ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോള്‍
വിഭജനത്തിന്റെ ചോരപ്പാടുകള്‍ ചുവപ്പിച്ച അര്‍ദ്ധരാത്രിയില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിനു എഴുപത് ആണ്ട് പിന്നിടുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുലരിയെക്കൂടി നാം വരവേല്‍ക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെ തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് എത്തിച്ചേര്‍ന്ന നാലുനൂറ്റാണ്ടിലധികം നീണ്ടുനിന്ന വൈദേശികാധിപത്യത്തില്‍ നിന്നു ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയതിന്റെ ചരിത്രമാണ് സ്വാതന്ത്ര്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. ബഹാദൂര്‍ ഷാ സഫര്‍ മുതല്‍ തുടങ്ങി സുഭാഷ്‌ചന്ദ്രബോസും ഗാന്ധിജിയും അംബേദ്‌കറും നെഹ്റുവും ആസാദും വരെ നീണ്ട നിരയുടെ സായുധവും അല്ലാത്തതുമായ നിരവധി പോരാട്ടങ്ങളുടെ ഫലമായി സാധ്യമായ സ്വാതന്ത്ര്യത്തിന്റെ പിന്നോട്ടുള്ള ചരിത്രത്തിലേക്ക് പോകുന്നില്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യ എഴുപതില്‍ എത്തിനില്‍ക്കുമ്പോള്‍ നാം കാര്യമായി ഒന്നും നേടിയില്ലെന്ന തോന്നല്‍ പലരിലും കാണാം. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നമുക്ക് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയെപ്പോലെ ആവാന്‍ കഴിഞ്ഞില്ലെങ്കിലും നാം നേടിയെടുത്ത പുരോഗതി കുറച്ചു കണ്ടുകൂടാ. മനുഷ്യ വിഭവശേഷി, വിദ്യാഭ്യാസം, ശാസ്ത്രം, സാമ്പത്തികം, പ്രതിരോധം, ആരോഗ്യം, റോഡ്-റയില്‍ തുടങ്ങിയ അടിസ്ഥാന സൌകര്യ വികസനം തുടങ്ങിയ പലമേഖലകളിലും കാര്യമായ പുരോഗതി നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടാണ് ചൈന പുരോഗതിയുടെ പടവുകള്‍ കയറിതെങ്കില്‍ എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ സ്വതന്ത്ര വായു ശ്വസിച്ചുകൊണ്ടാണ് നാം മുന്നോട്ട് പോയത്.
പക്ഷേ, ഇന്ത്യയെ ഇപ്പോഴും കാര്‍ന്നുതിന്നുന്ന രണ്ടു ഘടകങ്ങള്‍ വര്‍ഗീയതയും ഹിന്ദുത്വ ഫാസിസവുമാണ്. നാം നേടിയ പുരോഗതികളെ മുഴുവന്‍ നിഷ്പ്രഭമാക്കാന്‍ കഴിയുന്ന രീതിയില്‍ അവരണ്ടും വളര്‍ന്നുകൊണ്ടിരിക്കുന്നു. അവയില്‍ ഏതെങ്കിലും ഒന്നിനോട് രാജിയാവാതെ നിലനില്‍പ്പില്ലാത്ത അവസ്ഥയിലാണ് രാഷ്ട്രീയ രംഗം. ലോകത്ത് നടന്ന രാഷ്ട്രീയ മാറ്റങ്ങളുടെ ചുവടുപിടിച്ചു അഴിമതിക്കെതിരെ പുതിയ തലമുറ രംഗത്ത് വന്നെങ്കിലും അതൊക്കെ താല്‍ക്കാലിക പ്രതിഭാസമായി അവസാനിക്കുകയായിരുന്നു. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ് പലപ്പോഴും ഇവയുടെ വളര്‍ച്ചക്ക് നിദാനം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കേണ്ട, ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരെന്നു അവകാശപ്പെടുന്നവര്‍ വര്‍ഗീയതയുടെ വിത്ത് വിതച്ച് അധികാരം നേടിയെടുക്കുന്ന ദുരവസ്ഥയാണ് നാം അഭിമുഖീകരിക്കുന്നത്.
ദിവസവും നമ്മെ തേടിയെത്തുന്ന അതിക്രൂരമായ ബലാത്സംഗത്തിന്റെയും മാനഭംഗത്തിന്റെയും കഥകള്‍ ഇന്ത്യയുടെ തന്നെ മാനം ഭംഗപ്പെടുത്തിയിരിക്കുന്നു. നിയമ പാലനത്തിലെ വീഴ്ചകളും നീതി നിര്‍വഹണത്തിലെ കാലതാമസവും നമുക്കൊരു ശാപമായിമാറികൊണ്ടിരിക്കുന്നു. ഇരകള്‍ക്ക് കുടപിടിക്കേണ്ടവര്‍ വേട്ടക്കാര്‍ക്ക് ചൂട്ട് കത്തിക്കുന്നു. തീവ്രവാദത്തിന്റെ പേരില്‍ ന്യൂനപക്ഷവിഭാഗത്തിലെ ചെറുപ്പക്കാരെ അന്യായമായി തടങ്കലിലിട്ടു പീഡിപ്പിക്കുകയും വ്യാജ ഏറ്റുമുട്ടലുകളിലൂടെ അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സംസ്കാരം തന്നെ വളര്‍ന്നു വരുന്നു.
വിദ്യ നുകരേണ്ടത്തിനു പകരം കല്‍ക്കരിപ്പാടങ്ങളിലും ഫാക്ടറികളിലും ഹോമിക്കപ്പെടുന്ന ലക്ഷക്കണക്കിന് ബാല്യങ്ങള്‍, അന്തിയുറങ്ങാന്‍ ഒരു ചായ്പ്പുപോലുമില്ലാത്ത അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിതം തള്ളിനീക്കുന്ന ലക്ഷങ്ങള്‍, വൈദ്യുതി വെളിച്ചം ഇനിയും കണ്ടിട്ടില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങള്‍..ഇന്ത്യയുടെ മറ്റൊരുമുഖം അങ്ങനെ നീണ്ടുപോകുന്നു. രാഷ്ട്രീയക്കാരെ മാത്രം കുറ്റപ്പെടുത്തുന്നതിലോ ഉത്തരവാദിത്തം അവരില്‍ മാത്രം ചാര്‍ത്തുന്നത്തിലോ അര്‍ത്ഥമില്ല. നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെതായ ഭാഗധേയം ചെയ്യേണ്ടതുണ്ട്. സ്വയം മാറുന്നത് വരെ ഒരു സമൂഹത്തെയും അല്ലാഹു മാറ്റുകയില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. സാമൂഹിക മാറ്റത്തിനു നമുക്കാവുന്നത് ചെയ്യാന്‍ നമുക്കീ സ്വാതന്ത്ര്യദിനത്തില്‍ പ്രതിജ്ഞയെടുക്കാം.
എലാവര്‍ക്കും ഇസ്‌ലാംഓണ്‍വെബിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍.
Leave A Comment