ഖാജാ ശരീഫ് സാഹിബ്: ഹദീസിനുവേണ്ടി സമര്‍പ്പിച്ച ജീവിതം

വര്‍ത്തമാന ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതനും ജാമിഅ നിസാമിയ്യയിലെ ഹദീസ് വിഭാഗം തലവനുമായിരുന്നു ഇന്നലെ ഹൈദരാബാദില്‍ അന്തരിച്ച ഹുംദത്തുല്‍ മുഹദ്ദിസീന്‍ ഖാജാ ശരീഫ് ഹാഹിബ്. ഹദീസ് പഠന-അധ്യാപന-വ്യാഖ്യാന മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതി മഹത്തരമാണ്. ഈ കാലഘട്ടത്തില്‍ ജീവിച്ച ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിച്ചു അദ്ദേഹം.

നേരത്തെത്തന്നെ ഇന്ത്യയില്‍ നിലനിന്നിരുന്ന ഹദീസ് പഠന താവഴിയില്‍ പുതിയ കാലത്തിന് അഭിമാനിക്കാവുന്ന ഒരു പണ്ഡിതനായിരുന്നു ഖാജാ ശരീഫ് സാഹിബ്. സാത്വിക ജീവിതത്തിനുടമയായിരുന്ന അദ്ദേഹം എളിമയാര്‍ന്ന ജീവിതവും സംശുദ്ധമായ വ്യക്തിത്വവും വെച്ചുപുലര്‍ത്തിയ ആളായിരുന്നു. ഹദീസ് പഠിക്കുന്നതോടൊപ്പം അതനുസരിച്ച് ജീവിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.

ദക്ഷിണേന്ത്യയിലെ പ്രമുഖ മത കലാലയമായ ഹൈദരാബാദിലെ ജാമിഅ നിസാമിയ്യയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. വര്‍ഷങ്ങളായി അവിടെ ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റിന് നേതൃത്വം നല്‍കി വരികയായിരുന്നു.

സ്വിഹാഹുസ്സിത്ത അധ്യാപനം നടത്തിയിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് അവ ദര്‍സ് നടത്താനും റിപ്പോര്‍ട്ട് ചെയ്യാനും ഇജാസത്ത് നല്‍കിയിരുന്നു. 

ആത്മീയ രംഗത്ത് ഖാദിരി സ്വൂഫീ സരണിയില്‍ അംഗമാണ് ഖാജാ സാഹിബ്. ദലാഇലുല്‍ ഖൈറാത്ത് പോലെയുള്ള ആദ്ധ്യാത്മിക ദിക്‌റുകളുടെ ഇജാസത്ത് നല്‍കാറുണ്ടായിരുന്നു. 

വിവിധ ഭാഗങ്ങളില്‍നിന്നായി അനവധി ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്. കേരളത്തിലും അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുണ്ട്.

2017 ഖത്തറില്‍ സന്ദര്‍ശിക്കുകയും രണ്ട് ആഴ്ച്ചയോളം അവിടെ ഹദീസ് ക്ലാസ് നല്‍കുകയും ചെയ്തിരുന്നു. ജ്ഞാന ദാഹികളായ ധാരളം പണ്ഡിതന്മാര്‍ അന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം വരിക്കാനെത്തി.

സര്‍വത്തുല്‍ ഖാരിഈന്‍ ഫീ അന്‍വാരില്‍ ബുഖാരി എന്ന പേരില്‍ സ്വഹീല്‍ ബുഖാരിക്ക് വ്യാഖ്യാനം തയ്യാറാക്കിയിട്ടുണ്ട് അദ്ദേഹം. ഹദീസുകള്‍ക്ക് തന്റേതായ തഹ്ഖീഖുകളാണ് അതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഉര്‍ദു ഭാഷയില്‍ തയ്യാറാക്കപ്പെട്ട ഇത് ധാരാളം വോള്യങ്ങളുണ്ട്.

ഈയിടെ അദ്ദേഹം രോഗബാധിതനാവുകയും ആന്തരികാവയങ്ങള്‍ക്ക് കേട് സംബന്ധിച്ചിട്ടുണ്ടെന്ന് അറിയുകയും ചെയ്തപ്പോള്‍ മദീനയില്‍ പോയി റൗള സിയാറത്ത് ചെയ്യുകയുണ്ടായി. ഉംറ കഴിഞ്ഞുകൊണ്ടാണ് പിന്നീട് മടങ്ങിയിരുന്നത്. ഇതോടെ തന്റെ രോഗത്തിന് ശമനമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

14-12-2018 വെള്ളിയാഴ്ച അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. നാഥന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter