അദ്വൈതവാദവും സൂഫികളും
സൂഫികള്ക്ക് അദ്വൈതവാദവും അവതാരവാദവുമുണ്ടെന്നും അതു കൊണ്ട് അവര്‍ പിഴച്ചവരാണെന്നുമുള്ള ഒരു ആരോപണം സൂഫിസത്തിന്‍റെ വിരോധികള്‍ ഉന്നയിക്കുന്നുണ്ട്. തസ്വവ്വുഫ് മഹത്തരമെങ്കില്‍ സൂഫികള്‍ ഉന്നതരാവേണ്ടത് അത്യാവശ്യമാണല്ലോ. അതു കൊണ്ട് തന്നെ മേല്‍പറഞ്ഞ ആരോപണത്തിലെ യാഥാര്‍ഥ്യമെന്തെന്ന് അന്വേഷിക്കേണ്ടതുണ്ട്.
അദ്വൈതവാദമെന്നാല്‍ എന്താണ്. ലോകത്തുള്ള സകല വസ്തുക്കളിലും അല്ലാഹു അവതരിച്ചിട്ടുണ്ടെന്നും അവയിലെല്ലാം ദൈവിക ഗുണങ്ങളുണ്ടെന്നും സൃഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെയുമാണെന്നും വിശ്വസിക്കുകയാണ് ഈ ചിന്താഗതിയുടെ ആകെത്തുക. ഇപ്പറഞ്ഞത് ഏതര്‍ഥത്തിലും ദൈവനിഷേധമണെന്നതില്‍ രണ്ടഭിപ്രായമില്ല. ഇഹ്സാന്‍റെ വക്താക്കളായ സൂഫികളില്‍ നിന്ന് ഇതൊരിക്കലും ഉണ്ടാകുകയില്ല.
അവതരിക്കലും ഒന്നാകലും വര്‍ഗങ്ങള്‍ ഒക്കുമ്പോളാണല്ലോ. സൃഷ്ടികളും സ്രഷ്ടാവുമെങ്ങനെയാണ് ഒന്നാവുക? ആനാദ്യനായ അല്ലാഹു അനന്തരം ഉണ്ടായ ഒരു വസ്തുവില്‍ അവതരിച്ചിരിക്കുകയാണെന്ന് എങ്ങനെ പറയാനാകും? അവതരിക്കലും ഒന്നാകലുമെല്ലാം സൃഷ്ടികള്‍ക്കിടയില്‍ തന്നെ സാധ്യമല്ല. അപ്പോള്‍ പിന്നെ അല്ലാഹുവും സൃഷ്ടികളും തമ്മില്‍ അത് എങ്ങനെയാണ് സാധ്യമാകുക?.
എങ്കില്‍ പിന്നെ സുഫികളുടേതെന്ന് പറയുന്ന വാദഗതി എന്താണ്? അവര്‍ അദ്വൈതവാദത്തെ കുറിച്ച് സംസാരിക്കുന്നില്ലേ? നാം ഉത്തരം അന്വേഷിക്കുന്നത് ഈ ചോദ്യത്തിനാണ്.
ചില സൂഫികള്‍ ഉപയോഗിച്ച ഒരു പദമുണ്ട്. വഹ്ദത്തുല്‍ വുജൂദ്. ഉണ്മയുടെ ഏകത്വമെന്ന് നമുക്കതിനെ മലയാളീകരിക്കാം. ഈ പദത്തിന്‍റെ അര്‍ഥം മനസ്സിലാക്കാതെയാണ് ചിലര്‍ തസവ്വുഫിനെതിരെ അദ്വൈതവാദത്തിന്‍റെ വാള് ചുഴറ്റിയത്. ഇതിനെ ഒരു തരം അദ്വൈതവാദമായി വിരോധികള്‍ അവതരിപ്പിക്കുകയായിരുന്നു.
വഹ്ദത്തുല്‍ വുജൂദ്: സാധ്യമായ അര്‍ഥങ്ങള്‍
എന്താണ് വഹ്ദത്തുല്‍ വുജൂദ്. വുജൂദ് എന്ന പദത്തിന് രണ്ടു അര്‍ഥങ്ങളാണുള്ളത്. ഒന്ന്, അനാദ്യമായ വുജൂദ്. അതായത് അല്ലാഹുവിന്‍റെ ഉണ്മ. വിശദമായി പറഞ്ഞാല്‍ അല്ലാഹുവിന്‍റെ വിശേഷണമായി നാം എണ്ണുന്ന ഒരു കാര്യമാണല്ലോ വുജൂദ്. അവിടെ വുജൂദിന്‍റെ അര്‍ഥമെന്തായിരിക്കും. തുടക്കമില്ലാത്ത വുജൂദ് എന്നായിരിക്കുമല്ലോ. കാരണം അല്ലാഹുവിന്‍റെ ഉണ്മക്ക് തുടക്കമില്ലെന്നാണ് നമ്മുടെ വിശ്വാസം. ഈ തുടക്കമില്ലാത്ത, സ്രഷ്ടാവിന്‍റെ ഉണ്മക്ക് അറബിയില്‍ പറയുന്ന പദം വുജൂദ് എന്നാണ്.
എന്നാല്‍ വുജൂദിന് മറ്റൊരു അര്‍ഥം കൂടിയുണ്ട്. അതായത് അനാദ്യമല്ലാത്ത് വുജൂദ്. അതായത് സൃഷ്ടികളുടെ ഉണ്മ. വിശദമായി പറഞ്ഞാല്‍ സൃഷ്ടകളുടെ ഭൂലോകത്തുള്ള ഉണ്മക്ക് ഒരു തുടക്കമുണ്ട്. സൃഷ്ടികളാരും തന്നെ അല്ലാഹുവിനെ പോലെ അനാദിയായി ഉണ്ടായിരുന്നവരായിരുന്നില്ല. അനന്തമായി, അല്ലാഹുവിനെ പോലെ, ഈ ഉണ്മയില്‍ തുടരുന്നവരുമല്ല. ഒരു ദിവസം അവരെല്ലാം ഇല്ലാതായിപ്പോകും.
വുജൂദിന് രണ്ടര്ഥമുണ്ടെന്നതിനാല്‍ അറബിഗ്രാമറനുസരിച്ച് വഹ്ദത്തുല്‍ വുജൂദിനും കാണും രണ്ടര്‍ഥങ്ങള്‍. ഈ പ്രപഞ്ചത്തില്‍ അല്ലഹു അല്ലാത്ത ഒന്നിനും അസതിത്വമില്ലെന്നും സകലവസ്തുക്കളും അവന്‍ തന്നെയാണെന്നുമുള്ള വിശ്വാസമാണ് ഒന്നാമത്തേത്. ഈ അര്‍ഥത്തില്‍ വിവക്ഷിക്കുന്ന വഹ്ദത്തുല്‍ വുജൂദ് മതനിരാസം തന്നെയാണ്. യഥാര്‍ഥത്തില്‍ ഇങ്ങനെ വാദിക്കുന്നവരെ സൂഫികള്‍ എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനെ മതത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള കാരണം വരെയായി എണ്ണുന്ന പണ്ഡിതരുണ്ട്. ഇന്ത്യന്‍ ഭൂമികയിലെ സന്യാസത്തിലുള്ള അദ്വൈതവിശ്വാസം സത്യത്തില്‍ ഇതുപോലോത്ത ഒരു വിശ്വാസമാണ്. അതിനെ നമുക്ക് തസവ്വുഫിന്‍റെ മേലാപ്പിട്ട് സ്വീകരിക്കുക ഭൂഷണമല്ല.
എന്നാല്‍ വഹ്ദത്തുല്‍ വുജൂദിന് സാധ്യമായ മറ്റൊരര്‍ഥം അനാദ്യനായ അല്ലാഹുവിന്‍റെ ഉണ്മയുടെ ഏകത്വമാണ്. അങ്ങനെ ഒരു വുജൂദുള്ളവന്‍ അല്ലാഹു മാത്രമാണ്. സത്യത്തില്‍ ഇതാണ് സൂഫിസംജ്ഞകളിലെ വഹ്ദത്തുല്‍ വുജൂദ്.
ശൈഖ് മുഹയിദ്ദീന് ബ്നു അറബി പറയുന്നു: ഏതെങ്കിലും സൃഷ്ടി അല്ലാഹുവില്‍ അവതരിക്കുകയോ അല്ലാഹു സൃഷ്ടിയില്‍ അവതരിക്കുകയോ ഇല്ല. ഇതില് നിന്നും അല്ലാഹു പരിശുദ്ധനാകുന്നു. (അഖീദത്തുല്‍ ബുശ്റ)
മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ പറയുന്നു: അല്ലാഹുവിന്‍റെ ഏകത്വം ഏകകണ്ഠമാണ്. ഏകനായിരിക്കെ അവന് ഒരു വസ്തുവില്‍ ഇറങ്ങുക, ഒരു വസ്തു അവനില്‍ ഇറങ്ങുക, അവനും മറ്റൊന്നും കൂടി ഒന്നാവുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നെല്ലാം അല്ലാഹു അത്യുന്നതാനായിരിക്കുന്നു. (അല്‍ അഖീദത്തുല്‍ വുസ്ത്വ)
അദ്ദേഹം തുടരുന്നു: എത്രവലിയ ആത്മജ്ഞാനിയും താന്‍ അല്ലാഹുവാണെന്ന് പറയുകയില്ല. ഞാന്‍ അല്ലാഹുവിന്‍റെ നിസ്സാരനായ അടിമയായിരിക്കുമെന്നായിരിക്കും അവന്‍ പറയുക. അവതരവാദി മനോരോഗിയാണ്. നിരിശ്വരവാദിയാണ്. അവതാരവാദം ശരിയാണെങ്കില്‍ അല്ലാഹുവിന് തടിയുണ്ടെന്ന് വാദിക്കുന്ന മുജസ്സിമ വാദക്കാരും ശരിയാണെന്ന് പറയേണ്ടിവരും. മനുഷ്യന്‍ അവന്‍റെ മനുഷ്യപദവിയില്‍ നിന്നും മലക്ക് ആ പദവിയില്‍ നിന്നും ഉയര്‍ന്ന് അല്ലാഹുമായി ഐക്യപ്പെടാമെങ്കില്‍ വസ്തുക്കളെല്ലാം മാറിവരാമെന്നും സ്രഷ്ടാവ് സൃഷ്ടിയും സൃഷ്ടി സ്രഷ്ടാവുമാകാമെന്നും വരുന്നു. ഇതൊരിക്കലും വന്നുകൂടല്ലോ. (ബാബുല്‍ അസ്റാര്‍)
ഇമാം അബ്ദുല്‍ വഹ്ഹാബുശ്ശഅറാനി (റ) പറയുന്നു: ബിംബാരധകര്‍ പോലും അവരുടെ ദേവന്മാര്‍ അല്ലാഹുവാണെന്ന് പറയാറില്ല. പിന്നെ എങ്ങനെയാണ് അല്ലാഹുവിന്‍റെ സൂഫികള്‍ അവരും അല്ലാഹുവും ഒന്നാണെന്ന് പറയുക. അല്ലാഹു എല്ലാ വസ്തുക്കളില്‍ നിന്നും ഭിന്നനാണെന്ന് മനസ്സിലാക്കാത്ത ഒരു വലിയ്യും ഇല്ല തന്നെ.(അല്‍യവാഖീത്തു വല്‍ ജവാഹീര്‍)
ഇമാം ജലാലുദ്ദീന്‍ സ്വുയൂഥി എഴുതുന്നു: ചില പണ്ഡിതര്‍ തങ്ങളുടെ പ്രയോഗങ്ങളില്‍ ഇത്തിഹാദ് എന്ന പദം ഉപയോഗിച്ചു കാണുന്നുണ്ട്. ഇത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. അദ്വൈതമല്ല. യഥാര്‍ഥ തൌഹീദാണ്. ഏകനായ അല്ലാഹുവിനെ പരമമായി അറിയുകയെന്നാണ് ഇതുകൊണ്ടവര്‍ വിവക്ഷിക്കുന്നത്. എന്നാല്‍ സൂഫികളുടെ സൂചകാര്ഥം മനസ്സിലാക്കാതെ ചിലര്‍ ഇതിന് തെറ്റായ വ്യാഖാനങ്ങള്‍ നല്കുകയും തന്നിമിത്തം അതവരുടെ നാശഹേതുകമായി തീരുകയും ചെയ്തു. (അല്‍ ഹാവീ ഫില്‍ ഫതാവാ)
‘ഞാന് എന്നെ പരിശുദ്ധനാക്കുന്നു. എന്‍റെ കാര്യം എത്ര മഹത്തരം’ എന്ന അബൂയസീദില്‍ ബിസ്ത്വാമിയുടെ വാക്കും ഹല്ലാജിന്‍റെ ‘അനല്‍ ഹഖും’ അല്ലാഹുവില്‍ നിന്ന് എടുത്തുദ്ധരിച്ചതാകാനാണ് സാധ്യത. അതല്ലാതെ ഈ ജ്ഞാനികള്‍ ഏകതാവാദികളായതല്ല. (അല്‍ ഹാവീ ഫില്‍ ഫതാവാ)
ശൈഖ് ഇബ്നു ഖയ്യിം മദാരിജുസ്സാലികീനില്‍ പറയുന്നു:
ഫനാഇന്‍റെ മൂന്നാമത്തെ പദവി പ്രത്യേക ഔലിയാക്കളുടെതാണ്. സമുന്നതമായ ഈ പദവിയിലെത്തിയാല്‍ അവന്‍റെ മതപരമായ ഉദ്ദേശ്യത്തിന് എതിരായി ഒന്നും ഉണ്ടാവുകയില്ല. അപ്പോള്‍ അടിമയുടെ ഉദ്ദേശ്യവും അല്ലാഹുവിന്‍റെ ഉദ്ദേശ്യവും ഒന്നാകുന്നു. ഇതാണ് യഥാര്‍ഥ സ്നേഹം. ഇതാണ് സൂഫികള്‍ ഉദ്ദേശിക്കുന്ന ഇത്തിഹാദ്. (മദാരിജുസ്സാലികീന്‍)
ഇബ്നു തൈമിയ്യ പോലും സൂഫികളിലേക്ക് ഇത്തിഹാദ് വാദം ചേര്‍ക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:
അല്ലാഹു ഏതെങ്കിലും വസ്തുവില്‍ അവതരിക്കുമെന്നോ മറ്റൊരു വസ്തുവായി ഒന്നാകുമെന്നോ ജ്ഞാനികളായ ആരും വാദിക്കുന്നില്ല. ഇങ്ങനെ വല്ലതും ചേര്‍ക്കപ്പെടുന്നുവെങ്കില്‍ അത് വെറും ജല്‍പനങ്ങളാണ്. (ഫതാവാ ഇബ്നി ഖയ്യിം)
ചുരുക്കത്തില്‍ സൂഫികള്‍ അദ്വൈതവാദികളോ അവതാരപ്രചാരകരോ അല്ല. അവര്‍ ഉപയോഗിച്ച ഇത്തിഹാദ്, വഹ്ദത്തുല്‍ വുജൂദ് തുടങ്ങിയ പദങ്ങള്‍ക്ക് അതിന്‍റെതായ അര്‍ഥതലങ്ങളുണ്ട്. അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ സൂഫിസത്തെ മൊത്തത്തില്‍ തള്ളിപ്പറയുന്നത് ശുഭകരമല്ല.
അബ്ദുല് ഗഫൂര് ഖാസിയുടെ തസവ്വുഫിനെ കുറിച്ചുള്ള പുസ്തകത്തിന്റെ ആമുഖത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
Leave A Comment