കെ.പി ഉസ്മാന്‍ സാഹിബ് കര്‍മവും കാലവും' എന്ന പുസ്തകത്തിന്റെ വായനാ കുറിപ്പ്.

ഒരു മനുഷ്യന് ചെറിയകാലം കൊണ്ട് ഇത്രയും ചെയ്തു തീര്‍ക്കാനാവുമോ എന്ന അത്ഭുതം കൊണ്ടല്ലാതെ നിങ്ങള്‍ക്ക് ഉസ്മാന്‍ സാഹിബിനെ കുറിച്ചെഴുതിയ പുസ്തകം വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. ഉസ്മാന്‍ സാഹിബ് ജീവിതം കൊണ്ട് അത്ഭുതങ്ങള്‍ കാണിച്ചു.കര്‍മ്മമണ്ഡലങ്ങളില്‍ പെന്‍ഡുലം കണക്കെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.സേവനം,സാമൂഹിക പ്രതിബദ്ധത, ദൈവീക പ്രീതി അതുമാത്രം ലക്ഷ്യം വെച്ച് കര്‍മ്മങ്ങള്‍ കൊണ്ട് പ്രസ്ഥാനമായ ഒരാളായിരുന്നു സാഹിബ്.

കേരളക്കരയിലെ മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പികളില്‍ പ്രധാനിയായ കെ.പി ഉസ്മാന്‍ സാഹിബിനെ കുറിച്ചെഴുതിയ പ്രഥമ പുസ്തകം സാഹിബിന്റെ പാണ്ഡിത്യത്തിന്റെ ആഴവും സംഘടനാ പ്രാവീണ്യവും നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.എ.പി അബ്ദുല്‍ ഹഖ് മുളയങ്കാവാണ് ഗ്രന്ഥത്തിന്‍റെ രചയിതാവ്.വായനക്കാര്‍ക്ക് കാലികപ്രസക്തവും ശ്രദ്ധേയവുമായ നിരവധി ഗ്രന്ഥങ്ങള്‍ സമ്മാനിച്ച ബുക്ക്പ്ലസാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 160 രൂപയാണ് പുസ്തകത്തിന്റെ വില. വിദ്യഭ്യാസ നവീകരണവും സാമുദായിക ശാക്തീകരണവും ജീവിതമുദ്രയാക്കിയ ഉസ്മാന്‍ സാഹിബിന്റെ ജീവചരിത്ര കൃതിക്ക് ഉസ്താദ് ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിയാണ് പ്രൗഢമായ അവതാരിക നിര്‍വഹിച്ചിട്ടുള്ളത്. 

കേരള മുസ്ലിംകളുടെ മതവിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത നവോത്ഥാന നേതാക്കളുടെ പേരുകള്‍ക്കിടയില്‍ കെ.പി ഉസ്മാന്‍ സാഹിബ് അത്ര സുപരിചിതനല്ല.ജീവിതം മുഴുവന്‍ സമസ്തക്കും ലീഗിനും വേണ്ടി മാറ്റിവെച്ച സാഹിബിന്റെ പ്രൗഢഗംഭീരമായ ജീവിതം വളരെ ലളിതമായ ഭാഷയിലാണ് ഗ്രന്ഥകാരന്‍  എഴുതിയിരിക്കുന്നത്.

Also Read: നാല്പത് പ്രണയ നിയമങ്ങൾ;സൂഫി വായനയുടെ ഒരിതൾ

ബാഫഖി തങ്ങള്‍,മൗലാന വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍,കെ.കെ അബൂബക്കര്‍ ഹസ്രത്ത്, സി.എച്ച് ഹൈദറൂസ് മുസ്ലിയാര്‍, പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍, കെ.എം അബൂബക്കര്‍ ലബ്ബാ സാഹിബ്,തുടങ്ങി വലിയ പണ്ഡിതന്മാരും സഹപ്രവര്‍ത്തകരും സേവന കാലത്ത് കൂടെയുണ്ടയിരുന്നു എന്നതാണ് സാഹിബിന്റെ കരുത്തും വിജയരഹസ്യവും.

പ്രഭാഷകന്‍,പരിഭാഷകന്‍,ബഹുഭാഷാ പണ്ഡിതന്‍,പ്രസാധകന്‍,എഡിറ്റര്‍ തുടങ്ങിയ എല്ലാ മേഖലയിലും സാഹിബ് സ്വന്തം വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്.കെ.പി ഉസ്മാന്‍ സാഹിബ് കടന്നു പോയ വഴികള്‍ അനവധിയാണ്. കഠിനാധ്വാനം കൊണ്ട് മാത്രം നമുക്ക് മുന്നേ നടന്നു പോയ നിഷ്‌കാമകര്‍മി.

(എം. എസ്.എഫ്) സ്ഥാപക ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസബോര്‍ഡ് പ്രഥമ ജനറല്‍ സെക്രട്ടറി, സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി, സമസ്ത ഓഫിസ് സെക്രട്ടറി തുടങ്ങിയ എണ്ണിയാല്‍ തീരാത്ത നേതൃപദവികള്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍മ്മങ്ങള്‍ കൊണ്ട് അലങ്കരിച്ച സാഹിബ് ജീവിതം കൊണ്ട് പ്രസ്ഥാനം ആയി മാറുകയായിരുന്നു.

ജീവിതരേഖ മാത്രം പറഞ്ഞുപോകുന്ന പതിവ് ശൈലിയില്‍ നിന്ന് അകന്നു നടക്കാന്‍ മുന്‍മാതൃകകള്‍ പലതും ബോധപൂര്‍വ്വം ഗ്രന്ഥകാരന്‍ ഒഴിവാക്കിയിട്ടുണ്ട്.ഹൃസ്വമായ വേറിട്ടൊരു ആഖ്യാനശൈലിയില്‍ രചന നിര്‍വ്വഹിച്ച പുസ്തകം നല്ല വായനാ അനുഭവം സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter