നഖീബ് അല്‍അത്താസ്: ദാര്‍ശനിക വിപ്ലവം തീര്‍ത്ത ജീവിതം
ആധുനിക ഇസ്‍ലാമിക ചിന്താലോകത്തെ ഏറ്റവും പ്രഭാവശാലിയായ ദാർശനികനും ബഹുഭാഷാ പണ്ഡിതനും ചരിത്രകാരനുമാണ്, ഇന്നലെ വിട പറഞ്ഞ സയ്യിദ് മുഹമ്മദ് നഖീബ് അൽഅത്താസ്.
1931-ൽ ഇന്തോനേഷ്യയിലെ ബോഗോറിൽ ജനിച്ച അദ്ദേഹം, ഹളർമൗത്തിൽ നിന്നുള്ള ഖുറൈശി വംശജരായ സയ്യിദ് കുടുംബത്തിലാണ് വളർന്നത്. മലേഷ്യയിലെ+ ജോഹർ ബഹ്രുവിലും പടിഞ്ഞാറൻ ജാവയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമിയിൽ (Sandhurst) നിന്ന് സൈനിക പരിശീലനം നേടി.
എന്നാൽ അക്കാദമിക് ലോകത്തോടുള്ള ആഭിമുഖ്യം അദ്ദേഹത്തെ ലണ്ടൻ സർവ്വകലാശാലയിലേക്കും പിന്നീട് കാനഡയിലെ മക്ഗിൽ സർവ്വകലാശാലയിലേക്കും എത്തിച്ചു. അവിടെ നിന്നാണ് അദ്ദേഹം തന്റെ മാസ്റ്റർ ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കിയത്. വിഖ്യാത പണ്ഡിതരായ ഫസ്‌ലുർറഹ്‌മാൻ, തോഷിഹിക്കോ ഇസൂത്സു എന്നിവരുടെ കീഴിലുള്ള പഠനം അൽഅത്താസിന്റെ ദാർശനിക അടിത്തറ പാകുന്നതിൽ വലിയ പങ്ക് വഹിച്ചു.
അൽഅത്താസിന്റെ ചിന്തകളുടെ കേന്ദ്രബിന്ദു ഇസ്‍ലാമിക ലോകവീക്ഷണമാണ്. പാശ്ചാത്യ ലോകവീക്ഷണം ഭൗതികവാദത്തിലും മാറ്റത്തിലും അധിഷ്ഠിതമാണെങ്കിൽ, ഇസ്‍ലാമിക ലോകവീക്ഷണം ശാശ്വതമായ സത്യങ്ങളിലും അസ്തിത്വത്തിന്റെ ഏകത്വത്തിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി കണക്കാക്കപ്പെടുന്നത് 'വിജ്ഞാനത്തിന്റെ ഇസ്‍ലാമികവൽക്കരണം' (Islamization of Knowledge) എന്ന വിപ്ലവകരമായ ആശയമാണ്. ഇത് കേവലം ആധുനിക ശാസ്ത്രത്തിന് മുകളിൽ ഖുർആൻ സൂക്തങ്ങൾ വെച്ചുപിടിപ്പിക്കലല്ല, മറിച്ച് വിജ്ഞാനത്തിന്റെ അടിത്തറയിലുള്ള മതേതര-ഭൗതികവാദ സങ്കൽപ്പങ്ങളെ നീക്കം ചെയ്ത് പകരം തൗഹീദിൽ അധിഷ്ഠിതമായ ഒരു ജ്ഞാനശാസ്ത്രം നിർമ്മിക്കലാണ്.
Islamization of Knowledge ആധുനിക വിജ്ഞാനശാഖകളെ ഇസ്‍ലാമിക ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർമ്മിക്കാനുള്ള കൃത്യമായ ഒരു പദ്ധതിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ പ്രക്രിയയ്ക്ക് പ്രധാനമായും രണ്ട് അവിഭാജ്യ ഘട്ടങ്ങളാണുള്ളത്. വിജ്ഞാനത്തെ അതിന്റെ മതേതര സ്വഭാവത്തിൽ നിന്ന് മോചിപ്പിക്കുകയും പകരം ഇസ്‍ലാമിക മൂല്യങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ കാതൽ.
1. വിജ്ഞാനത്തെ പാശ്ചാത്യ-മതേതര ഘടകങ്ങളിൽ നിന്ന് ശുദ്ധീകരിക്കൽ. വിജ്ഞാനത്തിന്റെ ഇസ്‍ലാമികവൽക്കരണത്തിലെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ഘട്ടം ശുദ്ധീകരണ പ്രക്രിയ ആണ്. ആധുനിക വിജ്ഞാനശാഖകൾ (പ്രത്യേകിച്ച് ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് എന്നിവ) പാശ്ചാത്യ സംസ്കാരത്തിന്റെയും അവരുടെ ലോകവീക്ഷണത്തിന്റെയും ഉൽപ്പന്നങ്ങളാണ്. അവയിൽ ഇസ്‍ലാമിക വിശ്വാസത്തിന് നിരക്കാത്ത അഞ്ച് പ്രധാന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അൽ അത്താസ് നിരീക്ഷിക്കുന്നു: മതേതരത്വം, മാനവികതാവാദം, പരിണാമവാദം, യുക്തിവാദം, ദ്വന്ദ്വവാദം.
ഈ ഘട്ടത്തിൽ, നിലവിലുള്ള വിജ്ഞാനകോശങ്ങളിൽ നിന്ന് ഇത്തരം ഇസ്‍ലാമിക വിരുദ്ധമായ ആശയങ്ങളെയും അനുമാനങ്ങളെയും തിരിച്ചറിഞ്ഞ് അവയെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനെ ഒരു ബൗദ്ധിക ശസ്ത്രക്രിയ എന്ന് വിളിക്കാവുന്നതാണ്.
2. ഇസ്‍ലാമിക മൂല്യങ്ങളുടെയും ലോകവീക്ഷണത്തിന്റെയും സംയോജനം: രണ്ടാമത്തെ ഘട്ടം ശുദ്ധീകരിക്കപ്പെട്ട വിജ്ഞാനത്തിലേക്ക് ഇസ്‍ലാമിക മൂല്യങ്ങളെയും തത്വങ്ങളെയും സന്നിവേശിപ്പിക്കുക എന്നതാണ്. ഇത് വെറുതെ ഒരു പുസ്തകത്തിന്റെ തുടക്കത്തിൽ ഖുർആൻ സൂക്തങ്ങൾ ചേർക്കുന്നതല്ല, മറിച്ച് വിജ്ഞാനത്തിന്റെ അടിത്തറ ഇസ്‍ലാമികമാക്കലാണ്. ഈ ഘട്ടത്തിൽ അറിവിന്റെ ഉറവിടം അല്ലാഹുവാണെന്നും എല്ലാ വിജ്ഞാനവും അവനിലേക്ക് മടങ്ങുന്നുവെന്നുമുള്ള തിരിച്ചറിവ് നൽകുകയും, മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണെന്നും, അവന് ഭൗതികമായ ബുദ്ധിയോടൊപ്പം ആത്മീയമായ ഉൾക്കാഴ്ചയും ഉണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. വിജ്ഞാനം എന്നത് കേവലം വിവരശേഖരണമല്ല, മറിച്ച് അത് മനുഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും സമൂഹത്തിന് ഉപകാരപ്രദമാവുകയും ചെയ്യുന്നതാകണം.
ചുരുക്കത്തിൽ, ഒന്നാമത്തെ ഘട്ടം നിഷേധാത്മകമായ ശുദ്ധീകരണം ആണെങ്കിൽ രണ്ടാമത്തെ ഘട്ടം സക്രിയമായ പുനർനിർമ്മാണം ആണ്. ഈ രണ്ട് പ്രക്രിയകളിലൂടെ മാത്രമേ വിജ്ഞാനം മുസ്‍ലിം ഉമ്മത്തിന് പ്രയോജനകരമായ രീതിയിൽ മാറ്റാൻ കഴിയൂ എന്ന് അൽ അത്താസ് ഉറച്ചു വിശ്വസിച്ചു.
മുസ്‍ലിം ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ അദ്ദേഹം അറിവിന്റെ അഴിമതി (Corruption of Knowledge) എന്നാണ് വിശേഷിപ്പിച്ചത്. ശരിയായ അറിവ് ലഭ്യമല്ലാത്തതിനാൽ മുസ്‍ലിംകൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും അത് അദബിന്റെ നഷ്ടത്തിന് (Loss of Adab) കാരണമാവുകയും ചെയ്യുന്നു. അൽ അത്താസിനെ സംബന്ധിച്ചിടത്തോളം അദബ് എന്നത് കേവലം പെരുമാറ്റച്ചട്ടമല്ല, മറിച്ച് ഓരോ വസ്തുവിനെയും അതിന്റെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള വിവേകമാണ്. ഈ വിവേകം നഷ്ടപ്പെടുമ്പോൾ അയോഗ്യരായവർ സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് വരികയും മുസ്‍ലിം നാഗരികതയുടെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനായി അദ്ദേഹം മലേഷ്യയിൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‍ലാമിക് തോട്ട് ആൻഡ് സിവിലൈസേഷൻ (ISTAC) സ്ഥാപിച്ചു. ലോകത്തിലെ തന്നെ മികച്ച ഇസ്‍ലാമിക ഗവേഷണ കേന്ദ്രങ്ങളിലൊന്നായി ഇത് മാറി.
അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന സെക്കുലറിസത്തെക്കുറിച്ചുള്ള നിശിതമായ വിമർശനമാണ്. പാശ്ചാത്യ ക്രൈസ്തവ പശ്ചാത്തലത്തിൽ രൂപപ്പെട്ട സെക്കുലറിസം ഇസ്‍ലാമിന് അന്യമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. Islam and Secularism എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിൽ, ലോകത്തെ ദൈവത്തിൽ നിന്ന് സ്വതന്ത്രമാക്കാനുള്ള ശ്രമമാണ് സെക്കുലറിസമെന്നും അത് മനുഷ്യന്റെ ആത്മീയ വളർച്ചയെ തടയുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്‍ലാം പ്രകൃതിയെയും ചരിത്രത്തെയും കാണുന്നത് പവിത്രമായ ഒന്നായാണെന്നും അവിടെ ലൗകികമെന്നും ആത്മീയമെന്നും വേർതിരിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രപഞ്ചം എന്നത് ദൈവത്തിന്റെ അടയാളങ്ങളുടെ ഒരു പുസ്തകമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മലായ് ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിൽ അൽഅത്താസ് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു. മലായ് പ്രദേശം ഇസ്‍ലാമിലേക്ക് മാറിയത് കേവലം മതപരമായ മാറ്റമല്ല, മറിച്ച് അതൊരു ബൗദ്ധിക വിപ്ലവമായിരുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. അറബി അക്ഷരമാലയുടെ സ്വാധീനം മലായ് ഭാഷയെ കൂടുതൽ ദാർശനികവും ശാസ്ത്രീയവുമാക്കിയെന്ന് അദ്ദേഹം തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കി. ഹംസ ഫൻസൂരിയെപ്പോലുള്ള സൂഫി വര്യന്മാരുടെ സാഹിത്യ സംഭാവനകൾ അദ്ദേഹം വീണ്ടെടുക്കുകയും ആധുനിക ദാർശനിക പശ്ചാത്തലത്തിൽ അവയെ പുനർവ്യാഖ്യാനിക്കുകയും ചെയ്തു. The Concept of Education in Islam എന്ന കൃതിയിൽ, മനുഷ്യന്റെ വ്യക്തിത്വത്തെ ആത്മാവ്, ബുദ്ധി എന്നിവയുമായി ബന്ധിപ്പിച്ച് അദ്ദേഹം വിശദീകരിക്കുന്നു.
മെറ്റാഫിസിക്സ് അഥവാ അതിഭൗതികശാസ്ത്രത്തിലാണ് അൽഅത്താസിന്റെ ദർശനങ്ങൾ വേരൂന്നിയിരിക്കുന്നത്. അസ്തിത്വം (Existence/Wujud) എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ അതിപ്രശസ്തമാണ്. പ്രപഞ്ചം എന്നത് സ്വയം നിലനിൽക്കുന്ന ഒന്നല്ല, മറിച്ച് അത് ദൈവത്തിന്റെ നിരന്തരമായ സൃഷ്ടിപ്പിലൂടെ നിലനിൽക്കുന്നതാണെന്ന് അദ്ദേഹം സ്ഥാപിച്ചു. സൂഫിസത്തെ അദ്ദേഹം ഒരു മിസ്റ്റിസിസം എന്നതിലുപരി ഒരു ജ്ഞാനശാസ്ത്രമായി (Epistemology) അവതരിപ്പിച്ചു. ഇമാം ഗസ്സാലിയുടെയും ഇബ്നു അറബിയുടെയും ദർശനങ്ങളെ ആധുനിക ദാർശനിക ഭാഷയിൽ അദ്ദേഹം പുനർവ്യാഖ്യാനിച്ചു. മനുഷ്യൻ ദൈവവുമായി നടത്തിയ ആദിമ ഉടമ്പടിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ മനുഷ്യന്റെ യഥാർത്ഥ സ്വത്വത്തെയും ജീവിതലക്ഷ്യത്തെയും വ്യക്തമാക്കുന്നതാണ്. മനുഷ്യന്റെ യഥാർത്ഥ സ്വത്വം, മരണാനന്തര ജീവിതം എന്നിവയെക്കുറിച്ച് അദ്ദേഹം നൽകുന്ന വിശദീകരണങ്ങൾ ഇസ്‍ലാമിക ആത്മീയതയെയും യുക്തിയെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളായ Prolegomena to the Metaphysics of Islam, The Meaning and Experience of Happiness In Isla' എന്നിവ ഇന്നും ലോകമെമ്പാടുമുള്ള ചിന്തകരെ സ്വാധീനിക്കുന്നു. ആധുനിക കാലത്തെ ഏറ്റവും മികച്ച മുസ്‍ലിം ദാർശനികനായി പലരും അദ്ദേഹത്തെ കാണുന്നത് ഈ ബൗദ്ധിക ആഴം കൊണ്ടാണ്.
ഒരു തുറന്ന ചിന്താധാരയും അതി വിസ്ത്രിതമർന്ന ആശയങ്ങളും നവതലമുറക്ക് കൈമാറി, തനതായ ശൈലിയിൽ ആത്മീയതക്കും വിജ്ഞാനീയതക്കും പരസഹസ്രം സംഭാവന നൽകി തന്റെ 94 ആം വയസ്സിൽ 2026 മാർച്ച് 08 നു സയ്യിദ് മുഹമ്മദ് നഖീബ് അൽ അത്താസ് എന്ന വൻവൃക്ഷം ഇഹലോകം വെടിഞ്ഞു.
About The Author:
മഊനത്തുൽ ഇസ്‍ലാം അറബിക് കോളേജ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് ലേഖകന്‍



Leave A Comment