അമവി ഭരണകൂടം

നാലു ഖലീഫമാരുടെ ഭരണത്തിനു ശേഷം മുസ്‌ലിംലോകത്ത് തുടക്കം കുറിച്ച ഭരണ വംശമാണ് അമവികള്‍. സ്വഹാബിവര്യനായ മുആവിയ ബിന്‍ അബീ സുഫ്‌യാന്‍ ആയിരുന്നു ഇതിന്റെ സ്ഥാപകന്‍. ഡമസ്‌കസ് ആയിരുന്നു ഭരണത്തിന്റെ ആസ്ഥാനം. ഹിജ്‌റ വര്‍ഷം 41 മുതല്‍ 132 (എഡി. 661-750) വരെ ഈ ഭരണം നിലനിന്നു. മുആവിയ (റ) വിന്റെ പിതാവ് അബൂ സുഫ്‌യാന്റെ കുടുംബമായ ബനൂ ഉമയ്യയിലേക്കു ചേര്‍ത്തിയാണ് ഇതിനു ഉമവി എന്ന പേരുവന്നത്. മുമ്പ് സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയ (റ) അലി (റ) വിന്റെ കാലത്തുണ്ടായ പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തില്‍നിന്നും പുറത്തുവരികയും പുതിയ ഖിലാഫത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. 92 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഈ ഭരണകാലത്ത് 78 കൊല്ലം മര്‍വാന്‍ കുടുംബവും 14 കൊല്ലം മുആവിയ കുടുംബവുമാണ് ഭരണം നടത്തിയിരുന്നത്.

മുആവിയ (ഹി. 41-60), യസീദ് ഒന്നാമന്‍ (60-64), മര്‍വാന്‍ ഒന്നാമന്‍ (64-65), അബ്ദുല്‍ മലിക് (65-86), വലീദ് ഒന്നാമന്‍ (86-96), സുലൈമാന്‍ (96-99), ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് (99-101), യസീദ് രണ്ടാമന്‍ (101-105), ഹിശാം (105-125), വലീദ് രണ്ടാമന്‍ (125-126), ഇബ്‌റാഹീം (126-127), മര്‍വാന്‍ (127-135) തുടങ്ങിയവരായിരുന്നു അമവീ ഖലീഫമാര്‍.

ഭരണ രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ ഈ ഭരണകൂടം മുന്‍കാല സംവിധാനങ്ങളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളും പരിഷ്‌കരണങ്ങളും കൊണ്ടുവന്നു. മധ്യേഷ്യാ വിജയം, സ്‌പെയിന്‍ വിജയം, കര്‍ബല, കോണ്‍സ്റ്റാന്റിനോപ്പിള്‍ യുദ്ധം, സിന്ധ് വിജയം, ഖൈറുവാന്‍ നഗരസ്ഥാപനം തുടങ്ങിയ ഭരണനേട്ടങ്ങള്‍ ഇതിന്റെ വിജയചരിത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തെ ഒമ്പത് ഭരണപ്രദേശങ്ങളായി വിഭജിച്ചാണ് അമവികള്‍ തങ്ങളുടെ ഭരണം നത്തിയിരുന്നത്. 1) സിറിയയും ഫലസ്ഥീനും ചേര്‍ന്ന പ്രദേശം 2) കൂഫ, ഇറാഖ് 3) ബസ്വറ 4) ഹിജാസ് 5) കര്‍മാന്‍ 6) അര്‍മേനിയ 7) ഈജിപ്ത് 8) ഇഫ്ഖീരിയ 9) യമന്‍ തുടങ്ങിയവയായിരുന്നു ഈ ഭരണപ്രദേങ്ങള്‍. ഓരോന്നിനും പ്രത്യേകം ഗവര്‍ണര്‍മാര്‍ നിയമിക്കപ്പെട്ടിരുന്നു. അമീര്‍ എന്നാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്. ജനങ്ങളുടെയും ഭരണപ്രദേശങ്ങളുടെയും ഓരോ കാര്യങ്ങള്‍ അവര്‍ മുഖേനയാണ് ഖലീഫയുടെ അടുത്ത് എത്തിയിരുന്നത്. പല കാര്യങ്ങളിലും സ്വതന്ത്രനിലപാട് എടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കിലും യുദ്ധം, സന്ധി, ആക്രമണം എന്നീ പരമപ്രധാനമായ വിഷയങ്ങളില്‍ ഖലീഫയുടെ അഭിപ്രായമാരാഞ്ഞതിനു ശേഷം മാത്രമേ അവര്‍ക്ക് തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞിരുന്നുള്ളൂ.

മതപരമായ കാര്യങ്ങളുടെ നേതൃത്വം, നികുതി സംഭരണം, ക്രമസമാധാന പാലനം എന്നിങ്ങനെ പൊതു മേഖലയെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചാണ് അമവികള്‍ക്കിടയില്‍ ഭരണ നിയന്ത്രണ സംവിധാനം നടന്നിരുന്നത്. പുതുതായി പിടിച്ചടക്കിയ പ്രദേശങ്ങളിലെ ടാക്‌സ് പിരിവും പരിപാലനവുമായിരുന്നു സ്വാഹിബുല്‍ ഖറാജ്  എന്ന ഗണത്തില്‍ പെട്ട നികുതി സംഭരണ വിഭാഗം നിര്‍വഹിച്ചിരുന്നത്. നീതിന്യായ സംവിധാനങ്ങളും മതകാര്യങ്ങളും ഖാസിമാരില്‍ നിക്ഷിപ്തമായിരുന്നു. ഇത്തരം കാര്യങ്ങളുടെ കൃത്യമായ നിര്‍വഹണത്തിനായി  ഓരോ പ്രദേശങ്ങളിലും പ്രത്യേകം ഖാസിമാര്‍ അല്ലെങ്കില്‍ ജഡ്ജിമാര്‍ നിയമിക്കപ്പെട്ടു. അവരുടെ കഴിവും ത്രാണിയുമനുസരിച്ചാണ് ആ മേഖലകളിലെ മതകാര്യങ്ങളുടെ കണിശത പരിഗണിക്കപ്പെട്ടിരുന്നത്. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്രമസമാധാന പാലനം നടത്തപ്പെട്ടിരുന്നത്. ഇക്കാലത്ത് മുസ്‌ലിംകളുടെ ആയുധ ശേഷി ശക്തമായി വര്‍ദ്ധിക്കുകയുണ്ടായി. കൂടാതെ, വിവിധ മേഖലയിലുള്ള സൈനിക ശേഷിയും പതിന്മടങ്ങ് വര്‍ദ്ധിച്ചു. കാലാള്‍പടയും കുതിരപ്പടയും ഉയര്‍ന്ന ശക്തി നേടി.

ഖിലാഫത്തിന്റെ പവിത്രമായ സംവിധാനത്തില്‍നിന്നും ഇസ്‌ലാമിക ഭരണ വ്യവസ്ഥ രാജവാഴ്ചയുടെ കുടിലമായ ഒരു രീതിയിലേക്കു മാറിയെന്നതാണ് അമവി ഭരണക്രമത്തിലൂടെ കൈവന്ന ഏറ്റവും നിര്‍ണായകമായ ഒരു സത്യം. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) പോലെ നീതിമാന്മാരായ ഭരണാധികാരികള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വേഛാധിപത്യത്തിന്റെ മുഖവും ശൈലിയും സ്വീകരിച്ചവരായിരുന്നു മറ്റു പല ഭരണാധികാരികളും. ജനങ്ങള്‍ക്ക് ഖലീഫയെ ചോദ്യം ചെയ്യാനുള്ള സാധ്യത ഇക്കാലത്തോടെ ഇല്ലാതാവുകയും അവരുടെ ഏതു തീരുമാനങ്ങളും ഭരണീയരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥ വന്നുപെടുകയും ചെയ്തു.

സാഹിത്യ-വിദ്യാഭ്യാസ-നിര്‍മാണ-നാഗരിക മേഖലകളിലും അമവീ ഭരണകാലത്ത് മുസ്‌ലിംകള്‍ക്ക് വ്യവസ്ഥാപിതമായ നേട്ടങ്ങളും പുരോഗതികളും കൈവന്നിട്ടുണ്ട്. കൃഷി, കൈത്തൊഴില്‍, വ്യവസായം തുടങ്ങിയവ വ്യാപിക്കുകയും നാട്ടില്‍ സമൃദ്ധി സംജാതമാവുകയും ചെയ്തു. മനോഹരമായ പള്ളിനിര്‍മാണവും ഖുബ്ബ നിര്‍മാണവും സാര്‍വത്രികമായി. വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായിരുന്നില്ലെങ്കിലും പരമ്പരാഗത ശൈലികളില്‍ അതിന് ചില മുന്നേറ്റങ്ങള്‍ ഇക്കാലത്ത് സംഭവിച്ചിട്ടുണ്ട്. കവികളും സാഹിത്യകാരന്മാരും ശാസ്ത്രകാരന്മാരും ഇക്കാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്.

ഭരണ നേതൃത്വത്തിനു വേണ്ടിയുള്ള അഭ്യന്തര കലാപങ്ങള്‍ ഒടുവില്‍ അമവികളുടെ ബല ക്ഷയത്തിന് വഴിയൊരുക്കുകയായിരുന്നു. ഈ തക്കം നോക്കി അബ്ബാസികളും ശിയഇകളും അടിച്ചുകയറുകയും അവരുടെ ശക്തി നിര്‍വീര്യമാക്കുകയും ചെയ്തു. ഹിജ്‌റ 132 ആയതോടുകൂടി അമവികളുടെ ആസ്ഥാനമായിരുന്ന ഡമസ്‌കസ് അബ്ബാസികളുടെ നിയന്ത്രണത്തിനു കീഴില്‍ വരികയും അമവി ഭരണകൂടം നിലംപൊത്തുകയുമായിരുന്നു.

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter