എ. ജി നൂറാനി: വിട പറഞ്ഞത് സഞ്ചരിക്കുന്ന വിജ്ഞാനകോശം
പ്രശസ്ത മാധ്യമപ്രവർത്തകനും നിയമജ്ഞനുമായ എ.ജി നൂറാനി എന്ന് വിളിക്കപ്പെടുന്ന അബ്ദുൽ ഗഫൂർ നൂറാനി വിട പറഞ്ഞിരിക്കുകയാണ്. 94 വയസ്സായിരുന്നു അദ്ദേഹത്തിന്. അഭിഭാഷകൻ, ജേണലിസ്റ്റ്, ചരിത്രകാരൻ, രാഷ്ട്രീയനിരീക്ഷകന്‍, എന്നിങ്ങനെ ഏറെ വിശേഷണങ്ങള്‍ അദ്ദേഹത്തിന് നല്കാവുന്നതാണ്. "വാക്കിംഗ് എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ" (ഇന്ത്യന്‍ ഭരണഘടനയുടെ സഞ്ചരിക്കുന്ന വിജ്ഞാനകോശം) എന്ന അപരനാമത്തിനും അർഹനായിരുന്നു നൂറാനി. ഫ്രണ്ട് ലൈൻ, ദ ഹിന്ദു, ടെലഗ്രാം, സ്റ്റേറ്റ്സ്മാൻ തുടങ്ങിയ ദേശീയ പത്രങ്ങളിലും ദി ഡോൺ എന്ന പാക്കിസ്ഥാൻ മാധ്യമത്തിലെയും സ്ഥിരം കോളമിസ്റ്റ്. 3000 മുതൽ 5000 വരെ വാക്യങ്ങൾ ഉൾക്കൊള്ളുന്ന നരേറ്റീവ് ജേണലിസത്തിന്റെ ആചാര്യൻ.
മുംബൈയിലെ അഭിഭാഷകവൃത്തിക്ക് ശേഷം സുപ്രീംകോടതിയിൽ എൻറോൾ ചെയ്തിരുന്നുവെങ്കിലും നൂറാനി ഏറ്റെടുത്ത കേസുകൾ വിരളമാണ്. അഭിഭാഷക വേഷത്തിനുള്ളിൽ ചുരുങ്ങാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് തന്നെ കാരണം. 1953 ലെ കാശ്മീർ കോൺസ്പിറസിയാണ് നൂറാനിയുടെ എഴുത്ത് ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാം. ഹിത പരിശോധനയ്ക്കെതിരെ നില കൊണ്ടു എന്നാരോപിച്ച് ശൈഖ് അബ്ദുല്ലയെ നെഹ്റു സർക്കാർ തുറങ്കലിലടച്ചപ്പോൾ, അബ്ദുള്ളയുടെ പ്രധാന അനുയായി വിക്രം സാരാഭായിയുടെ സഹോദരി ശകുന്തള സാരാഭായിയാണ് 30 തികയാത്ത നൂറാനിയെ ഒരു ഹൈ പ്രൊഫൈൽ കേസ് കണ്ണും പൂട്ടി ഏൽപ്പിക്കുന്നത്. കേസ് ആവശ്യങ്ങൾക്കായി അബ്ദുല്ലയുടെ ഗ്രാമത്തിലെത്തി ഫീൽഡ് ജേണലിസം നടത്തുകയാണ് നൂറാനി ആദ്യം ചെയ്തത്. പരമ്പരാഗത മാധ്യമപ്രവർത്തനത്തിന്റെ സകല രീതികളോടും വിരുദ്ധമായി ഏതു വിഷയത്തിലും കളത്തിലിറങ്ങി വിവരങ്ങൾ തേടുക എന്നത് നൂറാനിയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. അടൽ ബിഹാരി വാജ്പേയി സർക്കാർ കാലത്ത് പരാജയപ്പെട്ട ആഗ്ര സ്കീം പഠിക്കാനായി അദ്ദേഹം പാക്കിസ്ഥാനിലും പോയിരുന്നു. അങ്ങനെയാണ് അദ്ദേഹം കാശ്മീരിനെ ആഴത്തിൽ പഠിക്കുന്നത്. കാശ്മീർ ഡിസ്പ്യൂട്ട് എന്ന പേരില്‍ അദ്ദേഹം രചിച്ച കൃതിയെക്കാൾ കേമമായ ഒന്ന്, കാശ്മീർ വിഷയത്തെ ചൂഴ്ന്ന് അന്വേഷിക്കാൻ ഒരുങ്ങുന്നവർക്ക് കണ്ടെത്തൽ ശ്രമകരമാവും. അത്രമേൽ വസ്തുതാപരമാണ് അദ്ദേഹത്തിന്റെ കൃതികൾ ഒക്കെയും.
ഭരണഘടന, ആർഎസ്എസിന്റെ വളർച്ച, കാശ്മീർ പ്രശ്നങ്ങള്‍, ആർട്ടിക്കിൾ 370 എന്നിവയായിരുന്നു നൂറാനിയുടെ ഗവേഷണത്തിലെ ഇഷ്ട മേഖലകൾ. വേദ വാക്യങ്ങൾ ഉദ്ധരിക്കും വിധം, ഇന്ത്യൻ ഭരണഘടനയിലെ വാചകങ്ങൾ ഭാഷണങ്ങൾക്കിടെ, ഇതര ഭരണഘടനകളിലെ വാചകങ്ങളുമായി കൂട്ടി പറയുന്നത് നൂറാനിയെ സംബന്ധിച്ചിടത്തോളം നിഷ്പ്രയാസം സാധ്യമായിരുന്നു. ഭരണഘടനയെ അത്രത്തോളം നെഞ്ചോട് അടുപ്പിച്ച നൂറാനി അത് സംബന്ധിയായി ഒട്ടേറെ രചനകൾ നടത്തിയിട്ടുണ്ട്. 2014ൽ മോദി അധികാരത്തിലേറുന്നതിനും എത്രയോ മുമ്പാണ് നൂറാനി ഇതിന് വ്യഗ്രതപ്പെട്ടതെന്ന് കൂടി ഓർക്കണം.
അതേ കാലയളവിൽ തന്നെ ഭരണഘടനക്ക് തുരങ്കം വെക്കുന്ന ആർഎസ്എസിന്റെ സാന്നിധ്യവും തന്റെ രചനകളിലൂടെ നൂറാനി കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. "R. S. S the menace" എന്ന കൃതിയിൽ വളരെ വസ്തുനിഷ്ഠാപരമായും ചരിത്രപരമായും ആരംഭം മുതൽക്കുള്ള ആർഎസ്എസിന്റെ നിഴൽ മറയത്തുള്ള പ്രവർത്തനങ്ങളെ ഇഴകീറി പരിശോധിച്ചിരുന്നു നൂറാനി. ആത്മാർത്ഥതയോടെ നൂറാനി പഠനവിധേയമാക്കിയ മറ്റൊരു മേഖലയായിരുന്നു കാശ്മീർ പ്രശ്നങ്ങളും ആർട്ടിക്കിൾ 370 ഉം. കേവല വാചോടാപങ്ങളിലൂടെ ഉദ്ദിഷ്ട വ്യാഖ്യാനങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നില്ല, മറിച്ച് ക്ലിനിക്കൽ ക്ലാരിറ്റിയോടെ പ്രൂഫ് നിരത്തി വിഷയങ്ങൾ വിശദീകരിക്കലായിരുന്നു നൂറാനിയൻ രീതി. ദേശത്തെ മാത്രമല്ല അവിടുത്തെ ജനങ്ങളെ കൂടെ ഉൾവഹിക്കാൻ തക്ക തരത്തിൽ ആർട്ടിക്കിൾ 370 നെ വിശദീകരിക്കാൻ നൂറാനിക്ക് സാധിച്ചിരുന്നു. അത്രമേൽ ആഴമേറിയതായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനസാഗരം. അത്തരത്തിൽ രചിക്കപ്പെട്ട ഒരു കൃതിയാണ് "constitutional validity of article 370". കാശ്മീർ വിഷയത്തിലെ അവസാന വാക്കാണ് നൂറാനിയുടെ പുസ്തകമെന്ന് പ്രസിദ്ധരായ പല എഴുത്തുകാരും ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി പാർവേഷ് മുശറഫിനെ നേരിട്ട് അഭിമുഖം നടത്തിയിരുന്നു നൂറാനി. ഒരേസമയം വാജ്പേയിയുടെയും മുഷറഫിന്റെയും ഇടയിലെ പാലമായി വർത്തിക്കാനും നൂറാനിക്കായിരുന്നു. നൂറാനിയുടെ അപാരമായ നയതന്ത്രജ്ഞത ഒന്നുകൊണ്ടുമാത്രമാണ് അയൽരാജ്യ നേതാക്കൾക്ക് പോലും പ്രിയപ്പെട്ടവനായി അദ്ദേഹം മാറിയത്.
ആശയ സമൃദ്ധമായ കൃതികളാൽ പ്രസിദ്ധനായ നൂറാനിക്ക് കമ്പ്യൂട്ടർ തീരെ വശമില്ലായിരുന്നു. വിവര സമ്പാദനത്തിനായി എല്ലായിപ്പോഴും പേപ്പർ കട്ടിംങ്ങുകൾ ആയിരുന്നു ആശ്രയം. 1940ൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണത്രേ ഈ ശീലം. കാലങ്ങളോളം പഴക്കമുള്ള പത്ര കട്ടിങ്ങുകൾ നൂറാനി നിധി പോലെയാണ് സൂക്ഷിക്കുന്നത്. രാജ്യത്തെ ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്ന ഓൺലൈൻ സ്റ്റോറായ "നാഷണൽ ആർക്കൈവ്സ്"ന്റെ സ്ഥിരം കസ്റ്റമറായിരുന്നു നൂറാനി. ഓരോ വരിക്കും റഫറൻസ് നൽകണമെന്നതിൽ നൂറാനിക്ക് പ്രത്യേക ശാഠ്യമായിരുന്നു. നവകാല ജേണലിസ്റ്റുകൾ നിർബന്ധമായും പിന്തുടരേണ്ട ഒരു വിശിഷ്ട സ്വഭാവമാണ് ഇതെന്ന് പറയാം.
ബാബരി മസ്ജിദ് വിഷയത്തിലെ സുപ്രീംകോടതി നിലപാട് ആസ്പദമാക്കിയുള്ള കൃതി പൂർത്തിയാക്കുന്നതിനിടെയാണ് നൂറാനിയുടെ പൊടുന്നനെയുള്ള വേർപാട്. ആ പുസ്തകം ഇനി പൂർണ്ണതയിൽ എത്താതെ കിടക്കും, കാരണം മറ്റൊന്നുമല്ല, തെളിവുകൾ നിരത്തുന്നതിലെ നൂറാനിയുടെ കണിശത പുലർത്താൻ മറ്റാർക്കും സാധിക്കില്ല എന്നത് തന്നെ.
പ്രശസ്ത മാധ്യമ പ്രവർത്തകൻ സിദ്ധാർത്ഥ് വരദരാജൻ അഭിപ്രായപ്പെട്ടത് പോലെ, മറ്റേതെങ്കിലും രാജ്യത്തായിരുന്നു ജനനമെങ്കിൽ, നൂറാനിയെ അവിടെത്തുകാർ ദേശീയനിധിയായി പ്രഖ്യാപിക്കുമായിരുന്നേനെ. പ്രത്യേകിച്ചും, കക്ഷി രാഷ്ട്രീയത്തിന്റെയോ മറ്റു പൊളിറ്റിക്കൽ അജണ്ടയുടെയോ കറുപുരളാത്ത നിഷ്കളങ്ക വ്യക്തിത്വമെന്ന നിലക്ക്. അർഹിക്കുന്ന ഇടം നൽകാതെ നൂറാനി തമസ്കരിക്കപ്പെടുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്ത് ഉണ്ടെന്നത് സങ്കടകരമാണ്. എന്നാല്‍, ആരൊക്കെ തമസ്കരിക്കാനും തേജോവധം ചെയ്യാനും ശ്രമിച്ചാലും, അദ്ദേഹം കുറിച്ചുവെച്ച അക്ഷരഖനികൾ കാലഭേദമില്ലാതെ അദ്ദേഹത്തെ പ്രഭാഗോപുരമായി നിലനിര്‍ത്തുക തന്നെ ചെയ്യും, തീര്‍ച്ച.
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:
Leave A Comment