അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 113-119) പള്ളി പൊളിക്കുന്നവര്‍
സത്യത്തില്‍ യഹൂദികളും നസാറാക്കളും ബദ്ധവൈരികളാണ്. വളരെ ചുരുക്കം ചില കാര്യങ്ങളിലേ രണ്ടുകൂട്ടര്‍ക്കും യോജിപ്പുള്ളൂ. അതുകൊണ്ടുതന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആരോപണ-പ്രത്യാരാപോണങ്ങള്‍ പതിവാണ്. രണ്ടുകൂട്ടരും അവരവരുടെ മതത്തെക്കുറിച്ച് ആരോപണങ്ങളുന്നയിക്കും. അത്തരം ചില ആരോപണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ക്രിസ്ത്യാനികളുടെ മതം, പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ യുക്തിരഹിതമായ ചില തത്ത്വങ്ങളാണെന്നും അതിന് യാതൊരടിസ്ഥാനവും പ്രമാണവുമില്ലെന്ന് യഹൂദികള്‍ ആരോപിക്കും.
യഹൂദികളെപ്പറ്റി ഇതേപോലെ ക്രിസ്ത്യാനികളും പറയും: ജൂതരുടെ ദീന്‍ അര്‍ഥശൂന്യമാണ്. ജൂതമതത്തില്‍ കാമ്പ് എന്ന് പറയാന്‍ പറ്റുന്ന ഒന്നുമില്ല. കേവലം ചില ഭൌതിക വിഷയങ്ങളെക്കുറിച്ചുള്ള നിയമങ്ങളല്ലാതെ ആത്മീയമായി ഒന്നുമില്ല.
وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ وَهُمْ يَتْلُونَ الْكِتَابَ ۗ
ക്രിസ്ത്യാനികള്‍ക്ക് യാതൊരടസ്ഥാനമില്ലെന്ന് യഹൂദികളും, യഹൂദികള്‍ക്ക് യാതൊരടിസ്ഥാനവുമില്ലെന്ന് ക്രിസ്ത്യാനികളും പറയുന്നു. അവരാകട്ടെ വേദം വായിക്കുന്നുണ്ട്താനും.
كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ(113)
അപ്രകാരം, അവര്‍ പറയുന്നതുപോലെത്തന്നെ അറിവില്ലാത്തവര്‍ പറയുകയുണ്ടായിട്ടുണ്ട്. എന്നാല്‍, അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതിനെക്കുറിച്ച് അന്ത്യനാളില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്.
ഇങ്ങനെ അവര്‍ പരസ്പരം മതത്തെക്കുറിച്ച് ആരോപണം നടത്തിയിരുന്നത്, രണ്ടു കൂട്ടരും വേദം വായിച്ചുകൊണ്ടിരിക്കെ ആണ് എന്നതാണ് വലിയ അത്ഭുതം!
കാരണം, ശേഷം വരുന്ന പ്രവാചകന്‍മാരില്‍ വിശ്വസിക്കേണ്ടതിന്‍റെ ആവശ്യകതയും, ഈസാ (عليه السلام)ന്‍റെ വരവിനെക്കുറിച്ചുള്ള പ്രവചനവും തൗറാത്ത് കൈവശമുള്ള യഹൂദികള്‍ക്കറിയാം. മുന്‍ പ്രവാചകന്‍മാരെ നിഷേധിക്കാനല്ല -ശക്തിപ്പെടുത്താനാണ്- താന്‍ വന്നിരിക്കുന്നതെന്ന് ഈസാ (عليه السلام) പറഞ്ഞത് ഇന്‍ജീല്‍ കൈവശമുള്ള ക്രിസ്ത്യാനികള്‍ക്കും അറിയാം. എന്നിട്ടും അവര്‍ ഈ രൂപത്തില്‍ പരസ്പരം ആക്ഷേപിക്കുകയാണ്.
ഇതിങ്ങനെ കേട്ട് കേട്ട്, വേദങ്ങളെക്കുറിച്ചൊന്നും അറിവില്ലാത്ത യഹൂദ-നസാറാക്കളില്‍ പെട്ട സാധാരണക്കാരും ഇത് പറഞ്ഞു തുടങ്ങി. ക്രമേണ അറബി മുശ്രിക്കുകളും ഇതേറ്റുപറയാന്‍ തുടങ്ങി.
كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ
الذين لَايَعْلَمُونَ (അറിയാത്തവര്‍) എന്നു പറഞ്ഞത് അറബി മുശ്‌രിക്കുകളെ ഉദ്ദേശിച്ചാണെന്നാണ് അധിക വ്യാഖ്യാതാക്കളും പറയുന്നത്. തൗറാത്തിന് മുമ്പുള്ളവരെ ഉദ്ദേശിച്ചാണെന്ന് അഭിപ്രായപ്പെടുന്ന ചിലരുമുണ്ട്. ഇബ്‌നുജരീര്‍ (رحمه الله) പറയുന്നത്, ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചല്ല, വേദഗ്രന്ഥങ്ങളുമായി ബന്ധമില്ലാത്തവരെല്ലാം അതില്‍ ഉള്‍പ്പെടുമെന്നാണ്.
ഈ ആയത്തിറങ്ങാനുള്ള കാരണം:
ഇബ്‌നു അബ്ബാസ്(رضي الله عنه) പറയുന്നു: നജ്‌റാനില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ നബി (صلى الله عليه وسلم) യുടെ അടുത്തുവന്നപ്പോള്‍ ജൂതപുരോഹിതരും അവിടെ എത്തി. എന്നിട്ട് നബി (صلى الله عليه وسلم) യുടെ സന്നിധിയില്‍ വെച്ച് അവര്‍ തര്‍ക്കം തുടങ്ങി.
'നിങ്ങള്‍ക്ക് യാതൊരടിസ്ഥാനവുമില്ലെ'ന്ന് ജൂതനേതാവായ റാഫിഉബ്‌നു ഹര്‍മല ക്രിസ്ത്യാനികളോട് പറഞ്ഞു. ഈസാ നബി(عليه السلام)നെയും ഇന്‍ജീലിനെയും നിഷേധിക്കുകയും ചെയ്തു.
അപ്പോള്‍, നജ്‌റാനില്‍ നിന്ന് വന്ന ക്രിസ്ത്യാനികളിലൊരാള്‍ ജൂതരോട്, നിങ്ങള്‍ക്ക് യാതൊരടിസ്ഥാനവുമില്ല എന്ന് പറയുകയും മൂസാ നബി(عليه السلام)ന്‍റെ പ്രവാചകത്വവും തൗറാത്തും നിഷേധിക്കുകയും ചെയ്തു. അപ്പോഴാണ് ഈ സൂക്തം അവതരിച്ചത് (ഇബ്‌നു കസീര്‍, വാല്യം 1:155).
كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ
അറിവില്ലാത്തവരും ചിന്താശൂന്യരുമായ ചില സമുദായങ്ങളും പ്രസ്ഥാനക്കാരും മുമ്പ് ഇവരെപ്പോലെ വാദിച്ചിട്ടുണ്ട്. നിങ്ങളൊന്നുമല്ല, ഞങ്ങള്‍ മാത്രമാണ് ശരി. ഞങ്ങളുടെ കൂടെക്കൂടിയാല്‍ മാത്രമേ രക്ഷയുണ്ടാകൂ എന്നൊക്കെ പറഞ്ഞവര്‍.
ഇങ്ങനെ സങ്കുചിതമായ ആദര്‍ശമല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്.
നിങ്ങള്‍-ഞങ്ങള്‍ എന്ന് പറഞ്ഞ് തര്‍ക്കിക്കാനൊന്നും ഇല്ല. കാര്യം ഇത്രയേ ഉള്ളൂ: നമ്മളെ പടച്ച് നിയന്ത്രിച്ചുപോരുന്ന അല്ലാഹുവിന് എല്ലാകാര്യങ്ങളും സമര്‍പ്പിച്ച്, അവന്‍റെ നിയമവിധികള്‍ അനുസരിച്ച് ആരെല്ലാം ജീവിക്കുന്നുണ്ടോ, അവര്‍ക്കെല്ലാം മോക്ഷമുണ്ട്. എക്കാലത്തും പ്രസക്തമായ, സ്വീകാര്യമായ ഈയൊരു സിദ്ധാന്തമാണ് വിശുദ്ധ ദീന്‍ മുന്നോട്ടുവെക്കുന്നത്.
فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
ഏതായാലും, അന്ത്യനാള്‍ വരാനുണ്ടല്ലോ. അന്ന് എല്ലാ ടീമുകളെയും അല്ലാഹു വിചാരണ ചെയ്ത് ന്യായമായ തീരുമാനമെടുക്കും. അപ്പോഴറിയാം സത്യത്തിന്‍റെ ഭാഗത്ത് ആരായിരുന്നു, ആരുടെ വാദമായിരുന്നു ശരി എന്നൊക്കെ.
കാര്യം മനസ്സിലായിട്ടും, അല്ലെങ്കില്‍ മനസ്സിലാക്കാനുള്ള കഴിവുണ്ടായിട്ടും അതിന് മുതിരാതെ, വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഈ താക്കീത് ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അടുത്ത ആയത്ത് 114
അല്ലാഹുവിന്‍റെ പള്ളികളില്‍ അവന്‍റെ നാമം ഉച്ചരിക്കുന്നതും പ്രാര്‍ഥന നടത്തുന്നതും അകാരണമായി തടയുക എന്നത് വലിയ അക്രമമാണ്. അവനെ ആരാധിക്കാനായി നിര്‍മിച്ച പള്ളികളില്‍ ചെന്ന് ആരാധന തടയുക എന്നത്, യഥാര്‍ഥത്തില്‍ പള്ളികള്‍ നശിപ്പിക്കാന്‍ ശ്രമിക്കല്‍ തന്നെയാണല്ലോ. അത്തരം കടുംകൈ ചെയ്യുന്നവര്‍ക്ക് പരലോകത്ത് കനത്ത ശിക്ഷയാണുള്ളത്. തിക്തഫലം ഇഹലോകത്തുവെച്ചുതന്നെ നേരിടേണ്ടിവരികയും ചെയ്യും.
وَمَنْ أَظْلَمُ مِمَّنْ مَنَعَ مَسَاجِدَ اللَّهِ أَنْ يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَنْ يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ (114)
അല്ലാഹുവിന്‍റെ പള്ളികളില്‍ അവന്‍റെ നാമം ഉച്ചരിക്കുന്നത് തടയുകയും അതുവഴി അവയുടെ നാശത്തിന് പരിശ്രമിക്കുകയും ചെയ്യുന്നവരേക്കാള്‍ അക്രമി ആരുണ്ട്? ഭയപ്പെട്ടവരായിട്ടല്ലാതെ അവര്‍ക്കതില്‍ പ്രവേശിക്കാനാവില്ല. ഇഹലോകത്ത് വലിയ അപമാനവും പരലോകത്ത് കഠിന ശിക്ഷയുമുണ്ടവര്‍ക്ക്.
مَسْجِدٌ എന്നതിന്‍റെ ബഹുവചനമാണ് مَسَاجِد. സൂജുദ് ചെയ്യുന്ന സ്ഥലം എന്നാണ് വാക്കര്‍ത്ഥം. അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെടുന്ന പള്ളികള്‍ എന്ന് ഉദ്ദേശ്യം.
അവിടെ വെച്ച് അവന്‍റെ നാമം സ്മരിക്കപ്പെടുക എന്ന് പറഞ്ഞാല്‍, നമസ്‌കാരം, ദുആ മുതലായ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുക എന്നര്‍ത്ഥം.
خَرَاب എന്ന വാക്കിന് പാഴാകുക, നാശം എന്നൊക്കെയാണ് വാക്കര്‍ത്ഥം. പൊളിച്ചോ മറ്റോ കേടുപാടുവന്ന, ഉപയോഗിക്കാന്‍ പറ്റാത്ത വീടിനെക്കുറിച്ച് ഖറാബായ വീട് എന്നു പറയാറുണ്ട്.
പള്ളികളെപ്പറ്റി മൊത്തത്തിലാണ് ഇവിടെ പറഞ്ഞതെങ്കിലും, ഈ ആയത്തിറങ്ങാന്‍ ആസ്പദമായ സംഭവത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്.
മഹാനായ ഇമാം റാസി(رحمه الله) പറയുന്നത്: മുസ്‌ലിംകള്‍ ബൈതുല്‍മുഖദ്ദസിലേക്ക് തിരിഞ്ഞാണ്- ഖിബ്‌ലയാക്കിയാണ്-നിസ്‌കരിച്ചിരുന്നത്. വഴിയെ ഖിബ്‌ല മാറ്റി, വിശുദ്ധ കഅ്ബയാക്കി.
ബൈത്തുല്‍മുഖദ്ദസിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ജൂതരെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാന്‍ പറ്റാതായി. മസ്ജിദുല്‍ഹറാമിലേക്കും മദീനാപളളിയിലേക്കുമൊക്കെ നമസ്‌കാരത്തിന് പോകുന്നവരെ അവര്‍ തടഞ്ഞു. അവിശ്വാസികളെ കൂട്ടുപിടിച്ച് ആ രണ്ടു പള്ളികളും പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതുവരെയും ഇതിനു ശേഷവും ജൂതസമൂഹത്തെക്കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ പശ്ചാത്തലത്തില്‍, മറ്റു അഭിപ്രായങ്ങളേക്കാളെല്ലാം പ്രസക്തമായത് ഇതാണെന്നും അദ്ദേഹം പറയുന്നുണ്ട്. (അത്തഫ്‌സീറുല്‍കബീര്‍, വാല്യം 4, പേജ് 9,10)
മറ്റൊരു അഭിപ്രായം: തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഉംറക്കുവേണ്ടി ഹിജ്‌റ ആറാം കൊല്ലം മദീനയില്‍ നിന്ന് പുറപ്പെട്ടു. മക്കാ ഹറമിനടുത്ത് ഹുദൈബിയ്യയിലെത്തിയപ്പോള്‍ ഖുറൈശികള്‍ അവരെ തടഞ്ഞു, അവസാനം ഹുദൈബിയാ സന്ധി നടന്നു, തല്‍ക്കാലം തിരുനബിയും സംഘവും മടങ്ങിപ്പോന്നു, അടുത്തകൊല്ലം ഉംറ ചെയ്തു.
ഈ സംഭവം ചരിത്രപ്രസിദ്ധമാണ്. ഇഹലോകത്തുവെച്ച് ആ അക്രമികള്‍ക്ക് നേരിടേണ്ടിവന്ന അപമാനവും പ്രസിദ്ധമാണ്. ഈ സംഭവമാണിവിടെ ഉദ്ദേശ്യെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹാഫിള് ഇബ്‌നുകസീര്‍(رحمه الله) ഇതാണ് പ്രബലമാക്കിയത്.
മറ്റൊരു അഭിപ്രായം: ക്രിസ്ത്യാനികള്‍ മുമ്പ്, യഹൂദികളോടുള്ള വൈരാഗ്യം കാരണം ബൈത്തുല്‍ മുഖദ്ദസ് അക്രമിക്കുകയും യഹൂദികളെ തടയുകയും ചെയ്തിരുന്നു. അതാണിവിടെ ഉദ്ദേശിക്കുന്നത്. വേറെയും അഭിപ്രായങ്ങളുണ്ട്. ഓരോ അഭിപ്രായത്തെക്കുറിച്ചും പല ചര്‍ച്ചകളുമുണ്ട്.
അതേ സമയം, നടന്നുകഴിഞ്ഞ ഒരു സംഭവത്തെയല്ല ഇവിടെ സൂചിപ്പിക്കുന്നതെന്നും, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള സൂചനയാണിവിടെയുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
أُولَٰئِكَ مَا كَانَ لَهُمْ أَنْ يَدْخُلُوهَا إِلَّا خَائِفِينَ
'ഭയപ്പെട്ടവരായിട്ടല്ലാതെ അവര്‍ക്കതില്‍ പ്രവേശിക്കാനാവില്ല' എന്ന് പറഞ്ഞതില്‍, ഭാവിയില്‍ മക്കാനഗരം മുസ്‌ലിംകള്‍ക്ക് അധീനമാകുമെന്നും, അപ്പോള്‍ അതുവരെയും പരിശുദ്ധ കഅ്ബ അന്യായമായി കൈയടക്കിവെച്ചിരുന്ന ശത്രുക്കള്‍ക്ക് മുസ്‌ലിംകളെ പേടിച്ചല്ലാതെ അതില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും സൂചനയുണ്ട്. താമസിയാതെ തന്നെ മുസ്‌ലിംകള്‍ക്ക് അല്ലാഹു മക്കാവിജയം നല്‍കുകയും ചെയ്തുവല്ലോ.
لَهُمْ فِي الدُّنْيَا خِزْيٌ
തിരുനബി (صلى الله عليه وسلم) ക്കും ഇസ്‌ലാമിനെതിരെയും ചെയ്യാവുന്നതൊക്കെ ജൂതന്മാരും അവിശ്വാസികളും ചെയ്തുനോക്കി. ഒന്നും ഫലം കാണുന്നില്ലെന്നു മാത്രമല്ല, അവര്‍ ആസൂത്രണം ചെയ്യുന്ന ഗൂഢാലോചനകള്‍ വഹ്‍യ് മുഖേന അല്ലാഹു വെളിച്ചുത്തുകൊണ്ടുവരികയും ചെയ്യുന്നു. അതുകാരണം, അവരാകെ വഷളാവുകയും ചെയ്യുന്നുണ്ട്. അതാണിവിടെ പറഞ്ഞ 'ഇഹലോകത്തെ അപമാനം’. ഇതുകൊണ്ട് കഴിഞ്ഞോ? ഇല്ല. പരലോകത്ത് അവര്‍ക്ക് കടുത്ത ശിക്ഷയുമുണ്ട്.
അടുത്ത ആയത്ത് 115
ആദ്യഖിബ്‍ല ബൈതുല്‍ മുഖദ്ദസായിരുന്നുവന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. മക്കയില്‍ വെച്ചും, മദീനയിലേക്ക് ഹിജ്‌റ ചെയ്ത ശേഷം ഒരു കൊല്ലവും നാലോ അഞ്ചോ മാസവും ബൈത്തുല്‍മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നിസ്‌കരിച്ചിരുന്നത്. പിന്നീടാണ് വിശുദ്ധ കഅ്ബ ഖിബ്‌ലയാക്കാനുള്ള കല്‍പന കിട്ടിയതും തിരുനബി (صلى الله عليه وسلم) അങ്ങോട്ട് തിരിയുകയും ചെയ്തത്.
ഈ ഖിബ്‍ല മാറ്റം മുതലെടുത്ത്, യഹൂദികള്‍ പല കുപ്രചാരണങ്ങളും നടത്തി. മുസ്‌ലിംകളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു. ബൈത്തുല്‍മുഖദ്ദസില്‍ നിന്ന് മാറുകയോ?! അത് വലിയ തെറ്റാണ്. അങ്ങോട്ട് തിരിഞ്ഞവരുടെ ആരാധനകള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ - ഇങ്ങനെയൊക്കെ വാദിക്കുകയും ചെയ്തു. അതിന് മറുപടിയാണ് അടുത്ത ആയത്ത്.
وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ (115)
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്നുള്ളതാണ്. അതുകൊണ്ട് നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്‍റെ സാന്നിധ്യമുണ്ട്. നിശ്ചയം അല്ലാഹു വിശാലനും സര്‍വജ്ഞനും തന്നെയാണ്.
ലോകം മുഴുവന്‍ അല്ലാഹുവിന്നുള്ളതാണ്. ഉദയാസ്തമയ സ്ഥാനങ്ങള്‍ (കിഴക്കും പടിഞ്ഞാറുമെല്ലാം) അല്ലാഹുവിന്നുള്ളതാണ്. അതുകൊണ്ടുതന്നെ, അവന്‍ എങ്ങോട്ട് തിരിയാന്‍ കല്‍പിക്കുന്നുവോ അതനുസരിക്കുകയാണ് അടിമകള്‍ ചെയ്യേണ്ടത്. അങ്ങനെ അല്ലാഹു കല്‍പിച്ച ഭാഗത്തേക്ക് തിരിഞ്ഞ് ആരാധനകള്‍ നിര്‍വഹിച്ചാല്‍, അതവന്‍ കാണുകയും സ്വീകരിക്കുകയും ചെയ്യും.
فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ
ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ മാത്രം പരിമിതമായവനല്ല അല്ലാഹു. വിശാലനും സര്‍വ്വജ്ഞനുമാണ്. ഒരു പ്രത്യേക ഭാഗം ഖിബ്‌ലയാക്കി നിശ്ചയിക്കുന്നത്, അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ, ആ ഭാഗത്തോട് അവന് പ്രത്യേക ബന്ധമുള്ളതുകൊണ്ടോ അല്ല. സമുദായികമായ ഏകീകരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണത്.
അല്ലാഹുവിന്‍റെ മുഖം (وَجْهُ الّلهَ), അല്ലാഹുവിന്‍റെ കൈ (يَدُ الّله) എന്നൊക്കെ ഖുര്‍ആനിലോ ഹദീസിലോ പ്രയോഗിച്ചത് കാണുമ്പോള്‍, സൃഷ്ടികളുമായി സാദൃശ്യപ്പെടുത്തി മനസ്സിലാക്കാന്‍ പാടില്ല. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِير (അവനെപ്പോലെ ഒരു വസ്തുവും ഇല്ല). ആ പ്രയോഗങ്ങള്‍ കൊണ്ടുള്ള യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് അല്ലാഹുവിനറിയാം, നമുക്കറിഞ്ഞുകൂടാ എന്ന് പറയുകയാണ് മഹാന്‍മാര്‍ ചെയ്തിരുന്നത്.
അടുത്ത ആയത്ത് 116
ഇനി മറ്റൊരു ഗുരുതരമായ വാദത്തിന് മറുപടി പറയുകയാണ്. അതായത്, അല്ലാഹുവിന് മക്കളുണ്ടെന്ന വാദം.
وَقَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ بَلْ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَهُ قَانِتُونَ (116)
അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു' എന്നവര്‍ പറയുന്നു. അവന്‍ എത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശങ്ങളിലും ഭൂമിയിലുമുള്ളതൊക്കെ അവന്‍റേതാണ്. സര്‍വവും അവന്ന് കീഴ്‌പ്പെടുന്നവയുമാണ്.
റബ്ബിന് മക്കളുണ്ടെന്ന് വാദിക്കുന്ന പലരുമുണ്ട്. ക്രിസ്ത്യാനികളാണ് മുന്‍പന്തിയില്‍. അവരുടെ ദീനിന്‍റെ അടിസ്ഥാനം തന്നെ ഈസാ (عليه السلام) ദൈവപുത്രനാണ് എന്നാണല്ലോ. മലക്കുകള്‍ അല്ലാഹുവിന്‍റെ പുത്രിമാരാണെന്ന് പറഞ്ഞിരുന്നവരാണ് അറബി മുശ്‌രിക്കുകള്‍. ഉസൈര്‍ അല്ലാഹുവിന്‍റെ മകനാണെന്ന് യഹൂദികളും.
ഈ വാദങ്ങളെയെല്ലാം ഖണ്ഡിക്കുകയാണിവിടെ. ഇത്തരം ജല്‍പനങ്ങളില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. ഈ വാദം എങ്ങനെയാണ് ശരിയാകുന്നത്? അത് ശരിയാണെങ്കില്‍ പിന്നെ എങ്ങനെയാണവന്‍ റബ്ബാകുന്നത്? അന്യരെ ആശ്രയിക്കുന്നവനാണെന്നും മറ്റു വസ്തുക്കളോട് സാദൃശ്യമുള്ളവനാണെന്നും വരില്ലേ? പരാശ്രയം കൂടാതെ കുട്ടികളുണ്ടാകില്ലല്ലോ. ഉണ്ടാകുന്ന മക്കളുമായി സാദൃശ്യം ഇല്ലാതിരിക്കാനും കഴിയില്ല. ഇതെല്ലാവര്‍ക്കും അറിയാമല്ലോ.
അല്ലാഹുവിന് മക്കളുണ്ടെന്ന് പറയുന്നത് ബുദ്ധിപരമായിത്തന്നെ സംഭവിച്ചുകൂടൂത്തതാണ്. ഗുരുതരമായ കുറ്റമാണീ വാദമെന്നതുകൊണ്ടുതന്നെ, ഇതിനേക്കാള്‍ അമര്‍ഷവും, ഗൗരവവും നിറഞ്ഞ വാക്കുകളില്‍ അല്ലാഹു പലയിടത്തും ഇതിനെക്കുറിച്ച് ആക്ഷേപിച്ചിട്ടുണ്ട്.
ഇത്രയും കടുത്ത ആരോപണങ്ങളുന്നയിക്കുന്നവര്‍ക്കെതിരെ ഇഹലോകത്തുവെച്ച് നടപടിയൊന്നും അല്ലാഹു എടുക്കുന്നില്ല. അത് കാരുണ്യം കൊണ്ടുമാത്രമാണ്. എന്തും പറയാനുള്ള ലൈസന്‍സായി അത് കാണരുത്. ഈ വാദത്തെപ്പറ്റി പറയുന്ന പലേടത്തും (19:88, 91:92, 21:26, 43:17, 81) റബ്ബിന്‍റെ നാമങ്ങളില്‍ വളരെ പ്രാധാനപ്പെട്ട പരമകാരുണികന്‍ (الرَّحْمَٰنِ) എന്ന പേരാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ഒരു ഹദീസ് നോക്കൂ: ഇത്രയും ഗൌരവമുള്ള വാക്കുകള്‍ കേട്ടിട്ട് (നടപടി എടുക്കാതെ) അല്ലാഹുവിനെക്കാള്‍ ക്ഷമിച്ചിരിക്കുന്ന വേറെ ഒരാളുമില്ല. അവര്‍ (അവിശ്വാസികള്‍) അവന് മക്കളുണ്ടെന്ന് ആരോപിക്കുന്നു. അവനോ, ഇപ്പറയുന്നവര്‍ക്ക് ആഹാരവും ആരോഗ്യവും നല്‍കുന്നു (ബു; മു.)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: അല്ലാഹു പറയുന്നു: ‘ആദമിന്‍റെ മകന്‍ (മനുഷ്യന്‍) എന്നെ നിഷേധിച്ചു. അവനത് ചെയ്യാന്‍ പാടില്ലായിരുന്നു. അവന്‍ എന്നെ പഴിപറയുകയും ചെയ്തു. അതും അവന് പാടില്ലായിരുന്നു.
അവന്‍ എന്നെ നിഷേധിച്ചതെന്തെന്നാല്‍, അവന്‍ (ആദ്യം) ഉണ്ടായിരുന്നത് പോലെ എനിക്കവനെ (രണ്ടാമത്) മടക്കിക്കൊണ്ടുവരാന്‍ കഴിയുകയില്ലെന്ന് പറയുന്നതാണ്. അവന്‍ എന്നെ പഴിപറഞ്ഞതാകട്ടെ, എനിക്ക് സന്താനമുണ്ടെന്ന് പറഞ്ഞതാണ്. ഒരു ഭാര്യയെയോ സന്താനത്തെയോ സ്വീകരിക്കുന്നതില്‍ നിന്നും ഞാനെത്രയോ പരിശുദ്ധന്‍! (ബുഖാരി)
മക്കളുണ്ടെന്ന വാദം പൊളിച്ചടുക്കുകയാണ് അല്ലാഹു:
(1) سُبْحَانَهُ (അവന്‍ മഹാപരിശുദ്ധന്‍!). അല്‍ഭുതം സൂചിപ്പിക്കുന്ന ഒരു വാക്കാണിത്. അതിനുപുറമെ, വളരെ വിശാലമായ ആശയമുള്ള വാക്കുമാണ്. ഇതുതന്നെമതി, ഈ വാദം ഖണ്ഡിക്കാന്‍! സൃഷ്ടിഗുണങ്ങളില്‍ നിന്നെല്ലാം പരമ പരിശുദ്ധനും, എല്ലാ ഉല്‍കൃഷ്ട ഗുണങ്ങളിലും പരിപൂര്‍ണനും പരമോന്നതനുമാണ് അവന്‍ എന്നിരിക്കെ, സൃഷ്ടികളെപ്പോലെ അവന്ന് മക്കളുണ്ടാകുന്നത് എങ്ങനെയാണ് ?!
(2) لَهُ مَا فِي السَّمَاوَاتِ وَالأرْضِ (ആകാശ ഭൂമികളിലുള്ളതെല്ലാം അവന്‍റേതാണ്). എല്ലാം അവന്‍ സൃഷ്ടിച്ചതാണ്. അവന്‍റെ ഉടമസ്ഥതിയാണ്. അവന്‍റെ നിയന്ത്രണത്തിലും അധികാരത്തിലുമാണ്. അതിലൊന്നും അവന് ഇണയോ തുണയോ പങ്കുകാരോ ഇല്ല. ഈസാ നബിയോ, ഉസൈറോ, മലക്കുകളോ എന്ന് വേണ്ട ഒന്നും ഇപ്പറഞ്ഞതില്‍ നിന്നൊഴിവല്ല. എന്നിരിക്കെ, അവന്‍റെ സൃഷ്ടികളില്‍ ചിലത് എങ്ങനെ അവന്‍റെ മക്കളാകും ?!
أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
(എങ്ങനെ അവന് സന്താനമുണ്ടാകും?! അവന് ഒരു തുണയുമില്ല; എല്ലാറ്റിനെയും അവനാണ് സൃഷ്ടിച്ചത്; അവനാകട്ടെ, എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനുമാണ് എന്നിരിക്കെ! (അന്‍ആം 101)
(3) كُلٌّ لَّهُ قَانِتُونَ (എല്ലാവരും അവന് കീഴൊതുങ്ങിയവരാണ്). എല്ലാവരും അവന്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ക്കും പ്രകൃതിചട്ടങ്ങള്‍ക്കും അവന്‍റെ ഉദ്ദേശ്യങ്ങള്‍ക്കും വിധേയരാണ്. എന്നിരിക്കെ, ചിലര്‍മാത്രം അതില്‍ നിന്നൊഴിവായി അവന്‍റെ മക്കളെന്ന സ്ഥാനത്തേക്കും അവനോട് സമമാണെന്ന ലെവലിലേക്കുമെങ്ങനെ എത്തിച്ചേരുന്നു ?! മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വഭാവമാണല്ലോ ഉണ്ടാവുക. ഇവിടെ അങ്ങനെയൊന്ന് സങ്കല്പിക്കാന്‍ പോലും കഴിയില്ലല്ലോ.
അടുത്ത ആയത്ത് 117
ഇതിനോട് ബന്ധപ്പെട്ടുതന്നെയാണ് അടുത്ത ആയത്തും.
ആകാശഭൂമികളിലുള്ള സര്‍വ വസ്തുക്കളുടെയും ഉടമസ്ഥനാണ് അല്ലാഹു. ഒന്നിനോടും ഒരു നിലക്കും സാദൃശ്യമില്ല. ആ അധികാരശക്തി ചോദ്യം ചെയ്യുന്ന ഒരു വസ്തുവുമില്ല. സ്വമനസ്സോട് കൂടിയോ അല്ലാതെയോ എല്ലാ വസ്തുക്കളും അവന് കീഴ്‌പെടുന്നവയാണ്. മുന്‍മാതൃക കൂടാതെ പ്രപഞ്ചം സൃഷ്ടിച്ചവനാണ്. ഒരു കാര്യം ഉണ്ടാകണമെന്ന് അവനുദ്ദേശിക്കുമ്പോള്‍ അതുണ്ടാകും. വസ്തുതകള്‍ ഇതൊക്കെയാണെന്നിരിക്കെ, അവന്‍ മക്കളെ ഉണ്ടാക്കി എന്ന വാദം എത്രമാത്രം ഭീമാബദ്ധമാണ്!
بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ (117)
ആകാശങ്ങളെയും ഭൂമിയെയും മുന്‍മാതൃക കൂടാതെ സൃഷ്ടിച്ചവനാണവന്‍. എന്തെങ്കിലുമൊരു കാര്യം തീരുമാനിച്ചാല്‍. ഉണ്ടാവുക എന്നവന്‍ ഉദ്ദേശിക്കുകയേ വേണ്ടൂ, തല്‍ക്ഷണം അത് ഉണ്ടാകുന്നു.
ബദീഅ്: ആരെങ്കിലും മുമ്പ് ചെയ്യാത്ത, പറഞ്ഞുകൊടുക്കാത്ത, എഴുതിയോ മറ്റോ ഉണ്ടാക്കിയ പ്ലാനും രൂപവും ആകൃതിയുമില്ലാതെ ഉണ്ടാക്കിയവന്‍ എന്നര്‍ത്ഥം.
ആകാശ ഭൂമികളെ മാതൃകകൂടാതെ, ശുദ്ധശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. എല്ലാം അവന്‍ ഉണ്ടാക്കിയതല്ലാതെ അവനില്‍നിന്ന് ജനിച്ച ഒന്നുമില്ല. അവന്‍ മറ്റൊന്നില്‍ നിന്ന് ജനിച്ചതുമല്ല. അവന് തുല്യമായി വല്ലതുമുണ്ടോ ? അതുമില്ല (لَمْ يَلِدْ وَلَمْ يُولَدْ – وَلَمْ يَكُن لَّهُ كُفُوًا أَحَدٌ)
وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ
ചെറുതും വലുതും ജീവിയും നിര്‍ജ്ജീവിയുമെല്ലാം ഇതില്‍ സമമാണ്. എന്നിരിക്കെ, ചിലരെ അതില്‍ നിന്നൊഴിവാക്കി അവര്‍ അവന്‍റെ സന്താനങ്ങളായി അസ്തിത്വം പൂണ്ടവരാണെന്ന് പറയുന്നതിന് എന്ത് ന്യായമാണുള്ളത്?
അടുത്ത ആയത്ത് 118
മുഹമ്മദേ, നീ പറയുന്നതൊക്കെ സത്യമാണെങ്കില്‍, എന്തുകൊണ്ടത് ഞങ്ങളോട് നേരിട്ട് അല്ലാഹുവിന് പറഞ്ഞുകൂടാ?! എന്തുകൊണ്ട് നീ വഴി പറയണം?! അല്ലെങ്കില്‍, നിന്നെ വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതരാകുംവിധം വല്ല പ്രത്യക്ഷ ദൃഷ്ടാന്തവും എന്തുകൊണ്ട് ഞങ്ങള്‍ക്ക് കാട്ടിത്തന്നുകൂടാ?! അല്ലാഹുവിന് അതിന് കഴിവില്ലേ?! എന്നൊക്കെ അവര്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചിരുന്നു.
ഇതിന് മറുപടി നല്‍കുകയാണ് അല്ലാഹു. ഇത്തരം ചില ദുര്‍വാദങ്ങള്‍ മുമ്പും പലരും പറഞ്ഞിട്ടുണ്ട്. ഇവരെല്ലാവരുടെയും മനോഗതി ഒന്നുതന്നെയാണ്.
‘ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ഇവര്‍ ആദ്യമായിട്ടല്ല. മുമ്പും പലരും -ഇസ്‌റാഈല്യരും മറ്റും- അവരവരുടെ നബിമാരോടിങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍വ്വാശിയും സത്യനിഷേധവും ധിക്കാരവും കാണിക്കുന്ന കാര്യത്തില്‍ എല്ലാവരും ഒരേ മനസ്ഥിതിക്കാരാണ്.
ഇനിയിപ്പോ ദൃഷ്ടാന്തങ്ങളും തെളിവുകളും കണ്ടാല്‍ സംശയം തീരുമോ? ഏയ് എവിടെ? സത്യം മനസ്സിലാക്കണമെന്നതല്ല അവരുടെ ആഗ്രഹം. തിനുവേണ്ടിയാണെങ്കില്‍, എത്രയോ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് കൊടുത്തുകഴിഞ്ഞിട്ടുണ്ടല്ലോ. പുതുതായി ഒന്നിന്‍റെയും ആവശ്യമില്ലല്ലോ.
وَقَالَ الَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا اللَّهُ أَوْ تَأْتِينَا آيَةٌ ۗ
അല്ലാഹു എന്താണ് നമ്മോട് സംസാരിക്കാത്തത്, അല്ലെങ്കില്‍ നമുക്കെന്താണ് ഒരു ദൃഷ്ടാന്തം വന്നെത്താത്തത് എന്ന് വിവരമില്ലാത്തവര്‍ ചോദിക്കുന്നു.
كَذَٰلِكَ قَالَ الَّذِينَ مِنْ قَبْلِهِمْ مِثْلَ قَوْلِهِمْ ۘ تَشَابَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا الْآيَاتِ لِقَوْمٍ يُوقِنُونَ (118)
ഇവരുടെ മുമ്പുള്ളവരും അവരെപ്പോലെ ചോദിച്ചിരുന്നു. ഇവരുടെ ഹൃദയങ്ങള്‍ സദൃശമാണ് (മനോഗതി ഒന്നാണ്). ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയം നാം പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുക്കുടുത്തിട്ടുണ്ട്.
الَّذِينَ لَا يَعْلَمُونَ (അറിയാത്തവര്‍) എന്ന് പറഞ്ഞത് അറബികളിലെ മുശ്‌രിക്കുകളെപ്പറ്റിയാണ്. അവര്‍ക്ക് വേദഗ്രന്ഥങ്ങളെപ്പറ്റി അറിയില്ലല്ലോ.
അതുപോലെ ചിന്തിക്കാത്ത എല്ലാവരും എന്നോ, ഒന്നും അറിയാത്തവര്‍ (വിഡ്ഢികള്‍) എന്നോ അര്‍ത്ഥമാകാം. അത്തരം വിഡ്ഢികളുടെ വര്‍ത്തമാനമാണല്ലോ ഈ മുശ്രിക്കുകള്‍ പറയുന്നത്.
അല്ലാഹു നേരിട്ട് വന്ന്, എല്ലാവരോടും സംസാരിച്ച്, അങ്ങനെ കാര്യങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ് മനുഷ്യനുണ്ടെന്ന ധാരണ വിവരക്കേടാണ്. അതിന് മനുഷ്യന് കഴിയില്ല. ചില മാധ്യമങ്ങള്‍ മുഖേനയാണ് അല്ലാഹു മനുഷ്യരെ അഭിസംബോധന ചെയ്യുക.
ദൃഷ്ടാന്തങ്ങളുടെ കാര്യമോ? അതിനെന്തെങ്കിലും കുറവുണ്ടോ? പല തരം അമാനുഷിക സിദ്ധികളും ഇവര്‍ കണ്ടുകഴിഞ്ഞതല്ലേ? സത്യം ദൃഢമായി വിശ്വസിക്കുന്നവരാണെങ്കില്‍ ഇത്തരം തെളിവുകള്‍ തന്നെ ധാരാളം മതി.
വിശുദ്ധ ഖുര്‍ആന്‍ തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തമല്ലേ. ചന്ദ്രനെ രണ്ടായി പിളര്‍ത്തിയതുപോലെ മറ്റു പല ദൃഷ്ടാന്തങ്ങളും നബി (صلى الله عليه وسلم) കാണിച്ചുകൊടുത്തിട്ടുണ്ട്. അതോരോന്നും തിരുനബി (صلى الله عليه وسلم) അല്ലാഹുവിന്‍റെ റസൂലാണെന്നതിന് മതിയായ തെളിവുകളാണല്ലോ.
പിന്നെയും ദൃഷ്ടാന്തം ആവശ്യപ്പെടുന്നവര്‍ ദുശ്ശാഠ്യക്കാരാണ്. അത്തരക്കാര്‍ക്ക് എന്ത് ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്താലും സത്യം സ്വീകരിക്കാന്‍ പോകുന്നില്ല.
وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ (الرعد 31)
(ഖുര്‍ആന്‍ കൊണ്ട് പര്‍വതങ്ങള്‍ നടത്തപ്പെടുകയോ ഭൂമി പിളര്‍ക്കപ്പെടുകയോ മരിച്ചുപോയവര്‍ സംസാരിപ്പിക്കപ്പെടുകയോ ചെയ്താലും (അവര്‍ വിശ്വസിക്കുകയില്ല-അര്‍റഅ്ദ് 31).
ദൃഷ്ടാന്തം ആവശ്യപ്പെട്ടതിനുള്ള മറുപടിയേ ഈ ആയത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളൂ. അല്ലാഹു അവരോട് നേരിട്ട് സംസാരിക്കണമെന്ന് പറഞ്ഞതിന് മറുപടി പറഞ്ഞിട്ടില്ല. ഒരു മറുപടിയും അര്‍ഹിക്കാത്ത, ധിക്കാരപരമായ ആവശ്യമാണത് എന്നതാണ് കാരണം. വേറെയും പല സൂറകളിലും ഇത്തരം ചില വിചിത്ര ആവശ്യങ്ങളുന്നയിച്ചത് പറഞ്ഞിട്ടുണ്ട്. സമയാസമയം പഠിക്കാം അല്ലേ, ഇന്‍ശാഅല്ലാഹ്.
അടുത്ത ആയത്ത് 119
ആരെന്ത് ദുര്‍വാദങ്ങളുന്നയിച്ചാലും ശരി, തിരുനബി (صلى الله عليه وسلم) സത്യസമേതമാണ് അയക്കപ്പെട്ടിരിക്കുന്നത് എന്നത് അനിഷേധ്യമായയ വസ്തുതയാണ്. അത് വിജയിക്കുക തന്നെ ചെയ്യും.
കണ്ണുള്ളവര്‍ക്ക് കാണാനും കാതുള്ളവര്‍ക്ക് കേള്‍ക്കാനും ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കാനും അങ്ങനെ ആ സന്മാര്‍ഗത്തിന്‍റെ പ്രായോഗികതയും സ്വീകാര്യതയും കണ്ടെത്താനും പര്യാപ്തമായ നിലയില്‍ അവിടന്നത് ലോകത്തെ പഠിപ്പിച്ചു. എന്നിട്ടും ആരെങ്കിലും ഇസ്‌ലാം തള്ളിക്കളയുകയാണെങ്കില്‍ തിരുനബി (صلى الله عليه وسلم) ക്ക് അതിന്‍റെ ഉത്തരവാദിത്വമില്ല. അത് ആ ദുര്‍മാര്‍ഗിക്കു തന്നെയാണ്. അതിന്‍റെ തിക്തഫലമായ നരകം അവന്‍ തന്നെ ഏറ്റുവാങ്ങേണ്ടിവരും. എന്തുകൊണ്ടയാള്‍ നരകാവകാശിയായി എന്ന് തിരുനബി (صلى الله عليه وسلم) യോട് ചോദിക്കപ്പെടുകയുമില്ല.
إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْأَلُ عَنْ أَصْحَابِ الْجَحِيمِ (119)
(ഓ നബിയേ,) താങ്കളെ നാം സത്യസമേതം സന്തോഷവാര്‍ത്താവാഹകനായും താക്കീതുകാരനായും നിയോഗിച്ചിരിക്കുന്നു. നരകാവകാശികളെക്കുറിച്ച് താങ്കള്‍ ചോദിക്കപ്പെടുന്നതല്ല.
എല്ലാ പ്രവാചകന്‍മാരുടെയും പ്രബോധനത്തിന്‍റെ രണ്ട് വശങ്ങളാണ് സന്തോഷവാര്‍ത്ത അറിയിക്കലും താക്കീത് നല്‍കലും. അതായത്, സത്യവും നേര്‍മാര്‍ഗവും വിവരിച്ചുകൊടുക്കുന്നതോടൊപ്പം അതുകൊണ്ട് ലഭിക്കാനിരിക്കുന്ന നേട്ടങ്ങളെയും പുണ്യഫലങ്ങളെയും കുറിച്ചുള്ള സന്തോഷ വാര്‍ത്തകള്‍ അറിയിച്ചുകൊടുക്കുക. അസത്യവും ദുര്‍മാര്‍ഗവും വിവരിച്ചു കൊടുത്ത് അതുകാരണം നേരിടാനിരിക്കുന്ന ഭവിഷ്യത്തുകളെയും ശിക്ഷകളെയും കുറിച്ച് മുന്നറിയിപ്പും താക്കീതും നല്‍കുക.
ഇതാണ് പ്രവാചകന്‍മാരുടെ ചുമതല. അതോടെ അവരുടെ കര്‍ത്തവ്യം നിറവേറുന്നു. സത്യം സ്വീകരിക്കുന്നതും നിരാകരിക്കുന്നതും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. നബിമാര്‍ക്കതില്‍ ഉത്തരവാദിത്തമില്ല. എന്തുകൊണ്ട് ഇന്നയിന്നയാളുകള്‍ വിശ്വസിച്ചില്ല എന്ന് അവരോട് ചോദിക്കപ്പെടുകയില്ല.
അല്ലാഹു പറയുന്നുണ്ടല്ലോ:
فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ – الرعد ٤٠
(‘പ്രബോധനം മാത്രമാണ് താങ്കളുടെ ബാധ്യത, വിചാരണ നമ്മുടെ ബാധ്യതയാണ്)
----------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment