ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-25 മുല്ലാ ഫനാരിയുടെ അറിവിന്റെ വഴികൾ

ഇസ്താംബൂളിലെ ഫനാരി മസ്ജിദിലാണ് ഇപ്പോള്‍ ഞാനെത്തിയിരിക്കുന്നത്.  സായാഹ്ന വെയിലിന്റെ വെളിച്ചത്തിൽ പള്ളിയുടെ അങ്കണത്തിൽ പതിച്ച കല്ലുകൾ തിളങ്ങുന്നുണ്ട്. സൂഫി സംഗീതത്തിന്റെ ഈരടികള്‍ ആ പള്ളിക്ക് ചുറ്റും എപ്പോഴും മുഴങ്ങിക്കേള്‍ക്കാം.  ആ പള്ളിയോട് ചേര്‍ന്ന് ഒരു അടുക്കളയുണ്ട്. ദർവീശുമാരെയും സന്ദര്‍ശകരെയുമെല്ലാം സല്‍ക്കരിക്കാനുള്ളതാണ് അത്. നാടിന്റെ രുചി മനസ്സിലാക്കിത്തരുന്ന സ്വാദിഷ്ടമായ വിഭവങ്ങള്‍ അവിടെ എപ്പോഴും തയ്യാറാണ്. വെള്ളിയാഴ്‌ചയായതിനാല്‍ പ്രത്യേക വിഭവങ്ങളും അവിടെ കാണാം. ജുർചുമാ, ബിസ്ട്രോ ക്യൂമ എന്നിങ്ങനെ അനേകം രുചിക്കൂട്ടുകളാണ് അവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പ്രതിഫലമായി അവര്‍ ഒന്നും വാങ്ങുകയില്ല, അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ മാത്രം.

ഫനാരി മസ്ജിദ് ബൈസന്റൈൻ കാലത്തിന്റെ ഓര്‍മ്മകളുടെ ബാക്കി പത്രമാണ്. ഗ്രീക്ക് ഓർമകൾ തളം കെട്ടി നിൽക്കുന്ന ആ കെട്ടിടത്തിൽ ധാരാളം പ്രാവുകൾ കൂടുകെട്ടിയിരിക്കുന്നു. ഒട്ടോമൻ കാലഘട്ടത്തിൽ ജീവിച്ച സ്വൂഫിയായ മുല്ല ഫനാരിയുടെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്. ശൈഖുൽ ഇസ്ലാം മുല്ല ശംസുദ്ധീൻ മുഹമ്മദ് ബ്നു ഹംസ  അൽ-ഫനാരി എന്നാണത്രെ അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. പളളിക്കകത്ത് ഇഅ്തികാഫ് ഇരിക്കുകയായിരുന്ന ദർവീശ് ഇസ്മായീലാണ് എനിക്ക് മുല്ലാ ഫനാരിയെ പരിചയപ്പെടുത്തിത്തന്നത്. ഫനാരിയുടെ നാടായ ബുര്‍സയാണ് അദ്ദേഹത്തിന്റെയും ദേശമെന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് അഭിമാനം കളിയാടുന്നുണ്ടായിരുന്നു.  

ഫനാരിയെ കുറിച്ച് ചോദിച്ചതും അദ്ദേഹം വാചാലനായി. ഓട്ടോമൻ കാലത്ത് ജീവിച്ച ഒരു പണ്ഡിതൻ മാത്രമായിരുന്നില്ല മുല്ല ഫനാരി. ഇബ്നു അറബിയുടെ വഴിയെ നടന്ന ഒരു സൂഫി‌ കൂടിയായിരുന്നു അദ്ദേഹം. മദ്ധ്യേഷ്യക്കാരായ പണ്ഡിത കുടുംബത്തിന് ബോസ്ഫറസിന്റെ തീരങ്ങൾ സമ്മാനിച്ച നിധി എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ പിതാവ് ഒരു വിളക്ക് കച്ചവടക്കാരനായിരുന്നു. അത് കൊണ്ടാണ് വിളക്ക് എന്നര്‍ത്ഥമുള്ള ഫനാരി എന്ന വാക്ക് ആ കുടുംബപേരിന്റെ ഭാഗമായത്. കിഴക്കിൽ നിന്ന് വന്ന അദ്ദേഹം, ഇന്ന് ശിഷ്യന്മാർക്കൊപ്പം ബുർസയിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. 

പ്രായത്തിന്റെ ക്ഷീണമുണ്ടെങ്കിലും, എന്റെ കൌതുകം കണ്ടിട്ടാവണം, താടി തടവികൊണ്ട് ആവേശ പൂര്‍വ്വം ദര്‍വീശ് ഇസ്മാഈല്‍ കഥ തുടര്‍ന്നു, ഫനാരി കുടുംബത്തെ ചരിത്രത്താളുകളില്‍ അധികം കാണണമെന്നില്ല. പക്ഷെ, തുര്‍ക്കിക്കാരുടെ ഓര്‍മ്മകളില്‍ ആ കുടുംബം എന്നും ജീവിക്കുന്നു, വിശേഷിച്ച് മുല്ല ഫനാരി. അദ്ദേഹം ബുർസ ദേശക്കാരനാണെന്നാണ് ഞങ്ങളൊക്കെ പറയാറുള്ളത്. മൗലാന അലാവുദ്ദീൻ എസ്‌വേദ്, ജമാലുദ്ധീൻ അക്സരായി, ഹമീദുദ്ദീനെ കെയ്‌സെറി എന്നിവരുടെ കീഴിലാണ് അദ്ദേഹം വിദ്യ നേടിയത്. എക്മെലെദ്ദീൻ എൽ-ബാബർട്ടിയില്‍നിന്ന് ഹനഫീ നിയമശാസ്ത്രത്തില്‍ അവഗാഹം നേടാനായി, മംലൂക്ക് സുൽത്താനേറ്റിന്റെ ഭരണത്തിന് കീഴിലായിരുന്ന ഈജിപ്തിലേക്കും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. 

ഓട്ടോമൻ സുൽതാൻ ബായസീദ് ഒന്നാമൻ 1390-ൽ ബുർസയിലെ  ഖാദിയായി മുല്ലാ ഫനാരിയെയാണ് നിയമിച്ചത്. ഒരിക്കൽ സുല്‍താന്‍ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പക്ഷെ, സുല്‍താന്‍ ജമാഅത് നിസ്കാരത്തില്‍ അത്ര കണിശത പുലര്‍ത്താറില്ലെന്ന കാരണത്താല്‍ അദ്ദേഹം ആ ക്ഷണം നിരസിച്ചു. ഇത് സുൽതാനെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹം, കൊട്ടാരത്തിന് സമീപം തന്നെ ഒരു പള്ളി സ്ഥാപിക്കുകയും എല്ലാ നിസ്കാരങ്ങളും ജമാഅതായി പള്ളിയില്‍തന്നെ നിര്‍വ്വഹിക്കാന്‍ പിന്നീട് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. 

ബായസീദിന്റെ മരണത്തോടെ, രാജ്യത്ത് ആഭ്യന്തരയുദ്ധം ഉടലെടുത്തതിനെ തുടര്‍ന്ന്, അദ്ദേഹം തന്റെ പഴയ ഇടങ്ങളായ മിസ്റിലും ഹിജാസിലുമായാണ് ശേഷം ജീവിതം കഴിച്ചത്. അതിനുശേഷം അദ്ദേഹം കരമനോഗ്ലു ബെയ്‌ലിക്കിലെ ഭരണാധികാരിയുടെ കോടതിയിൽ ഖാദിയാവുകയും അവിടെ  അദ്ധ്യാപനം നടത്തുകയും ചെയ്തു. 1421-ൽ മുറാദ് രണ്ടാമൻ ആറാമത്തെ ഓട്ടോമൻ സുൽത്താനായി അധികാരമേറ്റതോടെ, ഫനാരിയെ ബുർസയിലേക്ക് തന്നെ തിരിച്ചുവിളിക്കുകയും 1424-ൽ മുറാദ് അദ്ദേഹത്തെ സൈന്യത്തിന്റെ ഖാദിയായി നിയമിക്കുകയും തന്റെ ജീവിതാവസാനം വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരുകയും ചെയ്തു. ഈ സ്ഥാനമാണ് പിന്നീട്, പതിനാറാം നൂറ്റാണ്ട് മുതൽ ശൈഖുൽ ഇസ്‍ലാം ആയി പരിണമിച്ചത്. രചനാ ലോകത്ത് ഫുസൂലുൽ അൽ-ബദാഇ ഫീ ഉസൂലിൽ ശരീഅ, മിസ്ബാഹുൽ ഉൻസ്, അൽ-ഫവാഇദുൽ അൽ-ഫനാരിയ്യ എന്നീ ഗ്രന്ഥങ്ങൾ എഴുതി, അദ്ദേഹം തന്റെ വിജ്ഞാനങ്ങളെല്ലാം മുസ്‍ലിം ലോകത്തിന് ബാക്കിവെച്ചു.  

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ശേഷം സുൽത്താൻ മുഹമ്മദ് അൽഫാതിഹാണ് ഈ പള്ളിക്ക് മുല്ലാ ഫനാരിയുടെ പേര് നല്കിയത്. അദ്ദേഹത്തിന്റെ സഹോദരന്റെ മകനായ അലാവുദ്ദീൻ അലി ബിൻ യൂസുഫ് എഫെൻഡിയാണ് പിന്നീട് അവിടെ ഖാദിയായത്. ഇന്നും മുല്ലാ ഫനാരിയുടെ ഓര്‍മ്മകള്‍ ബാക്കിവെച്ച്, സന്ദര്‍ശകരെയെല്ലാം ഹൃദ്യമായി സ്വീകരിച്ച് ആ പള്ളി തലയുയര്‍ത്തി നില്‍ക്കുന്നു.  

സൂര്യന്‍ പടിഞ്ഞാറേക്ക് താഴ്ന്ന് കൊണ്ടിരുന്നു, മഗ്‍രിബ് ബാങ്ക് വിളിക്കാന്‍ ഇനി അധികം സമയമില്ല. കൂടുകളിലേക്ക് മടങ്ങുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി, ദർവീശിനോട് സലാം ചെല്ലി അടുത്ത സങ്കേതം തേടി ഞാനും പുറത്തിറങ്ങി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter