ഇജ്തിഹാദ്, പിഴച്ചാല്‍ പോലും പ്രതിഫലം ലഭിക്കുന്ന കര്‍മ്മം (ഭാഗം 7)
ഇസ്‌ലാം ജനങ്ങളോട് ആവശ്യപ്പെടുന്നത്, സുസ്ഥിരവും ക്രമാസുഗതവുമായ ഒരു ലോക നിര്‍മ്മിതിക്കായുള്ള ഉത്തരവാദിത്വ നിര്‍വ്വഹണത്തിന് അവരുടെ ചിന്ത, വിചിന്തനം, നിരൂപണാത്മക ചിന്ത, ക്രിയാത്മക വിചാരം, നൂതന ആശയങ്ങള്‍, അതിസൂക്ഷ്മ അന്വേഷണം എന്നിവ ഉപയോഗപ്പെടുത്താനാണ്. കഴിവും പ്രാപ്തിയുമുള്ളവര്‍ ഇജ്തിഹാദ് ചെയ്യേണ്ടതും അവരുടെ ധൈഷണിക അദ്ധ്വാനത്തിന് അതിന്റെ ഫലം തെറ്റോ ശരിയോ ഏതുമാണെങ്കിലും പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. ശരിയാണെങ്കില്‍ രണ്ട് പ്രതിഫലവും നല്‍കപ്പെടും. ദൈവിക പ്രകൃതി പാപങ്ങള്‍ പൊറുത്ത് നല്‍കലാണ്. പ്രവാചകന്‍ പറയുന്നു, 'തീര്‍ച്ചയായും അല്ലാഹു എന്റെ സമുദായത്തിന് അവരുടെ പിഴവുകളും മറവിയും നിര്‍ബന്ധിതമായി ചെയ്യേണ്ടിവന്നതും പൊറുത്ത് നല്‍കിയിരിക്കുന്നു' (ഇബ്‌നു മാജ, വാ.3, പേ.199).
അര്‍ഹരായ ആളുകള്‍ക്ക്, ഇജ്തിഹാദില്‍ പിഴവ് സംഭവിച്ചാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നു എന്ന് മാത്രമല്ല, അവര്‍ക്ക് ഒരു പ്രതിഫലവും വാഗ്ദാനം ചെയ്യുന്നു. ശരീഅത്തിന്റെ പ്രമാണങ്ങളില്‍ നിന്ന് നിയമങ്ങള്‍ സ്വാംശീകരിച്ചെടുക്കാനുള്ള ഒരു പരിപൂര്‍ണ്ണ യത്‌നമാണ് ഇജ്തിഹാദ്. ഇത് ശരീഅ പ്രമാണങ്ങളെ യഥാര്‍ത്ഥ സ്ഥലങ്ങളില്‍ അവരോധിക്കാനുള്ള ബൗദ്ധികമായ ശ്രമമാണ്. ഒരു മനുഷ്യനെന്ന നിലക്ക് അവന്റെ തീരുമാനം തെറ്റോ ശരിയോ ആകാം (അല്‍ കാളിമി, ഹി.1419: 1:45).
ഖുര്‍ആനില്‍ അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത് തന്ത്രശാലി എന്നാണ്. അതിനാല്‍ മനുഷ്യനിര്‍മ്മിതിക്ക് പിന്നിലും അവന്‍ കൃത്യമായ യുക്തി ഒരുക്കിവെച്ചിട്ടുണ്ട്. ഒരാള്‍ എത്രത്തോളം അല്ലാഹുവിനെ അറിയുന്നു, അത്രത്തോളം ആഴത്തില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെയും കല്‍പ്പനകളുടെയും യുക്തിയും ലക്ഷ്യങ്ങളും ഉള്‍കൊള്ളുന്നു. അല്ലാഹു പറയുന്നു, 'നാം നിങ്ങളെ നിരര്‍ത്ഥകമായി പടച്ചു വിട്ടതാണെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കുകയാണോ? ' (23.115.) ഇസ്‍ലാമിക നിയമസംഹിതക്ക് പിന്നിലെ മുഴുവന്‍ യുക്തിയും വിശദീകരിക്കുന്നതിന് പകരം അല്ലാഹു ഇസ്‍ലാമിക നിയമങ്ങളുടെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും പര്യാലോചന ചെയ്യാനുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും, അതിനായി ജനങ്ങള്‍ അവരുടെ ബുദ്ധിയും കഴിവും ഉപയോഗപ്പെടുത്തുന്നത് വഴി അവരുടെ ശ്രമങ്ങള്‍ക്കനുസൃതമായ പ്രതിഫലം നല്‍കുകയും ചെയ്യുന്നു.
Read More: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 5)
മുന്‍പില്ലാത്ത നിയപരവും ധാര്‍മ്മികവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോഴും നിയമനിര്‍മ്മാണം നടത്തുമ്പോഴും മഖാസിദിന് അതില്‍ പ്രധാന പങ്കുണ്ട്. ശരീഅ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തന ഫലങ്ങളെ താരതമ്യപ്പെടുത്തി നിയമരൂപീകരണത്തിന് കര്‍മ്മശാസ്ത്ര പണ്ഡിതരെ അവര്‍ സഹായിക്കുന്നു. അല്ലാഹു ഖുര്‍ആനില്‍ ആയിരത്തിലധികം സ്ഥലങ്ങളില്‍ നിയമങ്ങള്‍ക്ക് പിറകെ അതിന്റെ ലക്ഷ്യങ്ങളും വിശദീകരിക്കുന്നു. ഈ മാനദണ്ഡത്തിനനുസൃതമായാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍, ശരീഅ ലക്ഷ്യങ്ങളെ പൂര്‍ത്തിയാക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതാകണം ഇസ്‍ലാമിക നിയമങ്ങള്‍ എന്ന നിഗമനത്തിലെത്തിയത്. (അല്‍ ജൗസിയ്യ, 1968: 1:169)
മഖാസിദിന്റെ വ്യത്യസ്ത വശങ്ങളിലുള്ള വിശാലവും സമഗ്രവുമായ സംവാദങ്ങള്‍ നടത്തി, നമുക്കതിന്റെ താത്വിക രൂപഘടനയായ സുസ്ഥിര വികസനത്തെയും സമഗ്ര വിജയത്തെയുമാണ് രത്‌നച്ചുരുക്കമായി അവതരിപ്പിക്കാന്‍ കഴിയുക. ഉപകാരം ഉണ്ടാക്കുകയും പ്രയാസം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഇജ്തിഹാദിന്റെയും ഫത്‍വയുടെയും പ്രധാന മാനദണ്ഡങ്ങളായി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ ചേര്‍ത്ത് വെക്കുന്നത്.
ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഉസൂലുല്‍ ഫിഖ്ഹ് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ തെളിയിക്കുന്നത്, ഖുര്‍ആന്‍ വെറും അതിന്റെ അവതീര്‍ണ്ണ സമയത്തെ പ്രത്യേക കാലത്തോട് മാത്രം സംവദിക്കുന്നതല്ലെന്നും, അതിലുപരി, വിഷയങ്ങളെ സര്‍വ്വ വ്യാപിയായി കൈകാര്യം ചെയ്യാനുള്ള മതിയായ ഘടന അതിനുണ്ടെന്നുമാണ്. ശരീഅത്ത് പരിചയപ്പെടുത്തുന്നത് മനുഷ്യര്‍ നേരിടുന്ന എല്ലാ വിഷയങ്ങളെയും സമീപിക്കാന്‍ കഴിയുന്ന ആത്യന്തിക ലക്ഷ്യങ്ങളെയും താല്‍പര്യങ്ങളെയുമാണ്.
മഖാസിദ് സംവാദങ്ങളിലെ ധാര്‍മ്മിക മൂല്യങ്ങള്‍
സമുന്നത സ്വഭാവഗുണങ്ങളും സദാചാര മൂല്യങ്ങളും ഇസ്‍ലാമില്‍ വിശ്വാസത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതാണ്. ഇമാം ശാത്വിബി സൂചിപ്പിച്ചതു പോലെ, സനാതന ധര്‍മ്മങ്ങളാണ് ശരീഅ എന്ന് സംഗ്രഹിച്ച് പറയാം. ഖൂര്‍ആന്‍ വിഭാവന ചെയ്യുന്ന ധാര്‍മ്മികത, വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളും ഉള്‍കൊണ്ടതാണ്.
അല്ലാഹു പറയുന്നു: 'കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നിങ്ങള്‍ മുഖം തിരിക്കലല്ല പുണ്യം. പ്രത്യുത അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, ധനത്തോടു പ്രതിപത്തിയുണ്ടായിരിക്കെ തന്നെ ബന്ധുക്കള്‍, അനാഥകള്‍, ദരിദ്രര്‍, യാത്രക്കാര്‍, യാചകന്‍മാര്‍ എന്നിവര്‍ക്കും അടിമവിമോചനത്തിനും അതുനല്‍കുകയും, നമസ്‌കാരം യഥാവിധി നിര്‍വ്വഹിക്കുകയും, സകാത്ത് കൊടുക്കുകയും, ഏര്‍പ്പെട്ട കരാറുകള്‍ പൂര്‍ത്തീകരിക്കുകയും, വിഷമതകളും കഷ്ടപ്പാടുകളും വന്നെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നവര്‍ ആരോ അവരാണ് പുണ്യവാളന്മാര്‍. സത്യസന്ധത പാലിച്ചവരും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവരും അവര്‍ തന്നെ'. (2: 177)
വിശ്വാസവും ആരാധനയും ധാര്‍മ്മിക മൂല്യങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ധാര്‍മ്മികതയെന്ന് മേല്‍സൂക്തം രേഖപ്പെടുത്തുന്നു. 'നന്മ സല്‍സ്വഭാവവും തിന്മ മനസ്സിനെ അലട്ടുന്നതും ജനങ്ങള്‍ അറിയരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുമാണെന്ന് പ്രവാചകന്‍ ഊന്നിപ്പറയുന്നു' (മുസ്‍ലിം, വാ.8, പേ.6).
വിശ്വാസിയുടെ ജീവിതത്തില്‍ സ്വഭാവശൂദ്ധീകരണത്തിന്റെ പ്രാധാന്യം പ്രവാചകവചനങ്ങളില്‍ കാണാം. ഇസ്‍ലാമിലെ സദാചാര മൂല്യങ്ങളുടെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: 'സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്'. പ്രവാചക ദൗത്യത്തിന്റെ കാതലായ ലക്ഷ്യം സമ്പൂര്‍ണ്ണ ധര്‍മ്മനിഷ്ഠയാണെന്നും പറയാം. (മുസ്‌നദുല്‍ ബസ്സാര്‍, വാ.15, പേ.364).
അതോടൊപ്പം, ഒരാളുടെ ഇസ്‍ലാമിന്റെ പൂര്‍ണ്ണത അയാളുടെ സ്വഭാവത്തിന്റെ പരിശുദ്ധിക്കനുസൃതമായാണ് അളക്കേണ്ടത്. സ്വഭാവരൂപീകരണത്തിന് വിശ്വാസികളെ പ്രേരിപ്പിക്കാനായി പ്രവാചകന്‍ പരലോകത്ത് നിരവധി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യന്റെ ജീവിതചര്യയിലെ സദാചാര ധര്‍മ്മങ്ങളെ ഊട്ടിയുറപ്പിക്കാന്‍ വേണ്ടി സംവിധാനിക്കപ്പെട്ടതാണ് ആരാധന. നീചവൃത്തികളിലും നിഷിദ്ധകര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നിസ്‌കാരം തടയുന്നതാണ് (29:45).
സകാത്ത് മനുഷ്യന്റെ സമ്പത്ത് ശുദ്ധീകരണത്തിനും നിസ്സഹായരോട് സ്‌നേഹത്തോടെയും കരുണയോടെയും ഇടപ്പെട്ട് സ്വഭാവ സംസ്‌കരണത്തിനും സഹായകമാകുന്നു (ഖുര്‍ആന്‍: 9/103).
ജനങ്ങളോട് താഴ്മകാണിക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനും ഉപരിയായി, സകാത്ത്, നല്‍കിയവന്റെ സ്വഭാവത്തെ സംസ്‌കരിക്കുകയും അത്യാര്‍ത്തിയില്‍ നിന്ന് ശുദ്ധമാക്കുകയും ചെയ്യുന്നു. നോമ്പ് ദൈവിക ബോധം ശക്തിപ്പെടുത്തുകയും അനാവശ്യങ്ങള്‍ക്ക് വേണ്ടി നാവ് ഉപയോഗപ്പെടുത്തുന്നത് നിയന്ത്രിക്കാന്‍ മനുഷ്യര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.
Read More: വൈദ്യശാസ്ത്രം, നൈതികത: ഒരു മഖാസിദീ ഗവേഷണം (ഭാഗം 6)
സ്രഷ്ടാവിനോടും സൃഷ്ടികളോടും സ്വന്തത്തോടുമുള്ള ഉല്‍കൃഷ്ട ബന്ധത്തെയാണ് സല്‍സ്വഭാവം അര്‍ത്ഥമാക്കുന്നത്. ഒരാള്‍ സാക്ഷിയായി പരിഗണിക്കപ്പെടണമെങ്കില്‍ നീതിയും സല്‍നടപ്പും ശരീഅത്ത് മാനദണ്ഡമായി കാണുന്നത് വ്യക്തിവൈശിഷ്ടത്തിന് നല്‍കപ്പെടുന്ന പ്രാധാന്യത്തെയാണ് മനസിലാക്കിത്തരുന്നത്. ഉദാഹരണത്തിന്, ഒരു പ്രധാന ഇടപാടില്‍ അത് ശരിയാകാനുള്ള ഒരു മാനദണ്ഡമായി പരിഗണിക്കപ്പെടുന്നത് വിശ്വസ്തനായ ഒരു സാക്ഷിയുടെ സാന്നിദ്ധ്യമാണ്, അതുവഴി സ്വത്ത് വഞ്ചനയില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്.
ക്രമേണ അത്യാവശ്യങ്ങള്‍(ളറൂറിയാത്ത്), ആവശ്യങ്ങള്‍ (ഹാജിയ്യാത്ത്), അലങ്കാരങ്ങള്‍ (തഹ്‌സീനിയ്യാത്ത്) എന്നീ മൂന്ന് ഘട്ടങ്ങളാണ് മഖാസിദിനുള്ളത്. ളറൂറിയ്യാത്തിന്റെ ഉപഘടകമായ പരിഗണിക്കപ്പെടുന്ന തഹ്‌സീനിയ്യാത്തിലാണ് ധാര്‍മ്മിക മൂല്യങ്ങള്‍ വലിയ അളവില്‍ ഉള്‍കൊള്ളിക്കപ്പെട്ടിരിക്കുന്നത്. സല്‍സ്വഭാവത്തിന്റെ ശാക്തീകരണമാണ് തഹ്‌സീനിയ്യാത്ത് അര്‍ത്ഥമാക്കുന്നതെന്ന് ഇമാം റാസി വിശദീകരിക്കുന്നു. തെറ്റായ സ്വഭാവങ്ങളോടുള്ള പോരാട്ടവും സല്‍ഗുണങ്ങളെ സ്വീകരിക്കലുമാണ് തഹ്‌സീനിയ്യാത്തെന്നാണ് ഇമാം ശാതിബി വ്യക്തമാക്കുന്നത്.
തഹ്‌സീനിയ്യാത്തിന്റെയും ളറൂറിയ്യാത്തിന്റെയും ബന്ധം വിശദീകിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: എല്ലാ ഹാജിയ്യാത്തും തഹസീനിയ്യാത്തും ളറൂറിയ്യാത്തിനെ പിടിച്ച് നിര്‍ത്തുന്ന സംരക്ഷകരും അവയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതുമാണ്. അതേടൊപ്പം തഹ്‌സീനിയ്യാത്തില്‍, ആത്മാര്‍ത്ഥത, സത്യസന്ധത, കഠിനാദ്ധ്വാനം, ജോലിയിലെ സഹകരണം, കുടുംബത്തോടുള്ള സ്‌നേഹം, മാതാപിതാക്കളെ ധിക്കരിക്കുന്നതും ഇടപാടുകളില്‍ വഞ്ചനകാണിക്കുന്നതും ഒഴിവാക്കല്‍, സ്വകാര്യ ഭാഗങ്ങള്‍ മറക്കല്‍, സഭ്യത, സ്ത്രീ പുരുഷന്‍മാര്‍ അനാവശ്യമായി കൂടിക്കലരുന്നത് ഒഴിവാക്കല്‍ തുടങ്ങിയ സദാചാര മൂല്യങ്ങളും ഉള്‍പ്പെടുന്നു. ചിലപ്പോഴൊക്കെ, നന്ദി കാണിക്കുക, ഉപദേശം നല്‍കുക പോലെയുള്ള തഹ്‌സീനിയ്യാത്ത് ളറൂറിയ്യാത്തിന് ശക്തി പകരുകയും ചെയ്യുന്നു. (ശാത്വിബി: ഹി.1402, 2:11).
ശരീഅത്ത് ഒരു വ്യവസ്ഥയായി കൊണ്ടുപോകാന്‍ അത്യാവശ്യമായ അടിസ്ഥാന ആദര്‍ശങ്ങളായാണ് ധാര്‍മ്മിക മൂല്യങ്ങളെ മഖാസിദ് പരിഗണിക്കുന്നത്. ഒരളവോളം ഇസ്‍ലാമിക നിയമങ്ങളുടെ സത്തയെ സംരക്ഷിക്കാനുള്ള വഴികളാണ് ധാര്‍മ്മിക മൂല്യങ്ങള്‍. അങ്ങനെ ചെയ്യാന്‍ കഴിയാതിരിക്കുന്നത് വലിയ അളവില്‍ അടിസ്ഥാന ലക്ഷ്യങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യും. ഈയര്‍ത്ഥത്തില്‍, ധര്‍മ്മശാസ്ത്രത്തന്റെ ദൗത്യങ്ങളിലൊന്ന് ളറൂറിയ്യാത്തിന് കോട്ടം വരുത്തുന്നതിനെ തടയലാണ്, അഥവാ ധര്‍മ്മശാസ്ത്രം ളറൂറിയ്യാത്തിന്റെ സംരക്ഷകരാകുന്നു.
Leave A Comment