മംലൂക്കി ഭരണകൂടം

വിവിധ ഭാഗങ്ങളില്‍നിന്നും വന്ന അടിമകള്‍ മാത്രം സംഘടിച്ച് രൂപം നല്‍കിയ ചരിത്രത്തിലെ അതിവിചിത്രമായൊരു സംഭവമാണ് മംലൂക്കി ഭരണകൂടം. ഖലീഫമാര്‍ വിവിധ നാടുകളില്‍നിന്നും ഇറക്കുമതി ചെയ്തു കൊണ്ടുവന്ന അടിമകള്‍ ഒരുമിച്ചുകൂടി സംവിധാനിച്ചതായിരുന്നു ഇത്. ഖലീഫ അല്‍ മുസ്തഅ്‌സിമിന്റെ അടിമയായിരുന്ന ശജര്‍ അല്‍ ദുര്‍ദ് എന്ന വനിതയായിരുന്നു മംലൂക് ഭരണകൂടത്തിന്റെ സ്ഥാപക. തുര്‍ക്കിക്കാരിയായിരുന്ന മഹതിക്ക് അയ്യൂബി വംശജനായ സാലിഹില്‍ ഒരു കുഞ്ഞ് ജനിക്കുകയും അതുവഴി അവള്‍ സ്വതന്ത്രയാക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് സ്വാലിഹിന്റെ വിയോഗത്തോടെ ശജര്‍ ഈജിപ്തിന്റെ ഭരണ രംഗത്തേക്കുയര്‍ന്നുവന്നു. രണ്ടര മാസത്തോളം നീണ്ടു നില്‍ക്കുന്നതായിരുന്നു അവരുടെ ഭരണ കാലം. ഈ ചുരുങ്ങിയ കാലയളവില്‍തന്നെ അനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നാണയങ്ങള്‍ അടിച്ചിറക്കിയും മറ്റും അവര്‍ ശ്രദ്ധേയയായി.

ഇസ്സുദ്ദീന്‍ ഐബക്കാണ് ഈജിപ്തിലെ അടുത്ത ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ ശജര്‍ അദ്ദേഹത്തിന്റെ പത്‌നി സ്ഥാനം അലങ്കരിക്കുകയും ഭരണരംഗത്ത് നിയന്ത്രണം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഐബക് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ ശജര്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. ഇതറിഞ്ഞ അദ്ദേഹത്തിന്റെ മറ്റു ഭാര്യമാര്‍ ശജറിനെയും വകവരുത്തി.

ഐബക് (1250-1257) ആയിരുന്നു മംലൂക്കി ഭരണകൂടത്തിന്റെ പ്രഥമ സുല്‍ഥാന്‍. ബഹ്‌രി, ബുര്‍ജീ എന്നിങ്ങനെ രണ്ടു ഗണത്തില്‍ പെട്ടവരായിരുന്നു പിന്നീട് വന്ന മംലൂക് സുല്‍ഥാന്മാര്‍. ബൈബര്‍സ് അല്‍ ബുന്ദുഖ്ദാരി (1260-1277) യാണ് മംലൂക്കി ഭരണകൂടത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഭരണാധികാരി. അയ്യൂബ് അസ്സാലിഹിന്റെ അടിമയായിരുന്ന അദ്ദേഹം ക്രമേണ വളര്‍ന്നുവരികയും ഭരണരംഗം കയ്യടക്കുകയുമായിരുന്നു. കേവലമൊരു ഭരണാധികാരി എന്നതിലപ്പുറം പൊതുപ്രവര്‍ത്തകനും സമൂഹ പരിഷ്‌കര്‍ത്താവുകൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ മംലൂകി ഭരണകൂടത്തിന്റെ സ്ഥാപകന്‍ എന്നുവരെ അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അനവധി നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയും ഭംഗിവല്‍ക്കരണത്തിലൂടെയും പുരാതന ഈജിപ്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കാന്‍ തന്റെ കാലത്ത് അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും ഇന്നുവരെ അവിടെ കാണാവുന്നതാണ്.

സുല്‍ഥാന്‍ സൈഫുദ്ദീന്‍ ഖലാവൂന്‍ (1279-1290) ആണ് ഈ പരമ്പരയിലെ ശ്രദ്ധേയനായ മറ്റൊരു ഭരണാധികാരി. ബൈബര്‍സിന്റെ ചെറുപ്രായക്കാരനായ മകനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. ശേഷം, എഡി. 1240 ല്‍ സുല്‍ഥാന്‍ ഖലാവൂന്റെ മകന്‍ അല്‍ അഷ്‌റഫ് അധികാരത്തില്‍ വന്നു. അഷ്‌റഫിന്റെ സഹോദരന്‍ അല്‍ നാസ്വിറാണ് ശേഷം ഭരണത്തിലെത്തിയത്. മൂന്നു തവണ ഭരണനേതൃത്വത്തില്‍ വന്ന അദ്ദേഹമായിരുന്നു മംലൂക്കി ഭരണാധികാരികളില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ കാലത്താണ് മംഗോളിയന്മാര്‍ കടന്നുവരുന്നതും ഈജിപ്തിനെ ആക്രമിക്കുന്നതും.

വലിയ ആഡംബരപ്രിയനും സുഖലോലുപതയില്‍ മുങ്ങിക്കുളിച്ചവനുമായിരുന്നു നാസ്വിര്‍. പൊതു ഖജനാവിലെ സമ്പത്ത് വിനിയോഗിച്ചുകൊണ്ടാണ് അദ്ദേഹം ഇത് നടത്തിയിരുന്നത്. ഖജനാവ് കാലിയാവുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ചുമത്തി അദ്ദേഹം പണം പിരിച്ചു. വീണ്ടും ധൂര്‍ത്ത് നടത്തി ജീവിതം ആസ്വദിച്ചു. സുല്‍ഥാന്‍ നാസ്വിറിന്റെ ധിക്കാരപരമായ ഇത്തരം നിലപാടുകളും സമീപനങ്ങളും വഴിവിട്ട സ്വഭാവങ്ങളുമായിരുന്നു മംലൂക്കി ഭരണകൂടത്തിന്റെ  പതനത്തിന് വഴിയൊരുക്കിയിരുന്നത്. കടുത്ത ദാരിദ്ര്യവും സാമ്പത്തിക പ്രയാസങ്ങളും നേരിട്ട ഈ കാലഘട്ടം ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായി പരിഗണിക്കപ്പെടുന്നു.

ഭരണമേഖലയിലെ പാളിച്ചകള്‍ കാരണം വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയില്‍ വന്‍ കുതിച്ചു ചാട്ടങ്ങള്‍ നടത്താന്‍ മംലൂക്കി ഭരണാധികാരികള്‍ക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ചില വേറിട്ട മേഖലകളില്‍ പല തിളക്കമാര്‍ന്ന സംഭാവനകളും ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്രവും ഗോളശാസ്ത്രവുമാണ് ഇതില്‍ സുപ്രധാന മേഖലകള്‍. സാമൂഹ്യശാസ്ത്ര രംഗത്തും അവരുടെതായ ചില മുദ്രകള്‍ കണ്ടെത്താവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter