അധ്യായം 6. സൂറത്തുല്‍ അന്‍ആം (Ayath 1-8) 70,000 മലക്കുകളുടെ അകമ്പടിയുള്ള സൂറ

പൊതുവെ മക്കീവിഭാഗത്തില്‍ പെട്ട സൂറയാണിത്. പക്ഷേ, ഇതിലെ ആറ് ആയത്തുകള്‍ മദനിയ്യാണ്. രണ്ടു പ്രാവശ്യമായി മൂന്നു വീതം ആയത്തുകള്‍ ഹിജ്റക്കു ശേഷം മദീനയിലാണവതരിച്ചത്: 91, 92, 93, 151, 152, 153. ബാക്കിയുള്ള എല്ലാ ആയത്തുകളും ഒറ്റ പ്രാവശ്യമായി മക്കയിലും അവതരിച്ചു.

ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: സൂറത്തുല്‍ അന്‍ആം ഒരു രാത്രിയില്‍ ഒറ്റയടിക്ക് മക്കയിലാണിറങ്ങിയത്. എഴുപതിനായിരം മലക്കുകള്‍ തസ്ബീഹാരവങ്ങളോടെ ആ സൂറക്കൊപ്പമുണ്ടായിരുന്നു. (മഹാസിനുത്തഅ്‌വീല്‍ 6:2232)

നിരവധി റിപ്പോര്‍ട്ടുകള്‍ ഇതുസംബന്ധമായുണ്ട്.

"തിരുനബി(صلى الله عليه وسلم) ഒട്ടകപ്പുറത്ത് സവാരിചെയ്യുമ്പോഴായിരുന്നു സൂറത്തുൽ അൻആം അവതരിച്ചത്. ഭാരം കൊണ്ട് ഒട്ടകം കുഴങ്ങിപ്പോയി. അതിന്‍റെ എല്ലുകൾ പൊട്ടുമോ എന്നുപോലും തോന്നിപ്പോയി` - ഒട്ടകത്തിന്‍റെ മൂക്കുകയർ പിടിച്ചിരുന്നയാള്‍ ഇങ്ങനെ പറയുന്നത് ഹദീസിലുണ്ട്.

165 ആയത്തുകള്‍

3055 പദങ്ങള്‍

12,418 അക്ഷരങ്ങള്‍

ലാം, മീം, നൂന്‍, ളാഅ്, റാഅ് എന്നീ അഞ്ചക്ഷരങ്ങളില്‍ ഒന്നിലാണ് ഇതിലെ ആയത്തുകള്‍ അവസാനിച്ചിട്ടുള്ളത്. (ബസ്വാഇര്‍ 1:186)

ഇതിലെ statements പലതും മക്കാ മുശ്‌രിക്കുകളെ പരാമര്‍ശിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവരുടെ പല വാദങ്ങളും തര്‍ക്കങ്ങളും قَالُوا  (അവര്‍ പറയുന്നു) എന്ന് പറഞ്ഞുകൊണ്ടും, അവര്‍ക്ക് നല്‍കേണ്ട മറുപടികള്‍ قُلْ  (നബിയേ അങ്ങ് പറയുക) എന്ന് പറഞ്ഞു കൊണ്ടും തുടങ്ങുന്നുണ്ട്.

അല്‍ അന്‍ആം എന്നാണ് സൂറയുടെ പേര്. കാലികള്‍ എന്ന് അര്‍ഥം. ഏകവചനം നഅം (نَعَمٌ) . കാലികളെ സംബന്ധിച്ച വിവിധ പരാമര്‍ശങ്ങള്‍ ഈ സൂറയിലുണ്ട്. ഈ അധ്യായത്തിലെ വിവിധ സൂക്തങ്ങളിലായി ആറു പ്രാവശ്യം ആ പദം വരുന്നുണ്ട്. അതാണ് നാമകരണത്തിന് നിദാനം.

പണ്ടുകാലത്ത് കാലികളെ മേയ്ക്കല്‍ മനുഷ്യരുടെ ഒരു പ്രധാന തൊഴിലായിരുന്നല്ലോ. മരുഭൂനിവാസികളായിരുന്നെങ്കിലും മരുപ്പച്ചകളിലും മറ്റുമായി അറബികളും ധാരാളം ആട്-മാട്-ഒട്ടകങ്ങളെ വളര്‍ത്തിയിരുന്നു. ഇവയില്‍ ചിലതിനെ ബിംബങ്ങള്‍ക്കു വേണ്ടി വ്യത്യസ്ത രീതിയിലായി അവര്‍ ഉഴിഞ്ഞുവെക്കാറുണ്ടായിരുന്നു. ഇത്തരം വഴിപാടുകളും മൃഗങ്ങള്‍ക്കു നല്‍കപ്പെടുന്ന ദൈവിക മേല്‍വിലാസങ്ങളും തികച്ചും ബുദ്ധിശൂന്യമാണെന്ന് സൂറയില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

ബിംബങ്ങളുടെ സാമീപ്യവും സംതൃപ്തിയും നേടാനെന്ന വിശ്വാസത്തിലാണങ്ങനെ ചെയ്തിരുന്നത്. വ്യത്യസ്ത പേരുകളും അത്തരം മൃഗങ്ങള്‍ക്ക് നല്‍കിയിരുന്നു. ബഹീറ, സാഇബ, വസ്വീല, ഹാം തുടങ്ങിയവയെ സംബന്ധിച്ച് തൊട്ടുമുമ്പുള്ള അധ്യായത്തില്‍ (മാഇദ - സൂക്തം 103) പഠിച്ചല്ലോ.

ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട മൃഗങ്ങളെ പിന്നെ മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. അത് ഹറാമാണ്. അല്ലാത്തത് ഹലാലാണ്. ഇതെല്ലാം അല്ലാഹു കല്പിച്ചതാണ്, നിശ്ചയിച്ചുതന്നതാണ് എന്നെല്ലാമായിരുന്നു അവരുടെ വാദം. പച്ചക്കളള്ളമാണവര്‍ പറയുന്നത്. വിശദമായി പഠിക്കാം – إن شاء الله

പ്രമേയങ്ങള്‍

സുദീര്‍ഘമായ മക്കീ സൂറകളിലൊന്നാണിത്. വിശ്വാസപരമായ കാര്യങ്ങളും അതിന്‍റെ പ്രമാണങ്ങളുമൊക്കെയാണ് പ്രധാന പ്രമേയം.

ഇതിനു മുമ്പ് കഴിഞ്ഞ ദീര്‍ഘ സൂറകളെല്ലാം (അല്‍ബഖറ മുതല്‍ അല്‍മാഇദ വരെ) മദനീ വിഭാഗത്തില്‍ പെട്ടതായിരുന്നുവല്ലോ. അതായത്, തിരുനബി  صلى الله عليه وسلمയും മുസ്‌ലിംകളും മദീനയിലെത്തിയ ശേഷമാണ് അവ അവതരിച്ചത്. വിശ്വാസപരമായ കാര്യങ്ങളൊക്കെ അന്ന് ആളുകളുടെ മനസ്സില്‍ രൂഢമൂലമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് നോമ്പ്, ഹജ്ജ്, ശിക്ഷാനടപടികള്‍, കുടുംബപരമായ വിഷയങ്ങള്‍, യുദ്ധകാര്യങ്ങള്‍ തുടങ്ങി സാമൂഹിക പ്രധാനങ്ങളായ വിഷയങ്ങളും വേദക്കാരുടെയും മറ്റും പ്രശ്‌നങ്ങളും ആ സൂറകളിലെല്ലാം പ്രധാനമായി ചര്‍ച്ച ചെയ്തത്.

ഈ സൂറ അവതരിക്കുന്നത് അത്തരമൊരു ഘട്ടത്തിനു മുമ്പാണ് – അതായത് , വിശ്വാസ സംബന്ധമായ കാര്യങ്ങളുടെ സ്ഥിരപ്രതിഷ്ഠക്കു മുമ്പ്, മക്കയില്‍ വെച്ച്. വിശ്വാസപരമായ കാര്യങ്ങളുമായി ആളുകള്‍ ഇണങ്ങിവരുന്നേയുള്ളൂ. അവരുടെ  വിശ്വാസം ഉറച്ചുവരുന്നതയേള്ളൂ...

മക്കയിലെ ആദ്യകാല പശ്ചാത്തലം ഓര്‍ത്തുനോക്കൂ... ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നവരെ ഒരു നിലക്കും വെച്ചുപൊറുപ്പിക്കില്ലെന്ന് വാശിപിടിക്കുന്നൊരു സമൂഹം. ഈ പശ്ചാത്തലം മുന്നില്‍ കണ്ടാണ് ഏകദൈവിശ്വാസം, പ്രവാചകത്വം, പുനരുത്ഥാനം എന്നീ മൂന്ന് അടിസ്ഥാന കാര്യങ്ങളില്‍ ഊന്നിനിന്ന് ഈ അധ്യായം സംസാരിക്കുന്നത്.

ചിന്തിക്കാന്‍ തയ്യാറുള്ളവരുടെ മനസ്സിലേക്ക് തുളഞ്ഞുകയറുന്ന പ്രതിപാദന ശൈലിയാണ് ഈ സൂറയിലുള്ളത്. കാര്യങ്ങള്‍ സമര്‍ത്ഥിക്കാന്‍ പ്രധാനമായും രണ്ട് ശൈലികളാണല്ലോ ഉപയോഗിക്കാറുള്ളത് – അംഗീകാരശൈലിയും ബോധനശൈലിയും. ഈ രണ്ടു ശൈലികളും ഈ സൂറയിലുണ്ട്.

അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്, അടിമകളെ അതിജയിക്കുന്നവനാണവന്‍, സത്യസന്ധമായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്, ആകാശത്തുനിന്ന് മഴ വര്‍ഷിക്കുന്നത് അവനാണ് തുടങ്ങിയവയാണ് അംഗീകാരശൈലി.

ബോധന ശൈലി ചോദ്യോത്തരരീതിയിലാണ് ഈ സൂറയിലുള്ളത്: ചോദിക്കുക, ആകാശഭൂമികളിലുള്ള വസ്തുക്കള്‍ ആരുടേതാണ്? പറയുക, അല്ലാഹുവിന്‍റേതാണ്....... ചോദിക്കുക, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ്? പറയുക, അല്ലാഹു.... ഇങ്ങനെ പോകുന്നു സവിശേഷമായ ആ രീതി.

പ്രമേയങ്ങള്‍ ഏഴെണ്ണമായി ചുരുക്കിപ്പറയാം:

  1. ബഹുദൈവാരാധന ഖണ്ഡിക്കുന്നു - ഏകദൈവ വിശ്വാസം സ്ഥാപിക്കുന്നു.
  2. പരലോകവിശ്വാസത്തിന്‍റെ പ്രധാന്യം -ഐഹികജീവിതം മാത്രമേയുള്ളു എന്ന അബദ്ധധാരണ തിരുത്തുന്നു.
  3. ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന അന്ധവിശ്വാസങ്ങളുടെ ഖണ്ഡനം.
  4. ഉത്തമ സമൂഹനിര്‍മിതിക്കാവശ്യമായ പ്രധാനമായ സദാചാര തത്ത്വങ്ങളെക്കുറിച്ചുള്ള ഉദ്ബോധനം.
  5. തിരുനബി(صلى الله عليه وسلم) യെക്കുറിച്ചും അവിടത്തെ പ്രബോധനത്തെക്കുറിച്ചും പലരും നടത്തിയ ആക്ഷേപങ്ങൾക്ക് മറുപടി.
  6. പ്രബോധന പ്രവര്‍ത്തനങ്ങള്‍ അക്ഷീണം തുടര്‍ന്നിട്ടും വേണ്ടത്ര ഫലം കാണാതിരുന്നതില്‍ സങ്കടപ്പെട്ട തിരുനബിصلى الله عليه وسلم യെയും മുസ‍ലിംകളെയും സമാശ്വസിപ്പിക്കുന്നു.
  7. നിഷേധികള്‍ സ്വയം വിനാശത്തിലേക്കാണ് കൂപ്പുകുത്താന്‍ പോകുന്നതെന്ന താക്കീതും അതുസംബന്ധമായ ഉപദേശനിര്‍ദേശങ്ങളും നല്‍കുന്നു.

പ്രമാണങ്ങളും തെളിവുകളും നിരത്തിവെച്ചാണ് ബഹുദൈവവിശ്വാസത്തിന്‍റെ നിരര്‍ത്ഥകത സമര്‍ത്ഥിക്കുന്നത്.

ഇമാം റാസി رحمه الله പറയുന്നപോലെ, രണ്ടു സവിശേഷതകള്‍ കൊണ്ട് ഈ അധ്യായം വ്യതിരിക്തത പുലര്‍ത്തുന്നു - ഒറ്റ പ്രാവശ്യമായി അവതരിച്ചതും, എഴുപതിനായിരം മലക്കുകള്‍ ഇതിന് അകമ്പടി സേവിച്ചതും. ഇങ്ങനെ സവിശേഷമാകാനുള്ള കാരണം, ഏകദൈവവിശ്വാസം, നീതി, പ്രവാചകത്വം, പരലോകം, നിരീശ്വര-നിര്‍മത വാദങ്ങളുടെ ഖണ്ഡനം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്. (തഫ്‌സീര്‍ കബീര്‍ 12:141)

ഇമാം ഖുര്‍ഥുബി رحمه الله രേഖപ്പെടുത്തുന്നു: ബഹുദൈവ വിശ്വാസികളോടും പുനരുത്ഥാന നിഷേധികളോടും മറ്റു നവീനവാദികളോടും നന്നായി വാഗ്വാദം നടത്തുന്ന ഒരധ്യായമാണിത്. ഒറ്റയടിക്ക് അവതരിക്കാന്‍ കാരണവും ആ സിവേഷത തന്നെയാണ് (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍ 6:383).

പ്രപഞ്ചത്തിന്‍റെ സൃഷ്ടി, സംരക്ഷണം, സൃഷ്ടികള്‍ക്കാവശ്യമായ ഇലാഹിയ്യായ നിയമങ്ങളുടെ നിര്‍മാണം ഇതെല്ലാം അല്ലാഹു മാത്രമാണ് നടത്തുന്നതെന്നാണ് സൂറയുടെ ആദ്യഭാഗത്ത് പറയുന്നത്.

പിന്നെ കുറച്ചു മുന്നോട്ട് പോകുമ്പോള്‍, മുന്‍കാല പ്രവാചകര്‍ നേരിട്ട നിഷേധാത്മക സാഹചര്യങ്ങള്‍, നിഷേധികള്‍ക്ക് നേരിടേണ്ടിവന്ന ദുരന്തഫലങ്ങള്‍, അന്ത്യനാളിന്‍റെ വിവരങ്ങള്‍ എന്നിവയും കാണാം.

മഹാനായ ഇബ്രാഹീം നബി(عليه السلام)യെയും  സന്തതികളെയും അനുസ്മരിച്ച്, അവരുടെ പാത അനുധാവനം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്യുന്നുണ്ട്.

സൂറത്ത് പഠിച്ചുതുടങ്ങാം.

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

ആയത്ത് 1

തൗഹീദാണല്ലോ ഇസ്‌ലാമിന്‍റെ ആധാരശില. അത് രൂഢമൂലമാക്കാന്‍ ഒട്ടേറെ സൂക്തങ്ങളിലൂടെ വിശുദ്ധ ഖുര്‍ആന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, മൂടുറച്ച ബഹുദൈവവിശ്വാസത്തിലും അന്ധമായ ബിംബാരാധനയിലും കൂപ്പുകുത്തിക്കഴിഞ്ഞവര്‍ക്ക് അന്ധകാര നിബിഡമായ ആ അഗാധ ഗര്‍ത്തത്തില്‍ നിന്നു പുറത്തുകടക്കുക വളരെ ദുഷ്‌കരമായിരിക്കും. ഇവിടെ അക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് അധ്യായം തുടങ്ങുന്നത്.

ബഹുമുഖമായ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ക്കു മുമ്പിലും നിഷേധികള്‍ സംശയാലുക്കളായി നില്‍ക്കുന്നു! ബഹുദൈവങ്ങളെ അംഗീകരിച്ചു പൂജിക്കുന്നു!

الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ۖ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ (1)

ഭുവന-വാനങ്ങള്‍ സൃഷ്ടിക്കുകയും അന്ധകാരങ്ങളും പ്രകാശവുമുണ്ടാക്കുകയും ചെയ്ത അല്ലാഹുവിനാണ് സമസ്ത സ്‌തോത്രങ്ങളും. എന്നിട്ടും അവിശ്വാസികള്‍ തങ്ങളുടെ നാഥനോട് മറ്റുചിലതിനെ തുല്യമാക്കുന്നു! 

വിശുദ്ധ ഖുര്‍ആനിലെ അഞ്ച് സൂറത്തുകള്‍ ഹംദ്‌ കൊണ്ടാണ്‌ തുടങ്ങിയിട്ടുള്ളത്: സൂറത്തുല്‍ ഫാതിഹ, സൂറത്തുല്‍ അന്‍ആം, സൂറത്തുല്‍ കഹ്ഫ്, സൂറത്തു സബഅ്, സൂറത്തു ഫാഥിര്‍.  അഖില ചരാചരങ്ങളെയും സൃഷ്ടിച്ചതും പരിപാലിച്ചുപോരുന്നതും അല്ലാഹു മാത്രമാണ് എന്നതുകൊണ്ടുതന്നെ എല്ലാ സ്‌തുതിക്കും അവന്‍ മാത്രാണര്‍ഹന്‍.

ഇത്രയും മഹത്തായ കഴിവ്‌ അല്ലാഹുവിന് മാത്രമാണെന്ന്‌ മനസ്സിലാക്കിയിട്ടും, അവന് മാത്രമുള്ള ചില അധികാരങ്ങള്‍ മറ്റു ചിലതിനുകൂടി നല്‍കി അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുകയാണ് ബഹുദൈവാരാധകര്‍. എത്ര വലിയ ധിക്കാരമാണിത്!

الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ

സ്‌തുതികളെല്ലാം അല്ലാഹുവിനാണെന്ന വസ്തുത അറിയിക്കുക മാത്രമല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച്‌, അല്ലാഹുവിന്‌ എപ്പോഴും സ്‌തുതികീര്‍ത്തനങ്ങളര്‍പ്പിക്കാന്‍ നമ്മോട് കല്‍പിക്കുക കൂടിയാണ്.

ഭൂമി, ആകാശം, സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍, വിശാലമായി പരന്നുകിടക്കുന്ന പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങള്‍... ഇവയൊക്കെ സൃഷ്‌ടിച്ച്‌, നിയന്ത്രിച്ച്‌, സംരക്ഷിച്ചുപോരുന്ന അല്ലാഹുവിനെ നിങ്ങള്‍ ഒരവസരത്തിലും മറക്കരുത്. ആരാധനകളും സ്‌തുതികീര്‍ത്തനങ്ങളും അവനു മാത്രം സമര്‍പ്പിച്ചുകൊണ്ടേയിരിക്കണം.

നമ്മളും ഹംദ് ജീവിതത്തില്‍ കൊണ്ടുനടക്കുക. ഏറ്റവും ശ്രേഷ്ഠമായ ദുആയാണ് الْحَمْدُ لِلَّهِ.  ഏറ്റവും ശ്രേഷ്ഠമായ ദിക്ര്‍ لا اله إلا الله യും.

റബ്ബിന് വല്ലാത്ത ഇഷ്ടമാണ് ഹംദ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഹംദ് അടങ്ങുന്ന ദിക്റുകളെല്ലാം മുഴുവന്‍ പറയാന്‍ ശ്രമിക്കുക. മുഴുവനറിയില്ലെങ്കില്‍ അല്‍ഹംദുലില്ലാഹ് എന്നെങ്കിലും പറയുക.

ശരിക്ക് ആലോചിച്ചാല്‍, വല്ലാത്തൊരു നാണക്കേടാണ് ഹംദ് പറയാതിരിക്കുക എന്നത്. റബ്ബിന്‍റെ തൌഫീഖ് കൊണ്ട്, അവന്‍ സഹായിച്ചിട്ട് ഓരോ കാര്യവും ചെയ്തുതീരുമ്പോള്‍, അനുഗ്രഹങ്ങളും മറ്റും ലഭിക്കുമ്പോള്‍, തിരിച്ചൊരു ഹംദ് പോലും പറയാതിരിക്കുക എന്നതില്‍പരം മറ്റെന്ത് നാണക്കേടാണുള്ളത്!

മനുഷ്യര്‍ തമ്മിലും അങ്ങനെയാണല്ലോ. ഉപകാരം ചെയ്തിട്ട് ഒരു നന്ദിപോലും പറഞ്ഞില്ലെന്നൊക്കെ പറയാറില്ലേ...

അടുത്ത ആയത്ത് 2

യുക്തിയുക്തമായി കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, പരലോകം നിഷേധിക്കുന്ന മുശ്‍രിക്കുകളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഒരിക്കല്‍ മരിക്കണമെന്നും പിന്നീട് പുനരുത്ഥാന നാളിനെ അഭിമുഖീകരിക്കണമെന്നും നിങ്ങള്‍ ഗൗരവപൂര്‍വം മനസ്സിലാക്കണം.  

ആകാശഭൂമികള്‍ സൃഷ്‌ടിച്ചു പരിപാലിക്കുകയും ഇരുട്ട്‌, വെളിച്ചം എന്നിവയുണ്ടാക്കുകയും മനുഷ്യനെ മണ്ണു കൊണ്ട്‌ സൃഷ്‌ടിച്ച്‌ ഉന്നതസ്ഥാനത്തെത്തിക്കുകയും മറ്റും ചെയ്‌ത സര്‍വശക്തനായ അല്ലാഹുവിന്‌ മനുഷ്യനെ പുനര്‍ജീവിപ്പിക്കാന്‍ കഴിയുമോ എന്ന്‌ സംശയിക്കുകയാണ് നിങ്ങള്‍. എന്തൊരു ബുദ്ധിഹീനതയാണിത്!

 هُوَ الَّذِي خَلَقَكُمْ مِنْ طِينٍ ثُمَّ قَضَىٰ أَجَلًا ۖ وَأَجَلٌ مُسَمًّى عِنْدَهُ ۖ ثُمَّ أَنْتُمْ تَمْتَرُونَ (2)

കളിമണ്ണില്‍ നിന്നു നിങ്ങളെ പടച്ചത് അവനാണ്; എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഒരവധി നിര്‍ണയിച്ചു. അവങ്കല്‍ നിശ്ചിതമായ മറ്റൊരവധിയും (പുനരുത്ഥാനത്തിന്) ഉണ്ട്. എന്നിട്ടും നിഷേധികളേ, നിങ്ങള്‍ സംശയ ഗ്രസ്തരായിരിക്കുകയാണ്.

3 കാര്യങ്ങളാണിവിടെ പ്രത്യേകം പറയുന്നത്:

(1)  هُوَ الَّذِي خَلَقَكُمْ مِنْ طِينٍ (മനുഷ്യരെ കളിമണ്ണുകൊണ്ട് സൃഷ്‌ടിച്ചു): മനുഷ്യപിതാവായ ആദം (عليه السلام)നെ കളിമണ്ണുകൊണ്ട് സൃഷ്‌ടിച്ചുവെന്ന് ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പറഞ്ഞിട്ടുണ്ട്. അപ്പോള്‍, `നിങ്ങളെയവന്‍ കളിമണ്ണുകൊണ്ട്‌ സൃഷ്‌ടിച്ചു' എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, പിതാവായ ആദംനബി عليه السلام യെ കളിമണ്ണ്‌ കൊണ്ടു സൃഷ്‌ടിച്ചു എന്നാകാം.

മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാണ്: മണ്ണില്‍നിന്ന് ഉല്‍പാദിക്കപ്പെടുന്ന സസ്യലതാദികളാണല്ലോ മനുഷ്യര്‍ ഭക്ഷിക്കുന്നത്. അതില്‍ നിന്നുകൂടിയാണല്ലോ മനുഷ്യബീജം ശരീരത്തിലുണ്ടാകുന്നത്. അപ്പോള്‍ ആ ബീജത്തില്‍ നിന്ന് -ഇന്ദ്രിയകണത്തില്‍ നിന്ന് - മനുഷ്യരെ സൃഷ്‌ടിച്ചു.

അതായത്, മനുഷ്യന്‍ ഇന്ദ്രിയത്തില്‍ നിന്നുണ്ടാകുന്നു. ആ ഇന്ദ്രിയം രക്തത്തില്‍ നിന്ന്. രക്തം ആഹാരത്തില്‍ നിന്ന്. ആഹാരം ഭൂമിയിലെ ഉല്‍പന്നങ്ങളില്‍ നിന്ന്. ആ ഉല്പന്നങ്ങളോ, മണ്ണില്‍ നിന്നും. അതുപോലെ, മനുഷ്യന്‍ ജനിച്ച ശേഷം വളരുന്നതും മണ്ണില്‍ നിന്നുണ്ടായ ആഹാരം കഴിച്ചിട്ടു തന്നെ. ഇങ്ങനെ നോക്കുമ്പോഴും എല്ലാ മനുഷ്യരെയും മണ്ണുകൊണ്ട്‌ സൃഷ്‌ടിച്ചു എന്നു പറയാമല്ലോ.

(2) ثُمَّ قَضَىٰ أَجَلًا  (എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഒരവധി നിര്‍ണയിച്ചു).

(3) وَأَجَلٌ مُسَمًّى عِنْدَهُ (അതിനുപുറമെ നിര്‍ണ്ണയിക്കപ്പെട്ട മറ്റൊരവധിയും അല്ലാഹുവിങ്കലുണ്ട്)

ഏതാണീ 2 അവധികള്‍:

മനുഷ്യരുടെ ഇഹലോക ജീവിതത്തിന്‌ ഒരവധി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്‌. അത് പൂര്‍ത്തിയായാല്‍ ഈ ജീവിതം അവസാനിക്കും-മരണപ്പെടും. അതുപോലെ, അവരുടെ പുനര്‍ജീവിതത്തിന്‌ വേറെയൊരു അവധിയും അവന്‍ നിശ്ചയിച്ചിട്ടുണ്ട്‌. അതെല്ലാം അവന്നല്ലാതെ മറ്റാര്‍ക്കും അറിയില്ല.

ശരിയായ നീതി നടപ്പാകാന്‍ ഇങ്ങനെയൊരു പുനര്‍ജന്മം അനിവാര്യമല്ലേ?! ഇഹലോക ജീവിതത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന എത്രയെത്ര ആളുകള്‍! തിരിച്ചടിക്കാന്‍ കഴിയാത്തവര്‍..! എല്ലാവര്‍ക്കും പ്രതികാരത്തിനുള്ള അവസരം ലഭിക്കേണ്ടേ?! അപ്പോഴല്ലേ ശരിയായ നീതി നടപ്പാവുകയുള്ളൂ. നൂറു പേരെ കൊന്നവനെയും ഇവിടെ ഒരുവട്ടമല്ലേ കൊല്ലാന്‍ കഴിയൂ.

പുനര്‍ജന്മം നല്കപ്പെട്ട് പരലോകത്ത് വിചാരണാ വേളയില്‍ പരിപൂര്‍ണമായ നീതി നടപ്പാക്കപ്പെടുകതന്നെ ചെയ്യും. ഇഹലോകത്ത് ചെയ്യുന്ന വേണ്ടാത്തരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും അങ്ങനെയൊരു നാളില്‍ മറുപടി പറയേണ്ടിവരുമെന്ന ബോധം എല്ലാവര്‍ക്കും വേണമെന്ന് ചുരുക്കം.

അടുത്ത ആയത്ത് 3

വസ്‌തുതകള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ, ആകാശഭൂമികളിലെല്ലാം ആരാധ്യനായിരിക്കാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണെന്നാണിനി പറയുന്നത്. പ്രപഞ്ചം മുഴുവന്‍ അവന്‍റെ അധീശാധിപത്യത്തിലാണ്‌. മനുഷ്യരുടെ സകല രഹസ്യപരസ്യങ്ങളും എല്ലാ ചെയ്തികളും അവനറിയുന്നുണ്ട്. അതുകൊണ്ട് ഓരോരുത്തരും അവനവന്‍റെ രക്ഷയെക്കുറിച്ച് ചിന്തിക്കുകയും ജീവിതം ക്രമീകരിക്കുകയും വേണം.  

وَهُوَ اللَّهُ فِي السَّمَاوَاتِ وَفِي الْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ (3)

അവന്‍ തന്നെയാണ് ഭുവനവാനങ്ങളിലുള്ള സാക്ഷാല്‍ ദൈവമായ അല്ലാഹു. നിങ്ങളുടെ രഹസ്യവും പരസ്യവും അവനറിയുന്നു. നിങ്ങള്‍ അനുവര്‍ത്തിക്കുന്നതിനെക്കുറിച്ചൊക്കെയും അവനറിയുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭൂമി പൊതുവെ പരിചിതമാണ്. എന്നാല്‍, പ്രവിശാലമായ ഈ മഹാപ്രപഞ്ചത്തിലെ മറ്റുള്ള പ്രതിഭാസങ്ങളെക്കുറിച്ചോ, ഓരോന്നിലും അടങ്ങിയിട്ടുള്ള അത്ഭുതങ്ങളും അനുഗ്രഹങ്ങളും എത്രയാണെന്നോ ഒന്നും മനുഷ്യന് തിട്ടപ്പെടുത്താന്‍ കഴിയില്ല.

സൂര്യന്‍, നമ്മുടെ ഈ കൊച്ചുഭൂമി തുടങ്ങി നമുക്ക് പരിചയമുള്ളവയിലെതന്നെ  അനുഗ്രഹങ്ങളും അവയുടെ വലിപ്പവുമൊന്നും തിട്ടപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല... താമസത്തിന് അനുയോജ്യമായ രീതിയില്‍ എല്ലാം അല്ലാഹു സംവിധാനിച്ചുതന്നിരിക്കുകയാണ്.

1.3 മില്യണ്‍ ഭൂമികളെ കൊള്ളാന്‍ മാത്രം വലിപ്പമുണ്ടത്രെ നമ്മുടെ  സൂര്യന്! അതൊരു നക്ഷത്രം മാത്രം! അങ്ങനെ കോടാനുകോടി നക്ഷത്രങ്ങള്‍... ഗ്യാലക്സികള്‍...!

ഭൂമിയും പ്രപഞ്ചവുമായുള്ള അനുപാതം ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഭൂമി ഒരു നക്ഷത്രമല്ല. സൂര്യന്‍റെ ഒരു ഗ്രഹം മാത്രം. ബുധന്‍, ശുക്രന്‍, പ്ലൂട്ടോ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ തുടങ്ങി ഗ്രഹങ്ങള്‍ സൂര്യന് വേറെയുമുണ്ട്.

മിക്കഗ്രഹങ്ങള്‍ക്കും അമ്പതോളം ഉപഗ്രഹങ്ങളുമുണ്ട്. ചിന്നഗ്രഹങ്ങളും ധൂമകേതുക്കളും വേറെയും. ഇവയെല്ലാം കൂടിയ കുടുംബമാണ് സൗരയൂഥം-Solar system.

ഈ സൗരയൂഥത്തിന്‍റെ വലിപ്പം ഏകദേശം മനസ്സിലാക്കാന്‍ ഓരോ ഗ്രഹങ്ങളും സൂര്യനില്‍ നിന്ന് എത്ര ദൂരത്താണെന്ന് മനസ്സിലാക്കണം. ഉദാഹരണമായി പറഞ്ഞാല്‍ - സൂര്യനില്‍ നിന്ന് നമ്മുടെ ഭൂമിയുടെ അകലം 150 മില്യണ്‍ കിലോ മീറ്ററാണ്.  

ഈ സൗരയൂഥമാണോ പ്രപഞ്ചം? അല്ലേയല്ല. ഒരു മണല്‍തരി മാത്രം. മില്‍കിവേ ഗാലക്‌സി(ക്ഷീരപഥ നക്ഷത്രവ്യൂഹം)യിലെ ഒരു കൊച്ചുതരി മാത്രമാണ് നമ്മുടെ സൗരയൂഥം.

പതിനായിരം കോടിയിലധികം നക്ഷത്രങ്ങള്‍ വേറെയുമുണ്ട് ക്ഷീരപഥ ഗാലക്‌സിയില്‍! മിക്കതും സൂര്യനേക്കാള്‍ വലിയവ.

ഈ ക്ഷീരപഥ ഗാലക്‌സിയാണോ പ്രപഞ്ചം? ഒരിക്കലുമല്ല. ഒരുലക്ഷം പ്രകാശവര്‍ഷവ്യാസമുള്ള ഈ മില്കീവേ ഗാലക്സി, മഹാപ്രപഞ്ചത്തിലെ ഒരു കൊച്ചു കണിക മാത്രം.

പതിനായിരം കോടി ഗാലക്‌സികള്‍ (നക്ഷത്രവ്യൂഹങ്ങള്‍) പ്രപഞ്ചത്തില്‍ വേറെയുണ്ടെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്…! വലിയ സമുദ്രങ്ങളില്‍ ദ്വീപുകള്‍ വിതറപ്പെട്ടത് പോലെ അനന്ത വിസ്തൃതമായ പ്രപഞ്ചത്തിലാകെ വിതറപ്പെട്ടിരിക്കുകയാണവ.

ചുരുക്കത്തില്‍, പ്രപഞ്ചത്തില്‍ എത്ര ഗ്യാലക്സികളുണ്ടെന്നോ എത്ര നക്ഷത്രങ്ങളുണ്ടെന്നോ അതിനൊക്കെ എത്ര ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുണ്ടെന്നോ അനുമാനിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഓരോ നക്ഷത്രത്തിലും ഗോളത്തിലും ഗ്രഹത്തിലും ഉപഗ്രഹത്തിലും ഗാലക്‌സിയിലും ഭ്രമണപഥത്തിലുമൊക്കെ അല്ലാഹു ഉണ്ടാക്കിവെച്ച അത്ഭുതങ്ങള്‍, അനുഗ്രഹങ്ങള്‍ എത്രയെത്രയായിരിക്കും!

ഇത്രയും മഹത്തായ ശക്തിയുള്ള, എമ്പാടും കാരുണ്യവും അനുഗ്രഹങ്ങളും ചൊരിഞ്ഞുനല്കുന്ന അല്ലാഹുവാണ്‌ നിങ്ങളുടെ സാക്ഷാല്‍ റബ്ബ്‌. അതുകൊണ്ട്‌ അവനെ ആരാധിക്കുകയും അനുസരിക്കുകയും ചെയതേപറ്റൂ എന്നാണ്‌  പറയുന്നത്‌. 

يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ 

എല്ലാം അല്ലാഹു അറിയുന്നു - വല്ലാത്തൊരു വാക്യമാണിത്... നിരവധി ആയത്തുകളില്‍ ഈ വിഷയം പറഞ്ഞിട്ടുണ്ട്.

എങ്ങനെയൊണുപിന്നെ രഹസ്യമായി തെറ്റ് ചെയ്യുക!? റബ്ബ് കാണുമല്ലോ എന്നൊരു നാണം തോന്നണം. മനുഷ്യര്‍ കണ്ടാല്‍തന്നെ നമുക്ക് വലിയ നാണമാണ്... അപ്പോള്‍പിന്നെ സാക്ഷാല്‍ റബ്ബ് കണ്ടാലോ!? ഒറ്റക്കാകുമ്പോള്‍ തെറ്റ് ചെയ്യുന്നുവെങ്കില്‍ എന്താണര്‍ത്ഥം - പടപ്പുകളോടുള്ള നാണം പോലും പടച്ചവനോടില്ല എന്നല്ലേ..!

അടുത്ത ആയത്ത് 4

തൗഹീദിലധിഷ്‌ഠിതമായി ജീവിക്കാനും പാരത്രികലോകം വിജയപ്രദമായിത്തീരാനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പ്രവേശിക്കുകയാണ് ചെയ്യേണ്ടത് – അതായത്, പ്രവാചകന്മാര്‍ മുഖേന നമുക്ക് ലഭിച്ച മാര്‍ഗം സ്വീകരിക്കുക.

പല അത്ഭുത ദൃഷ്‌ടാന്തങ്ങളു (മുഅ്ജിസത്തുകള്‍) മായാണ്  ദൂതന്മാര്‍ നിയുക്തരായത്. വിശ്വാസം ദൃഢീകൃതമാകാന്‍ വേണ്ടിയാണ് അതെല്ലാമവര്‍ കാണിച്ചുകൊടുത്തത് . പക്ഷേ, സത്യനിഷേധികള്‍ പിന്തിരിയുകയാണ്‌ ചെയ്‌തത്‌. എത്ര വ്യക്തമാണെങ്കിലും, എത്രമാത്രം ചിന്തോദ്ദീപകമാണെങ്കിലും എല്ലാം സിഹ്റാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. പിന്നെയെങ്ങനെയാണവര്‍ സന്മാര്‍ഗികളാവുക?!

 وَمَا تَأْتِيهِمْ مِنْ آيَةٍ مِنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ (4)

തങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം വന്നുകിട്ടുമ്പോഴും അതവഗണിച്ചുകളയുക മാത്രമാണ് നിഷേധികള്‍ ചെയ്തുവന്നത്.

അടുത്ത ആയത്ത് 5

സത്യനിഷേധികളുടെ അവസ്ഥ മൂന്നു ഘട്ടങ്ങളാണ്.  ഒന്ന്‌, ദൃഷ്‌ടാന്തങ്ങള്‍ കാണുമ്പോള്‍ അംഗീകരിക്കാതെ പിന്തിരിയുക. അതാണ്‌ 4-ആം ആയത്തില്‍ പറഞ്ഞത്‌. രണ്ടും മൂന്നും ഘട്ടങ്ങളാണ് ഇനി 5-ആം ആയത്തില്‍ പറയുന്നത്‌.

സത്യം നിഷേധിക്കലാണ് രണ്ടാം ഘട്ടം. പിന്തിരിഞ്ഞുകളയുന്നതിനേക്കാള്‍ രൂക്ഷമാണല്ലോ നിഷേധിക്കുകയെന്നത്.

മൂന്നാം ഘട്ടം പരിഹാസമാണ്‌. നിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയും, ആ നിഷേധം തീവ്രമാവുകയും ചെയ്യുമ്പോഴാണ്‌ പരിഹാസത്തിലേക്കെത്തുന്നത്.

ഈ അവഗണനയുടെയും നിഷേധത്തിന്‍റെയും പരിഹാസത്തിന്‍റെയുമൊക്കെ തിക്തഫലം ഇരുലോകത്തും അവര്‍ അനുഭവിക്കുകതന്നെ ചെയ്യുമെന്ന് താക്കീത് ചെയ്യുകയാണ്.

പരലോക ശിക്ഷയുടെ കാഠിന്യത്തെക്കുറിച്ച് പറയേണ്ടതില്ല. ഇഹലോകത്തുവെച്ചുതന്നെ വലിയ അപമാനവും ധനനഷ്‌ടവും ശാരീരികവിപത്തുകളും ആളപായവുമൊക്കെ അവരനുഭവിക്കേണ്ടിവരും. ചരിത്രത്തിലതിന് നിരവധി തെളിവുകളുണ്ടല്ലോ.

ഇമാം ഖുര്‍ഥുബി رحمه الله എഴുതുന്നു: ഈ താക്കീത്‌ അല്ലാഹു സാക്ഷാല്‍ക്കരിച്ചുകൊടുക്കുക തന്നെ ചെയ്‌തു....... ബദ്‌ര്‍ യുദ്ധം നടന്ന ദിവസം അവരിലെ പല പ്രമുഖരും കൊല്ലപ്പെട്ടുവല്ലോ (ജാമിഉല്‍ ബയാന്‍ 7:149)

فَقَدْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنْبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ (5)

അങ്ങനെ ഈ ഖുര്‍ആനിക സത്യം വന്നെത്തിയപ്പോഴും അവരത് വ്യാജമാക്കി. തന്മൂലം, ഏതൊന്നിനെ പരിഹസിച്ചിരുന്നുവോ അതിന്‍റെ വിവരങ്ങള്‍ പിന്നീട് അവര്‍ക്ക് വന്നെത്തുവാന്‍ പോവുകയാകുന്നു. 

അടുത്ത ആയത്ത് 6

ഇനി, പൂര്‍വിക സമൂഹങ്ങളുടെ ദയനീയ പരിണിതകളെക്കുറിച്ച് പറഞ്ഞുതരികയാണ്. സത്യം നിഷേധിക്കുന്നവര്‍ക്ക്, കുറച്ചെങ്കിലും ചിന്തിക്കാനും മനസ്സിലാക്കാനും ഉപകരിക്കുമല്ലോ.

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന സമയത്ത് മക്കയിലുണ്ടായിരുന്ന മുശ്‌രിക്കുകളെക്കാള്‍ എത്രയോ ശക്തരും യോഗ്യരുമായവര്‍ കഴിഞ്ഞുപോയിട്ടുണ്ട്. സത്യനിഷേധം തുടര്‍ന്ന അവരെ നശിപ്പിച്ച് പകരം പുതിയ തലമുറകളെ അല്ലാഹു രംഗത്തു കൊണ്ടുവന്നു. അതുപോലെ നിങ്ങള്‍ക്കും സംഭവിക്കാമെന്ന് ഓര്‍ത്തുകൊള്ളുക.

അങ്ങനെ നശിപ്പിക്കപ്പെട്ട മുന്‍കാല സമൂഹങ്ങളുടെ സ്‌മാരകങ്ങള്‍ പലതും ഇന്നും ഈ നിഷേധികളുടെ കണ്‍മുമ്പില്‍തന്നെയുണ്ട്. `നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച്‌ ധിക്കാരികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന്‌ മനസ്സിലാക്കുക' (അന്നംല്‍: 69) എന്ന്‌ അല്ലാഹു പറയുന്നുണ്ടല്ലോ.  

أَلَمْ يَرَوْا كَمْ أَهْلَكْنَا مِنْ قَبْلِهِمْ مِنْ قَرْنٍ مَكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّنْ لَكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِمْ مِدْرَارًا وَجَعَلْنَا الْأَنْهَارَ تَجْرِي مِنْ تَحْتِهِمْ فَأَهْلَكْنَاهُمْ بِذُنُوبِهِمْ وَأَنْشَأْنَا مِنْ بَعْدِهِمْ قَرْنًا آخَرِينَ (6)

അവര്‍ കാണുന്നില്ലേ: ഭൂമിയില്‍ എത്രയെത്ര തലമുറകളെ അവര്‍ക്കുമുമ്പ് നാം നശിപ്പിച്ചു? ഭൂമിയില്‍ നിങ്ങള്‍ക്കു കിട്ടിയിട്ടില്ലാത്ത സൗകര്യങ്ങള്‍ അവര്‍ക്കു നാം നല്‍കിയിരുന്നു. അവര്‍ക്കു നാം സമൃദ്ധമായ മഴ നല്‍കി; താഴെ പുഴകളൊഴുക്കി. എന്നിട്ട് കുറ്റകൃത്യങ്ങള്‍ മൂലം നാമവരെ നശിപ്പിക്കുകയാണ് ചെയ്തത്. അവര്‍ക്ക് ശേഷം, മറ്റൊരു തലമുറയെ നാം സൃഷ്ടിക്കുകയുമുണ്ടായി.

നൂഹ് നബി عليه السلام യുടെ സമുദായം മഹാപ്രളയം മുഖേന നശിപ്പിക്കപ്പെട്ടു.  ദീര്‍ഘായുസ്സ് നല്കപ്പെട്ടവരായിരുന്നു അവര്‍.

ആജാനുബാഹുക്കളും ശക്തരും നിരവധി തോട്ടങ്ങളും കന്നുകാലികളും സമ്പത്തും ജലാശയങ്ങളുമുണ്ടായിരുന്ന ആദ് സമുദായത്തെയും നശിപ്പിച്ചു - കാറ്റുകൊണ്ട്. വലിയ ഗോപുരങ്ങളുള്ള ഇറം പട്ടണമുണ്ടാക്കിയവരാണവര്‍.

പാറകള്‍ തുരന്ന് വീടുണ്ടാക്കിയിരുന്ന, പ്രമാണിമാരും ശക്തരുമായിരുന്ന സമൂദ് ഗോത്രത്തെയും ഉന്മൂലനം ചെയ്തു  - ഘോരമായ അട്ടഹാസം കൊണ്ട്.

ചില ഉദാഹരണങ്ങള്‍ മാത്രം.

അടുത്ത ആയത്ത് 7

മുശ്‌രിക്കുകളുടെ നിഷേധത്തിന്‍റെ കാഠിന്യം ചൂണ്ടിക്കാണിക്കുകയാണിനി.

ഇമാം കലബി (رحمه الله) പറയുന്നു: മക്കാ മുശ്‌രിക്കുകള്‍ തിരുനബി (صلى الله عليه وسلم) യോട്‌ ഇങ്ങനെ ആവശ്യപ്പെട്ടു-മുഹമ്മദേ, ഞങ്ങള്‍ നിന്നെ വിശ്വസിക്കണമെങ്കില്‍, അല്ലാഹുവിന്‍റെയടുത്തു നിന്ന് ഒരെഴുത്ത്‌ കൊണ്ടുവന്നേ പറ്റൂ. ആ എഴുത്തോടൊന്നിച്ച്‌ നാലു മലക്കുകളും വേണം. കത്ത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നും നീ അല്ലാഹുവിന്‍റെ റസൂലാണെന്നും അവര്‍ സാക്ഷ്യം വഹിക്കുകയും വേണം-ഈ പശ്ചാത്തലത്തിലാണ്  7-ആം ആയത്തിറങ്ങിയത്‌. (അസ്‌ബാബുന്നുസൂല്‍ 122).

അല്ലാഹു പറയുന്നതിതാണ്‌: എന്തൊക്കെ ദൃഷ്‌ടാന്തങ്ങള്‍ കൊണ്ടുവന്നുകൊടുത്താലും അവര്‍ അംഗീകരിക്കില്ല. ലഭിച്ചു കൊണ്ടിരിക്കുന്ന ഖുര്‍ആനിക വഹ്‌യുകള്‍ തിരുനബി(صلى الله عليه وسلم) ജനങ്ങള്‍ക്ക് ഓതിക്കേള്‍പിക്കയാണല്ലോ ചെയ്തിരുന്നത്. ഇതിനു പകരം കടലാസിലെഴുതി ഒരു ഗ്രന്ഥമായിത്തന്നെ തിരുനബി صلى الله عليه وسلمയെ അതേല്‍പിക്കുകയും അവരത് സ്വന്തം കൈ കൊണ്ടുതൊട്ടുനോക്കി ബോധ്യപ്പെടുകയും ചെയ്താലും നിഷേധ നിലപാടില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല.  ആഭിചാരം മാത്രമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണവര്‍ ചെയ്യുക.

وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ (7)

നബിയേ, താങ്കള്‍ക്കു നാം കടലാസിലെഴുതിയ ഒരു ഗ്രന്ഥമവതരിപ്പിച്ചുതരികയും സ്വകരങ്ങള്‍കൊണ്ട് അവരതു സ്പര്‍ശിച്ചു ബോധ്യപ്പെടുകയും ചെയ്താലും ഇത് വ്യക്തമായ ആഭിചാരം മാത്രമാണ് എന്നാണു നിഷേധികള്‍ ജല്‍പിക്കുക. 

സത്യവിശ്വാസം സ്വീകരിക്കാന്‍ തീരെ സന്നദ്ധരല്ലാതിരുന്ന അവര്‍ വിചിത്രമായ പല ആവശ്യങ്ങളും തിരുനബി صلى الله عليه وسلمയോട്‌ ഉന്നയിക്കാറുണ്ടായിരുന്നു. അതില്‍പെട്ട ഒന്നാണ്: ....... നീ ആകാശത്തേക്ക്‌ കയറിപ്പോകണം; ആ ആരോഹണം ഞങ്ങള്‍ വിശ്വസിക്കണമെങ്കില്‍, വായിക്കാന്‍ പറ്റിയ ഒരു ഗ്രന്ഥം നീ കൊണ്ടുവന്നുതരികയും വേണം....(അല്‍ ഇസ്‌റാഅ്‌: 93)

അടുത്ത ആയത്ത് 8

സത്യനിഷേധികളുടെ മറ്റൊരു ദുര്‍ന്യായമാണിനി പറയുന്നത്: തിരുനബി (صلى الله عليه وسلم) സത്യസന്ധനാണെന്ന്‌ ശരിവെക്കുന്ന ഒരു മലക്കിനെ അയച്ചുതരണം. ആ മലക്കിനെ ഞങ്ങള്‍ക്ക് കാണാനും പറ്റണം.

നീ സത്യസന്ധനാണെങ്കില്‍ എന്തുകൊണ്ട്‌ ഞങ്ങളുടെ അടുത്തേക്ക്‌ മലക്കുകളെ കൊണ്ടുവരുന്നില്ല എന്നു മുശ്‌രിക്കുകള്‍ ചോദിച്ചത് സൂറത്തുല്‍ ഹിജ്‌ര്‍ 7 ല്‍ കാണാം. മലക്കുകളെയും അല്ലാഹുവിനെയും സംഘമായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് സൂറത്തുല്‍ ഇസ്‌റാഅ്‌ 92 ലുമുണ്ട്.

അല്ലാഹു നല്‍കുന്ന മറുപടി ഇതാണ്‌: മലക്കിനെ വേണമെങ്കില്‍ നാം ഇറക്കും. പക്ഷേ, ഇറങ്ങിയതിനുശേഷവും നിഷേധം തുടരുന്നുവെങ്കില്‍....അവരുടെ കഥ കഴിഞ്ഞതുതന്നെ. കാരണം, ദൃഷ്‌ടാന്തങ്ങള്‍ ചോദിച്ചുവാങ്ങി കണ്‍മുമ്പില്‍വെച്ചു നിഷേധിക്കുന്നവരെ നശിപ്പിച്ചുകളയലാണ്‌ അല്ലാഹുവിന്‍റെ രീതി. അതനുസരിച്ച്‌, ഒട്ടും താമസിയാതെ ഇവരും നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് മലക്കുകളെ അയക്കാത്തത്‌ എന്നര്‍ത്ഥം.

وَقَالُوا لَوْلَا أُنْزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنْزَلْنَا مَلَكًا لَقُضِيَ الْأَمْرُ ثُمَّ لَا يُنْظَرُونَ (8)

 ഈ നബിയിലേക്ക് ഒരു മലക്കിനെ ഇറക്കപ്പെടാത്തതെന്താണ് എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍, മലക്കിനെ നാം ഇറക്കിയിരുന്നെങ്കി ല്‍ കഥകഴിഞ്ഞു പോയേനെ! പിന്നീടവര്‍ക്ക് ഒട്ടുമേ താമസം നല്‍കപ്പെടുന്നതല്ല.

-------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter