ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-16 ശൈഖ് എദബാലിയും അഹിലാറും...
ആറു നൂറ്റാണ്ടോളം ലോകത്തിന്റെ വലിയൊരു ഭാഗം അടക്കി ഭരിച്ച സാമ്രാജ്യത്തിന് അടിത്തറയിട്ടത് സ്വൂഫി ചിന്തകളിലായിരുന്നു. തുര്‍ക്കിയില്‍ തുടക്കം കുറിച്ച ഉസ്മാനിയ്യാ സാമ്രാജ്യത്തെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. ഇതെങ്ങനെ സാധ്യമായി എന്ന അന്വേഷണം ഒടുവില്‍ ചെന്നെത്തുക, ഒരു പ്രമുഖ സ്വൂഫീ വര്യനിലേക്കാണ്...ശൈഖ് എദബാലി.
ഉസ്മാനി സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാന്‍ ഗാസിക്ക് ജീവിതത്തിലുടനീളം വഴികാട്ടിയത് ശൈഖ് എദബാലിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ എർതുഗ്രുൽ ഗാസിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു തുർക്കിയിലെ അഹി ത്വരീഖത്തിന്റെ ശൈഖുമാരിലെ ഈ പ്രധാനി. സ്വന്തം മകളായ റാബിഅ ബാലാ ഖാത്തൂനെ അദ്ദേഹം ഭാര്യയായി ഉസ്മാൻ ബൈക്ക് നൽകുകയായിരുന്നു. ആ ഭാര്യയിൽ നിന്ന് തന്നെയാണ് ഉസ്മാൻ ബൈക്ക് അലാവുദ്ദീൻ പാഷ എന്ന മകൻ ജനിക്കുന്നത്. ഊർഹാന് പണ്ഡിത പിന്തുണ നൽകിയത് ഈ അലാവുദ്ധീനായിരുന്നു എന്നതും ചരിത്രം.
നീണ്ടകാലം ലോകം ഭരിച്ച ഒരു ഭരണകൂടത്തിന് സൂഫി അടിത്തറയിട്ട പണ്ഡിത കുലപതിയെന്ന് നമുക്കിദ്ദേഹത്തോടെ ബഹുമാനത്തോടെ വിളിക്കാം. തുര്‍ക്കിയിലെ കാരമാന്‍ പാറക്കെട്ടുകള്‍ക്കിടയില്‍ രണ്ട് മിനാരങ്ങളോടെ തലയുയര്‍ത്തി നില്ക്കുന്ന പള്ളിക്കുള്ളിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ഇമാദുദ്ധീൻ മുസ്ഥഫ ബിൻ ഇബ്റാഹീം ബിൻ ഇനാക് അൽ-ഖിർഷെഹ്രി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. തുർക്കിയിലെ അഹി എവ്റാൻ എന്ന സൂഫി പണ്ഡിതൻ സ്ഥാപിച്ച അഹി ത്വരീഖത്തിനോട് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ബനൂ തമീം, അൽ അഖ്തർ കുടുംബത്തിൽ റോമൻ സൽജൂഖ് സാമ്രാജ്യത്തിൽ പെട്ട കാരാമാനിലാണ് 1206ൽ അദ്ദേഹം ജനിക്കുന്നത്. പ്രാഥമിക പഠനത്തിന് ശേഷം അദ്ദേഹം ഉപരിപഠനാർത്ഥം അന്നത്തെ അയ്യൂബികളുടെയും ഇസ്‍ലാമിക ലോകത്തിന്റെയും വൈജ്ഞാനിക കേന്ദ്രമായിരുന്ന ഡമസ്കസിലേക്ക് തിരിക്കുകയും അവിടെവെച്ച് ഇസ്‍ലാമിക വൈജ്ഞാനിക ലോകത്തെ എല്ലാ മേഖലകളിലും അദ്ദേഹം നൈപുണ്യം കൈവരിക്കുകയും ചെയ്തു.
അന്നത്തെ പ്രഗത്ഭ പണ്ഡിതരായിരുന്ന സ്വദ്റുദ്ദീൻ സുലൈമാൻ, ജമാലുദ്ദീൻ ഹുസൈരി എന്നിവർ അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു. ഡമസ്കസിൽ നിന്ന് തുർക്കിയലേക്ക് തിരിച്ചെത്തിയ അദ്ദേഹം തികഞ്ഞ ഒരു ഹമ്പലി കർമശാസ്ത്ര പണ്ഡിതനായി തീർന്നിരുന്നു. മുസ്‍ലിം ശരീഅത്തിന്റെ വക്താവായും ഖുർആൻ വ്യഖ്യാതാവായും ഹദീസ് വ്യാഖ്യാതാവായും പ്രശസ്തനായ അദ്ദേഹം അന്നത്തെ തുർക്കിയിലെ എണ്ണപ്പെട്ട പണ്ഡിതരുടെ മുന്‍നിരയിലെത്തി.
അഹീ ത്വരീഖത്തിന്റെ പിതാവായ അഹി എവ്റാൻ എന്ന സൂഫിയിൽ നിന്ന് നേരിട്ട് ശിഷ്യത്വം സ്വീകരിക്കാനുള്ള ഭാഗ്യം എദബാലിക്കുണ്ടായിരുന്നു. ആത്മീയ നേതാവായിരുന്ന എവ്‍റാന്‍, മംഗോളിയക്കാരുടെ ഖുറാസാൻ അക്രമണത്തിന് മുമ്പ് അനാട്ടോളിയയിൽ എത്തുകയും കൈസരിയിൽ മൃഗത്തോൽ ഇടപാടുക്കാരനായി ജോലി ചെയ്ത് വരികയുമായിരുന്നു. പല നാടുകളും സഞ്ചരിച്ച അദ്ദേഹം, മുസ്‍ലിം കരകൗശല വിദഗ്ദരെ ഒരുമിച്ചു കൂട്ടുകയും അവരിൽ സൂഫി സംസ്കാരം വളർത്തിയെടുക്കുകയും ചെയ്തതായി ചരിത്രം പറയുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അവർ അഹിലാർ എന്ന പേരിൽ അറിയപ്പെട്ടു.
ശൈഖ് എദബാലി സ്വന്തം ചെലവിൽ തന്നെയാണ് മത വിദ്യാർത്ഥികൾക്ക് വിദ്യാഭാസ കേന്ദ്രങ്ങളും താമസ സൗകര്യവും സ്ഥാപിച്ചിരുന്നത്. അദ്ദേഹം ദരിദ്ര ജനങ്ങളെ തിരച്ചറിഞ്ഞ് ഭക്ഷണം നൽകിയിരുന്നു.
എർതുഗ്രുലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എദബാലി ഇടക്കിടെ അദ്ദേഹത്തിന്റെ സമീപമെത്തി വിവിധ ചര്‍ച്ചകളില്‍ മുഴുകുമായിരുന്നു. അവരുടെ ചർച്ചകളിൽ അനോട്ടോളിയയിലെ ഇസ്‍ലാമിക ശരീഅത്തിനെ കുറിച്ചും ഇസ്‍ലാമിക രാഷ്ട്ര വ്യവസ്ഥകളെ കുറിച്ചുമുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു പലപ്പോഴും കടന്നുവന്നിരുന്നത്. പിതാവുമായുള്ള ഈ കൂടിക്കാഴ്ചകള്‍ ശൈഖ് എദബാലിയെ ഉസ്മാനുമായും അടുപ്പിക്കുകയായിരുന്നു. ഉസ്മാൻ ഗാസിയുടെ സ്വപ്നത്തിലെ പ്രസിദ്ധമായ സ്വപ്ന മരത്തെ വിശദീകരിച്ചതും ശൈഖ് എദബാലിയായിരുന്നു. മരണസമയത്ത് എര്‍തുഗ്രുല്‍ തന്റെ മകന് നല്കുന്ന അന്ത്യോപദേശങ്ങളിലും, ശൈഖ് എദബാലിയുമായുള്ള ബന്ധം ഊഷ്മളമായി തുടരണമെന്നും ആവശ്യമാവുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടണമെന്നും അവ അക്ഷരം പ്രതി അനുസരിക്കണമെന്നും പ്രത്യേകം പറയുന്നുണ്ട്.
അധികാരമേറ്റ സമയത്ത്, ഉസ്മാൻ ഗാസിക്ക് അദ്ദേഹം നല്കിയ ഉപദേശങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ഏതൊരു രാഷ്ട്രനായകനും സ്വീകരിക്കാവുന്ന അവ ഇങ്ങനെ വായിക്കാം. മകനേ, ഇപ്പോൾ നീ അമീറാണ്, ഇപ്പോൾ മുതൽ ദേഷ്യം ഞങ്ങളിലാണ് പ്രവർത്തിക്കേണ്ടത്. നിന്നില്‍ ഉണ്ടാവേണ്ടത് എപ്പോഴും ശാന്തതയാണ്. നീ ചെയ്യുന്ന എന്തിനെയും കുറ്റപ്പെടുത്താനുള്ള അവകാശം ഞങ്ങൾക്കുണ്ട്, നീ അവയെല്ലാം സഹിക്കുകയാണ് വേണ്ടത്. ഞങ്ങളിൽ തെറ്റുകളും കുറ്റങ്ങളുമുണ്ടാവും. നിനക്ക് സഹിഷ്ണുത വേണം. ഞങ്ങൾ വഴക്കുണ്ടാക്കും, നീ നീതി നടപ്പാക്കണം. ഞങ്ങളിൽ അസൂയയും കിംവദന്തിയും പരദൂഷണവും ഉണ്ടാവും, നിനക്ക് വേണ്ടത് സഹിഷ്ണുതയാണ്.
മകനേ, ഇനി മുതൽ വിഭജനം ഞങ്ങളിലാണ്, നിങ്ങൾ ഒന്നിക്കാനാണ് അത് എന്ന് മനസ്സിലാക്കുക. ഞങ്ങൾ മടിയന്മാരായാൽ മുന്നറിയിപ്പും പ്രോത്സാഹനവും നല്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.
മകനേ, ക്ഷമ മുറുകെ പിടിക്കുക, ഒരു പുഷ്പം അതിന്റെ സമയമാകുന്നതിന് മുമ്പ് വിരിയുകയില്ല എന്ന് ഒരിക്കലും മറക്കരുത്, മനുഷ്യൻ തഴച്ചുവളർന്നാൽ, രാഷ്ട്രവും തഴച്ചുവളരും.
മകനേ, നിന്നില്‍ അര്‍പ്പിതമായ ഈ ഉത്തരവാദിത്തം ഏറെ ഭാരമുള്ളതാണ്, നിന്നിലുള്ള ചുമതല ഏറെ കഠിനവും, നിങ്ങളുടെ അധികാരം ഒരു മുടിയിൽ തൂങ്ങിക്കിടക്കുന്നു. അല്ലാഹു നിങ്ങളെ സഹായക്കട്ടെ. ഓ ഉസ്മാൻ, ഭൂതകാലത്തെ അംഗീകരിക്കാത്തവർക്ക് അവരുടെ ഭാവി നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല, അതിനാല്‍ നിങ്ങളുടെ ഭൂതകാലത്തെ നന്നായി മനസ്സിലാക്കുക, നിങ്ങൾക്ക് ഭാവിയിലേക്ക് ശക്തമായി നടക്കാൻ കഴിയും. നിങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് മറക്കരുത്, എവിടേക്കാണ് മടക്കമെന്നും വിസ്മരിക്കരുത്.നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.  എഡി 1326ൽ ബിലെചിക്കിൽ വെച്ച് ശൈഖ് വഫാത്തായി. 120 വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. 
പിതാവിന്റെ ഉപദേശം ഉള്‍ക്കൊണ്ട് ഉസ്മാന്‍ ഗാസിയും ശൈഖ് എദബാലിയെ യഥോചിതം പിന്തുടര്‍ന്നു. യുദ്ധങ്ങളില്‍നിന്ന് യുദ്ധങ്ങളിലേക്ക് നീങ്ങിയപ്പോഴെല്ലാം അദ്ദേഹത്തിന് മാർഗനിർദേശിയായി നിലകൊണ്ടത് ശൈഖ് എദബാലിയായിരുന്നു. ശൈഖിന്റെ മരണ ശേഷവും, പ്രയാസ ഘട്ടങ്ങളില്‍ പരാതികള്‍ ബോധിപ്പിച്ചതും ദുആകളുമായെത്തിയതും ആ സന്നിധിയിലായിരുന്നു. മധ്യ അനോട്ടോളിയയിലെ കൊർക്കലെ പ്രവശ്യയിലെ ഒരു ജില്ല ബാലെഹ് എന്നാണ് ഇന്നും അറിയപ്പെടുന്നത്. ഇത് ശൈഖ് എദബാലിയുടെ മറ്റൊരു വിളിപ്പേരാണെന്നും അദ്ദേഹത്തിന്റെ ശാശ്വത ഓര്‍മ്മക്കായി നല്കപ്പെട്ടതാണെന്നും പറയപ്പെടുന്നു.
ശൈഖ് ജലാലുദ്ദീന്‍ റൂമിയും ഇതേ കാലക്കാരനായിരുന്നു. തൊട്ടടുത്ത പ്രദേശത്ത് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും വാസം. അവര്‍ പരസ്പരം കണ്ട് മുട്ടിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ലെങ്കിലും, അവര്‍ പലപ്പോഴും സംഗമിച്ചിട്ടുണ്ടാവും എന്ന് തന്നെയാണ് അനുമാനിക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter