അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 24-31) ഭൂമിയിലെ ആദ്യ കൊല - ഖാബീലും ഹാബീലും

വാഗ്‌ദത്തഭൂമിയിലെ വിവരങ്ങളറിയാന്‍ മൂസാനബി(عليه السلام) പന്ത്രണ്ടു നേതാക്കളെ തെരഞ്ഞെടുത്തയച്ച്, അവര്‍ അവിടെ പോയിവന്ന് ആളുകള്‍ക്കിടയില്‍ പേടിയുണ്ടാക്കുന്ന വിധം പരസ്യപ്രചാരണം നടത്തിയ കാര്യമാണല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞത്. അവിടെയുള്ളത് മല്ലന്മാരാണ്, ഞങ്ങളങ്ങോട്ട് പോകില്ല എന്ന് ബനൂഇസ്രാഈലുകാര്‍ പറഞ്ഞപ്പോള്‍, പടച്ചവനെ പേടിയുള്ള 2 പേര്‍ (യൂശഉം കാലബും) അവരെ ഉപദേശിച്ചുനോക്കിയ കാര്യവും പറഞ്ഞു.

പക്ഷേ, മൂസാനബി(عليه السلام)യുടെ കല്‍പനയോ, യൂശഅ്-കാലബ് എന്നിവരുടെ ഉപദേശങ്ങളോ ഒന്നും ചെവിക്കൊള്ളാനവര്‍ തയ്യാറായില്ല. വാഗ്ദത്ത ഭൂമി തിരിച്ചുപിടിക്കാന്‍ പ്രയാസങ്ങള്‍ സഹിക്കാനവര്‍ ഒരുക്കമല്ല. അവരുടെ തീരുമാനത്തില്‍തന്നെ ഉറച്ചുനിന്ന് മൂസാ നബി عليه السلام യോടിങ്ങനെ തീര്‍ത്തുപറഞ്ഞു:`അന്നാട്ടുകാര്‍അവിടെയുള്ളിടത്തോളം ഞങ്ങളങ്ങോട്ട്‌ പ്രവേശിക്കുകയേ ഇല്ല.'

ഇതുംപറഞ്ഞ് മതിയാക്കിയോ അവര്‍? ഇല്ല. കടുത്ത ധിക്കാരസ്വരത്തില്‍ ഇങ്ങനെകൂടി പറഞ്ഞത്രേ: യുദ്ധം ചെയ്തേ പറ്റൂ എങ്കില്‍ നീയും നിന്‍റെ റബ്ബും പോയി യുദ്ധം ചെയ്തു അവരെ തുരത്തിവിടുക. അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ ഇരിക്കാം. അത് കണ്ടതിനു ശേഷമേ ഞങ്ങള്‍ അങ്ങോട്ടു നീങ്ങൂ…..’

എന്തൊരു ധിക്കാരം! മഹാനായൊരു പ്രവാചകന്‍ അല്ലാഹുവിനെ മുന്‍നിറുത്തി സ്വന്തം ജനതയോട്‌ ഒരു കാര്യം പറഞ്ഞപ്പോള്‍, അതും അവര്‍ക്കൊരു രാജ്യംതന്നെ നേടിക്കൊടുക്കുന്ന കാര്യം  പറയുമ്പോള്‍ അവരുടെ പ്രതികരണമാണിത്‌.

ഈ സംഭവം ബൈബ്‌ളിലും വളരെ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്.

قَالُوا يَا مُوسَىٰ إِنَّا لَنْ نَدْخُلَهَا أَبَدًا مَا دَامُوا فِيهَا ۖ فَاذْهَبْ أَنْتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ (24)

അവര്‍ പ്രതികരിച്ചു: ഹേ മൂസാഅവരവിടെയുള്ളപ്പോള്‍ ഒരിക്കലും ഞങ്ങളങ്ങോട്ടു കടക്കുകയേയില്ല! അതുകൊണ്ട് നീയും നിന്‍റെ റബ്ബും പോയി അവരോടു യുദ്ധം ചെയ്യുക. ഞങ്ങളിവിടെ ഇരിക്കുക തന്നെയാണ്! 

ഇതുപോലൊരു പ്രതിസന്ധി തികച്ചും അവിചാരിതമായി നമ്മുടെ തിരുനബി  صلى الله عليه وسلمക്കും നേരിടേണ്ടിവന്നിട്ടുണ്ട്; ബദ്റിനൊരുങ്ങുന്ന സമയത്ത്. പക്ഷേ, തിരുനബിصلى الله عليه وسلم ക്ക് എല്ലാവിധ സപ്പോര്‍ട്ടും കൊടുക്കുകയാണ് അനുയായികളന്ന് ചെയ്തത്. മൂസാ നബി عليه السلامയോട് ബനൂ ഇസ്രാഈല്‍ ചെയ്തതുപോലെയല്ല അവര്‍ പെരുമാറിയത്.

ബദ്‌ര്‍ യുദ്ധത്തിനു മുമ്പ്‌  സ്വഹാബികളോട്‌ തിരുനബി (صلى الله عليه وسلم) അഭിപ്രായമാരാഞ്ഞു. തങ്ങളുടെ മൂന്നിരട്ടി വരുന്ന സര്‍വായുധവിഭൂഷിതരായ ശത്രുസൈന്യം. തിരുനബി (صلى الله عليه وسلم)യും സ്വഹാബത്തുമാകട്ടെ ഒരു യുദ്ധമുദ്ദേശിച്ചു വന്നതേ ആയിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി യുദ്ധമുഖത്ത് എത്തിപ്പെട്ടിരിക്കുകയാണവര്‍.

മഹാനായ അബൂബക്‌ര്‍ സിദ്ദീഖും ഉമറുബ്‌നുല്‍ ഖഥാബും മറ്റു ചില സ്വഹാബികളും ( رضي الله عنهم) തിരുനബി (صلى الله عليه وسلم)ക്ക്‌ എല്ലാ വിധ സഹകരണവും വാഗ്‌ദാനം ചെയ്‌ത്‌ സംസാരിച്ചു. എന്നാല്‍, പ്രവാചകന്‍ വീണ്ടും വീണ്ടും `നിങ്ങളുടെ അഭിപ്രായം അവതരിപ്പിക്കൂ' എന്നു പറഞ്ഞുകൊണ്ടിരുന്നു. അന്‍സ്വാറിന്‍റെ മനസ്സ് അറിയുകയായിരുന്നു ലക്ഷ്യം. നേരത്തെ അഭിപ്രായമുന്നയിച്ചതൊക്കെ മുഹാജിറുകളായിരുന്നു.

കാര്യം മനസ്സിലാക്കിയ അന്‍സ്വാറുകളുടെ നേതാവ്‌ അസന്നിഗ്ദമായി പറഞ്ഞു: പ്രവാചകരേ, അങ്ങ്‌ ഞങ്ങളെ (അന്‍സാറുകളെ)യാണ്‌ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. അങ്ങയെ സത്യപ്രസ്ഥാനവുമായി നിയോഗിച്ച അല്ലാഹുവിനെത്തന്നെ സത്യം, അങ്ങ്‌ ഈ സമുദ്രത്തിന്‍റെ മുന്നില്‍ (ബദ്‌റില്‍ നിന്നല്‍പം തെക്ക്‌ പടിഞ്ഞാറോട്ട്‌ സഞ്ചരിച്ചാല്‍ ചെങ്കടലാണ്‌) ഞങ്ങളെ കൊണ്ടുചെന്ന്, അതിലേക്കിറങ്ങാനും ശത്രുവിനോട് ഏറ്റുമുട്ടാനും ഞങ്ങള്‍ക്ക് യാതൊരു അതൃപ്തിയുമില്ല. സത്യസന്ധമായി, ധൈര്യപൂര്‍വം ഞങ്ങളും അങ്ങയോടൊപ്പം പോരാടും; ഒരാളും പിറകോട്ടടിക്കില്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമിക്കുന്നവരും ഏറ്റുമുട്ടുന്നതില്‍ ആത്മാര്‍ഥരും സത്യസന്ധരുമായരിക്കും. ഞങ്ങളില്‍ നിന്ന്‌ നയനാഭിരാമമായൊരു ദൃശ്യം ഇക്കാര്യത്തില്‍ അല്ലാഹു അങ്ങേക്ക്‌ കാണിച്ചുതരുന്നതാണ്‌. അതു കൊണ്ട്‌ അല്ലാഹുവിന്‍റെ ആശീര്‍വാദങ്ങളോടെ മുന്നേറിയാലും! (മുഹമ്മദുര്‍റസൂലുല്ലാഹ്‌ 164).

എന്നിട്ടവര്‍ ഇതുകൂടി പറഞ്ഞു തിരുനബി صلى الله عليه وسلم യോട്: ഇസ്രാഈല്യര്‍ അവരുടെ പ്രവാചകനോട്‌ പറഞ്ഞതുപോലെ ഞങ്ങള്‍ പറയില്ല - താങ്കളും രക്ഷിതാവും പോയി യുദ്ധം ചെയ്യുക – എന്ന്. ഞങ്ങളും നിങ്ങളോടൊപ്പം യുദ്ധം ചെയ്യും എന്നാണ്‌ ഞങ്ങള്‍ക്ക് പ്രഖ്യാപിക്കാനുള്ളത്‌. (ഇബ്‌നു കസീര്‍)

ഹുദൈബിയ്യ സന്ധിയുടെ സന്ദര്‍ഭത്തിലടക്കം പലപ്പോഴും ഇങ്ങനെ പരിപൂര്‍ണ പിന്തുണ കൊടുത്തവരാണ് മഹാന്മാരായ സ്വഹാബികള്‍.

ഒരിക്കല്‍ തിരുനബി صلى الله عليه وسلم ഇങ്ങനെ പറഞ്ഞിട്ടുണ്ട്:

 رَحِمَ اللهُ أخِي مُوسَى؛ لَقَدْ أُوذِيَ بِأكثَرَ مِنْ هَذَا فَصَبَرَ

(മൂസാ നബി عليه السلام ക്ക് അല്ലാഹു റഹ്‍മത്ത് ചെയ്യട്ടെ, ഇതിലേറെ ബുദ്ധിമുട്ടുകള്‍ തന്‍റെ ഖൌമില്‍ നിന്നദ്ദേഹം ഏല്‍ക്കേണ്ടിവരികയും തത്സമയം ക്ഷമിക്കുകയും ചെയ്തിട്ടുണ്ട് - അത്ര ബുദ്ധിമുട്ടൊന്നും എനിക്ക് എന്‍റെ ഖൌമില്‍ നിന്നുണ്ടായിട്ടില്ലല്ലോ എന്ന് സാരം) – (ബുഖാരി, മുസ്‍ലിം رحمهما الله)

അടുത്ത ആയത്ത് 25

തന്‍റെ ഖൌമിന്‍റെ ധിക്കാരപരമായ മറുപടി കേട്ട് മനസ്സു വേദനിച്ച മൂസാ നബി عليه السلام നിസ്സഹായനായി അല്ലാഹുവിനു മുന്നില്‍ കൈയുയര്‍ത്തുകയാണ്.  വല്ലാത്ത സങ്കടവും സഹതാപവും നിറഞ്ഞൊരു ദുആ നടത്തുകയാണ്.

അല്ലാഹു ചെയ്തുകൊടുത്ത വലിയ അനുഗ്രഹങ്ങള്‍ അനുസ്‌മരിപ്പിച്ചിട്ടും, അവന്‍റെ വിജയവാഗ്‌ദാനം മുന്നില്‍വെച്ച് സംസാരിച്ചിട്ടും അവര്‍ അനുസരിക്കാന്‍ തയ്യാറായില്ലല്ലോ. സ്വന്തമായി ഒരു രാജ്യം തന്നെ കൈവരാന്‍ പോവുകയാണ്. എന്നിട്ടും മുടന്തന്‍ ന്യായങ്ങളും ധിക്കാരം നിറഞ്ഞ മറുപടിയും കേട്ടപ്പോള്‍, മൂസാനബി عليه السلام യുടെ മനസ്സു പൊട്ടിപ്പോയി.

അങ്ങനെ മഹാനവര്‍കള്‍ അല്ലാഹുവിനോട് അപേക്ഷിക്കുകയാണ്:

‘എന്‍റെ റബ്ബേ! എന്‍റെ സ്വന്തം ദേഹവും, എന്‍റെ സുഖ-ദുഃഖങ്ങളില്‍ എപ്പോഴും പങ്കുകൊള്ളുന്ന എന്‍റെ സഹോദരന്‍ ഹാറൂനുമല്ലാതെ മറ്റാരും എന്നെ അനുസരിക്കാതെയായിരിക്കുന്നു! ഞങ്ങളുടെ കാര്യമല്ലാതെ ഈ ജനതയുടെ കാര്യങ്ങളൊന്നും എന്‍റെ നിയന്ത്രണത്തിന് അധീനമല്ലാതായിരിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു അന്തിമ തീരുമാനമുണ്ടാക്കിത്തരേണമേ. ’

 قَالَ رَبِّ إِنِّي لَا أَمْلِكُ إِلَّا نَفْسِي وَأَخِي ۖ فَافْرُقْ بَيْنَنَا وَبَيْنَ الْقَوْمِ الْفَاسِقِينَ (25)

മൂസാ നബി നിസ്സഹായനായി ബോധിപ്പിച്ചു: നാഥാഎന്‍റെയും സ്വസഹോദരന്‍ ഹാറൂനിന്‍റെയും കാര്യമല്ലാതെ എന്‍റെ അധീനതയിലില്ല. അതുകൊണ്ട് ഞങ്ങളുടെയും അധര്‍മികളായ ഈ ജനതയുടെയുമിടക്ക് നീ വേര്‍പിരിച്ചു തരേണമേ

അടുത്ത ആയത്ത് 26

മനംനൊന്ത് ചെയ്ത ഈ ദുആ അല്ലാഹു സ്വീകരിച്ചു. കടുത്ത ധിക്കാരത്തിന് ഈ ലോകത്തുവെച്ചുതന്നെ അവരെ ശിക്ഷിച്ചു: നാല്‍പതുകൊല്ലം അവര്‍ സീനാ മരുഭൂമിയില്‍ വട്ടം കറങ്ങികഴിഞ്ഞു കൂടട്ടെ. അതുവരെ വാഗ്ദത്ത ഭൂമി അവര്‍ക്ക് നിഷിദ്ധമായിരിക്കും.

40 കൊല്ലം കഴിയുമ്പേഴേക്കും ആ ഒരു തലമുറ അവസാനിക്കുമല്ലോ. പിന്നെ രംഗത്തുവരുന്ന പുതിയ തലമുറ വാഗ്ദാനം ചെയ്യപ്പെട്ട ആ പുണ്യഭൂമി ജയിച്ചടക്കും, അവരുടെ അവകാശം വീണ്ടെടുക്കും. അതുകൊണ്ട് ഇപ്പോള്‍ അവരുടെ പാട്ടിനു വിട്ടേക്കുക. അവരെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല എന്നെല്ലാം പറഞ്ഞ് മൂസാ നബി عليه السلام യെ ആശ്വസിപ്പിക്കുകയാണ്.

قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِي الْأَرْضِ ۚ فَلَا تَأْسَ عَلَى الْقَوْمِ الْفَاسِقِينَ (26)

അല്ലാഹു അരുളി: ശരിആ പുണ്യനാട് നാല്‍പതു കൊല്ലം നിഷിദ്ധമാണവര്‍ക്ക്. ഭൂമിയിലവര്‍ അലഞ്ഞു തിരിയും. അധര്‍മകാരികളായ ഈ ജനതയെ പറ്റി താങ്കള്‍ ദുഃഖിക്കേണ്ട! 

മുഴുത്ത ധിക്കാരം കാണിച്ച ആ ജനതക്ക്‌ ഏറ്റവും വലിയ ഒരു തിരിച്ചടിയായിരുന്നു ഇത്. സീനാ ഒരു ഉപദ്വീപാണ്‌. 56,000 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്‌തീര്‍ണം. അതിവിസ്‌തൃതമായ ഈ ഉപദ്വീപ്‌ ഏറെക്കുറെ മരുഭൂമിയാണ്‌. ഇതിന്‍റെ ഏകദേശം മധ്യത്തില്‍ അതിവിശാലമായിക്കിടക്കുന്ന തീഹ്‌ മരുഭൂമിയില്‍, ദൈവകോപത്തിനു വിധേയരായി അലഞ്ഞുതിരിയാനാണവര്‍ വിധിക്കപ്പെട്ടത്. അതും സുദീര്‍ഘമായ നാല്‍പതു വര്‍ഷം.

പുറത്തുകടക്കാനാവാതെ അതിലവര്‍ വിട്ടം കറങ്ങി. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ പകല്‍ യാത്രചെയ്യാനാവില്ല; രാത്രി അവര്‍ വാഗ്ദത്ത ഭൂമി ലക്ഷ്യം വെച്ച് നടക്കും. പക്ഷേ, നേരം പുലര്‍ന്നു നോക്കുമ്പോള്‍ തുടങ്ങിയേടത്തു തന്നെയാണുണ്ടാവുക.

ഈ കാലത്തിനിടക്ക് നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മന്നും സല്‍വായും ഇറങ്ങിയതും മേഘം തണലിട്ടതുമെല്ലാം ഈ മരുഭൂവാസക്കാലത്താണ്. തൗറാത്ത്‌ അവതീര്‍ണമായതും `തീഹീ'ല്‍ വെച്ചായിരുന്നു.

ഏതായാലും നാല്‍പതുകൊല്ലം കഴിയാറായപ്പോഴേക്കും പലടിയങ്ങളില്‍വെച്ചും ശത്രുക്കളുമായി പലപല ഏറ്റുമുട്ടലുകളും കഴിഞ്ഞ് പതുക്കെ പതുക്കെ അവര്‍ മുന്നേറിക്കൊണ്ടിരുന്നു.

ഈ അലച്ചിലിനിടെ അവിടെവെച്ചുതന്നെ ഹാറൂന്‍ നബി (عليه السلام) വഫാത്തായി. അധികം താമസിയാതെ – ഏകദേശം ആറുമാസം കഴിഞ്ഞ് – മോവാബ് (مواب) പ്രദേശത്ത് അബാരീം പര്‍വ്വതത്തില്‍ നെബോ മലയില്‍വെച്ച് വാഗ്ദാനം ചെയ്യപ്പെട്ട ആ ഫലസ്ഥീന്‍ രാജ്യം നോക്കിക്കണ്ടശേഷം മൂസാ നബി عليه السلامയും വഫാത്തായി. ആ രാജ്യത്ത് പ്രവേശിക്കാന്‍ മൂസാനബി عليه السلام ക്ക് വിധിയുണ്ടായില്ല.

പിന്നീട് യൂശഅ് നബി عليه السلام (യോശുവാ) അവരുടെ നബിയും സാരഥിയുമായി. മഹാനവര്‍കളുടെ നേതൃത്വത്തിലാണ്, 40 കൊല്ലമെന്ന ശിക്ഷാകാലം പൂര്‍ത്തിയായപ്പോള്‍, പല യുദ്ധങ്ങള്‍ക്കുശേഷം ഇസ്‌റാഈല്യര്‍ ഫലസ്ഥീന്‍ ജയിച്ചടക്കിയതും, താമസമാക്കിയതും.

അടുത്ത ആയത്തുകള്‍ 27-29

ഇസ്രാഈല്യരിലെ അവസാനത്തെ പ്രവാചകനായ ഈസാനബി(عليه السلام)നു ശേഷം സുമാര്‍ 6 നൂറ്റാണ്ടുകളോളം ഈ ലോകത്ത് പ്രവാചകന്മാരുണ്ടായിരുന്നില്ല. പിന്നെയാണ് പ്രവാചകത്വം അറബികള്‍ക്ക് കൊടുക്കുകയും ലോകാവസാനം വരെയുള്ള സര്‍വജനങ്ങള്‍ക്കും റസൂലായി തിരുനബി (صلى الله عليه وسلم)യെ അല്ലാഹു നിയോഗിക്കുകയും ചെയ്‌തത്. ഇതു തികച്ചും സത്യമാണെന്നറിഞ്ഞിട്ടും കടുത്ത അസൂയ കാരണം വേദക്കാര്‍ അവിടത്തെ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല.

എന്നാല്‍, അതിലൊന്നും താങ്കള്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അവരെ രക്ഷിക്കാന്‍ വന്ന മൂസാനബി(عليه السلام)നോടുതന്നെ ഇത്രയും കടുത്ത ധിക്കാരം കാണിച്ച കഠിനഹൃദയരായ മഹാപാപികളാണ്‌ അവരെന്നുമാണ്‌ ഇതുവരെ അല്ലാഹു പറഞ്ഞത്.

വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളുമുണ്ടായിട്ടും ഇസ്രാഈല്യര്‍ തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെ വിശ്വസിക്കാതെ ശത്രുത കാണിച്ചതിനും, തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെയും സ്വഹാബികളെയും ഇല്ലാതെയാക്കാന്‍ ഗൂഢതന്ത്രങ്ങള്‍ നടത്തിവരുന്നതിനുമൊക്കെ യഥാര്‍ത്ഥ കാരണം അസൂയ മാത്രമാണ്. തിരുനബിയെ വധിക്കാനവര്‍ പലതവണ ഗൂഢാലോചന നടത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ്, അസൂയ മൂലം മനുഷ്യകുലത്തിലുണ്ടായ ആദ്യവധത്തിന്‍റെ കഥ ജൂതന്മാര്‍ക്കും മറ്റും വിവരിച്ചുകൊടുക്കാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്.

അസൂയ ഏതു നികൃഷ്ട കൃത്യങ്ങള്‍ക്കും മനുഷ്യനെ പ്രേരിപ്പിക്കും. അതിനൊരു ഉദാഹരണമാണ് അടുത്ത 27 ആം ആയത്തിലുള്ളത്.  

പണ്ടുകാലത്ത് നടന്നൊരു സംഭവം. മഹാനായ ആദം (عليه السلام)ന്‍റെ സ്വന്തം മക്കളാണ് കഥാപാത്രങ്ങള്‍.

‘സത്യസന്ധമായി, ആ വിവരം അവര്‍ക്കു ഓതിക്കൊടുക്കുക’ എന്ന മുഖവുരയോടു കൂടിയാണ് തുടങ്ങുന്നത്. കാരണം, ഈ സംഭവത്തെക്കുറിച്ച് പല കേട്ടുകേള്‍വികളും വേദക്കാര്‍ക്കിടയിലുണ്ടായിരുന്നു; സത്യത്തിനു നിരക്കാത്ത പലതും അതിലുണ്ടായിരിക്കാം.

ഈ സംഭവത്തില്‍ നിന്നു പഠിക്കേണ്ട പാഠങ്ങളും നിരവധിയുണ്ട്.

എന്താണാ സംഭവം?

മഹാനായ ആദം നബി(عليه السلام)യുടെ രണ്ട്‌ മക്കളാണ് ഖാബീലും ഹാബീലും. ഖാബീലിന് തന്‍റെ സഹോദരന്‍ ഹാബീലിനോട് അസൂയ തോന്നി, ഹാബീലിനെ വധിക്കുന്നിടത്തുവരെ കാര്യങ്ങളെത്തി. ഈ കൊന്ന ഖാബീല്‍, ഇരുലോകവിജയവും നഷ്ടപ്പെട്ട് നരകാവകാശിയായി മാറുകയും ചെയ്തു.

ആദം നബി عليه السلام യുടെ ഈ രണ്ട് മക്കളും നടത്തിയ ഒരു ഖുര്‍ബാന്‍ (ബലിദാനം) ആണ് ഈ സംഭവത്തിലെയൊരു പ്രധാനഭാഗം. അല്ലാഹുവിന്‍റെ തൃപ്‌തി ആഗ്രഹിച്ച് അവനുവേണ്ടി അര്‍പ്പിക്കുന്ന ബലിക്കാണ് `ഖുര്‍ബാന്‍' എന്നു പറയുന്നത്‌.

ഇവര്‍ 2 പേരും ഖുര്‍ബാന്‍ നടത്താനുണ്ടായ കാരണം തഫ്‌സീറുകളിലുണ്ട്.

ഹവ്വാബീവി رضي الله عنها ഒരു പ്രസവത്തില്‍ ഒരാണിനും ഒരു പെണ്ണിനുമാണ്‌ ജന്മം നല്‍കാറുള്ളത്‌. അങ്ങനെ ഖാബീല്‍ എന്ന ഒരാണിനും കൂടെ ഒരു പെണ്ണിനും അവര്‍ ജന്മം നല്കി. പിന്നെ ഹാബീല്‍ എന്ന ഒരാണും കൂടെ ഒരു പെണ്ണും പിറന്നു.

ഖാബീലിന്‍റെ പെങ്ങള്‍ ഹാബീലിന്‍റെ പെങ്ങളേക്കാള്‍ സുന്ദരിയാണ്. കല്യാണപ്രായമായപ്പോള്‍, അന്നത്തെ ശരീഅത്തനുസരിച്ച്, ഹാബീലിന്‍റെ സഹോദരിയെ വിവാഹം ചെയ്യാന്‍ ഖാബീലിനോട് ആദം നബി عليه السلام നിര്‍ദ്ദേശിച്ചു. ഖാബീലിന്‍റെ സഹോദരിയെ കല്യാണം കഴിക്കാന്‍ ഹാബീലിനോടും നിര്‍ദ്ദേശിച്ചു. പക്ഷേ, ഖാബീല്‍ അനുസരിച്ചില്ല.

ഈ വിഷയത്തിലൊരു തീരുമാനം വേണം. അങ്ങനെയാണ് അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള പരിഹാരം എന്താണെന്നറിയാന്‍ മക്കളോട്‌ ഖുര്‍ബാന്‍ സമര്‍പ്പിക്കാന്‍ ആദം നബി(عليه السلام) നിര്‍ദ്ദേശിച്ചത്‌.

എന്തെങ്കിലും വസ്‌തുക്കള്‍ അല്ലാഹുവിനെന്ന നിയ്യത്തോടെ ഒഴിഞ്ഞ സ്ഥലത്തുവെക്കും. സ്വീകാര്യമെങ്കില്‍ ആകാശത്തുനിന്നു തീ വന്നു അത് ആവാഹിച്ചെടുക്കും-ഇതാണ്‌ ഖുര്‍ബാന്‍.

ഹാബീല്‍ ഒരാടിനെയാണ് ഖുര്‍ബാനായി നല്കിയത്; ഖാബീലാകട്ടെ കുറച്ച് ധാന്യവും. ഹാബീലിന്‍റേതാണ് സ്വീകരിക്കപ്പെട്ടത്.

ആദം നബി(عليه السلام) മക്കള്‍ക്കെല്ലാം ഓരോ വകുപ്പുകള്‍ വിഭജിച്ചുകൊടുത്തിരുന്നു. ഖാബീലിന്‍റേത്‌ കൃഷിവകുപ്പാണ്. അതാണ് അദ്ദേഹം ധാന്യം ഖുര്‍ബാനായി നല്കിയത്. ഹാബീലിന്‍റേത്‌ കന്നുകാലികളുമായിരുന്നു.

ഖുര്‍ബാനിലൊന്നും അത്ര താല്‍പര്യമില്ലാത്ത ഖാബീല്‍, വളരെ താഴ്‌ന്ന കാറ്റഗറിയിലുള്ള കുറച്ചു ധാന്യം നല്‍കി, പേരിനു മാത്രമൊരു ഖുര്‍ബാന്‍ ചടങ്ങ് നടത്തി.

എന്നാല്‍ ഹാബീല്‍, തന്‍റെയടുത്തുള്ളതില്‍ ഏറ്റവും മുന്തിയ ഒരാടിനെയാണ് ബലിയായി നല്‍കിയത്‌. അങ്ങനെ അല്ലാഹു ആകാശത്തുനിന്ന്‌ അഗ്നി ഇറക്കുകയും ഹാബീലിന്‍റെ ഖുര്‍ബാന്‍ മൃഗത്തെ അത്‌ ആവാഹിച്ചെടുക്കുകയും ചെയ്‌തു (ഥബരി, ഖുര്‍ഥുബി, കശ്ശാഫ്‌, ദുര്‍റുല്‍ മന്‍സൂര്‍).

ഖാബിലിന്‍റേത് സ്വീകരിക്കപ്പെട്ടില്ല. ഹാബീലിനോട് അദ്ദേഹത്തിന് വല്ലാത്ത അസൂയ തോന്നി. അസൂയ മൂത്ത് അനുജനെ കൊല്ലാന്‍വരെ ശ്രമിച്ചു. അത് അനുജനോട് തുറന്നുപറയുകയും ചെയ്തു.

ഹാബീല്‍ നല്ലവനായിരുന്നു, ജേഷ്ഠനെപ്പോലെ ദുഷ്ടനായിരുന്നില്ല. നിന്നെ ഞാന്‍ കൊല്ലുമെന്ന് ജേഷ്ഠന്‍ പറഞ്ഞപ്പോള്‍, വളരെ ശാന്തമായാണ് അദ്ദേഹം പ്രതികരിച്ചത്. ഗുണകാംക്ഷയോടെ പറഞ്ഞു: ‘ഭയഭക്തന്മാരില്‍ നിന്നേ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കയുള്ളൂ – നിനക്ക് സൂക്ഷ്മതയും ഭയഭക്തിയും ഇല്ലാത്തതുകൊണ്ടായിരിക്കാം നിന്‍റെ ബലി സ്വീകരിക്കപ്പെടാത്തത്. അതിലെന്നോട് അസൂയപ്പെടേണ്ടതില്ല.

നീ നന്നാവുക എന്നതാണതിനുള്ള പരിഹാര മാര്‍ഗം. അതിനൊന്നും തയ്യാറാകെ എന്നെ കൊല്ലാന്‍ തന്നെയാണ് നീ ഒരുങ്ങുന്നതെങ്കില്‍ അതുപോലെ തിരിച്ച് ചെയ്യാന്‍ ഞാന്‍ സന്നദ്ധനല്ല. കാരണം ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. അവന്‍റെ ശിക്ഷക്കു പാത്രമാകുന്ന ആ പാപകൃത്യത്തിനു ഞാനില്ല.

നിനക്കതു ചെയ്‌തേ തീരൂ എന്നുണ്ടെങ്കില്‍ ആ കുറ്റത്തിന്‍റെ പങ്കു മുഴുവനും നീ തന്നെ വഹിക്കേണ്ടിവും. എനിക്കതിന്‍റെ പങ്കുവേണ്ട. നീയത് ചെയ്താല്‍ നരക ശിക്ഷക്ക് വിധേയനായിത്തീരുമെന്നു ഓര്‍ക്കണം. അതാണ് അക്രമകാരികള്‍ക്കു ലഭിക്കുന്ന ശിക്ഷ’.

പക്ഷേ, ഉപദേശമൊന്നും ഫലം ചെയ്തില്ല. ഖാബീല്‍ ഹാബീലിനെ കൊല്ലുതന്നെ ചെയ്തു.

ഭൂമിയില്‍ ആദ്യമായി നടന്ന മരണമാണ്. അതുകൊണ്ടുതന്നെ മൃതദേഹം എന്തുചെയ്യണമെന്നറിയാതെ ഖാബീല്‍ വിഷമിച്ചു. അങ്ങനെയിരിക്കെയാണ്, ഒരു കാക്ക ഭൂമി മാന്തിക്കീറി അതിലെന്തോ ഒരു സാധനം വെച്ച് മണ്ണിട്ടു മൂടുന്നത് കണ്ടത്. അങ്ങനെ മൃതദേഹം മറവുചെയ്യേണ്ട രുപം മനസ്സിലാവുകയും അങ്ങനെ ചെയ്യുകയും ചെയ്തു.

ആയത്തുകള്‍ പഠിക്കാം.

وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ (27)

ഓ നബീതാങ്കളവര്‍ക്ക് ആദം നബിയുടെ രണ്ടുപുത്രന്മാര്‍ ബലിയര്‍പ്പിച്ചതിന്‍റെ വിവരം സത്യസമേതം പ്രതിപാദിച്ചു കൊടുക്കുക. എന്നിട്ട് അവരിലൊരാളില്‍ (ഹാബീല്‍) നിന്ന് അത് സ്വീകരിക്കപ്പെടുകയും അപരന്‍റേത് അസ്വീകാര്യമാവുകയും ചെയ്തു. 'ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യുമെ'ന്ന് അപരന്‍ ആക്രോശിച്ചു. ഹാബീല്‍ മറുപടി നല്‍കി: ദൈവഭയമുള്ളവരില്‍ നിന്ന് മാത്രമേ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കൂ. 

لَئِنْ بَسَطْتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (28)

എന്നെ കൊല്ലാനായി നീ കൈനീട്ടിയാല്‍തന്നെയും നിന്നെ വധിക്കാന്‍ ഞാന്‍ മുതിരുകയില്ല. സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ ഞാന്‍ ഭയപ്പെടുന്നുണ്ട്

 إِنِّي أُرِيدُ أَنْ تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ (29)

എന്നെക്കൊന്നതിന്‍റെയും നീ ചെയ്തതിന്‍റെയും കുറ്റങ്ങള്‍ നീ പേറിപ്പോകണമെന്നാണ് ഞാനുദ്ദേശിക്കുന്നത്. അപ്പോള്‍ നീ നരകാവകാശിയായിത്തീരുംഅക്രമികള്‍ക്കുള്ള പ്രതിഫലം അതാണ്. 

إِنِّي أُرِيدُ أَنْ تَبُوءَ بِإِثْمِي وَإِثْمِكَ

‘എന്‍റെ കുറ്റം’ എന്നാല്‍ എന്നെ കൊന്നതിന്‍റെ കുറ്റം, ‘നിന്‍റെ കുറ്റം’ എന്നാല്‍ നീ ഇക്കാലമത്രയും ചെയ്‌ത കുറ്റം. വേറെയും അഭിപ്രായമുണ്ട്.

അടുത്ത ആയത്തുകള്‍ 30-31

സഹോദരന്‍റെ ഉപദേശങ്ങളൊന്നും ഖാബീല്‍ അനുസരിച്ചില്ല. ഹാബീലിനെ കൊല്ലാന്‍ അവന്‍ അന്തിമതീരുമാനമെടുത്തു. പക്ഷെ, എങ്ങനെയാണൊരു മനുഷ്യനെ കൊല്ലുക? അതിന്‍റെ രീതിയും ശൈലിയും മാര്‍ഗവുമൊന്നും അവനറിയില്ല. ഭൂമിയിലെ ആദ്യ കൊലപാതകമാണല്ലോ നടക്കാന്‍ പോകുന്നത്‌.

ഇബ്‌ലീസ്‌ ഈ അവസരമുപയോഗപ്പെടുത്തി. ഒരു പക്ഷിയെ പിടിച്ച്‌ കല്ലുകൊണ്ട്‌ തലക്കടിച്ച് കൊന്ന്‌ ഖാബീലിന്‌ കാണിച്ചുകൊടുത്തു. അങ്ങനെ, ഹാബീല്‍ ഉറങ്ങിക്കിടക്കവെ വലിയ കല്ലെടുത്ത്‌ തലക്കിട്ട്‌ കൊല നടപ്പാക്കുകയും ചെയ്തു (ഇബ്‌നു കസീര്‍).

കൊല്ലാനറിയാതിരുന്നതുപോലെ മൃതദേഹം എന്തുചെയ്യണമെന്നും ഖാബീലിന് അറിയില്ലായിരുന്നു. മനുഷ്യന്‍ മരിച്ചുകഴിഞ്ഞാലും ആദരണീയനാണെന്നതിനാല്‍ ആ മയ്യിത്ത്‌ മറവു ചെയ്യേണ്ട രീതി അല്ലാഹു പഠിപ്പിച്ചുകൊടുത്തു.

രണ്ടു കാക്കകളെ കൊണ്ടുവന്ന്‌ ഖാബീല്‍ കണ്ടുകൊണ്ടിരിക്കെ ഒന്നിനെ മറ്റേത്‌ കൊലപ്പെടുത്തി. എന്നിട്ടത്‌ ഒരു കുഴിയുണ്ടാക്കി ശവം അതില്‍ വെച്ചു മണ്ണിട്ടു മൂടി (ബൈളാവി).

فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ الْخَاسِرِينَ (30)

അങ്ങനെ സഹോദരനെ കൊല്ലുന്നതിന് അവന്‍റെ മനസ്സ് വഴങ്ങിക്കൊക്കുടുക്കുകയും അവനയാളെ കൊന്നുകളയുകയും തന്മൂലം പരാജിതരിലുള്‍പ്പെടുകയുമുണ്ടായി. 

فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي ۖ فَأَصْبَحَ مِنَ النَّادِمِينَ (31)

സ്വസഹോദരന്‍റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെ എന്ന് അവനു കാണിച്ചുകൊടുക്കാന്‍ വേണ്ടി നിലത്തു മണ്ണുമാന്തുന്ന ഒരു കാക്കയെ അല്ലാഹു നിയോഗിച്ചു. ഇതുകണ്ട് അവന്‍ പരിതപിച്ചു: 'കഷ്ടംഈ കാക്കയെപ്പോലെയെങ്കിലുമാകാനും അങ്ങനെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യാനും എനിക്കു സാധിക്കാതെ വന്നല്ലോ.അങ്ങനെയവന്‍ മഹാസങ്കടക്കാരിലകപ്പെട്ടു! 

ഈ മഹാപാതകം മുഖേന ഖാബീല്‍ മഹാനഷ്ടവും വലിയ പരാജയവും ഏറ്റുവാങ്ങുകയായിരുന്നു. ഇഹലോകത്ത്‌ ലോകാവസാനം വരെ ചീത്തപ്പേരായി. മാതാപിതാക്കളെ വെറുപ്പിച്ചു, വിഷമിപ്പിച്ചു. ഓരോ കൊലയുടെയും വിഹിതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പരലോകത്തോ, ശാശ്വതമായ ശിക്ഷയും.

തിരുനബി (صلى الله عليه وسلم) പറഞ്ഞുവല്ലോ: അക്രമമായി ഏതൊരു മനുഷ്യന്‍ കൊല്ലപ്പെടുമ്പോഴും ആദം നബി(عليه السلام)യുടെ ആദ്യപുത്രന്‌ അതില്‍ നിന്നൊരു വിഹിതം ലഭിക്കാതിരിക്കില്ല. കാരണം, അവനാണ്‌ പ്രഥമവധം നടത്തിയത്‌ (മുസ്‌ലിം).

فَأَصْبَحَ مِنَ النَّادِمِينَ 

സഹോദരനെ കൊന്നുപോയല്ലോ എന്നതിലല്ല അവന് ഖേദമുണ്ടായത്. മറിച്ച്, ഈ നിസ്സാര ജീവിയുടെയത്ര പോലും തന്‍റേടവും അറിവും തനിക്കുണ്ടായില്ലല്ലോ എന്നോര്‍ത്താണ്‌. ഇബ്‌നു അബ്ബാസ്‌(رضي الله عنهما) പറയുന്നു: കൊല നടത്തിയതിന്‍റെ പേരിലാണ്‌ ഈ ഖേദം ഉണ്ടായതെങ്കില്‍ അതവന്‌ തൗബയായിത്തീരുമായിരുന്നു (ഖുര്‍ഥുബി).

മനുഷ്യസഹജമായ ഒരു സ്വഭാവമാണിത്. വീണ്ടുവിചാരമില്ലാതെ, അപ്പപ്പോഴുണ്ടാകുന്ന വികാരങ്ങള്‍ക്ക് അടിമപ്പെട്ട് എന്തെങ്കിലുമൊക്കെ കടുംകൈ ചെയ്യുക. എന്നിട്ട് അയ്യോ, പറ്റിപ്പോയല്ലോ, ഇനിയെന്താ ചെയ്യുക എന്നൊക്കെ പറഞ്ഞ് നിലവിളിക്കുക. ഈയൊരു സ്വഭാവമുണ്ടാകരുതെന്നാണ്  ഇവിടത്തെ പ്രധാന പാഠം.

കോപവും അസൂയയുമാണ് ഇത്തരം അവസ്ഥകളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. ഇതു രണ്ടും നിയന്ത്രിച്ചേ മതിയാകൂ.

തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) പറയുന്നതതാണ്: ‘മല്‍പിടുത്തത്തില്‍ വീഴ്ത്തുവനല്ല ശക്തിമാന്‍; കോപം വരുമ്പോള്‍ നിയന്ത്രിക്കുന്നവനാണ്. (ബുഖാരി, മുസ്‍ലിം).

ഈ രണ്ട് ദുഃസ്വഭാവങ്ങളും നമ്മെ അടിമുടി നശിപ്പിക്കും. മനഃസംഘര്‍ഷവും അസ്വസ്ഥതകളുമായി ഭൌതിക ജീവിതം തുലയുംപരലോകത്താകട്ടെ കഠിന ശിക്ഷയും. കരുതിയിരിക്കണം.

ഒരു യഥാര്‍ഥ മുസ്‌ലിമിന് അസൂയപ്പെടാന്‍ കഴിയില്ല. വിശ്വാസവും അസൂയയും ഒരാളുടെ ഹൃദയത്തില്‍ ഒരുമിക്കില്ലെന്ന്‌ തിരുനബി صلى الله عليه وسلم: ``ഒരടിമയുടെ മനസ്സില്‍ വിശ്വാസവും അസൂയയും ഒരുമിച്ച്‌ കൂടുകയില്ല'' (ഇബ്‌നു ഹിബ്ബാന്‍).

ആയത്തുകളിലും നിരവധി ഹദീസുകളിലും അസൂയയെക്കുറിച്ച്  താക്കീതുകളുണ്ട്. അല്ലാഹു പറയുന്നു: ''അല്ലാഹു അനുഗ്രഹിച്ചുവെന്നതിന്‍റെ പേരില്‍ മറ്റുള്ളവരോട് അസൂയ കാണിക്കുകയാണോ അവര്‍?'' (4:54).

അല്ലാഹുവിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്യുകയല്ലേ, യഥാര്‍ത്ഥത്തില്‍ അസൂയാലു ചെയ്യുന്നത്?! ‘അല്ലാഹു അവന് കൊടുത്തത് ശരിയായില്ല!’ - എത്ര വലിയ അപരാധമാണിത്?! നന്മകള്‍ തിന്നുകളയുന്ന പാപം; തീ വിറക് തിന്നുന്നപോലെ.

അസൂയ സ്വയമേവ ഒരു പാപമാണെന്നതിന് പുറമെ, മറ്റു പല തെറ്റുകളിലേക്കും അത് നയിക്കുക കൂടി ചെയ്യും. ഈ ചരിത്രത്തില്‍ സംഭവിച്ചപോലെ.

അസൂയ കൊണ്ടുനടക്കുന്നവരുടെ വിചാരമെന്താണ് - താന്‍ അസൂയപ്പെട്ടാല്‍ ഇരക്ക് അതുകൊണ്ട് ദോഷമുണ്ടാകും എന്നാണ്. യഥാര്‍ഥത്തില്‍ സകല ദോഷവുമുണ്ടാകുന്നത് അസൂയാലുവിന് മാത്രമാണ്, അസൂയക്ക് വിധേയനാകുന്നവനല്ല. ഒരു മനഃസുഖവുമില്ലാതെ നീറിനീറിക്കഴിയുകയായിരിക്കും അസൂയാലു.


ഒന്നാലോചിച്ചാല്‍ പോരേ, നാം അസൂയപ്പെട്ടതുകൊണ്ട് അല്ലാഹു ഒരാള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകുമോ, അല്ലാഹു അങ്ങനെ ഉദ്ദേശിച്ചാലല്ലാതെ? ഇതങ്ങോട്ട് മനസ്സിലാക്കിയാല്‍ മതി, പിന്നെ അസൂയണ്ടാകില്ല. അത് വരാതിരിക്കാനുള്ള നല്ലൊരു വഴി, ആ സഹോദരനുവേണ്ടി  ബറകതിനു വേണ്ടി ദുആ ചെയ്യുക എന്നതാണ്; അല്ലാതെ കുശുമ്പ് കൊണ്ടുനടക്കുകയല്ല.

അസൂയയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രായോഗികമായ രീതികളും സ്വീകരിക്കണം. അസൂയ എന്ന ആ വികാരം എന്ത് ചെയ്യാനാണോ നമ്മളോട് ആവശ്യപ്പെടുന്നത്, അതിന് നേര്‍വിപരീതം ചെയ്യുക. ക്രമേണ അസൂയ മനസ്സില്‍ നിന്ന് അകന്നുപോകും.

ഉദഹാരണമായി, ഒരാളെക്കുറിച്ച് മോശം പറയാനാണ് അസൂയ നമ്മെ പ്രേരിപ്പിക്കുന്നതെങ്കില്‍, ആ മനുഷ്യനെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞുകൊണ്ടിരിക്കുക.

ഒരാളുടെ മുമ്പില്‍ ധിക്കാരത്തോടെ പെരുമാറാനാണ് അസൂയ നമ്മെ ദുര്‍ബോധനം ചെയ്യുന്നതെങ്കില്‍, ആ മനുഷ്യന്‍റെ മുമ്പില്‍ വളരെ വിനയാന്വിതനായി പെരുമാറുക.

അയാള്‍ക്ക് എന്തെങ്കിലും ആനുകൂല്യം നിഷേധിക്കണമെന്നാണ് അസൂയ നിറഞ്ഞ നമ്മുടെ മനസ്സ് പറയുന്നതെങ്കില്‍, അയാള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സ്വയം പരിശീലിക്കുക.

അസൂയ നമ്മളെത്തന്നെയാണ് ഇല്ലാതെയാക്കുന്നത്, നമുക്കു തന്നെയാണ് ദോഷം വിതക്കുന്നതെന്ന് മനസ്സിലാക്കാന്‍ നല്ലൊരു ഉദാഹരണം നോക്കാം:

കല്ലെടുത്ത് ഉന്നം നോക്കി ഒരാള്‍ എറിയുന്നു. കല്ല് ഉന്നത്തില്‍ കൊള്ളുന്നതിനു പകരം ശക്തിയോടെ തിരിച്ചുവന്ന് എറിഞ്ഞയാളിന്‍റെ തന്നെ വലത് കണ്ണില്‍ വന്നുകൊള്ളുന്നു. വലത് കണ്ണിന്‍റെ കാഴ്ച പോയി. ഇതയാളെ കൂടുതല്‍ ക്രുദ്ധനാക്കി. കല്ലെടുത്ത് അയാള്‍ പൂര്‍വോപരി ശക്തിയോടെ വീണ്ടും എറിയുന്നു. കല്ല് മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവന്ന് അയാളുടെ ഇടത് കണ്ണും തകര്‍ക്കുന്നു. അസൂയക്കാരനെ ഈ മണ്ടത്തരം കാണിക്കുന്ന ആളോട് ഉപമിക്കാം.

അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ -ആമീന്‍

----------------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter