അമീർ തിമൂർ: മഹാസാമ്രാജ്യങ്ങളെ വിറപ്പിച്ച യോദ്ധാവ്
പതിമൂന്നാം നൂറ്റാണ്ടിൽ ചെങ്കിസ് ഖാൻ എന്ന ജേതാവിന് ജന്മം നൽകിയ മധ്യേഷ്യ തൊട്ടടുത്ത ശതകത്തിൽ മറ്റൊരു വീരപുത്രന് കൂടി ജന്മം നൽകി. ചെഗതായ് ഭരണകൂടത്തിന്റെ പിന്തുടർച്ചക്കാരനായി വളർന്ന് സ്വന്തമായി ഒരു മഹാ സാമ്രാജ്യം സ്ഥാപിക്കുകയും തുനിഞ്ഞിറങ്ങിയ യുദ്ധങ്ങളിലൊന്നും പരാജയം രുചിക്കാതെ മുന്നേറുകയും ചെയ്ത, 'ഖാൻ' എന്ന സംബോധനത്തെക്കാൾ 'അമീർ' എന്ന് വിളിക്കപ്പെടാൻ ആഗ്രഹിച്ച അമീർ തിമൂർ എന്ന വീരയോദ്ധാവായിരുന്നു അത്.
മംഗോൾ ചെഗതായി ഭരണത്തിന് കീഴിലായിരുന്ന ട്രാൻസോക്സിയാനയിലാണ് തിമൂറിന്റെ തുടക്കകാലം. പിതാവ് മരണപ്പെട്ടതോടെ ഗോത്രത്തലവനായി മാറിയ തിമൂർ ഭരണാധികാരിയുമായി ഉടലെടുത്ത അഭിപ്രായ ഭിന്നതകൾ കാരണമായി തുർക്കിസ്ഥാനിൽ നിന്ന് പുറത്ത് പോകാൻ തീരുമാനിച്ചു. പുറത്ത് അലക്ഷ്യമായി സഞ്ചരിക്കുന്ന വേളയിലാണ് സിസ്താനിലെ ഭരണാധികാരി തന്റെ രാജ്യത്തെ ആഭ്യന്തര കലഹങ്ങൾ സൃഷ്ടിക്കുന്ന ലഹളക്കാരെ തുരത്താൻ വേണ്ടി തിമൂറിന്റെ സഹായം തേടുന്നത്. 1363ലായിരുന്നു ഇത്. തന്റെ ദൗത്യത്തിൽ വിജയം കരസ്ഥമാക്കുന്നതിനോടൊപ്പം നിരവധി കോട്ടകളും തിമൂർ പിടിച്ചക്കി. ഇതിൽ സംശയം തോന്നിയ സിസ്താൻ ഭരണാധികാരി തിമൂറുമായി യുദ്ധത്തിനിറങ്ങി. യുദ്ധത്തിൽ വിജയം വരിച്ചെങ്കിലും കാലിനേറ്റ പരിക്ക് കാരണം അദ്ദേഹം പിന്നീട് തിമൂർ ലെങ്ക് (പേർഷ്യൻ ഭാഷയിൽ: മുടന്തൻ), താമർലൈൻ എന്ന പേരിലെല്ലാം അറിയപ്പെട്ടു. ഈ മുടന്തുള്ള കാലുകളുമായാണ് ലോകത്തെ വിറപ്പിച്ച കീഴടക്കലുകൾക്ക് തിമൂർ നേതൃത്വം നൽകിയത്.
അധിനിവേശങ്ങൾ
സിസ്താനിൽ ആധിപത്യം ലഭിച്ചതോടെ തിമൂർ പതിയെ സമീപദേശങ്ങൾ കൂടി കീഴടക്കി തുടങ്ങി. സമർഖന്ദ് ആസ്ഥാനമായി ഭരണം തുടങ്ങി. തുർക്കിസ്ഥാനും ട്രാൻസോക്സിയാനയും കാഷ്ഗറും ഖവാരിസ്മും അദ്ദേഹം വിജയകരമായി കൈപിടിയിലൊതുക്കി. 1380 ൽ ഓക്സസ് നദി കടന്ന് ഖുറാസാൻ കീഴടക്കി.
1386 ൽ ഖാൻദഹാറും അസർബൈജാനും ജോർജിയയും തിമൂറിന്റെ അധീനതയിൽ വന്നു. എതിരെ തിരിഞ്ഞ പേർഷ്യൻ ഭരണകൂടത്തെ നിലക്ക് നിർത്തി ഇസ്ഫഹാൻ വരെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് ഗോൾഡൻ ഹോർഡെ ഭരണകൂടത്തിന് കീഴിലായിരുന്ന വോൾഗാ നദീ തീരം വരെ മുന്നേറ്റം തുടർന്നു. ശേഷം മോസ്കോയിൽ കടന്ന് അവിടുത്തെ ഡ്യൂകിനെ പരാജയപ്പെടുത്തി. 1395 ൽ ബഗ്ദാദ് കീഴടക്കി 1398 ൽ ഇന്ത്യയിലെത്തി. പഞ്ചാബ് പിടച്ചടക്കി ഒടുവിൽ തുഗ്ലക്ക് സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡൽഹിയിൽ വരെ തിമൂർ അധിനിവേശം നടത്തി. കീഴടക്കുന്ന സ്ഥലങ്ങളിലെല്ലാം മനുഷ്യ കബന്ധങ്ങളുടെ കൂനകൾ നിർമിച്ചാണ് തിമൂർ തിരിച്ചു മടങ്ങാറ്.
ഇന്ത്യയിൽ നിന്ന് തലസ്ഥാന നഗരിയായ സമർഖന്ദിലെത്തിയപ്പോൾ താൻ നേരത്തെ കീഴടക്കിയ ബാഗ്ദാദ് സുൽത്താൻ അഹ്മദ് ജലായർ ഈജിപ്തിലെ മംലൂകി ഭരണകൂടത്തിന്റെ സഹായത്തോടെ തിരിച്ചു പിടിച്ചു എന്നറിഞ്ഞ തിമൂർ കുപിതനായി. ആ സ്ഥലങ്ങൾ തനിക്കു വിട്ടു നൽകണം എന്ന് ആവശ്യപ്പെട്ട് ഈജിപ്തിലേക്കയച്ച ദൂതന്മാരെ മംലൂകി സുൽത്താൻ വധിക്കുക കൂടി ചെയ്തപ്പോൾ തിമൂർ കോപാകുലനായി തന്റെ സൈന്യവുമായി മുന്നേറി അലപ്പോയും ഹിംസ്വും ബഅലബകും കീഴടക്കി. ഉപരോധങ്ങൾക്ക് ശേഷം 1401 ൽ ഡമസ്കസ് നഗരവും പിടിച്ചെടുത്തു. ഈ അവസരത്തിലാണ് ഇബ്നു ഖൽദൂനുമായി തിമൂർ സന്ധിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ ഇബ്നു ഖൽദൂൻ തന്റെ ഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
അങ്കാറ യുദ്ധം
ഉസ്മാനി ദൗലത്തിന്റെ അടിത്തറയിളക്കിയ യുദ്ധമാണ് അങ്കാറ യുദ്ധം. സുൽത്താൻ ബായസീദ് ഒന്നാമന് ശേഷം ഉസ്മാനികൾ പാടെ നാമാവശേഷമാവുമെന്ന് എല്ലാവരും ഭയന്നു പോയ നിമിഷമായിരുന്നു അത്. ആർക്കും അത് വരെ തകർക്കാൻ സാധിക്കാതിരുന്ന ഉസ്മാനികളെ ആദ്യമായി തന്റെ സൈനിക ബലത്തിൽ അമീർ തിമൂർ മുട്ടു കുത്തിച്ച യുദ്ധമായിരുന്നു അത്.
സുൽത്താൻ ബായസീദിന്റെ ഭരണത്തിന്റെ ആദ്യ കാലങ്ങൾ ഉസ്മാനികൾക്ക് വിജയത്തിന്റെ കാലമായിരുന്നു. പല നഗരങ്ങളും അദ്ദേഹം അധീനപ്പെടുത്തി. തുടർച്ചയായുള്ള അദ്ദേഹത്തിന്റെ പടയോട്ടങ്ങൾ കോൺസ്റ്റാന്റിനോപ്ൾ രാജാവിന്റെ മനസ്സിൽ ഭയം നിറച്ചു. ഉടനെ തന്നെ ബായസീദ് കോൺസ്റ്റാന്റിനോപ്ളും കീഴടക്കുമെന്ന് ഭയന്ന കൈസർ ബായസീദിനെ ഒരു പൊതു ശത്രുവായി കാണുന്ന തിമൂറിന് ഒരു കത്തെഴുതി.
"ബായസീദ് തുടർച്ചയായ വിജയം കൈവരിക്കുകയാണ്. ഒട്ടനവധി ശത്രു നഗരങ്ങൾ കീഴടക്കി കഴിഞ്ഞു. വൈകാതെ താങ്കളുടെ നഗരങ്ങളും അദ്ദേഹം കൈയ്യടക്കും. താങ്കളുടെ എതിർചേരിയിലുള്ള സുൽത്താൻ അഹമദ് ജലായിറിനെയും കാറാ യൂസുഫിനെയും അദ്ധേഹം സഹായങ്ങൾ ചെയ്ത് കൂടെ കൂടെ നിർത്തുന്നുണ്ട്. അവർ രണ്ട് പേരും ബായസീദിനെ താങ്കളുടെ അധീന പ്രദേശങ്ങൾ കീഴടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതിനാൽ നിങ്ങൾ എന്നെ സഹായിക്കാൻ തയ്യാറാവണം. ബായസീദിനെതിരെ ഞങ്ങളും നിങ്ങളെ സാഹായിക്കാൻ സന്നദ്ധരാണ്."
നിരവധി ബെയ്ലിക്കുകൾ കീഴടക്കി സാമ്രാജ്യം വിശാലമാക്കിക്കൊണ്ടിരുന്ന ബായസീദിനെതിരെ ആ പ്രദേശങ്ങളിലെ ഭരണാധികാരികൾ ഒന്ന് ചേർന്ന് തിമൂറിനോട് സഹായമഭ്യർഥിച്ചിരുന്നു. ഈ അവസരത്തിൽ കൈസറിന്റെ കത്ത് കൂടി വന്നപ്പോൾ ബായസീദുമായി എതിരിടാൻ തന്നെ തിമൂർ തുനിഞ്ഞു. തന്റെ അപരാജിത അധിനിവേശങ്ങൾക്കിടയിൽ തിമൂർ ബായസീദിനെതിരെയുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. സുൽത്താൻ ബായസീദ് ഹംഗറിയും ഓസ്ട്രിയയും കീഴടക്കാനുള്ള സ്വപ്നങ്ങൾ നെയ്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.
തിമൂർ ഏഷ്യ മൈനറിലെ പല സ്ഥലങ്ങളും അധിനിവേശം നടത്തി തുടങ്ങി. അസർബൈജാനും അർമേനിയയും അധീനപ്പെടുത്തി. ബായസീദിനെതിരെ ആദ്യമേ പ്രത്യക്ഷമായി അദ്ദേഹം രംഗത്തിറങ്ങിയില്ല. രഹസ്യമായി പല പദ്ധതികളും ആവിഷ്കരിച്ചു. ഓട്ടോമൻ സൈന്യത്തിലേക്ക് തന്റെ ചാരന്മാരെ ഒളിച്ചു കടത്തി, യുദ്ധ സമയത്ത് ചേരി മാറി ബായസീദിനെതിരെ പോരാടാന് അവര് പദ്ധതി തയ്യാറാക്കി.
ബായസീദിനെ രോഷാകുലനാക്കാൻ വേണ്ടി കാറാ യൂസുഫിനെ തനിക്ക് വിട്ട് നൽകണം എന്നാവശ്യപ്പെട്ട് തിമൂർ ഒരു കത്തെഴുതി. ഇല്ലെങ്കിൽ സിറിയയടക്കം പല നഗരങ്ങളും തന്റെ സൈന്യം കീഴടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ കത്തിന് കടുത്ത ഭാഷയിലാണ് ബായസീദ് മറുപടി നൽകിയത്. അത്യുത്സാഹിയായ തിമൂർ ആ സമയം കൊണ്ട് സിറിയയും ഈജിപ്തും ബഗ്ദാദും കീഴടക്കിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞയുടനെ ബായസീദ് കാറാ യുസുഫിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ സിറിയ തിരിച്ചു പിടിക്കാൻ അയക്കുകയും ചെയ്തു.
തിമൂറിന്റെ അടുത്ത ലക്ഷ്യം അസർബൈജാൻ ആയിരുന്നു. പിന്നീട് സിവാസും കീഴടക്കി. ആ സമയത്ത് ബായസീദിന്റെ മകനായ എർതുഗ്രുൽ അവിടെ സേനാധിപനായി ഉണ്ടായിരുന്നു. അവർ അഭയം തേടിയിരുന്ന കോട്ട തകർത്ത് തിമൂറിന്റെ മംഗോളിയൻ സൈന്യം അകത്തു കയറുകയും ബായസീദിന്റെ മകനെയടക്കം സകലരെയും ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തു. ഇത് കൂടെ കേട്ടപ്പോൾ ബായസീദിന്റെ സമനില കൈവിട്ടു. എത്രയും പെട്ടന്ന് പ്രതികാരം ചെയ്യണമെന്നായി.
ഉടനെ തന്നെ വൻസൈന്യവുമായി സുൽത്താൻ സിവാസിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ തിമൂർ ഉടനടി സിവാസ് വിട്ടു. അങ്കാറയായിരുന്നു ലക്ഷ്യം. ബായസീദിന്റെ അസാന്നിധ്യം അത് എളുപ്പമാക്കുകയും ചെയ്തു. തിമൂറിന്റെ അക്രമങ്ങൾക്ക് സാക്ഷിയായ സിവാസിലെത്തിയ ബായസീദ് തിമൂർ അങ്കാറ കീഴടക്കാൻ പുറപ്പെട്ട വിവരമാണ് അറിയുന്നത്. ഉടനടി തന്റെ സൈന്യത്തോട് തിരിച്ചു പോകാൻ അദ്ദേഹം കല്പിച്ചു. അപ്പോഴേക്കും അത്രയും ദൂരം സഞ്ചരിച്ചു ക്ഷീണിതരായിരുന്നു സൈന്യം.
ക്ഷീണിച്ച് അങ്കാറക്കടുത്തെത്തിയ സൈന്യവുമായി ബായസീദ് വേട്ടയാടാൻ പുറപ്പെട്ടു. തിമൂറിനെ താൻ വില കല്പിക്കുന്നില്ല എന്ന് തോന്നിപ്പിക്കാനായിരുന്നു ഈ ഉദ്യമം. എന്നാൽ ഇത് കൂടെയായപ്പോൾ സൈന്യം ആകെ തളർന്നു. വേട്ടയാവസാനിപ്പിച്ച് വെള്ളം കുടിക്കാൻ വേണ്ടി അവർ തിരിച്ചെത്തിയപ്പോഴേക്കും തിമൂർ അവിടേക്കൊഴുകുന്ന അരുവി തടഞ്ഞു നിർത്തിയിരുന്നു.
അങ്ങനെ പരിക്ഷീണരായ സൈന്യവുമായാണ് ബായസീദ് തിമൂറുമായി യുദ്ധത്തിനിറങ്ങുന്നത്. 1402 ജൂലൈ 28 ൽ അങ്കാറയിൽ വെച്ച് നടന്ന ഘോരമായ യുദ്ധത്തിൽ അംഗ ബലത്തിലും ആയുധ ബലത്തിലും ബായസീദിന്റെ സൈന്യത്തിന്റെ ഇരട്ടിയുണ്ടായിരുന്ന തിമൂറിന്റെ മംഗോൾ സൈന്യം വിജയിച്ചു. യുദ്ധം തുടങ്ങിയപ്പോൾ ബായസീദിന്റെ സൈന്യത്തിൽ നേരെത്തെ കയറിപ്പറ്റിയിരുന്ന മംഗോളിയൻ ചാരന്മാർ ചേരി മാറി. സ്വതവേ ക്ഷീണിതരായിരുന്ന സൈന്യത്തിന് ഇത് കടുത്ത തിരിച്ചടി നൽകി.
യുദ്ധക്കളത്തിന് പുറത്ത് നിന്ന് നയിച്ച് ആവശ്യം വരുമ്പോൾ മാത്രം കളത്തിലറിങ്ങിയിരുന്ന തിമൂറിനെ വകവരുത്താൻ വേണ്ടി ഓടിയടുത്തു കൊണ്ടിരുന്ന സുൽത്താൻ ബായസീദ് മംഗോളിയൻ സൈന്യത്താൽ ബന്ധിയാക്കപ്പെടുകയും ചെയ്തു. തിമൂറിന്റെ ബന്ധനത്തിൽ കഴിയവെ 1403 മാർച്ച് മൂന്നിനാണ് ബായസീദ് മരണപ്പെടുന്നത്. അങ്കാറക്ക് ശേഷം തിമൂർ ഇസ്നികും ബുർസയും കീഴടക്കി. 8 വർഷക്കാലം അനറ്റോളിയ തിമൂറിന്റെ നിയന്ത്രണത്തിലായിരുന്നു.
മുസ്ലിം പ്രദേശങ്ങൾ ഏറെക്കുറെ കീഴടക്കിക്കഴിഞ്ഞപ്പോൾ ചൈന കീഴടക്കാൻ തീരുമാനിച്ച തിമൂർ 1405 ൽ തന്റെ 69-ാം വയസ്സിൽ ചൈനയിലേക്കുള്ള യാത്രാമധ്യേയാണ് മരണമടഞ്ഞത്. കിഴക്ക് ഗംഗാ നദി മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ വരെ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. നൂറ് വർഷങ്ങൾക്ക് ശേഷം ഉസ്ബെക് അധിനിവേശത്തിലാണ് തിമൂർ സ്ഥാപിച്ച സാമ്രാജ്യം തകരുന്നത്. ആ സമയത്താണ് തിമൂറിന്റെ പരമ്പരയിൽ വരുന്ന സഹീറുദീൻ ബാബർ ഇന്ത്യയിലേക്ക് കടന്നതും മുഗൾ സാമ്രാജ്യം സ്ഥാപിച്ചതും.
ബായസീദും തിമൂറും പരസ്പരം പോരടിക്കുന്നതിന് പകരം കിഴക്കും പടിഞ്ഞാറുമായി തങ്ങളുടെ സാമ്രാജ്യങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ മുസ്ലിം ലോക ചരിത്രം മറ്റൊന്നാകുമായിരുന്നു. വോൾഗാ തീരത്തെ മുസ്ലിം ശക്തിയെ തിമൂർ തകർത്തില്ലായിരുന്നുവെങ്കിൽ മോസ്കോ വലിയ ശക്തിയായി ഉയരില്ലായിരുന്നു. ചരിത്രത്തിൽ നിരവധി അത്ഭുദങ്ങൾ സൃഷ്ടിച്ച ജേതാവായിരുന്നു അമീർ തിമൂർ.
തിമൂറിന്റെ ശാപം
1944 ൽ റഷ്യൻ ഗവൺമെന്റ് തിമൂറിന്റെ ഖബർ കുഴിച്ച് പരിശോധിക്കാൻ തുനിഞ്ഞു. മിഖായേൽ ഗെറാസിമോവ് എന്ന നരവംശ ശാസ്ത്രജ്ഞൻ പരിശോധിക്കുകയും അദ്ദേഹത്തിന്റെ ചെങ്കിസ് പരമ്പരയും മുടന്തും സ്ഥിരീകരിക്കുകയും ചെയ്തു. 1941 ജൂൺ 19 നായിരുന്നു ഖബർ തുറന്നത്. മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ജൂൺ 22 ന് 'ഓപറേഷൻ ബാർബറോസ'യിലൂടെ ജർമൻ സൈന്യം റഷ്യ ആക്രമിക്കുകയും ചെയ്തു. തിമൂറിന്റെ ശരീരം പുറത്തെടുത്തതിന്റെ ശാപമാണിതെന്ന് പരക്കെ പ്രചരിക്കപ്പെട്ടു. 1942ൽ ജോസഫ് സ്റ്റാലിൻ തിമൂറിന്റെ മൃതദേഹം സമർഖന്ദിൽ എത്തിച്ച് വീണ്ടും മറവ് ചെയ്യാൻ നിർദേശിച്ചു.
Leave A Comment