അയല്‍വാസി കാവലാണ്
നബി(സ) പറയുന്നു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ അയല്‍വാസിയെ ദ്രോഹിക്കരുത്.''(ബുഖാരി, മുസ്ലിം)
സാമൂഹിക ജീവിതത്തിന്റെ അനിവാര്യഭാഗമാണ് അയല്‍വാസി ബന്ധം. അവനവന്റെ പാര്പ്പിടത്തിനടുത്ത പ്രദേശത്ത് വസിക്കുന്നവരാണ് അയല്‍വാസികള്‍. അവരോട് ആശാസ്യകരമായ ബന്ധം നിലനിര്‍ത്തി സാമൂഹിക ജീവിതം നയിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. സുഖദായകമായ സാമൂഹ്യജീവിതം പ്രദാനം ചെയ്യുന്ന മാനുഷികബന്ധത്തിന്ന് ഇസ്ലാം കല്‍പ്പിക്കുന്ന പ്രാധാന്യം ഇവിടെ വ്യക്തമാണ്. മനുഷ്യന്റെ കൂട്ടായ്മയുടെ പല വശങ്ങളെയും സത്യവിശ്വാസത്തിന്റെ പൂര്‍ത്തീകരണമായി പഠിപ്പിക്കുന്ന പരിശുദ്ധ ഇസ്ലാം അയല്‍വാസികളുമായി നല്ലബന്ധം പുലര്‍ത്തുന്നതിനെയും ഈമാനിന്റെ ഭാഗമായിക്കാണുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ അയല്‍വാസിയെ ദ്രോഹിക്കരുതെന്ന ഉപര്യുക്ത കല്പന അക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഓരോ വ്യക്തിക്കും അവനവന്റെ അയല്‍വാസി കാവലാളാണ്. തന്റെ അഭാവത്തിലും സാന്നിധ്യത്തില്‍ തന്നെയും വീട്, കുടുംബം, സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണം, സഹായസഹകരണം-ഇവയോടൊക്കെ പാരസ്പര്യ ബോധത്തോടെ ഇടപെട്ട് അയല്പക്കബന്ധം അരക്കിട്ടുറപ്പിക്കുന്നത് ശാന്തവും സൈ്വര്യവുമായ കൂട്ടുജീവിതത്തിന്റെ കാവല്‍ സ്വഭാവമാണ്. അതിന്ന് ഭംഗം വരുത്തുന്ന സമീപനങ്ങള്‍ ഒരു വ്യക്തിയും തന്റെ അയല്‍വാസിയോട് വെച്ചു പുലര്‍ത്തരുത്. അത് സത്യവിശ്വാസത്തിന്റെ ഗുണപാഠങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ്.
രക്തബന്ധമുള്ളവരും അല്ലാത്തവരുമായ ബന്ധുമിത്രാതികളെക്കാള്‍ പലപ്പോഴും പലകാര്യത്തിനും നമുക്ക് പെട്ടെന്ന് പ്രയോജനപ്പെടുക അയല്‍വാസികളായിരിക്കും. അവിചാരിതമായി സംഭവിക്കുന്ന ആപത്തുകളില്‍ സഹായത്തിന് ഓടിവരാനും ആവശ്യങ്ങളില്‍ സഹകരിക്കാനും പരിസരവാസികളെ പോലെ മറ്റാരെയും ലഭിക്കുകയില്ല. ഇത് അനുഭവയാഥാര്‍ത്ഥ്യമാണ്.
കൂട്ടായ്മാ ബോധത്തില്‍ നിന്ന് 'ഒറ്റയാന്' ചിന്തയിലേക്ക് വലിഞ്ഞുകൂടുന്ന ആധുനിക ജീവിതസാഹചര്യം സാമൂഹിക ബന്ധങ്ങളെ ബന്ധനങ്ങളിലായി കാണുന്നു. അയല്‍വാസികളെ പരിചയപ്പെടാന്‍ പോലും മനസ്സുവരാത്ത ആളുകളായി മാറിയിരിക്കുന്നു നാമിന്ന്. ഇത്തരം മാനുഷിക ബന്ധങ്ങള്‍ എന്തൊക്കെയോ നഷ്ടപ്പെടുത്തുമെന്ന ആശങ്ക അന്തര്‍മുഖനായി കഴിഞ്ഞുകൂടാന്‍ മനസ്സിനെ പ്രേരിപ്പിക്കുകയാണ്.
അയല്‍വാസികളുമായി ശത്രുതയില്‍ വര്‍ത്തിക്കുന്ന വേറെ ചിലരുണ്ട്. എപ്പോഴും വഴക്കും വക്കാണവുമായി കഴിയുന്നവരാണവര്‍. കോഴി മുറ്റത്ത് വന്നതിന്, ആട് തൊടിയില്‍ കടന്നതിന്, പൂച്ച പാല് കുടിച്ചതിന്, കുട്ടികള്‍ കലഹം കൂടിയതിന്, അതിര് നീക്കിയതിന് പരസ്പരം തെറിവിളിച്ചും ചിലപ്പോള്‍ അടികൂടിയും അയല്പക്ക കലഹങ്ങള്‍ നിത്യസംഭവങ്ങളായി മാറുന്നു. ഗ്രാമവാസികളിലാണ് ഈ പ്രവണത ധാരാളമായി കണ്ടുവരുന്നത്. വീടുകളിലെ സ്ത്രീകളില്‍ നിന്ന് തുടക്കം കുറിക്കുന്ന ഈ 'കശപിശ' പിന്നീട് പുരുഷന്മാര് ഏറ്റെടുക്കുന്നു. മരത്തിന്റെ കൊമ്പ് മുറ്റത്തേക്ക് തൂങ്ങി നിന്നതിന്റെ പേരില്‍ വഴക്കുണ്ടായി കൊലപാതകത്തില്‍ കലാശിച്ച ദാരുണ സംഭവം മലപ്പുറത്തെ മുസ്ലിം കുടുംബത്തിലുണ്ടായി.
അയല്പക്ക മര്യാദ, ബാധ്യത എന്നിവ സംബന്ധിച്ച് പ്രവാചക തിരുമേനി(സ) നല്കിയ അധ്യാപനം ശ്രദ്ധേയമാണ്. നബി(സ) പറഞ്ഞു: ''സ്വന്തം ധനത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ പേടിച്ച് തന്റെ അയല്‍വാസിക്കു മുമ്പില്‍ വാതില്‍ കൊട്ടിയടക്കുന്നവന്‍ സത്യവിശ്വാസിയല്ല. ഒരാളുടെ ദ്രോഹത്തില്‍നിന്ന് അയല്‍വാസി നിര്ഭയനായിട്ടില്ലങ്കില് അയാള്‍ സത്യവിശ്വാസിയല്ല. അയല്‍വാസിയോടുള്ള ബാധ്യത എന്തൊക്കെയാണെന്ന് നിനക്കറിയുമോ? അയല്‍വാസി സഹായം ആവശ്യപ്പെട്ടാല്‍ അവനെ സഹായിക്കണം. കടം ചോദിച്ചാല്‍ നല്‍കണം. ദരിദ്രനാണെങ്കില്‍ അവന്ന് ധര്‍മ്മം നല്‍കണം. രോഗിയായാല്‍ അവനെ ചെന്നു കാണണം. വല്ല ഗുണവും അവനു ലഭിച്ചാല്‍ അവനെ അഭിനന്ദിക്കണം. വിപത്തില്‍ പെട്ടാല്‍ ആശ്വസിപ്പിക്കണം. മരിച്ചാല്‍ മയ്യിത്തിനെ അനുഗമിക്കണം. ശുദ്ധവായു തടയുന്നവിധം അവന്റെ വീടിന്റെ ഭാഗം മറച്ചുകൊണ്ട് സമ്മതമില്ലാതെ എടുപ്പുകള്‍ നീട്ടിയെടുക്കരുത്. നിന്റെ ഭക്ഷണവിഭവങ്ങളുടെ വാസന-അവന് അതില്‍ നിന്ന് കുറച്ചു നല്കിക്കൊണ്ടല്ലാതെ-അവനെ മണപ്പിക്കരുത്. നീ പഴങ്ങള്‍ വാങ്ങുന്നപക്ഷം അവനും നല്‍കണം. ഇല്ലെങ്കില്‍ അവന് കാണാത്തവിധം വീട്ടിലേക്ക് കൊണ്ടുപോകണം. പഴങ്ങള്‍ തിന്നുകൊണ്ട് നിന്റെ കുട്ടികള്‍ പുറത്തിറങ്ങരുത്. അയല്‍വാസിയുടെ മക്കള്‍ അതു കണ്ട് വാശിപിടിക്കാന്‍ കാരണമാകും.''(അല്‍ഖറാഇത്വി)
തൊട്ടടുത്ത വീടുകളില്‍ ക്ഷുത്തടക്കാന്‍ വകയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ ഉണ്ടായിരിക്കെ മൃഷ്ടാന്നഭോജനം നടത്തി സുഖജീവിതം നയിക്കുന്ന മനുഷ്യപ്പറ്റില്ലാത്ത ശിലാഹൃദയര്ക്ക് ഇസ്ലാമില്‍ ഇടമില്ലെന്ന് പ്രവാചകന്(സ) പ്രഖ്യാപിച്ചിട്ടുണ്ട്. അനസ്(റ) പറയുന്നു: നബി(സ) പറയുന്നു: ''തൊട്ടടുത്ത അയല്‍വാസി പട്ടിണിയിലാണെന്ന് അറിഞ്ഞിരിക്കെ വയറ് നിറച്ചു അന്തിയുറങ്ങുന്നവന് എന്നില്‍ വിശ്വസിച്ചവനല്ല.''(ത്വബ്റാനി)
അയല്പക്കക്കാരോടുള്ള ബാധ്യതകള്‍ വളരെ ഗൗരവതരമായി നാം പരിഗണിക്കേണ്ടതുണ്ട്. ജിബ്രീല്‍(അ) പ്രസ്തുത കാര്യങ്ങള്‍ വിവരിച്ചുകൊടുത്തപ്പോള്‍ അയല്‍വാസിക്ക് സ്വത്തവകാശം പോലും നല്കേണ്ടിവരുമോ എന്ന് പ്രവാചക തിരുമേനി(സ) വിചാരിച്ചുപോയതായി ഹദീസില്‍ വന്നിട്ടുണ്ട്. ആഇശ(റ), ഇബ്നു ഉമര്‍(റ) എന്നിവര്‍ പറയുന്നു: ''അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: അയല്‍വാസിയുടെ കാര്യം ജിബ്രീല്‍ എന്നോട് ഉപദേശിച്ചുകൊണ്ടേയിരുന്നു. അവന് അനന്തരാവാകാശം നല്കേണ്ടിവരുമോ എന്ന് ഞാന്‍ കരുതിപ്പോയി.(ബുഖാരി-മുസ്ലിം)
നാലു കാര്യങ്ങളാല്‍ മനുഷ്യന് ജീവിത സൗഭാഗ്യമുണ്ടാകുമെന്നും അതിലൊന്ന് നല്ലവനായ അയല്വാസിയുണ്ടായിരിക്കലാണെന്നും നബി(സ) പറഞ്ഞതായി ഇബ്നു ഹിബ്ബാന്‍(റ) ഉദ്ധരിച്ചിട്ടുണ്ട്.
ചുറ്റുഭാഗത്തെ നാല്പത് വീടുകള്‍ അയല്പക്ക പരിധിയില്‍പെടുന്നതാണെന്ന് പരസ്യം ചെയ്യാന്‍ സിദ്ദീഖ്(റ), ഉമര്‍(റ), അലി(റ) എന്നിവരോട് നബിതിരുമേനി(സ) കല്‍പ്പിച്ചതായി ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസില്‍ കാണാം. അയല്‍വാസികള്‍ അമുസ്ലിംകളാണെങ്കിലും അവരോടും ഈ പറഞ്ഞ ബാധ്യതകളും മര്യാദകളുമുണ്ട്. അവരോട് വിവേചനം കാണിക്കേണ്ടതില്ല. അബ്ദുല്ലാഹിബ്നു ഉമര്റി(റ)നു വേണ്ടി ആടിനെ അറത്ത് സദ്യയുണ്ടാക്കിയപ്പോള് ''നമ്മുടെ അയല്‍വാസിയായ ജുതന് നിങ്ങള്‍ കൊടുത്തയച്ചില്ലേ?'' എന്ന് രണ്ടു പ്രാവശ്യം വീട്ടുകാരോട് ചോദിച്ചുവെന്നു അബൂദാവൂദ്(റ)യും തുര്‍മുദി(റ)യും നിവേദനം ചെയ്ത ഹദീസില്‍ കാണാം.
ആധുനിക സമൂഹത്തിന്റെ ജീവിതശൈലിയില്‍ നിന്ന് അന്യം നിന്നുപോകുന്ന 'അയല്പക്ക മര്യാദകള്‍' പ്രായോഗിക ജീവിതത്തിന്റെ പ്രതലത്തിലേക്ക് കൊണ്ടുവന്ന് മാതൃക കാണിക്കേണ്ടവരാണ് നാം. നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായാണ് ഇസ്ലാം ഇതിനെ സമീപിക്കുന്നത്. സുദൃഢമായ മാനുഷികബന്ധമാണ് പരിശുദ്ധ ഇസ്ലാമിന്റെ ലക്ഷ്യം. നിലനിര്‍ത്താന്‍ നാം ബദ്ധശ്രദ്ധരാകുകയാണ് വേണ്ടത്.
Leave A Comment