എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍: അരനൂറ്റാണ്ട് കാലം ദര്‍സ് നടത്തിയ പണ്ഡിത പ്രതിഭ
അരനൂറ്റാണ്ടിലേറെ കാലം ദര്‍സ് നടത്തുകയും സമസ്തയിലെ ആദ്യകാല മുശാവറ അംഗമാവുകയും പീന്നീട് സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് സ്ഥാനം വരെ അലങ്കരിച്ച, ഇക്കഴിഞ്ഞ ജൂണ്‍ 20ന് നമ്മോട് വിടപറഞ്ഞ പണ്ഡിത കുലപതിയാണ് എന്‍ കെ.മുഹമ്മദ് മുസ്‌ലിയാര്‍.
ജനനവും കുടുംബവും
കേരളം കണ്ട മഹാന്മാരില്‍ പ്രതിഭധനനായിരുന്ന നടുവത്ത് കളത്തില്‍ മുഹമ്മദ് മുസ്‌ലിയാരുടെ ജനനം 1931 സെപ്തംബര്‍ 21 മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത കുടപ്പുറത്താണ്. ഹസന്‍ കുട്ടി മകന്‍ അഹ്മദ് മകന്‍ സഈദ് അലിയായിരുന്നു പിതാവ്. മാതാവ് ആഇശുമ്മ.
വിദ്യഭ്യാസം
മഞ്ചേരി സെന്‍ട്രല്‍ ജുമുഅത്ത് പള്ളിയിലെ മുഫീദുല്‍ ഉലൂം ദര്‍സിലായിരുന്നു പഠനം, ശേഷം 1958 വരെ വണ്ടൂര്‍ ജുമുഅത്ത്പള്ളിയിലും ദര്‍സ് പഠനം തുടര്‍ന്നു. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം ഉമ്മുല്‍ മദാരിസെന്നറിയപ്പെടുന്ന വെല്ലൂര്‍ ബാഖിയാത്തില്‍ (1958-1960) ഉപരിപഠനം നടത്തുകയായിരുന്നു. 1960 ല്‍ ബാഖിയാത്തില്‍ നിന്ന് ഒന്നാം ഗ്രേഡ് നേടി വിജയിച്ച് കര്‍മ്മ രംഗത്തേക്കിറങ്ങുകയായിരുന്നു.
ഗുരുനാഥന്മാര്‍
ഓവുങ്ങല്‍ വലിയ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍,കെ.കെ സ്വദഖത്തുള്ള മുസ്‌ലിയാര്‍, കെ.കെ മുഹമ്മദ് മുസ്‌ലിയാര്‍ പാപ്പിനിപ്പാറ, ശൈഖ് ആദം ഹസ്‌റത്ത്, ഹസന്‍ ഹസ്‌റത്ത്, ഉത്തമ പാളയം അബൂക്കര്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു എന്‍.കെ മുഹമ്മദ് മുസ്‌ലിയാരുടെ ഗുരുവര്യന്മാര്‍.
സേവനം കര്‍മ്മവീഥിയില്‍
ബാഖവി ബിരുദം നേടിയ ശേഷം കണ്ണൂര്‍ ചപ്പാരപ്പടവ് ജുമാമസ്ജില്‍ ദര്‍സ് നടത്തി (1960-1964) 4വര്‍ഷം അവിടെ വിജ്ഞാനത്തിന്റെ പ്രഭപരത്തി.
പരപ്പനങ്ങാടി ജുമുഅത്ത് പള്ളിയില്‍
കണ്ണൂര്‍ ചപ്പാരപ്പടവ് ദര്‍സില്‍ നിന്ന് നേരെ എത്തിയത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ദര്‍സിലേക്കായിരുന്നു. 1964 ല്‍ പരപ്പനങ്ങാടി ജുമുഅത്ത് പള്ളിയില്‍ ആരംഭിച്ച ദര്‍സ് വഫാത്ത് വരെ തുടര്‍ന്നു. 1964-2021 അരനൂറ്റാണ്ട് കാലം ദര്‍സ് നടത്തി നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തു. അവസാനവര്‍ഷം, അദ്ദേഹത്തെ പ്രത്യേകം ആദരിച്ചുകൊണ്ട് നാട്ടുകാര്‍ നടത്തിയ ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ഏതാനും ഭാഗമാണ് താഴെ,
“'57 കൊല്ലമായി ഞാനിവിടെ നില്‍ക്കുന്നു. ഇവിടം വിട്ട് പോവാതിരുന്നത് എന്റെ ഉസ്താദായ സ്വദഖതുല്ല മുസ്‍ലിയാരുടെ നിര്‍ദ്ദേശപ്രകാരമാണ്. 1964ലാണ് ഞാനിവിടെ എത്തുന്നത്. അന്നൊക്കെ, ഉള്ളത് കൊണ്ട് എല്ലാവരും കഴിഞ്ഞ് കൂടിയിരുന്ന കാലമായിരുന്നു. പിന്നീട്, അവസ്ഥകളെല്ലാം മാറി, സാമ്പത്തികമായി നമ്മുടെ നാടുകളൊക്കെ മെച്ചപ്പെട്ടു. അപ്പോഴും മുഅല്ലിമീങ്ങളുടെയും മുദരിസുമാരുടെയും അവസ്ഥ പഴയ പടി തന്നെയായിരുന്നു. അന്ന് ചില രസികന്മാര്‍ പറഞ്ഞു, എല്ലാസാധനത്തിനും വിലകൂടിയിട്ടുണ്ട് മുസ്‍ലിയാക്കന്മാര്‍ക്കും ഉപ്പിനും മാത്രമേ വില കൂടാത്തതുള്ളൂ എന്ന്. ജീവിതം പ്രയാസകരമാവുമെന്ന് കരുതി പലരും ഈ മേഖല തന്നെ വിട്ട് ഗള്‍ഫിലേക്ക് പോയി. നാട്ടില്‍ സാമാന്യം നല്ല നിലയില്‍ ദര്‍സ് നടത്തുന്ന മുദരിസുമാരൊക്കെ ഇങ്ങനെ പോവുന്നത് അത്ര ശരിയായിരുന്നില്ല. ശംസുല്‍ ഉലമ ഇ.കെ അബൂബക്റ് മുസ്‍ലിയാര്‍ ഈ പ്രവണതയെ ശക്തമായി എതിര്‍ത്തത് കാണാം.
കാര്യങ്ങളെ പോക്ക് കണ്ട്, ഞാനും ഇവിടെ നിന്ന് മാറിയാലോ എന്ന ചിന്തുമായി ഉസ്താദിന്റെ അടുക്കലെത്തി, കാര്യം പറഞ്ഞു. ഉസ്താദ് ചോദിച്ചു, എന്നിട്ട് നീ കമ്മിറ്റിക്കാരോട് ശമ്പളം കൂട്ടിത്തരാന്‍ പറഞ്ഞോ. ഇല്ല എന്ന് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ ഉസ്താദ് ഉപദേശിച്ചു, അത് നന്നായി. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് അവിടെ തന്നെ കൂടുക, ബാക്കിയൊക്കെ അല്ലാഹു നോക്കിക്കോളും.
ഇന്ന് 57 വര്‍ഷം പിന്നിടുന്നു. ജീവിതത്തില്‍ ഇന്നേവരെ സാമ്പത്തികമായി എനിക്ക് പ്രയാസപ്പെടേണ്ടിവന്നിട്ടില്ല. എല്ലാം വേണ്ടസമയത്ത് വേണ്ടത് പോലെ ഈ നാട്ടുകാര്‍ കണ്ടറിഞ്ഞ് ചെയ്ത് തന്നിട്ടുണ്ട്. അഥവാ, ഉസ്താദ് പറഞ്ഞത് പോലെ, എല്ലാത്തിനും അല്ലാഹു വഴി കാണിച്ചു എന്നര്‍ത്ഥം.’
സമസ്തയില്‍
1962 ല്‍ 32-ാം വയസ്സില്‍ കണ്ണൂര്‍ ചപ്പാരപ്പടവില്‍ സേവനം ചെയ്യുന്ന കാലത്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത് . 1962 മുതല്‍ 1967 വരെ സമസ്ത മുശാവറ അംഗമായി തുടര്‍ന്നു, സമസ്തയിലുള്ള കാലത്തും ശേഷവും സമസ്ത നേതാക്കളോടല്ലൊം നല്ലരീതിയിലായിരുന്നുവര്‍ത്തിച്ചത്. കാളമ്പാടി ഉസ്താദും എന്‍.കെ മുഹമ്മദ് മുസ്‌ലിയാരും തമ്മില്‍ നല്ല സഹൃദമായിരുന്നു നിലനിന്നിരുന്നത്. 1960ലാണ്എന്‍ കെമുഹമ്മദ് മുസ്‌ലിയാര്‍ വെല്ലൂരില്‍നിന്ന് ബിരുദമെടുക്കുുന്നത് കാളമ്പാടി ഉസ്താദ് 1961 ലും.
Also Read:മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബ് സമുദായസേവനം മുഖമുദ്രയാക്കിയ ജീവിതം
കാളമ്പാടി ഉസ്താദ് വഫാത്തായപ്പോള്‍ ആ ആത്മബന്ധത്തെ അനുസ്മരണ ലേഖനത്തില്‍ എഴുതുകയും ചെയ്തിരുന്നു.
കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ച് സത്യധാരയില്‍ എഴുതിയ ലേഖനത്തില്‍ എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍ വിവരിക്കുന്നതിങ്ങനെയാണ്
'1971 ലാണല്ലോ കാളമ്പാടി മുശാവറയിലെത്തുന്നത് അന്ന് കാളമ്പാടിയെ മുശാവറയിലെടുക്കാനുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത് ഞാനായിരുന്നു, അന്ന് പുതിയ ആളുകളെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച തുടങ്ങിയപ്പോള്‍ ഞാന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരോട് പറഞ്ഞു, നമുക്ക് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെ സമസ്ത മുശാവറയിലെടുത്ത് കൂടെ, അദ്ദേഹം അതിന് ഏറ്റവും അര്‍ഹനാണ് താനും,
ഇത് കേട്ടപ്പോള്‍ കോട്ടുമല ഉസ്താദ് പറഞ്ഞു, എങ്കില്‍ ഈ വിവരം നീ ശംസുല്‍ ഉലമയോട് പറഞ്ഞോളൂ, അങ്ങനെ ഞാന്‍ കോട്ടുമല ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഇകെ ഉസ്താദിനോട് കാളമ്പാടിയെ പറ്റി ധരിപ്പിച്ചു. അങ്ങനെ ശൈഖുന ശംസുല്‍ ഉലമ അദ്ദേഹത്തോട് കാളമ്പാടിയെ പറ്റിയുള്ള വിവരം ആരായുകയും തികഞ്ഞ ആളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ മുശാവറയിലെടുക്കാന്‍തീരുമാനിക്കുകയും ചെയ്തു.'
സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയില്‍
1967 ലാണ് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയില്‍ മുശാവറ അംഗമാവുന്നത്. മുശാവറക്ക് പുറമെ ഫത്‌വ സമിതി അധ്യക്ഷനുമായിരുന്നു.
2000 ല്‍ പണ്ഡിതനായിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
വഹിച്ചിരുന്ന മറ്റു സ്ഥാനങ്ങള്‍
വണ്ടൂര്‍ ജാമിഅ വഹബിയ്യയില്‍ ശൈഖുല്‍ ജാമിഅ പദവി, നുസ്‌റത്തുല്‍ അനാം മാസിക ചീഫ് എഡിറ്റര്‍,
പ്രധാന കൃതികള്‍
സമ്പൂര്‍ണ കര്‍മ ശാസ്ത്രം
കര്‍മ്മ ശാസ്ത്ര പാഠങ്ങള്‍
ഹജ്ജ് ഉംറ
വൈവാഹിക നിയമങ്ങള്‍
ശൈഖുല്‍ മശാഇഖ് ഔക്കോയ മുസ്‌ലിയാര്‍
വഫാത്ത്
2020 ജൂണ്‍ 20 നായിരുന്നു എന്‍ കെ മുഹമ്മദ് മുസ്‌ലിയാര്‍ വിടപറഞ്ഞത്. കടുപ്പുറം ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
Leave A Comment