ശൈഖ് മുതവല്ലീ ശഅ്റാവി(റ) എന്നവരെ കുറിച്ച് അറിയാന്‍ താല്പര്യം . അദ്ദേഹം സുന്നി പണ്ഡിതരാണോ ?
ചോദ്യകർത്താവ്
മുസ്ഥഫാ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുഹമ്മദ് മുതവല്ലി ശ്ശഅ്റാവി പ്രസിദ്ധനായ ഒരു ഈജിപ്ഷ്യന്‍ പണ്ഡിതനാണ്. മുന്‍കാല ശൈലികളില്‍ നിന്നു വ്യത്യസ്തമായി അദ്ദേഹം രചിച്ച തഫ്സീര്‍ വളരെ ശ്രദ്ധേയമാണ്. ഈജിപ്തിലെ മുന്‍ ഔഖാഫ് മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
മുഹമ്മദ് മുതവല്ലി ഏപ്രില്‍ 15 നു 1911 ല്‍, ഈജിപ്തിലെ ദഖ്ഹലിയ്യ പ്രവിശ്യയിലെ ദഖാദൂസ് എന്ന ഗ്രാമത്തില്‍ ഭൂജാതനായി. പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 1923 ല്‍ പ്രൈമറി തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നീട് സഖാസീഖിലെ സെകന്‍ററി സ്കൂളില്‍ ചേരുകയും ചെയ്തു. ചെറുപ്പത്തിലേ സാഹിത്തത്തോടായിരുന്നു അഭിരുചി. കവിതകളും സാഹിത്യരചനകളും ഉദ്ധരണികളും മനഃപാഠമാക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. അവിടെ വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍, സഖാസീഖിലെ സാഹിത്യകാരന്മാരുടെ സംഘടനയുടെ അധ്യക്ഷന്‍ എന്നീ പദവികള്‍ ആ സമയത്തു തന്നെ അദ്ദേഹത്തെ തേടിയെത്തി. സെകന്‍റി പഠനം പൂര്‍ത്തിയാക്കിയ ശഅ്‍റാവിയെ തന്‍റെ പിതാവ് ഉന്നത വിദ്യാഭ്യാസത്തിനായി കയ്റോയിലെ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ തന്നെ ചേര്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിനന്ന് അതിനു താല്‍പര്യമുണ്ടായിരുന്നില്ല. നാട്ടില്‍ കൂട്ടുകാരൊത്ത് കൃഷിയിലും മറ്റും വ്യാപൃതനായി ജീവിക്കാനായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ, പിതാവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അസ്ഹറില്‍ തന്നെ പഠിക്കാന്‍ തയ്യാറായ അദ്ദേഹം അതിനു പിതാവിന്‍റെ മുന്നില്‍ ചില നിബന്ധനകള്‍ നിരത്തി. പാരമ്പര്യം, ഭാഷ, ഖുര്‍ആനിക വിജ്ഞാനീയം, തഫ്സീര്‍, ഹദീസ് എന്നീ ശാഖകളിലെ പ്രധാനപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും വാങ്ങിത്തരണമെന്നതായിരുന്നു അത്. ഇത്രയും വാങ്ങിത്തരാനാവാതെ വരുമ്പോള്‍ പിതാവ് തന്നെ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടാന്‍ സമ്മതിക്കുമെന്ന പ്രത്യാശയിലായിരുന്നു ശഅ്റാവി. പക്ഷേ, അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആവശ്യപ്പെട്ടതെല്ലാം അദ്ദേഹത്തിനു സംഘടിപ്പിച്ചു കൊടുത്തു. എന്നിട്ട് ആ പിതാവ് പറഞ്ഞു മോനേ, എനിക്കറിയാം ഈ ഗ്രന്ഥങ്ങളെല്ലാം നിന്‍റെ സിലബസിലില്ലെന്ന്. പക്ഷേ, ഇത് വായിച്ച് നിന്‍റെ അറിവ് വര്‍ദ്ധിക്കണമെന്നാഗ്രഹിച്ചാണ് ഞാനിതെല്ലാം വാങ്ങി തന്നിട്ടുള്ളത്. 1937 ല്‍ അസ്ഹറിലെ അറബി ഭാഷാ വിഭാഗത്തില്‍ ചേര്‍ന്നു പഠിക്കാനാരംഭിച്ചു.
പഠനകാലത്തു തന്നെ അദ്ദേഹം സാമൂഹിക, ദേശീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1919 ല്‍ അസ്ഹറില്‍ നിന്നാരംഭിച്ച ഇംഗ്ലീഷ് കുടിയേറ്റത്തിനെതിരെയുള്ള സമരത്തില്‍ അദ്ദേഹവും ഭാഗഭാക്കായി. ഒന്നിലധികം തവണ അറസ്റ്റു വരിക്കേണ്ടിയും വന്നിട്ടുണ്ട്.
1940ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുകയും 1943 ല്‍ ബിരുദാനന്തര ബിരുദം നേടുകയും പഠിപ്പിക്കാനുള്ള പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തു. പിന്നീട് ഥന്‍ഥായിലുള്ള ദീനീ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അതിനു ശേഷം സഖാസീഖിലെ മറ്റൊരു സ്ഥാപനത്തിലും പിന്നെ അലക്സാന്ട്രിയയിലും ജോലി ചെയ്തു. കുറച്ചു കാലത്തെ സേവനത്തിനു ശേഷം 1950 ല്‍ സഊദിയിലെ ഇമ്മുല്‍ ഖുറാ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. 1963 ല്‍ പ്രസിഡണ്ട് ജമാല്‍ അബ്ദുന്നാസിറും സഊദ് രാജാവും തമ്മിലുള്ള അസ്വരാസ്യങ്ങള്‍ മൂലം അദ്ദേഹത്തിന് സഊദിയില്‍ ജോലി തുടരാനായില്ല. ഈ കാലയളവില്‍ അദ്ദേഹം അന്നത്തെ ശൈഖുല്‍ അസ്ഹര്‍ ശൈഖ് ഹസന്‍ മഅ്മൂനിന്‍റെ ഓഫീസ് കാര്യദര്‍ശിയായി നിയമിതനായി. പിന്നീട് അള്‍ജീരിയയിലേക്ക് യാത്ര പോവുകയും അവിടെ അധ്യാപനവും ദീനീ സേവനവുമായി ഏഴു വര്‍ഷം കഴിച്ചു കൂട്ടുകയും ചെയ്തു. കയ്റോവിലേക്ക് മടങ്ങി വന്ന ശഅ്റാവിയെ ഗര്‍ബിയ പ്രവിശ്യയിലെ ഔഖാഫ് ഡൈറക്ടറായി നിയമിച്ചു. അതിനു ശേഷം പ്രബോധ പ്രവര്‍ത്തനങ്ങളുടെ അണ്ടര്‍സെക്രട്ടറിയും പിന്നീട് അസ്ഹറിന്‍റെ തന്നെ അണ്ടര്‍സെക്രട്ടറിയായും സേവനം ചെയ്തു. 1970 ല്‍ അദ്ദേഹം വീണ്ടും സഊദിയിലേക്ക് തിരിച്ചു. ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് യൂനിവേഴ്സിറ്റിയില്‍ അധ്യാപക വൃത്തി ഏറ്റെടുത്തു. പിന്നീട് അവിടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഡയരക്ടര്‍ പദവിയും ലഭിച്ചു. 1976 ല്‍ അദ്ദേഹം ഔഖാഫ് മന്ത്രിയായി നിയമിതനായി. 1978 വരെ മന്ത്രിയായി തുടര്‍ന്നു. ആദ്യമായി ഈജിപ്തില്‍ ഇസ്ലാമിക് ബാങ്കിനു തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹം രാജ്യത്തനകത്തും പുറത്തുമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. അതു പോലെ വൈജ്ഞാനിക, ദീനീ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
നൂറോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. അദ്ദേഹം സ്ഥിരമായി റേഡിയോ ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ പ്രത്യക്ഷപ്പെടുകയും ദീനീ വിജ്ഞാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ആനുകാലിക സംഭവ വികാസങ്ങളെ ഇസ്‍ലാമികമായി വിശകലനം ചെയ്യുകയും ആധുനിക പ്രശ്നങ്ങള്‍ക്ക് ഇസ്‍ലാമിക പൂരണങ്ങള്‍ സമര്‍പ്പിക്കുകയും ഓറിയന്‍റലിസ്റ്റുകളും മറ്റു ഇസ്ലാമിക ശത്രുക്കളുമുന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ നല്‍കുകയും ചെയ്തിരുന്ന മഹാനായ പണ്ഡിതനായിരുന്നു അദ്ദേഹം. സാധാരണക്കാരനു ലളിതമായി മനസ്സിലാക്കാനും പണ്ഡിതന്മാര്‍ക്ക് ആഴത്തില്‍ ചിന്തിക്കാനുമുതകും വിധത്തിലാണദ്ദേഹത്തിന്‍റെ തഫ്സിര്‍. ഏതു പ്രഹേളികയും വളരെ സരളമായും ഗഹനമായും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ അഗാധ പാണ്ഡിത്യവും കഴിവും ഓറിയന്‍റലിസ്റ്റുകളുടേയും പാശ്ചാത്യരുടെയും പുതിയ വെല്ലുകളെ ഏറ്റെടുത്ത് ഇസ്‍ലാമിനു പ്രതിരോധം തീര്‍ക്കാനുള്ള ആര്‍ജ്ജവവുമുള്ള നേതാവെന്ന നിലയില്‍ അദ്ദേഹം ഇമാമുദ്ദുആത് എന്ന് വിളിക്കപ്പെടുന്നു.
അദ്ദേഹം വിശ്വാസകാര്യങ്ങളില്‍ അശ്അരി സരണിയും കര്‍മ്മശാസ്ത്രത്തില്‍ ശാഫിഈ മദ്ഹബും ആത്മീയ സംസ്കരണത്തിനു തസവ്വുഫിന്‍റെ രീതിയും തെരെഞ്ഞെടുത്ത അഹ്‍ലുസ്സുന്നത്തിവല്‍ജമാഅത്തില് അടിയുറച്ചു ജീവിക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റ ഈ കാര്‍കശ്യം മൂലം അല്‍ബാനിയെ പോലുള്ള വഹ്ഹാബികളുടെ ആക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട്.
1998 ജൂണ് 17 നു ഹിജ്റ 1419 സ്വഫര്‍ 22 നു അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു.
അല്ലാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗ ലോകത്ത് ഉന്നത സ്ഥാനങ്ങള്‍ നല്‍കി അനുഗ്രഹിക്കട്ടെ.