കൊറിയന്‍ പോപ് സംഗീതജ്ഞന്‍ ഇസ്‍ലാമിനെ കണ്ടെത്തിയത് ഇങ്ങനെയായിരുന്നു
ഇനി മുതല്‍ ഞാന്‍ മുസ്‍ലിമാണ്. ഇനി മുതല്‍ ഞാന്‍ ദാവൂദ് കിം ആയിരിക്കും.
പ്രശസ്ത കൊറിയന്‍ പോപ് കലാകാരനും മൂന്ന് മില്യണിലധികം പ്രേക്ഷകരുള്ള യൂട്യൂബ് വ്ലോഗറുമായ ജയ് കിമ്മിന്റെ ഈ സന്ദേശം ഏറെ ആശ്ചര്യത്തോടെയാണ് പ്രേക്ഷകവൃന്ദം സ്വീകരിച്ചത്. ഇസ്‍ലാം ആശ്ലേഷിച്ചതിലൂടെ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥ തലങ്ങള്‍ തനിക്ക് കണ്ടെത്തനായെന്നും നിങ്ങളെല്ലാവരും ഈ മതത്തെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും അദ്ദേഹം ഉപദേശിക്കുക കൂടി ചെയ്തു.
2019ലായിരുന്നു ജയ് കിം ഈ പ്രഖ്യപാനം നടത്തിയത്. അതോടെ, അദ്ദേഹത്തിന്റെ മാതാവടക്കം പലരും ചോദിച്ചത്, എന്തേ ഇസ്‍ലാം തെരഞ്ഞെടുത്തത് എന്നായിരുന്നു. അതിന് അദ്ദേഹം തന്റെ ചാനലിലൂടെ തന്നെ വിശദമായ മറുപടിയും നല്കി. സത്യത്തിന്റെ തീരത്തെത്തിയ ആ കഥ ഇങ്ങനെ ചുരുക്കി വായിക്കാം.
ലോകം അറിയുന്ന ഒരു സംഗീതജ്ഞനാവുക എന്നതായിരുന്നു എന്റെ സ്വപ്നം. വൈകാതെ, ദക്ഷിണ കൊറിയയിലെ ഏറ്റവും പ്രശസ്തരായ പോപ് കലാകാരന്മാരിൽ ഒരാളായി മാറിയ ഞാന്‍, ലോകമെമ്പാടും സഞ്ചരിച്ച് വിവിധ രാജ്യങ്ങളിൽ സംഗീത പ്രകടനങ്ങൾ നടത്തിവരികയായിരുന്നു.
അത്തരം ഒരു യാത്രയുടെ ഭാഗമാണ് ഇന്തോനേഷ്യയിലും എത്തുന്നത്. അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി മുസ്‍ലിം സംസ്കാരത്തെയും വിശ്വാസങ്ങളെയും നേരില്‍ പരിചയപ്പെടുന്നത്. അത് വരെ, മാധ്യമങ്ങളിലൂടെ കാണുന്ന ഇസ്‍ലാമിനെയും മുസ്‍ലിംകളെയും മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. അതും തുടങ്ങുന്നത്, 9/11 അക്രമണത്തിന് ശേഷം വന്ന വാർത്തകളിലൂടെയാണ്.
ഇന്തോനേഷ്യൻ സന്ദർശ വേളയിൽ എന്നെ ഏറ്റവും അമ്പരിപ്പിച്ചത് രണ്ടു കാര്യങ്ങളായിരുന്നു. അവിടത്തുകാരായ മുസ്‍ലിംകളുടെ സ്നേഹവും പെരുമാറ്റവും ഏറെ ആകര്‍ഷകമായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത്, മുഖം മറച്ചുനടക്കുന്ന സ്ത്രീകളായിരുന്നു. തുടക്കത്തിൽ പുരുഷാധിപത്യ മനോഭാവത്തിന്റെയും അടിച്ചമർത്തലിന്റെയും ചിഹ്നമായാണ് അതിനെ ഞാന്‍ കണ്ടത്. സഹതാപം തോന്നിയ ഞാന്‍ ഒരു മുസ്‍ലിം സ്ത്രീയോട് കാര്യമന്വേഷിച്ചു. അവരുടെ മറുപടി ശരിക്കും എന്റെ കണ്ണുകള്‍ തുറപ്പിക്കുന്നതായിരുന്നു.
ഇത് തന്റെ സ്വന്തം തീരുമാനമാണ്. സർവശക്തനായ അല്ലാഹുവിന് വേണ്ടിയണ് താൻ ഇത് ചെയ്യുന്നത്, അമൂല്യമായതെല്ലാം അടച്ച് സൂക്ഷിക്കുന്നതാണല്ലോ നമ്മുടെ പതിവ്. സ്ത്രീയും ഏറെ അമൂല്യമായ വസ്തുവായാണ് ഇസ്‍ലാം പരിചയപ്പെടുത്തുന്നത്. ഇത് പറയുമ്പോള്‍, ആ സ്ത്രീയുടെ മുഖത്തും ശരീരഭാഷയിലും പ്രകടമായിരുന്ന അഭിമാനബോധം കിമ്മിന് വ്യക്തമായി കാണാമായിരുന്നു.
ഇസ്‍ലാമിനെ കുറിച്ചുള്ള നിറം പിടിച്ച ഒരു പിടി ചിന്തകളുമായാണ് ഞാന്‍ ആ യാത്ര കഴിഞ്ഞ് കൊറിയയിലേക്ക് തിരിച്ചത്. അവിടെയെത്തിയപ്പോള്‍, എന്നെ കാത്തിരുന്നത് ഒരു ദുഖ വാര്‍ത്തയായിരുന്നു. പിതാവിന്റെ ജോലി നഷ്ടപ്പെട്ടിരിക്കുന്നവെന്നും അതിനാല്‍ സംഗീതവുമായുള്ള യാത്രകള്‍ നിര്‍ത്തി, കുടുംബത്തെ പോറ്റാനായി താന്‍ ഇനി ജോലിക്ക് പോവണമെന്നുമുള്ളതായിരുന്നു അത്. ഗതിയില്ലാതെ, സംഗീതത്തോട് വിടപറഞ്ഞ്, ജോലിയില്‍ പ്രവേശിച്ചെങ്കിലും, വളരെ പ്രയാസകരമായ ഒരു മാനസികാവസ്ഥയിലേക്കാണ് അതോടെ ഞാന്‍ തള്ളിവീണത്. ജീവിതം തന്നെ നിറമില്ലാത്ത ഒരു അഭിനയമായി എനിക്ക് തോന്നിയ നാളുകളായിരുന്നു അത്.
അതില്‍നിന്ന് രക്ഷ നേടാനായി, എന്തെങ്കിലും ഒരു നേരം പോക്ക് വേണമല്ലോ എന്ന നിലയില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത് ആ നാളുകളിലായിരുന്നു. പക്ഷേ, അതും ഇസ്‍ലാമിനെ കൂടുതല്‍ പരിചയപ്പെടാന്‍ വേദിയൊരുക്കുകയാണ് എനിക്ക് ചെയ്തത്. ഇപ്പോള്‍, തിരിഞ്ഞുനോക്കുമ്പോള്‍, എല്ലാം അല്ലാഹുവിന്റെ വിധിയാണെന്നും ഇസ്‍ലാം എന്നെത്തേടി കൂടെ വരികയായിരുന്നുവെന്നും എനിക്കിപ്പോള്‍ തോന്നിപ്പോവുന്നു.
പിന്നീടങ്ങോട്ട്, ഇസ്‍ലാമിനെ കൂടുതല്‍ പഠിക്കാനുള്ള ശ്രമങ്ങളായിരുന്നു. അവസാനം ഇസ്‍ലാം സ്വീകരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അതിനായി, കൊറിയയിലെ ഒരു ദഅ്‍വാ സെന്ററിലെത്തി ഇമാമിനെ സമീപിച്ചു. അദ്ദേഹം വീണ്ടും വീണ്ടും കാര്യങ്ങളെല്ലാം പറഞ്ഞ് തരുകയും വേണ്ടത്ര ആലോചിച്ച് തന്നെയാണ് ഈ തീരുമാനമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ശേഷം അദ്ദേഹം ചൊല്ലിത്തന്നത് ഏറ്റു ചൊല്ലി ഞാനും ഇസ്‍ലാമിലേക്ക് കടന്നു.
ശേഷം വന്ന റമദാൻ മാസം മുഴുവൻ ഞാന്‍ നോമ്പെടുത്തു. പ്രവാചകരെ കുറിച്ച് കൂടുതല്‍ വായിച്ചുമനസ്സിലാക്കി. ഇപ്പോള്‍ കൂടുതല്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു. എന്തോ ഒരു പ്രകാശം ലഭിച്ച പോലെയാണ് ഇപ്പോഴെനിക്ക് തോന്നുന്നത്. ജീവിതത്തില്‍ എത്ര തന്നെ നാം തനിച്ചായാലും, അല്ലാഹുവിലേക്ക് കൈകളുയര്‍ത്തുമ്പോള്‍, എല്ലാവരും കൂടെയുണ്ടെന്ന തോന്നലുണ്ടാവുകയാണ്.
മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം തന്നെ, അല്ലാഹുവിനെ കണ്ടെത്തുകയാണ്. വൈകിയാണെങ്കിലും ഞാനും അത് മനസ്സിലാക്കി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും വിലമതിക്കാനാവാത്ത സമ്മാനവുമാണ് ഇസ്‍ലാം.
ഒരു മാസം മുമ്പാണ് ഉംറ ചെയ്യാനായി ദാവൂദ് കിം മക്കയിലെത്തിയത്. ആ അനുഭവങ്ങളും അദ്ദേഹം തന്റെ വ്ലോഗിലൂടെ പങ്ക് വെച്ചത് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം തന്നെ വീക്ഷിച്ചിരിക്കുന്നത്.
Leave A Comment