ഉമര്‍ ഖാളി: ആത്മജ്ഞാനവും പ്രതിനിധാനവും

ചരിത്രത്തിലെ ചില നിര്‍നിമേശ നിമിഷങ്ങള്‍ വര്‍ത്തമാനത്തിലും ഭാവിയിലും ഊര്‍ജ്ജദായകങ്ങളായിരിക്കും. ജീവിതത്തിലെ ക്രിയാത്മക ബോധങ്ങളെയായിരിക്കും ആതുരനിമിഷങ്ങള്‍ക്ക് പിന്നിലെ കരങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഒരിക്കലും മരിക്കാത്ത ആ തീക്ഷ്ണബോധങ്ങളെ വരുംതലമുറക്കു കൂടി പ്രയോജനപ്പെടട്ടെ  എന്ന ദൗത്യവും ആ ജീവിതങ്ങള്‍ നിറവേറ്റിയിരിക്കും.

സമുദായത്തിന്റെ യഥാര്‍ത്ഥ ചിഹ്നങ്ങളായി മാറിയ മാപ്പിള ഐഡന്റിറ്റിയുടെ ഒട്ടനവധി പ്രയോക്താക്കള്‍ സമൂഹത്തില്‍ അവതരിച്ചിട്ടുണ്ട്. സവര്‍ണ്ണ ചരിത്ര രചനക്കൊരുപക്ഷേ അസ്പൃഷ്യമാക്കപ്പെട്ടവരെ, തിരസ്‌കരണത്തിന്റെ കാര്യകാരണങ്ങളന്വേഷിക്കുന്നതിനപ്പുറം ആധുനിക സമൂഹത്തിനിടയില്‍ പരിചിതമാക്കേണ്ടത് കാലം തേടുന്ന അനിവാര്യതയാണ്.

മലബാറില്‍ ബ്രിട്ടീഷ് രാജിന്റെ ആരംഭദശയില്‍ മുസ്‌ലിം സമൂഹത്തെ പ്രതിനിധാനം ചെയ്ത ശക്ത സാന്നിധ്യമായിരുന്നു വെളിയങ്കോട് ഉമര്‍ ഖാളി(റ). (എ.ഡി. 1765-1857) കാലങ്ങളായി നിലനിന്നിരുന്ന സവര്‍ണ സാമൂഹികതക്കെതിരെയുളള പ്രതിരോധവും പരിഷ്‌കരണവും മലബാറില്‍ തുടക്കംകുറിക്കുന്നത് ടിപ്പുവിന്റെ ആഗമനത്തോടെയാണ്. പ്രാദേശിക രീതിയില്‍ വളര്‍ന്ന ഈ ആധിപത്യ പ്രവണതക്കെതിരെ ടിപ്പുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ആഞ്ഞടിക്കുകയും സാമൂഹിക കാര്‍ഷിക മേഖലയിലടക്കം സമത്വപൂര്‍ണ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

ഖേദകരമെന്നു പറയട്ടെ, ഇന്ത്യയെ വൈദേശികാടിമത്വത്തില്‍ നിന്നും മോചിപ്പിക്കുകയെന്ന ദൗത്യമേറ്റെടുത്ത ടിപ്പുവിന് യൂറോപ്യന്‍ മനസ്സും ഇന്ത്യന്‍ ശരീരവുമുള്ള സവര്‍ണ മേലാളന്മാരെ കൂടി പ്രതിരോധിക്കാന്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടിവന്നു.

1798 മെയ് നാലിന് ശ്രീരംഘപട്ടണത്തുവെച്ച് ടിപ്പു മരണപ്പെട്ടതോടെ മലബാറില്‍ ബ്രിട്ടീഷുകാരുടെ പരിപൂര്‍ണ മേധാവിത്വം പ്രാദേശിക സഹകരണത്തോടെ നടപ്പായി ക്കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചരിത്രത്തിലേക്ക് ഒരു നിയോഗമെന്നോണം അധിനിവേശ വിരുദ്ധതയില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച ഉമര്‍ ഖാളി(റ)യുടെ കടന്നുവരവ്.

കടന്നുവരവ് പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗം പൊന്നാനിയെയും വെളിയങ്കോടിനെയും ആക്രമിക്കാറുണ്ടെന്ന് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ വിവരിക്കുന്നുണ്ട്. ഇത് വെളിയങ്കോടിന്റെ ചരിത്രപരമായ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. കേരളത്തില്‍ ഇസ്‌ലാമികാഗമനത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ വെളിയങ്കോടുമായി ഇസ്‌ലാമിക ചരിത്രം ബന്ധപ്പെടുന്നുണ്ട്. മാലിക്ബിനു ദീനാറിന്റെ സംഘത്തില്‍പ്പെട്ട മാലികുബ്‌നു ഹബീബ്(റ) മുഖേനയാണ് ഇസ്‌ലാമിന്റെ പ്രഭവെളിയങ്കോട്ടെത്തുന്നത്. അദ്ദേഹം മുഖേന നാലുഇല്ലക്കാരും എട്ടുവീട്ടുകാരും ഇസ ്‌ലാം സ്വീകരിക്കുകയും അവരുടെ ആവ ശ്യാര്‍ത്ഥം പള്ളി പണിയുകയും ചെയ്തു. ഹിജ്‌റ അഞ്ചിനാണ് ഈ സംഭവം. താനൂര്‍ ഖാസിയാരകത്ത് ആലി മുസ്‌ലിയാര്‍ വെളിയങ്കോട് കാക്കത്തറ വീട്ടില്‍ നിന്നും വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ ഹിജ്‌റ 1177 റബീഉല്‍ അവ്വല്‍ 10ന് (എ.ഡി 1765) പിറന്ന രണ്ടാമത്തെ കുട്ടിയാണ് ഉമര്‍ ഖാളി(റ). അപൂര്‍വ്വ ബുദ്ധിശക്തിക്കുടമയായ ഉമര്‍ ഖാളി(റ) 13-ാമത്തെ വയസില്‍ തന്നെ പൊന്നാനി പള്ളിയില്‍ വിളക്കത്തിരുന്നിട്ടുണ്ട്. (ആദ്യകാലത്തെ തഹ്‌സീല്‍) ടിപ്പുവിന്റെ നയങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തിരുവിതാംകൂറില്‍ അഭയം തേടി, ടിപ്പുവിന്റെ പതനവും പ്രതീക്ഷിച്ചിരുന്നവര്‍ 1792-ഓടെ മലബാറില്‍ തിരിച്ചെത്തി സാമ്രാജ്യത്വസേവ പുനരാരംഭിച്ചു. ഈ വര്‍ഗത്തിന്റെ നടപടി ഉള്‍കൊള്ളാനാവാതിരുന്ന ഉമര്‍ ഖാളിയെ(റ) സാഹചര്യമാണ് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഒരു പോരാളിയാക്കി മാറ്റിയത്. പക്ഷേ, എഴുതപ്പെട്ട ചരിത്രരചനകള്‍ സവര്‍ണ മനസിന്റെ സംഭാവനയായത് കൊണ്ടുതന്നെ പല യാഥാര്‍ത്ഥ്യങ്ങളും തിരസ്‌കൃതമായി. എങ്കിലും എത്രവലിയ മറകളും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടാലും സത്യം വര്‍ത്തമാനത്തിലും ഭാവിയിലും സുഗന്ധമയമായിരിക്കുക തന്നെ ചെയ്യും.

ഒരു രാജ്യസ്‌നേഹിയുടെ പോരാട്ടവഴി

മമ്പുറം സയ്യിദ് അലവി തങ്ങള്‍, പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, മരക്കാരകത്ത് ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ബ്രിട്ടീഷ് രാജിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച സമകാലീനരായിരുന്നെങ്കിലും നികുതിനിഷേധത്തെ ചരിത്രത്തിലാദ്യമായി ഒരു സമരമുറയായി ഉപയോഗപ്പെടുത്തിയത് ഖാളി(റ)യവര്‍കളായിരുന്നു.

നികുതി പിരിക്കാന്‍ ബ്രിട്ടീഷുകാരുടെ പാദസേവകരായ പ്രാദേശിക നേതാക്കളെയായിരുന്നു നിയോഗിച്ചിരുന്നത്. സ്വന്തം നാടിന്റെ മക്കളില്‍ നിന്നും വിദേശിക്ക് വേണ്ടി നികുതി പിരിക്കുന്ന ഈ വര്‍ഗത്തിന്റെ സാമ്രാജ്യത്വാടിമത്വത്തെ ശക്തമായി പ്രതിരോധിച്ചിരുന്നു ഉമര്‍ ഖാളി(റ). വെളിയങ്കോട്ടെ അംശം അധികാരിയും ബ്രിട്ടീഷ് സേവകനുമായ മോത്തേരി ശങ്കരമേനോന്‍ ഉമര്‍ ഖാളി(റ)യുടെ സ്വത്തിന് നികുതി ചുമത്തിയെങ്കിലും പിരിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ കണക്കറ്റ് പരിഹസിക്കുകയും ഇതിലെ അസാംഗത്വത്തെ ബോധ്യപ്പെടുത്തുകയുമായിരുന്നു ഉമര്‍ ഖാളി(റ). അവസാനം അധികാരി നേരിട്ടെത്തിയെങ്കിലും 'ഭൂമി അല്ലാഹുവിന്റേതാണ്, ഈ മണ്ണില്‍ അധാര്‍മിക ഭരണം നടത്തുന്ന വിദേശികള്‍ക്ക് കരം നല്‍കാന്‍ ഉമര്‍ ഖാളി(റ)യെക്കൊണ്ടാവില്ലെ'ന്ന ശക്തമായ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. അവസാനം മേനോന്‍ ചാവക്കാട് തുക്ക്ടി സായിപ്പിന് പരാതിയയച്ചതിനെ തുടര്‍ന്ന് നീബു സായിപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉമര്‍ ഖാളി(റ)യെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അറസ്റ്റ് ചെയ്യാന്‍ വന്ന സംഘത്തെ പരിഹാസ്യരാക്കി മഞ്ചലില്‍ സ്വയം ചാവക്കാട്ടേക്ക് തിരിച്ചു. ഉന്നത ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും നിലപാടിലുറച്ചുനിന്നതിന്റെ ഫലമായി ചാവക്കാട്ടെ ജയിലില്‍ റിമാന്റിലായി. പക്ഷേ, പ്രത്യയശാസ്ത്രത്തിന്റെ ശക്തി ബോധ്യപ്പെട്ട രംഗങ്ങള്‍ക്കാണ് ജയില്‍ വേദിയായത്. പുറത്ത് കാവല്‍ക്കാരുണ്ടായിട്ടും പൂട്ടു തുറക്കാതെ അദ്ദേഹം ജയില്‍ ചാടി കോടഞ്ചേരി പള്ളിയിലെത്തി. സംഭവമറിഞ്ഞ് അത്ഭുതപരതംന്ത്രരായ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തിന്റെ ശക്തി ബോധ്യപ്പെട്ടെങ്കിലും ബ്രിട്ടീഷുകാരന്റെ കാല്‍ നക്കാതെ നിര്‍വാഹമുണ്ടായിരുന്നില്ല. സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട തുക്ക്ടി സായിപ്പ് മലബാര്‍ കലക്ടര്‍ക്ക്  അടിയന്തര സന്ദേശമയച്ചു. ഇതിനെ തുടര്‍ന്ന് ഉമര്‍ ഖാളി(റ)യെ പിടിച്ച് കോഴിക്കോട് ഹജൂര്‍ ജയിലിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാവക്കാട്ടെ ജയിലിലേക്ക് യാത്രയായത് പോലെ തന്നെ മഞ്ചലില്‍ കോഴിക്കോട് ഹജൂര്‍ ജയിലിലെത്തിയ ഉമര്‍ ഖാളി(റ)യോട് കലക്ടര്‍ അനുനയ സ്വരത്തില്‍ പറഞ്ഞു: മേലില്‍ നികുതിയടക്കുമെന്നും നീ ബു സായിപ്പിനെ അപമര്യാദയായി പെരുമാറിയത് അവിവേകമാണെന്നും എഴുതി തന്നാല്‍ സ്വതന്ത്രനാക്കാം. പക്ഷേ, അടിമത്വ ബോധം തൊട്ടുതീണ്ടാതിരുന്ന ഖാളി(റ) നിലപാടിലുറച്ച് നിന്നു. ഗത്യന്തരമില്ലാതെ കലക്ടര്‍ക്ക് അദ്ദേഹത്തെ ജയിലിലടക്കേണ്ടിവന്നു. 1819 ഡിസംബര്‍ 19-നാണ് ഈ സംഭവം അരങ്ങേറിയത്. ജയിലിലെ തന്റെ അവസ്ഥ വിവരിച്ച് ഖാളി മമ്പുറം തങ്ങള്‍ക്കെഴുതിയ കത്ത് പ്രസിദ്ധമാണ്. സ്ഥിതിഗതികളുടെ ഗൗരവം സനസ്സിലാക്കിയ മമ്പുറം തങ്ങളുടെ ഇടപെടലിന്റെ ഫലമായാണ് മാപ്പിള പ്രതിഷേധത്തെ അടക്കിനിര്‍ത്തിയതും ഖാളി ജയില്‍മോചിതനാകുന്നതും. ജയില്‍ മോചന ശേഷവും മാപ്പിളപ്പോരാട്ടങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയായിരുന്നു ഖാളിയവര്‍കള്‍. ബ്രിട്ടീഷ് പാദസേവക്കെതിരെ നടന്ന വിവിധ സമരങ്ങള്‍ക്കുള്ള ഊര്‍ജ്ജദായക ശക്തിയായിരുന്നു മഹാന്‍. 1857-ല്‍ മരണപ്പെടുന്നത് വരെ വിദേശ മേല്‍ക്കോയ്മയോട് രാജിയാവാന്‍ ആ മനസ് പാകപ്പെട്ടിരുന്നില്ല. 1857-ന് ശേഷമാണ് ഇന്ത്യയൊട്ടുക്കും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും വ്യക്തികളും ഉണരുന്നതും യാഥാര്‍ത്ഥ്യ ത്തിന്റെ ഗൗരവം മനസിലാക്കുന്നതും. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ശക്തി പ്രാപിച്ച അധിനിവേശവിരുദ്ധ നടപടിക്രമങ്ങള്‍ക്ക് ഉമര്‍ ഖാളിയടക്കമുള്ള മാപ്പിള പോരാളികള്‍ പ്രചോദനമായിട്ടുണ്ടെന്നത് പറയാന്‍ മടിക്കുന്ന സത്യമാണ്. ബ്രിട്ടീഷ് രാജിനെതിരെ പ്രാരംഭദശയില്‍ തന്നെ നടന്ന ഇത്തരം ഇടപെടലുകള്‍ തിരസ്‌കരിക്കപ്പെട്ട ചരിത്രരചന, വര്‍ത്തമാനത്തെയും ഭാവിയെയും സ്വാധീനിക്കുന്ന ക്രൂരതയാണ്.

ഉമര്‍ ഖാളിയും മമ്പുറം തങ്ങളും

ഉമര്‍ ഖാളി(റ)യുടെ വ്യക്തിത്വരൂപീകരണത്തില്‍ മമ്പുറം തങ്ങളുടെ സ്വാധീനം പ്രകടമാണ്. ഒരിക്കല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ തങ്ങള്‍ പറഞ്ഞു: ''നബികുടുംബത്തില്‍ ജനിച്ചതുകൊണ്ടാണ് എന്റെ മഹത്വമെങ്കില്‍, ഉമര്‍ ഖാളി(റ)ക്ക് കഠിനാധ്വാനത്തിന്റെ ഫലമായി എന്നെപ്പോലുള്ളവരെക്കാള്‍ മഹത്വം അല്ലാഹു നല്‍കിയിട്ടുണ്ട്.'' ഉമര്‍ ഖാളി(റ)യുടെ ആത്മീയ ഗുരുവായിരുന്ന മമ്പുറം തങ്ങളുടെ 'സൈഫുല്‍ ബത്താറി'ല്‍ നിന്നും കടമെടുത്ത ആശയങ്ങളാണ് ഖാളിയുടെ ബ്രിട്ടീഷ് വിരോധം ശക്തമാക്കിയത്. കോഴിക്കോട് ഹജൂര്‍ ജയിലിലായിരിക്കെ തങ്ങള്‍ക്കയച്ച കത്തിനെ നേരത്തെ പ്രതിപാദിച്ചല്ലോ. ആ പദ്യരൂപത്തിലുള്ള ആ കത്തിലെ ചില വരികളുടെ ആശയം ഇപ്രകാരമാണ്: ''അക്രമകാരിയായ നീബു സായിപ്പിനെതിരെയുള്ള നടപടിയില്‍ തുക്ക്ടി എന്ന അറസ്റ്റിലാക്കിയിരിക്കുകയാണ്. മൂര്‍ച്ചയുള്ള ഒരു പേനാക്കത്തിപോലും എന്റെ കയ്യിലില്ല. മേനോനും അധികാരിയും അവകാശമില്ലാതെ എന്റെ സ്വത്തില്‍ നികുതി ചുമത്തിയിരിക്കുകയാണ്.'' ഇഹപര വിജയത്തിനുവേണ്ടി തങ്ങളോട് ദുആ ചെയ്യാന്‍ പറഞ്ഞുകൊണ്ടാണ് കത്തവസാനിപ്പിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് മമ്പുറം തങ്ങള്‍ പ്രശ്‌നത്തിലിടപെടുന്നതും ഖാളിയുടെ മോചനം സാധ്യമാകുന്നതും. മമ്പുറം തങ്ങളെ പോലെ തന്നെ ആദ്യകാല അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കിയ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൊന്നാനിയും വെളിയങ്കോടിന്റെ സമീപ പ്രദേശമായതിനാല്‍ ആ ഭൂമിശാസ്ത്ര സാഹചര്യവും ഉമര്‍ ഖാളി(റ)യെന്ന പരിഷ്‌കര്‍ത്താവിനെ സൃഷ്ടിക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ട്.

ജീര്‍ണതകള്‍ക്കെതിരെ ഒരു ജീവിതം

അക്കാലത്ത് നിലവിലുണ്ടായിരുന്ന ജീര്‍ണതകള്‍ക്കെതിരെ ഉമര്‍ ഖാളി(റ) ജീവിതത്തിലുടനീളം നിര്‍മാണാത്മകമായി തന്നെ പ്രതികരിച്ചിരുന്നു.  ഉമ്മത്തിനു വേണ്ടി ഒരു ചെറുവിരലനക്കം പോലും നടത്താതെ സമുദായ ദാക്ഷിണ്യത്തില്‍ മാത്രം ജീവിതം കഴിച്ച നിഷ്‌ക്രിയ കക്ഷികള്‍ക്കെതിരെ ഉമര്‍ ഖാളി  പ്രതികരിച്ച രീതി ഹാസ്യാത്മകമെന്നതിനപ്പുറം കുറിക്ക് കൊള്ളുന്നതായിരുന്നു. 'അഖ്‌റസുല്‍ ഹയവാനി മുല്ലമുക്രികാക്ക ബിഅ്ദുഹു ഒസ്സാനുന്‍ സുമ്മ ഈയ്യ തന്‍ളുര്‍  യാ ഫരീ' കുടിയോത്തും ഞെട്ടുമന്ത്രവുമായി നടന്ന മുല്ലമുക്രിമാരെയും ആക്രാന്തവുമായി നടക്കുന്ന ചുരകന്മാരെയുമാണ് ഹാ സ്യാത്മക വിമര്‍ശനത്തിനിരയാക്കിയത്. അയാ ഫാഖിറന്‍ ബിന്നസബീ കൈഫ തഫാഖുറു... എന്ന് തുടങ്ങുന്ന പൊള്ളയായ ആഭിചാത്യത്തിനെതിരെയുള്ള കാവ്യവും ശ്രദ്ധേയമാണ്. മഹാന്റെ നഫാഇസുദ്ദുര്‍ എന്ന കൃതി സമുദായത്തിന്റെ ആത്മീയോന്നതി ലക്ഷ്യം വെച്ച് രചിക്കപ്പെട്ടതാണ്. ഈ ഗ്രന്ഥം പാരായണം ചെയ്യാനും അതിലൂടെ ഹൃദയസാന്ത്വനം ആസ്വദിക്കാനും മമ്പുറം തങ്ങള്‍(റ) ആഹ്വാനം ചെയ്തിട്ടുണ്ട്. ''വിധിയും കാത്ത് നീ കര്‍മ്മം ചെയ്യാതിരിക്കല്ലേ, ചെയ്യുവിന്‍ കര്‍മ്മവിരാമം ആത്മാര്‍ത്ഥമായ് വിധിയുണ്ടോരോ ചരാചരത്തിനുമീ ഭൂവില്‍ കര്‍മ്മം ചെയ്‌തെല്ലാരും നേരെ വിധിയിലെത്തുവിന്‍'' തുടങ്ങിയ വരികളിലൂടെ അല്ലാഹുവിലേക്കെത്തിച്ചേരാന്‍ വിശ്വാസികളെ സജ്ജരാക്കുകയാണ് നഫീഇസ്സുദുര്‍റലിലൂടെ ഉമര്‍ ഖാളി. മഖാസിദുന്നികാഹ്, ഉസൂലുദ്ദുബ്ഹ്, ഖസീദത്തുല്‍ ഉമരി ഫീ മദ്ഹി ഖൈരില്‍ ബരീഅ തുടങ്ങിയ ഒട്ടനവധി പദ്യസാഹിത്യ കൃതികളിലൂടെ ജീവിതത്തിന്റെ ബാധ്യതകള്‍ ഒന്നാകെ നിറവേറ്റുകയായിരുന്നു ഖാസി(റ). അറബി ഭാഷയില്‍ അഗാധ പാണ്ഡിത്യമുണ്ടായതുകൊണ്ടുതന്നെ തന്റെ ദൗത്യം സുന്ദരമാക്കാന്‍ മഹാന് കഴിഞ്ഞു. പഠനകാലത്ത് തന്നെ അറബിയില്‍ നിപുണനായിരുന്നു. ഒരിക്കല്‍ മഹാന്റെ ഉസ്താദ് അല്‍ഫിയ്യ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ബൈത്ത് ചൊല്ലിയപ്പോള്‍ അതിന്റെ ബാക്കി ഭാഗം ഖാളി(റ) പാടി പൂര്‍ത്തിയാക്കി. യഥാര്‍ത്ഥത്തില്‍ അന്ന് സുഹൃത്തായിരുന്ന ഔക്കോയ എന്ന വിദ്യാര്‍ത്ഥി സ്ഥലത്തില്ലായിരുന്നു. ഇതിനെ സൂചിപ്പിച്ചാണ് ഉമര്‍ ഖാളി(റ) പാടിയത്. അന്നേരം ശിഷ്യന്റെ കഴിവുകള്‍ മനസ്സിലാക്കിയ ഉസ്താദ് അഭിനന്ദനങ്ങള്‍ ചൊരിയുകയായിരുന്നു.

ഇശ്ഖിന്റെ അടങ്ങാത്ത  ആവേശം

പ്രവാചക പ്രേമത്തിന്റെ അടങ്ങാത്ത ആവേശമായിരുന്നു മഹാനവര്‍കള്‍. റൗളയിലെത്തിയതും വാതില്‍ മലര്‍ക്കെ തുറന്ന സംഭവവുമെല്ലാം പ്രസിദ്ധമാണല്ലോ. ''പാവപ്പെട്ട ഉമര്‍ അശ്രുകണങ്ങള്‍ പൊഴിച്ച് നിങ്ങളുടെ ഉമ്മറപ്പടിയിലെത്തിയിരിക്കുന്നു. ഔദാര്യം ചൊരിയണേ...'' തുടങ്ങിയ വചനങ്ങള്‍ ഹൃദയാഭിരാമത്തിന്റെ സുഗന്ധസൂനമായി പുറത്തുവന്നപ്പോള്‍ പൂട്ടിക്കിടക്കുന്ന വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ലോകം ഖാളിയുടെ പ്രവാചകപ്രേമത്തിന്റെ തീക്ഷ്ണത അടുത്തറിഞ്ഞ നിമിഷമായിരുന്നു അത്. 'ഖസീദത്തുല്‍ ഉമരിയ്യ' (സ്വല്ലല്‍ ഇലാഹുബൈത്ത്) എന്ന പേരില്‍ ഈ കാവ്യശകലങ്ങള്‍ പ്രസിദ്ധമാണ്.

നിലപാടുകളിലെ നിര്‍മാണാത്മകത

സമുദായത്തിന്റെ ഈമാന്‍ ചൂഷണം ചെയ്യാന്‍ രംഗപ്രവേശനം നടത്തിയ കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ത്വരീഖത്തിനെതിരെയുള്ള ഉമര്‍ ഖാളി(റ)യുടെ നിലപാടുകള്‍ സമൂഹത്തിന് ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ട്. ഹിജ്‌റ 1130-ല്‍, മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് കൊണ്ടോട്ടിയിലെത്തിയ മുഹമ്മദ്ഷാ തങ്ങള്‍ വഴിയാണ് കൊണ്ടോട്ടി തങ്ങള്‍ ചരിത്രമാരംഭിക്കുന്നത്. സ്ഥലത്തെ പൗരപ്രമുഖനായ കുഞ്ഞറമുട്ടി സാഹിബ് അദ്ദേഹത്തിന് തഖ്യാവും മഖാമും പണിയാന്‍ സ്ഥലം നല്‍കി. ഇവിടെ കേന്ദ്രീകരിച്ച് അദ്ദേഹം തന്റെ ത്വരീഖത്ത് പ്രചരണം ആരംഭിച്ചു. വള്ളുവനാട്, ഏറനാട്, പാലക്കാട് താലൂക്കുകളില്‍ വളരെ പെട്ടെന്ന് തന്നെ വ്യാപിക്കാന്‍ തുടങ്ങി. ഇതിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കിയ കോഴിക്കോട് ജിഫ്‌രി തങ്ങളും പൊന്നാനി മഖ്ദൂമുമാരും ഇതിനെതിരെ ഫത്‌വകള്‍ പുറപ്പെടുവിച്ചു. ഈയടിസ്ഥാനത്തിലാണ് ചരിത്രത്തിലറിയപ്പെട്ട പൊന്നാനി,  കൊണ്ടോട്ടി കൈതര്‍ക്കം രൂപെപ്പടുന്നത്. ഈ തങ്ങള്‍പരമ്പരയിലെ ഇസ്തിയാഖ് ഷാഹിന്റെ കാലത്ത് മുരീദന്മാര്‍ ശൈഖിന്റെ മുമ്പില്‍ സുജൂദ് ചെയ്യുന്ന സമ്പ്രദായം കടന്നുവന്നു. ഇതിനെതിരെ ഉമര്‍ ഖാളി(റ)യുടെ രചനകള്‍ ശ്രദ്ധേയമാണ്. ഖാളി(റ)യുടെ സമകാലീനരായിരുന്ന മമ്പുറം തങ്ങന്മാര്‍, മഖ്ദൂം തങ്ങന്‍മാര്‍, മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ പാണക്കാട്, മരക്കാരകത്ത് ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ കൊണ്ടോട്ടി കൈക്കാര്‍ക്കെതിരെ പുറപ്പെടുവിച്ച ഫത്‌വകള്‍ മജ്മുഉല്‍ ഫതാവ എന്ന പേരില്‍ ക്രോഡീകൃതമായിട്ടുണ്ട്. ഇതില്‍ ഉമര്‍ ഖാളി(റ)യുടെ കവിതയുണ്ട്. ഇങ്ങനെ സാമൂഹികാനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചരിത്രത്തില്‍ ജാജ്വല്യമാനമായ നിമിഷങ്ങള്‍ സൃഷ്ടിച്ച മഹാനാണ് ഖാളി അവര്‍കള്‍. മഹാന്‍ റൗളാ ശരീഫില്‍ ഇബാദത്തിലായിക്കഴിഞ്ഞ കാലത്ത് മദീനാ പള്ളിയില്‍ ഒരു ഇമാമിന്റെ ഖുര്‍ആന്‍ പാരായണത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയതിനോടനുബന്ധിച്ച് നടന്ന സംഭവം പ്രസിദ്ധമാണ്. പക്ഷേ, ഉമര്‍ ഖാളി(റ)യെ അംഗീകരിക്കാന്‍ മടി കാണിച്ച മദീനയിലെ ഇമാമുമാരോട് മഹാന്‍ പറഞ്ഞു: ''ഞാന്‍ പറയുന്നതാണ് ശരി, സംശയമുണ്ടെങ്കില്‍ മൂന്നാം ഖലീഫ ഉസ്മാന്‍(റ) സ്വന്തം കൈപ്പടയിലെഴുതിയ ഖുര്‍ആന്‍ പ്രതി റൗളയുടെ തെക്ക് സ്ഥിതിചെയ്യുന്ന ലൈബ്രറിയിലുണ്ട്. അതെടുത്ത് പരിശോധിക്കാം.'' ആ ഉലമാക്കള്‍ കോപ്പിയെടുത്ത് പരിശോധിക്കുകയും ഖാളിയെ ശരിവെക്കുകയും ചെയ്തു. വിവരം മദീന മുഫ്തിയായ അതാഉല്ലാഹുല്‍ അഫന്തിയുടെ അരികിലെത്തി.  അദ്ദേഹം മഹാനെ അഭിനന്ദിക്കുകയും മലബാറില്‍ ഇത്തരക്കാറുണ്ടോ എന്ന് അത്ഭുതത്തോടെ ചോദിക്കുകയും ചെയ്തു. ഹിജ്‌റ 1252-ലാണിത്. ഒരു

സൂഫിയുടെ ജീവിതം

ജീവിതത്തില്‍ അല്ലാഹുവിലലിഞ്ഞു ചേര്‍ന്നവരുടെ കയ്യും കാലും കണ്ണും എല്ലാം അല്ലാഹുവാകും. ഭൂമിയില്‍ റബ്ബിനെ ഭയന്നവര്‍ക്ക് പല കഴിവുകളും അവന്‍ നല്‍കും. ഇങ്ങനെ ഒട്ടനവധി അത്ഭുതസംഭവങ്ങള്‍ ഉമര്‍ ഖാളി(റ)യിലൂടെ സംഭവിച്ചിട്ടുണ്ട്. താനൂരില്‍ നിന്നും വെളിയങ്കോട്ടേക്കുള്ള യാത്രയില്‍ കൂട്ടായിലെത്തിയ ഖാളി അവിടെ പള്ളിയില്‍ ഇബാദത്തിലായിരിക്കുകയാണ്. ആ നാട്ടുകാര്‍ മത്സ്യബന്ധനത്തിന് പോയ ആളുകള്‍ എഴ് ദിവസമായിട്ടും തിരികെയെത്താത്തതില്‍ പരിഭ്രാന്തരായിരുന്നു. ഇതറിഞ്ഞ മഹാന്‍ പള്ളിയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ കല്‍പ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം കടലില്‍ പോയവര്‍ തിരികെയെത്തി. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ കര കാണാതെ കടലില്‍ അലയുകയായിരുന്നു. അന്നേരം ഒരു ബാങ്ക് കേട്ടു. ആ ദിക്കിനെ ലക്ഷ്യമാക്കി വഞ്ചി തിരിച്ചതിന്റെ ഫലമായാണ് ഇവിടെയെത്താനായത്.'' പക്ഷേ, ബാങ്ക് കൊടുക്കാന്‍ കല്‍പ്പിച്ച ആളെ തെരഞ്ഞെങ്കിലും അവര്‍ക്ക് കണ്ടെത്താനായില്ല. ചാവക്കാട്ടെ ജയിലില്‍ നിന്നും കോടഞ്ചേരിയിലെത്തിയ സംഭവം പ്രസിദ്ധമാണല്ലോ. ബ്രിട്ടീഷുകാര്‍ക്ക് പോലും പ്രത്യയശാസ്ത്രത്തിന്റെ ശക്തി ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. ഹജ്ജിന് പോയ വെളിയങ്കോട്ടെ അബൂബക്കര്‍ ഹാജി മരണപ്പെട്ടെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. പക്ഷേ, അദ്ദേഹം മരിച്ചിട്ടില്ലെന്നും ജമാദുല്‍ അവ്വലിലെ അവസാന വെള്ളിയാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നും മഹാന്‍ പ്രവചിച്ചു. പറഞ്ഞ  ദിവസം തന്നെ ഹാജി മടങ്ങിവന്നത് അത്ഭുതത്തോടെയാണ് വെളിയങ്കോട്ടുകാര്‍ നോക്കിനിന്നത്. ഇങ്ങനെ ജീവിതത്തില്‍ ഒട്ടനവധി അല്‍ഭുത സംഭവങ്ങള്‍ മഹാനിലൂടെ ദൃശ്യമായിട്ടുണ്ട്. തന്റെ മരണം പോലും മുന്‍കൂട്ടിയറിഞ്ഞ മഹാമനീഷിയാണ് ഉമര്‍ ഖാളി(റ). മരണാസന്ന നിലയില്‍ കിടക്കുമ്പോള്‍ ചികിത്സിക്കാനെത്തിയ വൈദ്യനോട് യഥാര്‍ത്ഥ കുളിക്കുള്ള സമയമെപ്പോഴാണെന്നന്വേഷിച്ചു. അടുത്ത വെള്ളിയാഴ്ച അവസരം കിട്ടുമെന്ന് മറുപടി പറഞ്ഞ വൈദ്യനോട് നിങ്ങള്‍ രോഗമറിയുന്ന വൈദ്യനാണെന്ന് പറഞ്ഞു.

അങ്ങനെ തൊട്ടടുത്ത വെള്ളിയാഴ്ച (ഹിജ്‌റ 1273 ദുല്‍ഹിജ്ജ 27, എ.ഡി 1857) പകല്‍ 10 മണിയോടടുത്ത സമയത്ത് മഹാന്‍ ജീവിതദൗത്യം പൂര്‍ണമായും നിറവേറ്റിയ മനഃസംതൃപ്തിയോടെ അല്ലാഹുവിലേക്ക് മടങ്ങി. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നന്മകള്‍ വര്‍ഷിച്ച ജീവിതമായിരുന്നു ഖാളിയുടേത്. പ്രത്യയശാസ്ത്ര പിന്‍ബലം കൊണ്ട് അധിനിവേശ ശക്തികളെ പ്രതിരോധിക്കുകയും സമുദായ ജീര്‍ണതകള്‍ക്കെതിരെ ബോധവത്കരണത്തിന്റെ ഉണര്‍ത്തുപാട്ടു പാടി ജീവിതത്തിലൂടെ അല്ലാഹുവിലലിഞ്ഞുചേര്‍ന്ന എല്ലാം തികഞ്ഞ പരിഷ്‌കര്‍ത്താവായിരുന്നു മഹാന്‍. വിസ്മൃതി സമ്മാനിച്ച് എഴുതപ്പെട്ട സവര്‍ണചരിത്രം അദ്ദേഹത്തോട് ക്രൂരത ചെയ്‌തെങ്കിലും തന്റെ ഭാഗധേയം ഭംഗിയാക്കാന്‍ ഉമര്‍ ഖാളി(റ)ക്ക് സാധിച്ചു. ഇത്തരം ജീവിതങ്ങള്‍ പ്രചോദനങ്ങളുടെ പ്രഭവ കേന്ദ്രമാകേണ്ടതുണ്ട്. കാലനൈരന്തര്യങ്ങളിലൊക്കെയും ഭൂമിയിലെ നക്ഷത്രങ്ങളായി ഇവര്‍ ജ്വലിച്ചുകൊണ്ടേയിരിക്കും. റഫറന്‍സ് മാപ്പിള പഠനങ്ങള്‍ -ഡോ. എം. ഗംഗാധരന്‍ മാപ്പിള മലബാര്‍ -ഡോ. ഹുസൈന്‍ രണ്ടത്താണി ഉമര്‍ ഖാളി ജീവചരിത്രം ചരിത്രം തമസ്‌കരിച്ച പാരാട്ടം -കെ.കെ. അസൈനാര്‍

എം.എ. സലാം കൂട്ടാലുങ്ങല്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter