മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളുടെ ഉപയോക്താക്കളെല്ലാം ഇക്കാലത്തെ സംബോധിതരാണ്..
അടുത്തിടെയായി നമ്മുടെ പല പ്രഭാഷകരുടെയും സംസാരശകലങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പലതും അവസരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് മനപ്പൂര്‍വ്വമുള്ള വിവാദശ്രമങ്ങളാണെന്ന് പറയാതെ വയ്യ. നാസ്തികരടക്കമുള്ള പലരും ഇതിനായി തക്കം പാര്‍ത്ത് ഓരോന്നും അരിച്ചുപെറുക്കുന്നവരും അതിന് വേണ്ടി മാത്രം ശമ്പളം പറ്റുന്നവര്‍ വരെയും ഉണ്ടെന്നും കേള്‍ക്കുന്നു, ചിലതൊക്കെ കാണുമ്പോള്‍ അത് ശരിയാണെന്നും തോന്നാതിരിക്കില്ല.
അതേസമയം, മുന്‍കാലത്തെപ്പോലെയല്ല സാമൂഹ്യമാധ്യമങ്ങള്‍ ഏറെ പ്രചുരവും ഏതൊരു സാധാരണക്കാരനും നിഷ്പ്രയാസം പ്രാപ്യവുമായ ഈ ഡിജിറ്റല്‍ കാലമെന്ന് നാം തിരിച്ചറിയുക തന്നെ വേണം. കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം എല്ലാവരോടും എല്ലായ്പ്പോഴും ഒരു പോലെ പറയാനാവില്ലെന്ന സത്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്.
മക്കാനിവാസികള്‍ ഇസ്‍ലാമിലേക്ക് വന്നിട്ട് അധിക കാലമായില്ലെന്ന സത്യം പരിഗണിച്ച് ഇബ്റാഹീം നബിയുടെ അസ്തിവാരത്തില്‍ കഅ്ബയെ പുനര്‍നിര്‍മ്മിക്കാനുള്ള മോഹം പോലും വേണ്ടെന്ന് വെച്ചത് പ്രവാചക ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. അത് വേണ്ടെന്ന് വെച്ചു എന്ന് മാത്രമല്ല, പ്രവാചകര്‍ പത്നി ആഇശ(റ)യോട് അക്കാര്യം തുറന്ന് പറയുകയും ചെയ്തു. അഥവാ, സാമൂഹ്യാന്തരീക്ഷവും ജനങ്ങളുടെ മാനസികാവസ്ഥയും എന്നും എപ്പോഴും പറയുമ്പോഴും ചെയ്യുമ്പോഴുമൊക്കെ പരിഗണിക്കപ്പെടേണ്ടതാണ് എന്ന സന്ദേശം കൂടിയാണ് അതിലൂടെ പ്രവാചകര്‍ സമൂഹത്തിന് നല്‍കുന്നത് എന്നല്ലേ നമുക്ക് മനസ്സിലാവുന്നത്.
അങ്ങനെ വരുമ്പോള്‍, ഇക്കാലത്ത് വാക്കുകളില്‍ നാം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നര്‍ത്ഥം. പറഞ്ഞ് തീരും മുമ്പേ കാതങ്ങള്‍ സഞ്ചരിക്കുന്നതാണ് ഇന്നത്തെ വാക്കുകള്‍. ആര്‍ക്കും അതില്‍നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കാവുന്ന വിധം അത് എല്ലായ്പ്പോഴും ലഭ്യവും. പഴയ കാലത്തെ പ്രഭാഷങ്ങണങ്ങള്‍ എത്രവലിയ സദസ്സിന് മുമ്പിലും അവരെ മാത്രം മുന്നില്‍ കണ്ട് നടത്താവുന്നവയായിരുന്നു. എന്നാല്‍ ഇന്ന് മുന്നിലിരിക്കുന്ന സദസ്സിനേക്കാള്‍ പ്രഭാഷകര്‍ ശ്രദ്ധിക്കേണ്ടതും ഗൌനിക്കേണ്ടതും വിമര്‍ശിക്കാനും കുറ്റങ്ങളും കുറവുകളും കണ്ടെത്താനും മാത്രമായിരിക്കുന്ന കാതങ്ങള്‍ക്കപ്പുറത്തുള്ളവരെയാണ്.
അതോടൊപ്പം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സാഹചര്യങ്ങളെയും അവ പൊതുജനങ്ങളില്‍ തീര്‍ത്ത മാനസികാവസ്ഥയെയും (അത് വികാസമോ സങ്കോചമോ ആവട്ടെ) പരിഗണിച്ച് മാത്രമേ അവരോട് സംവദിക്കാവൂ, വിശിഷ്യാ മതകാര്യങ്ങള്‍. അല്ലാതെ വന്നാല്‍ അത് പറയുന്ന വ്യക്തികളേക്കാള്‍ ബാധിക്കുക, അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തേയും സമുദായത്തെയും പ്രസ്ഥാനത്തെയുമെല്ലാം ആയിരിക്കും.
Leave A Comment