അന്നം ദിവ്യ വാഗ്ദാനം
വിശക്കുന്നവന്ന് മുന്നില് അന്നം സ്വർണ കൂമ്പാരത്തെക്കാൾ മൂല്യമുള്ളതാണ്*ഐക്യരാഷ്ട്രസഭ 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ദിവസം ഓർക്കുന്നതിന്ന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ന് ലോക ഭക്ഷ്യദിനം(World Food Day, WFD ) ആയി ആചരിക്കപ്പെടുന്നു. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണമാണ് ഇത്തവണ സംഘടന ലക്ഷ്യമാക്കുന്നത്.
5 വയസ്സിന് താഴെയുള്ള 20000 കുട്ടികൾ പ്രതിദിനം വിശന്നു മരിക്കുന്നു എന്നും ഏഴുപേരിൽ ഒരാൾ അത്താഴപ്പട്ടിണിക്കാരാണെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പക്ഷെ, ഇതേ ലോകത്താണ് പ്രതിവർഷം 130 കോടി ടൺ ഭക്ഷണം പാഴാക്കുന്നത്. ആഹാരം ആവശ്യമാണ് എന്നാൽ അതിന്മേലുള്ള നിയന്ത്രണം അത്യാവശ്യമാണ് എന്ന ബാപ്പുജിയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. ഹോട്ടലുകളിൽ നിന്നും മറ്റുമായി 20% ലധികം ഭക്ഷണം പാഴായിപ്പോവുന്നുണ്ട് എന്നതും ഏറെ ദൗർഭാഗ്യകരമാണ്. നിങ്ങൾ കുടിക്കുകയും തിന്നുകയും ചെയ്തു കൊള്ളുക,എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്,ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.(7:31)
വാസ്തവത്തിൽ ജീവനോടെ ഉലകിൽ പിറന്ന ഏതൊരു ജീവിയുടെയും അന്നം സ്രഷ്ടാവ് തന്നെ ഏറ്റതാണ്. ഈ കാര്യം പടച്ച തമ്പുരാൻ അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട് . മനുഷ്യൻറെ സ്വാർത്ഥതയും ആർഭാടവും, അശാസ്ത്രീയമായ ക്രയവിക്രയവുമാണ് തന്റെ സഹജീവികളെ പട്ടിണിയിലാക്കുന്നത്. ഏറ്റവും രസകരമായ കാര്യം പട്ടിണി മൂലം മരിച്ചു വീഴുന്ന ഏക ജീവി അതി ബുദ്ധിമാനായ മനുഷ്യൻ മാത്രമാണ് എന്നതാണ്. മറ്റൊരു ജീവിയും ഈ പ്രതിസന്ധി നേരിടുന്നില്ല.ആനയുടെ 30 ഇരട്ടി ആകാരം ഉള്ള നീലത്തിമിംഗലം പോലും. മനുഷ്യൻ അല്ലാത്ത ജീവികളിൽ 99% വും തൊട്ടടുത്ത ദിനത്തേക്കുള്ള ഭക്ഷണം പോലും സംഭരിച്ചു വെക്കുന്നില്ല. അത്രമേൽ ആത്മവിശ്വാസം ഉണ്ട് അവർക്ക്.
അന്നദാനം ഇസ്ലാം ഏറെ പ്രോല്സാഹനം നൽകിയ കാര്യമാണ്. പല തെറ്റുകൾക്കും പ്രതിവിധി അന്നദാനമാണ്.
ഇസ്ലാമിലെ ഏറ്റവും ശ്രേഷ്ഠ കർമം ഏതെന്നു ചോദിച്ച അനുചരനോട് അന്നദാനം എന്നാണ് പുണ്യ നബി പ്രതിവചിച്ചത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവർ നമ്മിൽ പെട്ടവനല്ലെന്ന നബി വചനം എത്രമാത്രം ഗൗരവം ഉള്ളതാണ്. മാനവ രാശിയുടെ ഭക്ഷ്യ സുരക്ഷക്കായി അല്ലാഹു ഒരുക്കിയ വിഭവങ്ങളിൽ നമുക്ക് ആവശ്യം ഉള്ളത് മാത്രം എടുത്ത്, ബാക്കി അപരനായി നീക്കി വെച്ച് പട്ടിണി ഇല്ലാത്ത ഒരു ലോകത്തിനായി നമുക്ക് പണിപ്പെടാം. പ്രപഞ്ച നാഥൻറെ ക്രമീകരണങ്ങളോട് നമുക്ക് സമരസപ്പെടാം.
Leave A Comment