ഇസ്റാഈലിനെ കാത്തിരിക്കുന്ന ഹമാസിന്റെ ചിലന്തിവലകള്‍
ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയ അതേ ദിവസം തന്നെ കേട്ട് തുടങ്ങിയതാണ്, ഗസ്സക്ക് നേരെ കരയുദ്ധം നടത്തി ഹമാസിനെ നാമാവശേഷമാക്കുമെന്ന ഇസ്റാഈല്‍ ഭീഷണി. എന്നാല്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും അത് കേവലം ഒരു ഭീഷണിയായി ശേഷിക്കുകയാണ്. കരയുദ്ധം തുടങ്ങുന്നതില്‍നിന്ന് ഇസ്റാഈലിനെ പിന്തിരിപ്പിക്കുന്നത്, ഗസ്സക്ക് അകത്ത് എന്തൊക്കെയോ അപകടങ്ങളും കെണിവലകളും തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന ആശങ്ക തന്നെയാണ്. ഇത്രയേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക്, അവിടത്തെ സംവിധാനങ്ങളെക്കുറിച്ച് ഒന്നുമറിയാതെ പ്രവേശിക്കാന്‍ അവര്‍ പേടിക്കുന്നു എന്നത് തന്നെ. ബന്ദികളായി പിടിച്ചവരെ ഹമാസ് എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന് പോലും ഇസ്റാഈലിന് ഇത് വരെ കണ്ടെത്താനായിട്ടില്ല എന്നതും അവരെ കുറിച്ച് വിവരം നല്കുന്നവര്‍ക്ക് സുരക്ഷയും പാരിതോഷികങ്ങളും പ്രഖ്യാപിച്ചതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അതേ സമയം, മോചിതരായ ബന്ദികള്‍ ഗസ്സയിലെ ഭൂഗര്‍ഭഅറകളെ കുറിച്ച് നല്കിയ വിവരണങ്ങള്‍ ഇസ്റാഈലിനെ കൂടുതല്‍ ആശങ്കയിലാഴ്‍ത്തിയിരിക്കുകയുമാണ്.
ബാഹ്യമായ മാര്‍ഗ്ഗങ്ങളിലൂടെ പൂര്‍ണ്ണ ഉപരോധം തീര്‍ത്താലും ഒരിക്കലും ഒറ്റപ്പെടാത്ത വിധം സമീപ രാജ്യങ്ങളുമായി ബന്ധം തുടരാവുന്ന വിധമുള്ള അതിശക്തവും വിശാലവുമായ ഭൂഗര്‍ഭഅറകള്‍ ഗസ്സയില്‍ ഹമാസ് ഒരുക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 360 കിലോമീറ്ററിലേറെ വിസ്തൃതിയില്‍ ഭൂഗര്‍ഭപാതകള്‍ ഹമാസ് തയ്യാറാക്കിയിരിക്കുന്നുവെന്ന് റോയിട്ടേഴ്സ് തന്നെ പുറത്ത് വിട്ടിരുന്നു. മാനുഷിക പരിഗണന വെച്ച് ഹമാസ് കഴിഞ്ഞയാഴ്ച മോചിപ്പിച്ച ഇസ്റാഈലി വനിത പറഞ്ഞത്, ചിലന്തി വല പോലെ തോന്നിക്കുന്ന ഭൂഗര്‍ഭ അറകളിലേക്കാണ് ഹമാസ് പ്രവര്‍ത്തകര്‍ തങ്ങളെ കൊണ്ട് പോയത് എന്നും ഭൂമിക്കടിയിലൂടെ കിലോമീറ്ററുകള്‍ തങ്ങള്‍ സഞ്ചരിച്ചു എന്നുമാണ്. ഇത് ഇസ്റാഈലിന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അക്രമണങ്ങള്‍ നടത്താനും ആളുകളെ സുരക്ഷാതാവളങ്ങളിലേക്ക് കടത്താനും അവശ്യസാധനങ്ങള്‍ എത്തിക്കാനുമെല്ലാം ഇതിലൂടെ സൗകര്യമുണ്ടത്രെ.
ഗസ്സയിലേക്ക് പ്രവേശിക്കുന്ന പക്ഷം, ഇത് വരെ കണ്ടിട്ടില്ലാത്ത അപടകമായിരിക്കും ഇസ്റാഈല്‍ സൈന്യത്തിന് നേരിടേണ്ടിവരിക എന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തന്നെ മുന്നറിയിപ്പ് നല്കുന്നു. ഇറാഖിലെ മൗസില്‍ പട്ടണം മോചിപ്പിക്കാനായി ഒമ്പത് മാസത്തോളം നീണ്ട ഐസിസ് അക്രമണത്തിന് നേതൃത്വം കൊടുത്ത അമേരിക്കന്‍ കമാന്‍ഡര്‍ പറയുന്നത്, ഗസ്സയില്‍ ഇസ്റാഈല്‍ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന അപകടവുമായി താരതമ്യം ചെയ്യുമ്പോള്‍ മൗസില്‍ പോരാട്ടവും അപടകങ്ങളും എത്രയോ നിസ്സാരമായിരിക്കും എന്നാണ്.
ഹമാസ് നിര്‍മ്മിച്ചിരിക്കുന്ന ഭൂഗര്‍ഭപാതകളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇസ്റാഈലിന് ഇത് വരെ സാധിച്ചിട്ടില്ല. ഗസ്സയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാതകള്‍ വരെ ഇതിലുണ്ടെന്നാണ് സുരക്ഷാവിദഗ്ധര്‍ അനുമാനിക്കുന്നത്. ഗസ്സയുടെ 72 കിലോമീറ്റര്‍ നീളുന്ന കരഅതിര്‍ത്തിയില്‍ 59 കിലോമീറ്റര്‍ ഇസ്റാഈലുമായും ബാക്കി 13 കിലോമീറ്റര്‍ ഈജിപ്തുമായാണ് പങ്ക് വെക്കുന്നത്. ഈജിപ്തിലെ സീനാ മരുഭൂമിയിലേക്കാണ് ഈ തുരങ്കങ്ങള്‍ എത്തുന്നത് എന്നാണ് അനുമാനിക്കപ്പെടുന്നത്. ഹമാസിന് ആവശ്യമായ ആയുധങ്ങളും അവശ്യസാധനങ്ങളും എത്തിക്കാന്‍ ഈ ഭൂഗര്‍ഭപാതകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
വളരെ ശക്തമായാണ് ഇതിന്റെ ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നതത്രെ. മൂന്നാഴ്ച നീണ്ട ഇടതടവില്ലാത്ത ബോംബ് അക്രമണത്തില്‍ പോലും കാര്യമായ പരുക്കുകളൊന്നും ഇതിന് സംഭവിച്ചിട്ടില്ലെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ തന്നെ പറയുന്നു. കടല്‍മാര്‍ഗ്ഗം ഹമാസ് നടത്തിയ അക്രമണങ്ങള്‍ ഈ ഭൂഗര്‍ഭ പാതകളിലൂടെയായിരുന്നു എന്നും സംശയിക്കപ്പെടുന്നുണ്ട്. ഇത്രയും ദിവസങ്ങള്‍ അക്രമണം തുടര്‍ന്നിട്ടും ഹമാസ് പിടിച്ച് നില്ക്കുന്നതും ഇപ്പോഴും ഇടക്കിടെ അക്രമണങ്ങള്‍ നടത്തുന്നതും ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണെന്ന് മുന്‍ഇസ്റാഈല്‍ സൈനികനേതാവ് അമീര്‍ അഫീഫിയും ബലമായി സംശയിക്കുന്നു. 50 മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാണ് ഇത് കുഴിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിയറ്റ്നാം യുദ്ധ കാലത്ത് അവര്‍ തീര്‍ത്ത വീറ്റ് കോങ് തുരങ്കത്തിന്റെ പത്തിരട്ടിയോളം വരും ഹമാസ് തുരങ്കങ്ങളെന്ന് ചില പാശ്ചാത്യന്‍ വാര്‍ത്താ സ്രോതസ്സുകളും അഭിപ്രായപ്പെട്ടു.
ഇസ്റാഈലിലെ ബാര്‍ ഈലാന്‍ സര്‍വ്വകലാശാല ഭൂഗര്‍ഭവിഭാഗം തലവന്‍ ഗോയല്‍ റോസ്കിന്‍ പറയുന്നത്, ഇത്തരം തുരങ്കങ്ങളുടെ മാപ്പ്, ഭൗമോപരിതലത്തില്‍നിന്ന് നോക്കി വരച്ചെടുക്കുക എന്നത് ഏറെ പ്രയാസമാണ് എന്നാണ്. ഇവയുടെ 3ഡി ഇമേജുകളുണ്ടാക്കുകയാണ് ആദ്യം വേണ്ടത്, അതിന് ഏറെ സങ്കീര്‍ണ്ണമായ പല വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം തുരങ്കങ്ങളിലും ഭൂഗര്‍ഭ അറകളിലും ഇറങ്ങി അക്രമണം നടത്താനായി പ്രത്യേക പരിശീലനം ലഭിച്ച ഇസ്റാഈല്‍ സൈനിക വിഭാഗമാണ് യാഹാലൂം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹൂ ഈ വിഭാഗത്തെ പ്രത്യേകം സന്ദര്‍ശിക്കുകയും, ഇനി രാഷ്ട്രത്തിന്റെ പ്രതീക്ഷ നിങ്ങളിലാണ് എന്ന് പറയുകയും ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു എന്ന് വേണം കരുതാന്‍. അതേസമയം, 2021 ലെ അക്രമണത്തിന് നേതൃത്വം നല്കിയ യാഹാലൂം വിഭാഗത്തിന്റെ മുന്‍മേധാവിയും മൊസാദിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായിരുന്ന, അംനൂന്‍ സോവറിന്‍ പറയുന്നത്, ഹമാസ് ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്നും ഈ തുരങ്കങ്ങളിലൂടെ കൂടുതല്‍ അപകടകരമായ ആയുധങ്ങള്‍ അവര്‍ ആര്‍ജ്ജിച്ചിട്ടുണ്ടാവാമെന്നുമാണ്. കാര്യങ്ങളെ വേണ്ട വിധം മനസ്സിലാക്കാതെ കരയുദ്ധം തുടങ്ങിയാല്‍, ഒരു പക്ഷേ, ഇസ്റാഈല്‍ സൈനികരെല്ലാം ഈ അറകള്‍ക്കുള്ളില്‍ ബന്ദികളായിപ്പോയേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇസ്റാഈലിന്റെ നിരീക്ഷണഉപകരണങ്ങള്‍ക്കൊന്നും ഇത് വരെ ഇതിന്റെ ഉള്ളറകളും രഹസ്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് സി.എന്‍.എന്‍ ചാനലും ഇയ്യിടെ വ്യക്തമാക്കിയിരുന്നു. വീറ്റ് കോങ് തുരങ്കത്തില്‍നിന്നും അഫ്ഗാനിസ്ഥാന്‍ മലകളില്‍ ത്വാലിബാന്‍ തീര്‍ത്ത ഭൂഗര്‍ഭഅറകളില്‍നിന്നുമെല്ലാം ഏറെ വ്യത്യസ്തമാണ് ഹമാസ് തുരങ്കങ്ങളെന്നും സി.എന്‍.എന്‍ പറയുന്നു. ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗത്താണ് ഹമാസ് ഭൂഗര്‍ഭഅറകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നത് തന്നെ കാരണം.
ഭൂമിക്കടിയിലെ നരകം എന്നാണ് ഹമാസ് ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. ഇസ്റാഈല്‍ സൈന്യം ഗസ്സക്ക് അകത്തേക്ക് പ്രവേശിക്കുന്ന പക്ഷം, അവര്‍ കടക്കുന്നത് നരകത്തിലേക്കായിരിക്കും എന്നാണ് ഇതിലൂടെ അവര്‍ നല്കുന്ന സൂചന. ജീവനില്‍ കൊതിയുള്ള ഇസ്റാഈലി സൈനികര്‍ കരയുദ്ധത്തിന് ധൈര്യപ്പെടാത്തതും അത് കൊണ്ട് തന്നെയാണ്. ഗസ്സക്കാര്‍ ഇതിനെ സ്നേഹത്തോടെ വിളിക്കുന്നത്, ഹമാസ് മെട്രോ, ഗസ്സ മെട്രോ എന്നെല്ലാമാണ്. അക്രമണം നടത്തി ആരും കാണാതെ അകത്തേക്ക് തന്നെ തിരിച്ചെത്താനുള്ള മായാജാല ദ്വാരങ്ങള്‍ വരെ ഇതിലുണ്ടെന്നാണ് ഹമാസ് പറയുന്നത്.
തൊണ്ണൂറുകളുടെ അവസാനങ്ങളില്‍ തന്നെ, ഫലസ്തീനിലെ ചില കുടുംബങ്ങള്‍ ചേര്‍ന്ന് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇത്തരം ചെറിയ പാതകള്‍ നിര്‍മ്മിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ശേഷം വന്ന യുദ്ധങ്ങളില്‍ ഇതിന്റെ ആവശ്യകത ബോധ്യപ്പെട്ട ഹമാസ്, ഇത് വിപുലീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. നടപ്പാതകളും ഇടുങ്ങിയ ഏതാനും വഴികളുമായി തുടങ്ങിയ ഇത്, 2021ഓടെയാണ് ഇത്രയും വിപുലമായ തുരങ്കങ്ങളായി മാറുന്നത്. ഏറെ സമയവും അധ്വാനവും പണവുമാണ് ഹമാസ് ഇതിനായി ചെലവഴിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്.
കഴിഞ്ഞ കാലത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് ശക്തമായ ഒരു പോരാട്ടത്തിന് ആവശ്യമായ പലതും ഹമാസ് ഇതിനകം ചെയ്ത് വെച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഇസ്റാഈല്‍ സൈന്യം ബോംബുകളില്‍ തന്നെ അഭയം തേടുന്നതും മുഖാമുഖ പോരാട്ടത്തിന് ഗസ്സയിലേക്ക് പ്രവേശിക്കാന്‍ ധൈര്യപ്പെടാത്തതും ഇത് കൊണ്ട് തന്നെയാവാം. തൂഫാനുല്‍ അഖ്സയില്‍ തുടങ്ങിയ ഈ പോരാട്ടത്തിന്റെ ഭാവി എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. പ്രാര്‍ത്ഥനകളോടെ ഇരകളുടെ കൂടെ നില്ക്കാം.
Leave A Comment