ഉമർ മുഖ്താര്‍ :ലിബിയൻ മരുഭൂമിയിലെ വാരിയൻ കുന്നൻ.
ലിബിയ എന്ന പേര് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുക ഒമാർ മുഖ്താർ എന്ന നാമധേയമാണ് അതിനു കാരണം പണ്ട് 'The lion of the desert എന്ന Antony Quinn ചിത്രമായിരുന്നു, ചിത്രം കണ്ട പലരേയും പോലെ ഞാനും ഒമാർ മുഖ്താർ എന്ന സനൂസിയുടെ ആരാധകനായി മാറി.
സെപ്റ്റംബർ 16, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനമാണ്, അദ്ദേഹതിന്റെ കഥ പറയാം
കോളനിവത്കരണത്തിന്റെ ഭാഗമായി ലിബിയയിലെത്തിയ ഇറ്റാലിയന്‍ ഭരണകൂടത്തെ രണ്ടു ദശാബ്ദത്തിലേറെ കാലം വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ട വീര്യത്തിന്റെ പേരാണ് ഉമര്‍ മുഖ്താര്‍. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇറ്റലിക്കെതിരെ ഉമര്‍ മുഖ്താറിന്റെ നേതൃത്വത്തില്‍ സൈന്യം നടത്തിയത് 74 വന്‍പോരാട്ടങ്ങളും 270 സായുധ സംഘട്ടനങ്ങളുമായിരുന്നു. അതിശക്തനായ ഭരണാധികാരിയായി ചരിത്രം വാഴ്ത്തുന്ന ജനറല്‍ മുസ്സോളിനിക്ക് ലിബിയയിലെ ജനറല്‍മാരെ മാറ്റേണ്ടി വന്നത് അഞ്ചു തവണയാണ്. ലിബിയയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം സമരം നയിച്ച ധീരസേനാനിയായിരുന്നു ഉമര്‍ മുഖ്താര്‍.
ലിബിയയിലെ കിഴക്കൻ ബർഖ യുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.നിഫ വർഗ്ഗത്തിൽ പെട്ടയാളാണ് ഉമർ മുഖ്താർ.
പ്രായത്തിൽ കവിഞ്ഞ പക്വതയും അസാധാരണ പഠന മികവും ഉണ്ടായിരുന്ന അദ്ദേഹം ഖുർആൻ, ഹദീസ് , ഫിഖ്ഹ് , തസ്സവുഫ് എന്നിവകളിൽ പ്രാവീണ്യം നേടാനായി ജഹ്ബൂബിലെ സനൂസി ദർഗ്ഗ ദർസിൽ ഉപരിപഠനത്തിനായി ചേരുകയും എട്ട് വർഷം നീണ്ട് നിന്ന പഠനം പൂർത്തിയാക്കി സനൂസി ത്വരീഖത്ത് സ്വീകരിച്ചു ആധ്യാത്മിക മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു.
ഉമർ മുഖ്താറിന്റെ ചെറുതെങ്കിലും ശക്തരായ പടയാളികൾ ഇറ്റാലിയൻ സൈന്യത്തിനെതിരെ ആവർത്തിച്ചാവർത്തിച്ച് ആക്രമണം നടത്തിവന്നു. ഇറ്റാലിയൻ പടയെ ആക്രമിക്കുക മാത്രമല്ല തന്ത്രപരമായി അവരുടെ വാർത്താവിനിമയ സംവിധാനം, വൈദ്യുതി, വെള്ളം എന്നിവ വിഛേദിക്കുകയും ചെയ്തു. ഉമർ മുഖ്താറിന്റെ ഗറില്ലാ യുദ്ധമുറ ഇറ്റാലിയൻ സൈന്യത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു..
സനൂസി സൂഫി ധാരയാണ് ഉമർ മുക്താറിനെ നീതിയുടെ കരുത്തനായ പോരാളിയാക്കി മാറ്റിയത്. അൾജീരിയ ,ലിബിയ, ഈജിപ്ത്എന്നിവിടങ്ങളിൽ വേരുകളുള്ള ഒരു സൂഫി ധാരയാണ് സനൂസി (Senussi السنوسي). ഈ ത്വരീഖത്തിന്റെ സ്ഥാപകനായ അൾജീരിയൻ വംശജനായിരുന്ന മുഹമ്മദ് ഇബ്നു അലി അസ്സനൂസി ഹിജാസിൽ മൗലിക വാദികൾ പിടി മുറുക്കിയ സമയത്തു് മത ഭ്രംശം ആരോപിച്ചും , ആശ്രമങ്ങളും ശവ കുടീരങ്ങളും ആക്രമിക്കുകയും, സൂഫികളെ വധിക്കുകയോ നാട് കടത്തുകയോ ചെയ്തതിനെ തുടർന്ന് ലിബിയയിലേക്ക് പാലായനം ചെയ്തു.
പിന്നീട് ലിബിയ കേന്ദ്രീകരിച്ചായിരുന്നു ഈ സൂഫി ധാര വളർന്നു വന്നത് , അൾജീരിയ, ഈജിപ്ത് എന്നിവിടങ്ങളിലും ഈ സൂഫി താരീഖയ്‌ക്ക് ശക്തമായ സ്വാധീനമുണ്ട് . പല ലിബിയൻ രാജാക്കന്മാരും സനൂസി സൂഫികളാണ് . സൂഫിപോരാളികൾ എന്ന നിലയിൽ കൂടി അറിയപ്പെടുന്ന സനൂസികൾ ഒന്നാം ലോക മഹായുദ്ധത്തിൽ ഓട്ടോമൻ പക്ഷം ചേർന്ന് യുദ്ധത്തിൽ പങ്കെടുക്കുകയും ഈജിപ്തിൽ ബ്രിട്ടീഷ് രാജിനെതിരെയും , അൾജീരിയയിൽ ഫ്രഞ്ച് പട്ടാളത്തിനെതിരായും , ലിബിയയിൽ ഇറ്റാലിയൻ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിനും നേതൃത്വം കൊടുത്തു. ഇക്കാലയളവിൽ ഖുർആൻഅദ്ധ്യാപകനായും, ഇമാം ആയും സേവനമനുഷ്ഠിച്ച ഉമർ മുക്താർ സനൂസിസൂഫി പാതയിലും പ്രസിദ്ധനായ് മാറി. 1895 ഇൽ സനൂസി ഖലീഫ മുഹമ്മദ് അൽ മഹ്ദിയോടൊപ്പം നടത്തിയ ദേശാടനങ്ങൾക്ക് ശേഷം മഹ്ദി ചാന്ദിലെ 'ഐൻ കൽക്ക്' സനൂസി സൂഫി ആശ്രമത്തിൻറെ അധികാരിയായി ചുമതലയേറ്റു. . ഐൻ കൽക്കിലെ സൂഫിമഠത്തിന്റെ ഉത്തരവാദിത്തം കൈയാളുന്ന സമയത്താണ് പോരാട്ടങ്ങളുമായി ഉമർ മുഖ്താർ ബന്ധം സ്ഥാപിക്കുന്നത്. ഫ്രഞ്ച് അധിനിവേശത്തിനെതിരെ ഇസ്ലാമിക മിഷനറികളായി ആഫ്രിക്കയിൽപ്രവർത്തിച്ചിരുന്ന സൂഫികൾ തുടക്കമിട്ട സായുധ വിപ്ലവത്തിലേക്ക് തൻറെ മുരീദുമാരെ അയച്ചു നൽകിയായിരുന്നു മുഖ്താറിൻറെ ആദ്യ ഇടപെടൽ.
Also Read:ഉമർ മുഖ്‌താർ- ലിബിയൻ പോരാട്ട വഴിയിൽ
മഹ്ദിയുടെ നിര്യാണത്തിനു ശേഷം ഖലീഫയായ് സ്ഥാനമേറ്റെടുത്ത അഹ്മദ് ശരീഫ് അൽ സനൂസിയുടെ കാലത്തു സനൂസി സൂഫികളിലെ മുഖ്യ സ്ഥാനത്തേക്ക് ഉമർ മുക്താർ ഉയർന്നു വന്നു. അഹ്മദ് ശരീഫ് ഉമർ മുഖ്താറിനെ ഐൻ കൽക്കിയിലെ ആശ്രമത്തിൽ നിന്നും തിരികെ വിളിപ്പിക്കുകയും സംഘർഷ ബാധിത പ്രദേശമായ ബർഖയിലെ ആശ്രമങ്ങളുടെ മശായിഖ് ആയി നിയമിക്കുകയും ചെയ്തു. അത് പിന്നീട്, ട്രിപ്പോളിയിലെ സിദ്ധീഖ് ഉമർ എന്ന ഖുർആൻ അധ്യാപകനിൽ നിന്നും ഉമർ മുക്താർ എന്ന നീതിയുടെ ലിബിയൻ പോരാളിയിലേക്ക് വഴി തെളിച്ചു. പിന്നീട് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇറ്റാലിയൻ അധിനിവേഷ ശക്തികളോട് ഉമർ മുഖ്താർ പടയൊരുക്കം ആരംഭിക്കുന്നത്.
1924ൽ ഇറ്റാലിയന്‍ ഗവര്‍ണറായ Earnesto Bombelli ഇറ്റലിക്കാരേയും തങ്ങള്‍ക്ക് അനുകൂലമുള്ള നാട്ടുകാരേയും ചേർത്ത് counter guerrilla force നെയുണ്ടാക്കി ഒമാറിനെ നേരിടാന്‍ തുടങ്ങി. തന്റെ നില പരുങ്ങലിലാണെന്നു മനസ്സിലാക്കിയ ഒമാർ അയൽരാജ്യമായ ഇൗജിപ്തിന്റെ സഹായസഹകരണങ്ങൾ നേടിയെടുക്കുകയും Chad ലെ Rabih As Zubayr എന്ന അടിമവ്യാപാരിയായിരുന്ന യുദ്ധപ്രഭുവിനൊപ്പം കൂടി മരുഭൂമിയിലെ യുദ്ധതന്ത്രങ്ങളും കാലാവസ്ഥാ പ്രത്യേകതകളും ഭൂമിശാസ്ത്രവും മനസ്സിലാക്കിയ അദ്ദേഹം ഇറ്റലിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. ഇറ്റാലിയൻ ജനറലായിരുന്ന Teruzzi ഒമാറിനെക്കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് 'He is a man of exceptional perseverance and strong will power '.
ഉമർ മുഖ്താറിനോട് ഒരിക്കൽ തന്റെ അനുയായികൾ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി.
"ഇറ്റലിക്കാരുടെ പക്കൽ ഒരുപാട് വിമാനങ്ങളും മറ്റും ഉണ്ടല്ലോ നിങ്ങൾക്ക് അതൊന്നുമില്ലല്ലോ."
ഉമർ മുക്താർ തിരിച്ചുചോദിച്ചു:
"ആ വിമാനങ്ങൾ അല്ലാഹുവിന്റെ അർഷിനെ മുകളിലൂടെയാണോ പറക്കാറ്, അതോ അടിയിലൂടെയോ."
അവർ പറഞ്ഞു:
" അടിയിലൂടെയാണ്."
ഉമർ മുഖ്താർ മറുപടി പറഞ്ഞു:
" അർഷിനെ മുകളിലുള്ള ആൾ നമ്മുടെ കൂടെയുള്ളപ്പോൾ കീഴിലുള്ള ആരെയും നമ്മൾ ഭയപ്പെടാനില്ല.
1929ൽ ഇറ്റാലിയന്‍ ഗവര്‍ണറായിരുന്ന Pietro Badoglio ഒമാറുമായി സന്ധി സംഭാഷണത്തിൽ ഏർപ്പെടുകയും ഇരുകൂട്ടരും സന്ധിയിലൊപ്പു വെക്കുകയും ചെയ്തു. പക്ഷെ ഒമാർ നിരുപാധികം കീഴടങ്ങി എന്ന് ഇറ്റലിക്കാർ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ കുപിതനായ ഒമാർ സന്ധി അവസാനിച്ചതായി പ്രഖ്യാപിച്ച് ഒളി ആക്രമണങ്ങള്‍ ശക്തിപ്പെടുത്തി. ഒമാറിനെ ഒതുക്കാൻ General Rodolf Graziani നടത്തിയ ശക്തമായ സൈനിക നീക്കവും പരാജയപ്പെട്ടു. ഒടുവിൽ ഇറ്റലിക്കാർ തന്ത്രം മാറ്റി 300കിലോമീറ്റർ വേലികെട്ടി ഇൗജിപ്തിൽ നിന്നും ഒമാറിനും കൂട്ടർക്കും സഹായമെത്തുന്നത് തടഞ്ഞു. ഒമാറിന്റെ ശക്തികേന്ദ്രമായGebel Akhdar ലെ ജനങ്ങളെ concentration camp കളിലേക്കു മാറ്റാന്‍ തീരുമാനിച്ചു. ഏതാണ്ട് 100000 ത്തോളം ജനങ്ങളെ Gebel Al Akhdar ലൽ നിന്ന് Concentration camp കളിലേക്കു മാറ്റി. ഒമാറിനും കൂട്ടർക്കും ഭക്ഷണവും സഹായവും എത്തുന്ന എല്ലാ വഴികളും അടച്ച് ശക്തമായ വ്യോമാക്രമണങ്ങൾ തുടങ്ങി. 1931 സെപ്തംബര്‍ 11ന് Slonta യ്ക്കടുത്തുവെച്ച് മിന്നലാക്രമണത്തിലൂടെ ഒമാറിനെ ഇറ്റലിക്കാർ പിടികൂടി.
അങ്ങനെ തടവുകാരനായ ഉമർ ഫാസിസ്റ്റുകളുടെ വധശിക്ഷ സോലോക് concentration camp ൽ നിറഞ്ഞ കണ്ണുകളുമായി നില്ക്കുന്ന തന്റെ ജനങ്ങളുടെ മുന്നില്‍ അദ്ദേഹം ഏറ്റുവാങ്ങി. 1931 സെപ്തബര്‍ 16 നാണ് ആ മഹാൻ തൂക്കിലേറ്റപ്പെട്ടത്.
പിന്നീട് 1943 ൽ ഇറ്റലിയിൽ നിന്ന് ലിബിയ സ്വാതന്ത്ര്യം നേടിയതോടെ ഉമർ മുക്താർ രാജ്യത്തിന്റെ ധീരപുത്രനായി അംഗീകരിക്കപ്പെട്ടു.
ആ അംഗീകാരത്തിന്റ ഭാഗമായി ലിബിയയുട പത്തു ദിനാർ നോട്ടിൽ മുക്താറിന്റ ചിത്രം അച്ചടിക്കുകയും ചെയ്തു.
ഉമർ മുക്താർ എന്ന ധീര മുജാഹിദിന്റെ ഉജ്ജ്വലമായ പോരാട്ട ജീവിതം പറയുന്ന സിനിമയാണ് സിറിയൻ സംവിധായകൻ മുസ്തഫാ അക്കാദ് സംവിധാനവും എച്ച്.എ.എൽ ക്രെയ്ഗ് രചനയും നിർവഹിച്ച ' ലയൺ ഓഫ് ദ ഡെസർട്ട്. ' ഫാഷിസ്റ്റ് ഇറ്റലിയുടെ ക്രൂരതകളെ ചിത്രീകരിച്ച ഈ ചിത്രം ഇറ്റലിയിൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിരുന്നു.
' ഇന്ന് നിങ്ങൾ എന്നെ കൊല്ലും എന്നിട് നിങ്ങൾ ഒരു പാട് കാലം ജീവിക്കും , അതിന് ശേഷം നിങ്ങൾ മരിക്കും , അപ്പോഴും ഉമർ ഇവിടെ ജീവിച്ചിരിപ്പുണ്ടാകും.
കഴുമരത്തിൽ നിന്നും ഉമർ മുക്താർ ആരാച്ചാരോട് പറഞ്ഞ വാക്കുകൾ ആണിത്.
ലോകത്തുള്ള എല്ലാ മര്‍ദ്ദിതര്‍ക്കും കീഴടക്കപ്പെട്ടവര്‍ക്കും മർദ്ദകർക്കെതിരെ ആർജവത്തോടെ പോരാടുവാനുള്ള ശക്തിപകരുന്നതാണ് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍.
Leave A Comment