ഇമാം ബുഖാരി (റ)

വിശ്വവിഖ്യാതനായ ഹദീസ് പണ്ഡിതന്‍. സ്വഹീഹുല്‍ ബുഖാരിയുടെ സമാഹര്‍ത്താവ്. മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ ബ്‌നു ഇബ്‌റാഹീം എന്ന് യഥാര്‍ത്ഥ നാമം. അബൂ അബ്ദില്ല എന്ന് ഓമനപ്പേര്. ഹിജ്‌റ 194 ശവ്വാല്‍ മാസം ഇന്നത്തെ ഉസ്ബക്കിസ്താനില്‍ സ്ഥിതിചെയ്യുന്ന ബുഖാറയില്‍ ജനിച്ചു. വലിയ പണ്ഡിതനും ധനികനുമായിരുന്നു പിതാവ് ഇസ്മാഈല്‍ (റ). ഹദീസില്‍ പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ഹമ്മാദു ബ്‌നു സൈദ്, ഇമാം മാലിക് തുടങ്ങിയ വിശ്രുത ജ്ഞാനികളുടെ ശിഷ്യത്വം വരിച്ചിരുന്നു.
ചെറുപ്പത്തില്‍തന്നെ ഇമാം ബുഖാരിയുടെ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്.

ജന്മനാ അന്ധനായിരുന്നുവെന്ന് പറയപ്പെടുന്നു. രോഗം കാരണം പിന്നീട് നഷ്ടപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്. ഏതായാലും, ശൈശവത്തില്‍ കണ്ണിന് കാഴ്ച ഇല്ലാതിരുന്ന അദ്ദേഹത്തിന് മാതാവിന്റെ നിരന്തരമായ പ്രാര്‍ത്ഥനമൂലം അത് തിരിച്ചുകിട്ടുകയായിരുന്നു. ചെറുപ്പത്തിലേ ക്രാന്തദര്‍ശിത്വം, ഓര്‍മശക്തി, ഗവേഷണാഭിമുഖ്യം, നിരീക്ഷണ പാടവം തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ അദ്ദേഹത്തില്‍ കണ്ടു തുടങ്ങി. പത്തുവയസ് പൂര്‍ത്തിയാകുംമുമ്പുതന്നെ ഖുര്‍ആനും കൗമാരപ്രായത്തില്‍തന്നെ എഴുപതിനായിരത്തോളം ഹദീസുകളും ഹൃദിസ്ഥമാക്കി. ഒരു തവണ കേട്ടാല്‍തന്നെ മന:പാഠമാകുമായിരുന്നു.

തന്റെ പ്രധാന ഗുരു ഹുമൈദി (റ) യില്‍നിന്നാണ് പഠിച്ചു തുടങ്ങിയത്. അന്ന് എഴുതി വെക്കുന്ന പതിവുണ്ടായിരുന്നില്ല. ശേഷം, ഉസ്താദിന്റെ നിര്‍ബന്ധപ്രകാരമാണ് എഴുതി തുടങ്ങുന്നത്. ഇമാം ദാഖിലിയില്‍നിന്നും പഠിച്ചിരുന്ന കാലത്ത്  അദ്ദേഹത്തിന് വരുന്ന തെറ്റുകള്‍വരെ ബൂഖാരി കണ്ടെത്തി തിരുത്തുകയുണ്ടായി.

പതിനഞ്ചു വയസ്സാകുന്നതു വരെ സ്വദേശത്തു വെച്ചായിരുന്നു വിദ്യാഭ്യാസം. ശേഷം, ഹിജ്‌റ 210 ല്‍ ഹജ്ജിനായി മക്കയിലേക്കു പുറപ്പെട്ടു. ഹജ്ജു കര്‍മത്തിനു ശേഷം അദ്ദേഹം അവിടെ തങ്ങുകയും ഹദീസ് സമാഹരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ശേഷം ആറു വര്‍ഷത്തോളം അവിടെ വിവിധ പണ്ഡിതന്മാര്‍ക്കിടയില്‍ അദ്ദേഹം ചുറ്റിക്കറങ്ങി. ഇടക്കിടെ മദീനയില്‍ പോയി റൗള സന്ദര്‍ശിച്ചു. ഈ കാലളവിലാണ് തന്റെ പ്രഥമ ഗ്രന്ഥമായ താരീഖുല്‍ കബീര്‍ രചിക്കുന്നത്. സനദില്‍ പരാമര്‍ശിക്കപ്പെടുന്ന ഹദീസ് റിപ്പോര്‍ട്ടര്‍മാരെ  പ്രതിപാദിക്കുന്നതായിരുന്നു ഈ ഗ്രന്ഥം. ഇതില്‍ ഓരോ വ്യക്തിയെക്കുറിച്ചും സസൂക്ഷ്മം അദ്ദേഹത്തിനറിയാമായിരുന്നു.
മാസങ്ങളോളം യാത്രകള്‍ നടത്തിയാണ് ഇമാം ബുഖാരി ഹദീസുകള്‍ സമാഹരിച്ചിരുന്നത്.

തനിക്കു ലഭിക്കാത്ത ഒരു ഹദീസ് ഏതെങ്കിലും ഭാഗത്ത് ഒരു പണ്ഡിതന്റെ അടുത്തുണ്ടെന്നു കേട്ടാല്‍ അവിടെ ഓടിയെത്തുമായിരുന്നു. അനവധി ക്ലേശങ്ങള്‍ സഹിച്ചായിരുന്നു യാത്രകള്‍. അദ്ദേഹം സന്ദര്‍ശിക്കാത്ത വിജ്ഞാന കേന്ദ്രങ്ങള്‍ അന്നുണ്ടായിരുന്നില്ല. ഇടക്കിടെ ബഗ്ദാദില്‍ പോവുകയും അഹ്മാദ് ബ്‌നു ഹമ്പല്‍ (റ) വിനെ പോലെയുള്ള പണ്ഡിതന്മാരെ അദ്ദേഹം കാണുകയും ചെയ്തിരുന്നു. കൂടാതെ, ബല്‍ഖ്, ബസ്വറ, കൂഫ, വാസിഥ്, ഈജിപ്ത്, ഡമസ്‌കസ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം ജ്ഞാന കേന്ദ്രങ്ങളിലൂടെ അദ്ദേഹം ചുറ്റിക്കറങ്ങി.വളരെ സൂക്ഷ്മവും പ്രബലവുമായ മാനദണ്ഡങ്ങളാണ് ഇമാം ബുഖാരി ഹദീസുകളുടെ സ്വീകാര്യതക്ക് കല്‍പിച്ചിരുന്നത്. ഒരു ഹദീസ് സ്വഹീഹാണെന്നുറപ്പിക്കാന്‍ അതിന്റെ നാനാ ഭാഗങ്ങളിലും വിശദമായ പഠനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹം പ്രാമാണികത കല്‍പിച്ച ഹദീസുകള്‍  സര്‍വ്വാത്മനാ സ്വീകാര്യമാണെന്നതില്‍ മുസ്‌ലിം ലോകം ഏകോപിച്ചു. വിശുദ്ധ ഖുര്‍ആനു ശേഷം ഏറ്റം സ്വീകാര്യമായ ഗ്രന്ഥം ഇമാം ബുഖാരിയുടെ സ്വഹീഹാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

തന്റെ ഗുരുവര്യനായ ഇസ്ഹാഖ് ബ്‌നു റാഹവൈഹിയുടെ ആഗ്രഹമായിരുന്നു സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച് ഒരു ഗ്രന്ഥമുണ്ടാക്കുകയെന്നത്. ഒരിക്കല്‍ ഇമാം ബുഖാരി ഇത് കേള്‍ക്കുകയും ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയും ചെയ്തു. അതിനിടെ അദ്ദേഹം പ്രവാചകരെ സ്വപ്നത്തില്‍ കാണുകയും ഈ ദൗത്യം വേഗത്തില്‍ നിര്‍വഹിക്കുവാന്‍ അത് പ്രേരണയാവുകയുമുണ്ടായി. അങ്ങനെയാണ് സ്വഹീഹിന്റെ സമാഹരണത്തിലേക്ക് ഇമാം ബുഖാരി എത്തുന്നത്. 16 വര്‍ഷത്തെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ അത് സാക്ഷാല്‍കരിക്കപ്പെട്ടു. ആറു ലക്ഷം ഹദീസുകള്‍ പരിശോധിച്ച ശേഷം അതില്‍ സത്യസന്ധമായി ഉറപ്പുള്ളവ മാത്രമാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. ആവര്‍ത്തനത്തോടെ 7397 ഉം ആവര്‍ത്തനത്തോടെ 2602 ഉം ഹദീസുകളാണ് ബുഖാരിയിലുള്ളത്. 97 ഖണ്ഡങ്ങളും 3450 അധ്യായങ്ങളുമായി ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു.

ജാമിഉ സ്സ്വഹീഹിനു പുറമെ ഇരുപതില്‍ പരം വേറെയും ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരിക്കുണ്ട്. അല്‍ അദബുല്‍ മുഫ്‌റദ്, മുസ്‌നദുല്‍ കബീര്‍, തഫ്‌സീറുല്‍ കബീര്‍, അല്‍ മബ്‌സൂഥ് തുടങ്ങിയവ അതില്‍ ചിലതാണ്. ഹദീസിലെന്നപോലെ മറ്റു പല വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. ഹിജ്‌റ 256 ല്‍ സമര്‍ഖന്ദിനടുത്ത ഖര്‍തങ്ക് എന്ന സ്ഥലത്തുവെച്ച് മരണപ്പെട്ടു. അവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter