ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-8  ഖ്വാജ യുസുഫ് അൽ-ഹമദാനി: ബാഗ്ദാദിൽ നിന്നും മർവിലേക്ക് സഞ്ചരിച്ച ഒരു സൂഫി

നിസ്കാര പായയിൽ തലക്കുത്തുന്നതാണ് ഇസ്ലാം എന്ന് കരുതുന്ന ഒരു സംഘം നമുക്കിടയിലുണ്ട്. നീ എവിടെ നിന്ന് വരുന്നു, നീ എവിടേക്ക് പോകുന്നു എന്ന്  അവർ എന്നോട് എപ്പോയും ചോദിക്കും. അല്ലാഹുവിൽ നിന്ന് വരുന്നു അവനിലേക്ക് തന്നെ പോകുന്നു എന്ന മറുപടിയേ... എനിക്ക് അവരോട് പറയാൻ ഉണ്ടായിരുന്നൊള്ളു. പേർഷ്യൻ നാടുകൾ വിട്ടിറങ്ങുന്നതിന് മുമ്പ്, മറ്റു ചിലരേയും എനിക്ക് പരിചയപ്പെടാനുണ്ടായിരുന്നു. ശൈഖ് ഹമദാനിയെയും അവരുടെ ഒരു ശിഷ്യനെയും. സാഗ്രോസ് പർവതനിരകളിൽ സ്ഥിതിയ്യുന്ന ഇറാനിയൻ പ്രവിശ്യയാണ് ഹമദാൻ പ്രവിശ്യ. അതിന്റെ കേന്ദ്രം ഹമദാൻ നഗരമാണ്. 19,546 കിലോമീറ്റർ വിസ്തൃതിയുള്ള ഹമദാൻ പ്രവിശ്യ. അവിടെ നിന്ന് ഉദയം ചെയ്ത മുസ്ലിം മത പണ്ഡിതന്മാരെ "ഹമദാനി" എന്ന പോരിനോട് ചേർത്ത് വിളിക്കാനാണ് മുസ്ലിം ലോകം ഇഷ്ടപ്പെടുന്നത്.

തുർക്കികളുടെ വളർച്ചയിൽ പണ്ഡിതന്മാരുടെ പങ്ക് മുമ്പ് വിവരിച്ചിട്ടുണ്ടായിരുന്നല്ലോ, ആ വിവരണത്തിൽ എന്തുകൊണ്ടും ചേർക്കേണ്ട  സൂഫി പണ്ഡിതനാണ് യൂസുഫ് അൽ ഹമദാനി. മലിക് ഷായുടെ യുഗം മുതൽ അഹ്മദ് സഞ്ചറിന്റെ യുഗം വരെ സൽജൂഖികൾക്ക് അദ്ദേഹം തന്റേതായ രൂപത്തിൽ ഉപദേശ, നിർദേശങ്ങൾ നൽകി. അബൂ യഅ്ഖൂബ്  യൂസുഫ് അൽ ഹമദാനി എന്ന പേർഷ്യൻ പണ്ഡിതൻ വലിയ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു. സൽജൂഖിയൻ മദ്ധ്യക്കാലഘട്ടത്തിൽ, ജീവിച്ച അദ്ദേഹം മദ്ധ്യേഷ്യയിലെ പ്രധാന നഖ്ശബന്ദി ത്വരീഖത്തിലെ "ഖ്വാജ" എന്ന പദവിക്ക് അർഹനായിട്ടുണ്ട്. "ആരിഫ് ബില്ലാഹി" എന്ന മർതബയിലേക്ക് ഉയർത്തപ്പെട്ട ഒരു സൂഫിയായിരുന്നു അവർ. അദ്ദേഹത്തിന്റെ ഖബ്റ് സ്ഥിതി ചെയ്യുന്നത് മുമ്പ് ഉദ്ധരിച്ച തുർക്കുമെനിസ്ഥാനിലെ മർവിൽ തന്നെയാണ്.

 എ.ഡി 1062ൽ (ഹി.440) ഹമദാനിന്റെ അടുത്തുള്ള ബുസാൻജിർദിലാണ് അദ്ദേഹം ജനിക്കുന്നത്. പതിനെട്ട് വയസ്സായപ്പോൾ അദ്ദേഹം ബാഗ്ദാദിലേക്ക് സഞ്ചരിച്ചു. ശാഫി പണ്ഡിതനായ ശൈഖ് ഇബ്റാഹീം ബിൻ അലി ബിൻ യൂസുഫ് അൽ ഫൈറൂസാബാദിക്ക് കീഴിലാണ് അദ്ദേഹം കർമശ്ശാസ്‌ത്രം അഭ്യസിച്ചത്. ബാഗ്ദാദിലായിരിക്കുന്ന യുവത്വക്കാലത്ത് തന്നെ, അബു ഇസ്ഹാഖ് ശീറാസിയുടെ പ്രത്യേക ശിക്ഷണത്തിൽ അറിവുകൾ നേടാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം ശാഫി പണ്ഡിതരുടെ ശിഷ്യനായിരുന്നുവെങ്കിലും, അദ്ദേഹം ഹനഫി- മാതുരീദി വഴിയായിരുന്നു സ്വീകരിച്ചിരുന്നത്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ പല വിചിത്ര സംഭവങ്ങൾക്കും അന്നത്തെ സമകാലീകർ സാക്ഷിയായിട്ടുണ്ട്. അതിലെ ഒരു സംഭവം ഇങ്ങനെ: "ഒരിക്കൽ ഒരു സ്ത്രീ തന്റെ മകനെ ഫ്രഞ്ചുകാർ ബന്ദിയാക്കിയുണ്ട് എന്ന് ശൈഖ് ഹമദാനിയോട് പറഞ്ഞു. അദ്ദേഹം അവരോട് ക്ഷമിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ, ആ സ്ത്രീക്ക് ക്ഷമിക്കാനായില്ല. ശൈഖ് ഹമദാനി അവരുടെ മകന് വേണ്ടി പ്രാർത്ഥിച്ചു. പിന്നീട്, അവരോട് വീട്ടിൽ പോവാനും നിങ്ങളുടെ മകൻ അവിടെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ആ സ്ത്രീ വീട്ടിൽ ചെന്നപ്പോൾ തന്റെ മകനെ അവർക്ക് കാണാൻ സാധിച്ചു. അവർ അവരുടെ മകനോട് താൻ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചു. ഞാൻ ഇന്നലെ ബന്ധനസ്ഥനാക്കപ്പെട്ട നിലയിൽ കോൺസ്റ്റാന്റിനോപ്പിളിലായിരുന്നുവെന്നും ചുറ്റും നിരവധി കാവൽ ഭടന്മാരുണ്ടായിട്ടും ഒരു ഇമവെട്ടം പോലെ ഒരാൾ വന്ന് എന്നെ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ചുവെന്നും ആ മകൻ വിവരിച്ചു."

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(7) നിഷാപൂരിലെ ഒരു സർവജ്ഞാനി

ഇബ്നു ഖല്ലിക്കാന്റെ വിവരണങ്ങൾ അനുസരിച്ച്, അവരുടെ മത-ഭൗതിക ഇടപ്പെടലുകൾ ബാഗ്ദാദിൽ വെച്ച് തന്നെ തുടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ബാഗ്ദാദിലെ എണ്ണപ്പെട്ട കർമശാസ്ത്ര പണ്ഡിതരിൽ അദ്ദേഹത്തേയും ഉൾപ്പെടുത്തിയിരുന്നു. തുർക്കികൾ പ്രധാനമായും സ്വീകരിച്ചിരുന്ന നഖ്ഷബന്ദി ത്വരീഖത്തിലെ ഖ്വാജയായ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ തസവ്വുഫിൽ നിർമിതമായതായിരുന്നു. ഒരു ചെറിയക്കാലത്തിൽ, മർജയിൽ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ച് കാലമാറ്റത്തിനനുസരിച്ച്,  ഇസ്ഫഹാൻ, ബുഖാറ, സമർഖന്ധ്, ഖവാറസ്മ് എന്നീ പ്രദേശങ്ങളിലും മദ്ധ്യ ഏഷ്യയിലെ വിവിധ ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിച്ചു.

അബ്ദുൽ ഖാദർ ജീലാനി റഹിമഹുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സഞ്ചാര പഥങ്ങളിലെ ഓരോ ബിന്ദുവും കനലുകളെ തേടിയുള്ളതായിരുന്നു. ആ കനലുകൾ എരിയുന്നത് വരെ അവർ സഞ്ചരിച്ചു. പടിഞ്ഞാറിൽ നിന്നും കിഴക്കിലേക്കുള്ള അദ്ദേഹത്തിന്റെ സഞ്ചാരം, പുതിയ ലക്ഷ്യങ്ങളെ നേടി തരുന്നതായിരുന്നു. സുഫീ മാർഗത്തിൽ ഊന്നിയ യാത്രകളിൽ അദ്ദേഹം ഓരോ കേന്ദ്രങ്ങളിലും നവ ധാരകളെ ജനങ്ങളിലേക്ക് എത്തിച്ചു. നഖ്ഷബന്ദി ത്വരീഖത്തിന് അദ്ദേഹം നൽകിയ അധ്യാത്മിക പാഠങ്ങൾ എന്നും സ്ഫുരിച്ച് നിൽക്കുന്നതായിരുന്നു.

യാത്രാ കനലുകൾ എരിഞ്ഞു തീർന്നപ്പോൾ, അദ്ദേഹം ആദ്യം ഹെറാത്തിൽ താമസിക്കുകയും ശേഷം, മെർവിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. എ.ഡി 1141 (ഹി. 535) നാഗരികത തുളുമ്പി നിൽക്കുന്ന മെർവിൽ വെച്ച് അദ്ദേഹം വഫാത്താവുകയും, അവിടെ തന്നെ മറമാടുകയും ചെയ്തു. അദ്ദേഹത്തിന്റെ ത്വരീഖത്തി രീതികൾ ഇന്നും നഖ്ഷബന്ദി ത്വരീഖത്തിൽ പ്രസിദ്ധമാണ്. അദ്ദേഹം തുടർന്ന ത്വരീഖത്ത് രീതികൾ ശൈഖ് അബൂ അലി ഫർമാദിയിൽ പിന്തുടർന്നതായിരുന്നു. ശൈഖ് അബ്ദുള്ള ജുവൈനിയുടെയും, ശൈഖ് ഹസൻ സിംനാനിയുടെയും സൂഫി മാർഗങ്ങളോട് അദ്ദേഹം അടുത്തിരുന്നു. അദ്ദേഹം നാഥനിലോക്ക് മറയുന്നതിന് മുമ്പ്, അദ്ദേഹം ത്വരീഖത്തിന്റെ നാല് ഖലീഫമാരെ പ്രഖ്യാപിച്ചിരുന്നു. അതിൽ തുർക്കി ലിഖിതങ്ങളിൽ നാം എപ്പോയും കാണുറുള്ള ഒരു വ്യക്തിയുണ്ടായിരുന്നു. തുർക്കിഷ് ഭാഷയിലൂടെയും സൂഫിസത്തിലൂടെയും നടന്ന അഹ്മദ് യീസവിയുടെ ചവിട്ടടികൾ ഒട്ടും വിദൂരത്തല്ലായിരുന്നു.

Reference :  

Khawaja Yusuf Hemedani: The Inspirer of Two Major Sufi Tariqas, Harran University Theology Faculty Journal

Omar Ali Shah (1998). The Rules or Secrets of the Naqshbandi Order. Tractus Books.

John G. Bennett (1995). The Masters of Wisdom. Bennett Books.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter