അധ്യായം 4. സൂറത്തുന്നിസാഅ് - (Ayath 176) 1 Aaya അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 1-2) നന്മയില്‍ സഹകരിക്കണം; തിന്മകളിലല്ല
സൂറത്തുന്നിസാഇന്‍റെ ആദ്യഭാഗത്ത് അനന്തരാവകാശ നിയമങ്ങളടക്കം സമ്പത്തുമായി ബന്ധപ്പെട്ട പല നിയമങ്ങളും പറഞ്ഞിരുന്നുവല്ലോ. ശേഷം മറ്റു പല കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചുപറയുകയും ചെയ്തു. ഇനി സൂറയുടെ അവസാനഭാഗത്ത്, അതായത് അവസാനത്തെ ആയത്തായ 176 ല്‍ ആദ്യ വിഷയത്തിലേക്കുതന്നെ തിരിച്ചുവരികയാണ്.
അനന്തരാവകാശ സ്വത്തിന്‍റെ വിഭജനം സംബന്ധിച്ച് അവസാനം അവതീര്‍ണമായ സൂക്തമാണ് ‘കലാല’യെ സംബന്ധിച്ച് പറയുന്ന ഈ ആയത്ത്. ഈ സൂറയിലെത്തന്നെ 11,12 ആയത്തുകളിലും ഈ വിഷയം പരാമൃഷ്ടമായിട്ടുണ്ട്.
എന്താണ് ‘കലാല’? ഒരാള്‍ മരണപ്പെടുമ്പോള്‍, അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും സന്താനവും ഇല്ലാതിരിക്കുക. അതായത്, പിതാക്കളോ സന്താനങ്ങളോ അനന്തരാവകാശികളായി ഇല്ലാതിരിക്കുന്ന അവസ്ഥ. ഇങ്ങനെയാണ് മഹാനായ അബൂബക്ര്‍(رضي الله عنه) വ്യാഖ്യാനിച്ചത്. സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും മദ്ഹബിന്‍റെ നാലു ഇമാമുകളും ലോകപ്രസിദ്ധരായ ഏഴ് ഫുഖഹാഉം ഇതേ അഭിപ്രായക്കാരാണ്.
ഈ ആയത്ത് അവതരിക്കാനുണ്ടായ കാരണവുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളുമുണ്ട്.
ജാബിറുബ്നു അബ്‌ദില്ല (رضي الله عنه) പറയുന്നു: ഞാന്‍ രോഗിയായി ബോധമില്ലാതെ കിടക്കുന്ന സമയത്ത് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എന്‍റെയടുത്ത് വന്നു. തിരുനബി صلى الله عليه وسلم വുളൂഅ് ചെയ്തു. പിന്നീട് അവിടന്ന് എന്‍റെ മേല്‍ വെളളം ഒഴിച്ചു. അല്ലെങ്കില്‍ ഒഴിക്കാന്‍ പറഞ്ഞു. അങ്ങനെയെനിക്ക് ബോധം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എനിക്ക് ‘കലാലത്താ’യിട്ടല്ലാതെ അനന്തരവകാശമെടുക്കാന്‍ ആളില്ല. അതുകൊണ്ട് അവകാശം എങ്ങനെയായിരിക്കും?’ തത്സമയം അല്ലാഹു അനന്തരാവകാശത്തിന്‍റെ ഈ ആയത്ത് അവതരിപ്പിച്ചു. (അഹ്‍മദ്, ബുഖാരി, മുസ്‍ലിം رحمهم الله)
കലാലത്തിനെക്കുറിച്ച് ഉമര്‍ (رضي الله عنه) ചോദിച്ചപ്പോള്‍, ‘തനിക്ക് സൂറത്തുന്നിസാഇലെ അവസാന ആയത്തായ ഉഷ്ണകാലത്ത് അവതരിച്ച ആയത്ത് മതിയാകും’ എന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞ കാര്യം ഹദീസിലുണ്ട്. (അഹ്‍മദ്, മുസ്‍ലിം, തിര്‍മിദി رحمهم الله ).
ഉഷ്ണകാലത്ത് അവതരിച്ചത് എന്ന് പറഞ്ഞാല്‍, കലാലത്തുമായി ബന്ധപ്പെട്ട് രണ്ട് ആയത്തുകളാണുള്ളത്; സൂറത്തിന്‍റെ ആദ്യഭാഗത്തുള്ള 12-ആം വചനമാണ് ഒന്ന്. അത് ശൈത്യകാലത്ത് അവതരിച്ചതാണ്; അതിലിക്കാര്യം ചുരുക്കിയാണ് പറഞ്ഞത്. സൂറത്തിന്‍റെ അവസാനഭാഗത്തുളള ഈ 176 ആം ആയത്താണ് രണ്ടാമത്തേത്: അത് അവതരിച്ചത് ഉഷ്ണകാലത്താണ്; അതില്‍ കൂടുതല്‍ വിവരണമുണ്ട്’ (ഖത്വാബീ).
4 കാര്യങ്ങളാണ് ഈ ആയത്തില്‍ പറയുന്നത്:
1) ഒരാള്‍ മരിച്ചു – മക്കളില്ല, ഒരു സഹോദരി ഉണ്ട്താനും. എന്നാല്‍ ആ സഹോദരിക്ക് അയാളുടെ സ്വത്തിന്‍റെ പകുതി ലഭിക്കും.
പ്രത്യേകം ശ്രദ്ധിക്കുക : പരേതന് ഒരു സഹോദരിയുണ്ടായിരുന്നാല്‍ അവള്‍ക്ക് പകുതി സ്വത്തിന് അവകാശമുണ്ട് (وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ) എന്നാണ് പറയുന്നത്. സഹോദരിയോടൊപ്പം പരേതന്‍റെ പിതാവില്ലാതിരിക്കുമ്പോഴാണിത്. പിതാവുകൂടി ഉണ്ടെങ്കിലോ, അവള്‍ക്ക് പകുതി കിട്ടില്ലെന്ന് മാത്രമല്ല, അനന്തരാവകാശമായി ഒന്നുംതന്നെ ലഭിക്കില്ല. അവിതര്‍ക്കിതമായ വിഷയമാണിത്.
കലാലത്തിന്‍റെ ഉപാധിയായി സന്താനമില്ലാതിരിക്കുക എന്ന് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളുവെങ്കിലും, പിതാവും കൂടി ഇല്ലാതിരിക്കണം എന്നത് പ്രത്യേകം പറയാതെത്തന്നെ മനസ്സിലാക്കാന്‍ പറ്റുന്ന കാര്യമാണ്.
(2) മരണപ്പെട്ടത് സ്ത്രീയാണ്, അവള്‍ക്ക് സന്താനമില്ല, സഹോദരന്‍ ഉണ്ട്താനും. എന്നാല്‍ അവളുടെ സ്വത്ത് മുഴുവന്‍ ആ സഹോദരന് കിട്ടും. പിതാവ് കൂടി ഇല്ലാതിരിക്കുക എന്ന ഉപാധി ഇവിടെയും ഉണ്ട്. പിതാവുണ്ടെങ്കില്‍ സഹോദരന് അവകാശം ലഭിക്കില്ല.
ഇനി, പരേതന് സന്താനവും പിതാവുമില്ലെങ്കിലും ഭര്‍ത്താവ്, അല്ലെങ്കില്‍ ഉമ്മയൊത്ത സഹോദരന്‍ എന്നിങ്ങനെ നിശ്ചിത ഓഹരി നിര്‍ണയിക്കപ്പെട്ട വേറെ അവകാശികളുണ്ടെങ്കില്‍, അവരുടെ ഓഹരി കഴിച്ചു ബാക്കിയുളളതേ അപ്പോള്‍ സഹോദരന് ലഭിക്കുകയുളളൂ.
(3) കലാലത്തായി മരണപ്പെടുന്ന ആള്‍ക്ക് രണ്ട് സഹോദരിമാരുണ്ട്. എങ്കില്‍, സ്വത്തിന്‍റെ മൂന്നില്‍ രണ്ടംശമായിരിക്കും അവകാശം. രണ്ടിലധികം പേരുണ്ടായിരുന്നാലും അങ്ങനെത്തന്നെ.
(4) ഇനി സഹോദരങ്ങള്‍ ആണും പെണ്ണും ഉണ്ടെങ്കില്‍ രണ്ടു പെണ്ണിന്‍റെ ഓഹരി ഒരു ആണിന്- ആണിന്‍റെ പകുതി പെണ്ണിന് – എന്ന തോതില്‍ ഭാഗിച്ചെടുക്കണം.
يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ ۚ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَا إِنْ لَمْ يَكُنْ لَهَا وَلَدٌ ۚ فَإِنْ كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ ۚ وَإِنْ كَانُوا إِخْوَةً رِجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ ۗ يُبَيِّنُ اللَّهُ لَكُمْ أَنْ تَضِلُّوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (176)
പിതാവോ സന്താനമോ ഇല്ലാതെ മരിച്ച വ്യക്തി -കലാല- യുടെ അനന്തരാവകാശ വിഭജനം സംബന്ധിച്ച് താങ്കളോടവര്‍ മതവിധിയന്വേഷിക്കുന്നു. ഇങ്ങനെ മറുപടി നല്‍കുക: അല്ലാഹു നിങ്ങള്‍ക്കിതാ 'കലാല'യെക്കുറിച്ച് വിധി നല്‍കുന്നു - സന്താനമോ (പിതാവോ) ഇല്ലാതെ ഒരാള്‍ മരിച്ചു, അവനു സഹോദരിയുണ്ട്; എന്നാല്‍ അവന്‍ വിട്ടേച്ച ധനത്തിന്‍റെ പാതി അവള്‍ക്കാണ്. ഇനി, മരിച്ചത് അവളാണ്, സന്താനമോ (പിതാവോ) ഇല്ല, ഒരു സഹോദരനുണ്ട്; എങ്കില്‍ ധനമത്രയും അവന്‍ അനന്തരമെടുക്കും. ഇനി, സഹോദരിമാര്‍ രണ്ടുപേര്‍ (അല്ലെങ്കില്‍ അതിലധികം) ആയാല്‍ വിട്ടേച്ച ധനത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗം അവര്‍ക്കു ലഭിക്കുന്നതാണ്. ഇനിയവര്‍ ആണും പെണ്ണുമടങ്ങുന്ന സഹോദരങ്ങളാണെങ്കില്‍ രണ്ടു പെണ്ണുങ്ങളുടേതിനു സമാനമായ ഒരോഹരി ആണിനു കിട്ടും. നിങ്ങള്‍ വഴിതെറ്റിപ്പോകാതിരിക്കാനാണ് അല്ലാഹു ഇങ്ങനെ പ്രതിപാദിച്ചു തരുന്നത്. സകല കാര്യങ്ങളെപ്പറ്റിയും സര്‍വജ്ഞനാണ് അല്ലാഹു.
സഹോദരന്‍ എന്നും സഹോദരി എന്നും ഇവിടെ പറഞ്ഞത് മാതാവും പിതാവും ഒത്തതോ, പിതാവ് മാത്രം ഒത്തതോ ആയ സഹോദര സഹോദരികളെ ഉദ്ദേശിച്ചാണ്. അവര്‍ക്കാണ് പകുതി കിട്ടുമെന്ന് പറഞ്ഞത്. മാതാവ് മാത്രം ഒത്ത സഹോദര സഹോദരിമാരുടെ അവകാശം, ഒരാളാകുമ്പോള്‍ ആറിലൊന്നും, ഒന്നിലധികം പേരുണ്ടെങ്കില്‍ മൂന്നിലൊന്നുമാണെന്ന് മുമ്പ് 12-ആം ആയത്തില്‍ പറഞ്ഞിട്ടുണ്ട്.
يُبَيِّنُ اللَّهُ لَكُمْ أَنْ تَضِلُّوا ۗ
കലാല സംബന്ധമായ വിധികള്‍ വിവരിച്ചശേഷം അല്ലാഹു പറയുന്നത് നോക്കൂ: നിങ്ങള്‍ക്ക് പിഴച്ചുപോകാതിരിക്കാനാണ് ഇതൊക്കെയിങ്ങനെ വിവരിച്ചുതരുന്നത്. അറിവില്ലാത്തതുകൊണ്ടോ, ഇത്തരം നിയമങ്ങള്‍ വേണ്ടവിധം വിവരിച്ചുതരാത്തതുകൊണ്ടോ പിഴക്കാതിരിക്കാന്‍വേണ്ടി എന്നര്‍ത്ഥം.
وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
ഏതാണ് നിങ്ങള്‍ക്ക് നല്ലത്, എങ്ങനെയാണ് ഓഹരി ചെയ്യേണ്ടത്, ആര്‍ക്കൊക്കെയാണ് കൂടുതല്‍ നല്‍കേണ്ടത് - ഇത്യാദി കാര്യങ്ങളെല്ലാം അറിയുന്നവന്‍ അല്ലാഹുവാണ്. സര്‍വകാര്യങ്ങളെക്കുറിച്ചും വേണ്ടതുപോലെ അറിയുന്നവനാണവന്‍.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തില്‍, ആണിന്‍റെ പകുതി മാത്രം പെണ്ണിന് നിശ്ചയിച്ചതിനെക്കുറിച്ചും, ചില അവകാശികള്‍ക്ക് മറ്റു ചിലരേക്കാള്‍ മുന്‍ഗണന നല്‍കിയതിനെക്കുറിച്ചുമൊക്കെ വിമര്‍ശനം നടത്തുന്ന പലരെയും ഇന്നും കാണാം. അവരോടുള്ള മറുപടി കൂടിയാണിത്.
സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്ത് നിശ്ശേഷം നിഷേധിച്ചിരുന്നവരായിരുന്നുവല്ലോ പുരാതന അറേബ്യയിലെ ജാഹിലികള്‍; ഇന്നത്തെ ശാസ്ത്രീയ ജാഹിലിയ്യത്തിലും യൂറോപ്പിലും അമേരിക്കയിലും മറ്റും അടുത്തകാലം വരെ വനിതകള്‍ക്ക് സ്വത്തവകാശം നിഷിദ്ധമായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവര്‍ക്ക് വ്യവസ്ഥാപിതമായി അനന്തരാവകാശ ധനം വിഭജിച്ചു ല്‍കുകയുണ്ടായി. ഈ സൂക്തത്തിലും അതു വ്യക്തമായി കാണാം.
ഇതോടെ ഈ അധ്യായം (സൂറത്തുന്നിസാഅ്) അവസാനിക്കുകയാണ്. ഒരു സൂറത്തുകൂടി പഠിച്ചുപൂര്‍ത്തിയാക്കാന്‍ അവസരം തന്ന അല്ലാഹുവിനാണ് സര്‍വസ്തുതിയും-الحمد الله. അല്ലാഹു സ്വീകരിക്കുകയും നാഫിആയ ഇല്‍മാക്കുകയും ചെയ്യട്ടെ-ആമീന്‍.
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 1-2) 2 Aayas
ആമുഖം
വിശുദ്ധ ഖുര്‍ആനിലെ അഞ്ചാമത്തെ അധ്യായമാണ് സൂറത്തുല്‍ മാഇദ. ഭക്ഷണത്തളിക എന്നാണ് ഈ വാക്കിനര്‍ത്ഥം. ഇസ്രയേല്യര്‍ ഈസാനബി (عليه السلام)യോട് ആകാശത്തുനിന്ന് ഒരു ഭക്ഷണത്തളിക (മാഇദ) ഇറക്കിത്തരാനാവശ്യപ്പെട്ടത് അധ്യായത്തിന്‍റെ അവസാനം (സൂക്തം 115) പറയുന്നുണ്ട്. അതാണ് നാമകരണത്തിന്‍റെ പശ്ചാത്തലം.
العقود (കരാറുകള്‍) എന്നും ഇതിനു പേരുണ്ട്. പലതരം കരാറുകളെക്കുറിച്ചും ഈ സൂറത്തില്‍ പറയുന്നുണ്ട്. എന്നുമാത്രമല്ല, സൂറ തുടങ്ങുന്നതുന്നെ കരാറുകള്‍ ശരിക്ക് പാലിക്കണമെന്ന് കല്പിച്ചുകൊണ്ടാണ്.
മദനിയ്യായ സൂറയാണിത്. 120 ആയത്തുകള്‍. 2,837 പദങ്ങള്‍. 11,892 അക്ഷരങ്ങള്‍.
ഹുദൈബിയ്യ സന്ധി കഴിഞ്ഞ് തിരിച്ചുവരവേയാണ് ഈ അധ്യായം അവതരിച്ചത്. അതായത്, പ്രവാചകജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍. ഹിജ്‌റ ആറാം വര്‍ഷാവസാനം ദുല്‍ഖഅ്ദയിലാണല്ലോ ഹുദൈബിയ്യ സന്ധി നടന്നത് - ക്രിസ്ത്വബ്ദം 628 ഫെബ്രുവരിയില്‍. പിന്നീട് നാലു വര്‍ഷം കഴിഞ്ഞ് തിരുനബി (صلى الله عليه وسلم) വഫാത്താവുകയും ചെയ്തു.
ചില ആയത്തുകള്‍ പിന്നീടാണ് അവതരിച്ചത്. പ്രസിദ്ധമായ മൂന്നാം സൂക്തം (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ....) ഹജ്ജത്തുല്‍ വിദാഇലാണിറങ്ങിയത്. 8-ആം ആയത്ത് ഇറങ്ങിയത് മക്കംഫത്ഹ് വേളയിലുമാണ്.
മദനിയ്യായ സൂറയാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ നിയമനിര്‍മാണത്തിന്‍റെ ഭാഗമായാണ് ഇതിലെ ബഹുഭൂരിഭാഗം സൂക്തങ്ങളും അവതരിച്ചത്.
തിരുനബി صلى الله عليه وسلم യുടെ ജീവിതത്തിന്‍റെ അവസാനഘട്ടം, ഇസ്‌ലാമിക സ്റ്റേറ്റിന്‍റെ നിയമനിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നല്ലോ. പ്രായോഗികവും മാതൃകായോഗ്യവുമായൊരു ജീവിത വ്യവസ്ഥിതി നിര്‍മിക്കുകയുമായിരുന്നു അപ്പോള്‍. ഇതിന്‍റെ ഭാഗമായി പല സുപ്രധാന കാര്യങ്ങളും ഈ സൂറയില്‍ പറയുന്നുണ്ട്. മറ്റു സൂറകളിലില്ലാത്ത പല നിയമങ്ങളും ഇതിലുണ്ട്.
പ്രതിജ്ഞകള്‍, കരാറുകള്‍, ഉടമ്പടികള്‍ എന്നിവ നിറവേറ്റുക, അറുക്കപ്പെടുന്ന മൃഗങ്ങള്‍, മൃഗങ്ങളില്‍ അനുവദനീയമായതും അല്ലാത്തതും, വേട്ടയാടല്‍, ഇഹ്‌റാം ചെയ്യല്‍, വേദക്കാരികളെ വിവാഹം കഴിക്കല്‍, മതഭ്രഷ്ട്, ശുദ്ധീകരണമുറകള്‍, മോഷണം, രാജ്യദ്രോഹം കലാപമുണ്ടാക്കല്‍ തുടങ്ങിയവയുടെ ശിക്ഷ, മദ്യപാനവും ചൂതാട്ടവും, ശപഥം ചെയ്താലുള്ള പ്രായശ്ചിത്തം, ഹജ്ജ്-ഉംറകളില്‍ പ്രവേശിച്ചതിനുശേഷം ചെയ്യുന്ന വേട്ട, മരണസമയത്തുള്ള വസിയ്യത്ത്, ബിംബങ്ങള്‍ക്ക് നേര്‍ച്ചയാക്കിയ മൃഗങ്ങള്‍, അല്ലാഹുവിന്‍റെ നിയമനടപടികള്‍ ധിക്കരിച്ചവരുടെ വിധികള്‍ തുടങ്ങി പല കാര്യങ്ങളും വിവരിക്കുന്നുണ്ട്.
കഴിഞ്ഞ സൂറത്ത് – സൂറത്തുന്നിസാഅ്- തുടങ്ങിയത് يَا أَيُّهَا النَّاسُ എന്ന സംബോധനയോടെയാണ്. ഒന്നിലധികം സ്ഥലങ്ങളില്‍ അത് ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട് . എന്നാല്‍, ഈ സൂറയുടെ തുടക്കം يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വാസികളേ) എന്നു വിളിച്ചുകൊണ്ടാണ്. ഈ വിളി പല പ്രാവശ്യം ഇതില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട്. തിരുനബി صلى الله عليه وسلم യുടെ അവസാനകാലത്താണ് അവതരിച്ചതെന്ന് പറഞ്ഞല്ലോ, അതായത് മുഅ്മിനീങ്ങള്‍ ധാരാളമുള്ള കാലം. പല പ്രദേശങ്ങളും ഇസ്‌ലാമിക പ്രദേശങ്ങളായി മാറിയ കാലം. അപ്പോഴാണിതിന്‍റെ അവതരണം എന്ന് സൂചന.
ഒന്നാം ആയത്ത്
എല്ലാ കരാറുകളും കൃത്യമായി പാലിക്കണമെന്നും, ജാതി-മത-കക്ഷി ഭേദമന്യേ നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹകരിക്കണമെന്നും, കുറ്റകൃത്യങ്ങളിലും അതിക്രമത്തിലും സഹകരിക്കരുതെന്നും കല്‍പിച്ചുകൊണ്ടാണ് തുടക്കം. വിശ്വസിച്ചവരേ എന്ന് വിളിച്ചുകൊണ്ടാണ് തുടങ്ങുന്നത്. വിശ്വാസികളായ നിങ്ങള്‍ മറ്റാരേക്കാളും അതിനു കൂടുതല്‍ ബാധ്യസ്ഥരാണെന്ന് സൂചന.
ലോകത്തിനാകമാനം പഠനാര്‍ഹവും എല്ലാവരും പകര്‍ത്തേണ്ടതുമായ രണ്ട് നിര്‍ദ്ദേശങ്ങളാണിത്. ശാന്തിയും സമാധാനവും തേടി പല തരത്തിലുമുള്ള ഉച്ചകോടികള്‍ സംഘടിപ്പിച്ച് ഹതാശരായ ആധുനിക ലോകം ഖുര്‍ആന്‍റെ ഈ നിര്‍ദ്ദേശം പ്രയോഗവല്‍ക്കരിച്ചിരുന്നെങ്കില്‍!
എല്ലാ കരാറുകളും കൃത്യമായി പാലിക്കണം. എല്ലാതരം ഉടമ്പടികളും ഇടപാടുകളും ഇതില്‍പെടും. മുഅ്മിനീങ്ങളെന്ന നിലക്ക് അല്ലാഹുവിനോടുള്ള ബാധ്യതകള്‍, നേര്‍ച്ചയാക്കിയ കാര്യങ്ങള്‍, വിവാഹസംബന്ധമോ മുതലിടപാടു സംബന്ധമോ ആയവ, ശരീഅത്തിനെതിരല്ലാത്തവിധം ആളുകള്‍ പരസ്പരം ചെയ്യുന്ന കരാറുകള്‍, സന്ധി, സഖ്യം മുതലായവ സംബന്ധിച്ച വ്യവസ്ഥകള്‍... ഇങ്ങനെ മനുഷ്യര്‍ തമ്മതമ്മില്‍ നിര്‍വ്വഹിക്കേണ്ട എല്ലാ കരാറുകളും.
പിന്നെ പറയുന്നത്, ഒട്ടകം, മാട്, ആട് എന്നീവര്‍ഗത്തില്‍ പെട്ട മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷണമായി അനുവദിക്കപ്പെട്ടിരിക്കുന്നു; താഴെ പറയപ്പെടുന്നവയൊഴികെ എന്നാണ്. അവന്‍ നിഷിദ്ധമാക്കിയതല്ലാതെ മറ്റൊന്നും നിങ്ങള്‍ നിഷിദ്ധമാക്കാന്‍ പാടില്ല. അതേതൊക്കെയാണ് മൂന്നാം വാക്യത്തില്‍ വരുന്നുണ്ട്.
ഇതു പറയാന്‍ പ്രത്യേകം കാരണമുണ്ട് - മക്കാമുശ്‌രിക്കുകള്‍ നാല്‍ക്കാലി മൃഗങ്ങളില്‍ പെട്ട ചില ഐറ്റംസ് നിഷിദ്ധമാക്കിയിരുന്നു. ബഹീറ, സാഇബ, വസീല, ഹാം എന്നിങ്ങനെയുള്ള ചില പേരുകളിലാണവ അറിയപ്പെട്ടിരുന്നത്. ബിംബങ്ങള്‍ക്ക് നേര്‍ച്ചയാക്കുന്ന മൃഗങ്ങളായിരുന്നു അവ. അവ ഭക്ഷിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നത്.
ആ വാദഗതി തികച്ചും തെറ്റാണ്. ആ മൃഗങ്ങളെ അറുത്ത് ഭക്ഷിക്കാവുന്നതാണ്. കന്നുകാലി മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടവയാണ്.
മൃഗങ്ങളെ അറുക്കുന്നതും ഭക്ഷിക്കുന്നതും പാപമാണെന്ന അഹംസവാദികളുടെ അഭിപ്രായം ശരിയല്ലെന്നും ഇവിടെ നിന്ന് മനസ്സിലാക്കാം.
അതേസമയം, ഈ മൃഗങ്ങള്‍ അനുവദനീയമാണെങ്കിലും ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്‌താല്‍ ഇവയെ എന്നല്ല, ഒരു ജീവിയെയും വേട്ടയാടാന്‍ പാടില്ല. ഇഹ്‌റാമില്‍ പ്രവേശിക്കാത്തവരെക്കുറിച്ചാണ് അനുവദനീയമാക്കപ്പെട്ടിരിക്കുന്നത് എന്നു ചുരുക്കം.
يَا أَيُّهَا الَّذِينَ آمَنُوا أَوْفُوا بِالْعُقُودِ ۚ أُحِلَّتْ لَكُمْ بَهِيمَةُ الْأَنْعَامِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّي الصَّيْدِ وَأَنْتُمْ حُرُمٌ ۗ إِنَّ اللَّهَ يَحْكُمُ مَا يُرِيدُ (1)
ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ പൂര്‍ത്തീകരിക്കുക. കന്നുകാലി മൃഗങ്ങള്‍ (ഒട്ടകം, മാട്, ആട് എന്നീവര്‍ഗത്തില്‍ പെട്ട മൃഗങ്ങള്‍) നിങ്ങള്‍ക്കു ഭക്ഷണമായി അനുവദിക്കപ്പെട്ടിരിക്കുന്നു; താഴെ പറയപ്പെടുന്നവയൊഴികെ. ഹജ്ജ്-ഉംറക്ക് ഇഹ്‌റാം ചെയ്തവരായിരിക്കെ നിങ്ങള്‍ വേട്ട അനുവദനീയമാക്കരുത്. നിശ്ചയം, താനുദ്ദേശിക്കുന്നത് അല്ലാഹു വിധിക്കുന്നു.
بَهِيمَةُ الْأَنْعَامِ
بَهِيمَةُ എന്ന വാക്ക്, മിണ്ടാപ്രാണികളായ എല്ലാ ജീവികള്‍ക്കും പറയപ്പെടാമെങ്കിലും കാട്ടുജീവികളും പറവകളുമല്ലാത്ത ജന്തുക്കള്‍, നാല്‍ക്കാലി മൃഗങ്ങള്‍ എന്നീ ഉദ്ദേശത്തിലാണത് സാധാരണ ഉപയോഗിക്കാറുള്ളത്. أَنْعَام (അന്‍ആം) എന്ന വാക്ക് ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളെക്കുറിച്ചാണ് പൊതുവെ ഉപയോഗിക്കുന്നത്. ചിലപ്പോള്‍ ഒട്ടകത്തെ മാത്രം ഉദ്ദേശിച്ചും പറയാറുണ്ട്.
غَيْرَ مُحِلِّي الصَّيْدِ وَأَنْتُمْ حُرُمٌ
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചാല്‍ അതില്‍ നിന്നൊഴിവാകുന്നതുവരെ കാലികളെ വേട്ടയാടാന്‍ പാടില്ല.
ഹജ്ജിനോ ഉംറക്കോ, രണ്ടിനും കൂടിയോ ഇഹ്റാം ചെയ്തവര്‍ എന്നാണ് حُرُمٌ എന്ന വാക്കുകൊണ്ട് ഉദ്ദേശ്യം. ഈ പ്രവേശനത്തോടുകൂടി സുഗന്ധം ഉപയോഗിക്കല്‍, വിവാഹസംബന്ധമായ കാര്യങ്ങള്‍, വേട്ടയാടല്‍, വേട്ടയാടിയത് ഭക്ഷിക്കല്‍, പുരുഷന്മാര്‍ തലമറക്കല്‍ മുതലായ പല കാര്യങ്ങളും ഹറാമാകുമല്ലോ. അതുകൊണ്ടാണതിന് إحرام (ഹറാമാക്കിത്തീര്‍ക്കല്‍) എന്ന് പറയുന്നത്.
ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ വേട്ടയാടുന്നതിനെപ്പറ്റി 98-ആം വചനത്തില്‍ വിവരിക്കുന്നുമുണ്ട്.
ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ വേട്ടയാടുകയെന്ന് പറഞ്ഞാല്‍, അവര്‍ അതിനെ അനുവദനീയമാക്കുന്ന ഒരു പ്രതീതിയാണല്ലോ ഉണ്ടാവുക. അതുകൊണ്ടാണ് مُحِلِّي الصَّيْدِ (വേട്ട അനുവദനീയമാക്കിയവര്‍) എന്നു പറഞ്ഞത്.
إِنَّ اللَّهَ يَحْكُمُ مَا يُرِيدُ
യുക്തിയോ മറ്റു താല്‍പര്യങ്ങളോ അടിസ്ഥാനമാക്കി അല്ലാഹുവിന്‍റെ വിധിവിലക്കുകളെയും നിയമനിര്‍ദ്ദേശങ്ങളെയും വിമര്‍ശിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു കാര്യം എന്തുകൊണ്ട് വിരോധിച്ചു, അല്ലെങ്കില്‍ കല്‍പിച്ചു, ഇന്ന കാര്യമെന്തുകൊണ്ട് നിയമമാക്കിയില്ല എന്നൊന്നും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്‍റേതാണ്. അവയുടെ നിയന്ത്രണാധികാരവും അവനു തന്നെ. ചെറുതും വലുതുമെന്നോ, കാല-ദേശ-സമയ വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളും സവിസ്തരം അറിയുന്നവനാണവന്‍. മനുഷ്യരുടെ പൊതുനന്മ ഏത് കാര്യത്തിലാണെന്ന സൂക്ഷ്മജ്ഞാനവും അല്ലാഹുവിനു മാത്രമേയുള്ളൂ. മനുഷ്യന്‍ എത്ര തന്നെ ഡെലവപ്ഡ് ആയാലും അവന്‍ സര്‍വ്വജ്ഞനാകില്ല.
കാര്യങ്ങളിങ്ങനെയാണെന്നിരിക്കെ, അല്ലാഹുവിന്‍റെ വിധിവിലക്കുകളെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മനുഷ്യനെന്ത് അര്‍ഹതയാണുള്ളത്?! അല്ലാഹു എന്ത് കല്‍പിച്ചുവോ, എന്ത് വിരോധിച്ചുവോ അതില്‍ മാത്രമായിരിക്കും നീതിയും യുക്തിയും. മനുഷ്യന് ഗുണകരവും അതുതന്നെയായിരിക്കും.
അടുത്ത ആയത്ത് 2
സത്യവിശ്വാസികള്‍ അനാദരിക്കാന്‍ പാടില്ലാത്ത, പവിത്രമായി കരുതി ആദരിച്ചു പോരേണ്ട അഞ്ചു കാര്യങ്ങളാണിനി പറയുന്നത്:
(1) شَعَائِر اللَّـهِ (അല്ലാഹുവിന്‍റെ ചിഹ്നങ്ങള്‍) - ഇസ്‌ലാമിന്‍റെ പ്രത്യേക അടയാളമായി കരുതപ്പെടുന്ന എല്ലാം ഇതില്‍പെടും.
ഏതെങ്കിലുമൊരു മതത്തിന്‍റെയോ സംഘടനയുടെയോ സംസ്‌കാരത്തിന്‍റെയോ പ്രത്യേക അടയാളമായി കണക്കാക്കപ്പെടുന്നതെല്ലാം അതിന്‍റെ شَعَائِر (ചിഹ്നങ്ങള്‍) ആണെന്ന് പറയാം. ഇവിടെ ഉദ്ദേശ്യം, അല്ലാഹുവിന്‍റെ വിധിവിലക്കുകളാണെന്ന് ചുരുക്കിപ്പറയാം. ആ വിധിവിലക്കുകള്‍ തോന്നിയതുപോലെ മനുഷ്യന്‍ കൈകാര്യം ചെയ്യരുത്.
അതുപോലെ, ഹജ്ജ് – ഉംറ കര്‍മങ്ങളോടും മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് സാന്ദര്‍ഭികമായി മനസ്സിലാക്കാവുന്നതാണ്. മര്യാദകളും ആദരവും ലംഘിക്കാതെ അതിന്‍റെയൊക്കെ പവിത്രത കാത്തുസൂക്ഷിക്കുകയെന്ന് നിര്‍ബന്ധമാണെന്നര്‍ത്ഥം.
അല്ലാഹു പറയുന്നു:وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ – سورة الحج 32
(ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്ന പക്ഷം, നിശ്ചയമായും അതു ഹൃദയങ്ങളുടെ തഖ്‍വ തന്നെയാണ്).
ആലോചിച്ചുനോക്കൂ, ഏത് ചിഹ്നങ്ങളായാലും അത് അനാദരിക്കപ്പെടുകയെന്നത് എല്ലാ കാലത്തും എല്ലാവരും വലിയ കുറ്റമായി കാണുന്ന കാര്യമാണല്ലോ. മതത്തിന്‍റെയോ ഭരണകൂടത്തിന്‍റെയോ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ ഗൗരവമായിട്ടാണ് അതിന്‍റെ ചിഹ്നങ്ങളെ അനാദരിക്കല്‍ ഇന്നും കണക്കാക്കിവരുന്നത്. ഇസ്‌ലാമിലും അതങ്ങനെത്തന്നെ. ചിഹ്നങ്ങളെ അനാദരിക്കുന്നതിന്‍റെ പിന്നില്‍ ധിക്കാരവും പരിഹാസവുമായിരിക്കും എന്നതാണ് അത് പാടില്ല എന്ന് പറയാന്‍ കാരണം.
അല്ലാഹുവിന്‍റെ ചിഹ്നങ്ങളെപ്പറ്റി മൊത്തത്തില്‍ പറഞ്ഞശേഷം ചിലത് പ്രത്യേകം എടുത്തുപറയുകയാണ്.
(2) الشَّهْرَ الْحَرَامَ (പവിത്ര മാസം): ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് – ഈ നാലെണ്ണമാണ് ആദരണീയമായ മാസങ്ങള്‍. ഈ മാസങ്ങളില്‍ യുദ്ധം ചെയ്തുകൂടാ. അത് അനാദരവാണ്.
സത്യവിശ്വാസികള്‍ യുദ്ധത്തിന് മുന്‍കൈയെടുക്കാന്‍ പാടില്ല. എന്നാല്‍, സത്യനിഷേധികളും അവിശ്വാസികളും ഇങ്ങോട്ടു വന്ന് നിര്‍ബന്ധിച്ചാല്‍ ആദരണീയ മാസത്തിലും അവരോട് ഏറ്റുമുട്ടാം. സൂറത്തുല്‍ബഖറ 194ല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ആദരണീയ മാസങ്ങളിലെന്നു മാത്രമല്ല, എല്ലാ സന്ദര്‍ഭങ്ങളിലും ഇസ്‌ലാമിന്‍റെ നയം ഇതുതന്നെയാണ്. കാരണങ്ങളില്ലാതെ അങ്ങോട്ട് അതിക്രമിച്ച് തട്ടിക്കയറുകയെന്നത് ഇസ്‌ലാമിക രീതിയല്ല. ഏറ്റവുമാദ്യമായി മുസ്‌ലിംകള്‍ക്ക് യുദ്ധത്തിനനുമതി നല്‍കപ്പെട്ടപ്പോള്‍ പോലും ഖുര്‍ആന്‍ പ്രസ്‌പഷ്ടമായി അതിന്‍റെ കാരണവും പറഞ്ഞിട്ടുണ്ട്; പ്രതിരോധത്തിനുവേണ്ടിയായിരുന്നു അതെന്ന് (സുറത്തുല്‍ ഹജ്ജ് 39 നോക്കുക).
മുസ്‌ലിംകളുടെ പവിത്ര വിശ്വാസങ്ങള്‍ ചൂഷണം ചെയ്യാമെന്നു വ്യാമോഹിച്ച്, ആദരണീയമായ ഈ മാസങ്ങളിലോ, അല്ലെങ്കില്‍ വിശുദ്ധ ഹറമില്‍ തന്നെയോ ചാടിവീണ് അവരെ ഉന്മൂലനം ചെയ്‌തേക്കാമെന്ന് ശത്രുക്കള്‍ ധരിക്കേണ്ടതില്ല. അവര്‍ക്ക് കനത്ത തിരിച്ചടി കിട്ടുകതന്നെ ചെയ്യും എന്നര്‍ത്ഥം.
(3, 4) الْهَدْي وَالْقَلَائِد (ബലി കര്‍മത്തിനായി കഅ്ബയുടെ അടുത്തേക്ക് കൊണ്ടുപോകുന്ന മൃഗങ്ങളും അവയെ തിരിച്ചറിയാന്‍ പ്രത്യേക അടയാളമായി കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കളും):
ഹറമിലെ പാവങ്ങള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട് പ്രത്യേകം അടയാളപ്പെടുത്തിയ മൃഗങ്ങള്‍ അക്കാലത്ത് സാര്‍വത്രികമായിരുന്നു; അവയെ അക്രമിക്കുകയോ പിടിച്ചെടുക്കുകയോ ഒന്നും ചെയ്തുകൂടാ. ബലിമൃഗങ്ങളാണെന്ന് അറിയാനായി അവയുടെ കഴുത്തില്‍ കെട്ടിയ സാധനങ്ങള്‍ അഴിച്ചിടാനും പാടില്ല. അവയൊക്കെ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍പെട്ടതാണ്.
ഇത്തരം ബലിമൃഗങ്ങളെ വിശുദ്ധ കഅ്ബയുടെ അടുത്തേക്ക് കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരുപ്പോ മരത്തൊലിയോ അടയാളമായി കെട്ടിത്തൂക്കുന്ന പതിവുണ്ടായിരുന്നു അന്ന്. ഹജ്ജിനും ഉംറക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കുന്ന പതിവുമുണ്ടായിരുന്നു. ആളുകള്‍ക്ക് തിരിച്ചറിയാനും അങ്ങനെ ആ മൃഗങ്ങളെയോ തീര്‍ത്ഥാടകരെയോ കൈയേറാതിരിക്കാനും ഉപദ്രവിക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തിരുന്നത്.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹജ്ജിന് പോയപ്പോള്‍ 60ല്‍ പരം ഒട്ടകങ്ങളെ ബലി മൃഗങ്ങളായി കൂടെ കൊണ്ടുപോവുകയും ദുല്‍ഹുലൈഫ എന്ന വാദില്‍ അഖീഖില്‍വെച്ച് അവിടന്ന് ഇഹ്‌റാം ചെയ്യുകയും ബലി മൃഗങ്ങള്‍ക്ക് അടയാളം കെട്ടുകയും ചെയ്തിരുന്നു.
(5) آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا (അല്ലാഹുവിന്‍റെ അനുഗ്രഹവും പ്രീതിയും തേടി പരിശുദ്ധ കഅ്ബ ഉദ്ദേശിച്ച് വരുന്നവര്‍): കഅ്ബയെ ലക്ഷ്യം വെച്ചു പോകുന്ന തീര്‍ത്ഥാടകരെ അക്രമിക്കുകയോ തടയുകയോ അപമാനിക്കുകയോ ചെയ്യരുത്; അല്ലാഹുവിന്‍റെ അതിഥികളാണവര്‍.
വിശുദ്ധ കഅ്ബയും പരിസര പ്രദേശമായ ഹറമും ഇബ്‌റാഹീം നബി (عليه السلام) യുടെ കാലംതൊട്ടേ അഭയ കേന്ദ്രമാണ്. അല്ലാഹു പലിയടത്തും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (2:125, 3:97 നോക്കുക). അതുകൊണ്ടുതന്നെ അവിടങ്ങളിലേക്ക് പോകുന്നവരോട് അപമര്യാദയായി പെരുമാറരുത്.
يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا
ഹജ്ജിനോ ഉംറക്കോവേണ്ടി പോകുന്നവരെ മാത്രമല്ല, വല്ല ഉപജീവന മാര്‍ഗവും തേടി അങ്ങോട്ടു പോകുന്നവരെയും ഉപദ്രവിക്കാന്‍ പാടില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിപ്പോകുന്നവര്‍ എന്ന വാക്കില്‍ ഇതും ഉള്‍പ്പെടുമെന്ന് പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍ ബഖറ 198 ലും ഈ വിഷയം സൂചിപ്പിക്കുന്നുണ്ട്.
ഇപ്പറഞ്ഞ അഞ്ചു കാര്യങ്ങളും മുശ്‌രിക്കുകളും ഏറെക്കുറെ അംഗീകരിച്ചു വന്നിരുന്നു. ആ നല്ല കാര്യങ്ങള്‍ മുസ്‌ലിംകളും കര്‍ശനമായി പലിക്കേണ്ടതുണ്ട്, ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നുവെച്ച് അതൊന്നും അവഗണിച്ചുകൂടാ.
കഴിഞ്ഞ ആയത്തുമായി ബന്ധപ്പെട്ടൊരു വിഷയമാണ് പിന്നീട് പറയുന്നത്. ഇഹ്‌റാമിലായിരിക്കെ വേട്ടയാടരുതെന്ന് കഴിഞ്ഞ ആയത്തിലുണ്ടല്ലോ. ഹജ്ജില്‍ നിന്നോ ഉംറയില്‍ നിന്നോ ഒഴിവായാല്‍ അല്ലെങ്കില്‍ ഹറമിന്‍റെ പരിധിയില്‍ നിന്നു പുറത്തുകടന്നാല്‍ വേട്ടയാടുന്നത് അനുവദനീയമാണ്.
വളരെ ഗൌരവത്തോടെ ചിന്തിക്കേണ്ട ചില പ്രധാനപ്പെട്ട ഉപദേശങ്ങളാണ് ശേഷമുള്ളത്:
(1) وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَنْ صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَنْ تَعْتَدُوا - ഹിജ്‌റ 6-ആം വര്‍ഷം ഉംറക്കുവേണ്ടി മദീനയില്‍ നിന്ന് മക്കയിലേക്ക് ചെന്ന നബിയെയും സ്വഹാബികളെയും മുശ്‌രിക്കുകള്‍ പ്രതിരോധിച്ചു തിരിച്ചയച്ച ഹുദൈബിയ സന്ധീ സംഭവം പ്രസിദ്ധമാണല്ലോ. യാതൊരു ദുരുദ്ദേശ്യവുമില്ലാതെ ഉംറക്കു മാത്രമായി വന്ന തങ്ങളെ മക്കക്കാര്‍ തിരിച്ചയച്ചതില്‍ കടുത്ത രോഷമുണ്ടായിരുന്നു മുസ്‌ലിംകള്‍ക്ക്. എങ്കില്‍ തന്നെ അവരോട് അതിക്രമം കാട്ടാന്‍ അതു നിമിത്തമാകരുതെന്ന് അല്ലാഹു കല്‍പിച്ചിരിക്കയാണ്. അവര്‍ അതിക്രമം കാണിച്ചു എന്നത് കാരണം, നിങ്ങള്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൂടാ എന്നു താല്‍പര്യം.
ഇസ്‌ലാമിന്‍റെ നീതിബോധവും സത്യസന്ധതയും ഇതില്‍ നിന്നു സ്പഷ്ടമായി ഗ്രഹിക്കാം. പശ്ചാത്തലം ഇതാണെങ്കിലും ഈ കല്‍പന സാര്‍വകാലികവും സാര്‍വലൗകികവുമാണ്.
(2) وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കണം, സഹകരിക്കണം.
(3) وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല.
എത്ര നല്ല, വിലപ്പെട്ട ഉപദേശങ്ങളാണല്ലേ! ഈ മൂന്നു ഉപദേശങ്ങളും പാലിക്കപ്പെടുകയാണെങ്കില്‍ എന്തൊരു സമാധാനമായിരിക്കുമല്ലേ ലോകത്ത്!
ശത്രുവാണെങ്കില്‍പോലും നല്ല കാര്യങ്ങളില്‍ സഹകരിക്കുക, മിത്രമായിരുന്നാലും വേണ്ടാത്ത കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുക, അന്യരോടുള്ള വെറുപ്പും വിദ്വേഷവും അവരോട് അതിക്രമം കാണിക്കാന്‍ കാരണമാകാതിരിക്കുക... ഇത്തരം സമീപനങ്ങള്‍ ശത്രുവിനെ മിത്രമാക്കാന്‍ വരെ സഹായിക്കുന്നവയാണ്.
يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ وَلَا الْهَدْيَ وَلَا الْقَلَائِدَ وَلَا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلًا مِنْ رَبِّهِمْ وَرِضْوَانًا ۚ وَإِذَا حَلَلْتُمْ فَاصْطَادُوا ۚ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَنْ صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَنْ تَعْتَدُوا ۘ وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (2)
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ ചിഹ്നങ്ങളെയും പുണ്യമാസത്തെയും ഹറമിലേക്കുള്ള ബലിമൃഗത്തെയും അവയുടെ കഴുത്തിലിട്ട അടയാളങ്ങളെയും, തങ്ങളുടെ നാഥന്‍റെ ഔദാര്യവും സംതൃപ്തിയും കാംക്ഷിച്ച് പുണ്യഭവനം ലക്ഷീകരിച്ചു പോകുന്ന തീര്‍ത്ഥാടകരെയും നിങ്ങള്‍ അനാദരിക്കരുത്. എന്നാല്‍, ഇഹ്‌റാമില്‍ നിന്ന് തഹല്ലുലായാല്‍ വേട്ടയാകാം. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതിന് നേരത്തെ നിങ്ങളെ ഉപരോധിച്ചിരുന്നു എന്നതിനാല്‍ ഒരു വിഭാഗത്തോടുള്ള വിദ്വേഷം, അതിക്രമം കാട്ടുന്നതിന് ഒരിക്കലും നിങ്ങള്‍ക്കു പ്രേരകമായിക്കൂടാ. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കണം; കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; കഠിന ശിക്ഷ നല്‍കുന്നവനാണവന്‍.
لَا تُحِلُّوا شَعَائِرَ اللَّهِ
ഹറാം-ഹലാല്‍ ഈ 2 പദങ്ങളെക്കുറിച്ചൊന്ന് മനസ്സിലാക്കാം:
ഹറാം എന്ന വാക്കിന് ‘നിഷിദ്ധം, വിരോധം’ എന്ന് അര്‍ത്ഥം പറയാം. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യപ്പെടേണ്ടുന്ന കാര്യങ്ങളെന്നും അര്‍ത്ഥമാകാം, സന്ദര്‍ഭത്തിനനുസരിച്ച്.
മോഷണം, വ്യഭിചാരം പോലെയുള്ള കാര്യങ്ങള്‍, പന്നിമാംസം പോലെയുള്ള വസ്തുക്കള്‍ - ഇവയെ സംബന്ധിച്ചു حَرَام എന്നു പറയുമ്പോള്‍ ‘നിഷിദ്ധം, വിരോധം’ എന്നാണ് അര്‍ത്ഥം.
ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട കാര്യങ്ങളെയോ വസ്തുക്കളെയോ സംബന്ധിച്ചു അതേ വാക്കു പറയുമ്പോള്‍ ‘അലംഘനീയം, പവിത്രം’ എന്നായിരിക്കുമര്‍ത്ഥം. حُرْمَة എന്ന വാക്കിനും ഇതു പോലെ സമയോചിതം ‘നിഷിദ്ധത’ എന്നും ‘അലംഘനീയത’ എന്നും അര്‍ത്ഥം വരും. حَرَّمَ എന്ന ക്രിയക്കും ‘നിഷിദ്ധമാക്കി’ എന്നും ‘അലംഘനീയമാക്കി’ എന്നും അര്‍ത്ഥം മാറി വരാം.
ഇതിന്‍റെ വിപരീതാര്‍ത്ഥമാണ് حَلَّلَ، حِلّ، حَلَال മുതലായ വാക്കുകള്‍ക്ക്. അതായത്, ഇവക്ക് ‘അനുവദനീയം, അനുവദനീയമാക്കി, അനാദരവ്, അനാദരിച്ചു’ എന്നിങ്ങിനെയെല്ലാം സന്ദര്‍ഭോചിതം അര്‍ത്ഥം പറയാം. ഭാഷാര്‍ത്ഥം ‘കെട്ടഴിക്കുക’, ‘ഇറങ്ങി വരുക’ എന്നൊക്കെയാണ്. (വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ഈ പ്രയോഗങ്ങള്‍ കാണാവുന്നതിനാല്‍ അര്‍ത്ഥവ്യത്യാസങ്ങള്‍ ശരിക്ക് മനസ്സിലാക്കേണ്ടതാണ്).
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ
നമ്മളെല്ലാവരും നല്ലവണ്ണം ശ്രദ്ധിക്കേണ്ട കാര്യമാണിത്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. വേണ്ടാത്തതിന് സഹകരിക്കാന്‍ ഒരുപാട് പേരുണ്ട്. നല്ല കാര്യങ്ങള്‍ക്ക് വളരെ കുറവും. ഈ പ്രവണത സമൂഹത്തില്‍ വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. അതിനിപ്പോള്‍ പ്രത്യേകം ഉദാഹരണങ്ങള്‍ നിരത്തേണ്ട കാര്യമില്ലല്ലോ.
നിരവധി ഹദീസുകളും മറ്റും ഇതുസംബന്ധമായുണ്ട്:
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: انْصُرْ أخاكَ ظالِمًا أوْ مَظْلُومًا ‘അക്രമിയാകുമ്പോഴും അക്രമിക്കപ്പെട്ടവനാകുമ്പോഴും നീ നിന്‍റെ സഹോദരനെ സഹായിക്കുക’. അപ്പോള്‍ ചോദിക്കപ്പെട്ടു: ‘അക്രമിക്കപ്പെടുന്നവനെ സഹായിക്കാം. അക്രമിയെ എങ്ങനെയാണ് സഹായിക്കുംക?’. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: قالَ: تَحْجُزُهُ -أوْ تَمْنَعُهُ- مِنَ الظُّلْمِ؛ فإنَّ ذلكَ نَصْرُهُ “അക്രമത്തില്‍നിന്ന് അവനെ തടയുകയും മുടക്കുകയും ചെയ്യുക. അതാണവന്നുള്ള സഹായം’ (ബുഖാരി).
ആളുകളുമായി സഹകരിക്കണം. ഒറ്റക്ക് മാറിനില്‍ക്കുന്നത് ശരിയല്ല. ഇടപെടാന്‍ കഴിയുന്ന നല്ല കാര്യങ്ങളിലൊക്കെ ഇടപെടുക. കൂടെ കൂടിക്കൊടുക്കുക. ആളുകളുടെ പ്രസായങ്ങളകറ്റാന്‍ സഹായിക്കുക. വലിയ കൂലിയുള്ള കാര്യമാണത്.
എതിര്‍പ്പുകള്‍ നേരിട്ടേക്കാം. സ്വന്തക്കാരില്‍നിന്നുവരെ കുത്തുവാക്കുകള്‍ കേട്ടേക്കാം. അതൊന്നും കാര്യമാക്കേണ്ട. ക്ഷമിക്കുക. നമ്മള്‍ നന്മയുടെ പക്ഷത്താണെങ്കില്‍ ഒന്നും പേടിക്കേണ്ടതില്ല.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ ഉപദ്രവത്തില്‍ ക്ഷമിക്കുകയും ചെയ്യുന്ന സത്യവിശ്വാസി, ജനങ്ങളുമായി ഇടപെടുകയും അവരുടെ ഉപദ്രവത്തില്‍ ക്ഷമിക്കുകയും ചെയ്യാത്ത സത്യവിശ്വാസിയെക്കാള്‍ വലിയ പ്രതിഫലം ലഭിക്കുന്നവനാണ്’ (അഹ്‍മദ്: തുര്‍മുദി).
وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ
മേല്‍പറഞ്ഞ ഉപദേശങ്ങള്‍ക്കുശേഷം, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്നും, ഇല്ലാത്തപക്ഷം അവന്‍ കഠിനമായ ശിക്ഷാനടപടി എടുക്കുന്നതാണെന്നും ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു.
---------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment