അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 45-51) ദ്വയാര്‍ഥ വാക്യങ്ങള്‍, ആത്മപ്രശംസ

വേദക്കാരെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്.  അത് തുടരുകയാണ്. സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി  സന്മാര്‍ഗം ഉപേക്ഷിച്ച് ദുര്‍മാര്‍ഗം സ്വീകരിച്ചു എന്നാണ് അവസാനം പറഞ്ഞത്. മുഅ്മിനീങ്ങള്‍ വഴിപിഴച്ചു കാണാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

ഇനി പറയുന്നത്, ഇതൊക്കെയാണവരുടെ ഉള്ളിലിരുപ്പ് എന്നതുകൊണ്ടുതന്നെ അവര്‍ സത്യവിശ്വാസികളുടെ ശത്രുക്കളാണെന്നാണ്. ഈ യാഥാര്‍ത്ഥ്യം അല്ലാഹുവിന് നന്നായി അറിയാം. അതുകൊണ്ട്, സത്യവിശ്വാസികള്‍ അവരെ വിശ്വസിക്കുകയും മിത്രങ്ങളും സഹകാരികളുമായി ഗണിക്കുകയും ചെയ്യരുത്. മുസ്‌ലിംകള്‍ക്ക് രക്ഷകനും സഹായിയുമായി അല്ലാഹു തന്നെ മതി.

وَاللَّهُ أَعْلَمُ بِأَعْدَائِكُمْ ۚ وَكَفَىٰ بِاللَّهِ وَلِيًّا وَكَفَىٰ بِاللَّهِ نَصِيرًا(45)

നിങ്ങളുടെ ശത്രുക്കളെപ്പറ്റി അല്ലാഹുവിനു നന്നായറിയാം. സംരക്ഷകനും സഹായിയുമായി അല്ലാഹു തന്നെ മതി 

 

وَاللَّهُ أَعْلَمُ بِأَعْدَائِكُمْ

അല്ലാഹുവിന്നല്ലേ ശത്രുക്കളാരാണെന്നും അല്ലെന്നുമൊക്കെ പൂര്‍ണമായി അറിയുകയുള്ളൂ, നമുക്കറിയാന്‍ കഴിയില്ലല്ലോ. ഉള്ളില്‍ ശത്രുതയൊളിപ്പിച്ചുവെച്ച് പുറമെ ചിരിച്ചുകളിച്ച് കൂടെക്കൂടുന്നവര്‍ ധാരാളമുണ്ടല്ലോ.

وَكَفَىٰ بِاللَّهِ وَلِيًّا وَكَفَىٰ بِاللَّهِ نَصِيرًا

സംരക്ഷകനും സഹായിയുമായി അല്ലാഹു തന്നെ മതി. അല്ലാഹു സഹായിക്കും. സംരക്ഷിക്കും. നിങ്ങള്‍ ചെയ്യേണ്ടത് ചെയ്താല്‍ മതി. 

ആയാതുല്‍ കിഫായ എന്ന് അറിയപ്പെടുന്ന ഇത്തരം ആയത്തുകള്‍ 7 എണ്ണമുണ്ട്. പ്രശ്നപരിഹാരങ്ങള്‍ക്കും രോശമനത്തിനും ഈ ആയത്തുകള്‍ ഓതിയാല്‍ ഫലമുണ്ടെന്നും പണ്ഡിതര്‍ പറയുന്നുണ്ട്.

കിഫായത്തിന്‍റെ ആയത്തുകള്‍:

﴿... وَكَفَى بِاللَّهِ حَسِيبًا﴾ النساء: 6
﴿كَفَى بِاللَّهِ وَلِيًّا وَكَفَى بِاللَّهِ نَصِيرًا﴾ النساء: 45

﴿ذَلِكَ الْفَضْلُ مِنَ اللَّهِ وَكَفَى بِاللَّهِ عَلِيمًا﴾ النساء: 70
 وَأَرْسَلْنَاكَ لِلنَّاسِ رَسُولًا وَكَفَى بِاللَّهِ شَهِيدًا﴾ النساء: 79
 ﴿...َأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى اللَّهِ وَكَفَى بِاللَّهِ وَكِيلًا﴾ النساء: 81
 ﴿وَكَفَى بِهِ بِذُنُوبِ عِبَادِهِ خَبِيرًا﴾ الفرقان: 58
 ﴿فَسَيَكْفِيكَهُمُ اللَّهُ وَهُوَ السَّمِيعُ الْعَلِيمُ﴾ البقرة: 137

അല്ലാഹുവിന്‍റെ വിവിധ പേരുകളുമായി ചേര്‍ത്താണ് ഈ കിഫായത്ത് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞത് എന്നതുതന്നെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ മനസ്സമാധാനവും ആശ്വാസവും നല്‍കുന്നതാണ്. നിങ്ങള്‍ പേടിക്കേണ്ട, സമാധാനമായിരുന്നോളൂ, എല്ലാം കണ്ടും കേട്ടും അറിഞ്ഞും സാക്ഷിയായും സഹായിയായും സംരക്ഷകനായും ഞാനുണ്ട് കൂടെ എന്നാണ് കാരുണ്യവാനായ അല്ലാഹു നമ്മോട് പറയുന്നത്.

وَكَفَىٰ بِاللَّهِ وَلِيًّا وَكَفَىٰ بِاللَّهِ نَصِيرًا

റബ്ബ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നാണ് പറഞ്ഞത്. ബാങ്ക് ബാലന്‍സ് കാക്കുമെന്നല്ല. സ്വത്തും പറമ്പും ജോലിയും മക്കളും കുടുംബവും കാക്കുമെന്നുമല്ല.

ഇപ്പറഞ്ഞതൊന്നും, മക്കളടക്കം നമ്മളെ കാത്തുസംരക്ഷിക്കുകയല്ലോ ചെയ്യുന്നത്. നമ്മളങ്ങോട്ട് കാത്തുകൊണ്ടിരിക്കുയല്ലേ... സ്വത്ത് പോകാതെ, ജോലി നഷ്ടപ്പെടാതെ നോക്കുകയാണ്. മക്കളെക്കുറിച്ച് ടെന്‍ഷനാണ്, വല്ല കുരുത്തക്കേടുകളുമൊപ്പിക്കുമെന്നോ എന്നോര്‍ത്ത് പേടിയാണ്.

മക്കളുണ്ടല്ലോ, പ്രായമാകുമ്പോള്‍ അവര്‍ നോക്കിക്കോളുമെന്ന് കരുതി സമാധാനിക്കേണ്ട. മക്കളല്ല, റബ്ബാണ് നോക്കുന്നത്. ഇതുവരെ നോക്കിയ റബ്ബുതന്നെ വയസ്സുകാലത്തും നോക്കും. പലരുടെ കാര്യത്തിലും ഏറ്റവ്യത്യാസങ്ങളുണ്ടാകുമെന്ന് മാത്രം...

ഇതങ്ങോട്ട് ഉറപ്പിക്കുക. എനിക്കെന്‍റെ റബ്ബ് മാത്രമേയുള്ളൂ. എല്ലാം അവനില്‍ ഭരമേല്‍പിക്കുക. അങ്ങനെയെങ്കില്‍ എല്ലാറ്റിനുമുള്ള വഴികള്‍ അവനൊരുക്കിത്തരും, പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള വഴികള്‍ നമ്മളറിയാതെ തുറന്നുകിട്ടും, നമ്മെയവന്‍ കാത്തു സംരക്ഷിക്കുകയും ചെയ്യും. വേറെ ആര്, എന്തൊക്കെ, എങ്ങനെയൊക്കെ നമുക്കെതിരെ തിരിഞ്ഞാലും പ്രശ്നമാക്കേണ്ടതില്ല.

 

അടുത്ത ആയത്ത് 46

ഇസ്‌ലാമിനോടും തിരുനബി صلى الله عليه وسلم യോടും സഹാബികളോടും  യഹൂദികള്‍ക്കുണ്ടായിരുന്ന കഠിന ശത്രുതയും അവരുടെ കുത്സിതപ്രവൃത്തികളുമാണ് ഇനി പറയുന്നത്.

അല്ലാഹു അവതരിപ്പിച്ച തൗറാത്തില്‍ നിന്നുള്ള വിവരങ്ങള്‍ കൈവശമുണ്ടായിട്ടും ജൂതന്മാര്‍ വഴിവിട്ടു സഞ്ചരിച്ചു. തിരുനബി صلى الله عليه وسلمയെ സംബന്ധിച്ച് തൗറാത്തിലുണ്ടായിരുന്ന പ്രസ്താവനകള്‍ ഭേദഗതി ചെയ്തു. വേദഗ്രന്ഥത്തിലെ പല കാര്യങ്ങളും മാറ്റിമറിക്കുകയും തങ്ങള്‍ക്കനുകൂലമാക്കി തിരുത്തി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കും. തിരുനബി (صلى الله عليه وسلم)യില്‍ നിന്നും കേള്‍ക്കുന്ന വാക്കുകളും മാറ്റിമറിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യും.

തിരുനബി(صلى الله عليه وسلم)യെ അധിക്ഷേപിക്കാനും ചീത്തപറയാനും പരിഹസിക്കാനും വലിയ താല്‍പര്യമായിരുന്നു അവര്‍ക്ക്. കിട്ടുന്ന ഏത് വടികൊണ്ടും തിരുനബി صلى الله عليه وسلمയെ അടിക്കുകയായിരുന്നു അവരുടെ രീതി. 

 

കേള്‍ക്കുമ്പോള്‍ നല്ലതെന്ന് തോന്നുന്ന, യഥാര്‍ത്ഥത്തില്‍ മോശം അര്‍ത്ഥമുള്ള ദ്വയാര്‍ത്ഥമുള്ള  ചില വാക്കുകള്‍ തിരുനബി (صلى الله عليه وسلم)ക്കു നേരെ അവര്‍ പ്രയോഗിക്കും.

 

ഇതിന് മൂന്നു ഉദാഹരണങ്ങളും പറയുന്നുണ്ട്.

 

(1) സത്യവിശ്വാസികളെ തിരുനബി (صلى الله عليه وسلم) ഉപദേശിക്കുമ്പോള്‍ അവര്‍ سَمِعْنَا وَأَطَعْنَا (ഞങ്ങള്‍ കേട്ടു, അനുസരിച്ചു) എന്ന് പറയാറുണ്ടായിരുന്നു. ഇത് അല്‍പം വക്രീകരിച്ച് سَمِعْنَا وَعَصَيْنَا (ഞങ്ങള്‍ കേട്ടു, ധിക്കരിക്കുന്നു- അനുസരിക്കില്ല) എന്നവര്‍ തട്ടിവിടും. ഒന്നുകില്‍, سَمِعْنَا എന്ന വാക്ക് ഉറക്കെയും عَصَيْنَا എന്ന വാക്ക് പതുക്കെയുമായിരിക്കും പറയുക. അല്ലെങ്കില്‍, أَطَعْنَا എന്നാണെന്നു തോന്നിപ്പിക്കുംവിധം നാവൊന്നു വളച്ചുതിരിച്ചായിരിക്കും عَصَيْنَا എന്ന് പറയുന്നത്.

കേട്ടു, അനുസരിച്ചു എന്നല്ലേ പറയേണ്ടത്. കേട്ടു, പക്ഷേ, അനുസരിക്കില്ല എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തൊരു എന്തൊരു അപമാനമായിരിക്കും അല്ലേ.

 

(2) اسْمَعْ غَيْرَ مُسْمَعٍ രണ്ടര്‍ത്ഥങ്ങള്‍ ഇതിനുണ്ട് – പ്രശംസയുമാകാം, പരിഹാസവുമാകാം. 'ഞങ്ങളുടെ ആവലാതികള്‍ കേള്‍ക്കുക; താങ്കള്‍ ഇഷ്ടപ്പെടാത്ത ഒന്നും താങ്കള്‍ കേള്‍ക്കാതിരിക്കട്ടെ' എന്നാണൊരര്‍ത്ഥം, ഇത് പ്രശംസയാണല്ലോ. 'താങ്കള്‍ കേള്‍ക്കുക, താങ്കളുടെ ചെവി പൊട്ടിപ്പോകട്ടെ, ബധിരത വരട്ടെ, താങ്കളെ ആരും അനുസരിക്കാതിരിക്കട്ടെ' എന്നാണ് മറ്റൊരര്‍ത്ഥം. ഇത് പരിഹാസമാണെന്ന് പറയേണ്ടതില്ല.

രണ്ടാമത്തെ ദുരര്‍ത്ഥം ഉദ്ദേശിച്ചാണ് ഇവര്‍ തിരുനബി (صلى الله عليه وسلم) യോട് അത് പറയാറുള്ളത്. ഇതില്‍ اسْمَعْ (താങ്കള്‍ കേള്‍ക്കണം) എന്ന വാക്ക് മാത്രം പറയുമ്പോള്‍ ഈ ദ്വയാര്‍ത്ഥം വരികയില്ല.

(3) رَاعِنَا -‘ഞങ്ങളെ ഗൗനിക്കണം’ എന്നും, ‘വിഡ്ഢി’ എന്നും അര്‍ഥം വരാവുന്ന വാക്കാണിത്. പ്രത്യക്ഷത്തില്‍ മര്യാദ തോന്നിക്കുന്ന വാക്ക്, പക്ഷേ, യഥാര്‍ഥത്തില്‍ ദുരുദ്ദേശ്യമാണവര്‍ക്കുള്ളത്.

(സൂറത്തുല്‍ ബഖറ 104 ല്‍ ഇതുസംബന്ധമായി വിശദീകരിച്ചിട്ടുണ്ട് - ഈ പദം പ്രയോഗിക്കരുതെന്ന് മുസ്‍ലിംകളോടുതന്നെ അല്ലാഹു പറഞ്ഞത് നാമവിടെ പഠിച്ചിരുന്നു. " يَا أَيّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا اُنْظُرْنَا "(بقرة 104))

ഇതെല്ലാം സന്ദര്‍ഭമനുസരിച്ചു തന്ത്രപൂര്‍വ്വം വളച്ചുതിരിച്ച് പറയുകയാണവര്‍ ചെയ്യുക. തിരുനബി (صلى الله عليه وسلم)യെയും ഇസ്‌ലാമിനെയും പരിഹസിക്കുകയാണവരുടെ ലക്ഷ്യം.

سَمِعْنَا وَعَصَيْنَا എന്നിടത്ത് سَمِعْنَا وَأَطَعْنَا എന്നും, اسْمَعْ غَيْرَ مُسْمَعٍ എന്നിടത്ത് غَيْرَ مُسْمَعٍ എന്നു പറയാതെ اسْمَعْ എന്നു മാത്രം പറയുകയും, رَاعِنَا എന്നതിനു പകരം انْظُرْنَا എന്ന് പറയുകയുമായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതവര്‍ക്കുതന്നെ ഗുണകരമാവുകയും നല്ല വാക്കാവുകയും ചെയ്യുമായിരുന്നു. സത്യവിശ്വാസത്തിന്‍റെ ലക്ഷണവും തിരുനബി (صلى الله عليه وسلم)യോടും സത്യമതത്തോടുമുള്ള ആദരവും കൂടിയാണല്ലോ അത്. പക്ഷേ, അഭിശപ്തരായ അവരുണ്ടോ അതിനു തയ്യാറാകുന്നു?!

مِنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَاسْمَعْ غَيْرَ مُسْمَعٍ وَرَاعِنَا لَيًّا بِأَلْسِنَتِهِمْ وَطَعْنًا فِي الدِّينِ ۚ وَلَوْ أَنَّهُمْ قَالُوا سَمِعْنَا وَأَطَعْنَا وَاسْمَعْ وَانْظُرْنَا لَكَانَ خَيْرًا لَهُمْ وَأَقْوَمَ وَلَٰكِنْ لَعَنَهُمُ اللَّهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا (46)

 

ജൂതന്മാരില്‍ പെട്ട ചിലര്‍ വാക്കുകള്‍ സ്ഥാനഭ്രംശം വരുത്തുകയാണ്. നാവുകള്‍ വക്രീകരിച്ചും മതത്തെയധിക്ഷേപിച്ചും അവരിങ്ങനെ ജല്‍പിക്കും: ഞങ്ങള്‍ കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്യുന്നു; നീ ശ്രവിക്കുക, നിനക്കു കേള്‍ക്കാന്‍ കഴിയാതിരിക്കട്ടെ (ചെവി പൊട്ടിപ്പോകട്ടെ, ആരും അനുസരിക്കാതിരിക്കട്ടെ); റാഇനാ എന്നും അവര്‍ പറയും. എന്നാല്‍, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; താങ്കള്‍ ശ്രവിക്കുകയും ഞങ്ങളെ ശ്രദ്ധിക്കുകയും ചെയ്താലും... എന്ന് അവര്‍ ബോധിപ്പിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഋജുവും ഉദാത്തവുമായിരുന്നു.  പക്ഷെ, തങ്ങളുടെ സത്യ നിഷേധം നിമിത്തം അവരെ ശപിച്ചിരിക്കുകയാണ് അല്ലാഹു. തന്മൂലം വളരെക്കുറച്ചേ അവര്‍ വിശ്വസിക്കൂ!

 

തിരുനബി (صلى الله عليه وسلم) യുടെ അധ്യാപനങ്ങള്‍ ശ്രവിക്കലും ഉള്‍ക്കൊള്ളലും അവിടത്തെ അനുസരിക്കലുമാണ് സത്യവിശ്വാസത്തിന്‍റെ അടിത്തറയെന്ന് ഇവിടെ വ്യക്തമാക്കിയത് പ്രത്യേകം ശ്രദ്ധേയമാണ്.

അടുത്ത ആയത്ത് 47

അബ്ദുല്ലാഹിബ്നു സ്വൂരിയ്യാ, കഅ്ബുബ്നു അസദ് അടക്കമുള്ള ജൂതപണ്ഡിതരെ തിരുനബി صلى الله عليه وسلم ഒരിക്കല്‍ ഉപദേശിച്ചു: ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. മുസ്‍ലിംകളാകണം. ഞാന്‍ കൊണ്ടുവന്ന ദൌത്യം സത്യമാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.’

‘ഏയ്, ഞങ്ങള്‍ക്കതൊന്നും അറിയില്ല’ എന്ന് ധിക്കാരപൂര്‍വം മറുപടി  പറയുകയാണവര്‍ ചെയ്തത്. തത്സമയമാണീ ആയത്ത് അവതരിച്ചത്.

യഹൂദികളെ താക്കീത് ചെയ്യുകയാണല്ലാഹു. തിരുനബി صلى الله عليه وسلم യെ അംഗീകരിക്കാത്ത നിങ്ങളുടെ മുഖങ്ങള്‍ മുന്‍ഭാഗത്തുനിന്ന് തുടച്ചുനീക്കി പിന്‍ഭാഗത്തേക്കാക്കുകയോ, അല്ലെങ്കില്‍ ശനിയാഴ്ചയുടെ (ശബ്ബത്തിന്‍റെ) ആളുകളെ ശപിച്ചതുപോലെ ശപിക്കുകയോ ചെയ്‌തേക്കാം. അവര്‍ക്കെന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതിന് ഇട വരുത്താതിരിക്കുകയാണ് നിങ്ങള്‍ക്ക് നല്ലത്. അല്ലാഹു നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഏത് കാര്യവും നടപ്പില്‍വരിക തന്നെ ചെയ്യും. ഈ രണ്ടാലൊരു ശിക്ഷ വരുന്നതിനുമുമ്പ് നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക.

 

 يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا لِمَا مَعَكُمْ مِنْ قَبْلِ أَنْ نَطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰ أَدْبَارِهَا أَوْ نَلْعَنَهُمْ كَمَا لَعَنَّا أَصْحَابَ السَّبْتِ ۚ وَكَانَ أَمْرُ اللَّهِ مَفْعُولًا (47)

ഹേ വേദം നല്‍കപ്പെട്ടവരേ, നിങ്ങള്‍ വശമുള്ള ഗ്രന്ഥത്തെ ശരിവെക്കുന്നതായി നാമവതരിപ്പിച്ച ഖുര്‍ആനില്‍ വിശ്വസിക്കുക-ചില മുഖങ്ങള്‍ നാം മായ്ച്ചുകളഞ്ഞ് പുറകിലേക്കു മാറ്റുകയോ, ശാബ്ബത്തുകാരെയെന്ന പോലെ അവരെയും ശപിക്കുകയോ ചെയ്യും മുമ്പ്. അല്ലാഹുവിന്‍റെ കല്‍പന പ്രയോഗവല്‍കരിക്കപ്പെടുക തന്നെ ചെയ്യുന്നതാണ്.

 

മുഖങ്ങള്‍ മായ്ച്ച് പുറകിലേക്ക് മാറ്റുക എന്നാല്‍ മനുഷ്യന്‍റെ കോലം മാറ്റുക എന്നു താല്‍പര്യം. കണ്ണ്, മൂക്ക് മുതലായ അവയവങ്ങളെടുത്തുകളഞ്ഞ് മുഖം തലയുടെ പിന്‍ഭാഗം പോലെയാക്കുക, മുന്‍ഭാഗത്തു നിന്നതുമാറ്റി പിന്നിലേക്കാക്കുക എന്നെല്ലാമിവിടെ വ്യാഖ്യാനമുണ്ട്.

 

അലങ്കാരരൂപത്തിലുള്ള ഒരു പ്രയോഗമാണതെന്ന് ചില മുഫസ്സിറുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ വിശ്വസിക്കാത്തപക്ഷം, ഇന്നത്തെക്കാള്‍ നിന്ദാവഹമായ ഒരവസ്ഥയിലേക്ക് അല്ലാഹു നിങ്ങളെ എത്തിക്കും. നിങ്ങളുടെ പുരോഗതി തടഞ്ഞ് അധഃപതനം നല്‍കും എന്നയിരിക്കുമപ്പോള്‍ അര്‍ത്ഥം.

ശാബ്ബത്തുകാരെപ്പറ്റി സൂറത്തുല്‍ ബഖറ 65,66 ആയത്തുകളില്‍ നമ്മള്‍ പഠിച്ചിരുന്നല്ലോ (സൂറത്തുല്‍ അഅ്‌റാഫ് 163 – 166ല്‍ വരുന്നുമുണ്ട്). അവര്‍ക്കുണ്ടായ അതേ അനുഭവം (കുരങ്ങുകളും പന്നികളുമാക്കി കോലം മാറ്റിയ അനുഭവം), ഈ ലോകത്തുവെച്ചുതന്നെ നിങ്ങളെ അനുഭവിപ്പിക്കുകയും, ഖിയാമത്ത് നാളില്‍ നിങ്ങളുടെ മുഖം പിന്നോട്ടാക്കി ശിക്ഷിക്കുകയും ചെയ്യുമെന്ന് നിങ്ങള്‍ ഓര്‍ക്കണം- ഇങ്ങനെയും വ്യാഖ്യാനമുണ്ട്. മുഖം പിന്നോട്ടാക്കുകയെന്നത് ഖിയാമത്തു നാളില്‍ ഉണ്ടാവാന്‍ പോകുന്ന സംഭവമാണെന്നാണ് ഇമാം റാസീ (رحمه الله) യുടെ അഭിപ്രായം.

കാര്യം മനസ്സിലായ  പല ജൂതന്മാരും ഈ ആയത്ത് കേട്ടപാടെ സത്യവിശ്വാസം സ്വീകരിച്ചിട്ടുണ്ട്.

അടുത്ത ആയത്ത് 48

യഹൂദികളെക്കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ മുശ്‌രിക്കുകള്‍ എന്ന പേരില്‍ പൊതുവെ അറിയപ്പെടാറില്ലെങ്കിലും, മക്കാമുശ്‍രിക്കുകളെപ്പോലെത്തന്നെ, ശിര്‍ക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവരിലും നിലവിലുണ്ട്.

രണ്ടു കാര്യങ്ങള്‍ അല്ലാഹുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഉസൈര്‍ എന്നവര്‍ അല്ലാഹുവിന്‍റെ പുത്രനാണെന്ന അവരുടെ വാദവും, പുരോഹിത പണ്ഡിതന്മാരെ അവര്‍ റബ്ബുകളാക്കിവെച്ച കാര്യവും. അതായത്, പണ്ഡിതരുടെ വിധിവിലക്കുകള്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പോലെയാക്കിയ കാര്യം.

ക്രിസ്ത്യാനികളാണെങ്കില്‍, ഈസാ (عليه السلام) അല്ലാഹുവിന്‍റെ പുത്രനാണെന്ന് പറഞ്ഞവരാണ്. അവരുടെ മതത്തിന്‍റെ അടിസ്ഥാന തത്വമായി ആ വാദം അംഗീകരിച്ചുവരുന്നവരാണ്.

ഇതെല്ലാം സൂചിപ്പിച്ച് ഇനി അല്ലാഹു പറയുന്നതിതാണ്: ശിര്‍ക്ക് ഗുരുതരമായ കുറ്റമാണ്. ശിര്‍ക്കല്ലാത്ത ഏത് പാപങ്ങളും താനുദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും.

 

ഇതേ സൂറയിലെതന്നെ 116 ആം ആയത്തിലും ഇതേ വാക്കുകള്‍ അല്ലാഹു ആവര്‍ത്തിച്ചു പറയുന്നുണ്ട്.

 

 إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ ۚ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا (48)

തനിക്കു പങ്കാളികളെ സ്ഥാപിക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല തന്നെമറ്റുപാപങ്ങള്‍ താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. അല്ലാഹുവിനോട് ആരെങ്കിലും പങ്കുചേര്‍ത്താല്‍ ഗുരുതരമായ പാതകം തന്നെയാണവന്‍ കെട്ടിച്ചമച്ചത്.

 

ശിര്‍ക്ക് പൊറുക്കില്ല എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം, ശരിയായ പശ്ചാത്താപം കൂടാതെ പൊറുക്കില്ല എന്നേ ഉള്ളൂ. അനേകവര്‍ഷം ദൈവ നിഷേധത്തിലും ബഹുദൈവവിശ്വാസത്തിലും ജീവിച്ചവര്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതോടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുമെന്നത് സര്‍വാംഗീകൃതമാണല്ലോ.

 

മറ്റു പാപങ്ങള്‍ താനുദ്ദേശിക്കുന്നവര്‍ക്ക്,  തൗബ കൂടാതെ തന്നെ അല്ലാഹു മാപ്പാക്കിക്കൊടുക്കാവുന്നതാണ്. അതവന്‍റെ ഔദാര്യമാണ്; കടമയല്ല. അതുകൊണ്ടാണ് തെറ്റുകളില്‍നിന്നു ഖേദിച്ചു മടങ്ങാനും, ആ ഔദാര്യത്തിനു വേണ്ടി – പാപമോചനത്തിനുവേണ്ടി – പ്രാര്‍ഥിക്കാനും നമ്മളോട് അനശാസിക്കപ്പെട്ടിരിക്കുന്നത്. 

 

മഹാനായ അലിയ്യുബ്നു അബീഥാലിബ് رضي الله عنه  വിന് ഏറ്റവും ഇഷ്ടള്ള ആയത്തുകൂടിയാണിത്.

عن علي بن أبي طالب قال: ما في القرآن آية أحب إلي من هذه الآية-  ) إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ (- ترمذي

അടുത്ത ആയത്ത് 49

 

യഹൂദികളുടെ മറ്റൊരു ദുഷിച്ച ചിന്താഗതിയെക്കുറിച്ചാണിനി പറയുന്നത്. അതായത്, ആത്മ പ്രശംസ. തങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടക്കാരുമാണ്. തങ്ങള്‍ക്ക് മാത്രമാണ് സ്വര്‍ഗം. മറ്റുള്ളവരെല്ലാം മ്ലേച്ഛരും പാപികളും നരകക്കാരുമാണ് – ഇങ്ങനെയെല്ലാമവര്‍ വാദിച്ചിരുന്നു.

 

ഈ വാദം തെറ്റാണ്. പരിശുദ്ധരെന്നു സ്വയം പറഞ്ഞുനടന്നതുകൊണ്ട് ആരും പരിശുദ്ധരാവുകയില്ല. അല്ലാഹു പരിശുദ്ധരാക്കിയവര്‍ മാത്രമേ അങ്ങനെയാകൂ. അവനാകട്ടെ, ആരോടും അനീതിയോ പക്ഷഭേദമോ കാണിക്കാറുമില്ല. പരിശുദ്ധരാക്കപ്പെടാന്‍ അര്‍ഹര്‍ ആരാണെന്നും അല്ലാത്തവരാരാണെന്നും അവന്നറിയാം. അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

 أَلَمْ تَرَ إِلَى الَّذِينَ يُزَكُّونَ أَنْفُسَهُمْ ۚ بَلِ اللَّهُ يُزَكِّي مَنْ يَشَاءُ وَلَا يُظْلَمُونَ فَتِيلًا (49)

തങ്ങള്‍ വിശുദ്ധരാണെന്നവകാശപ്പെടുന്നവരെ താങ്കള്‍ കണ്ടില്ലേ? എന്നാല്‍ അതു ശരിയല്ല, താനുദ്ദേശിക്കുന്നവരെ അല്ലാഹു പരിശുദ്ധരാക്കുന്നു; അവര്‍ അല്‍പം പോലും ദ്രോഹിക്കപ്പെടുന്നതല്ല.

 

فَتِيلًا  - വളരെ തുച്ഛം എന്നാണര്‍ത്ഥം. ‘തരിമ്പും, കടുകുമണിയോളം’ എന്നൊക്കെ മലയാളത്തില്‍ പറയാറില്ലേ, അതുപോലെ.

 

ഇതേ അര്‍ത്ഥമുള്ള വേറെയും 2 പദങ്ങളുണ്ട് – ഖിഥ്മീറും നഖീറും. സൂറത്തു ഫാത്വിര്‍ 13 ലും ഈ സൂറത്തിലെതന്നെ 53ലും യഥാക്രമം ഇവ ഉപയോഗിക്കപ്പെിട്ടുണ്ട്. വേറെയും പല സ്ഥലങ്ങളിലുമുണ്ട്.

 

എല്ലാം ഈത്തപ്പഴത്തിന്‍റെ കുരുവുമായി ബന്ധപ്പെട്ട പദങ്ങളാണ്. ഈത്തപ്പഴക്കുരുവിനെ പൊതിഞ്ഞു നില്‍ക്കുന്ന, ഉണങ്ങിയ ഉള്ളിത്തൊലിപോലെയുള്ള നേരിയ പാടക്കാണ് قِطْمِير എന്ന് പറയുക.

 

അതിന്‍റെ മുതുകു ഭാഗത്തു ഒരു കുത്തുപോലെ കാണുന്ന കുഴിയാണ് نَقِير. അതിന്‍റെ പള്ളഭാഗത്തുള്ള ചെറിയൊരു ചാലില്ലേ, ആ ചാലിലുണ്ടാകുന്ന നേരിയ നാരുപോലെയുള്ള തിരിയാണ് فَتِيل.

 

സ്വയം പുകഴ്ത്തുക, മറ്റുള്ളവര്‍ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുക – രണ്ടും മോശം സ്വഭാവങ്ങളാണ്. ഈ സ്വഭാവമുള്ള എല്ലാവര്‍ക്കും ബാധകമാണീ ആയത്ത്.

 

ഇന്നത്തെ കാലത്ത്, വല്ലാതെ വ്യാപകമായൊരു അതീവ ഗുരുതരമായ കാര്യമാണിത്. സമൂഹത്തിന്‍റെ ഉന്നതങ്ങളിലുള്ളവര്‍ മുതല്‍ താഴെക്കിടയിലുള്ളവര്‍ വരെ ഇതില്‍ നിന്നൊഴിവല്ല. ആദരിക്കല്‍ ചടങ്ങുകളും സ്വീകരണ മാമാങ്കങ്ങളും പൊടിപൊടിക്കുന്നത് സര്‍വസാധാരണമാണല്ലോ.

 

പ്രോത്സാഹനങ്ങള്‍ക്കും മറ്റും പലപ്പോഴുമത് അതാവശ്യമായി വരുമെന്നത് ശരിതന്നെ. പക്ഷേ, അപ്പോഴെല്ലാം അഹങ്കാരമോ താന്‍പോരിമയോ ഒന്നുമില്ലാതെ, നല്ല നിയ്യത്തോടെ വളരെ മാന്യമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. വേദിയിലിരുത്തിയും അല്ലാതെയും, ഉള്ളതും ഇല്ലാത്തതുമൊക്കെ പറഞ്ഞ് കാടുകയറി പുകഴ്ത്തുന്നതും ഫ്ളയറുകളും പോസ്റ്ററുകളും മറ്റും അടിച്ചിറക്കി അഹങ്കാരത്തിലേക്ക് വഴിയൊരുക്കുന്നതും  ഭൂഷണമേയല്ല. നിരവധി ഹദീസുകളും മറ്റും ഇതുസംബന്ധമായി താക്കീത് നല്‍കിയിട്ടുണ്ട്.

 

അല്ലാഹുവിനല്ലേ അറിയൂ, നമ്മുടെ ഉളളുകള്ളികള്‍. മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ വിചാരിച്ചാലും പുകഴ്ത്തിപ്പറഞ്ഞാലും, പടച്ചോനും നമ്മളും തമ്മിലുള്ള ബന്ധം നമുക്കും അവുമല്ലേ അറിയൂ. അതൊക്കെ ആലോചിക്കുമ്പോള്‍ എങ്ങനെയാണ് സ്വയം പുകഴ്ത്താനും മറ്റുള്ളവര്‍ പുകഴ്ത്തുന്നത് കേട്ടിരിക്കാനും കഴിയുക?!

 

അടുത്ത ആയത്ത് 50

 

യഹൂദികള്‍ അല്ലാഹുവിന്‍റെ നിയമങ്ങള്‍ ധിക്കരിച്ചു എന്ന കാരണത്താല്‍, അവരെയവന്‍ ശുദ്ധീകരിക്കില്ലെന്നും മേല്‍പറഞ്ഞപോലെയുള്ള അവരുടെ വാദങ്ങളെല്ലാം അല്ലാഹുവിന്‍റെ മേല്‍ തനികള്ളം ആരോപിച്ചതാണെന്നുമാണ് ഇനി പറയുന്നത്.

 

 انْظُرْ كَيْفَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَكَفَىٰ بِهِ إِثْمًا مُبِينًا (50)

അല്ലാഹുവിന്‍റെ മേല്‍ എങ്ങനെയൊക്കെയാണവര്‍ വ്യാജം കെട്ടിച്ചമക്കുന്നതെന്ന് നോക്കൂ. സ്പഷ്ടാപരാധമായി അതുതന്നെ ധാരാളം!

 

ആത്മപ്രശംസ തന്നെ തെറ്റാണ്. അത്, അല്ലാഹുവിന്‍റെ പേരില്‍ ഇല്ലാത്തത് കെട്ടിച്ചമച്ചിട്ടുകൂടിയാകുമ്പോള്‍, വല്ലാത്ത കടുപ്പമായിപ്പോയില്ലേ? തനിച്ച ധിക്കാരമല്ലാതെ മറ്റെന്താണത്? - അതാണ് وَكَفَى بِهِ إِثْمًا مُبِينًا എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്.

 

അടുത്ത ആയത്ത്  51

 

ഉഹുദ് യുദ്ധത്തിനു ശേഷം, മുസ്‌ലിംകള്‍ക്കെതിരെ ഖുറൈശികളുമായി സഖ്യമുണ്ടാക്കാന്‍, ജൂതനേതാവായ കഅ്ബുബ്‌നുല്‍ അശ്‌റഫ് 70 പേരടങ്ങുന്നൊരു സംഘവുമായി മക്കയില്‍ വന്നു. ആ സംഭവുമായി ബന്ധപ്പെട്ടാണ് ഇനിയുള്ള ആയത്തിലെ പരാമര്‍ശങ്ങള്‍.

 

മക്കക്കാരുമായി ചര്‍ച്ച തുടങ്ങി. ഖുറൈശികള്‍ ചോദിച്ചു: നിങ്ങളും മുഹമ്മദും വേദം നല്കപ്പെട്ടവരാണ്, ഞങ്ങള്‍ക്ക് വേദമില്ല. ആ സ്ഥിതിക്ക് ഞങ്ങളെങ്ങനെയാണ് നിങ്ങളെ വിശ്വസിക്കുക? നിങ്ങളെ വിശ്വസിക്കണമെങ്കില്‍, ഞങ്ങളുടെ ബിംബങ്ങള്‍ക്ക് നിങ്ങള്‍ സുജൂദ് ചെയ്യണം! ജൂതന്മാരൊന്നും നോക്കിയില്ല; ബിംബങ്ങള്‍ക്കു മുന്നിലങ്ങ് സുജൂദ് ചെയ്തു!

 

വേദം നല്കപ്പെട്ട യഹൂദികളാണിങ്ങനെ തനിച്ച  ശിര്‍ക്ക് ചെയ്തത്! അവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തത്.

 

ഇനി പഠിക്കുന്ന 51 ആം ആയത്തില്‍ പറയുന്ന ജിബ്ത്തും ഥാഗൂത്തും  ഖുറൈശികളുടെ വിഗ്രഹങ്ങളായിരുന്നുവെന്നും ഈ ജൂതപൂരോഹിതര്‍ സുജൂദ് ചെയ്ത വിഗ്രഹങ്ങളായിരുന്നു അതെന്നും ചില മുഫസ്സിറുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

 

അതുപോലെത്തന്നെ ഈ ചര്‍ച്ചക്കിടയില്‍, മക്കക്കാരോട് – നിങ്ങളെക്കുറിച്ചും  മുഹമ്മദിനെക്കുറിച്ചും ഒരു വിവരണം നല്‍കണമെന്ന് യഹൂദികള്‍ ആവശ്യപ്പെട്ടുവത്രെ.

 

മക്കക്കാര്‍ ഇങ്ങനെയാണ് മറുപടി നല്‍കിയത്: കുടുംബബന്ധം പാലിക്കുക, ഹാജിമാര്‍ക്ക് ആതിഥ്യം നല്‍കുക, വിശുദ്ധ കഅ്ബ പരിപാലിക്കുക - ഇതൊക്കെയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങള്‍ ചെയ്യുന്ന ഈ ആചാരങ്ങള്‍ ആക്ഷേപിക്കുന്നതടക്കം നിരവധി അപരാധങ്ങള്‍ ചെയ്യുന്ന ആളാണ് തിരുനബി (صلى الله عليه وسلم)യെന്നും അവര്‍ ആരോപിച്ചു. ഇനി നിങ്ങള്‍ പറയൂ – ഞങ്ങളാണോ അതോ മുഹമ്മദാണോ സത്യത്തിന്‍റെ പക്ഷത്തുള്ളത്?

 

ഈ ചോദ്യം കേട്ടപ്പോള്‍, യഹൂദികളുടെ നേതാവായ കഅ്ബ് പറഞ്ഞത്രേ: നിങ്ങള്‍ തന്നെയാണ് സത്യത്തിന്‍റെ പക്ഷത്തുള്ളത്. (ഇസ്‌ലാം മതത്തെക്കാള്‍ ഖുറൈശികളുടെ ശിര്‍ക്കു മതം തന്നെയാണ് ഏറ്റവും നല്ലതെന്നര്‍ത്ഥം.) അപ്പോഴാണീ ഈ ആയത്തിറങ്ങിയത്.

 

ചര്‍ച്ചകള്‍ക്കൊടുവില്‍, മുസ്‍ലിംകള്‍ക്കെതിരെ അവര്‍ സഖ്യത്തിലേര്‍പ്പെടുകയും ചെയ്തു.

 

ഇങ്ങനെയൊക്കെ ചെയ്തത്, തിരുനബിക്കെതിരെ ഖുറൈശികളുമായി സഖ്യമുണ്ടാക്കിയ ഇവരുടെ മുന്‍കാല നിലപാടുകളെന്തായിരുന്നു? മുശ്‍രിക്കുകളോടവര്‍ പറയുമായിരുന്നു: ‘ഒരു നബി വരാനുണ്ട്, അദ്ദേഹമൊന്നിങ്ങോട്ട് വന്നോട്ടെ, ഞങ്ങളദ്ദേഹത്തെ പിന്തുടരും. എന്നിട്ട്, നിങ്ങള്‍ക്കെതിരെ ആ നബിയോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യും...’

 

നോക്കൂ, എന്തൊരു കരണം മറിച്ചിലാണവര്‍ മറിഞ്ഞത്...!

 

 

 أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيلًا (51)

വേദഗ്രന്ഥത്തില്‍ നിന്നുള്ള വൈജ്ഞാനിക വിഹിതം നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടില്ലേ? അവര്‍ ബിംബങ്ങളിലും പിശാചുക്കളിലും വിശ്വാസമര്‍പ്പിക്കുകയും, സത്യനിഷേധികളെപ്പറ്റി ഇവരാണ് മുഹമ്മദില്‍ വിശ്വസിച്ചവരെക്കാള്‍ ഏറെ സന്മാര്‍ഗപ്രാപ്തര്‍ എന്നു തട്ടിവിടുകയും ചെയ്യുന്നു.

جِبْت - ഒരു നന്മയുമില്ലാത്ത മിഥ്യ, ഒന്നിനും കൊള്ളാത്തത്, ദുഷ്ടം, ക്ഷുദ്രം എന്നൊക്കെ അര്‍ഥം നല്‍കാവുന്ന പദമാണ്. സിഹ്ര്‍, സിഹ്‍ര്‍ ചെയ്യുന്നയാള്‍, പ്രശ്‌നം നോക്കല്‍, പ്രശ്‌നം നോക്കുന്നയാള്‍, വിഗ്രഹം.... ഇങ്ങനെ പലതിനും ഈ പദം ഉപയോഗിക്കാറുണ്ട്.

طَاغُوت – ഇതിന്‍റെ അര്‍ത്ഥങ്ങളെക്കുറിച്ച് സൂറത്തുല്‍ ബഖറ 256 ല്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. കടുത്ത അനുസരണക്കേട് കാണിക്കുന്ന എല്ലാ ധിക്കാരികള്‍ക്കും, പിശാചുക്കള്‍ക്കും, അല്ലാഹു അല്ലാത്ത മറ്റെല്ലാ ആരാധ്യ വസ്തുക്കള്‍ക്കും ഇതുപയോഗിക്കാറുണ്ടെന്നാണവിടെ പറഞ്ഞിരുന്നത്.

ഏതായാലും, യഹൂദികളുടെ ഇത്തരം ദുഷ്ചെയ്തികളും മോശം ചിന്താഗതികളും കാരണം അല്ലാഹു അവരെ ശപിച്ചിട്ടുണ്ട എന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു രക്ഷയുമുണ്ടാകില്ല എന്നുമാണ് തുടര്‍ന്നു പറയുന്നത്. അടുത്ത പേജില്‍ പഠിക്കാം إن شاء الله

------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter