്വിക്കായി  എന്നത് വാസ്തവമാണ്. കുബ്രൽ യഖീനിയ്യാത് പോലോത്ത ഗ്രന്ഥങ്ങളിലൂടെ പാശ്ചാത്യ ചിന്തകരെ പൊളിച്ചടക്കാൻ അദ്ദേഹത്തിന് സാധിച്ചു. സലഫിസം പോലോത്ത ആശയങ്ങളെയും ഖണ്ഡിക്കാൻ അദ്ദേഹത്തിൻറെ, അസ്സലഫിയ എന്ന ഗ്രന്ഥത്തിനായി. തുടർന്ന് 60ല്‍ പരം ഗ്രന്ഥങ്ങൾ പല വിഷയങ്ങളിലായിട്ട് തന്റെ ജീവിതകാലത്ത്  ബൂത്വി എഴുതിയിട്ടുണ്ട്. 

കുര്‍ദി വംശജനായിരുന്നിട്ട് പോലും, അറബി ഭാഷ പഠിച്ച് അതിലൂടെ തൻറെ ചിന്താധാരയെ കൃത്യമായ രീതിയിൽ ആഖ്യാനിക്കാൻ ബൂത്വിക്കായി എന്നത് ഏറെ അല്‍ഭുതകരമാണ്. സംഘർഷങ്ങളും നിരവധി പ്രതിസന്ധികളും മുസ്‍ലിം സമൂഹത്തെ വേട്ടയാടുമ്പോഴും  ബൂത്വിയെ പോലെ, നവലോക ക്രമങ്ങളോട് തനത് ഭാഷയിലും ശൈലിയിലും സംവദിക്കാന്‍ പ്രാപ്തിയുള്ള ഒരു ആഗോള പണ്ഡിതനെ മുസ്‍ലിം ലോകം ഇന്നും കാത്തിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter