സുൽതാൻ ബായസീദിന്റെ ഓർമ്മകൾ തുടിക്കുന്ന പള്ളിയിലൂടെ..
ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-23
ഇന്ന് ഞാൻ സുബ്ഹ് നമസ്കരിച്ചത് ബുർസയിലെ ബായസീദ് പള്ളിയിലായിരുന്നു. ബായസീദ് എന്ന പേര് അധിക പേർക്കൊന്നും കാണാനാവില്ല. എന്നാൽ ആ പേരിൽ അറിയപ്പെട്ടവരൊക്കെ ഇസ്‍ലാമിക ലോകത്ത് തങ്ങളുടേതായ മുദ്രകൾ പതിപ്പിച്ചവരാണെന്നതാണ് ചരിത്രം. അവരിലൊന്നാമൻ ബായസീദുൽ ബിസ്താമിയായിരുന്നു. ഇറാനിലെ ബിസ്താമിൽ നിന്നുദിച്ച് ഇസ്‍ലാമിക ലോകത്താകമാനം സ്വൂഫിസത്തിന്റെ പ്രഭ പരത്തിയ സുൽത്താനുൽ ആരിഫീൻ ആയിരുന്നു അബൂ യസീദ് അൽബിസ്താമി. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച ബയാസിദ് ഖാൻ അൻസാരിയാണ് മറ്റൊരാൾ. അഫ്ഗാൻ പോരാളിയും കവിയും സൂഫിയും വിപ്ലവ നേതാവുമായിരുന്നു അദ്ദേഹം. അവരിൽ മൂന്നാമനാണ് പോരാളിയായ ബായസീദ് യിൽദരിം. ഇപ്പോൾ ഞാനുള്ളത് സ്വൂഫീ വര്യനായ ആ പോരാളിയുടെ നാട്ടിലാണ്, കൃത്യമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ പേരിൽ നിർമ്മിക്കപ്പെട്ട പള്ളിയിൽ.
സുബ്ഹി നിസ്കരിച്ച് ഞാൻ പുറത്തിറങ്ങി. പുറത്ത് ചെറുതായി തണുപ്പുണ്ടെങ്കിലും ബായസീദീന്റെ മണ്ണിലൂടെ നടക്കുമ്പോൾ സിരകൾ ചൂട് പിടിക്കാതിരിക്കില്ല. ഏത് തണുപ്പിലും അതിശക്തമായി തപിച്ച മിന്നൽപിണരായിരുന്നുവല്ലോ അദ്ദേഹം. ബായസീദ് കെട്ടിട സമുച്ചയം ഒന്ന് ചുറ്റിക്കാണുകയായിരുന്നു എന്റെ ആദ്യലക്ഷ്യം. 1391-1395 കാലഘട്ടത്തിൽ ഉസ്മാനിയ്യ സുൽത്താൻ ബായസീദ് ഒന്നാമൻ നിർമ്മിച്ച അതിവിപുലമായ സമുച്ചയത്തിന്റെ ഭാഗമാണ് ഈ വിശാലമായ പള്ളിയും. തുർക്കിയിലെ ചരിത്രപ്രസിദ്ധമായ ഈ മസ്ജിദ്, യെൽദിരിമിലെ ബുർസ മെട്രോപൊളിറ്റൻ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ബായസീദ് സുൽത്താന്റെ പേരിൽ തന്നെയാണ് ഇവ ഇന്നും അറിയപ്പെടുന്നതും. 1855-ലെ ബുർസ ഭൂകമ്പത്തെത്തുടർന്ന് ഇതിന് കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും ശേഷം വന്നവർ അതെല്ലാം തീർത്ത് വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനാൽ ഇന്നും അത് പഴയ പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്നു. വലിയ താഴികക്കുടങ്ങളും ഇരുവശങ്ങളിൽ ആകാശം മുട്ടി നിൽക്കുന്ന മിനാരങ്ങളുമായി നിൽക്കുന്ന, പൂർണ്ണമായും കല്ലിൽ തീർത്ത പള്ളിക്ക് വല്ലാത്തൊരു ചന്തമാണ്.
അവയെല്ലാം കണ്ട് പാദങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ എന്റെ മനസ്സ് നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു. സ്വൂഫിയായ ആ ഭരണാധികാരി ഇന്നും മുസ്‍ലിം ലോകത്ത് ജീവിക്കുകയാണ്, ഒരിക്കലും മറക്കാനാവാത്ത പ്രതാപ കാലത്തിന്റെ ദീപ്ത സ്മരണകളായി. ആ ഓർമ്മയിലാണ് പലരും ഇന്നും മക്കൾക്ക് ആ പേര് വെക്കുന്നത്, വിദ്യാഭാസ സ്ഥാപനങ്ങളും പാലങ്ങളും കെട്ടിട സമുച്ചയങ്ങളും അദ്ദേഹത്തിന്റെ പേരിൽ ഇപ്പോഴും നിലകൊള്ളുന്നത്.
ഉസ്മാനിയ സിംഹാസനത്തിൽ നാലാമത്തെ ഭരണാധികാരിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ അധികാരാരോഹണം. 1360-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ പിതാവ് സിംഹാസനത്തിൽ കയറിയ അതേ വർഷം. പിതാവിനൊപ്പം ഒട്ടേറെ യുദ്ധങ്ങളിൽ പങ്കെടുത്ത അദ്ദേഹം, തന്റെ പാടവവും ഇഛാശക്തിയും യഥാസമയം പ്രകടിപ്പിച്ചിരുന്നു. അത് കണ്ട് സന്തുഷ്ടനായ പിതാവ് അദ്ദേഹത്തിന് തണ്ടർബോൾട്ട് എന്നർത്ഥമുള്ള യിൽദ്രിം എന്ന പദവി നൽകി ആദരിച്ചു. തന്നോട് പരാജയപ്പെട്ട സെർബിയൻ രാജാവിന്റെ മക്കളോടും കുടുംബത്തോടും നാട്ടുകാരോടും വളരെ മാന്യമായി പെരുമാറിയ അദ്ദേഹം അവരുടെയെല്ലാം ഇഷ്ടഭാജനമായി മാറി.
കുരിശു യുദ്ധക്കാരുടെ പേടി സ്വപ്നമായിരുന്നു ബായസീദ്. അദ്ദേഹത്തിന്റെ കാലത്ത് കുരിശ് സൈനികർ ഏറ്റുവാങ്ങിയ പരാജയങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾക്കും കൈയ്യും കണക്കുമില്ല. യുദ്ധത്തിനൊടുവിൽ ബൈസന്റൈൻ സാമ്രാജ്യത്തെ സഹായിക്കാൻ അമീർ തിമൂറിന്റെ നേതൃത്വത്തിലെത്തിയ മംഗോളിയൻ സൈന്യത്തോട് പരാജയപ്പെട്ടെങ്കിലും കനത്ത നാശനഷ്ടങ്ങളാണ് അവർക്കും വരുത്തിവെച്ചത്. ബായസീദിനെ അമീർ തിമൂർ ബന്ദിയാക്കിയെങ്കിലും ഏറെ സ്നേഹാദരുവകളോടെയാണ് അദ്ദേഹത്തോട് പെരുമാറിയത്.
1403 മാർച്ച് 3-ന് നാൽപത്തി രണ്ടാം വയസ്സിൽ അക്സെഹിറിൽ വെച്ച് ആസ്ത്മ ബാധിച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി. ബുർസയിൽ അദ്ദേഹം തന്നെ നിർമ്മിച്ച പള്ളിയുടെ അടുത്താണ് അദ്ദേഹത്തെ ഖബ്റടക്കിയത്.
മധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ ഭരണാധികാരികളിൽ ഒരാളായിരുന്നു സുൽത്താൻ ബായസീദ്. പിതാവിൽ നിന്ന് ലഭിച്ച 500,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള രാജ്യം 13 വർഷം കൊണ്ട് 942,000 ചതുരശ്ര കിലോമീറ്ററായി അദ്ദേഹം വികസിപ്പിച്ചു. തന്റെ പിതാവിനെയും പിതാമഹനനെയും പോലെ ബായസീദും ന്യായബോധവും പക്വതയും വേണ്ടത്ര ഉള്ളവനായിരുന്നു. പണ്ഡിതന്മാരെ സ്നേഹിക്കുകയും അവരോട് ഉപദേശ നിർദ്ദേശങ്ങൾ തേടുകയും ചെയ്യുമായിരുന്നു. പകൽ മുഴുവൻ രാഷ്ട്ര കാര്യങ്ങളിലും ധർമ്മസമരത്തിലും ചെലവഴിച്ചിരുന്ന അദ്ദേഹം രാത്രിയുടെ യാമങ്ങളിൽ ആരധനാനിമഗ്നനായിരുന്നു.
സുൽതാൻ ബായസീദിന്റെ സമകാലികനായ ഇബ്നു ഹജർ അസഖലാനി(റ) പറയുന്നു: അദ്ദേഹം ഭൂമിയിലെ ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായിരുന്നു. അദ്ദേഹം പണ്ഡിതരെയും വിവിധ വിജ്ഞാന ശാഖകളെയും സ്നേഹിച്ചു. ഏതൊരു സാധാരണക്കാരനും ഏത് സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. പേടിയും ആശങ്കയുമില്ലാതെ സുരക്ഷിതമായി എവിടെയും ഏത് സമയത്തും യാത്ര ചെയ്യാവുന്ന വിധം സുരക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ ഭരണപ്രദേശങ്ങൾ.
Read More: സുല്‍താന്‍ മുറാദിന്റെ ബുര്‍സയിലൂടെ..
എല്ലാം ഓർത്ത്കൊണ്ട് അവിടമാകെ ചുറ്റിനടുന്നപ്പോൾ സമയം പോയതേ അറിഞ്ഞില്ല. അപ്പോഴേക്കും സൂര്യൻ ഉദിച്ചുപൊങ്ങിയിരുന്നു. പ്രഭാത സൂര്യന്റെ പൊൻകിരണങ്ങളേറ്റ ബായസീദ് പള്ളിയുടെ താഴികക്കുടങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. പ്രതാപപൂർണ്ണമായ ചരിത്രത്തിന്റെ ശിഷ്ട പ്രതീകങ്ങളെപ്പോലെ.
Leave A Comment