വഹീദുദ്ദീൻ ഖാൻ: സാമാധാനത്തിൻ്റെയും പാണ്ഡിത്യത്തിൻ്റെയും ആൾരൂപം.

ഒരുപാട് സ്വത്തുകൾ സമ്പാദിക്കുന്നതിലല്ല ഒരു വ്യക്തിയുടെ ജീവിതവിജയം നിർണ്ണയിക്കപ്പെടേണ്ടത്. മറിച്ച് ഒരു വ്യക്തിയെ കുറിച്ചും നെഗറ്റീവ് ചിന്തയില്ലാതെ ഈ ലോകത്തോട് വിട പറയാൻ സാധിക്കുന്നതിലാണ് യഥാർഥ വിജയം. തസ്കിയതുന്നഫ്സ് (മനസ്സിനെ ശുദ്ധീകരിക്കുക) എന്നാൽ മനസ്സിൽ സൂക്ഷിക്കുന്ന നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ചിന്തകളാക്കി പരിവർത്തനം ചെയ്യുകയാണ് എന്ന് വഹീദുദ്ദീൻ ഖാൻ പറയാറുണ്ടായിരുന്നത്രെ. തന്നെ തേടി എത്തുന്നവരെയും വിമർശിക്കുന്നവരെയും പോസിറ്റീവായി വീക്ഷിച്ച അദ്ദേഹം ജീവിതത്തിലൂടെ സമൂഹത്തിന് നൽകിയ വലിയ പാഠവും അത് തന്നെയായിരുന്നു. പോസിറ്റീവായി ചിന്തിക്കുക.

വാഷിംഗ്‌ടൺ ഡിസിയിലെ ജോർജ്ജ്ടൗൺ സർവകലാശാലയുടെ 2009ലെ ലോകത്തെ സ്വാധീനച്ച 500 മുസ്‌ലിംകളുടെ പട്ടികയിൽ ഇടംപിടിച്ച അദ്ദേഹം “ആഗോള ഇസ്‌ലാമിന്റെ ആത്മീയ അംബാസിഡർ” എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സമാധാനത്തെ ജീവിത ദൗത്യമായി സ്വീകരിച്ച ഇന്ത്യയിലെ ആത്മീയ പണ്ഡിതൻ എന്ന രീതിയിൽ ലോക ശ്രദ്ധയാകർശിച്ച അദ്ദേഹം അഹിംസ പോലുള്ള ഗാന്ധിയൻ കാഴ്ചപ്പാടുകളിൽ ആകൃഷ്ടനായിരുന്നു. ഇസ്ലാമിൻ്റെ സമാധാന മൂല്യങ്ങൾക്കൊപ്പം അഹിംസയെ ചേർത്തുവെച്ച് ലോകസമാധാനത്തിനായി നിരന്തര ഇടപെടലുകൾ നടത്തിയ സമാധാന കാംക്ഷി കൂടിയാണ് വഹീദുദ്ദീൻ ഖാൻ.

ഉത്തർപ്രദേശിലെ അസംഗഡിൽ 1925 ലാണ് വഹീദുദ്ദീൻ ഖാൻ ജനിക്കുന്നത്. പരമ്പരാഗത ഇസ്ലാമിക പാഠശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ദൗതിക-ശാസ്ത്ര വിജ്ഞാനത്തോട് അതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പിതാവ് ഫരീദുദ്ദീൻ ഖാൻ നേരത്തെ മരണപ്പെട്ടതിനാൽ ഉമ്മ സൈഫുന്നിസ ഖാത്തൂനും അമ്മാവൻ അബ്ദുൽ ഹമീദ് ഖാനുമാണ് അദ്ദേഹത്തെ വളർത്തിയത്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അനാഥനായത് സാഹചര്യങ്ങളെ നേരിടാനും വെല്ലുവിളികൾ അതിജീവിക്കാനും തന്നെ പ്രാപ്തനാക്കിയെന്നും വിശുദ്ധ ഖുർആനിൻ്റെ ജ്ഞാന സമ്പാദനത്തിനും ചിന്തിക്കുന്നതിനും ഗവേഷണങ്ങൾക്കും വേണ്ടിയുള്ള  ആഹ്വാനങ്ങളാണ് തന്നെ വൈജ്ഞാനിക രംഗത്ത് പിടിച്ചു നിർത്തിയത് എന്നും അദ്ദേഹം പറയാറുണ്ടത്രെ. കുടുംബ ബന്ധുക്കളിൽ പലരും സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവരായതിനാലും വളരെ ചെറുപ്പത്തിൽ തന്നെ ഗാന്ധിയൻ മൂല്യങ്ങളുമായി സഹവസിക്കാനും സാധിച്ചതാണ് അദ്ദേഹത്തെ കടുത്ത ഗാന്ധിയനും ദേശീയവാദിയാക്കിത്തീർത്തത്. സഹോദരൻ അബ്ദുൽ മുഹിത് ഖാനെയും ബന്ധുവായ ഇക്ബാൽ അഹ്മദ് സുഹൈലിനെയും പാശ്ചാത്യ രീതിയിലുള്ള സ്കൂളുകളിലേക്ക് അയച്ചപ്പോഴും വഹീദുദ്ദീൻ ഖാനെ പരമ്പരാഗത ഇസ്ലാമിക സ്ഥാപനമായിരുന്ന മദ്രസത്തുൽ ഇസ്ലാഹിയയിലാണ് ചേർക്കാനാണ് കുടുംബം താൽപര്യപ്പെട്ടത്. ആറുവർഷത്തെ കോഴ്‌സ് പൂർത്തിയാക്കി 1944 ൽ ബിരുദം നേടി.

Also Read:ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വെളിച്ചം പകര്‍ന്ന ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി

ബിരുദം നേടി സേവന രംഗത്തേക്കിറങ്ങിയ അദ്ദേഹം തന്നിലെ വിദ്യാഭ്യാസപരവും ഭാഷാ പരവുമായ പോരായ്മകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഇംഗ്ലീഷും ആധുനിക ശാസ്ത്രവും ത്വത്വശാസ്ത്രവും പഠിക്കാൻ തുനിയുകയായിരുന്നു. ദിവസംതോറും അദ്ദേഹത്തിന് ജ്ഞാന സമ്പാദനത്തോടുള്ള അതിയായ ആഗ്രഹം വർധിച്ചു വന്നു. അതിരാവിലെ തന്നെ ലൈബ്രറിയിൽ എത്തുന്ന അദ്ദേഹം അവസാനം ലൈബ്രേറിയൻ ആവശ്യപ്പെട്ടാൽ മാത്രം പോകുന്ന തരത്തിലേക്ക് അദ്ദേഹത്തിൻ്റെ വായനകൾ വികസിച്ചു. സ്വപരിശ്രമത്തിലൂടെയും നിരന്തര ഗവേഷണങ്ങളിലൂടെയും ഇസ്ലാമിക അധ്യാപനങ്ങളിലും ആധുനിക വിഷയങ്ങളിലും സാമർത്ഥ്യം നേടിയ  അദ്ദേഹം വിപുലമായ ഗവേഷണങ്ങൾ ശാസ്ത്രീയാനന്തര കാലഘട്ടത്തിലെ ശൈലിയിലും ഭാഷയിലും ഇസ്ലാമിക വിദ്യാഭ്യാസ രീതിയിൽ അവതരിപ്പിക്കുകയാണ് കാലഘട്ടത്തിൻ്റെ ആവശ്യമെന്ന്  തിരിച്ചറിയുകയും ചെയ്തു.

പാരമ്പര്യ ഇസ്ലാമിക വിജ്ഞാന ശാഖകളെയും ആധുനിക ശാസ്ത്രത്തിൻ്റെ മേഖലകളെയും സമഗ്രമായി സമീപിച്ചിരുന്ന വഹീദുദ്ദീൻ ഖാൻ ആധുനിക കാലത്തെ ശൈലിയിലും ഭാഷയിലും ഇസ്ലാമിൻ്റെ മൂല്യങ്ങളും വിജ്ഞാനീയങ്ങളും അവതരിപ്പിക്കപ്പെടമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പുതുതലമുറക്ക് ഇസ്ലാമിനെ അടുത്തറിയാനും ഉൾകൊള്ളാനും ആധുനിക ശൈലിയിൽ ഇസ്‌ലാമിനെ തികച്ചും അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രമായി അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രചനകളുടെ പ്രാഥമിക ലക്ഷ്യം. തൻ്റെ രചനകളിൽ ഇസ്ലാമിൻ്റെ തനതായ മൂല്യങ്ങൾ ആധുനിക ചിന്ത, ശാസ്ത്രം എന്നിവയോട് ചേർത്ത് വെച്ച്  സമഗ്രമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഇസ്‌ലാമിന്റെ സമാധാനത്തിൻ്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാനും ഇസ്‌ലാം അക്രമത്തിന്റെ മതമാണെന്ന ധാരണയെ കൃത്യമായി നിരാകരിക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നത് വാസ്തവമാണ്.

1955 ലാണ് മൗലാന വഹീദുദ്ദീൻ ഖാന്റെ ആദ്യ പുസ്തകം "നയെ അഹ്ദ് കെ ഡാർവാസ് പർ" (On the Threshold of a New Era) പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിന്റെ സമഗ്ര പഠനത്തിന്റെ ഫലമായ ഈ പുസ്തകം ഇസ്ലാമിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കൃതിയായ "ഇൽമെ ജദിദ് കാ ചലഞ്ച്" (Islam and Modern Challenges) എന്ന കൃതിയുടെ ആമുഖം കൂടിയായി ഗണിക്കപ്പെടുന്നുണ്ട്. അത് പിന്നീട് "God Arises" എന്ന ശ്രദ്ധേയമായ രചനയായി പ്രസിദ്ധീകരിച്ചു. സമാധാനത്തിന്റെ പ്രവാചകൻ: മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ( The Prophet of Peace: The Teachings of Prophet Muhammad), ജിഹാദ്, പീസ് ആൻഡ് ഇന്റർ-കമ്മ്യൂണിറ്റി റിലേഷൻസ് ഇൻ ഇസ്ലാം എന്നീ രണ്ട് കൃതികളും ഭീകരതയുടെ ഭീഷണിക്ക് മേൽ സമാധാനപരമായ പരിഹാരം വാഗ്ദാനം ചെയ്യുകയും ഇസ്‌ലാമിലെ സമാധാനം എന്ന ആശയം സംഗ്രഹിക്കുക കൂടി ചെയ്യുന്നവയാണ്. 

ഇസ്‌ലാം, പ്രാവചനിക ജ്ഞാനം, ആത്മീയത, സമാധാനപരമായ സഹവർത്തിത്വം എന്നിവ കേന്ദ്രമാക്കി 200-ലധികം പുസ്തകങ്ങൾ രചിക്കുകയും വിവിധ ദേശീയ അന്തർദേശീയ ജേണലുകളിലും ദിനപത്രങ്ങളിലും മാസികകളിലും സ്ഥിരമായി എഴുതുകയും ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ ആധുനിക ചിന്തയെക്കുറിച്ചുള്ള ഇസ്ലാമിൻ്റെ കാഴ്ച്ചപ്പാടുകൾ സമഗ്രമായി അവതരിപ്പിക്കുന്ന "God Arises" എന്ന കൃതി ആറ് അറബ് രാജ്യങ്ങളിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, അറബിക്, മലായ്, ടർക്കിഷ്, ഹിന്ദി, മലയാളം, സിന്ധി തുടങ്ങി വിവിധ ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. "അൽ-ഇസ്ലാം യതഹദ്ദ" എന്ന തലക്കെട്ടോടെ  പ്രസിദ്ധീകരിച്ച ഇതിന്റെ അറബി പതിപ്പ് അറബ് ലോകമെമ്പാടും വായിക്കപ്പെടുന്നുമുണ്ട്.

മൗലാനാ വഹീദുദ്ദീൻ ഖാൻ്റെ മാസ്റ്റർപീസ് രചനയാണ് 1983ൽ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുർആനിന്റെ ഉർദു വിവർത്തനം "തദ്കീറുൽ ഖുർആൻ". 2008 ൽ കൈറോയിൽ നിന്ന് "തദ്കീറുൽ ഖവീം ഫി തഫ്‌സീരിൽ ഖുർആനിൽ ഹക്കീം" എന്ന പേരിൽ ഇതിൻ്റെ അറബി പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ട വ്യാഖ്യാനം ദൈവത്തിന്റെ സൃഷ്ടി പദ്ധതിയെ സമഗ്രമായി വിശദീകരിക്കുന്ന രചനയാണ്. അഥവാ, ദൈവം എന്തുകൊണ്ടാണ് ഈ ലോകത്തെ സൃഷ്ടിച്ചത്; മനുഷ്യനെ ഭൂമിയിൽ പാർപ്പിക്കുന്നതിന്റെ ഉദ്ദേശ്യം, മരണത്തിനു മുമ്പുള്ള ആയുസ്സിൽ മനുഷ്യനിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നത്, മരണാനന്തര കാലഘട്ടം പ്രതിഫലമോ ശിക്ഷയോ എന്തായിരിക്കുമെന്ന് അവന്റെ ജീവിത രേഖ എങ്ങനെ നിർണ്ണയിക്കും എന്നിങ്ങനെ ശ്രദ്ധേമായ ചർച്ചകൾ രചനയിൽ കാണാവുന്നതാണ്. 

സമാധാനം, നീതി, ജ്ഞാനം എന്നീ പോസിറ്റീവ് മൂല്യങ്ങൾക്ക് പൂർണ്ണമായ ആവിഷ്കാരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം 1970 ൽ ന്യൂഡൽഹി കേന്ദ്രമാക്കി ഇസ്ലാമിക് സെന്റർ സ്ഥാപിക്കുന്നത്. തുടർന്ന്, അതിൻ്റെ ഭാഗമായി അൽ റിസാല എന്ന ഉർദു മാഗസിൻ ആരംഭിച്ചു. സ്വന്തം ലേഖനങ്ങളിലൂടെ ഇത്തരം പോസിറ്റീവ് ആശയങ്ങൾ  ഉർദു സംസാരിക്കുന്ന ലോകമെമ്പാടുമുള്ളവരിലേക്ക് എത്തിക്കുക വഴി ഇസ്‌ലാമിന്റെ സമാധാനപരമായ മുഖം ജനങ്ങളെ ധരിപ്പിക്കുന്നതിനും മുസ്‌ലിംകളിൽ അവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനും ക്രിയാത്മക ചിന്തയും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഇസ്ലാമിക് സെന്റർ വഴി ലക്ഷീകരിച്ചിരുന്നത്. അൽ-റിസാലയുടെ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളുടെ ആദ്യ ലക്കങ്ങൾ യഥാക്രമം 1984 ഫെബ്രുവരിയിലും 1990 ഡിസംബറിലും സമാരംഭിച്ചിരുന്നു. 

ലോകമെമ്പാടുമുള്ള മനുഷ്യർക്ക് സമാധാനത്തെ അടിസ്ഥാനമാക്കി ആത്മീയ ജ്ഞാനം പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മൗലാന വഹീദുദ്ദീൻ ഖാൻ 2001 ൽ സി‌.പി‌.എസ് ഇന്റർനാഷണൽ(Centre for Peace and Spirituality International) സ്ഥാപിച്ചത്. ആത്മീയതയിൽ ഊന്നിനിന്നു കൊണ്ട് സമാധാനത്തിൻ്റെ അടിസ്ഥാന മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു സി.പി.എസ് എന്ന് സാരം. സമാധാന പരമായ നിലനിൽപിന്റെ പ്രാധാന്യം വ്യക്തികളെ ബോധ്യപ്പെടുത്തുകയും വിശ്വാസ പരമായ തർക്കങ്ങളെ അശാന്തിയുടെ പക്ഷത്ത് നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് സി.പി.എസ് പ്രധാനമായും മുന്നോട്ട് വെച്ചത്. ബുദ്ധിപരമായ ഉണർവ്വുള്ള, പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തികളെ സൃഷ്ടിക്കുന്നതിനായി ജനങ്ങൾക്ക് ആത്മീയ ജ്ഞാനം നൽകുകയും കൂടാതെ, വ്യക്തികളിലൂടെ വിജ്ഞാന വിപ്ലവത്തിന് തിരികൊളുത്തുകയും അവരെ സമൂഹത്തിൻ്റെ സമാധാനപരമായ നിലനിൽപിൻ്റെ കാവൽ ഭടന്മാരാക്കുകയുമായിരുന്നു സി‌.പി‌.എസ്.

അന്വേഷണ ത്വരയുള്ളവരെയും സത്യാന്വേഷകരെയും അവരുടെ ജീവിത ലക്ഷ്യം കണ്ടെത്താനും ജീവിത പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് യുക്തിസഹമായി ഉത്തരം കണ്ടെത്താനും സഹായിക്കുക കൂടി സി.പി.എസ് ചെയ്തിരുന്നു. മാത്രമല്ല, അവർക്ക് ഏകദൈവ സങ്കൽപ്പത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ദൈവത്തിന്റെ സൃഷ്ടി പദ്ധതിയെക്കുറിച്ചും ശാസ്ത്രീയമായ വിശദീകരണം നൽകുക വഴി അവരുടെ സ്രഷ്ടാവിനെ കണ്ടെത്താനും അവരുടെ സ്രഷ്ടാവ് നിർദ്ദേശിച്ച തത്വങ്ങൾക്ക് അനുസൃതമായി ദൈവാധിഷ്ഠിത ജീവിതം നയിക്കാനുള്ള അവസരമൊരുക്കുന്നതിന് കാരണമായത് ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം സമാധാനപരമായ ഒരു സമൂഹത്തിൻ്റെ കാരണമാകുമെന്ന മൗലാനയുടെ വീക്ഷണമായിരുന്നു.

Also Read:ടിപ്പുസുല്‍ത്താന്‍: മതസഹിഷ്ണുതയുടെ പ്രതീകം

മത-സാമൂഹിക-വൈജ്ഞാനിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള വഹീദുദ്ദീൻ ഖാൻ ചില വിഷയങ്ങളിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്:
മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന വിഷയത്തിൽ അദ്ദേഹത്തിൻ്റെ വീക്ഷണം ഇങ്ങനെയാണ്: ബുർഖ ധരിക്കാൻ ഒരിക്കലും ഖുർആൻ ആഹ്വാനം ചെയ്തിട്ടില്ല. അത് മുസ്ലിംകൾ പാരമ്പര്യമായി തുടർന്ന് പോരുന്ന ചര്യ മാത്രമാണ്. 
ഇസ്ലാമിൽ ലിംഗസമത്വമില്ലെന്ന വാദത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല. ഖദീജ(റ)യുടെ കച്ചവടത്തിൽ നബി(സ്വ) യുടെ ഇടപെടലുകൾ അതിൻ്റെ ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം പറയുന്നു. 
വിശുദ്ധ ഖുർആനിലെ ജിഹാദ് മുസ്ലിംകൾ സ്വശരീരത്തെയും ഹൃദയത്തെയും തിന്മകളിൽ നിന്ന് മുക്തമാക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്നതാണ് അദ്ദേഹത്തിൻ്റെ വീക്ഷണം.

എങ്കിലും, തൻ്റെ രചനകളിലും പ്രഭാഷണങ്ങളിലും അദ്ദേഹം മുന്നോട്ട് വെച്ച ചില കാഴ്ച്ചപ്പാടുകൾ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായിട്ടുണ്ട്:
ഇസ്ലാമിൻ്റെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന സർവമതസത്യവാദവും അള്ളാഹുവിലും റസൂലിലും വിശ്വസിക്കാത്തവർക്കും പാരത്രിക മോക്ഷം ലഭിക്കുമെന്നുമുള്ളതാണ് ഒന്ന്.
കേന്ദ്ര സർക്കാറിൻ്റെ ഒത്താശയോടെ നടക്കുന്ന ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശബ്ദമുയർത്താതെ മൗനം പാലിക്കുന്നത് അദ്ദേഹം സംഘ്പരിവാർ-ബി.ജെ.പി അനുകൂലിയാണെന്ന വിമർശനവും ഉണ്ട്. 

എന്റെ പുസ്തകങ്ങൾ ഇസ്‌ലാമിനെ ശരിയായ രീതിയിൽ അവതരിപ്പിക്കുന്നുണ്ടോ എന്ന് വിലയിരുത്തപ്പെടേണ്ടത് ഖുർആൻ, ഹദീസ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ മറ്റുള്ളവരുടെ പുസ്തകങ്ങളും സാഹിത്യങ്ങളും വെച്ചല്ല എൻ്റെ വീക്ഷണങ്ങളെ വിലയിരുത്തേണ്ടത്. ഞാൻ ഇസ്‌ലാമിനെ ആധുനിക ഭാഷയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്, യഥാർത്ഥ ഇസ്‌ലാമിൽ നിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല എന്ന ഉറച്ച ബോധം തനിക്കുണ്ടെന്ന് വിമർശനങ്ങൾ മറുപടിയായി അദ്ദേഹം പറയുന്നുണ്ട്.

ലകും ദീനുകും വലിയദീൻ (109: 6) എന്ന ഖുർആൻ വാക്യം നമുക്ക് ലഭിച്ച സഹവർത്തിത്വത്തിന്റെ ഒരു സൂത്രവാക്യമാണ്. അഥവാ, നമ്മൾ ഇസ്ലാം പിന്തുടരുമ്പോൾ മറ്റു മതങ്ങളെയും വിശ്വാസികളെയും ബഹുമാനിക്കുക കൂടി ചെയ്യണം' എന്നതാണ്. ഇതാണ് സമാധാനത്തിൻ്റെ അടിസ്ഥാന പാഠമെന്ന് പറയുന്ന വഹീദുദ്ദീൻ ഖാൻ 1992 ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്തുടനീളം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയം രണ്ട് സമുദായങ്ങൾക്കിടയിൽ സമാധാനവും സൗഹൃദവും പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ആചാര്യ മുനി സുശീൽ കുമാർ, സ്വാമി ചിദാനന്ദ് എന്നിവരോടൊപ്പം മഹാരാഷ്ട്രയിലൂടെ 15 ദിവസത്തെ ശാന്തി യാത്ര നടത്തുകയും മുംബൈയിൽ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രയിൽ 35 വ്യത്യസ്ത സ്ഥലങ്ങളിൽ വലിയ സംഘങ്ങളെ അഭിസംബോധന ചെയ്ത് രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ ശക്തമായ പരിശ്രമം നടത്തിയ വ്യക്തിത്വമാണ് മൗലാന വഹീദുദ്ദീൻ ഖാൻ.

വിവിധ രാജ്യങ്ങൾ തമ്മിലുള്ള ആണവ സംഘട്ടനത്തിന്റെ അപകടം ഒഴിവാക്കുന്നതിനായി നടത്തിയ ഇടപെടലുകൾക്ക് അദ്ദേഹത്തിന് ഡെമിയുർഗസ് പീസ് ഇന്റർനാഷണൽ അവാർഡും കൊറിയയിലെ ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ വേൾഡ് പീസ് അദ്ദേഹത്തിന് സമാധാന അംബാസഡർ പദവിയും നൽകി ആദരിച്ചിട്ടുണ്ട്. അടുത്തിടെ അബുദാബിയിലെ ഇമാം അൽ ഹസ്സൻ ഇബ്നു അലി പീസ് അവാർഡും (2015) ചിക്കാഗോയിൽ നടന്ന ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (ഐ‌.എസ്‌.എൻ‌.എ) ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹത്തിന് നൽകി.
ഇ.ടി.വി ഉർദു, ബ്രിഡ്ജസ് ടി.വി. ,ഐ.ടി.വി , ക്യു ടി.വി., ആജ് ടി.വി., തുടങ്ങിയ ടി.വി ചാനലുകളിലൂടെ തൻ്റെ കാഴ്ച്ചപ്പാടുകൾ അവതരിപ്പിച്ചിരുന്ന അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter