അധ്യായം 6. സൂറത്തുല്‍ അന്‍ആം (Ayath 36-44) തെറ്റുകൾ ചെയ്യുമ്പോഴും അനുഗ്രഹങ്ങൾ ലഭിക്കുന്നുണ്ടല്ലേ

സത്യം മനസ്സിലാക്കാനും തിരുനബി (صلى الله عليه وسلم) യെ അംഗീകരിക്കാനും നിരവധി തെളിവുകളുണ്ടായിട്ടും, മുശ്‌രിക്കുകള്‍ അതെല്ലാം അവഗണിച്ചപ്പോള്‍ തിരുനബി صلى الله عليه وسلم വല്ലാതെ സങ്കടപ്പെട്ടിരുന്നു എന്നും, അങ്ങനെ സങ്കപ്പെടേണ്ടതില്ല എന്ന് അല്ലാഹു അവിടത്തെ ആശ്വസിപ്പിച്ചതുമൊക്കെയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനഭാഗത്ത് പറഞ്ഞത്.

ഇങ്ങനെ തിരുനബി (صلى الله عليه وسلم)യെ നിഷേധിക്കുന്നവര്‍ കേള്‍വി നഷ്‌ടപ്പെട്ടവരാണ്‌ എന്നാണിനി പറയുന്നത്. കേവല കേള്‍വിയല്ല, സ്വീകാര സന്നദ്ധതയുള്ള കേള്‍വി നഷ്ടപ്പെട്ടവര്‍. സത്യം ശ്രവിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാതെ മൃതഹൃദയരായിക്കഴിയുന്നവരാണവര്‍.

എന്നാല്‍, ഈ ചിന്താശൂന്യതയില്‍ നിന്ന് അവര്‍ ഉണര്‍ന്നെണീക്കന്ന ഒരു സമയം വരാനുണ്ട്. അപ്പോഴവര്‍ക്ക് കാര്യങ്ങളെല്ലാം കൃത്യമായി ബോധ്യപ്പെടും. പക്ഷേ, അതുകൊണ്ടെന്തു പ്രയോജനം..!

إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ (36)

കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്; പിന്നീടവര്‍ അവങ്കലേക്കു മടക്കപ്പെടും.

وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ 

ഇവിടെയും ഇതുപോലുള്ള വേറെയും പല ആയത്തുകളിലും സത്യനിഷേധികളെക്കുറിച്ച് ‘മരിച്ചവര്‍’ എന്ന്‌ പ്രയോഗിച്ചതായി കാണാം. സത്യനിഷേധത്തില്‍ പൂണ്ടുപിടിച്ചുപോയതുകൊണ്ട് അവരുടെ ഹൃദയങ്ങള്‍ മരവിച്ചു മരിച്ചുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ സത്യം ചിന്തിച്ചുമനസ്സിലാക്കാനവര്‍ക്ക് കഴിയില്ല. മഹാന്മാരായ മുന്‍കാല മുഫസ്സിറുകളെല്ലാം ഇവിടെ വ്യാഖ്യാനം നല്‍കിയതിങ്ങനെയാണ്.

അടുത്ത ആയത്ത് 37

ഏതുതരം അത്ഭുതദൃഷ്ടാന്തം കണ്ടാലും നിഷേധത്തില്‍ നിന്ന് മുശ്‍രിക്കുകള്‍ പിന്മാറില്ല; അക്കാരണത്താല്‍ അവര്‍ ദൈവികശിക്ഷക്ക് വിധേയരാകേണ്ടിവരും. പൂര്‍വിക ചരിത്രങ്ങളില്‍ അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഈ യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കുന്നില്ല.

തിരുനബി صلى الله عليه وسلم സത്യപ്രവാചകനാണെന്ന് തെളിയിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ അവരുടെ മുന്നിലുണ്ട്. വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് പരമപ്രാധനമായ ദൃഷ്ടാന്തം. എക്കാലത്തും നിലനില്‍ക്കുന്ന മുഅ്ജിസത്താണല്ലോ അത്. أَوَلَمْ يَكْفِهِمْ أَنَّا أَنْزَلْنا عَلَيْكَ الْكِتابَ يُتْلى عَلَيْهِمْ.... (ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ താങ്കള്‍ക്ക് അവതീര്‍ണമായിരിക്കുന്നു എന്നതുതന്നെ ദൃഷ്ടാന്തമായി പര്യാപ്തമല്ലേ അവര്‍ക്ക്? - സൂറത്തുല്‍ അന്‍കബൂത്ത് 51).

അറബിഭാഷ കൊണ്ട് അമ്മാനമാടുന്നവരാണവര്‍. അറിയപ്പെടുന്ന സാഹിത്യകുലപതികള്‍ അവരുടെ കൂട്ടത്തിലുണ്ട്. എന്നിട്ടും വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായം പോലെയൊന്ന് കൊണ്ടുവരാന്‍പോലും അവര്‍ക്ക് കഴിഞ്ഞില്ല; ആവര്‍ത്തിച്ച് വെല്ലുവിളിച്ചിട്ടും.  

ഈ ദൃഷ്ടാന്തങ്ങളെല്ലാം കണ്ട് സത്യം മനസ്സിലാക്കുകയല്ല അവര്‍ ചെയ്തത്.  വീണ്ടും കൂടുതല്‍ ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെടുകയാണ്. മൂസാനബി(عليه السلام)യുടെ വടി, സ്വാലിഹ്‌ നബി(عليه السلام)യുടെ ഒട്ടകം പോലെയുള്ള ചില ദൃഷ്‌ടാന്തങ്ങള്‍ കാണിക്കണം. അതും അംഗീകരിക്കാന്‍ വേണ്ടിയല്ല; പരിഹസിക്കാന്‍വേണ്ടി മാത്രം!

ആകാശത്തു നിന്നൊരു കഷ്‌ണം വീഴ്‌ത്തുക, സ്വര്‍ണംകൊണ്ടൊരു വീടുണ്ടാകുക, സ്വഫാമല സ്വര്‍ണമാക്കി മാറ്റുക, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആകാശത്തേക്കു കയറിപ്പോയി ഒരു കിതാബും കൂടെ മലക്കിനെയും കൊണ്ടുവരിക പോലെയുള്ള ചില ദൃഷ്ടാന്തങ്ങളാണ് അവരാശ്യപ്പെടുന്നത് (സൂറത്തുല്‍ ഇസ്റാഅ് 90-93 നോക്കുക.)

അവരാവശ്യപ്പെട്ടതുപോലെയുള്ള ദൃഷ്‌ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാന്‍ അല്ലാഹുവിന്‌ കഴിയും. പക്ഷേ, പ്രശ്നം അവിടെയല്ല, ആ ദൃഷ്‌ടാന്തങ്ങള്‍ കാണിച്ചുകൊടുത്തിട്ട്, പിന്നെയും വിശ്വസിക്കുന്നില്ലെങ്കില്‍ അവരെ ഉടനടി അല്ലാഹു നശിപ്പിക്കും. അതാണ് പൂര്‍വിക സമൂഹങ്ങളുടെ അനുഭവം.

പല ദൃഷ്‌ടാന്തങ്ങളും കൊണ്ടുവരാന്‍ തങ്ങളുടെ പ്രവാചകന്മാരെ അവര്‍ വെല്ലുവിളിച്ചിരുന്നു. അങ്ങനെ ദൃഷ്‌ടാന്തങ്ങള്‍ കണ്ടുകഴിഞ്ഞപ്പോഴോ, എല്ലാം ജാലവിദ്യയാണെന്നു പറഞ്ഞു നിഷേധിക്കുകയാണുണ്ടായത്.

അല്ലാഹുവിന്‍റെ മറുപടിയുടെ ചുരുക്കമിതാണ്: ദൃഷ്‌ടാന്തങ്ങള്‍ അയക്കുന്നതില്‍ നിന്ന്‌ നമ്മെ തടയുന്നത്‌ മുന്‍ഗാമികളത് നഷേധിച്ചുകളഞ്ഞുവെന്നതു മാത്രമാണ്‌. അല്ലാഹുവിന്‍റെ നടപടിക്രമം ഇങ്ങനെയാണെന്ന്‌ അവരില്‍ അധികപേരും അറിയുന്നില്ല. അതുകൊണ്ടാണവര്‍ വീണ്ടും ദൃഷ്‌ടാന്തങ്ങള്‍ ആവശ്യപ്പെടുന്നത്‌. 

അതുപോലെ, ദൃഷ്‌ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാത്തതില്‍ പല രഹസ്യങ്ങളും ഹിക്‍മത്തുകളുമുണ്ട്. മിക്കവരും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. അതാണ് വീണ്ടും ആവശ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നത്.

 وَقَالُوا لَوْلَا نُزِّلَ عَلَيْهِ آيَةٌ مِنْ رَبِّهِ ۚ قُلْ إِنَّ اللَّهَ قَادِرٌ عَلَىٰ أَنْ يُنَزِّلَ آيَةً وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ (37)

ആ നിഷേധികള്‍ വാദിക്കുന്നു: മുഹമ്മദ് നബിക്ക് എന്തേ തന്‍റെ നാഥന്‍റെ പക്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടുന്നില്ല? പറയുക: ദൃഷ്ടാന്തം ഇറക്കുവാന്‍ ശക്തിയുള്ളവന്‍ തന്നെയാണ് അല്ലാഹു. പക്ഷേ, അവരില്‍ മിക്കവരും യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല.

 അടുത്ത ആയത്ത് 38

ഭൂമിയിലുള്ള ഓരോ ജീവിവര്‍ഗവും ഓരോ സമുദായമാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം അങ്ങനെത്തന്നെ. ഓരോന്നിനും ആവശ്യവും അനുയോജ്യവുമായ എല്ലാ വ്യവസ്ഥകളും മാര്‍ഗദര്‍ശനങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്‌. എല്ലാറ്റിന്‍റെയും നിലനില്‍പിനും വളര്‍ച്ചക്കും അഭിവൃദ്ധിക്കും വേണ്ടതെല്ലാം അവന്‍  ചെയ്തുവെച്ചിട്ടുമുണ്ട്. അക്കൂട്ടത്തില്‍ പെട്ടൊരു സമുദായംതന്നെയാണ് മനുഷ്യവര്‍ഗവും.

മറ്റു ജീവികളേക്കാള്‍ എത്രയോ ആദരീണയരായ, ഉന്നതസ്ഥാനമുള്ള നിങ്ങളുടെ ജീവിത വളര്‍ച്ചക്കാവശ്യമായ കാര്യം അല്ലാഹു ചെയ്യാതിരിക്കുമോ? നിങ്ങളാവശ്യപ്പെടുന്ന ദൃഷ്‌ടാന്തങ്ങള്‍ കാണിച്ചുതരുന്നതാണ് നിങ്ങളുടെ നന്മക്ക്‌ വേണ്ടതെങ്കില്‍, അതവന്‍ കാണിച്ചുതരികതന്നെ ചെയ്യും. നിങ്ങള്‍ക്കത് ഫലപ്രദമല്ല, ഗുണം ചെയ്യില്ല എന്നറിയുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്.

മനുഷ്യസമൂഹത്തിനു വേണ്ടതെല്ലാം അല്ലാഹു ചെയ്‌തുവെച്ചിട്ടുണ്ട്‌. വിശേഷബുദ്ധി, വിവേചന ശക്തി, ചിന്താശക്തി തുടങ്ങിയവ അവരുടെ മാത്രം പ്രത്യേകതയാണ്. സന്മാര്‍ഗം സ്വീകരിക്കണം, ദൃഷ്‌ടാന്തങ്ങള്‍ കണ്ടുമനസ്സിലാക്കി സത്യവും അസത്യവും തിരിച്ചറിയണം തുടങ്ങിയ കല്‍പനകള്‍ മനുഷ്യ സമുദായത്തിനു നല്‍കാന്‍ കാരണവും ഈ വിശേഷ ബുദ്ധി തന്നെ.

അതുകൊണ്ടുതന്നെ, മറ്റു ജീവികളെപ്പോലെ, ചിന്തിക്കാതെയും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെയും കഴിഞ്ഞുകൂടേണ്ടവരല്ല മനുഷ്യര്‍. മറിച്ച്, ഓരോരുത്തരുടെയും നന്മക്കും വിജയത്തിനും ആവശ്യമായ ഉപാധികള്‍ അന്വേഷിച്ച് കണ്ടെത്താനും അതനുസരിച്ച് ജീവിക്കാനും ബാധ്യസ്ഥരാണവര്‍.

وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ ۚ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ (38)

ഭൂതലത്തിലുള്ള ഏതൊരു ജീവിയും ഇരുചിറകുകളുമായി പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാണ്. യാതൊരു ന്യൂനതയും ഈ ഗ്രന്ഥത്തി ല്‍ നാം വരുത്തിയിട്ടില്ല. ശേഷം തങ്ങളുടെ നാഥങ്കലേക്ക് അവര്‍ സംഗമിപ്പിക്കപ്പെടും.

وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ

നമ്മെപ്പോലെയുള്ള സമൂഹങ്ങള്‍ തന്നെയാണ് മറ്റു ജീവികളും. അവരുടെ അവകാശങ്ങളും വകവെച്ചുകൊടുക്കണം. കരുണ കാണിക്കണം. ഒന്നിനെയും അനാവശ്യമായി ഭയപ്പെടുത്തരുത്, ബുദ്ധിമുട്ടിക്കരുത്. പൂച്ചയോ മറ്റോ ഉറങ്ങുകയാണെങ്കില്‍ ശബ്ദമുണ്ടാക്കാതെ നടന്നുപോവുക, ഉണര്‍ത്താതിരിക്കുക. ദ്രോഹിക്കാത്ത ഉറുമ്പുകളാണെങ്കില്‍ വെറുതെ ചവിട്ടിമെതിക്കേണ്ട. അറുക്കാന്‍ പറ്റുന്നവയെ നല്ല നിലക്ക് അറുക്കുക...

പക്ഷിക്കൂടോ മറ്റോ ഒക്കെ തല്ലിത്തകര്‍ക്കുന്നത് പലര്‍ക്കും ഹോബിയാണ്. പരിക്കുപറ്റിയവയെ കാുണുമ്പോള്‍ ഉപേക്ഷിച്ചുപോകുന്നവരുമുണ്ട്. ഇന്നത്തെ കാലത്ത് അവയെ ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്, ആളുകളുണ്ട്. അതെല്ലാമുപയോഗപ്പെടുത്താമല്ലോ.

പക്ഷികളെ തീറ്റ കൊടുത്തും സന്തോഷിപ്പിച്ചും നല്ല പോലെ പരിപാലിച്ച് വളര്‍ത്താന്‍ കഴിയുമെങ്കില്‍, കൂട്ടില്‍ വളര്‍ത്തല്‍ അനുവദനീയമാണെന്ന് കിതാബുകളിലുണ്ട്. (മുഗ്നി, ശര്‍വ്വാനി, ഫത്ഹുല്‍ ബാരി, ഇഖ്നാഅ്).

وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ

പക്ഷികളും മൃഗങ്ങളും സാമൂഹ്യജീവിതമാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈയൊരു രീതി, സംഘടിക്കാനും പരസ്പരം ഒരുമയോടെ ജോലി ചെയ്യാനും അവയെ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷികള്‍, ഉറുമ്പുകള്‍ തുടങ്ങിയ പല ജീവികളും ഇങ്ങനെ സാമൂഹിക ജീവിതം നയിക്കുന്നവരാണ്. അവരുടേതായ നല്ല നല്ല സെറ്റപ്പുകളുമുണ്ട്.

അല്ലാഹു നൽകിയ ബോധമനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ അവ കൂട്ടായി നിർവഹിക്കുന്നു. അപകടത്തെക്കുറിച്ച് പരസ്പരം മുന്നറിവ് നൽകുന്നു. ഭക്ഷണം ശേഖരിക്കാനും കൂടുണ്ടാക്കാനും കൂട്ടായി പ്രവർത്തിക്കുന്നു. പരസ്പരം സഹായിക്കുന്നു. ചിലപ്പോൾ കൂട്ടത്തിലുള്ളവരെയ രക്ഷിക്കാന്‍ വേണ്ടി ജീവത്യാഗം വരെ ചെയ്യുന്നു!

ഓരോന്നിനും തനതായ ആശയവിനിമയ സംവിധാനമുണ്ട്. അത്ഭുതമാണ് ജീവികളുടെ ലോകം.

مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ

`കിതാബ്‌' കൊണ്ടുള്ള ഉദ്ദേശ്യം `ലൗഹുല്‍ മഹ്ഫൂള്' ആണെന്നാണ് ഒരു തഫ്‌സീര്‍. ലോകത്ത്‌ നടക്കുന്ന എല്ലാ കാര്യങ്ങളും-ചെറുതും വലുതും-അതില്‍ എഴുതപ്പെട്ടിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആന്‍ ആണ്‌ ഉദ്ദേശ്യമെന്നാണ് മറ്റൊരു വ്യാഖ്യാനം. നിങ്ങള്‍ക്കു വേണ്ട’ മാര്‍ഗ നിര്‍ദ്ദേശങ്ങളും തെളിവുകളുമെല്ലാം വേണ്ടതുപോലെ ഖുര്‍ആനില്‍ നാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു മനുഷ്യന്‍റെ ഇരുലോക വിജയത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും പൊതുവായോ പ്രത്യേക വിവരണത്തോടുകൂടിയോ അതില്‍ പ്രദിപാദിച്ചിട്ടുണ്ട്‌.

ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ 

മനുഷ്യരല്ലാത്ത ജീവികളെയും പുനര്‍ജീവിപ്പിക്കുമെന്ന്‌ ഈ വാക്യത്തില്‍ നിന്ന് മനസ്സിലാക്കാം. ഹദീസിലും ഇതു പറഞ്ഞിട്ടുണ്ട്.

ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു ഹദീസിന്‍റെ ആശയമിങ്ങനെയാണ്: ‘ഖിയാമത്തു നാളില്‍ കടപ്പാടുകള്‍ കൊടുത്തുതീര്‍ക്കേണ്ടിവരികതന്നെ ചെയ്യും. എത്രത്തോളമെന്നാല്‍, കൊമ്പില്ലാത്ത ആടിന് കൊമ്പുള്ള ആടില്‍ നിന്നുകൂടി പ്രതികാര നടപടി എടുക്കാം’.

അടുത്ത ആയത്ത് 39

അല്ലാഹുവിന്‍റെ ദൃഷ്‌ടാന്തങ്ങള്‍ നിഷേധിച്ചവരുടെ മുരടിച്ച നിലപാട് ഉപമിക്കുകയാണിനി. ബധിരരും ഊമകളുമാണവര്‍.

സംസാരശേഷിയോ ശ്രവണ ശേഷിയോ ഇല്ലാത്ത ഒരാള്‍ കൂരിരുട്ടിലകപ്പെട്ടാല്‍ എന്താകും സ്ഥിതി? ഒരു നിലക്കും ആ ദുര്‍ഘടഘട്ടം തരണം ചെയ്യാന്‍ അയാള്‍ക്കാകില്ല. അതുപോലെയാണ് മുശ്‌രിക്കുകള്‍.

وَالَّذِينَ كَذَّبُوا بِآيَاتِنَا صُمٌّ وَبُكْمٌ فِي الظُّلُمَاتِ ۗ مَنْ يَشَإِ اللَّهُ يُضْلِلْهُ وَمَنْ يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُسْتَقِيمٍ (39)

നമ്മുടെ സൂക്തങ്ങള്‍ നിഷേധിച്ചവര്‍ ബധിരരും ഊമകളും അന്ധകാരങ്ങളില്‍ നിപതിച്ചവരുമാണ്. താനുദ്ദേശിച്ചവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുന്നതും ഉദ്ദേശിച്ചവരെ നേര്‍വഴിയിലേക്കു നയിക്കുന്ന തുമാകുന്നു.

തെളിവുകളൊന്നും ശ്രദ്ധിക്കാതെ, കാര്യങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കാതെ കഴിഞ്ഞുകൂടുന്നവരെ, ഇരുട്ടില്‍പെട്ട ബധിര-മൂകന്മാരോട് ഉപമിച്ചിരിക്കുകയാണ്.

ഈ രണ്ടാലൊരു വൈകല്യമുള്ളയാള്‍തന്നെ, വല്ലാത്ത എടങ്ങേറിലായിരിക്കും ജീവിക്കുന്നത്...  രണ്ടും കൂടിയുണ്ടെങ്കില്‍ പിന്നെ പറയേണ്ടതുമില്ല. അതിനുംപുറമെ കൂരിരുട്ടില്‍ പെടുകയും ചെയ്തിരിക്കുന്നു. ഇവര്‍ തീര്‍ത്തും പരാജിതരാണ്‌.

مَنْ يَشَإِ اللَّهُ يُضْلِلْهُ  

‘അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കും’ എന്ന് പറഞ്ഞത് ഇത്തരം ബധിര-മൂകരെക്കുറിച്ചാണ്. എന്തൊക്കെ, എത്രയൊക്കെ അനുകൂലസാഹചര്യങ്ങളും നല്ല നല്ല തെളിവുകളുമുണ്ടെങ്കിലും അവര്‍ വിശ്വസിക്കില്ലെന്ന്‌ അല്ലാഹുവിനറിയാം.

وَمَنْ يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُسْتَقِيمٍ

തെളിവുകളെല്ലാം ശ്രദ്ധിച്ച് മനസ്സിലാക്കി, സത്യാസത്യങ്ങള്‍ കണ്ടെത്താന്‍ തയ്യാറുള്ളവര്‍  നേര്‍മാര്‍ഗം കണ്ടെത്തുകയും തദനുസൃതം ജീവിക്കുകയും ചെയ്യും. ഇവര്‍ക്ക് അല്ലാഹുവിന്‍റെ ഭാഗത്തു നിന്ന് കൂടുതല്‍ സഹായവും മറ്റും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇവരെക്കുറിച്ചാണ് ഈ വാക്യാശം.

അല്ലാതെ, ഒരു മാനദണ്ഡവുമില്ലാതെ കുറേ ആളുകളെ സന്മാര്‍ഗത്തിലും കുറേ പേരെ ദുര്‍മാര്‍ഗത്തിലുമാക്കും എന്നല്ല ഇപ്പറഞ്ഞതിന്‍റെ ഉദ്ദേശ്യം. വിശുദ്ധ ഖുര്‍ആനില്‍ വേറെയും പല സ്ഥലങ്ങളിലും ഇത്തരം പ്രയോഗങ്ങളുണ്ട്. അതെല്ലാം ഈ അര്‍ഥത്തിലാണ് മനസ്സിലാക്കേണ്ടതും.

അടുത്ത ആയത്തുകള്‍ 40, 41

മക്കയിലെ എന്നല്ല എവിടെയുമുള്ള ബഹുദൈവവിശ്വാസിയും ബിംബാരാധകനുമൊക്കെ ഗുരുതരമായ പ്രതിസന്ധി വരുമ്പോള്‍ സര്‍വശക്തനായ ഏകദൈവത്തെ, അല്ലാഹുവിനെയാണ് വിളിക്കുക, അവനോടേ പ്രാര്‍ത്ഥിക്കൂ, മറ്റുദൈവങ്ങളെ അവര്‍ മറന്നുകളയും.

അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹു മാത്രമേ രക്ഷകനായുണ്ടാകൂ എന്ന് അവര്‍ക്കറിയാവുന്നതുകൊണ്ടാണത്. അങ്ങനെ, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, ആ വിപത്ത് ഇഹലോകത്തുവെച്ച്‌ അവന്‍ അകറ്റിക്കൊടുക്കുകയും ചെയ്യും.

വിശുദ്ധ ഖുര്‍ആനില്‍ പലേടത്തും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നമുക്ക് അനുഭവവുമാണത്. ഇതാണവസ്ഥയെങ്കില്‍ എന്തിന് ഈ മൂഢവിശ്വാസം, എന്തിനീ പങ്കുചേര്‍ക്കല്‍ എന്നാണിനി അല്ലാഹു ചോദിക്കുന്നത്.

قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ أَوْ أَتَتْكُمُ السَّاعَةُ أَغَيْرَ اللَّهِ تَدْعُونَ إِنْ كُنْتُمْ صَادِقِينَ (40)

നബിയേ, ചോദിക്കുക: നിങ്ങള്‍ക്ക് ദൈവിക ശിക്ഷ വന്നെത്തുകയോ അന്ത്യനാള്‍ ആസന്ന മാവുകയോ ചെയ്താല്‍ അല്ലാഹു അല്ലാത്തവരോടുതന്നെയാണോ പ്രാര്‍ത്ഥിക്കുക? സത്യവാദികളാണ് എങ്കില്‍ നിങ്ങള്‍ പറയൂ!

بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِنْ شَاءَ وَتَنْسَوْنَ مَا تُشْرِكُونَ (41)

അല്ല, തത്സമയം അല്ലാഹുവിനോടു മാത്രമേ നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ; അപ്പോള്‍ ഏതൊന്നിനായി നിങ്ങള്‍ കേണപേക്ഷിക്കുന്നുവോ അത് -താനുദ്ദേശിച്ചാല്‍-അവന്‍ നീക്കി ത്തരും. തത്സമയം, അവന്നു പങ്കാളികളാക്കിയിരുന്നവയെ നിങ്ങള്‍ വിസ്മരിച്ചുകളയുന്നതാണ്.

അടുത്ത ആയത്തുകള്‍ 42, 43

അവിശ്വാസികളായ ജനവിഭാഗങ്ങളെ സത്യവിശ്വാസികളും, അല്ലാഹുവിനോടും മുര്‍സലുകളോടും വിധേയത്വമുള്ളവരും ആക്കാന്‍ വേണ്ടി അനുവര്‍ത്തിക്കപ്പെട്ടുവന്ന അല്ലാഹുവിന്‍റെ രീതിയാണിനി വിവരിക്കുന്നത്.

ആപത്തുകളുടെയും ദുരിതങ്ങളുടെയും രൂപത്തില്‍ അല്ലാഹു ശിക്ഷകളയക്കും. ആ സമയത്ത്, ചിന്തിക്കുന്ന ആളുകള്‍ വേഗം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും സത്യത്തിലേക്ക്‌ മടങ്ങുകയും വിനയാന്വിതരാവുകയും ചെയ്യും.

അതേ സമയം, ഒന്നും ചിന്തിക്കാന്‍ തയ്യാറില്ലാത്തവര്‍, എത്രതന്നെ ആപത്തുകള്‍ അനുഭവിക്കേണ്ടിവന്നാലും അതൊന്നും അല്ലാഹുവിന്‍റെ താക്കീതാണെന്ന്‌ മനസ്സിലാക്കുകയേയില്ല. അവരുടെ ഹൃദയങ്ങള്‍ അത്രയ്ക്കും ദുര്‍മാര്‍ഗത്തില്‍ അടിയുറച്ചുപോയിട്ടുണ്ടാകും. അങ്ങനെയവര്‍ ധിക്കാരികളായിത്തന്നെ ജീവിതം തുടരും.

وَلَقَدْ أَرْسَلْنَا إِلَىٰ أُمَمٍ مِنْ قَبْلِكَ فَأَخَذْنَاهُمْ بِالْبَأْسَاءِ وَالضَّرَّاءِ لَعَلَّهُمْ يَتَضَرَّعُونَ (42)

താങ്കള്‍ക്കുമുമ്പ് വിവിധ സമൂഹങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. വിധേയത്വ മുള്ളവരാകാന്‍ വേണ്ടി അവരെ കഷ്ടതകളാലും ദുരിതങ്ങളാലും നാം പിടികൂടി.

فَلَوْلَا إِذْ جَاءَهُمْ بَأْسُنَا تَضَرَّعُوا وَلَٰكِنْ قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ الشَّيْطَانُ مَا كَانُوا يَعْمَلُونَ (43)

എന്നിട്ട് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്തേ വിധേയത്വം കാണിച്ചില്ല? പ്രത്യുത, അവരുടെ ഹൃദയങ്ങള്‍ കഠിനതരമാവുകയായിരുന്നു; സ്വന്തം ചെയ്തികളെ അവര്‍ക്ക് പിശാച് അലംകൃതമാക്കിക്കൊടുക്കുക യും ചെയ്തു.

وَلَٰكِنْ قَسَتْ قُلُوبُهُمْ

ഹൃദയ കാഠിന്യം ഗുരുതരമായ വിഷയമാണ്. അത് വന്നുകഴിഞ്ഞാല്‍പിന്നെ നന്മകള്‍ ഉള്ളിലോട്ട് കയറാന്‍ വലിയ പ്രയാസമാണ്. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.

അടുത്ത ആയത്ത് 44

നേരത്തെ  പറഞ്ഞ ഘട്ടത്തിലെത്തുമ്പോള്‍, അതായത്, എത്രതന്നെ ആപത്തുകള്‍ അനുഭവിക്കേണ്ടിവന്നാലും അതൊന്നും അല്ലാഹുവിന്‍റെ താക്കീതാണെന്ന്‌ മനസ്സിലാക്കാതെ ഹൃദയങ്ങള്‍ കടുത്തുപോകുന്ന ഘട്ടമെത്തിയാല്‍ എന്ത് സംഭവിക്കുമെന്നാണിനി പറയുന്നത്.

തത്സമയം ജീവിത സൗകര്യങ്ങള്‍ കൂടുതല്‍ നല്‍കി അല്ലാഹു പരീക്ഷണം തീവ്രമാക്കും. ഭൗതിക സുഖങ്ങളുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കും. ബിസിനിലും കൃഷിയിലുമൊക്കെ നല്ല ലാഭം,  നല്ല നല്ല മക്കള്‍, നല്ല ആരോഗ്യം, വലിയ പേരും പ്രശസ്‌തിയും.... എല്ലാം വാരിക്കോരിക്കൊടുക്കും. ഇതൊക്കെ കാണുമ്പോള്‍, അല്ലാഹുവിനെന്നോട്‌ വലിയ ഇഷ്ടമാണ്, വലിയ സംതൃപ്‌തിയാണ് എന്ന് തെറ്റിദ്ധരിക്കും.

അങ്ങനെ ആനന്ദിച്ച് അറമാദിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നാണ് ദൈവിക ശിക്ഷ വരിക. ഒരു വിധ രക്ഷാമാര്‍ഗവും കാണാതെ അവര്‍ ഹതാശരാകും. അങ്ങനെ ഭൂതലത്തില്‍ നിന്ന് അവര്‍ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും. ഇതാണ്‌ അല്ലാഹുവിന്‍റെ നടപടിക്രമം.

فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُمْ بَغْتَةً فَإِذَا هُمْ مُبْلِسُونَ (44)

അങ്ങനെ, അനുസ്മരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ വിസ്മരിച്ചു കളഞ്ഞപ്പോള്‍ സകലവിഭവ കവാടങ്ങളും അവര്‍ക്കു നാം തുറന്നുകൊടുക്കുകയുണ്ടായി. എന്നിട്ട് അതിലവര്‍ തിമിര്‍ത്താഹ്ളാദിച്ചപ്പോള്‍ യദൃച്ഛയാ നാമവരെ പിടികൂടി. തത്സമയമതാ അവര്‍ ഭഗ്നാശരായിരിക്കുന്നു!

فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ

ഇന്നത്തെ കാലം നോക്കൂ, എല്ലാം റബ്ബ് തുറന്നിട്ടുതന്നിരിക്കുകയാണ്! എല്ലാ സുഖസൗകര്യങ്ങളും എല്ലാ മേഖലയിലും സര്‍വത്ര ലഭ്യമാണ്. ദൃശ്യ-ശ്രാവ്യ മേഖലകള്‍, വാര്‍ത്താ വിനിമയ മേഖലകള്‍, ആശയ കൈമാറ്റം, ഇന്‍റര്‍നെറ്റിന്‍റെ വ്യാപനം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്... ഭക്ഷണം, വസ്ത്രം, സമ്പത്ത്, വലിയ വീടുകള്‍, കാറുകള്‍... ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍.... ലിസ്റ്റ് നീളും.

പൊതുവെ ദീനീ ചൈതന്യവും ഉന്മേഷവും കുറഞ്ഞുവരുന്ന ഈ കാലത്ത് ഇങ്ങനെയൊരു തുറന്നുതരല്‍ നടക്കുന്നുവെങ്കില്‍, എന്താണതിനര്‍ത്ഥം? എല്ലാം അയച്ചിട്ടുതന്നിരിക്കുകയാണ്, പിന്നീടൊരു പിടികൂടലുണ്ടായേക്കാം...! ഇതിനാണ് ഇസ്തിദ്റാജ്  (إستدراج) എന്ന് പറയുക.

സത്യവിശ്വാസികള്‍ ജാഗ്രത പാലിക്കണം. കരുതലോടെ വിഷയങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യണം. മഹത്തായ അനുഗ്രഹങ്ങള്‍ക്ക് നല്ലപോലെ നന്ദി കാണിക്കണം, നല്ല മാര്‍ഗത്തില്‍മാത്രം വിനിയോഗിക്കുകയും വേണം.

നബിതിരുമേനി (صلى الله عليه وسلم) ഇങ്ങനെ പഠിപ്പിക്കുകയുണ്ടായി: പാപപങ്കിലമായ ജീവിതം തുടര്‍ന്നു കൊണ്ടേയി രിക്കേ ഒരാള്‍ക്ക് അല്ലാഹു വര്‍ധിതമായ അനുഗ്രഹങ്ങള്‍ നല്‍കുന്നതായികണ്ടാല്‍ അപകടവലയത്തില കപ്പെടുത്താനുള്ള പരീക്ഷണമാണ് അത് എന്ന് മനസ്സിലാക്കണം. തുടര്‍ന്നു ഈ നാല്‍പത്തിനാലാം സൂക്തം നബി പാരായണം ചെയ്യുകയുണ്ടായി. (അഹ്‍മദ്-മുസ്‌നദ്).

--------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter