താഹിരിദ് രാജവംശം; ചരിത്രത്തില്‍ തീര്‍ത്ത അടയാളപ്പെടുത്തലുകള്‍
ഹിജ്‌റ 205-259 (എ.സി 820-872) കാലഘട്ടത്തില്‍ പേര്‍ഷ്യയിലെ ഖുറാസാനില്‍ ഭരണം നടത്തിയിരുന്ന, സാംസ്‌കാരികമായി അറബിവല്‍ക്കരിക്കപ്പെട്ട ഒരു മുസ്‍ലിം രാജവംശമായിരുന്നു താഹിരിദ് രാജവംശം. ദെഹ്കാന്‍ വംശജനും സുന്നിയുമായിരുന്ന താഹിറു ബ്‌നു ഹുസൈനാണ് ഈ ഭരണകൂടം സ്ഥാപിച്ചത്. സാസാനിയന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷമുള്ള ആദ്യത്തെ സ്വതന്ത്ര ഇറാനിയന്‍ രാജവംശമായിട്ടാണ് താഹിരിദ് രാജവംശം വിലയിരുത്തപ്പെടുന്നത്. അബ്ബാസികളുടെ കാലഘട്ടത്തിലാണ് താഹിരിദുകള്‍ ഉയര്‍ന്നുവന്നതെങ്കിലും പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇവര്‍ ഒരു സ്വതന്ത്ര ഭരണകൂടമായിരുന്നു എന്ന് പറയാനാവില്ല. മറിച്ച്, അബ്ബാസികള്‍ക്ക് വിധേയപ്പെട്ടിരുന്ന ഒരു അര്‍ദ്ധസ്വതന്ത്ര ഭരണകൂടമായിരുന്നു ഇവര്‍. അബ്ബാസികള്‍ക്കും താഹിരിദുകള്‍ക്കുമിടയില്‍ പരസ്പര ധാരണ പ്രകാരമുള്ള ഒരു പങ്കാളിത്ത ഭരണമായിരുന്നു നടന്നിരുന്നത്. വടക്ക് കിഴക്കന്‍ പേര്‍ഷ്യയിലായിരുന്നു പ്രധാനമായും ഇവര്‍ ഭരണം നടത്തയിരുന്നത്. ചരിത്രകാരനായ ക്ലിഫോര്‍ഡ് എഡ്മണ്ട് ബോസ്വര്‍ത്ത് വിശദീകരിക്കുന്നത്, താഹിരിദുകള്‍ പേര്‍ഷ്യക്കാരായിരുന്നപ്പോള്‍ തന്നെ, അവരും സംസ്‌കാരത്തില്‍ വളരെയധികം അറബികളായിരുന്നു. അറബി സംസ്‌കാരത്തെ സാമൂഹികവും സാംസ്‌കാരികവുമായ അഭിമാനമായി കണക്കാക്കിയിരുന്നു അവര്‍.
അബ്ബാസി ഖലീഫയായിരുന്ന ഹാറൂന്‍ റശീദിന്റെ മരണശേഷം മക്കളായ അമീനും മഅ്മൂനുമിടയില്‍ അധികാരത്തിനായുള്ള തര്‍ക്കങ്ങള്‍ നടന്നിരുന്നു. തര്‍ക്കം മൂര്‍ച്ഛിക്കുകയും ഒടുവില്‍ അത് രക്തരൂക്ഷിതമായ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. യുദ്ധത്തില്‍ മഅ്മൂന്റെ സൈനിക കമാന്‍ഡര്‍ ആയിരുന്ന താഹിറു ബ്‌നു ഹുസൈന്‍ അമീന്റെ സൈന്യാധിപനായിരുന്ന അലി ബിന്‍ ഈസയെ തോല്‍പ്പിക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു. യുദ്ധത്തില്‍ ഗംഭീര വിജയം കൈവരിച്ച താഹിറു ബ്‌നു ഹുസൈനെ ബഗ്ദാദിലെ ചീഫ് കമാന്ററായും ജസീറയുടെ
ഗവര്‍ണറായും മഅ്മൂന്‍ അവരോധിച്ചു. അങ്ങനെ മഅ്മൂന്റെ ഭരണത്തിന് കീഴില്‍ ഒരു സുപ്രധാന ശക്തിയായി അദ്ദേഹം വളര്‍ന്നു. ഇത് പില്‍കാലത്ത് അദ്ദേഹത്തെ ഖുറാസാന്‍ ഗവര്‍ണറായി നിയമിക്കുന്നതിലേക്ക് നയിച്ചു.
ഈ ഭരണകാലയളവില്‍ അനിഷേധ്യനായ നേതാവായി വളര്‍ന്ന താഹിറു ബ്‌നു ഹുസൈന്‍ മഅ്മൂന്റെ ഭരണസംവിധാനത്തെ തള്ളിപ്പറഞ്ഞ് മറുവശത്ത് ഒരു സ്വതന്ത്ര ഭരണാധികാരിയായി ഉയര്‍ന്നുവന്നു. ഹിജ്‌റ 205 ആയപ്പോഴേക്കും പൗരസ്ത്യ ദേശത്തെ ഒരു സുപ്രധാന ഇസ്‍ലാമിക് ഭരണാധികാരി ആവുകയും ചെയ്തു അദ്ദേഹം. ഇന്നത്തെ ഖുറാസാന്‍, വടക്ക് കിഴക്കന്‍ ഇറാഖ്, ദക്ഷിണ തുര്‍ക്ക്മനിസ്ഥാന്‍, ഉത്തര അഫ്ഗാന്‍ എന്നീ പ്രദേശങ്ങളിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ ഭരണം നടന്നിരുന്നത്. തങ്ങളുടെ ഭരണത്തിന്റെ തലസ്ഥാന നഗരിയായി താഹിരിദുകള്‍ ആദ്യം തിരഞ്ഞെടുത്തത് മര്‍വ് ആയിരുന്നെങ്കിലും പിന്നീട് നിഷാപൂരിലേക്ക് മാറ്റി.
അബ്ബാസി രാജാക്കന്മാരുടെ വിശ്വസ്തരും ഏറെ പ്രിയപ്പെട്ടവരുമായിരുന്നു താഹിരിദുകള്‍. അതിനാല്‍ തന്നെ താഹിറു ബ്‌നു ഹുസൈന്റെ പ്രപിതാക്കളും അബ്ബാസികളുടെ സേവനത്തിനായി ഖുറാസാനിലെ ഗവര്‍ണര്‍ പദവി അലങ്കരിച്ച് പോന്നിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് അദ്ദേഹവും ഖുറാസാന്റെ ഭരണാധികാരിയായി കടന്നുവരുന്നത്. ഹിജ്‌റ 205 മുതല്‍ 207 (എ.സി 821-22) വരെ കേവലം രണ്ട് വര്‍ഷം മാത്രമാണ് അദ്ദേഹം അധികാരത്തില്‍ ഇരുന്നത്. ഇദ്ദേഹത്തിന്റെ മരണശേഷം പിന്നീട് ഭരണത്തിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മകനായ ത്വല്‍ഹത്ത് ബ്‌നു താഹിര്‍ ആണ്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരണകൂടം വളരെയധികം വികാസം പ്രാപിക്കുന്നുണ്ട്. റയ്യ്, കിര്‍മാന്‍, ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളെല്ലാം അന്ന് താഹിരിദുകളുടെ ഭരണത്തിന് കീഴില്‍ വരുന്നുണ്ട്. എങ്കിലും സിസ്താനില്‍ നിന്ന് ഖവാരിജുകളെ നീക്കം ചെയ്യുന്നതില്‍ ഇദ്ദേഹം പരാജയപ്പെടുന്നുണ്ട്. ഖവാരിജ് നേതാവായിരുന്ന ഹംസ ബിന്‍ അദാറക്കിന്റെ മരണത്തെ തുടര്‍ന്ന് താഹിരിദുകള്‍ സംരംഗ് പിടിച്ചടക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെടുന്നു. ഇക്കാലയളവില്‍ താഹിറു ബ്‌നു ഹുസൈന്റെ മറ്റൊരു മകനായ അബ്ദുല്ല ബിന്‍ താഹിര്‍ ഈജിപ്തിലെയും അറേബ്യന്‍ ഉപദ്വീപിന്റെയും അധികാരിയായി കടന്നു വരുന്നുണ്ട്. പിതാവായ താഹിറിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഹിജ്‌റ 207ല്‍ അധികാരമേറ്റെടുത്ത് ആറ് വര്‍ഷം ഭരണം നടത്തി ഹിജ്‌റ 213 (എ.സി 822-28) ലാണ് അദ്ദേഹം മരണപ്പെടുന്നത്.
സഹോദരന്റെ മരണത്തെ തുടര്‍ന്ന് അബ്ദുല്ല ബിന്‍ താഹിര്‍ ആണ് പിന്നീട് ഖിലാഫത്ത് ഏറ്റെടുക്കുന്നത്. സഹോദരന്റെ ഭരണത്തിന് ഉത്തമ പിന്‍ഗാമിയായാണ് അദ്ദേഹത്തെ ചരിത്രം പരിചയപ്പെടുത്തുന്നത്. ഇദ്ദേഹത്തിന്റെ ഭരണകാലയളവ് താഹിരിദ് ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അബ്ബാസി ഭരണകൂടത്തിന്റെ കീഴില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പോലും അദ്ദേഹത്തിന് ഗണ്യമായ ജനപ്രീതി ലഭിച്ചിരുന്നു. ഭരണതലങ്ങളില്‍ ഇദ്ദേഹം ഒരു ഒരുപാട് അമൂല്യമായ സംഭാവനകള്‍ സമ്മാനിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതില്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖുറാസാനില്‍ കാര്‍ഷിക മേഖല ഒരുപാട് അഭിവൃദ്ധിപ്പെടുന്നുണ്ട് ഈ കാലയളവില്‍. മാത്രമല്ല, ആശയവ്യതിചലനം സംഭവിച്ച ഖവാരിജുകള്‍ക്കെതിരെ ശക്തമായ നടപടിയും ഇദ്ദേഹം സ്വീകരിച്ചിരുന്നു. വൈജ്ഞാനിക മേഖലയിലും ഒരുപാട് വിപ്ലവങ്ങള്‍ നടന്നതായി കാണാം. ജ്ഞാന ശേഖരണത്തിലും ഗ്രന്ഥ രചനയിലും വിജ്ഞാന പ്രസരണത്തിലുമെല്ലാം അദ്ദേഹം പ്രത്യേക പ്രോത്സാനം നല്‍കിയിരുന്നു. ഹിജ്‌റ 230 ലാണ് ഇദ്ദേഹം മരണപ്പെടുന്നത്.
അബ്ദുല്ലാ ബിന്‍ താഹിറിന് ശേഷം അടുത്ത ഭരണാധികാരിയായി വരുന്നത് താഹിര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന താഹിര്‍ ബിന്‍ അബ്ദില്ല ബിന്‍ താഹിര്‍ ആണ്. ഹിജ്‌റ 230 മുതല്‍ 248 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലയളവായി രേഖപ്പെടുത്തപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭരണസംവിധാനങ്ങളെക്കുറിച്ചോ ഭരണനയങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹത്തിന്റെ മരണശേഷം മകന്‍ മുഹമ്മദ് ബ്‌നു താഹിറാണ് ഹിജ്‌റ 248ല്‍ (എ.സി 862) ഭരണം ഏറ്റെടുക്കുന്നത്. അത് മുതല്‍ ഹിജ്‌റ 259 (എ.സി 872) വരെ ഏകദേശം പത്ത് വര്‍ഷം ഭരണം നടത്തിയ താഹിരിദ് രാജവംശത്തിലെ അവസാന രാജാവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അലസമായ ഭരണ സമീപനത്തോടെയാണ് താഹിരിദ് ഭരണകൂടം ചരിത്രത്തില്‍ നാമാവശേഷമായിത്തീരുന്നത്. ത്വബരിസ്ഥാനിലെ അദ്ദേഹത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കോപത്തിന് പാത്രമാക്കുകയും ശക്തമായ ഭരണവിരുദ്ധ വികാരം രൂപപ്പെടുത്തുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ അപക്വമായ ഭരണനയങ്ങളില്‍ പൊറുതിമുട്ടിയ ജനം കലാപാഹ്വാനങ്ങളുമായി തെരുവിലിറങ്ങിയതോടെ സാഹചര്യം ഏറെ സംഘര്‍ഷഭരിതമായി. സാഹചര്യം വരുതിയിലാക്കാന്‍ ഇദ്ദേഹം സെയ്ദി ഭരണാധികാരിയായിരുന്ന ഹസനു ബ്‌നു സായിദിനോട് സഖ്യത്തിലേര്‍പെടുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര കലാപം കത്തിനില്‍ക്കേ, എ.സി 873ല്‍ സഫാരിദുകള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും പുതിയ ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. കിഴക്കന്‍ പേര്‍ഷ്യയിലെ ഖുറാസാന്‍ തങ്ങളുടെ സ്വന്തം സാമ്രാജ്യത്തോട് ചേര്‍ത്ത സഫാരിദ് രാജവംശം ഒരു നവരാഷ്ട്രം തന്നെ രൂപകല്പന ചെയ്യുന്നുണ്ട്.
ഭരണകൂടത്തിന്റെ അനാസ്ഥയും മുഹമ്മദ് ബ്‌നു താഹിറിന്റെ ആഡംബരപൂര്‍ണ്ണമായ ജീവിതവും വികസന വരള്‍ച്ചയും ഭരണപരാജയത്തിലേക്ക് നയിച്ചു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. എങ്കിലും ഒരുപാട് നേട്ടങ്ങള്‍ താഹിരിദ് കാലയളവില്‍ ഉണ്ടായതായി ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി കരാര്‍ എഴുത്തുകാരും നികുതി ജീവനക്കാരും ഹാജിബ് (പാറാവുകാര്‍) വ്യവസ്ഥയുമെല്ലൊം ഔദ്യോഗികമായി ഈ കാലത്താണ് വരുന്നത്. പേര്‍ഷ്യന്‍ ഭാഷ എഴുതുന്നതിനായി പഹ്‍ലവി ലിപിയെ അറബി ലിപി ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചത് 9-ആം നൂറ്റാണ്ടിലെ ഖുറാസാനിലെ താഹിരിദുകളാണ്. സഫാരിദുകളുടെ അധികാര സംസ്ഥാപനത്തോടെ അന്ത്യം കുറിച്ചത് കേവലം മുഹമ്മദ് ബിന്‍ താഹിറിന്റെ അലസമായ ഭരണം മാത്രമായിരുന്നില്ല, ചരിത്രത്തില്‍ മുദ്രണം ചെയ്യപ്പെട്ട താഹിരിദുകളുടെ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രം കൂടിയായിരുന്നു.
Leave A Comment